തെരഞ്ഞെടുപ്പ് കമ്മീഷന്‍
നേരിട്ട് ഹാജരാകാനാകാത്ത സമ്മതിദായകർക്ക് തപാൽ വോട്ട് സൗകര്യം ഏർപ്പെടുത്താനുള്ള കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം ബഹുമാനപ്പെട്ട മദ്രാസ് ഹൈക്കോടതി ശരിവച്ചു
Posted On:
18 MAR 2021 12:51PM by PIB Thiruvananthpuram
80 വയസ്സിനു മുകളിലുള്ള പൗരന്മാർ, വൈകല്യമുള്ളവർ, കോവിഡ്-19 ബാധിതർ/സംശയിക്കപ്പെടുന്നവർ, അവശ്യ സേവനങ്ങളിൽ ജോലി ചെയ്യുന്നവർ ഉൾപ്പെടെയുള്ള നേരിട്ട് ഹാജരാകാനാകാത്ത വോട്ടർമാർക്ക്, 1951 ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 60 (സി) പ്രകാരം തപാൽ വോട്ട് സൗകര്യം ഏർപ്പെടുത്താനുള്ള കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി (2020 ലെ റിട്ട് പെറ്റിഷൻ നമ്പർ 20027) ബഹുമാനപ്പെട്ട മദ്രാസ് ഹൈക്കോടതി, 17.03.2021 ന് നിരസിച്ചു.
1961 ലെ ചട്ടങ്ങൾ അനുസരിച്ച് തപാൽ വോട്ട് രേഖപ്പെടുത്തുന്ന വ്യക്തികളെ തരംതിരിക്കുന്നതിൽ ഏതെങ്കിലും താരത്തിലുള്ള വിവേചനമുള്ളതായി ബഹുമാനപ്പെട്ട ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് കണ്ടെത്തിയില്ല. “ബാലറ്റിന്റെ രഹസ്യസ്വഭാവം അല്ലെങ്കിൽ തിരഞ്ഞെടുപ്പ് നടത്തുന്നതിലെ സുതാര്യത എന്നിവയിൽ വിട്ടുവീഴ്ച ചെയ്യാതെ ഈ പ്രക്രിയ നടപ്പാക്കുകയാണെങ്കിൽ, അത് നടത്തുന്ന സ്ഥാപനത്തെ പ്രശംസിക്കുന്നതിനും അഭിനന്ദിക്കുന്നതിനും അതൊരു വലിയ കാരണമായിരിക്കും,” കോടതി നിരീക്ഷിച്ചു.
തിരഞ്ഞെടുപ്പ് സുഗമമാക്കുന്നതിന് വേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നത് കമ്മീഷന്റെ പൂർണ്ണമായ അധികാരത്തിൽപ്പെട്ട സംഗതിയാണെന്നും ബഹുമാനപ്പെട്ട കോടതി നിരീക്ഷിച്ചു.
2019 ലെ ജാർഖണ്ഡ് തിരഞ്ഞെടുപ്പ് മുതൽ കമ്മീഷൻ മേൽപ്പറഞ്ഞ വിഭാഗങ്ങളിൽ ചിലർക്ക് പോസ്റ്റൽ ബാലറ്റ് സൗകര്യം ആരംഭിച്ചു. 2020 ബീഹാർ തെരഞ്ഞെടുപ്പിൽ, ഈ വിഭാഗങ്ങൾക്കെല്ലാം തപാൽ വോട്ട് സൗകര്യം വ്യാപിപ്പിച്ചു. 52,000 ൽ അധികം വോട്ടർമാർ ഈ സൗകര്യം വിനിയോഗിച്ചു. “ഒരു വോട്ടറും ഒഴിവാക്കപ്പെടരുത്” എന്ന ഉദ്ദേശത്തോടെ, ഇപ്പോൾ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിലും ഉപതിരഞ്ഞെടുപ്പുകളിലും, തിരഞ്ഞെടുപ്പ് പ്രക്രിയയിൽ കൂടുതൽ പേരെ ഉൾക്കൊള്ളുന്നതിനായി മേൽപ്പറഞ്ഞ എല്ലാ വിഭാഗത്തിലുള്ള വോട്ടർമാർക്കും പോസ്റ്റൽ ബാലറ്റ് സൗകര്യം ഏർപ്പെടുത്തുന്നതിന് വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ കമ്മീഷൻ ഇതിനകം തയ്യാറാക്കിയിട്ടുണ്ട്.
(Release ID: 1705959)
Visitor Counter : 139