പ്രധാനമന്ത്രിയുടെ ഓഫീസ്‌

സ്റ്റാര്‍ട്ട്പ്പ് ഇന്ത്യ ഇന്റര്‍നാഷണല്‍ ഉച്ചകോടിയായ പ്രാരംഭില്‍ പ്രധാന മന്ത്രി നടത്തിയ പ്രസംഗം

Posted On: 16 JAN 2021 8:06PM by PIB Thiruvananthpuram

യുവാക്കളുടെ ഊര്‍ജ്ജവും സ്വപ്‌നവും അത്യഗാധവും  അപാരവുമാണ്. നിങ്ങള്‍ എല്ലാവരും അതിനുള്ള ഉദാഹരണങ്ങളുമാണ്. ഇതുവരെ ഞാന്‍ നിങ്ങളെ ശ്രദ്ധാപൂര്‍വം നിരീക്ഷിക്കുകയും കേള്‍ക്കുകയുമായിരുന്നു. ഈ ആത്മവിശ്വാസം തുടര്‍ന്നും ഇങ്ങനെ നിലനില്‍ക്കണം.നവ സംരംഭങ്ങളുടെ വ്യാപ്തി സങ്കല്‍പ്പിച്ചു നോക്കുക. ഒരാള്‍ സംസാരിക്കുന്നത് ഒരു കാര്‍ബണ്‍ ഫൈബര്‍ ത്രിമാന പ്രിന്റര്‍ സംരംഭത്തെ കുറിച്ചാണ്. മറ്റൊരാള്‍ ഉപഗ്രഹ വിക്ഷേപണ വാഹനത്തെ കുറിച്ചാണ്. ഇലക്ട്രോണിക് ശുചിമുറികള്‍ മുതല്‍ ജൈവരീതിയില്‍ മണ്ണില്‍ അലിഞ്ഞു ചേരുന്ന പിപിഇ കിറ്റുവരെ,അല്ലെങ്കില്‍ പ്രമേഹത്തിനുള്ള ഔഷധം മുതല്‍ ചുടുകട്ട നിരത്തുന്ന യന്ത്രം വരെ, അതുമല്ലെങ്കില്‍ ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കുള്ള ഓഗ്്‌മെന്റഡ് റിയാലിറ്റി സാങ്കേതിക വിദ്യതുടങ്ങിയ  നവസംരംഭങ്ങളെ കുറിച്ചാണ് നിങ്ങള്‍ സംസാരിച്ചത്. ഇതെല്ലാം ചൂണ്ടിക്കാണിക്കുന്നത് ഭാവിയെ മാറ്റാനുള്ള മഹത്തായ ശക്തി നിങ്ങള്‍ക്കുണ്ട് എന്നാണ്.


മുമ്പ് ഒരു യുവാവ് ഏതു നവസംരംഭം ആരംഭിച്ചാലും ആളുകള്‍ പറയും നിനക്ക് എന്തെങ്കിലും ജോലി ചെയ്തു കൂടെ, എന്തിനീ സ്റ്റാര്‍ട്ടപ്പ്. എന്നാല്‍ ഇപ്പോള്‍ ജനങ്ങള്‍ പറയുന്നു. ജോലി കൊള്ളാം, പക്ഷെ എന്തുകൊണ്ട് നിനക്കു സ്വന്തമായി ഒരു സ്റ്റാര്‍ട്ടപ്പ് തുടങ്ങിക്കൂടാ. ഇതാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്ന മാറ്റം. നിലവില്‍ സ്റ്റാര്‍ട്ടപ്പ് തുടങ്ങിയിട്ടുള്ള ചെറുപ്പക്കാരെ കാണുമ്പോഴുള്ള ആദ്യ പ്രതികരണം, ഓ ഇതു നിന്റെ സ്റ്റാര്‍ട്ടപ്പാണോ എന്നായിരിക്കും. ഇതാണ് ബിംസ്‌ടെക് രാജ്യങ്ങളുടെ അതായത് ബംഗ്ലാദേശ്, ഭൂട്ടാന്‍, ഇന്ത്യ, നേപ്പാള്‍, ശ്രീലങ്ക, തായ്‌ലന്‍ഡ് എന്നീ രാജ്യങ്ങളുടെ പ്രബല ശക്തി. ഇതാണ് ആ രാജ്യങ്ങളുടെ വികസനത്തിനുള്ള പ്രചോദനവും.  ഈ നവസംരംഭങ്ങള്‍ ഇന്ത്യയിലായാലും ബിംസ്‌ടെക് രാജ്യങ്ങളിലായാലും ഇതെ ഊര്‍ജ്ജം ദൃശ്യമാണ്. ഈ പരിപാടിയില്‍ എന്നോടൊപ്പം ചേര്‍ന്നിട്ടുള്ള ബിംസ്‌ടെക് രാജ്യങ്ങളിലെ ബഹുമാനപ്പെട്ട മന്ത്രിമാരായ ബംഗ്ലാദേശിലെ ശ്രീ. സുനൈദ് അഹമ്മദ് പാല്‍ക്കജി, ഭൂട്ടാനിലെ ശ്രീ. ലിയോണ്‍പോ ശര്‍മാജി, മ്യാന്‍മറിലെ ശ്രീ. ഉ തൂങ് തുണ്‍ജി, നേപ്പാളിലെ ശ്രീ. ലേഖരാജ് ഭട്ട്ജി, ശ്രീലങ്കയിലെ ശ്രീ.നമല്‍ രാജപക്ഷാജി,  ബിംസ്‌ടെക് സെക്രട്ടറി ജനറല്‍ ശ്രീ.ടെന്‍സിംങ് ലേഖ്‌ഫെല്‍ജി, എന്റെ മന്ത്രിസഭയിലെ സഹപ്രവര്‍ത്തകരായ ശ്രീ. പിയൂഷ് ഗോയല്‍ജി, ശ്രീ. പ്രകാശ് ജാവേദ്ക്കര്‍ജി, ശ്രീ. ഹര്‍ദീപ് പുരിജി, ശ്രീ. സോം പ്രകാശ്ജി, വ്യവസായമേഖലയില്‍ നിന്നുള്ള ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബര്‍ ഓഫ് കോമേഴസ്  ആന്‍ഡ് ഇന്‍ഡസ്ട്രി പ്രസിഡന്റ് ശ്രീ. ഉദയ്ശങ്കര്‍ജി, ശ്രീ.ഉദയ് ഖോട്ടാജി, ശ്രീ.സഞ്ജിവ് മേത്താജി, ഡോ.സംഗീത റെഡ്ഡി, ശ്രീ.ശുഭ്രകാന്ത് പാണ്ഡാജി, ശ്രീ.സന്ദീപ് സോമന്‍ജി, ശ്രീ.ഹര്‍ഷ് മരിവാള്‍ജി, ശ്രീ.സിംഹാനിയാജി, മറ്റെല്ലാ വിശിഷ്ടാതിഥികളെ, നവസംരംഭക ലോകത്തു നിന്നുള്ള എന്റെ യുവ സഹപ്രവര്‍ത്തകരെ,
ഇന്ന് നമുക്ക് എല്ലാവര്‍ക്കും നിരവധി പ്രാരംഭ(തുടക്ക)ങ്ങളുടെ ദിനമാണ്.ഇന്ന് ബിംസ്‌ടെക് രാഷ്ട്രങ്ങളുടെ പ്രഥമ സ്റ്റാര്‍ട്ടപ്പ് കൊണ്‍ക്ലേവ് ഇവിടെ നടക്കുന്നു. ഇന്ന് സ്റ്റാര്‍ട്ടപ്പ് ഇന്ത്യ പ്രസ്ഥാനം അതിന്റെ വിജയകരമായ അഞ്ചു വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്നു.  ചരിത്രപ്രധാനവും അതിവ്യാപകവുമായ കൊറോണ പ്രതിരോധ കുത്തിവയ്പ് യജ്ഞം ഇന്ത്യ ആരംഭിച്ചിരിക്കുന്നതും ഇന്നു തന്നെയാണ്. നമ്മുടെ ശാസ്ത്രജ്ഞരുടെയും യുവാക്കളുടെയും സംരംഭകരുടെയും കഴിവിനും, ഒപ്പം നമ്മുടെ ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട അനേകായിരം വ്യക്തികളുടെയും കഠിനാധ്വാനത്തിനും സേവനത്തിനും  ഈ ദിനം സാക്ഷ്യം വഹിക്കുകയാണ്.  കൊറോണായ്ക്ക് എതിരെ നടത്തിയ  പോരാട്ടം അനുഭവങ്ങളുടെ പിന്‍ബലത്തില്‍  പ്രതിരോധ മരുന്നുകള്‍ വികസിപ്പിക്കുന്നതിലേയ്ക്ക് നമ്മെ എത്തിച്ചിരിക്കുന്നു. ഇന്ന് ബിസ്‌ടെക് രാജ്യങ്ങളില്‍ നിന്നുള്ള യുവാക്കളും സംരംഭകരും ഈ പ്രാരംഭ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ഈ ഉച്ചകോടി അതിപ്രധാനമാണ്. നിങ്ങള്‍ ഈ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി സുപ്രധാനമായ പല ചര്‍ച്ചകള്‍ നടത്തി, നിങ്ങളുടെ നവസംരംഭ വിജയകഥകള്‍ പങ്കുവച്ചു, പരസ്പര സഹകരണത്തിനായി പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു എന്നാണ് എനിക്ക് അറിയാന്‍ സാധിച്ചത്. നവസംരംഭകര്‍ക്ക് നല്കുന്നതിന് ആരംഭിച്ചിരിക്കുന്ന പുരസ്‌കാരങ്ങള്‍ നേടിയിരിക്കുന്ന 12 ജേതാക്കളുടെ പേരുകള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. അവരെ ഞാന്‍ അനുമോദിക്കുന്നു.


സുഹൃത്തുക്കളെ,


ഈ നൂറ്റാണ്ട്  ഡിജിറ്റല്‍ വിപ്ലവത്തിന്റെയും പുതു തലമുറ മാറ്റങ്ങളുടേതുമാണ്. ഏഷ്യയുടെ നൂറ്റാണ്ട് എന്നും ഇതിനെ വിളിക്കുന്നു.അതിനാല്‍ ഭാവി സാങ്കേതിക വിദ്യകള്‍ ഏഷ്യന്‍ പരീക്ഷണശാലകളില്‍ നിന്ന് ഉണ്ടാവേണ്ടതും ഭാവി സംരംഭകര്‍ ഇവിടെ നിന്ന് ജനിക്കേണ്ടതും കാലഘട്ടത്തിന്റെ ആവശ്യമാണ്. അതിനാല്‍  ഒന്നിച്ചു പ്രവര്‍ത്തിക്കാനും, മറ്റുള്ളവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കാനും സാധിക്കുന്ന സഹകരണ മനോഭാവവും വിഭവങ്ങളും ഉള്ള ഏഷ്യന്‍ രാജ്യങ്ങള്‍ ഇതിനായി മുന്നോട്ടു വന്ന് ഈ ഉത്തരവാദിത്വം ഏറ്റെടുക്കണം. അങ്ങിനെ വരുമ്പോള്‍ ഈ ഉത്തരവാദിത്വം സ്വാഭാവികമായും ബിംസ്‌ടെക് രാജ്യങ്ങളില്‍ വന്നു ചേരും.
നമ്മുടെ രാജ്യങ്ങള്‍ പങ്കുവയ്ക്കുന്ന നൂറ്റാണ്ട് പഴക്കമുള്ള ബന്ധങ്ങള്‍ നമ്മുടെ സംസ്‌കാരം, നാഗരികത തുടങ്ങിയ പൈതൃകം നമ്മെ ഒന്നിപ്പിക്കുന്നു. നാം നമ്മുടെ ആശയങങള്‍ പങ്കുവയ്ക്കുന്നു, അതിനാല്‍ ഇതിലും കൂടുതല്‍ ആശയങ്ങള്‍ നമുക്ക് പങ്കു വയ്ക്കാന്‍ സാധിക്കും. നാം പരസ്പരം സന്തോഷങ്ങളും ദുഖങ്ങളും പങ്കു വയ്ക്കുന്നു, നമ്മുടെ വിദയങ്ങളും പരാജയങങളും പങ്കു വയ്ക്കുന്നു.  അതൊടൊപ്പം ലോകത്തിലെ അഞ്ചില്‍ ഒന്നു ജനസംഖ്യയ്ക്കു വേണ്ടി നാം ഒന്നിച്ചു നിന്നു പ്രവര്‍ത്തിക്കുന്നു. നമുക്ക എല്ലാവര്‍ക്കും കൂടി 3.8 ട്രില്യണ്‍ ഡോളറിന്റെ മൊത്ത ആഭ്യന്തര ഉത്പാദന ശക്തിയുണ്ട്. നമ്മുടെ യുവാക്കളുടെ ഊര്‍ജ്ജത്തിലും സ്വന്തം വിധി എഴുതാനുള്ള അവരുടെ അക്ഷമയിലും പുത്തന്‍ സാധ്യതകള്‍ ഞാന്‍ കാണുന്നു.


സുഹൃത്തുക്കളെ,


അതുകൊണ്ടാണ്  സാങ്കേതിക വിദ്യയുടെയും നവീകരണത്തിന്റെയും മേഖലയിലേയ്ക്ക് നാം ഒന്നിച്ചു കടന്നു വരണം എന്ന് 2018 ലെ ബിംസ്‌ടെക് ഉച്ചകോടിയില്‍ ഞാന്‍ പറഞ്ഞത്. ബിംസ്‌ടെക് നവസംരംഭ കൊണ്‍ക്ലേവിനെ കുറിച്ചും ഞാന്‍ സംസാരിച്ചിരുന്നു. ഈ തീരുമാനം യാഥാര്‍ത്ഥ്യമാക്കുന്നതിനാണ്  സ്റ്റാര്‍ട്ടപ്പ് ഇന്ത്യ ഇന്റര്‍നാഷണല്‍ കൊണ്‍ക്ലേവിന്റെ ഈ വേദിയില്‍ ഇന്ന് നാം എല്ലാവരും ഒന്നിച്ചു കൂടിയിരിക്കുന്നത്. പരസ്പര സമ്പര്‍ക്കം വര്‍ധിപ്പിക്കുന്നതിനും വ്യാപാര ബന്ധങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനും എല്ലാ ബിംസ്‌ടെക് രാജ്യങ്ങളും തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്നുണ്ട്. ഡിജിറ്റല്‍ സമ്പര്‍ക്കം വര്‍ധിപ്പിക്കുന്നതിനായി 2018 ലെ മൊബൈല്‍ കോണ്‍ഗ്രസില്‍ എല്ലാ ബിംസ്‌ടെക് മന്ത്രിമാരും പങ്കെടുക്കുകയുണ്ടായി. അതുപോലെ തന്നെ  പ്രതിരോധം, ദുരന്തനിവാരണം, ബഹിരാകാശം, പരിസ്ഥിതി, കൃഷി, വ്യാപാരം തുടങ്ങി വിവിധ മേഖലകളില്‍ നാം ഒന്നിച്ചു പ്രവര്‍ത്തിക്കുന്നു. ഈ രംഗങ്ങള്‍ ശക്തവും ആധുനികവും ആകുമ്പോള്‍ അതിന്റെ പ്രയോജനം നമ്മുടെ നവ സംരംഭങ്ങള്‍ക്കും ലഭിക്കും. ഇത് മൂല്യ സൃഷ്ടി പരിവൃത്തിയാണ്്.  അതായത്   നവസംരംഭകര്‍ക്ക് പുതിയ അവസരങ്ങള്‍ സൃഷ്ടിച്ചുകൊണ്ട്, അടിസ്ഥാന സൗകര്യം, കൃഷി, വ്യാപാരം തുടങ്ങിയ മേഖലകളിലെ നമ്മുടെ ബന്ധങ്ങള്‍ നാം ശക്തിപ്പെടുത്തുന്നു. നമ്മുടെ നവസംരംഭങ്ങള്‍ ശക്തമാകുമ്പോള്‍ എല്ലാ മേഖലകളുടെയും വളര്‍ച്ച വേഗത്തിലാകും.


സുഹൃത്തുക്കളെ,


ഓരോന്നായി നോക്കിയാല്‍ ഇവിടെ  എല്ലാ നവസംരംഭങ്ങളും പരസ്പരം അനുഭവങ്ങള്‍ പങ്കുവയ്ക്കുകയായിരുന്നു. എന്നാല്‍ മാറ്റങ്ങളുടെ ഈ മഹാ യാത്രയില്‍ ഒരോ രാജ്യങ്ങള്‍ക്കും അവരുടെതായ അനുഭവങ്ങള്‍ ഉണ്ടാവും. ഇന്ത്യയുടെ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഇത്തരം അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നതിനായി സ്റ്റാര്‍ട്ടപ്പ് ഇന്ത്യയുടെ പരിണാമം എന്ന ലഘുലേഖ ഇന്ന് ഇവിടെ പ്രകാശനം ചെയ്തിട്ടുണ്ട്. ഓരോ ബിംസ്‌ടെക് രാജ്യവും അവരുടെ അനുഭവങ്ങള്‍ ഇടയ്ക്കിടെ പങ്കുവയ്ക്കുന്നത് ഉചിതമായിരിക്കും എന്നു ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ അനുഭവങ്ങള്‍ പുതിയ കാര്യങ്ങള്‍ പഠിക്കുന്നതിന് ഞങ്ങള്‍ക്കും സഹായകമാകും. ഉദാഹരണത്തിന് ഇന്ത്യയുടെ അഞ്ചു വര്‍ഷത്തെ നവസംരംഭ  യാത്ര നോക്കുക. സ്റ്റാര്‍ട്ടപ്പ് ഇന്ത്യ മിഷന്‍ ആരംഭിച്ചപ്പോള്‍ ഞങ്ങല്‍ക്കു മുന്നിലും ധാരാളം വെല്ലുവിളികള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന്് ലോകത്തിലെ തന്നെ ഏറ്റവും വലിയ നവസംരംഭ ആവാസ വ്യവസ്ഥയില്‍ ഒന്നാണ് ഇന്ത്യ.  ഇന്ന് ഈ രാജ്യത്ത് 41,000 ത്തിലേറെ നവസംരംഭങ്ങള്‍ വിവധ ദൗത്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. ഇതില്‍ തന്നെ 57,00 സംരംഭങ്ങള്‍ വിവര സാങ്കേതിക മേഖലയിലാണ്. 3600 സംരംഭങ്ങള്‍ ആരോഗ്യ മേഖലയിലും 1700 കാര്‍ഷിക മേഖലയിലുമാണ്.


സുഹൃത്തുക്കളെ,


ഇന്ന് ഈ നവസംരംഭങ്ങള്‍ വ്യവസായങ്ങളുടെ ജനസംഖ്യാപരമായും മാറ്റങ്ങള്‍ വരുത്തിക്കൊണ്ടിരിക്കുകയാണ്.  ഇന്ന് രാജ്യത്തെ 44 ശതമാനം അംഗീകൃത നവസംരംഭങ്ങള്‍ക്കും വനിത ഡയറക്ടര്‍മാരുണ്ട്. അനേകം വനിതാ ജീവനക്കാരും  ഇവര്‍ക്കൊപ്പം  ജോലി ചെയ്യുന്നു. ഇന്ന് സാധാരണ സാമ്പത്തിക പശ്ചാത്തലത്തില്‍ നിന്നു വരുന്ന യുവാക്കള്‍ക്കും അവരുടെ കഴിവുകളും ചിന്തകളും  തിരിച്ചറിയാന്‍ സാധിക്കുന്നു. ഇതിന്റെ ഫലങ്ങളും നമ്മുടെ മുന്നില്‍ ഉണ്ട്. 2014 ല്‍ യുണികോണ്‍ ക്ലബില്‍ അംഗങ്ങളായി ഇന്ത്യയില്‍ ആകെ നാല് സ്റ്റാര്‍ട്ടപ്പുകളാണ് ഉണ്ടായിരുന്നത്. ഇന്നാകട്ടെ 30 സ്റ്റാര്‍ട്ടപ്പുകള്‍ ഒരു ബില്യണ്‍ പരിധി മറികടന്നവയാണ്. ഞങ്ങളുടെ 11 നവസംരംഭങ്ങള്‍ 2020 ല്‍ യുണികോണ്‍ ക്ലബില്‍ ചേര്‍ന്നു എന്നറിയുമ്പോള്‍ നിങ്ങള്‍ അത്ഭുതപ്പെട്ടേക്കാം. അതും, ക്ലേശകലുഷിതമായ കൊറോണ കാലത്ത്.


സുഹൃത്തുക്കളെ,


ഈ മഹാമാരിയുടെ ദുര്‍ഘട സന്ധിയില്‍ തന്നെയാണ് ഇന്ത്യ ആത്മ നിര്‍ഭര ഭാരത് പ്രചാരണ പരിപാടി തുടങ്ങിയതും. ഇന്ന് ഇതില്‍ നമ്മുടെ സ്റ്റാര്‍ട്ടപ്പുകളും വലിയ പങ്കാണ് വഹിക്കുന്നത്്. ലോകത്തിലെ വന്‍ കമ്പനികള്‍ പോലും നിലനില്‍പ്പിനായി പാടുപെടുമ്പോള്‍ മഹാമാരി കാലത്ത് നവസംരംഭങ്ങളുടെ പുത്തന്‍ സൈന്യം  ഇന്ത്യയില്‍ തയാറെടുക്കുകയായിരുന്നു. രാജ്യത്തിന് സാനിറ്റൈസറുകള്‍ ആവശ്യമായിരുന്നു, പിപിഇ കിറ്റുകള്‍ ആവശ്യമായിരുന്നു, വിതരണ ശൃംഖലകള്‍ വേണമായിരുന്നു,  ഇതിലെല്ലാം ഞങ്ങളുടെ നവസംരംഭങ്ങള്‍ വലിയ പങ്കു വഹിച്ചു. പ്രാദേശിക ആവശ്യങ്ങള്‍ക്കായി പ്രാദേശികതലത്തില്‍ സ്റ്റാര്‍ട്ടപ്പുകള്‍ ഉയര്‍ന്നു വന്നു. ഗുണഭോക്താക്കള്‍ക്ക് അടുക്കള സാധനങ്ങള്‍ ലഭ്യമാക്കുന്നതിന് ഒരു സംരംഭം പ്രവര്‍ത്തിച്ചപ്പോള്‍, മറ്റൊന്ന് മരുന്നുകള്‍ വീട്ടുപടിക്കല്‍ എത്തിച്ചു. മുന്‍നിര പ്രവര്‍ത്തകര്‍ക്ക് ഗതാഗത സെവിധാനം ഒരുക്കുന്നതിനായി ഒരു സ്റ്റാര്‍ട്ടപ്പ്  മുന്നോട്ടു വന്നപ്പോള്‍ മറ്റൊന്ന് ഓണ്‍ പഠന സാമഗ്രികള്‍ കുട്ടികള്‍ക്കു വിതരണം ചെയ്തു.അതായത് പ്രതികൂലസാഹചര്യങ്ങളില്‍ പോലും അവസരങ്ങള്‍ കണ്ടെത്താനും ദുരവസ്ഥയിലും വിശ്വാസം ശക്തിപ്പെടുത്താനും  സ്റ്റാര്‍ട്ടപ്പുകള്‍ക്കു സാധിച്ചു.


സുഹൃത്തുക്കളെ,


ഇന്ന് നവസംരംഭകരുടെ ഈ വിജയ കഥകള്‍ നഗരങ്ങളില്‍ മാത്രമായി ഒതുങ്ങുന്നില്ല.  ഇന്ന് ഇവിടെ പുരസ്‌കാര ജേതാക്കളായി തെരഞ്ഞെടുക്കപ്പെട്ടവരില്‍ എട്ടു പേര്‍ മെട്രോ നഗരങ്ങളില്‍ നിന്നല്ല, മറിച്ച് ഉള്‍നാടന്‍ പട്ടണങ്ങളില്‍ നിന്നുള്ളവരാണ്. ആരോ ലക്‌നോവില്‍ നിന്നുണ്ട്. കൂടാതെ ഭോപ്പാല്‍, സോണിപെട്ട്, കൊച്ചി, തിരുവന്തപുരം എന്നിവിടങ്ങളില്‍ നിന്നൊക്കെ.  കാരണം ഇന്ന് ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും സ്റ്റാര്‍ട്ടപ്പ് ഇന്ത്യ മിഷനില്‍ പങ്കാളികളാണ്. ഓരോ സംസ്ഥാനങ്ങളും അവരുടെ പ്രാദേശിക വളര്‍ച്ചക്കനുസൃതമായി നവസംരംഭരെ പിന്തുണയ്ക്കുകയും വളര്‍ത്തുകയുമാണ്. തല്‍ഫലമായി ഇന്ത്യയില 80 ശതമാനം ജില്ലകളും നവസംരംഭ മുന്നേറ്റത്തില്‍  ചേര്‍ന്നിരിക്കുന്നു. രാജ്യത്തെ രണ്ടും മൂന്നും നിരകളില്‍ പെട്ട നഗരങ്ങളില്‍ നിന്നാണ് പ്രാദേശിക ഉത്പ്പന്നങ്ങളുടെ ബ്രാന്‍ഡ് അംബാസിഡര്‍മാരായ 45 ശതമാനം നവസംരംഭങ്ങളും ഉയര്‍ന്നു വന്നിരിക്കുന്നത്.


സുഹൃത്തുക്കളെ,


ഇന്ന് ജനങ്ങളുടെ ഭക്ഷ്യ  ശീലങ്ങളെ സംബന്ധിക്കുന്ന ബോധ്യങ്ങള്‍ ആരോഗ്യകരമായി മാറ്റങ്ങള്‍ക്കു വിധേയമായിരിക്കുന്നു. ഇത് നവസംരംഭങ്ങള്‍ക്കു പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തിരിക്കുന്നു. ഇന്ന്് ഒരു നിത്യഹരിത മേഖല ഉണ്ടെങ്കില്‍ അത് ഭക്ഷ്യ കാര്‍ഷിക രംഗമാണ്. ഇന്ത്യയില്‍ ഈ മേഖലയുടെ വളര്‍ച്ചയ്ക്ക് പ്രത്യേക ഊന്നലാണ് നല്കിയിരിക്കുന്നത്. കാര്‍ഷികാനുബന്ധ അടിസ്ഥാന സൗകര്യങ്ങളുടെ നവീകരണത്തിന് രാജ്യം ഒരു ലക്ഷം കോടി രൂപയുടെ അഗ്രി ഇന്‍ഫ്രാ ഫണ്ട് നീക്കി വച്ചിരിക്കുന്നു. ഇത് നവസംരംകര്‍ക്ക് പുതിയ വഴികള്‍ തുറന്നിരിക്കുന്നു.ഇന്ന് നവസംരംങ്ങള്‍ കൃഷിക്കാരുമായി യോജിച്ചാണ് പ്രവര്‍ത്തിക്കുന്നത്. കൃഷിക്കാരുടെ ഉത്പ്പന്നങ്ങളെ മികച്ച ഗുണനിലവാരമുള്ള ഭക്ഷണസാധനങ്ങളാക്കി ഉപഭോക്താക്കളില്‍ എത്തിക്കുന്നതിന് സംരംഭകര്‍  അവരുടെതായ പങ്കു വഹിക്കുന്നു.


സുഹൃത്തുക്കളെ


നമ്മുടെ സ്റ്റാര്‍ട്ടപ്പുകളുടെ അനന്യ വില്‍പന ആശയം അതിനുണ്ടാകുന്ന തടസവും വൈവിധ്യവത്ക്കരണത്തിനുള്ള ശേഷിയുമാണ്. സ്റ്റാര്‍ട്ടപ്പുകള്‍  ഇന്ന്്് പുതിയ സമീപനങ്ങളും പുതിയ സാങ്കേതിക വിദ്യയും പുതിയ രീതികളും സാവീകരിക്കുന്നതിനാലാണ് അത് എല്ലാത്തിനേയും തടസപ്പെടുത്തുന്നതാകുന്നത്.  എല്ലാവരും നടന്നു തെളിഞ്ഞ വഴിയെ തന്നെ പോകാതെ നമ്മുടെ നവസംരംഭങ്ങള്‍ പുതിയ ആശയങ്ങള്‍ പിന്തുരുന്നു, മാര്‍ഗ്ഗങ്ങള്‍ തേടുന്നു. രണ്ടാമത്തെത് വൈവിധ്യവത്ക്കരണമാണ്.  നിങ്ങള്‍ നോക്കുക എത്രമാത്രം നവസംരംഭങ്ങളാണ് ഇന്ന് ഉയര്‍ന്നു വരുന്നത്. പക്ഷെ, എല്ലാം വ്യത്യസ്തമായ ആശങ്ങളുമായിട്ടാണ്. ഈ സംരംഭങ്ങള്‍ എല്ലാ മേഖലയെയും സമൂലം മാറ്റുന്നു. ഇന്ന് നമ്മുടെ നവസംരംഭങ്ങളുടെ ആഴവും പരപ്പും അഭൂതപൂര്‍വമാണ്. പ്രായോഗിക ബുദ്ധിയെക്കാള്‍ ഉപരി അഭിനിവേശമാണ് ഈ നവസംരംഭങ്ങളെ നയിക്കുന്നത്. ഏതെങ്കിലും രംഗത്ത് പുതിയ വെല്ലുവിളികള്‍ ഉയരുമ്പോള്‍ ഈരെങ്കിലും ഒരു സ്റ്റാര്‍ട്ടപ്പുമായി വരും, അതിനെ നേരിടും. ഇതെ നവസംരംഭ ചൈതന്യമാണ് ഇന്ന് ഇന്ത്യയിലും പ്രവര്‍ത്തിക്കുന്നത്. മുമ്പ് ഒരു പുതിയ സാഹചര്യം സംജാതമാകുകയോ, പുതിയ ജോലി ചെയ്യാന്‍ ആരോടെങ്കിലും ആവശ്യപ്പെടുകയോ ചെയ്താല്‍  ആരു ചെയ്യും എന്നതായിരുന്നു പ്രശ്‌നം. എന്നാല്‍ ഇന്ന്, അത് ഡിജിറ്റല്‍ പണമിടപാട് ആകട്ടെ, സൗരോര്‍ജ്ജ നിര്‍മ്മിതികള്‍ ആകട്ടെ, അല്ലെങ്കില്‍ നിര്‍മ്മിത ബുദ്ധിയയുടെ മേഖലയാകട്ടെ  ആര് അത് ചെയ്യും എന്ന് ചോദിക്കുന്ന പ്രശ്‌നമേയില്ല, രാജ്യം സ്വയം പറയും നമ്മള്‍ ചെയ്യും എന്ന്. രാജ്യം തീരുമാനിച്ചു, നാം ചെയ്യും. അതിന്റെ ഫലങ്ങള്‍ ഇന്ന് നമുക്കു മുന്നില്‍ ഉണ്ട്. ഇന്ന് ഭാരത് ഇന്റര്‍ഫേസ് ഫോര്‍ മണി യൂണിഫൈഡ് പേമെന്റ് ഇന്റര്‍ഫേസ്.  . യൂണിഫൈഡ് പേമെന്റ് ഇന്റര്‍ഫേസ് വഴി 2020 ഡിസംബര്‍ നാലിനു മാത്രം 4 കോടിയുടെ പണം കൈമാറ്റമാണ് രാജ്യത്തു നടന്നത്. ഇതുപോലെ സൗരോര്‍ജ്ജ മേഖലകളിലും ഇന്ത്യ മുേറുകയാണ്. അടുത്ത കാലത്തു നടന്ന പഠനം അനുസരിച്ച്, ഇന്ത്യയില്‍ നിര്‍മ്മിത ബുദ്ധിയുടെ ഉപയോഗം മറ്റ് വികസിത രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ അതിവേഗത്തിലാണ് വര്‍ധിക്കുന്നത്.


സുഹൃത്തുക്കളെ,


ഏതു മേഖലയിലായാലും പ്രതിബന്ധങ്ങളെ തകര്‍ത്ത് നവസംരംഭങ്ങള്‍ പ്രശ്‌ന പരിഹാരം ലഭ്യമാക്കുമ്പോള്‍,ഇന്ന ഇന്ത്യ എല്ലാ രാംഗങ്ങളിലും പഴയ പ്രതിബന്ധങ്ങള്‍ തകര്‍ക്കുകയാണ്. ഇന്ന് രാജ്യത്തെ പാവപ്പെട്ടവര്‍, കൃഷിക്കാര്‍, വിദ്യാര്‍ത്ഥികള്‍ എല്ലാവര്‍ക്കും നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം വഴി സാമ്പത്തിക സഹായങ്ങള്‍ ലഭിക്കുന്നു. അത് സാധാരണക്കാരുടെ പ്രയാസങ്ങള്‍ പരിഹരിക്കുന്നു. രാജ്യത്തെ രണ്ടു ലക്ഷം കോടി രൂപയുടെ ചോര്‍ച്ച തടഞ്ഞു. പൊതു ജനങ്ങള്‍ക്ക് ഗവണ്‍മെന്റും ബാങ്കും ആയി ബന്ധപ്പെട്ട  സേവനങ്ങള്‍ ഡിജിറ്റല്‍ ഇന്ത്യ പദ്ധതി വഴി  മൊബൈല്‍ ഫോണിലൂടെ ലഭ്യമാക്കുന്നു.നമ്മുടെ നവസംരംഭങ്ങളാണ് രാജ്യത്തെ ഈ മാറ്റങ്ങള്‍ നമ്മെ അനുഭവിപ്പിച്ചത്.


വലിയ കമ്പനികള്‍ക്കു നല്കുന്ന അതെ അവസരങ്ങളാണ് ഇന്ന് രാജ്യത്ത് ജെം (ഗവണ്‍മെന്റ് ഇ മാര്‍ക്കറ്റ്) പോര്‍ട്ടല്‍ വഴി എതു നവസംരംഭത്തിനും ലഭിക്കുന്നത്.  ഇതുവരെ 8000 നവ സംരംഭങ്ങള്‍ക്ക്  ജെം പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. ഏകദേശം 2300 കോടി രൂപയുടെ ബിസിനസാണ് അവര്‍ പൂര്‍ത്തിയാക്കിയത്. ജെം പോര്‍ട്ടല്‍ വഴിയുള്ള മൊത്തം വ്യാപാരം ഇന്ന്്് 80000 കോടി കവിഞ്ഞി.നവസംരംഭങ്ങളുടെ വിഹിതം ഭാവിയില്‍ ഇനിയും വര്‍ധിക്കുകയേയുള്ളു. ഈ പണം നമ്മുടെ നവസംരംഭങ്ങളില്‍ എത്തിയാല്‍ നമ്മുടെ പ്രാദേശിക ഉത്പാദനവും വര്‍ധിക്കും. ആയിരക്കണക്കിനു യുവാക്കള്‍ക്കു തൊഴില്‍ ലഭിക്കും. അപ്പോള്‍ നവസംരംഭങ്ങള്‍ ഗവേഷണത്തിലും നവീകരണത്തിലും കൂടുതല്‍ നിക്ഷേപം നടത്തും.


സുഹൃത്തുക്കളെ,


നവസംരംഭങ്ങളുടെ  മൂലധനം നഷ്ടപ്പെടാതിരിക്കുന്നതിന് രാജ്യം വിവിധ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.  ഇതിന്റെ ഭാഗമായി ഇന്ന് ഈ പരിപാടിയില്‍ ഞാന്‍  സുപ്രധാനമായ പ്രഖ്യാപനം കൂടി നടത്തുന്നു. നവസംരംഭങ്ങള്‍ക്ക് തുടക്കത്തിലുള്ള മൂലധനം ലഭ്യമാക്കുന്നതിന് രാജ്യം 1000 കോടി രൂപയുടെ സ്റ്റാര്‍ട്ടപ്പ് ഇന്ത്യ സീഡ് ഫണ്ട് ആരംഭിക്കും. പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങുന്നതിന് ഇത് സഹായകമാകും. ഫണ്ടു പദ്ധതി വഴിയും ജാമ്യക്കാര്‍ വഴി മൂലധനം കടമായി സമാഹരിക്കുന്നതിനും ഗവണ്‍മെന്റ് സഹായിക്കും.


സുഹൃത്തുക്കളെ,


യുവാക്കളുടെ, യുവാക്കള്‍ വഴി, യുവാക്കള്‍ക്കായി നവസംരംഭ ാവാസ വ്യവസ്ഥ സൃഷ്ടിക്കുന്നതിന് ഇന്ത്യ ശ്രമിക്കുന്നതാണ്. സ്റ്റാര്‍ട്ടപ്പ് ഇന്ത്യ പരിപാടിയിലൂടെ കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് നമ്മുടെ യുവാക്കള്‍ ഇതിന് ശക്തമായ അടിസ്ഥാനം ഇട്ടുകഴിഞ്ഞു. ഇനി നാം അടുത്ത അഞ്ചു വര്‍ഷത്തെ ലക്ഷ്യം ഉറപ്പിക്കുകയാണ്. ലക്ഷ്യം ഇതാണ്, നമ്മുടെ നവസംരംഭങ്ങളും യുണികോണുകളും ആഗോള പ്രതിഭകളായി ഉയരണം, ഭാവി സാങ്കേതിക വിദ്യകളെ അവര്‍ നയിക്കണം. എല്ലാ ബിംസ്‌ടെക് അംഗ രാജ്യങ്ങളുടെയും പൊതു തീരുമാനമായി ഈ പ്രതിജ്ഞ മാറിയാല്‍ ഒരു വലിയ ജനസംഖ്യ ഇതിന്റെ ആനുകൂല്യങ്ങള്‍ അനുഭവിക്കും. ഈ രാജ്യങ്ങളിലെ ജനങ്ങളുടെ എല്ലാം ജീവിതം മെച്ചപ്പെടും. ബിംസ്‌ടെക് പങ്കാളിത്ത രാജ്യങ്ങളിലെ സ്റ്റാര്‍ട്ടപ്പുകളുടെ വിജയ കഥകള്‍ കേള്‍ക്കുകയും കാണുകയും ചെയ്യുമ്പോള്‍  എനിക്ക് ഉറപ്പുണ്ട് ഈ മേഖലയിലെമ്പാടുമുള്ള  സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നാം  പുതിയ സ്വത്വം ഉറപ്പാക്കും, ഈ പുതിയ പതിറ്റാണ്ടില്‍ തന്നെ ബിംസ്‌ടെക് രാജ്യങ്ങളിലെ നവസംരംഭങ്ങളുടെ ശക്തി ലോകത്തെ ബോധ്യപ്പെടുത്തുകയും ചെയ്യും.


ഈ ശുഭാശംസകളോടെ, നിങ്ങള്‍ക്ക് എല്ലാവര്‍ക്കും നന്ദി


നിങ്ങള്‍ക്കു നന്മ നേരുന്നു.


(Release ID: 1689589) Visitor Counter : 144