തൊഴില്‍, ഉദ്യോഗ മന്ത്രാലയം

കോവിഡ്-19 രണ്ടാമത്തെ അഡ്വാൻസ് നേടാൻ EPFO അതിന്റെ അംഗങ്ങൾക്ക് അവസരമൊരുക്കി

Posted On: 31 MAY 2021 2:03PM by PIB Thiruvananthpuram

 



ന്യൂഡൽഹി, മെയ് 31, 2021

കോവിഡ്-19 മഹാമാരിയുടെ രണ്ടാം തരംഗത്തിൽ, EPFO തിരികെ നൽകേണ്ടാത്ത (non-refundable) വിഭാഗത്തിൽപ്പെട്ട രണ്ടാമത്തെ കോവിഡ്-19 അഡ്വാൻസ് നേടാൻ വരിക്കാർക്ക് അവസരം നൽകി. മഹാമാരി സമയത്ത് അംഗങ്ങളുടെ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നതിനായി പ്രത്യേക അഡ്വാൻസ് പിൻ‌വലിക്കലിനുള്ള വ്യവസ്ഥ 2020 മാർച്ചിൽ, പ്രധാൻ മന്ത്രി ഗരിബ് കല്യാൺ യോജനയിലാണ് അവതരിപ്പിച്ചത്. ഇതിനായി 1952 ലെ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്സ്‌ സ്കീമിൽ, ഔദ്യോഗിക വിജ്ഞാപനത്തിലൂടെ കേന്ദ്ര തൊഴിൽ മന്ത്രാലയം 68L ഖണ്ഡികയ്ക്ക് കീഴിൽ ഉപ-ഖണ്ഡിക (3) ഉൾപ്പെടുത്തി ആവശ്യമായ ഭേദഗതി വരുത്തി.

ഈ വ്യവസ്ഥ പ്രകാരം, മൂന്നുമാസത്തെ അടിസ്ഥാന വേതനം, ഡി. എ. എന്നിവയോ അല്ലെങ്കിൽ അംഗത്തിന്റെ ഇപിഎഫ് അക്കൗണ്ടിലെ ക്രെഡിറ്റിലുള്ള തുകയുടെ 75% വരെയോ, ഏതാണോ കുറവ്, അത് പിൻവലിക്കാൻ കഴിയും. ഇതിലും കുറഞ്ഞ തുകയും അംഗത്തിന് പിൻവലിക്കാവുന്നതാണ്.

മഹാമാരി സമയത്ത് കോവിഡ്-19 അഡ്വാൻസ്, ഇപിഎഫ് അംഗങ്ങൾക്ക്, പ്രത്യേകിച്ചും പ്രതിമാസം 15,000 രൂപയിൽ താഴെ വേതനം ലഭിക്കുന്നവർക്ക് ഒരു വലിയ സഹായമാണ്. ഇന്ന് വരെയുള്ള കണക്ക് പ്രകാരം, ഇപിഎഫ്ഒ 76.31 ലക്ഷം കോവിഡ്-19 അഡ്വാൻസ് ക്ലെയിമുകൾ തീർപ്പാക്കുകയും അതുവഴി മൊത്തം 18,698.15 കോടി രൂപ വിതരണം ചെയ്യുകയും ചെയ്തു.

ഈ പ്രതിസന്ധി  സമയത്ത് സാമ്പത്തിക സഹായത്തിനായുള്ള അംഗങ്ങളുടെ അടിയന്തിര ആവശ്യം കണക്കിലെടുത്ത്, കോവിഡ്-19 ക്ലെയിമുകൾക്ക് മുൻ‌ഗണന നൽകാൻ തീരുമാനിച്ചു. ഈ ക്ലെയിമുകൾ ലഭിച്ച് മൂന്ന് ദിവസത്തിനുള്ളിൽ തീർപ്പാക്കാൻ ഇപിഎഫ്ഒ പ്രതിജ്ഞാബദ്ധമാണ്.
ഇതിനായി, ഒരു സാങ്കേതിക സംവിധാനം ആണ് ഇപിഎഫ്ഒ സജ്ജമാക്കിയിരിക്കുന്നത്. എല്ലാ തരത്തിലും പൂർണമായ കെ‌.വൈ‌.സി വിവരങ്ങൾ നൽകിയിട്ടുള്ള അംഗങ്ങൾക്ക് ഇതുവഴി ഓട്ടോ ക്ലെയിം സെറ്റിൽമെന്റ് നേടാനാകും. സാധാരണഗതിയിൽ 20 ദിവസം കൊണ്ട് പൂർത്തിയാകുന്ന പ്രക്രിയ വെറും മൂന്നു ദിവസത്തിനുള്ളിൽ പൂർത്തിയാക്കാൻ ഈ ഓട്ടോ ക്ലെയിം സെറ്റിൽമെന്റ് സാങ്കേതിക സംവിധാനം സഹായിക്കും.

 
 
 
 
 

(Release ID: 1723180) Visitor Counter : 258