ഭവന, നഗരദാരിദ്ര ലഘൂകരണ മന്ത്രാലയം

സമുദ്രാന്തരീക്ഷത്തിലേക്ക് പ്ലാസ്റ്റിക്ക് പ്രവേശിക്കുന്നതു മൂലം പ്രശ്നങ്ങൾ നേരിടുന്ന നഗരങ്ങൾ’ എന്ന പ്രമേയത്തിലൂന്നിയുള്ള കരാറിൽ ഇന്ത്യയും ജർമ്മനിയും ഒപ്പുവച്ചു; കൊച്ചി, കാൺപൂർ, പോർട്ട് ബ്ലെയർ എന്നീ നഗരങ്ങൾ പദ്ധതിയുടെ കീഴിൽ വരും

Posted On: 19 APR 2021 3:18PM by PIB Thiruvananthpuram


ന്യൂഡൽഹി, ഏപ്രിൽ 19, 2021

‘സമുദ്രാന്തരീക്ഷത്തിലേക്ക് പ്ലാസ്റ്റിക്ക് പ്രവേശിക്കുന്നതു മൂലം പ്രശ്നങ്ങൾ നേരിടുന്ന നഗരങ്ങൾ’ എന്ന വിഷയത്തിലുള്ള സാങ്കേതിക സഹകരണം സംബന്ധിച്ച ഒരു കരാറിൽ കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയവും, ജർമ്മൻ പരിസ്ഥിതി, പ്രകൃതി സംരക്ഷണ, ആണവ സുരക്ഷമന്ത്രാലയത്തിന് വേണ്ടി GIZ GmbH-ഉം ഇന്ന് ദില്ലിയിൽ ഒപ്പുവെച്ചു.

വെർച്വൽ ആയി സംഘടിപ്പിച്ച ചടങ്ങിൽ പദ്ധതി നടപ്പാക്കുന്ന കേരളം, ഉത്തർപ്രദേശ്, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നീ സംസ്ഥാന-കേന്ദ്രഭരണപ്രദേശങ്ങളിലേയും, കൊച്ചി, കാൺപൂർ, പോർട്ട് ബ്ലെയർ എന്നീ നഗരങ്ങളിലേയും പ്രതിനിധികൾ പങ്കെടുത്തു.


2019 ൽ ഇന്ത്യയും ജർമ്മനിയും തമ്മിൽ ഒപ്പുവച്ച ‘മറൈൻ ലിറ്റർ പ്രിവൻഷൻ’ കരാർ പ്രകാരമുള്ള സഹകരണം സംബന്ധിച്ച സംയുക്ത പ്രഖ്യാപനത്തിന്റെ ചുവടു പിടിച്ചാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

സമുദ്രാന്തരീക്ഷത്തിൽ പ്ലാസ്റ്റിക് പ്രവേശിക്കുന്നത് തടയുന്നതിനുള്ള നടപടികൾ ഊർജ്ജിതമാക്കുന്നത് ലക്ഷ്യമിട്ടുള്ള ഈ പദ്ധതി മൂന്നര വർഷത്തെ കാലയളവിൽ ദേശീയ തലത്തിലും, തിരഞ്ഞെടുത്ത സംസ്ഥാനങ്ങളിലും (കേരളം, ഉത്തർപ്രദേശ്, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ), കൊച്ചി, കാൺപൂർ, പോർട്ട് ബ്ലെയർ എന്നീ നഗരങ്ങളിലും നടപ്പാക്കും.

പ്ലാസ്റ്റിക് മാലിന്യ ശേഖരണം, വേർതിരിക്കൽ, വിപണനം എന്നിവ മെച്ചപ്പെടുത്തുന്നതിനും, ജലാശയങ്ങളിലെ പ്ലാസ്റ്റിക് നീക്കം ചെയ്യുന്നതിനും, തുറമുഖ, സമുദ്ര മാലിന്യങ്ങൾ കൈകാര്യം ചെയ്യുന്നത് മെച്ചപ്പെടുത്തുന്നതിനും നഗരങ്ങളെ പ്രാപ്തമാക്കും.

പൊതു സമൂഹത്തിന്റെ പങ്കാളിത്തത്തോടെ ഡാറ്റാ മാനേജുമെന്റ്, റിപ്പോർട്ടിംഗ് സംവിധാനങ്ങൾ, ഡിജിറ്റൽ പ്ലാറ്റ്ഫോം എന്നിവ വഴി പുനഃചംക്രമണ വ്യവസായവുമായി മെച്ചപ്പെട്ട സഹകരണവും ഉറപ്പാക്കും.

മുനിസിപ്പാലിറ്റികളിൽ മാലിന്യങ്ങൾ വേർതിരിക്കൽ, ശേഖരണം, ഗതാഗതം, സംസ്കരണം, മാലിന്യ നിർമ്മാർജ്ജനം എന്നിവ മെച്ചപ്പെടുത്തുന്നതിനും അതുവഴി നദികളിലേക്കോ സമുദ്രങ്ങളിലേക്കോ മാലിന്യങ്ങൾ തള്ളുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനും കാര്യക്ഷമമായ ഒരു സംവിധാനം ഇതിലൂടെ രൂപപ്പെടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

 
സുസ്ഥിര നഗര പരിവർത്തനത്തിനായി പ്രവർത്തിക്കുന്ന ഇന്തോ-ജർമ്മൻ ഉഭയകക്ഷി വികസന കോർപ്പറേഷന്റെ കീഴിലുള്ള വിജയകരമായ മറ്റൊരു സഹകരണ ഉദ്യമമാണ് പുതിയ പദ്ധതി.
 
 
RRTN/SK


(Release ID: 1712677) Visitor Counter : 291