പ്രധാനമന്ത്രിയുടെ ഓഫീസ്
നിതി ആയോഗിന്റെ ആറാമത് ഗവേണിങ് കൗണ്‍സിലിന്റെ തുടക്കത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പരിഭാഷ
Posted On:
20 FEB 2021 2:10PM by PIB Thiruvananthpuram
നിതി ആയോഗിന്റെ ആറാമത് ഗവേണിങ് കൗണ്‍സിലിന്റെ തുടക്കത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പരിഭാഷ
നമസ്‌കാരം!
നിതി ആയോഗിന്റെ ഗവേണിങ് കൗണ്‍സിലിലേക്ക് നിങ്ങളെ എല്ലാവരെയും സ്വാഗതം ചെയ്യുന്നു. രാജ്യത്തിന്റെ പുരോഗതിയുടെ സാരാംശം കേന്ദ്രവും സംസ്ഥാനങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കുകയും കൃത്യമായ ദിശയിലേക്ക് നീങ്ങുകയും ചെയ്യുന്നു എന്നതാണ്. നാം സഹകരണ ഫെഡറലിസത്തെ കൂടുതല്‍ അര്‍ത്ഥവത്താക്കുകയും മത്സരാധിഷ്ഠിത സഹകരണ ഫെഡറലിസത്തെ സംസ്ഥാന-ജില്ലാ തലത്തിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുകയും അങ്ങനെ വികസനത്തിനായുള്ള മത്സരം തുടരുകയും വികസനം ഒരു പ്രധാന അജണ്ടയായി തുടരുകയും വേണം. രാജ്യത്തെ ഒരു പുതിയ ഉയരത്തിലേക്ക് എത്തിക്കുന്നതിനുള്ള മത്സരം എങ്ങനെ വര്‍ദ്ധിപ്പിക്കാം എന്നതിനെക്കുറിച്ച് നാം മുമ്പ് പലതവണ ആലോചനകള്‍ നടത്തിയിട്ടുണ്ട്. ഇന്നും ഈ ഉച്ചകോടിയില്‍ ഊന്നിപ്പറയുന്നത് അതു തന്നെ ആയിരിക്കുമെന്നതു സ്വാഭാവികമാണ്. കൊറോണ കാലഘട്ടത്തില്‍ കേന്ദ്ര, സംസ്ഥാന ഗവണ്‍മെന്റുകള്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചപ്പോള്‍ രാജ്യം മുഴുവന്‍ എങ്ങനെ വിജയിക്കുകയും ഇന്ത്യയെക്കുറിച്ച് ഒരു നല്ല പ്രതിച്ഛായ ലോകത്ത് സൃഷ്ടിക്കുകയും ചെയ്തുവെന്ന് നാം കണ്ടു.
സുഹൃത്തുക്കളെ,
ഇപ്പോള്‍, രാജ്യം സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം പൂര്‍ത്തിയാക്കാന്‍ പോകുമ്പോള്‍, ഈ ഗവേണിങ് കൗണ്‍സില്‍ യോഗം കൂടുതല്‍ പ്രാധാന്യം അര്‍ഹിക്കുന്നു. സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷത്തിന്റെ ഭാഗമായി സംസ്ഥാനങ്ങളില്‍ സമൂഹത്തിലെ എല്ലാവിധ ആളുകളെയും ബന്ധിപ്പിച്ച് ജില്ലാതല കമ്മിറ്റികള്‍ രൂപീകരിക്കാന്‍ ഞാന്‍ സംസ്ഥാനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. കുറച്ച് മുമ്പ്, ഈ മീറ്റിംഗില്‍ ചര്‍ച്ച ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് പരാമര്‍ശിക്കപ്പെട്ടിരുന്നു. രാജ്യത്തിന്റെ മുന്‍ഗണനകള്‍ കണക്കിലെടുത്ത് ഈ അജണ്ട തിരഞ്ഞെടുത്തു. ഈ അജണ്ടയെ കുറിച്ചു സംസ്ഥാനങ്ങളില്‍ നിന്ന് നിര്‍ദ്ദേശങ്ങള്‍ തേടുന്നതിനുമുമ്പ് ആവശ്യമായ തയ്യാറെടുപ്പിനായി ഒരു പുതിയ നീക്കം നടത്തി. നിതി ആയോഗും സംസ്ഥാനത്തെ എല്ലാ പ്രധാന ഉദ്യോഗസ്ഥരും തമ്മില്‍ ആരോഗ്യകരമായ ആശയവിനിമയം നടന്നു. ഇന്നത്തെ മീറ്റിംഗില്‍ ആ സംവാദത്തിലെ പോയിന്റുകളെല്ലാം ഉള്‍പ്പെടുത്താന്‍ ഞങ്ങള്‍ ശ്രമിച്ചു. അതിനാല്‍, സംസ്ഥാനങ്ങളുടെ ആവശ്യകത കണക്കിലെടുത്ത് അജണ്ടയില്‍ വളരെയധികം പുരോഗതി ഉണ്ടായിട്ടുണ്ട്. ഈ പ്രക്രിയ കാരണം ഗവേണിങ് കൗണ്‍സിലിന്റെ അജണ്ട ഇത്തവണ വളരെ വ്യക്തമാണ്. മാത്രമല്ല ഇത് നമ്മുടെ ചര്‍ച്ച ഗൗരവതരമാക്കുകയും ചെയ്യും.
സുഹൃത്തുക്കളെ,
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, നമ്മുടെ രാജ്യത്തെ ദരിദ്രരെ ശാക്തീകരിക്കുന്നതിനായി ബാങ്ക് അക്കൗണ്ടുകള്‍ തുറക്കുക, പ്രതിരോധ കുത്തിവയ്പ്പ് വര്‍ദ്ധിപ്പിക്കുക, ആരോഗ്യ പരിരക്ഷാ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുക, സൗജന്യ വൈദ്യുതി കണക്ഷനുകളും സൗജന്യ ഗ്യാസ് കണക്ഷനുകളും നല്‍കുക, സൗജന്യ ശൗചാലയ നിര്‍മാണ പദ്ധതികള്‍ നടപ്പാക്കുക എന്നിവ ബന്ധപ്പെട്ടവരുടെ ജീവിതത്തില്‍ അഭൂതപൂര്‍വമായ പരിവര്‍ത്തനം സാധ്യമാക്കുന്നു. പ്രത്യേകിച്ച് ദരിദ്രരുടെ ജീവിതത്തില്‍ മാറ്റം കാണാം. രാജ്യത്തെ എല്ലാ ദരിദ്രര്‍ക്കും നല്ല വീടുകള്‍ ലഭ്യമാക്കാനുള്ള പ്രവര്‍ത്തനവും അതിവേഗം പുരോഗമിക്കുകയാണ്. ചില സംസ്ഥാനങ്ങള്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു, അതേസമയം ചില സംസ്ഥാനങ്ങള്‍ വേഗത കൂട്ടേണ്ടതുണ്ട്. 2014 മുതല്‍ ഗ്രാമങ്ങളിലും നഗരങ്ങളിലും 2.40 കോടിയിലധികം വീടുകളുടെ നിര്‍മാണം പൂര്‍ത്തിയായി. രാജ്യത്തെ ആറ് നഗരങ്ങളില്‍ ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് വീടുകള്‍ നിര്‍മ്മിക്കുന്നതിനുള്ള പ്രവര്‍ത്തനം നടക്കുന്നുണ്ടെന്ന് നിങ്ങള്‍ക്കറിയാം. ഒരു മാസത്തിനുള്ളില്‍ പുതിയ സാങ്കേതികവിദ്യ രാജ്യത്തെ ആറ് നഗരങ്ങളില്‍ പുതിയ മാതൃകകള്‍ സൃഷ്ടിക്കും. അതും എല്ലാ സംസ്ഥാനങ്ങള്‍ക്കും ഉപയോഗപ്രദമാകും. അതുപോലെ, ജലദൗര്‍ലഭ്യവും ജലജന്യരോഗങ്ങളും ജനങ്ങളുടെ വികസനത്തെ തടസ്സപ്പെടുത്തുന്നില്ലെന്നും പോഷകാഹാരക്കുറവ് പ്രശ്നങ്ങള്‍ക്ക് ആക്കം കൂട്ടുന്നില്ലെന്നും ഉറപ്പാക്കുന്നതിന് നാം ഒരു ദൗത്യ മാതൃകയില്‍ പ്രവര്‍ത്തിക്കുന്നു. ജല്‍ ജീവന്‍ മിഷന്‍ ആരംഭിച്ചതിനുശേഷം കഴിഞ്ഞ 18 മാസത്തിനിടെ 3.5 കോടിയിലധികം ഗ്രാമീണ കുടുംബങ്ങള്‍ക്ക് പൈപ്പ് വഴി ജലവിതരണം നടത്തുന്നു. ഗ്രാമങ്ങളിലെ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിയുടെ പ്രധാന സ്രോതസ്സായി ഭാരത് നെറ്റ് സ്‌കീം മാറുകയാണ്. അത്തരം എല്ലാ പദ്ധതികളിലും കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമ്പോള്‍, ജോലിയുടെ വേഗത വര്‍ധിക്കുകയും അവസാന വ്യക്തിക്കു വരെ ആനുകൂല്യങ്ങള്‍ ഉറപ്പാക്കപ്പെടുകയും ചെയ്യും.
സുഹൃത്തുക്കളെ,
ഈ വര്‍ഷത്തെ ബജറ്റിനോടുള്ള നല്ല പ്രതികരണം എല്ലായിടത്തും പുതിയ പ്രതീക്ഷയുടെ അന്തരീക്ഷം സൃഷ്ടിക്കുകയും രാജ്യത്തിന്റെ താല്‍പര്യം പ്രകടമാക്കുകയും ചെയ്തു. രാജ്യം തീരുമാനമെടുത്തുകഴിഞ്ഞു. രാജ്യം അതിവേഗം മുന്നേറാന്‍ ആഗ്രഹിക്കുന്നു; രാജ്യം ഇപ്പോള്‍ സമയം പാഴാക്കാന്‍ ആഗ്രഹിക്കുന്നില്ല. രാജ്യത്തെ യുവാക്കള്‍ രാജ്യത്തിന്റെ മനസ്സിനെ രൂപപ്പെടുത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നു, അതിനാല്‍ മാറ്റത്തിലേക്ക് ഒരു പുതിയ താല്‍പ്പര്യം വളര്‍ന്നു. രാജ്യത്തിന്റെ ഈ വികസന യാത്രയില്‍ കൂടുതല്‍ ആവേശത്തോടെ രാജ്യത്തിന്റെ സ്വകാര്യ മേഖല എങ്ങനെ മുന്നോട്ട് വരുന്നുവെന്നും നാം കാണുന്നു. ഒരു ഗവണ്‍മെന്റ് എന്ന നിലയില്‍, ഈ ഉത്സാഹത്തെ, സ്വകാര്യമേഖലയുടെ ഊര്‍ജ്ജത്തെ ബഹുമാനിക്കുകയും ആത്മനിര്‍ഭര്‍ ഭാരത് പ്രചാരണത്തിനായി അവസരങ്ങള്‍ നല്‍കുകയും വേണം. ഓരോ വ്യക്തിക്കും എല്ലാ സ്ഥാപനങ്ങള്‍ക്കും എല്ലാ സംരംഭങ്ങള്‍ക്കും പരമാവധി കഴിവിനുമപ്പുറം സഞ്ചരിക്കാന്‍ അവസരമുള്ള ഒരു പുതിയ ഇന്ത്യയിലേക്കുള്ള നീക്കമാണ് ആത്മനിര്‍ഭര്‍ ഭാരത്.
സുഹൃത്തുക്കളെ,
സ്വന്തം ആവശ്യങ്ങള്‍ക്കായി മാത്രമല്ല, ലോകത്തിനായിക്കൂടി ഉല്‍പാദിപ്പിക്കുന്ന ഒരു ഇന്ത്യയെ വികസിപ്പിക്കാനുള്ള മാര്‍ഗമാണ് ആത്മനിര്‍ഭര്‍ ഭാരത്. ഈ ഉല്‍പാദനം ലോകത്തിന്റെ പരീക്ഷണത്തിനു വിധേയമാണ്. അതിനാല്‍, ഞാന്‍ എല്ലായ്‌പ്പോഴും സീറോ ഡിഫെക്റ്റ്, സീറോ ഇഫക്റ്റിന് പ്രാധാന്യം നല്‍കുന്നു. ഇന്ത്യയെപ്പോലുള്ള ഒരു യുവ രാജ്യത്തിന്റെ അഭിലാഷങ്ങള്‍ മനസ്സില്‍ വച്ചുകൊണ്ട്, ആധുനിക അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മ്മിക്കുകയും നവീനത പ്രോത്സാഹിപ്പിക്കുകയും സാങ്കേതികവിദ്യയുടെ പരമാവധി ഉപയോഗം സാധ്യമാക്കുകയും വിദ്യാഭ്യാസത്തിനും കഴിവുകള്‍ക്കും മികച്ച അവസരങ്ങള്‍ നല്‍കുകയും വേണം.
സുഹൃത്തുക്കളെ,
നമ്മുടെ ബിസിനസുകള്‍, എംഎസ്എംഇകള്‍, സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവ ശക്തിപ്പെടുത്തേണ്ടതുണ്ട്. നമ്മുടെ ഓരോ സംസ്ഥാനത്തിനും അതിന്റേതായ ശക്തമായ പോയിന്റുകളുണ്ട്; എല്ലാ സംസ്ഥാനങ്ങളിലെയും ഓരോ ജില്ലയ്ക്കും അതിന്റേതായ ഗുണങ്ങളുണ്ട്, അതിന്റേതായ പ്രത്യേകതകളുണ്ട്. സൂക്ഷ്മമായി പരിശോധിച്ചാല്‍ നിരവധി സാധ്യതകളുണ്ട്. രാജ്യത്തെ നൂറുകണക്കിന് ജില്ലകളിലെ ഉല്‍പ്പന്നങ്ങള്‍ വിപണനത്തിനും കയറ്റുമതിക്കുമായി ഗവണ്‍മെന്റ് ചുരുക്കപ്പട്ടികയില്‍ പെടുത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഇത് സംസ്ഥാനങ്ങള്‍ക്കിടയില്‍ ആരോഗ്യകരമായ മത്സരത്തിലേക്ക് നയിക്കുന്നു; ഇത് മുന്നോട്ടു കൊണ്ടുപോകേണ്ടതുണ്ട്. ഏത് സംസ്ഥാനമാണ് ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യുന്നത്, പലതരം ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നത്, പരമാവധി രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നത്, വിലയേറിയ ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നത് എന്നതറിയണം. അപ്പോള്‍ ജില്ലകള്‍ക്കിടയിലും ഓരോ ജില്ലയ്ക്കും സംസ്ഥാനത്തിനും കയറ്റുമതിക്ക് എങ്ങനെ ഊന്നല്‍ നല്‍കാനാകും എന്നതിനെക്കുറിച്ചും മത്സരമുണ്ടായിരിക്കണം. ഈ പരീക്ഷണം നാം ജില്ലാ, ബ്ലോക്ക് തലങ്ങളിലേക്കും കൊണ്ടുപോകണം. സംസ്ഥാനങ്ങളുടെ വിഭവങ്ങള്‍ നാം പൂര്‍ണ്ണമായി ഉപയോഗപ്പെടുത്തണം. എല്ലാ മാസവും സംസ്ഥാനങ്ങളില്‍ നിന്നുള്ള കയറ്റുമതി നിരീക്ഷിക്കുകയും അത് വര്‍ദ്ധിപ്പിക്കുകയും വേണം.
നയപരമായ ചട്ടക്കൂടും കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള മികച്ച ഏകോപനവും വളരെ പ്രധാനമാണ്. ഉദാഹരണത്തിന്, മത്സ്യബന്ധന വ്യവസായത്തെയും തീരദേശ സംസ്ഥാനങ്ങളുടെ നീല സമ്പദ്വ്യവസ്ഥയെയും പ്രോത്സാഹിപ്പിക്കുന്നതിനും മത്സ്യം കയറ്റുമതി ചെയ്യുന്നതിനും നമുക്കു പരിമിതികളില്ലാത്ത അവസരങ്ങളുണ്ട്. നമ്മുടെ തീരദേശ സംസ്ഥാനങ്ങള്‍ക്കായി പ്രത്യേക സംരംഭങ്ങള്‍ ഉണ്ടായിരിക്കണം. ഇത് നമ്മുടെ മത്സ്യത്തൊഴിലാളികളെയും സമ്പദ്വ്യവസ്ഥയെയും ഉയര്‍ത്തും. വിവിധ മേഖലകള്‍ക്കായി കേന്ദ്ര ഗവണ്‍മെന്റ് പിഎല്‍ഐ പദ്ധതികള്‍ അവതരിപ്പിച്ചതു നിങ്ങള്‍ അറിയണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. രാജ്യത്ത് ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാനുള്ള മികച്ച അവസരമാണിത്. സംസ്ഥാനങ്ങളും പദ്ധതിയുടെ പൂര്‍ണ പ്രയോജനം നേടുകയും കൂടുതല്‍ കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കുകയും വേണം. കോര്‍പ്പറേറ്റ് നികുതി നിരക്ക് കുറയ്ക്കുന്നതിന്റെ പരമാവധി നേട്ടവും സംസ്ഥാനങ്ങള്‍ ഉപയോഗപ്പെടുത്തണം. ലോകത്തിലെ ഏറ്റവും കുറഞ്ഞ നികുതി നിരക്കുകളില്‍ ഒന്ന് നിങ്ങളുടെ സംസ്ഥാനത്തിന് പ്രയോജനപ്പെടുത്തുന്നതിന് നിങ്ങള്‍ അത്തരം കമ്പനികളുമായി ബന്ധപ്പെടണം.
സുഹൃത്തുക്കളെ,
ഈ വര്‍ഷത്തെ ബജറ്റില്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്കായി നല്‍കിയിട്ടുള്ള ഫണ്ടുകളെക്കുറിച്ചാണ് പ്രധാനമായും സംസാരിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ക്കായുള്ള ചെലവ് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ പല തലങ്ങളില്‍ മുന്നേറുന്നതിന് സഹായിക്കും, ഇത് ധാരാളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. ഇതിന് ഒന്നിലധികം ഫലമുണ്ട്. ദേശീയ അടിസ്ഥാനസൗകര്യ പൈപ്പ്‌ലൈനില്‍ സംസ്ഥാനങ്ങളുടെ വിഹിതം 40 ശതമാനമാണ്, അതിനാല്‍ സംസ്ഥാനങ്ങളും കേന്ദ്രവും സംയുക്തമായി അവരുടെ ബജറ്റുകള്‍ സമന്വയിപ്പിക്കുകയും പദ്ധതികള്‍ ആസൂത്രണം ചെയ്യുകയും മുന്‍ഗണനകള്‍ നിശ്ചയിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. ഇപ്പോള്‍ കേന്ദ്ര ഗവണ്‍മെന്റ് ഒരു മാസം മുമ്പുതന്നെ ബജറ്റ് തയ്യാറാക്കിയിട്ടുണ്ട്. സംസ്ഥാന ബജറ്റിനും കേന്ദ്ര ബജറ്റിനും ഇടയില്‍ മൂന്നോ നാലോ ആഴ്ചയുണ്ട്. കേന്ദ്രത്തിന്റെ ബജറ്റിന്റെ വെളിച്ചത്തിലാണ് സംസ്ഥാനങ്ങളുടെ ബജറ്റ് രൂപീകരിക്കുന്നതെങ്കില്‍, അവര്‍ക്ക് ഒരുമിച്ച് ഒരു ദിശയിലേക്ക് നീങ്ങാന്‍ കഴിയും. ഈ ദിശയില്‍ ചര്‍ച്ച ചെയ്ത സംസ്ഥാനങ്ങളുടെ ബജറ്റ് കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ബജറ്റ് ഇനിയും വരാനിരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് മുന്‍ഗണനാക്രമത്തില്‍ ഇത് ചെയ്യാന്‍ കഴിയും. വികസനം ത്വരിതപ്പെടുത്തുന്നതിലും സംസ്ഥാനങ്ങളെ സ്വയംപര്യാപ്തമാക്കുന്നതിലും കേന്ദ്ര ബജറ്റിനൊപ്പം സംസ്ഥാന ബജറ്റും ഒരുപോലെ പ്രധാനമാണ്.
സുഹൃത്തുക്കളെ,
പതിനഞ്ചാം ധനകാര്യ കമ്മീഷനില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക സ്രോതസ്സുകളില്‍ വലിയ വര്‍ധനയുണ്ടാകും. പ്രാദേശിക തലത്തില്‍ ഭരണം മെച്ചപ്പെടുത്തുന്നത് ആളുകളുടെ ജീവിത നിലവാരത്തിന്റെയും അവരുടെ ആത്മവിശ്വാസത്തിന്റെയും അടിസ്ഥാനമായി മാറുന്നു. ഈ പരിഷ്‌കാരങ്ങളില്‍ സാങ്കേതികവിദ്യയും പൊതുജന പങ്കാളിത്തവും വളരെ അത്യാവശ്യമാണ്. പഞ്ചായത്തിരാജ് സമ്പ്രദായത്തിലെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളെയും പൗരസംഘടനകളെയും ഈ ഒത്തുചേരലിനും ഫലങ്ങള്‍ക്കും ഉത്തരവാദികളാക്കാനുള്ള സമയമായി എന്ന് ഞാന്‍ കരുതുന്നു. പ്രാദേശിക തലത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ ജില്ലകളും സംസ്ഥാനങ്ങളും കേന്ദ്രവും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നുവെങ്കില്‍, ഫലങ്ങള്‍ വളരെ പോസിറ്റീവ് ആണ്. കൂടാതെ പുരോഗതി കാംക്ഷിക്കുന്ന ജില്ലകളുടെ ഉദാഹരണം നമുക്കു മുന്നിലുണ്ട്. പുരോഗതി കാംക്ഷിക്കുന്ന ജില്ലകളുടെ പരീക്ഷണം നല്ല ഫലങ്ങള്‍ കാണിക്കുന്നു. എന്നാല്‍ ആവശ്യമായ വേഗത കൊറോണ കാരണം സമീപകാലത്ത് ഇല്ല. എന്നാല്‍, നമുക്ക് അത് വീണ്ടും വര്‍ധിപ്പിക്കാം.
സുഹൃത്തുക്കളെ,
കൃഷിക്ക് ധാരാളം ശേഷികളുണ്ട്. എന്നാല്‍ ചില യാഥാര്‍ത്ഥ്യങ്ങള്‍ നാം അംഗീകരിക്കേണ്ടതുണ്ട്. ഒരു കാര്‍ഷിക രാജ്യം എന്ന് വിളിച്ചിട്ടും, ഇന്ന് നാം 65-70 ആയിരം കോടി രൂപയുടെ ഭക്ഷ്യ എണ്ണ ഇറക്കുമതി ചെയ്യുന്നു. നമുക്ക് ഇത് നിര്‍ത്താന്‍ കഴിയും. നമ്മുടെ കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് പണം എത്തിക്കാം. നമ്മുടെ കര്‍ഷകന് ഈ പണത്തിന് അര്‍ഹതയുണ്ട്. എന്നാല്‍ ഇതിനായി, നാം യോജിച്ച പദ്ധതികള്‍ തയ്യാറാക്കേണ്ടതുണ്ട്. അടുത്തിടെ, നാം പയര്‍വര്‍ഗ്ഗങ്ങള്‍ പരീക്ഷിച്ചു; അത് വിജയകരമായിരുന്നു. പയര്‍വര്‍ഗ്ഗങ്ങളുടെ ഇറക്കുമതി ബില്‍ ഗണ്യമായി കുറഞ്ഞു. അത്തരം നിരവധി ഉല്‍പ്പന്നങ്ങള്‍ ഉണ്ട്. ഭക്ഷ്യവസ്തുക്കള്‍ നമ്മുടെ പട്ടികയില്‍ അനാവശ്യമായി ഉണ്ട്. നമ്മുടെ രാജ്യത്തെ കര്‍ഷകര്‍ക്ക് അത്തരം ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ ഒരു ബുദ്ധിമുട്ടും ഉണ്ടാകരുത്, അവര്‍ക്ക് ഒരു ചെറിയ മാര്‍ഗ്ഗനിര്‍ദ്ദേശം ആവശ്യമാണ്. അതിനാല്‍, നമ്മുടെ കൃഷിക്കാര്‍ക്ക് രാജ്യത്തിന് മാത്രമല്ല, ലോകത്തിന് തന്നെ ലഭ്യമാക്കാന്‍ കഴിയുന്ന നിരവധി കാര്‍ഷിക ഉല്‍പന്നങ്ങള്‍ ഉണ്ട്. എല്ലാ സംസ്ഥാനങ്ങളും അവരുടെ കാര്‍ഷിക കാലാവസ്ഥയനുസരിച്ചു പ്രാദേശിക ആസൂത്രണം നടപ്പാക്കുകവഴി അവരുടെ കര്‍ഷകരെ സഹായിക്കേണ്ടത് അത്യാവശ്യമാണ്.
സുഹൃത്തുക്കളെ,
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, കൃഷിയില്‍നിന്ന് മൃഗസംരക്ഷണത്തിലേക്കും മത്സ്യബന്ധനത്തിലേക്കും സമഗ്രമായ സമീപനം സ്വീകരിച്ചു. കൊറോണ കാലഘട്ടത്തില്‍ പോലും രാജ്യത്ത് കാര്‍ഷിക കയറ്റുമതി ഗണ്യമായി വര്‍ദ്ധിച്ചു എന്നതാണ് ഫലം. എന്നാല്‍ നമ്മുടെ സാധ്യത അതിനേക്കാള്‍ പലമടങ്ങ് കൂടുതലാണ്. നമ്മുടെ ഉല്‍പ്പന്നങ്ങള്‍ പാഴാക്കുന്നതു കുറയ്ക്കുന്നതിന് സംഭരണവും സംസ്‌കരണവും ശ്രദ്ധിക്കേണ്ടതുണ്ട്. മാത്രമല്ല നിക്ഷേപത്തിനുള്ള സാധ്യതകള്‍ നാം ഉപയോഗപ്പെടുത്തേണ്ടതുണ്ട്. തെക്കുകിഴക്കന്‍ ഏഷ്യയിലേക്ക് ഇന്ത്യ അസംസ്‌കൃത മത്സ്യം കയറ്റുമതി ചെയ്യുന്നുവെന്ന് നമുക്കറിയാം. തുടക്കത്തില്‍ ഞാന്‍ പറഞ്ഞത്, മത്സ്യം അവിടെ സംസ്‌കരിച്ച് വലിയ ലാഭത്തോടെ സംസ്‌കരിച്ച ഉല്‍പ്പന്നങ്ങളായി വില്‍ക്കുന്നു എന്നതാണ്. സംസ്‌കരിച്ച മത്സ്യ ഉല്‍പന്നങ്ങള്‍ നമുക്ക് വലിയ തോതില്‍ നേരിട്ട് കയറ്റുമതി ചെയ്യാന്‍ കഴിയില്ലേ? നമ്മുടെ എല്ലാ തീരദേശ സംസ്ഥാനങ്ങള്‍ക്കും സ്വയം മുന്‍കൈയെടുത്ത് ഈ ആഗോള വിപണിയില്‍ സ്വന്തം സ്വാധീനം സൃഷ്ടിക്കാന്‍ കഴിയുന്നില്ലേ? ഇനിയും നിരവധി മേഖലകളുടെയും ഉല്‍പ്പന്നങ്ങളുടെയും സ്ഥിതി സമാനമാണ്. നമ്മുടെ കര്‍ഷകര്‍ക്ക് ആവശ്യമായ സാമ്പത്തിക സ്രോതസ്സുകളും മികച്ച അടിസ്ഥാന സൗകര്യങ്ങളും ആധുനിക സാങ്കേതികവിദ്യയും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ പരിഷ്‌കാരങ്ങള്‍ വളരെ പ്രധാനമാണ്.
സുഹൃത്തുക്കളെ,
നിയന്ത്രണവും ഗവണ്‍മെന്റിന്റെ ഇടപെടലും കുറയ്ക്കുന്ന നിരവധി പരിഷ്‌കാരങ്ങള്‍ അടുത്തിടെ അവതരിപ്പിച്ചു. സാധാരണക്കാര്‍ക്ക് ബാധകമാകുന്നതും ഒഴിവാക്കാന്‍ സാധിക്കുന്നതുമായ ആയിരക്കണക്കിനു വ്യവസ്ഥകള്‍ ഒഴിവാക്കാമെന്ന് എന്റെ ശ്രദ്ധയില്‍പ്പെട്ടു. ഉദാഹരണത്തിന്, അത്തരം 1500 കാലഹരണപ്പെട്ട നിയമങ്ങള്‍ ഞങ്ങള്‍ അടുത്തിടെ നിര്‍ത്തലാക്കി. ഇതുമായി ബന്ധപ്പെട്ട് ഒരു ചെറിയ ടീം രൂപീകരിക്കാന്‍ സംസ്ഥാനങ്ങളോട് അഭ്യര്‍ത്ഥിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നമുക്കു സാങ്കേതികവിദ്യയുണ്ട്. ഒരേ കാര്യങ്ങള്‍ വീണ്ടും വീണ്ടും നല്‍കാന്‍ ആളുകളോട് ആവശ്യപ്പെടേണ്ടതില്ല. ജനങ്ങളുടെ മേലുള്ള സമ്മര്‍ദം നമുക്ക് നീക്കംചെയ്യാം. സംസ്ഥാനങ്ങള്‍ മുന്നോട്ട് വരണം. ഞാന്‍ ഇതു സംബന്ധിച്ചു കേന്ദ്ര ഗവണ്‍മെന്റിനു നിര്‍ദേശം നല്‍കുകയും തുടര്‍ന്നു നമ്മുടെ കാബിനറ്റ് സെക്രട്ടറി ഇത് നിരീക്ഷിക്കുകയും ചെയ്യുന്നുണ്ട്. വ്യവസ്ഥകള്‍ ഏറ്റവും കുറയ്ക്കേണ്ടതുണ്ട്. ജീവിതം സുഗമമാക്കുന്നതിലും ഇത് പ്രധാനമാണ്.
അതുപോലെ, നമ്മുടെ യുവാക്കള്‍ക്ക് അവരുടെ കഴിവുകള്‍ സ്വതന്ത്രമായി പ്രകടിപ്പിക്കാന്‍ നാം അവസരം നല്‍കണം. ചില സുപ്രധാന തീരുമാനങ്ങള്‍ കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് എടുത്തതായി നിങ്ങള്‍ കണ്ടിരിക്കാം. ഇത് വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്നില്ലെങ്കിലും അതിന്റെ അനന്തരഫലങ്ങള്‍ വളരെ വലുതാണ്. ഒ.എസ്.പി നിയന്ത്രണങ്ങള്‍ പരിഷ്‌കരിച്ചു. ഇത് യുവാക്കള്‍ക്ക് എവിടെ നിന്നും ജോലി ചെയ്യാനുള്ള സൗകര്യം നല്‍കി. ഇതുമൂലം നമ്മുടെ സാങ്കേതിക മേഖലയ്ക്ക് വളരെയധികം പ്രയോജനം ലഭിച്ചു.
അടുത്തിടെ, ഐടി മേഖലയുമായി ബന്ധപ്പെട്ട ചില ആളുകളുമായി ഞാന്‍ സംസാരിച്ചിരുന്നു. അവരുടെ 95 ശതമാനം ജീവനക്കാരും ഇപ്പോള്‍ വീട്ടില്‍ നിന്നാണ് ജോലി ചെയ്യുന്നതെന്നും ജോലി നന്നായി നടക്കുന്നുണ്ടെന്നും പലരും എന്നോട് പറഞ്ഞു. ഇത് എത്ര വലിയ മാറ്റമാണെന്ന് ഇപ്പോള്‍ നിങ്ങള്‍ കാണുന്നു. നാം ഈ കാര്യങ്ങള്‍ ഊന്നിപ്പറയേണ്ടതുണ്ട്. നിലവിലുള്ള എല്ലാ നിയന്ത്രണങ്ങളും നാം നിര്‍ത്തലാക്കണം. പരിഷ്‌കാരങ്ങളിലൂടെ ഞങ്ങള്‍ അടുത്തിടെ ഒരുപാട് നിര്‍ത്തലാക്കി. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഞങ്ങള്‍ വളരെ പ്രധാനപ്പെട്ട ഒരു തീരുമാനം എടുത്തിട്ടുണ്ടെന്ന് നിങ്ങള്‍ കണ്ടിരിക്കണം. ജിയോസ്‌പേഷ്യല്‍ ഡാറ്റയുമായി ബന്ധപ്പെട്ട നിയമങ്ങളും ഉദാരവല്‍ക്കരിച്ചു. നാം 10 വര്‍ഷം മുമ്പ് ഇത് ചെയ്തിരുന്നെങ്കില്‍, ഒരുപക്ഷേ ഗൂഗിള്‍ പോലുള്ള ആപ്ലിക്കേഷനുകള്‍ പുറത്തല്ല, ഇന്ത്യയില്‍ വികസിപ്പിച്ചെടുക്കുമായിരുന്നു. അത്തരം അപ്ലിക്കേഷനുകള്‍ക്ക് പിന്നില്‍ നമ്മുടെ ആളുകളുടെ കഴിവാണ്, പക്ഷേ ഉല്‍പ്പന്നം നമ്മുടേതല്ല. ഈ തീരുമാനം നമ്മുടെ സ്റ്റാര്‍ട്ടപ്പുകളെയും സാങ്കേതിക മേഖലയെയും വളരെയധികം സഹായിച്ചിട്ടുണ്ട്. ഈ തീരുമാനം രാജ്യത്തെ സാധാരണക്കാരുടെ ജീവിത സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്ന് ഞാന്‍ കരുതുന്നു.
സുഹൃത്തുക്കളേ, ഞാന്‍ രണ്ട് കാര്യങ്ങള്‍ ആവശ്യപ്പെടുന്നു. ഇന്നു നമുക്ക് ലോകത്ത് ഒരു അവസരം ലഭിച്ചു. ആ അവസരം ഉപയോഗപ്പടുത്തുന്നതിലും ബിസിനസ്സ് എളുപ്പമാക്കുന്നതിലും നാം ശ്രദ്ധ കേന്ദ്രീകരിക്കണം. ഇന്ത്യയിലെ പൗരന്മാരുടെ ജീവിതം ലൡതമാക്കാനായിരിക്കണം നമ്മുടെ ശ്രമം. അവസരങ്ങള്‍ നേടുന്നതിനും ആഗോളതലത്തില്‍ ഇന്ത്യയെ അടയാളപ്പെടുത്തുന്നതിനും ബിസിനസ്സ് ചെയ്യുന്നത് എളുപ്പമാക്കുന്നതു പ്രധാനമാണ്. ഇതിനായി നാം നിയമങ്ങളും സംവിധാനങ്ങളും മെച്ചപ്പെടുത്തേണ്ടതുണ്ട്. രാജ്യത്തെ പൗരന്മാരുടെ പ്രതീക്ഷകള്‍ നിറവേറ്റുന്നതിനും അവരുടെ ജീവിതം ലളിതമാക്കുന്നതിനും നാം ജീവിത സൗകര്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കേണ്ടതുണ്ട്.
സുഹൃത്തുക്കളെ,
നിങ്ങളുടെ അനുഭവങ്ങളും നിര്‍ദ്ദേശങ്ങളും ഇപ്പോള്‍ കേള്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇന്ന്, നാം ഒരു ദിവസം ഒത്തുചേരുകയാണ്. നാം ഒരു ചെറിയ ഇടവേള എടുക്കുകയാണ്. എന്നാല്‍, എല്ലാ വിഷയങ്ങളെക്കുറിച്ചും നാം സംസാരിക്കും. ഈ സമയം നിങ്ങളില്‍ നിന്ന് സൃഷ്ടിപരവും ക്രിയാത്മകവുമായ നിര്‍ദേശങ്ങള്‍ ഉയരുമെന്ന് എനിക്ക് ഉറപ്പുണ്ട്, ഇത് രാജ്യം മുന്നോട്ട് കൊണ്ടുപോകുന്നതിന് വളരെ സഹായകരമാകും. കേന്ദ്രവും സംസ്ഥാനങ്ങളും നമുക്ക് കഴിയുന്നത്ര ശക്തി ഒരേ ദിശയില്‍ നല്‍കട്ടെ, ലോകത്ത് ഇന്ത്യയ്ക്കായി സൃഷ്ടിക്കപ്പെട്ട ഈ അവസരം നാം ഉപേക്ഷിക്കരുത്. ഈ പ്രതീക്ഷയോടെ, ഈ സുപ്രധാന ഉച്ചകോടിയിലേക്കു ഞാന്‍ നിങ്ങളെ വീണ്ടും സ്വാഗതം ചെയ്യുന്നു. നിങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ക്കായി ഞാന്‍ കാത്തിരിക്കുന്നു. വളരെയധികം നന്ദി.
കുറിപ്പ്: പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ ഏകദേശ വിവര്‍ത്തനമാണിത്. അദ്ദേഹം പ്രസംഗിച്ചത് ഹിന്ദിയിലാണ്.
(Release ID: 1699639)
Visitor Counter : 233
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada