പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2020 ഒക്‌ടോബര്‍ 25 ന് രാവിലെ 11 മണിയ്ക്ക് ഭാരത ജനതയോട് ആകാശവാണിയിലൂടെ നടത്തിയ പ്രത്യേക പ്രക്ഷേപണത്തിന്റെ മലയാള പരിഭാഷ മനസ്സ് പറയുന്നത് 2.0 (പതിനേഴാം ലക്കം)
Posted On:
25 OCT 2020 11:51AM by PIB Thiruvananthpuram
എന്റെ പ്രിയപ്പെട്ട ദേശവാസികള്‍ക്കു നമസ്‌കാരം. ഇന്ന് വിജയദശമി, അതായത് ദസറയുടെ പുണ്യദിനമാണ്. ഈ പരിപാവനമായ അവസരത്തില്‍ എല്ലാവര്‍ക്കും കുന്നോളം ശുഭാശംസകള്‍. ദസറയുടെ ഈ പുണ്യദിനം അസത്യത്തിനുമേല്‍ സത്യത്തിന്റെ വിജയത്തിന്റെ പുണ്യദിനമാണ്. എന്നാല്‍ അതോടൊപ്പം ആപത്തുകളുടെമേല്‍ സാഹസത്തിന്റെ വിജയദിനംകൂടിയാണ്. ഇന്ന് നിങ്ങളെല്ലാവരും വളരെ സംയമനത്തോടെ കഴിയുന്നു, പരിധികള്‍ക്കുള്ളില്‍ കഴിഞ്ഞുകൊണ്ട് ഈ പുണ്യദിനം ആഘോഷിക്കുകയാണ്. അതുകൊണ്ട് നാം നടത്തുന്ന ഈ പോരാട്ടത്തിലും വിജയം സുനിശ്ചിതമാണ്. മുമ്പ് ദുര്‍ഗ്ഗാക്ഷേത്രങ്ങളില്‍ അമ്മയുടെ ദര്‍ശനത്തിനായി മേളയെന്നപോലെയുള്ള അന്തരീക്ഷം രൂപപ്പെടുംവിധം ജനക്കൂട്ടമുണ്ടാകാറുണ്ടായിരുന്നു. എന്നാല്‍ ഇപ്രാവശ്യം അതു സാധിച്ചില്ല. മുമ്പ് ദസറയുടെ മേളകള്‍ സംഘടിപ്പിക്കപ്പെട്ടിരുന്നു, എന്നാല്‍ ഇപ്രാവശ്യം അതിന്റെ രീതിതന്നെ വേറിട്ടവിധമാണ്. രാമലീല ഉത്സവവും അതിന്റെ ഒരു വലിയ ആകര്‍ഷണമായിരുന്നു. എന്നാല്‍ അതിലും എന്തെങ്കിലുമൊക്കെ നിയന്ത്രണങ്ങളേര്‍പ്പെടുത്തപ്പെട്ടിട്ടുണ്ട്. മുമ്പ് നവരാത്രിയില്‍ ഗുജറാത്തില്‍ ഗര്‍ബയുടെ മുഴക്കം എവിടെയുമുണ്ടായിരുന്നു. എന്നാല്‍ ഇപ്രാവശ്യം വലിയ വലിയ ആഘോഷങ്ങളൊന്നുമില്ല. ഇനിയും പല പുണ്യദിനങ്ങളും വരുന്നുണ്ട്. മീലാദ് ഉണ്ട്, ശരത് പൂര്‍ണ്ണിമയുണ്ട്, വാല്മീകി ജയന്തിയുണ്ട്, അതുകഴിഞ്ഞാല്‍ ധന്‍തേരസ്, ദീപാവലി, ഭായി-ദൂജ്, ഛഠീ മൈയയുടെ പൂജ, ഗുരുനാനക് ദേവ്ജിയുടെ ജയന്തിയുണ്ട് - കൊറോണയുടെ ഈ വിപല്‍ഘട്ടത്തില്‍ നിയന്ത്രണങ്ങളോടെ വേണം എല്ലാം ആഘോഷിക്കാന്‍, പരിധികള്‍ക്കുള്ളില്‍ വേണം എല്ലാം.
സുഹൃത്തുക്കളേ, നാം ഉത്സവങ്ങളുടെ കാര്യം പറയുമ്പോള്‍, അതിനായി തയ്യാറെടുക്കുമ്പോള്‍ ആദ്യം മനസ്സില്‍ വരുന്നത് എപ്പോഴാണ് ബസാറിലേക്കു പോകേണ്ടത് എന്നാണ്. എന്തെല്ലാം വാങ്ങേണ്ടതുണ്ട് എന്നാണ് ചിന്തിക്കുക. വിശേഷിച്ചും കുട്ടികള്‍ക്ക് ഇക്കാര്യത്തില്‍ വിശേഷാല്‍ ഉത്സാഹമുണ്ട്- ഇപ്രാവശ്യം ആഘോഷത്തിന് പുതിയതായി എന്താണ് കിട്ടുക എന്നാണ് അവര്‍ ആലോചിക്കുന്നത്. ഉത്സവത്തിന്റെ ഈ ഉത്സാഹം, കച്ചവടസ്ഥലങ്ങളുടെ ഈ തിളക്കം ഒക്കെ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. എന്നാല്‍ ഇപ്രാവശ്യം നിങ്ങള്‍ വല്ലതുമൊക്കെ വാങ്ങാന്‍ പോകുമ്പോള്‍ വോക്കല്‍ ഫോര്‍ ലോക്കല്‍- നാടിനുവേണ്ടിയുള്ള നമ്മുടെ നിശ്ചയം തീര്‍ച്ചയായും ഓര്‍മ്മ വയ്ക്കണം. ബസാറില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുമ്പോള്‍ നാം പ്രാദേശിക ഉത്പന്നങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കണം.
സുഹൃത്തുക്കളേ, ഉത്സങ്ങളുടെ ഈ സന്തോഷോല്ലാസങ്ങള്‍ക്കിടിയില്‍ ലോക്ഡൗണിനെക്കുറിച്ചു കൂടി ഓര്‍മ്മ വേണം. ചിലരില്ലെങ്കില്‍ നമ്മുടെ ജീവിതം പ്രയാസമുള്ളതായിരുന്നേനേ എന്നു തോന്നുന്ന ചിലരുടെ കാര്യം നാം ഓര്‍ക്കണം - ശുചീകരണജീവനക്കാര്‍, വീട്ടില്‍ ജോലിക്കായി വരുന്ന സഹോദരീസഹോദരന്‍മാാര്‍, പ്രാദേശിക പച്ചക്കറി കച്ചവടക്കാര്‍, പാല്‍ക്കാര്‍, സുരക്ഷാ ജീവനക്കാര്‍ തുടങ്ങിയവര്‍ക്കൊക്കെ നമ്മുടെ ജീവിതത്തില്‍ എന്താണ് പങ്ക് എന്ന് നാം ഇപ്പോള്‍ നന്നായി മനസ്സിലാക്കിയിരിക്കുന്നു. ബുദ്ധിമുട്ടിന്റെ സമയത്ത് ഇവരെല്ലാം നിങ്ങളുടെ കൂടെയുണ്ടായിരുന്നു, നമ്മുടെയെല്ലാം കൂടെയുണ്ടായിരുന്നു. ഇപ്പോള്‍ നമ്മുടെ ആഘോഷങ്ങളിലും നമ്മുടെ സന്തോഷങ്ങളിലും ഇവരെയും കൂടെ കൂട്ടേണ്ടതുണ്ട്. സാധിക്കുവോളം ഇവരെക്കൂടി നിങ്ങളുടെ സന്തോഷത്തില്‍ പങ്കാളികളാക്കണമെന്നാണ് എന്റെ ആഗ്രഹം. കുടുംബാംഗങ്ങളെന്നു കരുതൂ. നിങ്ങളുടെസന്തോഷം എത്രയധികം വര്‍ധിക്കുന്നുവെന്ന് എന്നിട്ടു നോക്കൂ.
സുഹൃത്തുക്കളേ, ഈ ഉത്സവകാലത്തും നമ്മുടെ അതിരുകള്‍ കാക്കുന്ന ധീരന്‍മാരായ സൈനികരെക്കൂടി നാം ഓര്‍ക്കേണ്ടതുണ്ട്. അവര്‍ ഭാരതാംബയെ സേവിക്കയും സുരക്ഷിതത്വം ഉറപ്പാക്കുകയുമാണ്. അവരെ ഓര്‍ത്തുകൊണ്ടുവേണം നമുക്ക് ഉത്സവം ആഘോഷിക്കാന്‍. ഭാരതാംബയുടെ ആ വീരന്‍മാരായ സന്താനങ്ങളെ ആദരിച്ചുകൊണ്ടുകൂടി ഒരു ദീപം തെളിയിക്കേണ്ടതുണ്ട്. നിങ്ങള്‍ അതിര്‍ത്തിയിലാണെങ്കിലും, രാജ്യം മുഴുവന്‍ നിങ്ങളുടെ കൂടെയുണ്ട്, നിങ്ങള്‍ക്കുവേണ്ടി പ്രാര്‍ഥിക്കുന്നു എന്നാണു ഞാന്‍ എന്റെ വീരന്‍രായ ജവാന്‍മാാരോടു പറയാനാഗ്രഹിക്കുന്നത്.സന്താനങ്ങളെ അതിര്‍ത്തിയിലേക്കയച്ചിരിക്കുന്ന കുടുംബങ്ങളുടെ ത്യാഗത്തെയും ഞാന്‍ നമിക്കുന്നു. രാജ്യവുമായി ബന്ധപ്പെട്ട ഏതെങ്കിലുമൊരു ഉത്തരവാദിത്വം നിര്‍വ്വഹിക്കുന്നതിന്റെ ഭാഗമായി വീട്ടിലില്ലാത്ത, കുടുംബത്തില്‍ നിന്നകന്നു കഴിയുന്ന ഓരോ വ്യക്തിയോടും ഞാന്‍ ഹൃദയപൂര്‍വ്വം കൃതജ്ഞത വ്യക്തമാക്കുന്നു.
പ്രിയപ്പെട്ട ദേശവാസികളേ, ഇന്ന് നാം നാട്ടിലെ ഉത്പന്നങ്ങള്‍ക്കുവേണ്ടി സംസാരിക്കുമ്പോള്‍ ലോകം തന്നെ നമ്മുടെ പ്രാദേശി ഉത്പന്നങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടുകയാണ്. നമ്മുടെ പല പ്രാദേശിക ഉത്പന്നങ്ങള്‍ക്കും ആഗോളതലത്തിലേക്കെത്താനുള്ള കഴിവുണ്ട്. ഉദാഹരണത്തിന് ഖാദി. ദീര്‍ഘകാലം ഖാദി ലാളിത്യത്തിന്റെ നിദര്‍ശനമായിരുന്നു. എന്നാല്‍ നമ്മുടെ ഖാദി ഇന്ന് പരിസ്ഥിതി സൗഹൃദ തുണി എന്ന നിലയില്‍ അറിയപ്പെടുന്നു. ആരോഗ്യത്തിന്റെ വീക്ഷണത്തില്‍ നോക്കിയാല്‍ ഇത് ശരീരത്തിനിണങ്ങുന്ന തുണിയാണ്, എല്ലാ കാലാവസ്ഥയിലും ഉപയോഗിക്കാവുന്നതാണ്, ഇന്ന് ഖാദി ഫാഷനിണങ്ങൂന്ന ഒന്നുകൂടി ആയിക്കൊണ്ടിരിക്കുന്നു. ഖാദിയുടെ പ്രചാരം വര്‍ധിക്കയാണ്, അതോടൊപ്പം ലോകത്ത് പല ഇടങ്ങളിലും ഖാദി ഉണ്ടാക്കപ്പെടുകയും ചെയ്യുന്നുണ്ട്. മെക്‌സിക്കോയിടെ ഒരു സ്ഥലമാണ് ഓഹാകാ. ഈ സ്ഥലത്ത് അവിടത്തെ ഗ്രാമീണര്‍ ഖാദി നെയ്യുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നു. ഇന്ന് ഇവിടത്തെ ഖാദി ഒഹാകാ ഖാദി എന്ന പേരില്‍ പ്രസിദ്ധിനേടിയിരിക്കുന്നു. ഒഹാകായില്‍ ഖാദി എങ്ങനെയെത്തി എന്നതും താത്പര്യമുണര്‍ത്തുന്ന കാര്യമാണ്. മെക്‌സിക്കോയിലെ ഒരു യുവാവ് -മാര്‍ക് ബ്രൗണ്‍ ഒരിക്കല്‍ മഹാത്മാഗാന്ധിയെക്കുറിച്ചുള്ള സിനിമ കണ്ടു. ബ്രൗണ്‍ ഈ സിനിമ കണ്ടിട്ട് ബാപ്പുവില്‍ വളരെ ആകൃഷ്ടനായി ഭാരതത്തില്‍ ബാപുവിന്റെ ആശ്രമത്തിലെത്തി, ബാപ്പുവിനെക്കുറിച്ച് കൂടുതല്‍ അറിയുകയും മനസ്സിലാക്കുകയും ചെയ്തു. ഖാദി വെറും തുണി മാത്രമല്ലെന്നും അതൊരു തികഞ്ഞ ജീവിതപദ്ധതിതന്നെയാണെന്നും ബ്രൗണിനു മനസ്സിലായി. ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെയും ആത്മനിര്‍ഭരതയുടെയും ദര്‍ശനം ഇതുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്നും മനസ്സിലാക്കിയ ബ്രൗണ്‍ ഈ ദര്‍ശനം ഉള്‍ക്കൊണ്ടു. താന്‍ മെക്‌സിക്കോയിലെത്തി ഖാദിയുടെ പ്രവര്‍ത്തനം തുടങ്ങുമെന്ന് ബ്രൗണ്‍ നിശ്ചയിച്ചു. അദ്ദേഹം മെക്‌സിക്കോയിലെ ഒഹാകയില്‍ ഗ്രാമീണരെ ഖാദിയുമായി ബന്ധപ്പെട്ട ജോലികള്‍ പഠിപ്പിച്ചു, അവര്‍ക്ക് പരിശീലനം നല്കി, ഇന്ന് ഒഹാക ഖാദി ഒരു ബ്രാന്‍ഡ് ആയിരിക്കുന്നു. ഈ പ്രോജക്ടിന്റെ വെബ്‌സൈറ്റില്‍ എഴുതിയിരിക്കുന്നു, 'The Symbol of Dharma in Motion' III ഈ വെബ്‌സൈറ്റില്‍ മാര്‍ക് ബ്രൗണുമായുള്ള വളരെ മനംകുളിര്‍പ്പിക്കുന്ന അഭിമുഖം കാണാം. തുടക്കത്തില്‍ ആളുകള്‍ ഖാദിയുടെ കാര്യത്തില്‍ സന്ദേഹപ്പെട്ടിരുന്നു, എന്നാല്‍ അവസാനം ഇതില്‍ ആളുകളുടെ താത്പര്യം വര്‍ധിച്ചു, ഇതിനു വിപണി തയ്യാറായി എന്നദ്ദേഹം ഈ അഭിമുഖത്തില്‍ പറയുന്നു. ഇത് രാമരാജ്യവുമായി ബന്ധപ്പെട്ട കാര്യമാണെന്നും ആളുകളുടെ ആവശ്യങ്ങള്‍ പൂര്‍ത്തികരിക്കുമ്പോള്‍ അവര്‍ നിങ്ങളുമായി ഒത്തുചേരുന്നു എന്നും അദ്ദേഹം പറയുന്നു.
സുഹൃത്തുക്കളേ, ദില്ലിയിലെ കോണാട്ട് പ്ലേസിലെ ഖാദി സ്റ്റോറില്‍ ഇപ്രാവശ്യം ഗാന്ധി ജയന്തിയുടെ അവസരത്തില്‍ ഒരു ദിവസം ഒരുകോടിയിലധികം രൂപയുടെ കച്ചവടം നടന്നു. അതേപോലെ കൊറോണയുടെ സമയത്ത് ഖാദിയുടെ മാസ്‌കും വളരെയധികം പ്രചാരം നേടിക്കൊണ്ടിരിക്കുന്നു. രാജ്യമെങ്ങും സ്വയംസഹായതാ സംഘങ്ങളും മറ്റു സ്ഥാപനങ്ങളും ഖാദിയുടെ മാസ്‌കുകള്‍ ഉണ്ടാക്കുന്നു. യു.പി.യില്‍ ബാരാബംകിയില്‍ ഒരു വനിതയുണ്ട്. സുമന്‍ ദേവിജി. സുമന്‍ജി സ്വയംസഹായ സംഘത്തിലെ കൂട്ടുകാരികള്‍ക്കൊപ്പം ചേര്‍ന്ന് മാസ്‌കുകള്‍ ഉണ്ടാക്കാന്‍ തുടങ്ങി. സാവധാനം മറ്റു വനിതകളും അവരുടെ കൂടെ ചേര്‍ന്നു. ഇന്ന് അവരെല്ലാം ചേര്‍ന്ന് ആയിരക്കണക്കിന് മാസ്‌കുകളാണ് ഉണ്ടാക്കുന്നത്. നമ്മുടെ പ്രാദേശിക ഉത്പന്നങ്ങളൊടൊപ്പം ഒരു ദര്‍ശനവും ചേര്‍ന്നിരിക്കുന്നു എന്നത് അവയുടെ ഒരു വൈശിഷ്ട്യം തന്നെയാണ്.
പ്രിയപ്പെട്ട ദേശവാസികളേ, നമുക്ക് നമ്മുടെ സാധനങ്ങളില്‍ അഭിമാനംതോന്നുമ്പോള്‍ ലോകമെങ്ങുംതന്നെ അവയോട് ഒരു ജിജ്ഞാസ വര്‍ധിക്കുവാന്‍ തുടങ്ങുന്നു. നമ്മുടെ ആധ്യാത്മികത, യോഗ, ആയുര്‍വ്വേദം എന്നിവ ലോകത്തെ മുഴുവന്‍ ആകര്‍ഷിച്ചതുപോലെ. നമ്മുടെ പല കളികളും ലോകത്തെ ആകര്‍ഷിക്കുന്നു. ഈയിടെ നമ്മുടെ ഞാണിന്‍മേല്‍ക്കളിയും പല രാജ്യങ്ങളിലും പ്രചരിക്കുകയാണ്. അമേരിക്കയില്‍ ചിന്‍മയ പാടണ്‍കറും പ്രജ്ഞാ പാടണ്‍കറും തങ്ങളുടെ വീട്ടില്‍ത്തന്നെ ഞാണിന്‍മേല്‍ക്കളി പഠിപ്പിക്കാന്‍ തുടങ്ങിയപ്പോള്‍ ഇത്രയും വിജയം വരിക്കാനാകുമെന്ന് അവര്‍ പ്രതീക്ഷിച്ചിരുന്നതേയില്ല. അമേരിക്കയില്‍ ഇന്ന് പല സ്ഥലങ്ങളിലും ഞാണിന്‍മേല്‍കളി പരിശീലന കേന്ദ്രങ്ങള്‍ നടക്കുന്നു. വളരെയധികം അമേരിക്കന്‍ യുവാക്കള്‍ ഞാണിന്‍മേല്‍കളി പഠിക്കുന്നു. ഇന്ന് ജര്‍മ്മനി, പോളണ്ട്, മലേഷ്യ തുടങ്ങി ഇരുപതോളം രാജ്യങ്ങളില്‍ ഞാണിന്‍മേല്‍ക്കളിക്ക് വളരെ പ്രചാരം ലഭിക്കുകയാണ്. ഇപ്പോള്‍ ഇതിന്റെ ലോക ചാമ്പ്യന്‍ഷിപ്പ് ആരംഭിച്ചിരിക്കയാണ്, അതില്‍ പല രാജ്യങ്ങളില്‍ നിന്നും ആളുകള്‍ പങ്കെടുക്കുകയും ചെയ്യുന്നു. നമ്മുടെയുള്ളില്‍ ഒരു അസാധാരണമായ വളര്‍ച്ച ഉണ്ടാക്കുന്ന അനേകം കളികള്‍ ഭാരതത്തില്‍ പ്രാചീനകാലം മുതല്‍ക്കേ ഉണ്ടായിരുന്നു. നമ്മുടെ മനസ്സിനെയും, ശരീരസന്തുലനത്തെയും ഒരൂ പുതിയ തലത്തിലേക്കുയര്‍ത്തുന്നു. എന്നാല്‍ ഒരുപക്ഷേ, പുതിയ തലമുറയിലെ യുവാക്കള്‍ക്ക് ഞാണിന്‍മേല്‍കളി അത്രയ്ക്ക് പരിചയമില്ല. തീര്‍ച്ചയായും ഇതെക്കുറിച്ച് ഇന്റര്‍നെറ്റില്‍ സര്‍ച്ച് ചെയ്യുകയും കാണുകയും ചെയ്യൂ.
സുഹൃത്തുക്കളേ, നമ്മുടെ രാജ്യത്ത് എത്രയോ ആയോധനകലകളുണ്ട്. നമ്മുടെ യുവസുഹൃത്തുക്കള്‍ ഇതേക്കുറിച്ചും അറിയണം, ഇവ പഠിക്കണം എന്നു ഞാനാഗ്രഹിക്കുന്നു. കാലനുസൃതമായ പുതുമയും ഇവയ്ക്കു നല്‍കൂ. ജീവിതത്തില്‍ പുതിയ വെല്ലുവിളികളില്ലെങ്കില്‍ വ്യക്തിത്വത്തിലെ ശ്രേഷ്ഠത പ്രകടമാവുകയില്ല. അതുകൊണ്ട് നിങ്ങള്‍ സ്വയം വെല്ലുവിളികള്‍ ഉയര്‍ത്തിക്കൊണ്ടേ ഇരിക്കൂ.
പ്രിയപ്പെട്ട ദേശവാസികളേ, പഠിക്കലെന്നാല്‍ വളരല്‍ എന്നാണ് പറയപ്പെടുന്നത്. ഇന്ന് മന്‍ കീ ബാത്തില്‍ അദ്വിതീയമായ കഴിവുള്ള ഒരു വ്യക്തിയെ ഞാന്‍ പരിചയപ്പെടുത്താം. മറ്റുള്ളവര്‍ക്കൊപ്പം വായിക്കുന്നതിന്റെയും പഠിക്കുന്നതിന്റെയും സന്തോഷം പങ്കുവയ്ക്കുന്നതിലാണ് ഈ കഴിവ്. ഇദ്ദേഹമാണ് പൊന്‍ മാരിയപ്പന്‍. ഇദ്ദേഹം തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ താമസിക്കുന്നു. തൂത്തുക്കുടി പേള്‍ സിറ്റി, അതായത് മുത്തുകളുടെ നഗരം എന്നും അറിയപ്പെടുന്നു. ഇത് ഒരു കാലത്ത് പാണ്ഡ്യ സാമ്രാജ്യത്തിന്റെ പ്രധാനപ്പെട്ട ഒരു കേന്ദ്രമായിരുന്നു. ഇവിടെ ജീവിക്കുന്ന സുഹൃത്ത് പൊന്‍ മാരിയപ്പന്‍, മുടി വെട്ടുന്ന തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നു, ഒരു സലൂണ്‍ നടത്തുന്നു. വളരെ ചെറിയ സലൂണ്‍ ആണ്. അദ്ദേഹം വേറിട്ട, പ്രേരണപ്രദമായ ഒരു കാര്യം ചെയ്തു. അദ്ദേഹം സലൂണിന്റെ ഒരു ഭാഗംതന്നെ പുസ്തകാലയമാക്കി. ആരെങ്കിലും സലൂണിലെത്തി തന്റെ തവണയ്ക്കായി കാത്തിരിക്കുമ്പോള്‍ എന്തെങ്കിലും വായിക്കുകയും, വായിച്ചതിനെക്കുറിച്ച് അല്പം എഴുതുകയും ചെയ്യുകയാണെങ്കില്‍ മാരിയപ്പന്‍ ആ ആളിന് അല്‍പ്പം ഡിസ്‌കൗണ്ട്, കിഴിവ് കൊടുക്കുന്നു. രസമുള്ള കാര്യമല്ലേ…
വരൂ നമുക്ക് തൂത്തുക്കുടിയിലേക്കു പോകാം.. പൊന്‍ മാരിയപ്പനോടു സംസാരിക്കാം.
പ്രധാനമന്ത്രി - പൊന്‍ മാരിയപ്പന്‍ജീ, വണക്കം, നല്ലാ ഇരുക്കീങ്കളാ?
പൊന്‍ മാരിയപ്പന്‍ - മാനനീയ പ്രധാനമന്ത്രി ജീ, വണക്കം.
പ്രധാനമന്ത്രി - വണക്കം, വണക്കം. അങ്ങയ്ക്ക് ഈ പുസ്തകാലയത്തിന്റെ ആശയം എങ്ങനെയുണ്ടായി?
പൊന്‍ മാരിയപ്പന്‍ - (പൊന്‍ മാരിയപ്പന്‍ തമിഴില്‍ പറഞ്ഞ മറുപടിയുടെ പരിഭാഷ)
ഞാന്‍ എട്ടാം ക്ലാസുവരെ പഠിച്ചിട്ടുണ്ട്. കുടുംബത്തിലെ സ്ഥിതി അനുകൂലമല്ലാതിരുന്നതുകൊണ്ട് തുടര്‍ന്ന് പഠിക്കാനായില്ല. വിദ്യാഭ്യാസമുള്ള ആളുകളെ കാണുമ്പോള്‍ എന്റെ മനസ്സില്‍ ഒരു കുറവ് അനുഭവപ്പെടും. അതുകൊണ്ട് ഒരു പുസ്തകാലയം ഉണ്ടാക്കിക്കൂടേ, അതിലൂടെ വളരെയധികം ആളുകള്‍ക്ക് പ്രയോജനം ലഭിക്കില്ലേ എന്ന് എനിക്കു തോന്നി. അതാണ് ഈ ആശയത്തിനു പിന്നില്‍.
പ്രധാനമന്ത്രി - താങ്കള്‍ക്ക് ഇഷ്ടപ്പെട്ട പുസ്തകമേതാണ്?
പൊന്‍ മാരിയപ്പന്‍ - എനിക്ക് തിരുക്കുറള്‍ വളരെ ഇഷ്ടമാണ്.
പ്രധാനമന്ത്രി - താങ്കളോടു സംസാരിക്കാനായതില്‍ വളരെ സന്തോഷം. വളരെ ശുഭാശംസകള്‍.
പൊന്‍ മാരിയപ്പന്‍ - എനിക്കും പ്രധാനമന്ത്രിയോടു സംസാരിക്കാനായതില്‍ വളരെ സന്തോഷമുണ്ട്.
പ്രധാനമന്ത്രി - അനേകം ശുഭാശംസകള്‍.
പൊന്‍ മാരിയപ്പന്‍ -നന്ദി പ്രധാനമന്ത്രി ജീ.
പ്രധാനമന്ത്രി- നന്ദി.
നാമിപ്പോള്‍ പൊന്‍ മാരിയപ്പനോടു സംസാരിച്ചു. നോക്കൂ. അദ്ദേഹം ആളുകളുടെ മുടി ഒരുക്കുന്നതിനൊപ്പം, അവര്‍ക്ക് ജീവിതത്തിന് പൊലിമ കൂട്ടാനും അവസരമൊരുക്കുന്നു. തിരുക്കുറളിന്റെ പ്രചാരത്തെക്കുറിച്ച് കേട്ടിട്ട് വളരെ സന്തോഷം തോന്നി. അതേക്കുറിച്ച് എല്ലാവരും കേട്ടു. ഇന്ന് ഹിന്ദുസ്ഥാനിലെ എല്ലാ ഭാഷയിലും തിരുക്കുറള്‍ ലഭ്യമാണ്. അവസരം കിട്ടിയാല്‍ തീര്‍ച്ചയായും വായിക്കണം. ജീവിതത്തിന് അത് ഒരു തരത്തില്‍ വഴികാട്ടിയാണ്.
എന്നാല്‍ സുഹൃത്തുക്കേള, അറിവിന്റെ പ്രസാരണത്തില്‍ അപാരമായ സന്തോഷം കണ്ടെത്തുന്ന അനേക ആളുകള്‍ ഭാരതമെങ്ങും ഉണ്ടെന്നറിയുന്നതില്‍ നിങ്ങള്‍ക്ക് വളരെ സന്തോഷമുണ്ടാകും. എല്ലാവരും വായനയില്‍ പ്രേരിതരാകട്ടെ എന്ന കാര്യത്തില്‍ എപ്പോഴും തത്പരരായിരിക്കുന്നവരാണിവര്‍. മധ്യപ്രദേശിലെ സിംഗ്രൈലിയിലെ അധ്യാപിക ഉഷാ ദുബേജി സ്‌കൂട്ടിയെത്തന്നെ മൊബൈല്‍ ലൈബ്രറിയാക്കിമാറ്റിയിരിക്കയാണ്. അവര്‍ ദിവേസന തന്റെ സഞ്ചരിക്കുന്ന ലൈബ്രറിയുമായി ഏതെങ്കിലും ഗ്രാമത്തിലെത്തുന്നു, അവിടെ കുട്ടികളെ പഠിപ്പിക്കുന്നു. കുട്ടികള്‍ അവരെ സ്‌നേഹപൂര്‍വ്വം കിതാബോംവാലീ ദീദി, പുസ്തകക്കാരിച്ചേച്ചി എന്നു വിളിക്കുന്നു. ഈ വര്‍ഷം ആഗസ്റ്റില്‍ അരുണാചല്‍ പ്രദേശിലെ നിര്‍ജുലിയിലെ റയോ വില്ലേജില്‍ ഒരു സ്വസഹായതാ പുസ്തകാലയം ഉണ്ടാക്കപ്പെട്ടിരിക്കയാണ്. അവിടത്തെ ഗ്രാമത്തില്‍ പുസ്തകാലയമില്ലെന്ന് ഇവിടത്തെ മീനാ ഗുരുംഗിനും ദിവാംഗ് ഹോസാഇക്കും മനസ്സിലായപ്പോള്‍ അവര്‍ അതിനുള്ള സാമ്പത്തികസഹായം നല്‍കി. ഈ ലൈബ്രറിക്ക് വിശേഷാല്‍ അംഗത്വമാവശ്യമില്ലെന്നറിയുമ്പോള്‍ നിങ്ങള്‍ക്ക് ആശ്ചര്യം തോന്നും. ആര്‍ക്കും രണ്ടാഴ്ചത്തേക്ക് പുസ്തകം എടുത്തുകൊണ്ടുപോകാം. വായിച്ചശേഷം തിരികെ നല്‍കണം. ഈ ലൈബ്രറി ഏഴു ദിവസവും, ഇരുപത്തിനാലു മണിക്കൂറും തുറന്നിരിക്കുന്നു. കുട്ടികള്‍ പുസ്തകം വായിക്കുന്നതിലേര്‍പ്പെടുന്നു എന്നതില്‍ അടുത്തൊക്കെയുള്ള രക്ഷിതാക്കള്‍ വളരെ സന്തുഷ്ടരാണ്. വിദ്യാലയങ്ങള്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ച സ്ഥിതിയില്‍. അതേസമയം ചണ്ഡീഗഢില്‍ ഒരു സര്‍ക്കാരേതര സംരംഭം നടത്തുന്ന സന്ദീപ് കുമാര്‍ജി ഒരു മിനി വാനിലാണ് മൊബൈല്‍ ലൈബ്രറി ഉണ്ടാക്കിയിരിക്കുന്നത്. അതിലൂടെ ദരിദ്രരായ കുട്ടികള്‍ക്ക് വായിക്കാന്‍ സൗജന്യമായി പുസ്തകം നല്കുന്നു. ഇതോടൊപ്പം നന്നായി പ്രവര്‍ത്തിക്കുന്ന ഗുജറാത്തിലെ ഭാവ്‌നഗറിലെയും രണ്ടു സ്ഥാപനങ്ങളെക്കുറിച്ചറിയാം. അതിലൊന്നാണ് വികാസ് വര്‍തുള്‍ ട്രസ്റ്റ്. ഈ സ്ഥാപനം മത്സരപരീക്ഷകള്‍ക്കായി തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് വളരെയധികം സഹായം ചെയ്യുന്നു. ഈ ട്രസ്റ്റ് 1975 മുതല്‍ പ്രവര്‍ത്തിക്കുന്നതാണ്. ഇവര്‍ 5000 പുസ്തകങ്ങളും 140 ലധികം പത്രികകളും -മാഗസിനുകളും - ലഭ്യമാക്കുന്നു. പുസ്തക് പരബ് എന്നതും ഇതുപോലെ ഒരു സ്ഥാപനമാണ്. സാഹിത്യരചനകള്‍ക്കൊപ്പം മറ്റു തരത്തിലുള്ള പുസ്തകങ്ങളും സൗജന്യമായി ലഭ്യമാക്കുന്നു എന്നത് നവീന പദ്ധതിയാണ്. ഈ ലൈബ്രറിയില്‍ ആധ്യാത്മികം, ആയുര്‍വ്വേദ ചികിത്സ, എന്നിവയോടൊപ്പം മറ്റു പല വിഷയങ്ങളെക്കുറിച്ചുമുള്ള പുസ്തകങ്ങള്‍ ഉണ്ട്. ഇതുപോലുള്ള മറ്റു പ്രവര്‍ത്തനങ്ങളെക്കുറിച്ച് നിങ്ങള്‍ക്കറിയാമെങ്കില്‍ അത് സമൂഹമാധ്യമത്തില്‍ തീര്‍ച്ചയായും പങ്കുവയ്ക്കൂ. ഈ ഉദാഹരണം പുസ്തകം വായിക്കുന്നതിന്റെ കാര്യത്തിലോ ലൈബ്രറികളുണ്ടാക്കുന്ന കാര്യത്തിലോ ഒതുങ്ങി നില്‍ക്കേണ്ടതല്ല. മറിച്ച് സമൂഹവികസനത്തിനായി എല്ലാ പ്രദേശത്തും എല്ലാ തലത്തിലുമുള്ള ആളുകള്‍ പുതിയ പുതിയ രീതികള്‍ നടപ്പിലാക്കുന്ന പുതിയ ഭാരതത്തിന്റെതന്നെ പ്രതീകമാണിത്. ഗീതയില്‍ പറഞ്ഞിരിക്കുന്നു,
ന ഹി ജ്ഞാനേന സദൃശം പവിത്രമിഹ വിദ്യതേ
അതായത് ജ്ഞാനത്തിനു തുല്യം പവിത്രമായ ഒന്നുംതന്നെ ലോകത്തില്ല. അറിവു പ്രചരിപ്പിക്കുന്നതുപോലുള്ള ശരിയായ ശ്രമങ്ങള്‍ നടത്തുന്ന എല്ലാ മഹാവ്യക്തിത്വങ്ങളെയും ഹൃദയപൂര്‍വ്വം അഭിനന്ദിക്കുന്നു.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ സര്‍ദാര്‍ വല്ലഭ് ഭായി പട്ടേലിന്റെ ജയന്തി, ഒക്‌ടോബര്‍ 31 ന് നാം ദേശീയ ഏകതാ ദിവസമായി ആഘോഷിക്കും. മന്‍ കീ ബാത്തില്‍ മുമ്പും നാം സര്‍ദാര്‍ പട്ടേലിനെക്കുറിച്ച് വിശദമായി സംസാരിച്ചിട്ടുണ്ട്. നാം അനേകം വിരാട് വ്യക്തിത്വങ്ങളുടെ പല തലങ്ങളെയും കുറിച്ച് ചര്‍ച്ച ചെയ്തിട്ടുണ്ട്. ഒരുമിച്ച് അനേകം വൈശിഷ്ട്യങ്ങളുള്ള വ്യക്തിത്വങ്ങള്‍ വളരെ കുറച്ചേ ഉണ്ടാകൂ. വൈചാരികമായ ഗഹനത, നൈതികമായ ധൈര്യം, രാജനൈതികമായ വൈശിഷ്ട്യം, കൃഷിമേഖലയെക്കുറിച്ച് ആഴത്തിലുള്ള അറിവ്, ദേശീയ ഐക്യത്തെക്കുറിച്ച് സമര്‍പ്പണമനോഭാവം. സര്‍ദാര്‍ പട്ടേലിന്റെ നര്‍മമഭാവ ത്തെ പ്രകടമാക്കുന്ന ഒരു കാര്യം നിങ്ങള്‍ക്കറിയാമോ? രാജാക്കന്‍മാരോടും രാജവംശങ്ങളോടും ചര്‍ച്ചകള്‍ നടത്തിയിരുന്ന, പൂജനീയ ബാപ്പുവിന്റെ ജനമുന്നേറ്റങ്ങള്‍ക്കുള്ള ഏര്‍പ്പാടുകള്‍ ചെയ്തിരുന്നതിനോടൊപ്പം ഇംഗ്ലീഷുകാരോട് പോരാട്ടവും നടത്തിയിരുന്നു. ഇതിനെല്ലാമിടയില്‍ നര്‍മ്മബോധവും മികച്ചതായിരുന്ന ആ ഉരുക്കുമനുഷ്യനെക്കുറിച്ചു നിങ്ങള്‍ സങ്കല്പിച്ചുനോക്കൂ. ബാപ്പു സര്‍ദാര്‍ പട്ടേലിനെക്കുറിച്ചു പറഞ്ഞു - അദ്ദേഹത്തിന്റെ തമാശനിറഞ്ഞ കാര്യങ്ങള്‍ കേട്ട് ചിരിച്ചു ചിരിച്ചു വയറുവേദനവന്നിരുന്നു. ദിവസത്തില്‍ ഒരിക്കലെന്നല്ല പല പ്രാവശ്യം അങ്ങനെയുണ്ടാകുമായിരുന്നു. ഇത് നമ്മെയും ഒരു പാഠം പഠിപ്പിക്കുന്നു. ചുറ്റുപാടുകള്‍ എത്രതന്നെ വിഷമം പിടിച്ചതാണെങ്കിലും നര്‍മ്മബോധം നിലനിര്‍ത്തൂ, അത് നമ്മെ സ്വാഭാവികതയോടെ നിലനിര്‍ത്തുമെന്നു മാത്രമല്ല, നമുക്ക് നമ്മുടെ പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കാനും സാധിക്കും. സര്‍ദാര്‍ സാഹബ് അതാണ് ചെയ്തിരുന്നത്.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, സര്‍ദാര്‍ പട്ടേല്‍ തന്റെ ജീവിതം മുഴുവന്‍ രാജ്യത്തിന്റെ ഐക്യത്തിനുവേണ്ടി സമര്‍പ്പിച്ചു. അദ്ദേഹം ഭാരതീയ ജനങ്ങളുടെ മനസ്സിനെ സ്വാതന്ത്ര്യസമരവുമായി ബന്ധിപ്പിച്ചു. സ്വാതന്ത്ര്യത്തിനൊപ്പം കര്‍ഷകരുടെ പ്രശ്‌നങ്ങളെ ബന്ധപ്പെടുത്തി. അദ്ദേഹം രാജ്യങ്ങളെയും രാജവംശങ്ങളെയും രാഷ്ട്രത്തോടു ചേര്‍ക്കുന്ന കാര്യംചെയ്തു. അദ്ദേഹം ഭാരതീയ മനസ്സുകളില്‍ വൈവിധ്യത്തില്‍ ഏകത്വത്തിന്റെ മന്ത്രം ഉണര്‍ത്തുകയായിരുന്നു.
സുഹൃത്തുക്കളേ, ഇന്ന് നമ്മെ ഒന്നാക്കും വിധം നമുക്ക് നമ്മുടെ വാക്കുകളും, പെരുമാറ്റങ്ങളും, നമ്മുടെ കര്‍മ്മങ്ങളും കൊണ്ട് അനുനിമിഷം എല്ലാ കാര്യങ്ങളും മുന്നോട്ടു കൊണ്ടുപോകേണ്ടതുണ്ട്. അവയെല്ലാം രാജ്യത്തിന്റെ ഒരു ഭാഗത്തു കഴിയുന്ന പൗരന്‍മാരുടെ മനസ്സില്‍ മറ്റൊരു ഭാഗത്തു താമസിക്കുന്ന പൗരന് സ്വാഭാവികതയും സ്വന്തമെന്ന ബോധവും ഉണര്‍ത്തുന്നവിധത്തിലുള്ളതായിരിക്കണം. നമ്മുടെ പൂര്‍വ്വികര്‍ നൂറ്റാണ്ടുകളോളം അതാണു ചെയ്തുപോന്നത്. ഇപ്പോള്‍ നോക്കൂ, കേരളത്തില്‍ ജനിച്ച പൂജനീയ ആചാര്യ ശങ്കരാചാര്യജി ഭാരതത്തിന്റെ നാലു ദിക്കുകളിലും നാലു മഹാ മഠങ്ങള്‍ സ്ഥാപിച്ചു- വടക്ക് ബദ്രികാശ്രമം, കിഴക്ക് പുരി, തെക്ക് ശൃംഗേരി, പടിഞ്ഞാറ് ദ്വാരക. അദ്ദേഹം ശ്രീനഗറിലേക്ക് യാത്രചെയ്തതുകൊണ്ടാണ് അവിടെ ഒരു ശങ്കരാചാര്യഗിരി ഉള്ളത്. തീര്‍ഥാടനം ഭാരതതത്തെ ഒരുചരടില്‍ കോര്‍ത്തിണക്കുന്നു. ജ്യോതിര്‍ലിംഗങ്ങളുടെയും ശക്തിപീഠങ്ങളുടെയും ശൃംഖല ഭാരതത്തെ ഒരു ചരടില്‍ കോര്‍ക്കുന്നു. ത്രിപുരമുതല്‍ ഗുജറാത്ത് വരെ, ജമ്മു കശ്മീര്‍ മുതല്‍ തമിഴ്‌നാടുവരെ സ്ഥാപിക്കപ്പെട്ടിരിക്കുന്ന വിശ്വാസകേന്ദ്രങ്ങള്‍ നമ്മെ ഒന്നാക്കുന്നു. ഭക്തി ആന്ദോളന്‍ ഭാരതമെങ്ങും ഒരു വലിയ ജനമുന്നേറ്റമായി മാറിയിരുന്നു, അത് നമ്മെ ഭക്തിയിലൂടെ ഒരുമിപ്പിച്ചു. നമ്മുടെ നിത്യജീവിതത്തിലും ഈ കാര്യങ്ങള്‍ ഐക്യമുണ്ടാക്കുന്ന ശക്തിയായി ലയിച്ചു ചേര്‍ന്നിരിക്കുന്നു. ഓരോ അനുഷ്ഠാനങ്ങളുടെയും തുടക്കത്തില്‍ നദികളെ ആഹ്വാനം ചെയ്യുന്നു- ഇതില്‍ വടക്കേ അറ്റത്തുള്ള സിന്ധു നദി മുതല്‍ ദക്ഷിണ ഭാരതത്തിലെ ജീവന്‍ദായിനിയായ കാവേരി നദി വരെ ഉള്‍പ്പെടുന്നു. സാധാരണ നമ്മുടെ നാട്ടില്‍ ആളുകള്‍ സ്‌നാനം ചെയ്യുമ്പോള്‍ പവിത്രമായ മനസ്സോടെ ഐക്യത്തിന്റെ മന്ത്രം ജപിക്കുന്നു -
ഗംഗേ ച യമുനേ ചൈവ ഗോദാവരീ സരസ്വതീ
നര്‍മ്മദേ സിന്ധു കാവേരി, ജലേസ്മിന്‍ സന്നിധിം കുരു.
ഇതുപോലെ സിഖുകാരുടെ പുണ്യസ്ഥലങ്ങളില്‍ നാന്ദേഡ് സാഹിബ്, പട്‌നാ സാഹിബ് ഗുരുദ്വാരകള്‍ ഉള്‍പ്പെടുന്നു. നമ്മുടെ സിഖു ഗുരുക്കളും തങ്ങളുടെ ജീവിതത്തിലൂടെയും സത്കാര്യങ്ങളിലൂടെയും ഐക്യത്തിന്റെ വികാരത്തെ ശക്തിപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ശതാബ്ദത്തില്‍ നമ്മുടെ രാജ്യത്ത് ഭരണഘടനയിലൂടെ നമ്മെ എല്ലാവരെയും ഒരുമിപ്പിച്ച ഡോ.ബാബാസാഹബ് അംബേഡ്കറെപ്പോലുള്ള മഹാ വിഭൂതികളുണ്ടായിരുന്നു.
സുഹൃത്തുക്കളേ,
ഐക്യമാണ് ഊര്‍ജ്ജം, ഐക്യമാണു ശക്തി
ഐക്യമാണ് പുരോഗതി, ഐക്യമാണ് ശാക്തീകരണം
ഐക്യത്തിലൂടെ നാം പുതിയ ഉയരങ്ങളിലെത്തും.
നിരന്തരം നമ്മുടെ മനസ്സില്‍ സന്ദേഹത്തിന്റെ വിത്തുകള്‍ വിതയ്ക്കാന്‍ ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന, രാജ്യത്തെ വിഭജിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ശക്തികളും ഇവിടെ ഉണ്ടായിരുന്നിട്ടുണ്ട്. രാജ്യവും എല്ലാ പ്രാവശ്യവും, ഈ കുതന്ത്രങ്ങള്‍ക്ക് മുഖമടച്ച് മറുപടി കൊടുത്തിട്ടുണ്ട്. നമുക്ക് നമ്മുടെ സൃഷ്ടിപരതയിലൂടെ, സ്‌നേഹത്തിലൂടെ, എല്ലായ്‌പ്പോഴും ശ്രമപ്പെട്ടു ചെയ്യുന്ന നമ്മുടെ ചെറിയ ചെറിയ പ്രവര്‍ത്തനങ്ങളിലൂടെ ഏക് ഭാരത് ശ്രേഷ്ഠ ഭാരതത്തിന്റെ സുന്ദരവര്‍ണ്ണങ്ങളെ മുന്നോട്ടു കൊണ്ടുവരണം, ഐക്യത്തിന്റെ പുതിയ നിറങ്ങള്‍ നിറയ്ക്കണം… എല്ലാ പൗരന്‍മാാരും അതു ചെയ്യണം. ഈ അവസരത്തില്‍ ഞാന്‍ നിങ്ങളേവരെയും ekbharat.gov.in വെബ്‌സൈറ്റ് കാണുവാന്‍ ക്ഷണിക്കുന്നു. അതില്‍ ദേശീയ ഐക്യത്തിനായുള്ള നമ്മുടെ ശ്രമങ്ങളെ മുന്നോട്ടു നയിക്കുന്ന അനേകം പ്രവര്‍ത്തനങ്ങള്‍ കാണാനാകും. അതില്‍ വളരെ ആകര്‍ഷകമായ ഒരു ബിന്ദുവാണ് ഇന്നത്തെ വാക്യം. ഈ സെക്ഷനില്‍ നാം ദിവസേന ഒരു വാക്യം വിഭിന്ന ഭാഷകളില്‍ എങ്ങനെ സംസാരിക്കുന്നു എന്ന് പഠിക്കാനാകും. നിങ്ങള്‍ക്ക് ഈ വെബ്‌സൈറ്റില്‍ നിങ്ങളുടെ പങ്കും നല്കാം- ഉദാഹരണത്തിന് വിവിധ സംസ്ഥാനങ്ങളിലും സംസ്‌കാരത്തിലും വ്യത്യസ്തങ്ങളായ ആഹാരരീതികകളാണുള്ളത്. ആഹാരങ്ങള്‍ അതാത് സ്ഥലത്തെ വിശേഷപ്പെട്ട സാമഗ്രികള്‍ അതായത് ധാന്യം, പച്ചക്കറികള്‍, പൊടിക്കൂട്ടുകള്‍ എന്നിവ കൊണ്ടാണ് ഉണ്ടാക്കുന്നത്. നമുക്ക് ഈ പ്രാദേശിക ആഹാരങ്ങളുടെ പാചകക്കുറിപ്പ് പ്രാദേശിക ഘടകങ്ങളുടെ, കറിക്കൂട്ടുകളുടെ പേരുകള്‍ക്കൊപ്പം ഏക് ഭാരത് ശ്രേഷ്ഠ് ഭാരത് വെബ്‌സൈറ്റില്‍ പങ്കുവയ്ക്കാനാവില്ലേ. ഐക്യവും ആരോഗ്യവും വര്‍ധിപ്പിക്കാന്‍, യൂണിറ്റിയും ഇമ്യൂണിറ്റയും വര്‍ധിപ്പിക്കാന്‍ ഇതിനേക്കാള്‍ നല്ല രീതി വേറെന്തുണ്ടാകും?
സുഹൃത്തുക്കളേ, ഈ മാസത്തിന്റെ 31-ാം തീയതി എനിക്ക് കേവദിയായില്‍ ചരിത്രംകുറിക്കുന്ന സ്റ്റാച്യൂ ഓഫ് യൂനിറ്റിയില്‍ നടക്കുന്ന പല പരിപാടികളിലും പങ്കെടുക്കാനുള്ള അവസരം ലഭിക്കും. നിങ്ങളും തീര്‍ച്ചയായും അതില്‍ പങ്കുചേരണം.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, 31 ഒക്‌ടോബറിന് നാം വാല്മീകി ജയന്തിയും ആഘോഷിക്കും. ഞാന്‍ മഹര്‍ഷി വാല്മീകിയെ നമിക്കുന്നു. ഈ വിശേഷാവസരത്തില്‍ ദേശവാസികള്‍ക്ക് ഹൃദയപൂര്‍വ്വം ശുഭാശംസകള്‍ നേരുകയും ചെയ്യുന്നു. മഹര്‍ഷി വാല്‍മീകിയുടെ മഹത്തായ ചിന്തകള്‍ കോടിക്കണക്കിന് ആളുകള്‍ക്ക് പ്രേരണയാകുന്നു, ശക്തി പ്രദാനം ചെയ്യുന്നു. അദ്ദേഹം ലക്ഷക്കണക്കിന്- കോടിക്കണക്കിന് ദരിദ്രര്‍ക്കും ദളിതര്‍ക്കും വലിയ പ്രതീക്ഷയാണ്. അവരുടെ ഉള്ളില്‍ ആശയും വിശ്വാസവും നിറയ്ക്കുന്നു. അദ്ദേഹം പറയുന്നു, ഏതൊരു മനുഷ്യന്റെയും ഇച്ഛാശക്തി അയാളുടെ കൂടെയുണ്ടെങ്കില്‍ ഏതൊരു കാര്യവും നിഷ്പ്രയാസം ചെയ്യാനാകും. ഈ ഇച്ഛാശക്തിതന്നെയാണ്, പല യുവാക്കള്‍ക്കും അസാധാരണമായ കാര്യങ്ങള്‍ ചെയ്യാന്‍ ശക്തിപകരുന്നത്. മഹര്‍ഷി വാത്മീകി സകാരാത്മകമായ ചിന്തകള്‍ക്ക് പ്രാധാന്യം കൊടുത്തു -അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം സേവനത്തിനും മാനവീയമായ ഗരിമയ്ക്കും സര്‍വ്വോച്ച സ്ഥാനമാണുള്ളത്. മഹര്‍ഷി വാല്‍മീകിയുടെ ആചാര-വിചാരങ്ങളും ആദര്‍ശങ്ങളും നമ്മുടെ നവഭാരതസങ്കല്പത്തിന് പ്രേരണയുമാണ്, വഴികാട്ടലുമാണ്. അദ്ദേഹം വരുന്ന തലമുറയുടെ വഴികാട്ടലിനായി രാമായണം പോലുള്ള മഹാഗ്രന്ഥം രചിച്ചുവെന്നതില്‍ നാം മഹര്‍ഷി വാല്മീകിയോട് എന്നും കൃതജ്ഞതയുള്ളവരായിരിക്കും.
ഒക്‌ടോബര്‍ 31 ന് ഭാരതത്തിന്റെ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിജിയെ നമുക്ക് നഷ്ടമായി. ആദരവോടെ അവര്‍ക്ക് ശ്രദ്ധാഞ്ജലിയേകുന്നു.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, ഇന്ന് കാശ്മീരിലെ പുല്‍വാമ രാജ്യത്തെ മുഴുവന്‍ പഠിപ്പിക്കുന്നതില്‍ മഹത്തായ പങ്കു വഹിക്കുകയാണ്. ഇന്ന് രാജ്യമെങ്ങും കുട്ടികള്‍ ഹോംവര്‍ക്ക് ചെയ്യുന്നു, നേട്ടങ്ങളുണ്ടാക്കുന്നുവെങ്കില്‍ അതിന്റെ പിന്നില്‍ എവിടെയെങ്കിലുമൊക്കെ പുല്‍വാമയിലെ ആളുകളുടെ കഠിനാധ്വാനം കൂടിയുണ്ട്. കശ്മീര്‍ താഴ്‌വര, രാജ്യത്തിന്റെ മുഴുവന്‍ ഏകദേശം 90 ശതമാനം പെന്‍സില്‍ സ്ലേറ്റിന്റെ തടി പട്ടികയുടെ ആവശ്യം പൂര്‍ത്തീകരിക്കുന്നു. അതില്‍ വലിയ പങ്ക് പുല്‍വാമയുടേതാണ്. ഒരുകാലത്ത് നാം വിദേശത്തുനിന്ന് പെന്‍സിലിനായി തടി കൊണ്ടുവന്നിരുന്നു. എന്നാലിന്ന് നമ്മുടെ പുല്‍വാമയിലെ ഈ പെന്‍സില്‍ സ്ലേറ്റുകള്‍, രാജ്യങ്ങള്‍ക്കിടിയിലെ വിടവു കുറയ്ക്കുന്നു. താഴ്വരയിലെ ചിനാറിന്റെ തടിയില്‍ വലിയ അളവില്‍ ഈര്‍പ്പമുണ്ട്, മൃദുത്വമുണ്ട്. അത് പെന്‍സിലുണ്ടാക്കുന്നതിന് ഇതിനെ വളരെ യോജിച്ചതാക്കുന്നു. പുല്‍വാമയില്‍ ഉക്ഖൂ ഗ്രാമം പെന്‍സില്‍ ഗ്രാമം എന്നറിയപ്പെടുന്നു. ഇവിടെ പെന്‍സില്‍ സ്ലേറ്റ് നിര്‍മ്മാണത്തിനുതകുന്ന പല തടികളുമുണ്ട്. അത് തൊഴില്‍ ലഭ്യമാക്കുന്നു.. ഈ രംഗത്ത് വളരെയധികം സ്ത്രീകള്‍ ജോലി ചെയ്യുന്നുമുണ്ട്.
സുഹൃത്തുക്കളേ, ഇവിടത്തെ ആളുകള്‍ പുതിയതായി എന്തെങ്കിലും ചെയ്യാന്‍ തയ്യാറായപ്പോള്‍, ജോലിയുടെ കാര്യത്തില്‍ റിസ്‌കെടുക്കാന്‍ തയ്യാറായപ്പോള്‍, സ്വയം അതിനായി സമര്‍പ്പിച്ചപ്പോഴാണ് പുല്‍വാമയുടെ ഈ വ്യത്യസ്തത തിരിച്ചറിയപ്പെട്ടത്. അങ്ങനെയുള്ള കര്‍മ്മകുശലരായ ആളുകളിലൊരാളാണ് മംജൂര്‍ അഹമദ അലാഈ. നേരത്തേ മംജൂര്‍ ഭായി തടി വെട്ടുകാരനായ ഒരു സാധാരണ തൊഴിലാളിയായിരുന്നു. തന്റെ വരും തലമുറകള്‍ ദാരിദ്ര്യത്തില്‍ കഴിയാതിരിക്കാന്‍ മംജൂര്‍ ഭായി എന്തെങ്കിലും പുതിയതായി ചെയ്യാനാഗ്രഹിച്ചു. അദ്ദേഹം തന്റെ പൂര്‍വ്വികസമ്പത്തായ ഭൂമി വിറ്റു, ആപ്പിള്‍ വയ്ക്കാനുള്ള തടി പെട്ടി ഉണ്ടാക്കുന്ന യൂണിറ്റ് ആരംഭിച്ചു. ആ ചെറിയ ബിസിനസുമായി കഴിയുമ്പോഴാണ് പെന്‍സില്‍ നിര്‍മ്മാണത്തിന് പോപ്ലാര്‍ തടി അതായത് ചിനാര്‍ തടിയുടെ ഉപയോഗം ആരംഭിച്ചിരിക്കുന്നുവെന്ന് അദ്ദേഹത്തിന് അറിയാനായത്. ഇതറിഞ്ഞ ശേഷം മംജൂര്‍ ഭായി തന്റെ അധ്വാനശീലം വ്യക്തമാക്കിക്കൊണ്ട് പ്രസിദ്ധങ്ങളായ പെന്‍സില്‍ നിര്‍മ്മാണ യൂണിറ്റുകള്‍ക്ക് പോപ്ലര്‍ തടി ലഭ്യമാക്കാന്‍ തുടങ്ങി. മംജൂര്‍ജിക്ക് ഇത് വളരെ ഗുണമുള്ളതാണെന്നു തോന്നി, വരവ് നന്നായി വര്‍ധിക്കാനും തുടങ്ങി. സമയത്തിനനുസരിച്ച് അദ്ദേഹം പെന്‍സില്‍ സ്ലേറ്റ് നിര്‍മ്മാണ യന്ത്രം വാങ്ങി. അതിനുശേഷം രാജ്യത്തെ വലിയ വലിയ കമ്പനികള്‍ക്ക് പെന്‍സില്‍ സ്ലേറ്റ് വിതരണം ചെയ്യാനാരംഭിച്ചു. ഇന്ന് മംജൂര്‍ഭായിക്ക് ഈ ബിസിനസില്‍ ടേണോവര്‍ കോടികളാണ്. ഏകദേശം ഇരുനൂറോളം പേര്‍ക്ക് നിത്യവൃത്തി കൊടുക്കുന്നുമുണ്ട്. ഇന്ന് മന്‍ കീ ബാത്തിലൂടെ എല്ലാ ദേശവാസികള്‍ക്കും വേണ്ടി ഞാന്‍ മംജൂര്‍ ഭായി ഉള്‍പ്പടെ പുല്‍വാമയിലെ അധ്വാനികളായ സഹോദരീ സഹോദരന്‍മാരെയും അവരുടെ കുടുംബങ്ങളെയും പ്രശംസിക്കുന്നു. നിങ്ങളെല്ലാം രാജ്യത്തെ യുവ മനസ്സുകളെ വിദ്യാസമ്പന്നരാക്കുന്നതിന് വിലയേറിയ സംഭാവനയാണ് നല്കുന്നത്.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, ലോക്ഡൗണ്‍ സമയത്ത് ടെക്‌നോളജി ബേസ്ഡ് സര്‍വീസ് ഡെലിവറിയുടെ പല പരീക്ഷണങ്ങളും നമ്മുടെ രാജ്യത്ത് നടന്നു. വലിയ സങ്കേതികവിദ്യയും ലോജിസ്റ്റിക്‌സുമുള്ള കമ്പനികള്‍ക്കേ ഇത് സാധിക്കൂ എന്ന സ്ഥിതി വിശേഷം മാറി. ഝാര്‍ഖണ്ഡില്‍ ഈ കാര്യം വനിതകളുടെ സ്വയംസഹായതാ സംഘങ്ങള്‍ ചെയ്തുകാട്ടിയിരിക്കയാണ്. ഈ വനിതകള്‍ കര്‍ഷകരുടെ കൃഷിയിടങ്ങളില്‍ നിന്നും പച്ചക്കറികളും പഴങ്ങളും വാങ്ങി നേരിട്ട് വീടുകളിലെത്തിച്ചു. ഈ വനിതകള്‍ ആജീവികാ ഫാം ഫ്രഷ് എന്ന പേരില്‍ ഒരു ആപ് ഉണ്ടാക്കിച്ചു. അതിലൂടെ നിഷ്പ്രയാസം പച്ചക്കറികള്‍ക്ക് ഓര്‍ഡര്‍ കൊടുക്കാം. ഈ പരിശ്രമത്തിലൂടെ കര്‍ഷകര്‍ക്ക് തങ്ങളുടെ പച്ചക്കറികള്‍ക്കും പഴങ്ങള്‍ക്കും നല്ല വില കിട്ടി, ആളുകള്‍ക്ക് വാടാത്ത പച്ചക്കറികള്‍ കിട്ടുവാനും തുടങ്ങി. ഇവിടെ ആജീവികാ ഫാം ഫ്രഷ് ആപ്പിന്റെ ആശയം വളരെ പ്രചാരം നേടുകയാണ്. ലോക് ഡൗണില്‍ ഇവര്‍ 50 ലക്ഷം രൂപയിലധികം തുകയ്ക്കുള്ള പഴങ്ങളും പച്ചക്കറികളും ആളുകളുടെ അടുത്തെത്തിച്ചു. സുഹൃത്തുക്കളേ കാര്‍ഷിക മേഖലയില്‍ പുതിയ സാധ്യതകള്‍ രൂപപ്പെടുന്നതുകണ്ട് നമ്മുടെ യുവാക്കളും വളരെയധികം ഇതുമായി ബന്ധപ്പെടാന്‍ തുടങ്ങിയിരിക്കുന്നു. മധ്യപ്രദേശിലെ ബഡ്വാനിയില്‍ അതുല്‍ പാടീദാര്‍ തന്റെ പ്രദേശത്തെ നാലായിരം കര്‍ഷകരെ ഡിജിറ്റലായി പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നു. ഈ കര്‍ഷകര്‍ക്ക് അതുല്‍ പാടീദാറുടെ-ഇ-പ്ലാറ്റ്‌ഫോം ഫാം കാര്‍ഡ് വഴിയായി വളം, വിത്ത്, കീടനാശിനി, ഫംഗസ് നാശിനി തുടങ്ങിയ കൃഷി സാധനങ്ങളുടെ ഹോം ഡെലിവറിക്കുള്ള ഓര്‍ഡര്‍ ലഭിക്കുന്നു. അതായത് കര്‍ഷകര്‍ക്ക് ആവശ്യമുള്ള സാധനങ്ങള്‍ അവരുടെ വീടുകളില്‍ ലഭിക്കുന്നു. ഈ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ ആധുനിക കാര്‍ഷി ഉപകരണങ്ങളും വാടകയ്ക്ക് ലഭിക്കുന്നു. ലോക്ഡൗണ്‍ സമയത്തും ഈ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം വഴിയായി കര്‍ഷകര്‍ക്ക് പരുത്തിയുടെയും പച്ചക്കറിയുടെയും വിത്തുകളുടെ ആയിരക്കണക്കിനു പായ്ക്കറ്റുകള്‍ വിതരണം ചെയ്യപ്പെട്ടു. അതുല്‍ജിയും അദ്ദേഹത്തിന്റെ ടീമും കര്‍ഷകരെ സാങ്കേതികമായി ജാഗരൂകരാക്കുകയാണ്, ഓണ്‍ലൈന്‍ പേമന്റും കച്ചവടവും പഠിപ്പിക്കയാണ്.
സുഹൃത്തുക്കളേ, ഈയിടെ മഹാരാഷ്ട്രയില്‍ നടന്ന ഒരു സംഭവം എന്റെ ശ്രദ്ധയില്‍ പെട്ടു. അവിടെ ഒരു കമ്പനി, ചോളം കൃഷി ചെയ്യുന്ന കര്‍ഷകരില്‍ നിന്ന് ചോളം വാങ്ങി. കമ്പനി കര്‍ഷകര്‍ക്ക് ഇപ്രാവശ്യം വിലകൂടാതെ ബോണസും നല്കി. കര്‍ഷകര്‍ക്കും വളരെ ആശ്ചര്യം തോന്നി. കമ്പനിയോടു ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞത്- ഭാരത് സര്‍ക്കാര്‍ പുതിയ കാര്‍ഷികനിയമം ഉണ്ടാക്കിയിരിക്കയാണ്, അതനുസരിച്ച് കര്‍ഷകര്‍ക്ക് ഭാരതത്തില്‍ എവിടെയും വിളവ് വില്ക്കാന്‍ സാധിക്കും, അവര്‍ക്ക് നല്ല വിലയും കിട്ടും. അതുകൊണ്ട് എക്‌സ്ട്രാ പ്രോഫിറ്റ്, കൂടിയ ലാഭം കര്‍ഷകര്‍ക്കിടയില്‍ വിതരണം ചെയ്യണമെന്ന് അവര്‍ക്കു തോന്നി. അതില്‍ കര്‍ഷകര്‍ക്കും അവകാശമുണ്ട്, അതുകൊണ്ട് കര്‍ഷകര്‍ക്ക് ബോണസ് നല്കി എന്നു പറഞ്ഞു. സുഹൃത്തുക്കളേ, ബോണസ് ഇപ്പോള്‍ ചെറിയ തുകയായിരിക്കാം, പക്ഷേ ഈ തുടക്കം വളരെ വലുതാണ്. അതുകൊണ്ട് പുതിയ കാര്‍ഷിക നിയമത്തില്‍ നിറയെ അടിസ്ഥാന തലത്തില്‍ കര്‍ഷകര്‍ക്കനുകൂലമായ മാറ്റം ഉണ്ടാക്കാനുള്ള സാധ്യതകള്‍ നിറഞ്ഞിരിക്കുന്നതെങ്ങനെയെന്ന് നമുക്കു മനസ്സിലാക്കാനാകുന്നു.
പ്രിയപ്പെട്ട ദേശവാസികളേ, ഇന്ന് മന്‍ കീ ബാത്തില്‍ ജനങ്ങളുടെ അസാധാരണ നേട്ടങ്ങളെക്കുറിച്ചും. നമ്മുടെ രാജ്യത്തിന്റെയും സംസ്‌കാരത്തിന്റെയും വെവ്വേറെ തലങ്ങളെക്കുറിച്ചും നിങ്ങളോടൊക്കെ സംസാരിക്കാന്‍ അവസരം ലഭിച്ചു. നമ്മുടെ രാജ്യം പ്രതിഭാശാലികളായ ജനങ്ങളെക്കൊണ്ട് നിറഞ്ഞതാണ്. നിങ്ങള്‍ക്കും അങ്ങനെയുള്ള ആളുകളെ അറിയാമെങ്കില്‍ അവരെക്കുറിച്ചു പറയൂ, എഴുതൂ, അവരുടെ വിജയങ്ങളെക്കുറിച്ച് അറിവു പങ്കുവയ്ക്കൂ. നിങ്ങള്‍ക്കും മുഴുവന്‍ കുടുംബത്തിനും വരാന്‍ പോകുന്ന ഉത്സവങ്ങളുടെ അനേകമനേകം ആശംസകള്‍. എന്നാല്‍ ഒരു കാര്യം ഓര്‍മ്മ വയ്ക്കൂ, ഉത്സവകാലത്ത് വിശേഷിച്ചും ഓര്‍ക്കൂ… മാസ്‌കണിയണം, കൈകള്‍ സോപ്പുകൊണ്ടു കഴുകണം രണ്ടുകൈ അകലം പാലിക്കണം.
സുഹൃത്തുക്കളേ, അടുത്ത മാസം വീണ്ടും മന്‍ കീ ബാത് ഉണ്ടാകും… വളരെ വളരെ നന്ദി.
***
(Release ID: 1667452)
Visitor Counter : 238
Read this release in:
Punjabi
,
Telugu
,
Assamese
,
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Manipuri
,
Gujarati
,
Odia
,
Tamil
,
Kannada