ജൽ ശക്തി മന്ത്രാലയം

'ജൽ ശക്തി അഭ്യാൻ: ക്യാച്ച് ദ റെയ്ൻ' ക്യാമ്പയിന് മാർച്ച് 22ന് പ്രധാനമന്ത്രി തുടക്കം കുറിക്കും


കെൻ ബെത്വ ലിങ്ക് പ്രോജക്റ്റിനായുള്ള ചരിത്രപരമായ ധാരണാപത്രം ഒപ്പിടും

ജലസംരക്ഷണത്തിനായി ഗ്രാമസഭകൾ ‘ജൽ ശപഥ'മെടുക്കും

Posted On: 21 MAR 2021 1:16PM by PIB Thiruvananthpuram

ലോക ജല ദിനമായ 2021 മാർച്ച് 22ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ‘ജൽ ശക്തി അഭിയാൻ: ക്യാച്ച് ദി റെയിൻ’ കാമ്പയിനു തുടക്കം കുറിക്കും.  ഉച്ചയ്ക്ക് 12:30 ന് വീഡിയോ കോൺഫറൻസിങ്ങിലൂടെയാണ് പരിപാടി. പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ, കേന്ദ്ര ജൽശക്തി മന്ത്രിയും മധ്യപ്രദേശിലെയും ഉത്തർപ്രദേശിലെയും മുഖ്യമന്ത്രിമാരും തമ്മിൽ, കെൻ ബെത്വ ലിങ്ക് പദ്ധതി നടപ്പാക്കാനായുള്ള ചരിത്രപരമായ കരാറിൽ ഒപ്പുവയ്ക്കും. നദീസംയോജനവുമായി ബന്ധപ്പെട്ട് ദേശീയ കാഴ്ചപ്പാടോടെ നടപ്പാക്കുന്ന പദ്ധതികളിൽ ആദ്യത്തേതാണിത്.

‘ജൽ ശക്തി അഭിയാൻ: ക്യാച്ച് ദ റെയിൻ’ ക്യാമ്പയിനെക്കുറിച്ച്

“എവിടെ വീണാലും, എപ്പോൾ വീണാലും, മഴ വെള്ളം ശേഖരിക്കുക''  എന്ന പ്രമേയത്തിന്റെ പശ്ചാത്തലത്തിൽ  രാജ്യമെമ്പാടും ഗ്രാമീണ, നഗര പ്രദേശങ്ങളിൽ ക്യാമ്പയി‌ൻ നടപ്പാക്കും. മൺസൂണിനു മുന്നോടിയായും മൺസൂൺ കാലഘട്ടത്തിലും 2021 മാർച്ച് 22 മുതൽ 2021 നവംബർ 30 വരെ ഇത് നടപ്പാക്കും. ജനപങ്കാളിത്തത്തിലൂടെ താഴേത്തട്ടിൽ വരെ ജലസംരക്ഷണം നടപ്പാക്കുന്നതിനായി ഇത് ഒരു ജൻ ആന്ദോളനായാകും തുടക്കം കുറിക്കുക. മഴവെള്ളത്തിന്റെ ശരിയായ സംഭരണം ഉറപ്പുവരുത്തുന്നതിനായി കാലാവസ്ഥാ സാഹചര്യങ്ങൾക്കും മണ്ണിന്റെ ഘടനയ്ക്കും അനുയോജ്യമായ മഴവെള്ള സംഭരണ ​​ ശൈലി സ്വീകരിക്കുന്നതിന് ഏവരുടെയും പങ്കാളിത്തം ഉറപ്പാക്കാനാണ്  ഇതുകൊണ്ടുദ്ദേശിക്കുന്നത്.

പരിപാടിക്ക് ശേഷം, ജലവും ജലസംരക്ഷണവുമായും ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനായി ഓരോ ജില്ലയിലെയും (വോട്ടെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലൊഴികെ) എല്ലാ ഗ്രാമപഞ്ചായത്തുകളിലും ഗ്രാമസഭകൾ നടക്കും. ജലസംരക്ഷണത്തിനായി ഗ്രാമസഭകൾ ‘ജൽ ശപഥ’മെടുക്കും.

കെൻ ബെത്വ ലിങ്ക് പ്രോജക്റ്റിനായുള്ള ധാരണാപത്രത്തെക്കുറിച്ച്

നദീസംയോജന പദ്ധതികളിലൂടെ, വരൾച്ചയുള്ള മേഖലകളിലേക്ക് കൂടുതൽ വെള്ളമുള്ള പ്രദേശങ്ങളിൽ നിന്ന്, ജലമെത്തിക്കുന്നതിനു വേണ്ടിയുള്ള, മുൻ പ്രധാനമന്ത്രി ശ്രീ അടൽ ബിഹാരി വാജ്‌പേയിയുടെ കാഴ്ചപ്പാട് നടപ്പാക്കാനുള്ള അന്തർസംസ്ഥാന സഹകരണത്തിന്റെ തുടക്കമാണ് ഈ പ്രോജക്ടിലൂടെ നടപ്പിലാക്കുന്നത്. ദൗധൻ അണക്കെട്ടിന്റെ   നിർമാണത്തിലൂടെ കെന്നിൽ നിന്ന് ബെത്വ നദിയിലേക്ക് വെള്ളം കൈമാറുന്നതും, ലോവർ ഓർ പ്രോജക്റ്റ്, കോത്ത ബാരേജ്, ബിന കോംപ്ലക്സ് മൾട്ടി പർപ്പസ് പ്രോജക്റ്റ് എന്നീ രണ്ട് നദികളെ ബന്ധിപ്പിക്കുന്ന ഒരു കനാലും ഈ പദ്ധതിയിൽ ഉൾപ്പെടുന്നു. 10.62 ലക്ഷം ഹെക്ടറിൽ വാർഷിക ജലസേചനം, 62 ലക്ഷത്തോളം ആളുകൾക്ക് കുടിവെള്ള വിതരണം, 103 മെഗാവാട്ട് ജലവൈദ്യുതി എന്നിവ ഇത് ഉറപ്പാക്കും.

ജലക്ഷാമ പ്രദേശമായ ബുന്ദേൽഖണ്ഡിൽ, പ്രത്യേകിച്ച് മധ്യപ്രദേശിലെ പന്ന, ടിക്കാംഗഢ്, ഛത്തർപുർ, സാഗർ, ദാമോ, ദാത്തിയ, വിദിഷ, ശിവപുരി,  റൈസൻ, ഉത്തർപ്രദേശിലെ ബന്ദ, മഹോബ, ഝാൻസി, ലളിത്പുർ ജില്ലകളിൽ ഈ പദ്ധതി വളരെയധികം ഗുണം ചെയ്യും. രാജ്യത്തിന്റെ വികസനത്തിന് ജലദൗർലഭ്യം തടസ്സമാകില്ലെന്ന് ഉറപ്പുവരുത്താൻ കൂടുതൽ നദീസംയോജന പദ്ധതികൾ സജ്ജമാക്കുന്നതിന്  ഇത് വഴിയൊരുക്കും.

 

***


(Release ID: 1706471) Visitor Counter : 339