പ്രധാനമന്ത്രിയുടെ ഓഫീസ്‌

കൊച്ചി - മംഗളൂരു പ്രകൃതി വാതക പൈപ്പ് ലൈന്‍ രാഷ്ട്രത്തിനു സമര്‍പ്പിച്ചുകൊണ്ട് പ്രധാന മന്ത്രി നടത്തിയ പ്രസംഗം

Posted On: 05 JAN 2021 2:45PM by PIB Thiruvananthpuram

നമസ്‌കാരം

കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ജി, കര്‍ണാടക ഗവര്‍ണര്‍ വാജുഭായി വലാ ജി, കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ജി, കര്‍ണാടക മുഖ്യ മന്ത്രി ശ്രീ ബിഎസ് യദ്യൂരപ്പജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകരായ ശ്രീ ധര്‍മേന്ദ്ര പ്രധാന്‍ ജി, പ്രഹല്‍ദ് ജോഷി ജി, വി മുരളീധരന്‍ജി, എംപിമാരെ, എം എല്‍ എ മാരെ, സഹോദരി സഹോദരന്മാരെ,

നിര്‍മ്മാണം പൂര്‍ത്തിയായ 450 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കൊച്ചി - മംഗളൂരു പ്രകൃതി വാതക പൈപ്പ് ലൈന്‍ രാജ്യത്തിനു സമര്‍പ്പിക്കുക എന്നെ സംബന്ധിച്ചിടത്തോളും വലിയ ബഹുമതിയാണ്. ഇന്ന് ഇന്ത്യയെ സംബന്ധിച്ചിടത്തോളം സുപ്രധാനമായ ദിനമാണ്. പ്രത്യേകിച്ച് കേരളത്തിലെയും കര്‍ണാടകത്തിലെയും ജനങ്ങള്‍ക്ക്.  ഇന്നു മുതല്‍ ഈ രണ്ടു സംസ്ഥാനങ്ങള്‍ പ്രകൃതി വാതക പൈപ്പ് ലൈനാല്‍ ബന്ധിതമാണ്. ഇരു സംസ്ഥാനങ്ങളിലെയും ജനങ്ങളെ ഞാന്‍ അഭിനന്ദിക്കുന്നു. ശുദ്ധമായ ഊര്‍ജ്ജത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിന് നടപടികള്‍ സ്വീകരിച്ച ഇതിന്റെ എല്ലാ ഗുണഭോക്താക്കള്‍ക്കും ഇത്തരുണത്തില്‍ എന്റെ അഭിനന്ദനങ്ങള്‍. രണ്ടു സംസ്ഥാനങ്ങളുടെയും സാമ്പത്തിക വളര്‍ച്ചയില്‍ പൈപ്പ് ലൈന്‍ വളരെ നിര്‍ണായക സ്വാധീനം ചെലുത്തും.

സ്നേഹിതരെ,
വികസനത്തിനു മുന്‍ഗണന നല്കി കൊണ്ട് യോജിച്ചു പ്രവര്‍ത്തിച്ചാല്‍ ഒരു ലക്ഷ്യവും അസാധ്യമല്ല എന്ന വസ്്തുതയ്ക്ക് മഹത്തായ ഉദാഹരണമാണ് കൊച്ചി - മംഗലാപുരം വാതക പൈപ്പ് ലൈന്‍. എന്‍ജിനിയറിംങ് പ്രകാരം ഇതു പൂര്‍ത്തിയാക്കുക എത്രത്തോളം ശ്രമകരമായിരുന്നു എന്ന് ഈ പദ്ധതിയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചവര്‍ക്ക് അറിയാം. പദ്ധതി മുന്നോട്ടു നീങ്ങവെ വേറെയും നിരവധി പ്രതിസന്ധികള്‍ ഉണ്ടായി. എന്നിട്ടും പൈപ്പ് ലൈന്‍ പൂര്‍ത്തിയായത് തൊഴിലാളികള്‍, എന്‍ജിനിയര്‍മാര്‍, കൃഷിക്കാര്‍, പിന്നെ രണ്ടു സംസ്ഥാനങ്ങളുടെയും ഗവണ്‍മെന്റുകള്‍ എന്നിവരുടെ സഹകരണം കൊണ്ടു മാത്രമാണ്. ഇപ്പോള്‍ ഇത് വെറുമൊരു പൈപ്പ് ലൈന്‍ മാത്രമായിരിക്കാം. എന്നാല്‍ ഇരു സംസ്ഥാനങ്ങളുടെയും വികസനത്തില്‍ ബൃഹത്തായ പങ്കു വഹിക്കാന്‍ പോവുകയാണ് ഇത്.

ആദ്യം ഈ പൈപ്പ് ലൈന്‍ ഇരു സംസ്ഥാനങ്ങളിലെയും കോടിക്കണക്കിനു ജനങ്ങളുടെ സുഗമമായ ജീവിതം കൂടുതല്‍ മെച്ചപ്പെടുത്തും. രണ്ടാമതായി ഈ പൈപ്പ് ലൈന്‍ ഇരു സംസ്ഥാനങ്ങളിലെയും പാവപ്പെട്ടവരുടെയും ഇടത്തരക്കാരുടെയും സംരംഭകരുടെയും ജീവിത ചെലവു ലഘൂകരിക്കും. മൂന്നാമതായി ഈ പൈപ്പ് ലൈന്‍ നിരവധി നഗരങ്ങളിലെ പാചക വാതക വിതരണ സംവിധാനത്തിനുള്ള ഉപകരണമായും മാറും.നാലാമതായി നിരവധി നഗരങ്ങളില്‍ സിഎന്‍ജി അടിസ്ഥാനമാക്കിയുള്ള ഗതാഗത സംവിധാനത്തിന്റെ വികസനത്തിന് ഈ പൈപ്പ് ലൈന്‍ അടിത്തറ പാകും. അഞ്ചാമതായി ഈ പൈപ്പ് ലൈന്‍ മാംഗളൂരില്‍ പ്രവര്‍ത്തിക്കുന്ന കെമിക്കല്‍സ് ആന്‍ഡ് ഫെര്‍ട്ടിലൈസര്‍ പ്ലാന്റിന് ആവശ്യമായ ഊര്‍ജ്ജം വിതരണം ചെയ്യുകയും കുറഞ്ഞ ചെലവില്‍ വളം ഉത്പാദിപ്പിക്കുന്നതിനു സഹിയിക്കുകയും ചെയ്യും. അതു കൃഷിക്കാര്‍ക്കും വലിയ സഹായമാകും. ആറാമതായി ഈ പൈപ്പ്് ലൈന്‍ മാംഗളൂര്‍ റിഫൈനറിക്കും പെട്രോക്കെമിക്കല്‍ ഫാക്ടറിക്കും ശുദ്ധമായ ഇന്ധനം നല്കും. ഏഴാമതായി, ഇരു സംസ്ഥാനങ്ങളിലെയും അന്തരീക്ഷ മലിനീകരണം ലഘൂകരിക്കുന്നതില്‍ ഈ പൈപ്പ് ലൈന്‍ പ്രധാന പങ്കു വഹിക്കും. എട്ടാമതായി അന്തരീക്ഷ മലിനീകരണ ലഘൂകരണത്തിന് പരിസ്ഥിതിയില്‍  നേരിട്ട് വലിയ സ്വാധീനമുണ്ട്. ലക്ഷക്കണക്കിനു വൃക്ഷങ്ങള്‍ നട്ടു പിടിപ്പിച്ചു കൊണ്ട് ഇതിലൂടെ കാര്‍ബണ്‍ ഡയോക്‌സൈഡിന്റെ ബഹിര്‍ഗമനത്തെ കുറയ്ക്കുന്നതിനു സാധിക്കും.

സുഹൃത്തുക്കളെ,
ഒന്‍പതാമത്തെ പ്രയോജനം മെച്ചപ്പെട്ട പരിസ്ഥിതി ജനങ്ങളുടെ ആരോഗ്യം അഭിവൃദ്ധിപ്പെടുത്തുകയും അതുവഴി ചികിത്സാ ചെലവു കുറയ്ക്കുകയും ചെയ്യും എന്നതാണ്. പത്താമതായി പരിസരമലിനീകരണം കുറയുമ്പോള്‍ വായു ശുദ്ധമാകും, നഗരങ്ങളില്‍ പ്രകൃതി വാതക അടിസ്ഥാനത്തിലുള്ള ഗതാഗത സംവിധാനമാകും, കൂടുതല്‍ വിനോദ സഞ്ചാരികള്‍ വരും, വിനോദ സഞ്ചാര മേഖലയ്ക്കും അതു പ്രയോജനപ്പെടും. കൂടാതെ സുഹൃത്തുക്കളെ, ഈ പൈപ്പ് ലൈന്‍ കൊണ്ട് നാം ചര്‍ച്ച ചെയ്യേണ്ട രണ്ടു പ്രധാന പ്രയോജനങ്ങള്‍ കൂടിയുണ്ട്. ഈ പൈപ്പ് ലൈനിന്റെ നിര്‍മ്മാണ വേളയില്‍ 1.2 മില്യണ്‍ തൊഴില്‍ ദിനങ്ങള്‍ ഉണ്ടായി. ഇത് കമ്മിഷന്‍ ചെയ്യുന്നതോടെ തൊഴിലിന്റെയും സ്വയം തൊഴിലിന്റെയും ഒരു പുതിയ ആവാസ വ്യവസ്ഥ അതിവേഗത്തില്‍ കേരളത്തിലും കര്‍ണാടകത്തിലും വികസിച്ചു വരും. എല്ലാ വ്യവസായങ്ങളും അത് വളമാകട്ടെ, പെട്രോളിയമാകട്ടെ, അല്ലെങ്കില്‍ ഊര്‍ജ്ജമാകട്ടെ ഇതില്‍ നിന്നുള്ള  പ്രയോജനങ്ങള്‍ ഉപകാരപ്പെടുത്തുകയും, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും.

സുഹൃത്തുക്കളെ,
ഈ പൈപ്പ് ലൈന്‍ വഴി രാജ്യത്തിനാകമാനം വലിയ മറ്റൊരു പ്രയോജനം കൂടി ലഭിക്കും. പൂര്‍ണശേഷിയില്‍ പൈപ്പ് ലൈന്‍ പ്രവര്‍ത്തിച്ചു തുടങ്ങുന്നതോടെ,  ആയിരക്കണക്കിനു കോടിയുടെ വിദേശനാണ്യം മിച്ചം വയ്ക്കാന്‍ രാജ്യത്തിനാവും. ഈ പരിശ്രമം ഇന്ത്യയുടെ ഗൗരവ കര്‍മ്മപദ്ധതിയായ കണ്‍ട്രി ഓപ്പറേഷണല്‍ പ്ലാന്‍ 21 (സിഒപി-21) ലക്ഷ്യ പ്രാപ്തിക്കു സഹായകമാവുകയും ചെയ്യും.

സുഹൃത്തുക്കളെ,
21-ാം നൂറ്റാണ്ടില്‍  ഗതാഗതത്തിനും ശുദ്ധ ഊര്‍ജ്ജത്തിനും കൂടുതല്‍ ഊന്നതല്‍ കൊടുക്കുന്ന രാജ്യങ്ങള്‍ പുതിയ ഉയരങ്ങളില്‍ എത്തും എന്നാണ് ലോകമെമ്പാടുമുള്ള വിദഗ്ധര്‍ പറയുന്നത്. ഇന്നു നിങ്ങള്‍ ഏതു പ്രവര്‍ത്തന മുഖമാണോ കാണുന്നത്, രാജപാത, റെയില്‍വെ, മെട്രോ, വ്യോമ പാത, ജലപാത, ഡിജിറ്റല്‍ സമ്പര്‍ക്കം, വാതക സമ്പര്‍ക്കം ഏതുമാകട്ടെ ഇന്ന് ഇന്ത്യയില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഒരിടത്തും ഒരിക്കലും ഇതിനു മുമ്പ് സംഭവിച്ചിട്ടില്ല. നമ്മുടെ കണ്ണുകള്‍ കൊണ്ട്  അതിനു സാക്ഷ്യം വഹിക്കുന്നതില്‍ ഇന്ത്യക്കാരന്‍ എന്ന നിലയ്ക്ക് നമ്മുക്കെല്ലാം അഭിമാനിക്കാം, ഈ പുതിയ വികസന മുന്നറ്റത്തില്‍ നാമെല്ലാം പങ്കാളികളുമാണ്.

സഹോദരി സഹോദരന്മാരെ,
കഴിഞ്ഞ നൂറ്റാണ്ടില്‍ ഇന്ത്യയുടെ പുരോഗതിയുടെ വേഗത്തിന് അതിന്റെതായ കാരണങ്ങള്‍ ഉണ്ടായിരുന്നു. അതിന്റെ വിശദാംശങ്ങളിലേയ്ക്കു കടക്കുന്നതിന് ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ ഒരു കാര്യം ഉറപ്പുണ്ട്്,  ലോകത്തെ തങ്ങളുടെ നിഴലിലാക്കാന്‍ ആഗ്രഹിക്കുന്ന യുവ ഇന്ത്യയ്ക്ക് , അസഹിഷ്ണുവായ ഇന്ത്യ ഒരിക്കലും സാവകാശത്തില്‍ മുന്നോട്ടു പോകാന്‍ സാധിക്കില്ല. അതിനാല്‍ വര്‍ഷങ്ങളായി രാഷ്ട്രം വേഗതയും മാനദണ്ഡവും അതുപോലെ വ്യാപ്തിയും വര്‍ദ്ധിപ്പിച്ചിരിക്കുന്നു.
സുഹൃത്തുക്കളെ,
ഇന്ത്യയിലെ പുതു തലമുറയെ സംബന്ധിക്കുന്ന ഏറ്റവും നല്ല കാര്യം അവര്‍ വസ്തുതകളുടെ അടിസ്ഥാനത്തില്‍ വസ്തുതകളെ വിലയിരുത്തുന്നു എന്നതാണ്. കൂടാതെ ജയ പരാജയങ്ങളെ ആപേക്ഷികമായി വിലയിരുത്തുകയും ചെയ്യുന്നു. ഓരോ കാര്യങ്ങളെയും വസ്തുതകളുടെയും യുക്തിയുടെയും അടിസ്ഥാനത്തില്‍ അവര്‍ സ്വീകരിക്കുന്നു. ഇന്ത്യയുടെ വരാന്ഡ പോകുന്ന വാതകാധിഷ്ഠിത സമ്പദ് വ്യവസ്ഥയ്ക്കായി നിരവധി വാദങ്ങളും വസ്തുതകളും വളരെ പ്രധാനപ്പെട്ടവയാണ്.

സുഹൃത്തുക്കളെ,
നമ്മുടെ രാജ്യത്തെ പ്രഥമ അന്തര്‍ സംസ്ഥാന വാതക പൈപ്പ് ലൈന്‍ 1987 ലാണ് കമ്മിഷന്‍ ചെയ്തത്.  അതിനു ശേഷം 2014 ല്‍ ഇന്ത്യ 15000 കിലോമീറ്റര്‍ പ്രകൃതി വാതക പൈപ്പ് ലൈന്‍ ഇന്ത്യ നിര്‍മ്മിക്കുകയുണ്ടായി. അതായത് 27 വര്‍ഷം കൊണ്ട്. ഇന്ന് ഏകദേശം 16,000 കിലോമീറ്റര്‍ പുതിയ വാതക പൈപ്പ് ലൈനാണ് രാജ്യത്തിനു നെടുകെയും കുറുകയും നാം നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നത്. ഈ ജോലി അടുത്ത അഞ്ചാറു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകും. നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാന്‍ സാധിക്കും, കഴിഞ്ഞ 27 വര്‍ഷം കൊണ്ടു സംഭവിച്ച ജോലികളെക്കാള്‍  കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ അതിന്റെ പകുതി സമയം കൊണ്ട് നമുക്കു ചെയ്യാനാവും.

സുഹൃത്തുക്കളെ,
സാന്ദ്രീകൃത പ്രകൃതി  വാതക സ്റ്റേഷനുകളാണ് മറ്റൊരു ഉദാഹരണം. നമ്മുടെ രാജ്യത്തെ ആദ്യ പ്രകൃതിവാതക സ്റ്റേഷന്‍ 1992 ലാണ് ആരംഭിക്കുന്നത്. പിന്നെത്തെ 22 വര്‍ഷത്തേയ്ക്ക് അതായത് 2014 വരെ രാജ്യത്ത് 900 പ്രകൃതി വാതക സ്റ്റേഷനുകളില്‍ കൂടുതല്‍ ഉണ്ടായിട്ടില്ല. എന്നാല്‍ കഴിഞ്ഞ ആറു വര്‍ഷങ്ങള്‍ കൊണ്ട് ഏകദേശം 1,500 സ്റ്റേഷനുകള്‍ രാജ്യത്ത്്് തുറന്നു. രാജ്യത്ത് കുറഞ്ഞത് 10,000  പ്രകൃതി വാതക സ്റ്റേഷനുകള്‍ ആരംഭിക്കുക എന്നതാണ് ഗവണ്‍മെന്റിന്റെ ലക്ഷ്യം. കോരളത്തിലും കര്‍ണാടകത്തിലുമായി വിവിധ നഗരങ്ങളില്‍  700 ഗ്യാസ് സ്റ്റേഷനുകള്‍ ആരംഭിക്കുന്നതിന് ഇപ്പോള്‍ നാം കമ്മിഷന്‍ ചെയ്തിരിക്കുന്ന പൈപ്പ് ലൈന്‍ സഹായകരമാകും.

സുഹൃത്തുക്കളെ,
മറ്റൊരു രസകരമായ സംഖ്യ പൈപ്പുവഴിയുള്ള പ്രകൃതി വാതക കണക്്ഷനുകളുടെതാണ്. രാജ്യത്തെ അടുക്കളകളിലേയ്ക്കുള്ള പൈപ്പു വാതക വിതരണം സംബന്ധിച്ച്. രാജ്യത്ത് 2014 വരെ വെറും 2.5 മില്യണ്‍ പൈപ്പു വാതക കണക്്ഷനുകളാണ് ഉണ്ടായിരുന്നത്. അതെ സ്ഥാനത്ത് ഇന്ന് 7.2 മില്യണ്‍ അടുക്കളകളില്‍ പൈപ്പ് വാതകം എത്തുന്നു. ഇനി 2.1 മില്യണ്‍ വീടുകള്‍ക്കു കൂടി കൊച്ചി -മംഗളൂരു പൈപ്പ് ലൈനില്‍ നിന്നു പിഎന്‍ജി സൗകര്യങ്ങള്‍ ലഭിക്കും.
സഹോദരി സഹോദരന്മാരെ, ഏറെ നാളുകളോളം രാജ്യത്തെ എല്‍പിജി വിതരണത്തിന്റെ അവസ്ഥ എന്തായിരുന്നു എന്ന് നമുക്കെല്ലാവര്‍ക്കും അറിവുള്ളതാണ്.  രാജ്യത്ത് 2014 വരെ ഉണ്ടായിരുന്നത് 14 കോടി പാചക വാതക കണക്്ഷനുകളാണ്. അത്രയും തന്നെ പുതിയ കണക്്ഷനുകള്‍ കഴിഞ്ഞ ആറു വര്‍ഷം കൊണ്ട് നാം നല്‍കി കഴിഞ്ഞു. ഉജ്ജ്വല യോജന പദ്ധതി വഴി രാജ്യത്തെ എട്ടു കോടിയിലധികം പാവപ്പെട്ട കുടുംബങ്ങളില്‍ പാചക വാതകം ലഭിക്കുന്നുണ്ട്. ഇത് രാജ്യമെമ്പാടുമുള്ള എല്‍പിജി അടിസ്ഥാന ഘടനയെ ശക്തിപ്പെടുത്തിയിരിക്കുന്നു. സുഹൃത്തുക്കളെ, കൊറോണ കാലത്ത് രാജ്യത്ത് പാചക വാതകത്തിന് ഒരിക്കലും ദൗര്‍ലഭ്യം അനുഭവപ്പെടാതിരുന്നതിന്റെ പ്രധാന കാരണവും ഇതു തന്നെ. ആ ദുര്‍ഘട കാലത്തു പോലും, രാജ്യത്തെ പാവപ്പെട്ടവരില്‍ പാവപ്പെട്ടവര്‍ക്ക് 12 കോടി പാചക വാതക സിലണ്ടറുകള്‍  സൗജന്യമായി ലഭ്യമാക്കുന്നതിന് ഗവണ്‍മെന്റിനു സാധിച്ചു.

സുഹൃത്തുക്കളെ,
പൈപ്പ് ലൈനിന്റെ ജോലികള്‍ ഇത്ര വേഗത്തില്‍ പൂര്‍ത്തിയാകാന്‍ ഗവണ്‍മെന്റിന്റെ ഈ പരിശ്രമങ്ങളും സ്വാധീനം ചെലുത്തി എന്നു പറയേണ്ടതുണ്ട്. അതെ കുറിച്ച് അധികം ആരും ചര്‍ച്ച ചെയ്തിട്ടില്ല. നിങ്ങള്‍ ഓര്‍ക്കണം, റേഷന്‍ കടകള്‍ക്കു മുന്നിലെ മണ്ണെണ്ണയ്ക്കു വേണ്ടിയുള്ള നീണ്ട വരികള്‍. മണ്ണെണ്ണയുടെ ക്വോട്ട ഉയര്‍ത്തണം എന്നാവശ്യപ്പെട്ട് എല്ലാ സംസ്ഥാന ഗവണ്‍െന്റുകളും കേന്ദ്രത്തിലേയ്ക്ക് എഴുതുമായിരുന്നു. മണ്ണെണ്ണ വിതരണവുമായി ബന്ധപ്പെട്ട് കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകള്‍ തമ്മില്‍ എന്നും സംഘര്‍ഷമായിരുന്നു. ഇന്ന് അടുക്കളകളില്‍ പാചക വാതകം നിഷ്പ്രയാസം ലഭിക്കാന്‍ തുടങ്ങിയതോടെ, മണ്ണെണ്ണയുടെ ദൗര്‍ലഭ്യവും കുറഞ്ഞു. ഇന്ന് പല സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും മണ്ണെണ്ണ വിമുക്തങ്ങളായി സ്വയം പ്രഖ്യാപിച്ചു കഴിഞ്ഞു.

സുഹൃത്തുക്കളെ,
ഊര്‍ജ്ജ ആസൂത്രണത്തില്‍ സമഗ്ര സമീപനത്തിലാണ് നമ്മുടെ ഗവണ്‍മെന്റ് വിശ്വസിക്കുന്നത്. എല്ലാവരെയും ഉള്‍പ്പെടുത്തുന്നതാണ് നമ്മുടെ ഊര്‍ജ്ജ പരിപാടി. 2014 മുതല്‍ എണ്ണ പ്രകൃതി വാതക മേഖലയില്‍ നാം വിവിധ പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. പ്രകൃതി വാതക പര്യവേഷണം ഉത്പാദനം വിപണം, വിതരണം തുടങ്ങിയ മേഖലകളിലായിരുന്നു ഈ പരിഷ്‌കാരങ്ങള്‍.

ഒരിന്ത്യ ഒരൊറ്റ ഗ്യാസ് ഗ്രിഡ് എന്ന ലക്ഷ്യം നേടാനാണ് നാം ഉദ്ദേശിക്കുന്നത്. ഒരു വാതകാധിഷ്ഠിത സമ്പദ് വ്യവസ്ഥയിലേയ്ക്കു മാറാനാണ് നാം ആഗ്രഹിക്കുന്നതും. പ്രകൃതി വാതകത്തിന്റെ ഉപയോഗത്തിന് നിരവധി പ്രയോജനങ്ങള്‍ ഉണ്ട്. ഇന്ത്യയുടെ ഊര്‍ജ്ജ സഞ്ചിയിലെ പ്രകൃതി വാതകത്തിന്റെ വിഹിതം  6 ശതമാനത്തില്‍ നിന്നു 15 ശതമാനമായി വര്‍ധിപ്പിക്കുന്നതിനുള്ള നയ സംരംഭങ്ങളാണ് ഗവണ്‍മെന്റ് സ്വീകരിച്ചു വരുന്നത്. ഈ പതിറ്റാണ്ടില്‍ തന്നെ എണ്ണ പ്രകൃതിവാതക മേഖലയില്‍ കോടിക്കണക്കിനു രൂപയാണ് നിക്ഷേപിക്കുന്നത്. ഒരിന്ത്യ ഒരൊറ്റ ഗ്രിഡ് എന്ന ലക്ഷ്യത്തിലേയ്ക്കുള്ള നമ്മുടെ പ്രയാണത്തിന്റെ ഭാഗമാണ് ഗെയിലിന്റെ കൊച്ചി-മംഗളുരു പ്രകൃതി വാതക പൈപ്പ് ലൈനിന്റെ സമര്‍പ്പണം. ശുദ്ധമായ ഊര്‍ജ്ജം മെച്ചപ്പെട്ട ഭാവിക്ക് അതി പ്രധാനമാണ്. ശുദ്ധ ഊര്‍ജ്ജ ലഭ്യതയെ മെച്ചപ്പെടുത്തുവാന്‍ ഈ പൈപ്പ് ലൈന്‍ സഹായിക്കും. ഈ മേഖലയില്‍ നമ്മുടെ ഗവണ്‍മെന്റ് പല ശ്രമങ്ങളും നടത്തുന്നുണ്ട്. സ്വഛ്ഭാരത് പ്രസ്ഥാനം, എല്‍ ഇ ഡി ബള്‍ബുകളുടെ പ്രചാരണം, വൈദ്യുതി വിതരണം തുടങ്ങിയവ  ഉദാഹരണം.

സുഹൃത്തുക്കളെ,
ഇന്നു മുതല്‍ ഭാവി ആവശ്യങ്ങള്‍, ഭാവി ഊര്‍ജ്ജ ആവശ്യങ്ങള്‍, എന്നിവയ്ക്കായി രാജ്യത്തെ ഒരുക്കുകയാണ് നാം. ഒരു വശത്ത് രാജ്യം പ്രകൃതി വാതകത്തില്‍ ശ്രദ്ധ പതിപ്പിക്കുന്നു. മറുവശത്ത് രാജ്യം ഊര്‍ജ്ജ സ്രോതസുകളെ വൈവിധ്യവത്ക്കരിക്കുന്നു. അടുത്ത കാലത്ത് ലോകത്തിലെ തന്നെ ഏറ്റവും ബൃഹത്തായ പുനര്‍ചംക്രമണ ഊര്‍ജ്ജ പ്ലാന്റിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഗുജറാത്തില്‍ നാം ആരംഭിച്ചു. അതുപോലെ തന്നെ ജൈവ ഇന്ധന ഉത്പാദന പ്രവര്‍ത്തനങ്ങള്‍ രാജ്യമെമ്പാടും വന്‍ തോതില്‍ നടന്നു വരുന്നു. കരിമ്പില്‍ നിന്നും കാര്‍ഷിക ഉത്പ്പന്നങ്ങളില്‍ നിന്നുമുള്ള എഥനോളിന്റെ ഉത്പാദനത്തെ കുറിച്ച് വളരെ ഗൗരവമായി നാം ചിന്തിച്ചു വരുന്നു. അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍ പെട്രോളില്‍ 20 ശതമാനം എഥനാള്‍ കലര്‍ത്തുക എന്നതാണ് നമ്മുടെ ലക്ഷ്യം. ഇലക്ട്രിക് വാഹന മേഖല മാത്രമല്ല, അതുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍ക്കും നാം പ്രോത്സാഹനം നല്കുന്നുണ്ട്.  രാജ്യത്ത് എല്ലാവര്‍ക്കും തൃപ്തികരവും ചെലവു കുറഞ്ഞതും മാലിന്യ രഹിതവുമായ വൈദ്യുതിക്കായി പൂര്‍ണ പ്രതിബദ്ധതയോടെ നമ്മുടെ ഗവണ്‍മെന്റ്  പ്രവര്‍ത്തിച്ചു വരുന്നു.

സഹോദരി സഹോദരന്മാരെ,
നമ്മുടെ തീരപ്രദേശങ്ങളുടെ വികസനത്തിലും  രാജ്യത്തിന്റെ സന്തുലിതവും അതിവേഗത്തിലുമുള്ള വികസനം വളരെ വ്യക്തമായി പ്രിതിഫലിക്കുന്നുണ്ട്്. കടലിനോടു ചേര്‍ന്നു കിടക്കുന്ന കേരളം, കര്‍ണാടകം ഉള്‍പ്പെടെ ദക്ഷിണേന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും നീല സമ്പദ് വ്യവസ്ഥയുടെ വികസനത്തിനായി സമഗ്രമായ പദ്ധതി തയാറാക്കി വരുന്നു. സ്വാശ്രയ ഇന്ത്യയുടെ ഏറ്റവും വലിയ സ്രോതസായി മാറാന്‍ പോകുന്നത് നീല സമ്പദ് വ്യവസ്ഥയാണ്. നമ്മുടെ തുറമുഖങ്ങളും തീരദേശ പാതകളെയും എല്ലാ വിധത്തിലും ബന്ധിപ്പിച്ചു കഴിഞ്ഞു. ബഹുവിധ സമ്പര്‍ത്തിലാണ് നമ്മുടെ പ്രത്യേക ശ്രദ്ധ. സുഗമമായ ജീവിതത്തിന് മാതൃകയായി മാറുകയാണ് നമ്മുടെ തീര ദേശങ്ങള്‍. സുഗമമായി വ്യവസായങ്ങള്‍ തുടങ്ങുന്നതിനുള്ള പദ്ധതികള്‍ തയാറായി വരുന്നു.

സഹോദരി സഹോദരന്മാരെ,
തീരമേഖലയിലെ ജനസംഖ്യയില്‍ ഭൂരിഭാഗവും മത്സ്യതൊഴിലാളികളും കൃഷിക്കാരുമാണ്. ഇവര്‍ സമുദ്ര സമ്പത്തിനെ ആശ്രയിക്കുന്നവര്‍ മാത്രമല്ല അതിന്റെ സംരക്ഷകര്‍ കൂടിയാണ്. അതിനാല്‍ മൊത്തത്തിലുള്ള തീരദേശ ആവാസ വ്യവസ്ഥയുടെ സുരക്ഷയും പുരോഗതിയും അതീവ നിര്‍ണായകമാണ്. കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി ഇതിനാവശ്യമായ  പല അര്‍ത്ഥപൂര്‍ണ നടപടികളും സ്വീകരിച്ചു കഴിഞ്ഞു. അത് ആഴക്കടല്‍ മത്സ്യ ബന്ധനത്തിനുള്ള സഹായമായാലും പ്രത്യേക മത്സ്യ വകുപ്പിന്റെ രൂപീകരണമായാലും അല്ലെങ്കില്‍ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വഴി മത്സ്യ തൊഴിലാളികള്‍ക്ക് തുഛമായ വ്യവസ്ഥകളിന്മേല്‍ വായ്പ ആയാലും എല്ലാം ചെറുകിട മത്സ്യ തൊഴിലാളികളെ കൂടി സഹായിക്കാനാണ്.  20,000 കോടി രൂപയുടെ മത്സ്യ സമ്പാദ യോജന സഹായ പദ്ധതി ഏതാനും മാസം മുമ്പ് രാജ്യത്ത് ആരംഭിച്ചു കഴിഞ്ഞു. ഇത് കേരളത്തിലെയും കര്‍ണാടകത്തിലെയും ലക്ഷക്കണക്കിനു മത്സ്യ തൊഴിലാളികള്‍ക്കു നേരിട്ട് പ്രയോജനപ്പെടും. ഇന്നു മത്സ്യ കയറ്റുമതി മേഖലയില്‍ നാം അതിവേഗത്തില്‍ മുന്നേറുകയാണ്. ഇന്ത്യയെ ഗുണമേന്മയുള്ള സമുദ്ര വിഭവ സംസ്‌കരണ ഹബ്ബാക്കി മാറ്റാനുള്ള എല്ലാ നടപടികളും സ്വീകരിച്ചു കഴിഞ്ഞു. കടല്‍ പായലിന്റെ ആവശ്യകത ലോകമെമ്പാടും വര്‍ധിച്ചു വരുന്നു. ഇവിടെ ഇന്ത്യയ്ക്ക് വളരെ പ്രധാനപ്പെട്ട ഒരു പങ്കാണ് ഉള്ളത്. കടല്‍ പായല്‍ കൃഷിക്ക് കൂടുതല്‍ പ്രോത്സാഹനങ്ങള്‍ കൃഷിക്കാരനു ലഭ്യമാക്കുമ്പോള്‍ ഈ മേഖലയില്‍ നാം അതിവേഗം മുന്നേറുകയാണ്.  സമര്‍പ്പണ ബുദ്ധിയോടെ ഒന്നിച്ച്് പ്രവര്‍ത്തിക്കുകയാണെങ്കില്‍ എല്ലാ ദേശീയ ലക്ഷ്യങ്ങളും വേഗത്തില്‍ നേടാന്‍ നമുക്കു സാധിക്കൂ. ഒരിക്കല്‍ കൂടി കേരളത്തിലെയും കര്‍ണാടകത്തിലെയും പൗരന്മാരെയും കൊച്ചി - മംഗളൂരു വാതക പൈപ്പ് ലൈന്‍ പദ്ധതിയില്‍ പ്രവര്‍ത്തിച്ച എല്ലാ വിശിഷ്ട വ്യക്തികളെയും ഞാന്‍ അഭിനന്ദിക്കുന്നു.

നന്ദി.

 

***



(Release ID: 1686719) Visitor Counter : 266