വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

21ാം നൂറ്റാണ്ടിലെ വിപ്ലവകരമായ പരിഷ്‌കാരമാണ് ദേശീയ വിദ്യാഭ്യാസ നയം 2020 - പ്രകാശ് ജാവദേക്കര്‍

Posted On: 05 SEP 2020 2:17PM by PIB Thiruvananthpuram

ഉന്നതവിദ്യാഭ്യാസത്തിലെ ഗ്രോസ് എന്റോള്‍മെന്റ് റേഷ്യോ ഇരട്ടിയാകുമെന്ന് ഗവണ്‍മെന്റിന് ആത്മവിശ്വാസം

ബാല്യകാല പ്രാരംഭദിശയില്‍ വിദ്യാഭ്യാസം നല്‍കുന്നതാണ് എന്‍ഇപിയുടെ പ്രധാന സവിശേഷത


ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ വിപ്ലവകരമായ പരിഷ്‌കാരമാണ് ദേശീയ വിദ്യാഭ്യാസ നയം 2020 എന്ന് വിശേഷിപ്പിച്ച് കേന്ദ്രമന്ത്രി ശ്രീ പ്രകാശ് ജാവദേക്കര്‍. മുംബൈയിലെ പാര്‍ലെ തിലക് വിദ്യാലയ അസോസിയേഷന്റെ ശതാബ്ദിവര്‍ഷ അധ്യാപകദിനാഘോഷത്തില്‍ വീഡിയോ ലിങ്കിലൂടെ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ബാല്യകാലത്തിന്റെ തുടക്കത്തിലെ വിദ്യാഭ്യാസം, അന്വേഷണാധിഷ്ഠിത വിദ്യാഭ്യാസം, അധ്യാപക പരിശീലനം, അടിസ്ഥാന- സംഖ്യാ സാക്ഷരത എന്നിവയ്‌ക്കെല്ലാം  ഊന്നല്‍ നല്‍കും. എന്‍ഇപി 2020 യുവാക്കളെ ശാക്തീകരിക്കുമെന്നും അതിലൂടെ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ രാഷ്ട്രത്തെ മുന്നോട്ട് കൊണ്ടുപോകുമെന്നും മന്ത്രി പറഞ്ഞു. ''ഈ നയം അധ്യയന-പഠനാനുഭവം വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ആസ്വാദ്യകരമാക്കും''- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ ഗ്രോസ് എന്റോള്‍മെന്റ് റേഷ്യോ ഇരട്ടിയാക്കാമെന്ന ശ്രീ ജാവദേക്കര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു; നിലവിലെ അവസ്ഥയില്‍ നിന്ന് ഏകദേശം 25 ശതമാനത്തോളം. രാജ്യത്തുടനീളമുള്ള വിദ്യാര്‍ത്ഥികള്‍ അഭിവാഞ്ഛയുള്ളവരാകുമെന്നും സാമ്പത്തിക വളര്‍ച്ച കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കുന്നതിന് മാതാപിതാക്കള്‍ക്കു പ്രോത്സാഹനമേകിയെന്നും അദ്ദേഹം പറഞ്ഞു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കൂടുതലിടങ്ങളില്‍ വരുന്നതും, പ്രത്യേകിച്ചും ഗ്രാമപ്രദേശങ്ങളില്‍, ആവശ്യകത വര്‍ധിക്കുന്നതും ഇന്ത്യയിലെ ജിഇആറിനെ മെച്ചപ്പെടുത്തുന്ന നിര്‍ണായക ഘടകങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.


അവബോധം സൃഷ്ടിക്കുന്നതിനുള്ള മാര്‍ഗമാണ് വിദ്യാഭ്യാസം എന്നുള്ള ലോക്മാന്യ തിലകിന്റെ വീക്ഷണങ്ങള്‍ പറഞ്ഞുകൊണ്ടാണ് മന്ത്രി പ്രസംഗം ആരംഭിച്ചത്. പുതിയ നയം അടിസ്ഥാനപരവും സംഖ്യാപരവുമായ സാക്ഷരതയ്ക്ക് പ്രാധാന്യം നല്‍കുന്നുവെന്നും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ സ്‌കൂളിംഗ് (എന്‍ഐഒഎസ്) പോലുള്ള സ്ഥാപനങ്ങള്‍ എല്ലാവര്‍ക്കും വിദ്യാഭ്യാസം ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ബാല്യത്തിന്റെ പ്രാരംഭദശയില്‍ തന്നെ വിദ്യാഭ്യാസം നല്‍കുക എന്നത് എന്‍ഇപിയുടെ പ്രധാന സവിശേഷതയാണെന്നും മന്ത്രി അടിവരയിട്ടുപറഞ്ഞു. ചിന്താശേഷി,  ജിജ്ഞാസ, മാനസികാവബോധം എന്നിവ വളര്‍ത്തിയെടുക്കേണ്ട പ്രായമാണ് 3 മുതല്‍ 8 വയസ്സുവരെയെന്നും അദ്ദേഹം പറഞ്ഞു. കാണാപ്പാഠം പഠിക്കലിനേക്കാള്‍ മനസ്സിലാക്കിപ്പഠിക്കുന്നത് പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.

ആദ്യഘട്ടങ്ങളില്‍ പ്രവൃത്തി അധിഷ്ഠിത പഠനത്തിന് പ്രാധാന്യം നല്‍കുമെങ്കിലും, ഒന്‍പത് മുതല്‍ പന്ത്രണ്ടാംതരം വരെ വിശദവും പ്രസക്തവും പുതിയതുമായ അറിവുകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കും. ഇത് കുട്ടികള്‍ക്കിടയില്‍ ശാസ്ത്രീയാവബോധം വളര്‍ത്തും. ആഗോളതലത്തില്‍ മത്സരാധിഷ്ഠിതമായ പൗരന്മാരെ വാര്‍ത്തെടുക്കുന്നതിന് ഗവേഷണവും മാറ്റവും പ്രധാനമാണെന്ന് ശ്രീ ജാവദേക്കര്‍ പറഞ്ഞു. ഗവേഷണ അധിഷ്ഠിത കണ്ടെത്തലുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി 3,000 'അടല്‍ ടിങ്കറിംഗ് ലാബുകള്‍' വിജയകരമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആത്മനിര്‍ഭര്‍ ഭാരത് കെട്ടിപ്പടുക്കുന്നതില്‍ ഇതു പ്രാധാന്യമര്‍ഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

''ഒരു യഥാര്‍ത്ഥ അധ്യാപകന്‍ പുസ്തകങ്ങളിലൂടെയോ ബ്ലാക്ക് ബോര്‍ഡുകളിലൂടെയോ പഠിപ്പിക്കുന്നയാളല്ലെന്നും, അവന്റെ/അവളുടെ സ്വഭാവസവിശേഷതകളിലൂടെ വിദ്യാര്‍ത്ഥികളില്‍ മൂല്യങ്ങള്‍ വളര്‍ത്തുന്നയാളാണെന്നും'' മന്ത്രി പറഞ്ഞു. അധ്യാപകര്‍ക്ക് സമഗ്ര പരിശീലന പരിപാടി നല്‍കുന്നതിനായി നാലുവര്‍ഷത്തെ ബിഎഡ് ബിരുദത്തിനു തുടക്കം കുറിക്കും. അതില്‍ പ്രായോഗിക അധ്യാപന വൈദഗ്ദ്ധ്യവും ഉള്‍പ്പെടുത്തും. വേറൊന്നും ലഭിക്കാതെ വരുമ്പോള്‍ തെരഞ്ഞെടുക്കുന്ന ജോലിയായിട്ടല്ല, പകരം ഇഷ്ടംകൊണ്ട് ഈ മേഖലയിലേയ്ക്കു വരാന്‍ പ്രോത്സാഹനമാകുമെന്നും അദ്ദേഹം പറഞ്ഞു.

വിപുലമായ കൂടിയാലോചനകള്‍ക്ക് ശേഷമാണ് ദേശീയ വിദ്യാഭ്യാസ നയം രൂപീകരിച്ചിരിക്കുന്നതെന്ന് ശ്രീ ജാവദേക്കര്‍ പറഞ്ഞു. ഡോ. കെ കസ്തൂരിരംഗന്റെ നേതൃത്വത്തില്‍ പതിനാലോളം വിദഗ്ധര്‍ ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് മാനവവിഭവശേഷിവികസന മന്ത്രിയായിരുന്ന സമയത്തെ കാര്യങ്ങള്‍ അനുസ്മരിച്ച് അദ്ദേഹം പറഞ്ഞു.

പാര്‍ലെ തിലക് വിദ്യാലയ അസോസിയേഷനെക്കുറിച്ച്

മുംബൈയുടെ പ്രാന്തപ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് പാര്‍ലെ തിലക് വിദ്യാലയ അസോസിയേഷന്‍. 2020 ജൂണ്‍ 9 ന് ശതാബ്ദി വര്‍ഷത്തിലേക്ക് പ്രവേശിച്ചു. ലോക്മാന്യ തിലകന്റെ മഹത്തായ വ്യക്തിത്വത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് വിലേ പാര്‍ലെയിലെ പൗരന്മാരാണ് പാര്‍ലെ തിലക് വിദ്യാലയ അസോസിയേഷന്‍ (പി.ടി.വി.എ) സ്ഥാപിച്ചത്. ആദ്യത്തെ മറാത്തി സ്‌കൂളായ പാര്‍ലെ തിലക് വിദ്യാലയം 1921 ജൂണ്‍ 9 നാണ് ആരംഭിച്ചത്. ഇന്ന് 5 സ്‌കൂളുകളും 3 കോളേജുകളും ഒരു മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടും ഉണ്ട്. ആകെ 20,000 വിദ്യാര്‍ത്ഥികള്‍. മഹാരാഷ്ട്രയുടെ പ്രിയ എഴുത്തുകാരന്‍ പു. ല. ദേശ്പാണ്ഡെയുള്‍പ്പെടെയുള്ളവര്‍ പൂര്‍വവിദ്യാര്‍ഥികളാണ്.

 



(Release ID: 1651652) Visitor Counter : 183