ഇലക്ട്രോണിക്സ് & ഐ.ടി മന്ത്രാലയം

ഇലക്ട്രോണിക്സ് ഐടി മന്ത്രാലയത്തിന്റെ വീഡിയോ കോൺഫറൻസ് സംവിധാന വികസന മത്സരത്തിൽ ആലപ്പുഴ ആസ്ഥാനമായ സംരംഭത്തിന് വിജയം

Posted On: 20 AUG 2020 4:37PM by PIB Thiruvananthpuram


മെച്ചപ്പെട്ട വീഡിയോ കോൺഫറൻസ് സംവിധാനം വികസിപ്പിക്കാനായി നടത്തിയ മത്സരത്തിന്റെ  ഫലം  
കേന്ദ്ര ഇലക്ട്രോണിക്സ് ഐടി വിവരവിനിമയ നീതിന്യായ മന്ത്രി ശ്രീ രവി ശങ്കർ പ്രസാദ് പ്രഖ്യാപിച്ചു.

മെച്ചപ്പെട്ട വീഡിയോ കോൺഫറൻസ് സംവിധാനം വികസിപ്പിക്കുന്നത് ലക്ഷ്യമിട്ട് ഇലക്ട്രോണിക്സ് ഐടി മന്ത്രാലയം ഡിജിറ്റൽ ഇന്ത്യ ദൗത്യത്തിന് കീഴിൽ ഒരു നൂതനാശയം മത്സരം സംഘടിപ്പിച്ചിരുന്നു. 2020 ഏപ്രിൽ 12ന് ആരംഭിച്ച മത്സരത്തിൽ വ്യവസായ സംരംഭങ്ങൾ, സ്റ്റാർട്ടപ്പുകൾ, വ്യക്തികൾ തുടങ്ങിയവർക്ക് പങ്കെടുക്കാൻ അവസരം നൽകിയിരുന്നു. 1983 അപേക്ഷകളാണ് മത്സരത്തിൽ ലഭിച്ചത്.

 ഇതിൽ നിന്നും തെരഞ്ഞെടുത്ത 12 ആശയങ്ങളുടെ നിർമാണത്തിനായി 10 ലക്ഷം രൂപ വീതം ധനസഹായം ലഭ്യമാക്കി. ഇങ്ങനെ രൂപപ്പെടുത്തിയ  ഉൽപ്പന്നങ്ങളിൽ നിന്നും അവസാന അഞ്ച് എണ്ണത്തെ  തിരഞ്ഞെടുത്തു. ഇവയിൽ മൂന്നെണ്ണത്തിന് 20 ലക്ഷം രൂപയും ശേഷിച്ച രണ്ടെണ്ണത്തിന് 15 ലക്ഷം രൂപയും ധനസഹായം ലഭ്യമാക്കി

ആലപ്പുഴ ആസ്ഥാനമായ ടെക്‌ജെന്‍സിയ സോഫ്റ്റ്‌വെയർ ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡ് തയ്യാറാക്കിയ
വി കൺസോളിനെ, വിധികർത്താക്കൾ വിജയിയായി തെരഞ്ഞെടുത്തു. മത്സരത്തിൽ വിജയികളായവർക്ക് ഒരു കോടി രൂപയുടെ ധനസഹായത്തിനു പുറമെ, പ്രവർത്തന പാലന ചെലവുകൾക്കായി മൂന്നുവർഷത്തേക്ക്  പത്ത് ലക്ഷം രൂപയും നൽകുന്നതാണ്. ഇവർ നിർമ്മിച്ച സാങ്കേതികവിദ്യ പ്രത്യേക കരാറുകളോടെ  ഭാരതസർക്കാർ ഉപയോഗപ്പെടുത്തും

കൂടാതെ മൂന്ന് മത്സരാർത്ഥികൾ നിർമ്മിച്ച ഉൽപ്പന്നങ്ങളെ സാധ്യത ഉൽപ്പന്നങ്ങൾ എന്ന പേരിൽ വിധിനിർണയകമ്മിറ്റി തിരഞ്ഞെടുത്തിട്ടുണ്ട്. മൂന്നുമാസ കാലയളവിനുള്ളിൽ തങ്ങളുടെ ഉൽപന്നങ്ങൾ, കൂടുതൽ മെച്ചപ്പെടുത്താൻ ആയാൽ ഇവർക്ക് 25 ലക്ഷം രൂപ ധനസഹായം ഉൾപ്പെടുന്ന വികസന കരാറും ലഭ്യമാകുന്നതാണ്.

 ഈ നാല് ഉൽപ്പന്നങ്ങളും എൻ ഐ സി യുടെ ക്ലൗഡ് സൗകര്യത്തിൽ ലഭ്യമാക്കുന്നതാണ്. ഇതിനുപുറമേ GeM വഴിയുള്ള ഗവൺമെന്റ് ആവശ്യങ്ങൾക്കായി ഇവ ഏറ്റെടുക്കാനുള്ള നടപടികൾക്കും എൻഐസി വഴിയൊരുക്കും. മത്സരത്തിൽ പങ്കെടുത്ത എല്ലാ ടീമുകൾക്കും തങ്ങളുടെ ഉൽപ്പന്നങ്ങൾ അന്താരാഷ്ട്ര തലത്തിൽ വിപണനം ചെയ്യാവുന്നതാണ്.

****



(Release ID: 1647386) Visitor Counter : 158