ശാസ്ത്ര സാങ്കേതിക മന്ത്രാലയം

ശാസ്ത്രവും സമൂഹവും തമ്മിൽ പുതിയ ഇടപഴകലുകൾ സൃഷ്ടിക്കുന്നതിനു വേണ്ടത് ശാസ്ത്രീയ സാമൂഹിക ഉത്തരവാദിത്തം: ശാസ്ത്ര സാങ്കേതിക സെക്രട്ടറി

Posted On: 13 NOV 2020 9:44AM by PIB Thiruvananthpuram

ശാസ്ത്രവും സമൂഹവും തമ്മിൽ പുതിയ ഇടപഴകലുകൾ സൃഷ്ടിക്കുന്നതിന് അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ ശാസ്ത്രീയ സാമൂഹിക ഉത്തരവാദിത്തത്തെ സംബന്ധിച്ച നയം നിലവിൽ വരുമെന്ന് ശാസ്ത്ര സാങ്കേതിക സെക്രട്ടറി, പ്രൊഫസർ അശുതോഷ് ശർമ, ലോക ശാസ്ത്ര ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഒരു വെബിനാറിൽ സംസാരിക്കവെ വ്യക്തമാക്കി.

ശാസ്ത്രത്തെ സമൂഹവുമായി ബന്ധിപ്പിക്കുന്നതിലൂടെ സമാധാനത്തിനും വികസനത്തിനുമുള്ള ഏറ്റവും ശക്തമായ സ്തംഭങ്ങളിലൊന്നായി ഇത് മാറുമെന്ന്, “ലോക ശാസ്ത്ര ദിനം- സമാധാനത്തിനും വികസനത്തിനും എന്ന പ്രമേയത്തിലൂന്നി കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പും യുനെസ്കോയും (ഐക്യരാഷ്ട്ര വിദ്യാഭ്യാസ, ശാസ്ത്ര, സാംസ്കാരിക സംഘടന) സംയുക്തമായി സംഘടിപ്പിച്ച വെബിനാറിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.

ശാസ്ത്ര സാങ്കേതിക മേഖലയിലെ തുല്യതയുടെയും വൈവിധ്യത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് അടിവരയിട്ട് പറഞ്ഞ പ്രൊഫസർ ശർമ, കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് സ്ത്രീകൾക്ക് തുല്യ അവസരങ്ങൾ സൃഷ്ടിക്കുന്നതിനായി നടത്തുന്ന ക്യൂറി (CURIE), വിജ്ഞാൻ ജ്യോതി തുടങ്ങിയ പത്ത് വ്യത്യസ്ത പദ്ധതികളെക്കുറിച്ചും പരാമർശിച്ചു.

നവംബർ 10 നാണ് ലോക ശാസ്ത്ര ദിനം ആഘോഷിക്കുന്നത്. ‘ശാസ്ത്രം- സമൂഹത്തിനുവേണ്ടി, സമൂഹത്തിനൊപ്പം എന്നതാണ് വർഷത്തെ പ്രമേയം.

http://static.pib.gov.in/WriteReadData/userfiles/image/image003T9QV.jpg

http://static.pib.gov.in/WriteReadData/userfiles/image/image004SLQP.jpg

 

***



(Release ID: 1672647) Visitor Counter : 2469