പ്രധാനമന്ത്രിയുടെ ഓഫീസ്‌

ആരോഗ്യമേഖലയിലെ ബജറ്റ് നിര്‍ദേശങ്ങള്‍ ഫലപ്രദമായി നടപ്പാക്കുന്നതു സംബന്ധിച്ച വെബിനാറില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

Posted On: 23 FEB 2021 1:26PM by PIB Thiruvananthpuram

നമസ്‌കാരം!

നിങ്ങള്‍ക്ക് ഈ പരിപാടി സവിശേഷമായി തോന്നാം. ഈ ബജറ്റിലെ വ്യവസ്ഥകളുമായി നേരിട്ട് ബന്ധപ്പെട്ട വിവിധ മേഖലകളിലായി ബജറ്റില്‍ ആസൂത്രണം ചെയ്തിട്ടുള്ള എല്ലാ വശങ്ങളും വിശദമായി ചര്‍ച്ച ചെയ്യാന്‍ നാം തീരുമാനിച്ചു, അങ്ങനെ ഏപ്രില്‍ ഒന്നിനു പുതിയ ബജറ്റ് പ്രാബല്യത്തില്‍ വരുമ്പോള്‍ മുതല്‍ എല്ലാ പദ്ധതികളും ഒരേ ദിവസം നടപ്പാക്കാന്‍ ആരംഭിക്കാന്‍ സാധിക്കും. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങള്‍ ഈ തയ്യാറെടുപ്പിനായി ഉപയോഗിക്കുകയും ചെയ്യുന്നു.

ഇപ്പോള്‍ നമ്മള്‍ ബജറ്റ് ഒരു മാസം നേരത്തേയാക്കിയതിനാല്‍ രണ്ടു മാസത്തെ സമയമുണ്ട്. അതിനാല്‍, പരമാവധി നേട്ടം ലഭിക്കുന്നതിനു നാം വിവിധ മേഖലകളിലെ ആളുകളുമായി നിരന്തരം സംസാരിക്കുന്നു. അടിസ്ഥാന സൗകര്യ, പ്രതിരോധ മേഖലകളുമായി ബന്ധപ്പെട്ട എല്ലാവരുമായും നമ്മള്‍ നേരത്തെ ചര്‍ച്ച നടത്തി. ഇന്ന്, ആരോഗ്യമേഖലയിലെ ആളുകളുമായി സംസാരിക്കാന്‍ എനിക്ക് അവസരം ലഭിച്ചു.

ഈ വര്‍ഷത്തെ ബജറ്റില്‍ ആരോഗ്യ മേഖലയ്ക്ക് അനുവദിച്ച ബജറ്റ് അഭൂതപൂര്‍വമാണ്. അത് ഓരോ പൗരനും മെച്ചപ്പെട്ട ആരോഗ്യ സംരക്ഷണം നല്‍കാനുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധത പ്രകടമാക്കുന്നു. ഒരു തരത്തില്‍ പറഞ്ഞാല്‍, കഴിഞ്ഞ വര്‍ഷം രാജ്യത്തിനും ലോകത്തിനും മുഴുവന്‍ മനുഷ്യവര്‍ഗത്തിനും പ്രത്യേകിച്ച് ആരോഗ്യമേഖലയ്ക്കും ഒരുതരം അഗ്‌നിപരീക്ഷയായിരുന്നു.

ഈ അഗ്‌നിപരീക്ഷയില്‍ നമ്മളും രാജ്യത്തെ ആരോഗ്യമേഖലയും വിജയിച്ചതില്‍ ഞാന്‍ സന്തുഷ്ടനാണ്. പലരുടെയും ജീവന്‍ രക്ഷിക്കുന്നതില്‍ നാം വിജയിച്ചു. ഏതാനും മാസങ്ങള്‍ക്കുള്ളില്‍, രാജ്യം ഒരു ഡസന്‍ ടെസ്റ്റുകളില്‍ നിന്ന് 2100 കോടി ടെസ്റ്റുകളുടെ ഒരു നാഴികക്കല്ലിലെത്തി. ഇതൊക്കെ സാധ്യമായതു ഗവണ്‍മെന്റും സ്വകാര്യമേഖലയും തമ്മിലുള്ള സഹകരണം നിമിത്തമാണ്.

സുഹൃത്തുക്കളെ,
പകര്‍ച്ചവ്യാധിയോട് ഇന്നു പോരാടുക മാത്രമല്ല, ഭാവിയില്‍ ഇത്തരത്തിലുള്ള ഏത് സാഹചര്യത്തിനും രാജ്യത്തെ സജ്ജമാക്കേണ്ടതും പ്രധാനമാണെന്ന പാഠവും കൊറോണ പഠിപ്പിച്ചു. അതിനാല്‍, ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളെയും ശക്തിപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. ഭാവിയില്‍ സംഭവിക്കാനിടയുള്ള ആരോഗ്യ ദുരന്തം ഒഴിവാക്കുന്നതിനായി വൈദ്യോപകരണങ്ങള്‍ മുതല്‍ മരുന്നുകള്‍ വരെ, വെന്റിലേറ്ററുകള്‍ മുതല്‍ വാക്‌സിനുകള്‍ വരെ, ശാസ്ത്രീയ ഗവേഷണം മുതല്‍ നിരീക്ഷണ അടിസ്ഥാന സൗകര്യം വരെ, ഡോക്ടര്‍മാര്‍ മുതല്‍ രോഗപര്യവേക്ഷകര്‍ വരെ എല്ലാ കാര്യങ്ങളിലും നാം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്.
പ്രധാനമന്ത്രി ആത്മനിര്‍ഭര്‍സ്വസ്ത് ഭാരത് പദ്ധതിക്കു പിന്നിലെ പ്രചോദനം ഇതാണ്. ഈ പദ്ധതി പ്രകാരം, രാജ്യത്തു തന്നെ ഗവേഷണം മുതല്‍ പരിശോധനയും ചികിത്സയും വരെ ആധുനിക ആവാസ വ്യവസ്ഥ വികസിപ്പിക്കുമെന്ന് തീരുമാനിച്ചു. പ്രധാനമന്ത്രി ആത്മനിര്‍ഭര്‍ സ്വസ്ഥ് ഭാരത് പദ്ധതി എല്ലാ മേഖലകളിലുമുള്ള നമ്മുടെ കഴിവുകള്‍ വര്‍ദ്ധിപ്പിക്കും. 15-ാമത് ധനകാര്യ കമ്മീഷന്റെ ശുപാര്‍ശ പ്രകാരം ആരോഗ്യ സേവനങ്ങള്‍ക്കായി തദ്ദേശ സ്ഥാപനങ്ങള്‍ക്ക് 70,000 കോടി രൂപയില്‍ കൂടുതല്‍ ലഭിക്കും. അതായത്, ആരോഗ്യ സംരക്ഷണത്തില്‍ നിക്ഷേപം നടത്തുക മാത്രമല്ല, രാജ്യത്തിന്റെ വിദൂര പ്രദേശങ്ങളില്‍ ആരോഗ്യ പരിരക്ഷ ലഭ്യമാക്കുകയും ചെയ്യുക എന്നതിനാണ് സര്‍ക്കാരിന്റെ ഊന്നല്‍. ആരോഗ്യ മേഖലയിലെ നിക്ഷേപം ആരോഗ്യത്തെ മെച്ചപ്പെടുത്തുക മാത്രമല്ല തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നുവെന്നതും നാം ഓര്‍ക്കേണ്ടതാണ്.

സുഹൃത്തുക്കളെ,
കൊറോണ കാലഘട്ടത്തില്‍ അനുഭവവും കഴിവും പ്രകടമാക്കിയ ഇന്ത്യയുടെ ആരോഗ്യ മേഖലയെ ലോകം ശ്രദ്ധിച്ചു. ഇന്ന് ഇന്ത്യയുടെ ആരോഗ്യമേഖലയുടെ അന്തസ്സും അതിലുള്ള വിശ്വാസവും ലോകമെമ്പാടും ഒരു പുതിയ തലത്തിലെത്തി. ഈ വിശ്വാസം മനസ്സില്‍ വച്ചുകൊണ്ട് നാം തയ്യാറെടുപ്പുകള്‍ നടത്തണം. ഈ വിശ്വാസം മൂലമാണ് ഭാവിയില്‍ ഇന്ത്യന്‍ ഡോക്ടര്‍മാരുടെ ആവശ്യം ലോകത്ത് കൂടുതല്‍ വളരാന്‍ പോകുന്നത്. ഇന്ത്യന്‍ നഴ്സുമാരുടെയും പാരാമെഡിക്കല്‍ സ്റ്റാഫുകളുടെയും ആവശ്യം ലോകമെമ്പാടും ഉയരുമെന്ന് നിങ്ങള്‍ എഴുതിവെച്ചോളൂ. ഇതിനിടയില്‍, ഇന്ത്യന്‍ മരുന്നുകളും വാക്‌സിനുകളും ഒരു പുതിയ വിശ്വാസം നേടി. അവരുടെ വര്‍ദ്ധിച്ചുവരുന്ന ആവശ്യത്തിനനുസരിച്ചു സജ്ജമാകാന്‍ നാം തയ്യാറാവുകയും വേണം. നമ്മുടെ മെഡിക്കല്‍ വിദ്യാഭ്യാസ സമ്പ്രദായത്തെ ആളുകള്‍ ശ്രദ്ധിക്കുന്നത് സ്വാഭാവികമാണ്. മാത്രമല്ല അതിന്റെ വിശ്വാസവും വര്‍ദ്ധിക്കും. സമീപഭാവിയില്‍, മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും മെഡിക്കല്‍ വിദ്യാഭ്യാസത്തിനായി ഇന്ത്യയില്‍ പഠിക്കാന്‍ വരാന്‍ സാധ്യതയുണ്ട്. നമ്മളും ഇത് പ്രോത്സാഹിപ്പിക്കണം.

കൊറോണ സമയത്ത്, വെന്റിലേറ്ററുകളും മറ്റ് മെഡിക്കല്‍ ഉപകരണങ്ങളും നിര്‍മ്മിക്കുന്നതില്‍ നാം വൈദഗ്ദ്ധ്യം വികസിപ്പിച്ചെടുത്തിട്ടുണ്ട്. ആഗോള ആവശ്യം നിറവേറ്റുന്നതിനായി ഇന്ത്യ വേഗത്തില്‍ പ്രവര്‍ത്തിക്കേണ്ടിവരും. ലോകത്തിന് ആവശ്യമായ എല്ലാ മെഡിക്കല്‍ ഉപകരണങ്ങളും ചെലവ് കുറഞ്ഞ രീതിയില്‍ നല്‍കണമെന്ന് ഇന്ത്യക്ക് സ്വപ്നം കാണാന്‍ കഴിയുമോ? ഇന്ത്യക്ക് ആഗോള വിതരണക്കാരനാകാന്‍ എങ്ങനെ കഴിയും? താങ്ങാനാവുന്നതും സുസ്ഥിരവുമായ സംവിധാനവും ഉപയോക്തൃ സൗഹൃദ സാങ്കേതികവിദ്യയും ഉണ്ടെങ്കില്‍ ലോകം ഇന്ത്യയുടെ ആരോഗ്യ മേഖലയിലേക്ക് തിരിയുമെന്ന് എനിക്ക് ഉറപ്പുണ്ട്.

സുഹൃത്തുക്കളെ,
ഗവണ്‍മെന്റിന്റെ ബജറ്റ് തീര്‍ച്ചയായും ഒരു ഉത്തേജക ഏജന്റാണ്, പക്ഷേ നാമെല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ മാത്രമേ കാര്യങ്ങള്‍ ഫലപ്രദമാകൂ.

സുഹൃത്തുക്കളെ,
ആരോഗ്യത്തോടുള്ള നമ്മുടെ ഗവണ്‍മെന്റിന്റെ സമീപനം മുമ്പത്തെ ഗവണ്‍മെന്റുകളേക്കാള്‍ അല്പം വ്യത്യസ്തമാണ്. ബജറ്റിനുശേഷം, ആയുഷിന്റെ ശുചിത്വം, പോഷകാഹാരം, ആരോഗ്യം, ആരോഗ്യ ആസൂത്രണം എന്നിവ സമഗ്രമായ ഒരു സമീപനത്തില്‍ നാം മുന്നോട്ട് കൊണ്ടുപോകുന്നതു കാണാന്‍ നിങ്ങള്‍ക്കു സാധിക്കും. നേരത്തെ ആരോഗ്യമേഖല വിഘടിച്ച രീതിയിലായിരുന്നു. അതനുസരിച്ചാണു കൈകാര്യം ചെയ്യപ്പെട്ടിരുന്നത്.

നമ്മുടെ ഗവണ്‍മെന്റിന്റെ ആരോഗ്യ പ്രശ്‌നങ്ങളെ വിഘടിക്കുന്ന രീതിയിലല്ല, സമഗ്രവും സംയോജിതവും കേന്ദ്രീകൃതവുമായ രീതിയിലാണ് സമീപിക്കുന്നത്. അതിനാല്‍, രാജ്യത്തെ ചികിത്സയില്‍ മാത്രമല്ല, ക്ഷേമത്തിലാണ് നാം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പ്രതിരോധത്തില്‍ നിന്ന് ചികിത്സയിലേക്ക് ഒരു സംയോജിത സമീപനം നാം സ്വീകരിച്ചു. ഇന്ത്യയെ ആരോഗ്യകരമായി നിലനിര്‍ത്തുന്നതിന് നാം നാല് വശങ്ങളുള്ള തന്ത്രമാണു നാം ഉപയോഗപ്പെടുത്തുന്നത്.
അസുഖം തടയുക, ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ആദ്യത്തെ പ്രവര്‍ത്തനം. സ്വച്ഛ് ഭാരത് അഭിയാന്‍, യോഗയ്ക്ക് ഊന്നല്‍, പോഷകാഹാരം, ഗര്‍ഭിണികളുടെയും കുട്ടികളുടെയും യഥാസമയ പരിചരണം, ചികിത്സ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക, ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കുക തുടങ്ങിയ നടപടികള്‍ ഇതിന്റെ ഭാഗമാണ്.

രണ്ടാമത്തേത് ദരിദ്രരില്‍ ദരിദ്രര്‍ക്ക് വിലകുറഞ്ഞതും ഫലപ്രദവുമായ ചികിത്സ നല്‍കുക എന്നതാണ്. ആയുഷ്മാന്‍ ഭാരത്, പ്രധാന്‍ മന്ത്രി ജന്‍ഔഷധി കേന്ദ്രങ്ങള്‍ തുടങ്ങിയ പദ്ധതികളും ഇതിനായി പ്രവര്‍ത്തിക്കുന്നു.

ആരോഗ്യ
അടിസ്ഥാനസൗകര്യത്തിന്റെയും ആരോഗ്യ പരിപാലന വിദഗ്ധരുടെയും അളവും ഗുണനിലവാരവും വര്‍ദ്ധിപ്പിക്കുക എന്നതാണ് മൂന്നാമത്തേത്. എയിംസ് പോലുള്ള സ്ഥാപനങ്ങള്‍ കഴിഞ്ഞ ആറ് വര്‍ഷമായി വിദൂര സംസ്ഥാനങ്ങളില്‍ വിപുലീകരിക്കുന്നു. രാജ്യത്ത് കൂടുതല്‍ കൂടുതല്‍ മെഡിക്കല്‍ കോളേജുകള്‍ സൃഷ്ടിക്കുന്നത് ഈ സമീപനത്തിന്റെ ഭാഗമാണ്.

നാലാമത്തേത് മിഷന്‍ മോഡില്‍ പ്രവര്‍ത്തിക്കുകയും സമയബന്ധിതമായി പ്രതിബന്ധങ്ങളെ മറികടക്കാന്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുക എന്നതാണ്. മിഷന്‍ ഇന്ദ്രധനുഷ് രാജ്യത്തെ ഗോത്ര-വിദൂര പ്രദേശങ്ങളിലേക്ക് വ്യാപിപ്പിച്ചു.

ക്ഷയരോഗ നിര്‍മാര്‍ജനത്തിനായി ലോകം 2030 നെ ലക്ഷ്യം വച്ചപ്പോള്‍ ഇന്ത്യ 2025 നെ ലക്ഷ്യമാക്കി. ഈ സമയത്ത് ടിബിയില്‍ പ്രത്യേക ശ്രദ്ധ ചെലുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു, കാരണം ടിബി രോഗബാധിതരുടെ തുള്ളികളില്‍ നിന്നും പടരുന്നു. ക്ഷയരോഗം തടയുന്നതില്‍ മാസ്‌കുകള്‍ ധരിക്കുന്നതും നേരത്തെയുള്ള രോഗനിര്‍ണയവും ചികിത്സയും പ്രധാനമാണ്.

കൊറോണ സമയത്ത് നാം നേടിയ അനുഭവം ഉപയോഗിക്കുകയും ടിബിക്കെതിരായ പോരാട്ടത്തില്‍ അതേ രീതികള്‍ പ്രയോഗിക്കുകയും ചെയ്താല്‍, ടിബിക്കെതിരായ പോരാട്ടത്തില്‍ വിജയിക്കുക എന്നത് നമുക്ക് വളരെ എളുപ്പമായിരിക്കും. അതിനാല്‍, കൊറോണയുടെ അനുഭവത്തിന്റെ പശ്ചാത്തലത്തില്‍, അതേ മാതൃക ചെറിയ മാറ്റങ്ങളും കൂട്ടിച്ചേര്‍ക്കലുകളും ഉള്‍പ്പെടുത്തി നടപ്പാക്കുക വഴി 2025 ഓടെ ടിബി രഹിത ഇന്ത്യയെന്ന സ്വപ്നം സാക്ഷാത്കരിക്കാനാകും.

അതുപോലെ, പൂര്‍വാഞ്ചല്‍ എന്നുകൂടി അറിയപ്പെടുന്ന ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍ പോലുള്ള സ്ഥലങ്ങളില്‍ മെനിഞ്ചൈറ്റിസ് മൂലം പ്രതിവര്‍ഷം ആയിരക്കണക്കിന് കുട്ടികള്‍ മരിക്കുന്നതു നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാവും. പാര്‍ലമെന്റും ഇത് ചര്‍ച്ച ചെയ്യാറുണ്ടായിരുന്നു. ഒരിക്കല്‍ ഈ വിഷയത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ പങ്കെടുക്കുമ്പോള്‍, ആ കുട്ടികളുടെ മരണം കണക്കിലെടുത്ത് നമ്മുടെ ഇപ്പോഴത്തെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ജി മാനസികമായി തകര്‍ന്നു. എന്നാല്‍ അദ്ദേഹം അവിടെ മുഖ്യമന്ത്രിയായതിനുശേഷം ഇക്കാര്യത്തില്‍ ഊന്നല്‍ നല്‍കിയുള്ള സമീപനമാണ് സ്വീകരിച്ചത്. അദ്ദേഹം എല്ലാ തടസ്സങ്ങളും നീക്കിയതോടെ ഇപ്പോള്‍ നമുക്ക് വളരെ നല്ല ഫലങ്ങള്‍ ലഭിക്കുന്നു. നാം മെനിഞ്ചൈറ്റിസ് പടരുന്നത് തടയുന്നതിനും ചികിത്സാ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും ഊന്നല്‍ നല്‍കി. അതിന്റെ ഫലം കാണാന്‍ സാധിക്കുകയും ചെയ്യും.

സുഹൃത്തുക്കളെ,
കൊറോണ കാലഘട്ടത്തില്‍ നമ്മുടെ ആയുഷിന്റെ ശൃംഖലയും മികച്ച പ്രവര്‍ത്തനം നടത്തി. മാനവവിഭവശേഷിക്ക് പുറമേ പ്രതിരോധശേഷിയും ശാസ്ത്രീയ ഗവേഷണവും വര്‍ദ്ധിപ്പിക്കുന്നതിന് ആയുഷ്
അടിസ്ഥാന സൗകര്യം രാജ്യത്ത് വളരെയധികം സഹായിച്ചിട്ടുണ്ട്.

ഇന്ത്യയുടെ മരുന്നുകള്‍ക്കും വാക്‌സിനുകള്‍ക്കുമൊപ്പം നമ്മുടെ ചേരുവകളുടെയും കഷായങ്ങളുടെയും സംഭാവന ലോകം അനുഭവിക്കുന്നു. നമ്മുടെ പരമ്പരാഗത മരുന്നുകളും ലോകത്തിന്റെ മനസ്സില്‍ ഒരു പ്രത്യേക മുദ്ര പതിപ്പിച്ചിട്ടുണ്ട്. പരമ്പരാഗത മരുന്നുകളുമായും ആയുര്‍വേദ പാരമ്പര്യങ്ങളുമായും ബന്ധമുള്ള എല്ലാവരും അവരുടെ ഉല്‍പാദനവും ആഗോളമാണെന്ന് ശ്രദ്ധിക്കണം.

ലോകം യോഗയെ സ്വാഗതം ചെയ്യുന്ന രീതി, അതേ രീതിയില്‍ സമഗ്ര ആരോഗ്യ സംരക്ഷണത്തിലേക്ക് തിരിയുകയാണ്. പാര്‍ശ്വഫലങ്ങളില്ലാത്ത ആരോഗ്യ പരിരക്ഷയിലേക്കാണ് ലോകത്തിന്റെ ശ്രദ്ധ ആകര്‍ഷിച്ചിരിക്കുന്നത്. ഇന്ത്യയുടെ പരമ്പരാഗത മരുന്നുകള്‍ ഇക്കാര്യത്തില്‍ വളരെയധികം ഉപയോഗപ്രദമാകും. ഇന്ത്യയിലെ പരമ്പരാഗത മരുന്നുകള്‍ പ്രധാനമായും ഔഷധ സസ്യങ്ങള്‍ അടിസ്ഥാനമാക്കിയുള്ളവയാണ്. മാത്രമല്ല അവ ലോകത്തിന്റെ ആകര്‍ഷണീയതയെ ആകര്‍ഷിക്കുകയും ചെയ്യും. ഇത് ഒരു ദോഷവും വരുത്തുന്നില്ലെന്ന് ജനങ്ങള്‍ക്ക് ബോധ്യമുണ്ട്. നമുക്ക് ഇത് കൂടുതല്‍ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുമോ? നമ്മുടെ ആരോഗ്യ ബജറ്റിനും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന ആളുകള്‍ക്കും ഒരുമിച്ച് എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ?

കൊറോണ സമയത്ത് നാം പരമ്പരാഗത മരുന്നുകളുടെ കരുത്ത് കണ്ടതു സന്തോഷകരമാണ്. ആയുര്‍വേദത്തിന്റെ പരമ്പരാഗത മരുന്നുകളില്‍ വിശ്വസിക്കുന്ന എല്ലാവര്‍ക്കും അതുപോലെ വൈദ്യശാസ്ത്ര രംഗത്തെ തൊഴിലുമായി ബന്ധപ്പെട്ട എല്ലാവര്‍ക്കും ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ഗ്ലോബല്‍ സെന്റര്‍ ഓഫ് ട്രെഡീഷണല്‍ മെഡിസിന്‍ ഇന്ത്യയില്‍ ആരംഭിക്കാന്‍ പോകുന്നു എന്നത് അഭിമാനകരമാണ്.  ഇത് ഇതിനകം പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ ഇന്ത്യാ ഗവണ്‍മെന്റും ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നുണ്ട്. ഈ അംഗീകാരം ലോകത്തും എത്തുന്നു എന്നത് നമ്മുടെ ഉത്തരവാദിത്തമാണ്.

സുഹൃത്തുക്കളെ,
ആരോഗ്യമേഖലയില്‍ ലഭ്യതയും താങ്ങാനാവുന്ന വിലയും അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകാനുള്ള അവസരമാണിത്. അതിനാല്‍ ആരോഗ്യമേഖലയില്‍ ആധുനിക സാങ്കേതികവിദ്യയുടെ ഉപയോഗം വര്‍ദ്ധിപ്പിക്കുകയാണ്. സാധാരണക്കാര്‍ക്ക് അവരുടെ സൗകര്യത്തിനനുസരിച്ച് സമയബന്ധിതവും ഫലപ്രദവുമായ ചികിത്സ ലഭിക്കാന്‍ ഡിജിറ്റല്‍ ഹെല്‍ത്ത് മിഷന്‍ സഹായിക്കും.

സുഹൃത്തുക്കളെ,
കഴിഞ്ഞ വര്‍ഷങ്ങളിലെ സമീപനം മാറ്റാന്‍ ഒരു കാര്യം കൂടി ത്വരിതപ്പെടുത്തി. ആത്മനിര്‍ഭര്‍ ഭാരതത്തിന് ഈ മാറ്റങ്ങള്‍ വളരെ പ്രധാനമാണ്. ലോകത്തിന്റെ ഫാര്‍മസി എന്ന നിലയില്‍ നാം അഭിമാനിക്കുന്നുണ്ടെങ്കിലും, പല ഉല്‍പ്പന്നങ്ങള്‍ക്കും അസംസ്‌കൃത വസ്തുക്കളുടെ ഇറക്കുമതിയെ നാം ഇപ്പോഴും ആശ്രയിച്ചിരിക്കുന്നു.

നാം വ്യവസായത്തിന് മരുന്നുകള്‍ക്കും മെഡിക്കല്‍ ഉപകരണങ്ങള്‍ക്കുമുള്ള അസംസ്‌കൃത വസ്തുക്കളെ ആശ്രയിച്ചുള്ള അനുഭവം എത്ര മോശമാണെന്ന് നാം കണ്ടു. ഇത് ശരിയല്ല. പാവപ്പെട്ടവര്‍ക്ക് മിതമായ നിരക്കില്‍ മരുന്നുകളും ഉപകരണങ്ങളും നല്‍കുന്നതിലും ഇത് വളരെയധികം ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നു. നമ്മള്‍ ഒരു വഴി കണ്ടെത്തണം. ഈ മേഖലകളില്‍ ഇന്ത്യ സ്വാശ്രയമാകണം. ഇക്കാര്യത്തില്‍ നാല് പ്രത്യേക പദ്ധതികള്‍ അടുത്തിടെ ആരംഭിച്ചു. ഇത് ബജറ്റിലും പരാമര്‍ശിച്ചിരിക്കുന്നു. നിങ്ങള്‍ അത് പഠിച്ചിരിക്കണം.

ഇതു പ്രകാരം, രാജ്യത്ത് തന്നെ മരുന്നുകള്‍ നിര്‍മിക്കുന്നതിനുള്ള അസംസ്‌കൃത വസ്തുക്കളുടെയും മെഡിക്കല്‍ ഉപകരണങ്ങളുടെയും  ഉല്‍പാദനത്തിനായി ഉല്‍പാദന ബന്ധമുള്ള ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. അതുപോലെ, മരുന്നുകളുടെയും മെഡിക്കല്‍ ഉപകരണങ്ങളുടെയും നിര്‍മ്മാണത്തിനായുള്ള മെഗാ പാര്‍ക്കുകളുടെ നിര്‍മ്മാണത്തിനും നല്ല പ്രതികരണം ലഭിക്കുന്നു.

സുഹൃത്തുക്കളെ,

അവസാന ഘട്ടത്തില്‍ ആരോഗ്യ സേവന ലഭ്യതയല്ല രാജ്യത്തിന് ആവശ്യം; ഇത് രാജ്യത്തിന്റെ ഓരോ കോണിലും വിദൂര പ്രദേശങ്ങളിലും ലഭ്യമായിരിക്കണം. തിരഞ്ഞെടുപ്പ് വേളയില്‍ ഒരു വോട്ടര്‍ക്ക് വോട്ടുചെയ്യാന്‍ സൗകര്യമൊരുക്കുന്നതിനായി ഒരു പോളിംഗ് ബൂത്ത് സ്ഥാപിച്ചുവെന്ന റിപ്പോര്‍ട്ടുകളും നാം വായിക്കുന്നു. അതുപോലെ, അവസാന വ്യക്തിയില്‍ എത്തുവരെ വരെ എത്തിച്ചേരുന്ന സമീപനം ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലും നമുക്ക് ആവശ്യമാണ്. അതു നമ്മുടെ മനോഭാവമായിരിക്കണം; നാം അത് ഊന്നിപ്പറയുകയും അതിനായി പരമാവധി ശ്രമം നടത്തുകയും വേണം. അതിനാല്‍, എല്ലാ പ്രദേശങ്ങളിലും ആരോഗ്യ സേവനം ലഭ്യമാക്കുന്നതിനു നാം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. രാജ്യത്തിന് വെല്‍നസ് സെന്ററുകള്‍, ജില്ലാ ആശുപത്രികള്‍, ഗുരുതര പരിചരണ യൂണിറ്റുകള്‍, ആരോഗ്യ നിരീക്ഷണ അടിസ്ഥാന സൗകര്യം, ആധുനിക ലാബുകള്‍, ടെലിമെഡിസിന്‍ സൗകര്യങ്ങള്‍ എന്നിവ ആവശ്യമാണ്. നാം എല്ലാ തലത്തിലും പ്രവര്‍ത്തിക്കണം, എല്ലാ തലത്തിലും പ്രോത്സാഹിപ്പിക്കണം.

രാജ്യത്തെ ജനങ്ങള്‍, അവര്‍ ദരിദ്രരില്‍ ദരിദ്രരാണെങ്കിലും, വിദൂര പ്രദേശങ്ങളില്‍ താമസിക്കുന്നവരാണെങ്കിലും, സമയബന്ധിതവും മികച്ചതുമായ ചികിത്സ ലഭിക്കുന്നുണ്ടെന്നു നാം ഉറപ്പാക്കണം. കൂടാതെ, കേന്ദ്ര ഗവണ്‍മെന്റും എല്ലാ സംസ്ഥാന ഗവണ്‍മെന്റുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും രാജ്യത്തെ സ്വകാര്യമേഖലയും ഒരുമിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ മികച്ച ഫലം ലഭിക്കും.

പൊതുജനാരോഗ്യ ലബോറട്ടറികളുടെ ശൃംഖല കെട്ടിപ്പടുക്കുന്നതിലും പിഎം-ജെയുടെ പങ്കാളിത്തത്തിലും സ്വകാര്യ മേഖലയ്ക്ക് പിപിപി മാതൃകകളെ പിന്തുണയ്ക്കാന്‍ കഴിയും. നാഷണല്‍ ഡിജിറ്റല്‍ ഹെല്‍ത്ത് മിഷന്‍, പൗരന്മാരുടെ ഡിജിറ്റല്‍ ഹെല്‍ത്ത് റെക്കോര്‍ഡുകള്‍, മറ്റ് നൂതന സാങ്കേതികവിദ്യകള്‍ എന്നിവയിലും പങ്കാളിത്തമുണ്ടാകാം.

ആരോഗ്യമുള്ളതും കഴിവുള്ളതുമായ ഒരു ഇന്ത്യക്കായി ശക്തമായ പങ്കാളിത്തത്തിനും സ്വാശ്രയപൂര്‍ണമായ പരിഹാരത്തിനുമുള്ള വഴികള്‍ കണ്ടെത്താന്‍ നമുക്കെല്ലാവര്‍ക്കും കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്. ബജറ്റ് വന്നു. എന്നാല്‍ ഞങ്ങള്‍ ചര്‍ച്ച ചെയ്യുന്ന എല്ലാ പങ്കാളികളോടും ഈ മേഖലയിലെ വിദഗ്ധരായ ആളുകളോടും അവരുടെ പ്രതീക്ഷകള്‍ പങ്കുവെക്കുന്നതിനായി ഞാന്‍ അഭ്യര്‍ഥിക്കുകയാണ്. നിങ്ങളുടെ എല്ലാ പ്രതീക്ഷകളും ബജറ്റില്‍ ഇടം കണ്ടെത്തിയിരിക്കില്ല, പക്ഷേ ഇത് അവസാന ബജറ്റല്ല. ഈ ബജറ്റില്‍ പെടാഞ്ഞ കാര്യങ്ങള്‍ അടുത്ത ബജറ്റില്‍ നമുക്ക് പരിഗണിക്കാം. ബജറ്റ് നിര്‍ദേശങ്ങള്‍ എത്ര വേഗത്തില്‍ നടപ്പാക്കാമെന്നും സാധാരണക്കാരില്‍ എത്തിച്ചേരാന്‍ നമ്മെ സഹായിക്കുന്നതിന് സംവിധാനങ്ങള്‍ വികസിപ്പിക്കാമെന്നും കാണേണ്ടത് പ്രധാനമാണ്. പാര്‍ലമെന്റില്‍ ബജറ്റിന്റെ സൂക്ഷ്മതയെക്കുറിച്ച് നാം ചര്‍ച്ചചെയ്യുന്നു, പക്ഷേ നിങ്ങളുടെ അനുഭവവും നിര്‍ദ്ദേശങ്ങളും ഒരുപോലെ പ്രധാനമാണ്. ബന്ധപ്പെട്ട ആളുകളുമായി നാം ആദ്യമായാണു ബജറ്റ് ചര്‍ച്ച നടത്തുന്നത്. നാം ബജറ്റിന് മുമ്പുള്ള ചര്‍ച്ചകള്‍ നടത്തുമ്പോള്‍, അവ നിര്‍ദ്ദേശങ്ങളെ ചുറ്റിപ്പറ്റിയാണ്. എന്നാല്‍, നാം ബജറ്റിന് ശേഷമുള്ള ചര്‍ച്ചകള്‍ നടത്തുന്നതു പരിഹാരങ്ങള്‍ കണ്ടെത്തുന്നതിനാണ്.

അതിനാല്‍, നമുക്ക് ഒരുമിച്ച് പരിഹാരങ്ങള്‍ കണ്ടെത്താം, അതിവേഗം മുന്നോട്ട് പോകാം. ഗവണ്‍മെന്റും നിങ്ങളും ഒറ്റപ്പെട്ടവരല്ല. ഗവണ്‍മെന്റും നിങ്ങളുടേതാണ്, നിങ്ങള്‍ രാജ്യത്തിനുവേണ്ടിയാണു നിലകൊള്ളുന്നത്. രാജ്യത്തെ ഏറ്റവും ദരിദ്രരായ ജനങ്ങളെ മനസ്സില്‍ വച്ചുകൊണ്ട് ആരോഗ്യമേഖലയ്ക്കും ആരോഗ്യകരമായ ഇന്ത്യയ്ക്കും ശോഭനമായ ഭാവി നമുക്കു കെട്ടിപ്പടുക്കാം. നിങ്ങള്‍ സമയം ചെലവഴിച്ചു. നിങ്ങളുടെ മാര്‍ഗ്ഗനിര്‍ദ്ദേശം വളരെ സൗകര്യപ്രദമായിരിക്കും. നിങ്ങളുടെ സജീവ പങ്കാളിത്തം വളരെയധികം ഉപയോഗപ്രദമാകും.

നിങ്ങളുടെ സമയത്തിന് ഞാന്‍ വീണ്ടും നന്ദി പറയുന്നു. നിങ്ങളുടെ മൂല്യവത്തായ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് പോകാന്‍ ഞങ്ങളെ സഹായിക്കും. നിങ്ങള്‍ നിര്‍ദ്ദേശിക്കുന്നത് തുടരുകയും പങ്കാളിയാകുകയും വേണം. നിങ്ങള്‍ക്ക് പ്രതീക്ഷകളും ഉണ്ടാകും, എന്നാല്‍ നിങ്ങള്‍ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്യും. ഈ വിശ്വാസത്തോടെ, നിരവധി നന്ദി!


കുറിപ്പ്: പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ ഏകദേശ വിവര്‍ത്തനമാണിത്. അദ്ദേഹം പ്രസംഗിച്ചത് ഹിന്ദിയിലാണ്. 

 

***(Release ID: 1700686) Visitor Counter : 95