കൃഷി മന്ത്രാലയം

കാര്‍ഷിക മേഖലയുടെ സുഗമമായ പ്രവര്‍ത്തനത്തിന്  കേന്ദ്ര ഗവണ്‍മെന്റ് സ്വീകരിച്ച നടപടികള്‍

Posted On: 21 SEP 2020 2:18PM by PIB Thiruvananthpuram


ലോക്ക്ഡൗണ്‍ കാലയളവിലും തുടര്‍ന്നും രാജ്യത്തെ കാര്‍ഷിക മേഖലയുടെ സുഗമമായ പ്രവര്‍ത്തനത്തിന് കേന്ദ്ര ഗവണ്‍മെന്റ് വിവിധ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് കേന്ദ്ര കൃഷി, കര്‍ഷകക്ഷേമ മന്ത്രി ശ്രീ. നരേന്ദ്ര സിംഗ് തോമര്‍ ലോക്‌സഭയില്‍ രേഖാമൂലം അറിയിച്ചു.

ലോക്ക്ഡൗണ്‍ സാഹചര്യത്തിലും കാര്‍ഷിക മേഖല സുഗമമായാണ് പ്രവര്‍ത്തിച്ചത്. മഴക്കാലത്തിനു മുമ്പും മണ്‍സൂണ്‍ കാലത്തും സുഗമമായി വിത്തുവിതയ്ക്കല്‍ പ്രവര്‍ത്തനം ഉറപ്പാക്കാന്‍ ആവശ്യമായ എല്ലാ നടപടികളും കേന്ദ്രം സ്വീകരിച്ചു. ലോക്ക്ഡൗണ്‍ കാലയളവില്‍ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്കായി ആവശ്യമായ എല്ലാ ഇളവുകളും അനുവദിക്കുകയും ചെയ്തു. കര്‍ഷകത്തൊഴിലാളികള്‍ക്ക് എം.ജി.എന്‍.ആര്‍.ഇ.ജി.എ,  പി.എം.ജി.കെ.എ.വൈ എന്നിവയ്ക്ക് കീഴില്‍ സഹായം നല്‍കുന്നുണ്ട്.
പ്രധാന്‍ മന്ത്രി കിസാന്‍ സമ്മാന്‍ നിധി (പിഎം-കിസാന്‍) പദ്ധതിയുടെ കീഴില്‍ 2020 സെപ്റ്റംബര്‍ 15 വരെ ഏകദേശം 10.19 കോടി കര്‍ഷക കുടുംബങ്ങള്‍ക്ക് പ്രയോജനം ലഭിക്കുകയും 94,1305 കോടി രൂപ വിതരണം ചെയ്യുകയും ചെയ്തു. ലോക്ക്ഡൗണ്‍ കാലയളവില്‍ വിവിധ ഗഡുക്കളായി 410,86 കോടി രൂപ (2020 സെപ്റ്റംബര്‍ 15 വരെ) ഈ പദ്ധതി പ്രകാരം ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്തു.

കര്‍ഷകര്‍ക്ക് വിളകളിലും മൃഗസംരക്ഷണത്തിലും മത്സ്യബന്ധനത്തിലും നിക്ഷേപം നടത്താന്‍ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് സൗകര്യം ഗവണ്‍മെന്റ് നല്‍കിയിരുന്നു.  ഇപ്പോള്‍ പിഎം-കിസാന്‍ പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്കും കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ സൗകര്യങ്ങള്‍ ലഭിക്കുന്നുണ്ട്. 1.60 ലക്ഷം രൂപ വരെ വായ്പ ലഭിക്കുന്നതിന് ഈട് നല്‍കേണ്ട ആവശ്യമില്ല.
പ്രധാന്‍ മന്ത്രി ഫസല്‍ ബിമ യോജന (പി.എം.എഫ്.ബി.വൈ) പ്രകാരം ലോക്ക്ഡൗണ്‍ കാലയളവില്‍ മൊത്തം 5,326.7 കോടി രൂപ ഗുണഭോക്താക്കള്‍ക്ക് കൈമാറി. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ പ്രീമിയം സബ്സിഡി ബാധ്യതയുടെ നേരത്തെയുള്ള 50 ശതമാനത്തിനു പകരം 90% കേന്ദ്ര ഗവണ്‍മെന്റ് ഇപ്പോള്‍ വഹിക്കും. ബാങ്കുകള്‍ നല്‍കിയ 3 ലക്ഷം രൂപവരെയുള്ള കാര്‍ഷിക വായ്പ കൃത്യമായി തിരിച്ചടയ്ക്കുന്ന എല്ലാ കര്‍ഷകര്‍ക്കും 3 ശതമാനം പ്രോംപ്റ്റ് റീപയ്മെന്റ് ഇന്‍സെന്റീവ് (പിആര്‍ഐ), 2 ശതമാനം പലിശയിളവ് എന്നിവ ലഭിക്കുന്ന കാലാവധി ഓഗസ്റ്റ് 31 വരെ നീട്ടി നല്‍കിയിരുന്നതായും കേന്ദ്ര മന്ത്രി അറിയിച്ചു.

 കേന്ദ്ര സ്ഥിതിവിവരക്കണക്ക് ഓഫീസ് (സിഎസ്ഒ) 2020 ഓഗസ്റ്റ് 31 ന് പുറത്തിറക്കിയ കണക്കനുസരിച്ച് 2020-21 ലെ ആദ്യ പാദമായ ഏപ്രില്‍-ജൂണ്‍ കാലയളവില്‍ കാര്‍ഷിക, അനുബന്ധ മേഖലകളുടെ യഥാര്‍ത്ഥ മൊത്ത മൂല്യവര്‍ദ്ധിത (ജിവിഎ) വളര്‍ച്ചാ നിരക്ക് 3.4 % ആണെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു.
 

***



(Release ID: 1657341) Visitor Counter : 237