ഇലക്ട്രോണിക്സ് & ഐ.ടി മന്ത്രാലയം

ഡിജിലോക്കർ സംവിധാനം വഴി  ഡിജിറ്റൽ ഇൻഷുറൻസ് പോളിസികൾ ലഭ്യമാക്കാൻ  ഇൻഷുറൻസ് കമ്പനികൾക്ക് IRDAI നിർദ്ദേശം  

Posted On: 12 FEB 2021 3:40PM by PIB Thiruvananthpuram



ന്യൂഡൽഹി , ഫെബ്രുവരി


 ഡിജിലോക്കർ സംവിധാനത്തിലൂടെ ഡിജിറ്റൽ ഇൻഷുറൻസ് പോളിസികൾ ലഭ്യമാക്കാൻ ഇൻഷുറൻസ് കമ്പനികൾക്ക്, ഇൻഷുറൻസ് റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ നിർദേശം നൽകി. ഇത് സംബന്ധിച്ച സർക്കുലർ ഐ ആർ ഡി എ ഐ 2021 ഫെബ്രുവരി ഒൻപതിന് പുറത്തിറക്കി. "ഇൻഷുറൻസ് മേഖലയിൽ ഡിജി ലോക്കർ സംവിധാനം ഉപയോഗപ്പെടുത്തുന്നത് പ്രോത്സാഹിപ്പിക്കുന്നതിന്റെ  ഭാഗമായി, എല്ലാ ഇൻഷുറൻസ് കമ്പനികളും തങ്ങളുടെ ഐടി സംവിധാനങ്ങളെ ഡിജിലോക്കർ സൗകര്യവുമായി ബന്ധിപ്പിക്കണമെന്നും ,തങ്ങളുടെ പോളിസി രേഖകൾ സൂക്ഷിക്കുന്നതിനായി  പോളിസി ഉടമകൾക്ക്  ഡിജി ലോക്കർ സംവിധാനം ലഭ്യമാക്കണമെന്നും അതോറിറ്റി നിർദ്ദേശിക്കുന്നതായി " സർക്കുലറിൽ പറയുന്നു.  


റീട്ടെയിൽ പോളിസി ഉടമകൾക്ക്, ഡിജിലോക്കർ എന്തെന്നും, അത് ഉപയോഗിക്കേണ്ട രീതികൾ സംബന്ധിച്ചും  ആവശ്യമായ നിർദ്ദേശങ്ങൾ ഇൻഷുറൻസ്  കമ്പനികൾ ലഭ്യമാക്കണമെന്നും സർക്കുലർ വ്യക്തമാക്കുന്നു . തങ്ങളുടെ പോളിസികൾ ഡിജി ലോക്കറിൽ സുരക്ഷിതമായി  സൂക്ഷിക്കുന്നതിന്  പോളിസി ഉടമകൾക്ക് അവസരമൊരുക്കാനുള്ള നടപടികൾ  കമ്പനികൾ സ്വീകരിക്കണമെന്നും നിർദേശമുണ്ട് ."

 ഇലക്ട്രോണിക്സ് &ഐടി മന്ത്രാലയത്തിന് കീഴിലുള്ള  ദേശീയ ഇ-ഗവേണൻസ് വിഭാഗത്തിന്റെ ഡിജിലോക്കർ സംഘം , ഇത് സംബന്ധിച്ച സാങ്കേതിക മാർഗ്ഗനിർദ്ദേശവും, മറ്റു പിന്തുണകളും ഉറപ്പാക്കുന്നതാണ്.

 ഡിജിറ്റൽ ഇന്ത്യ മുന്നേറ്റത്തിന്റെ  ഭാഗമായി ഇലക്ട്രോണിക്സ് &ഐടി മന്ത്രാലയത്തിന് കീഴിൽ നടപ്പാക്കുന്ന  ദൗത്യമാണ് ഡിജിലോക്കർ.


രാജ്യത്തെ പൗരന്മാർക്ക്  സാധുതയുള്ള  രേഖകളും, അനുമതിപത്രങ്ങളും   ഡിജിറ്റൽ രൂപത്തിൽ, ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ നിന്നു തന്നെ ലഭ്യമാക്കാൻ ഡിജിലോക്കർ വഴിയൊരുക്കുന്നു

 രേഖകളുടെ ശരി പകർപ്പുകളുടെ  ഉപയോഗം കുറയ്ക്കാനും, ഒഴിവാക്കാനും അവസരമൊരുക്കുന്നതിലൂടെ, സേവന വിതരണത്തിലെ കാര്യശേഷി വർധിപ്പിക്കാനും,  നടപടിക്രമങ്ങൾ ജന സൗഹൃദവും  ലളിതവും ആക്കി മാറ്റാനും ഇത് ലക്ഷ്യമിടുന്നു.  


 ഇൻഷുറൻസ് മേഖലയിൽ ഡിജി ലോക്കർ സംവിധാനം നിലവിൽ വരുന്നതോടെ  നടപടി ചിലവുകൾ കുറയ്ക്കാനും, പോളിസി പകർപ്പ്  ശരിയായ സമയത്ത് ലഭിക്കുന്നില്ല എന്ന ഗുണഭോക്താക്കളുടെ പരാതി ഒഴിവാക്കാനും, ഇൻഷുറൻസ് സേവനങ്ങൾ പരമാവധി വേഗത്തിൽ ലഭ്യമാക്കാനും, പരാതികൾ വേഗത്തിൽ പരിഹരിക്കാനും, പരമാവധി തർക്കങ്ങൾ ഒഴിവാക്കാനും, വ്യാജ ഇടപാടുകൾ കുറയ്ക്കാനും, മികച്ച ഉപഭോക്തൃ ബന്ധം ഉറപ്പാക്കാനും സാധിക്കും. ചുരുക്കത്തിൽ ഈ സംവിധാനത്തിലൂടെ ഗുണഭോക്താക്കളുമായി  മികച്ച ബന്ധം വളർത്തിയെടുക്കാൻ കമ്പനികൾക്ക് സാധിക്കും


 പൗരന്മാരുടെ ഡിജിലോക്കർ അക്കൗണ്ടുകളിലേക്ക് ഡിജിറ്റൽ ഇൻഷുറൻസ് പോളിസികൾ ലഭ്യമാക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട്   ഇലക്ട്രോണിക്സ്& ഐ ടി മാനവവിഭവ വികസന  സഹമന്ത്രി ശ്രീ. സഞ്ജയ് ദോത്രെ, ധന കോർപ്പറേറ്റ് കാര്യ സഹമന്ത്രി ശ്രീ. അനുരാഗ് സിംഗ് ഠാക്കൂറിനു കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് IRDAI തീരുമാനം    .

 

IE/SKY

 

 



(Release ID: 1697481) Visitor Counter : 137