വാണിജ്യ വ്യവസായ മന്ത്രാലയം

രാജ്യത്ത് കണ്ടെയ്നർ ക്ഷാമം കുറയുന്നു

Posted On: 20 APR 2021 2:41PM by PIB Thiruvananthpuram



രാജ്യത്ത് കണ്ടെയ്നർ ക്ഷാമം കുറയുന്നു. വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിൽ, സേവനങ്ങളും ഉപകരണങ്ങളും എത്തിച്ചുകൊടുക്കുന്നതിനുള്ള ലോജിസ്റ്റിക് വിഭാഗത്തിലെ പ്രത്യേക സെക്രട്ടറി ശ്രീ പവൻ അഗർവാൾ മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. മാർച്ചിൽ (YOY) 58% അധിക കയറ്റുമതി കൈകാര്യം ചെയ്തതായി അദ്ദേഹം വ്യക്തമാക്കി. ഇത് 2019 മാർച്ചിനേക്കാൾ (കോവിഡ് പൂർവ്വ സ്ഥിതിയിൽ) 17-18 ശതമാനം കൂടുതലാണെന്ന് കണ്ടെയ്‌നർ ഷിപ്പിംഗ് ലൈൻസ് അസോസിയേഷൻ (ഇന്ത്യ) (സി‌എസ്‌എൽ‌എ) അറിയിച്ചു.

ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്‌സ്‌പോർട്ട് ഓർഗനൈസേഷൻസും (എഫ്‌ഐ‌ഇഒ), സി‌എസ്‌എൽ‌എയും ചേർന്ന് 2021 ഏപ്രിൽ 15 ന് നടത്തിയ അവലോകനത്തിൽ, ഏകോപനത്തോടെയുള്ള ശ്രമങ്ങൾ കാരണം ചായ/കോഫി/സുഗന്ധവ്യഞ്ജനങ്ങൾ എന്നീ ഭക്ഷ്യ ഉത്പന്നങ്ങളുടെ കയറ്റുമതിക്കായുള്ള ഗ്രേഡ് കണ്ടെയ്നറുകളുടെ കുറവ് ഒഴികെയുള്ള കണ്ടെയ്നറുകളുടെ ക്ഷാമം പരിഹരിക്കപ്പെട്ടുവെന്ന് എഫ്ഐ‌ഇഒ അറിയിച്ചു. രാജ്യത്തിന്റെ ദക്ഷിണമേഖലയിലെ തുറമുഖങ്ങളായ കൊച്ചി, തൂത്തുക്കുടി, ചെന്നൈ, മംഗലാപുരം എന്നിവിടങ്ങളിലെ തുറമുഖങ്ങളിൽ പ്രാദേശിക ഇറക്കുമതി കമ്മി കാരണമുള്ള ഒരു ദീർഘകാല പ്രശ്നമായാണ് സി‌എസ്‌എൽ‌എ ഇതിനെ കാണുന്നത്. സൂയസ് കനാലിലുണ്ടായ ഗതാഗത തടസ്സത്തിന്റെ ആഘാതം ഇപ്പോൾ ലഘൂകരിച്ചതായും സി‌എസ്‌എൽ‌എ പറഞ്ഞു. മാർച്ച് 26 ലെ യോഗത്തിനു ശേഷം സമയബന്ധിതമായി മുൻ‌കൂട്ടി അറിയിച്ച പ്രകാരമാണ് ഇന്ത്യൻ തുറമുഖങ്ങൾ ബഞ്ചിങ് കൈകാര്യം ചെയ്തത്.

കഴിഞ്ഞ കുറച്ച് മാസങ്ങളായി കയറ്റുമതി മേഖല നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഇനിപ്പറയുന്ന നടപടികൾ സ്വീകരിച്ചു:

1. ഷിപ്പിംഗ് ലൈനുകൾ ലോകമെമ്പാടുമുള്ള ഒരു ലക്ഷം ഒഴിഞ്ഞ കണ്ടെയ്നറുകൾ ഇന്ത്യൻ തുറമുഖങ്ങളിലേക്ക് മാറ്റിസ്ഥാപിച്ചു.

2. 2020 ന്റെ തുടക്കത്തിൽ, ചൈനയിൽ നിന്ന് എത്തുന്ന കപ്പലുകളുടെ ക്വാറന്റ്റീൻ കാലാവധി 14 ദിവസമായിരുന്നു. ക്വാറന്റ്റീൻ കാലാവധി 5-7 ദിവസമായി കുറച്ചു. ഇത് ഒഴിഞ്ഞ കണ്ടെയ്നറുകൾ ക്രമീകരിക്കുന്നതിനുള്ള സമയം കുറച്ചു.

3. അവകാശികളില്ലാത്ത/വ്യക്തതയില്ലാത്ത ചരക്കുകൾ വേഗത്തിൽ ക്ലിയറർ ചെയ്യുന്നതിനായി പ്രത്യേക പരിശ്രമം ആരംഭിച്ചു. തൽഫലമായി 2000 ലധികം ഒഴിഞ്ഞ കണ്ടെയ്നറുകൾ ലഭ്യമായി.

4. ഭാവി ആവശ്യകത സുഗമമാക്കുന്ന തരത്തിൽ ലോജിസ്റ്റിക് വിഭാഗം ഒഴിഞ്ഞ കണ്ടെയ്നറുകളുടെ വിവരങ്ങൾ ഷിപ്പിംഗ് ലൈനുകൾക്ക് വിതരണം ചെയ്തു. എഫ്‌ഐ‌ ഇഒ, ഇ‌പി‌സി-കൾ, ഷിപ്പിംഗ് ലൈനുകൾ എന്നിവയുമായി സഹകരിച്ച് ലോജിസ്റ്റിക്സ് വിഭാഗം കണ്ടെയ്‌നറുകളുടെ ആവശ്യകതയ്ക്കും വിതരണത്തിനുമായി ഒരു പോർട്ടൽ  വികസിപ്പിച്ചു. ഈ പോർട്ടലിന്റെ ആദ്യ പതിപ്പ് FIEO വെബ്‌സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. ഇതിന് കയറ്റുമതിക്കാരിൽ നിന്ന് മികച്ച പ്രതികരണവും ലഭിച്ചു.

5. ഷിപ്പിംഗ് ലൈനുകൾ, കണ്ടെയ്നർ ട്രെയിൻ ഓപ്പറേറ്റർമാർ, കയറ്റുമതിക്കാർ എന്നിവരുമായി ഏകോപനം സുഗമമാക്കി.

 

6. 2020 മാർച്ച് മുതൽ മെയ് വരെ 71 ദിവസം ഇന്ത്യൻ റെയിൽ‌വേ ഒഴിഞ്ഞ ഫ്ലാറ്റുകളുടെയും കണ്ടെയ്നറുകളുടെയും നീക്കം സൗജന്യമാക്കി. നിലവിൽ 30-4-2021 വരെ ഒഴിഞ്ഞ ഫ്ലാറ്റുകളുടെയും കണ്ടെയ്നറുകളുടെയും നീക്കത്തിന് 25% ഇളവ് നൽകിയിട്ടുണ്ട്. 2020 സെപ്റ്റംബർ മുതൽ 2021 ഏപ്രിൽ 30 വരെ ലോഡ് ചെയ്ത കണ്ടെയ്നറുകൾക്ക് 5% ഇളവും നൽകിയിട്ടുണ്ട്.
 
  RRTN/SKY
 


(Release ID: 1713242) Visitor Counter : 117