ഉപരാഷ്ട്രപതിയുടെ കാര്യാലയം

ജനസംഖ്യാവർധക്കനുസൃതമായ വികസനവെല്ലുവിളികളെക്കുറിച്ച്  ഉപരാഷ്ട്രപതിയുടെ മുന്നറിയിപ്പ്

Posted On: 20 AUG 2020 1:31PM by PIB Thiruvananthpuram



ജനസംഖ്യ വർധിക്കുന്നതിനുസരിച്ച്‌ വികസന വെല്ലുവിളികൾ പരിഹരിക്കാൻ കൂടുതൽ ബുദ്ധിമുട്ടാകുമെന്ന് ഉപരാഷ്ട്രപതി ശ്രീ എം വെങ്കയ്യ നായിഡു മുന്നറിയിപ്പ് നൽകി.

ഇന്ത്യൻ അസോസിയേഷൻ ഓഫ് പാർലമെന്റേറിയൻസ് ഫോർ പോപ്പുലേഷൻ ആന്റ് ഡവലപ്മെന്റ് (ഐ‌എ‌പി‌പി‌ഡി)  പുറത്തുവിട്ട ‘സ്‌റ്റാറ്റസ്‌ ഓഫ്‌ സെക്‌സ്‌ റേഷ്യോ അറ്റ്‌ ബർത്ത്‌ ഇൻ ഇൻഡ്യ’, ‘എൽഡേർലി പോപ്പുലേഷൻ ഇൻ ഇന്ത്യ:  സ്റ്റാറ്റസ് ആൻഡ് സപ്പോർട്ട് സിസ്റ്റംസ്' എന്നീ രണ്ട് റിപ്പോർട്ടുകൾ ഇന്ന്‌ ഡൽഹിയിൽ വെർച്വലായി പുറത്തുവിട്ട ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനസംഖ്യ, വികസന വിഷയത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചതിന് ഐ‌എ‌പി‌പി‌ഡിയെ പ്രശംസിച്ച അദ്ദേഹം, 2036 ഓടെ ഇന്ത്യയിലെ ജനസംഖ്യ 1.52 ബില്യണായി ഉയരുമെന്ന വിദഗ്ധരുടെ പ്രവചനങ്ങളും പരാമർശിച്ചു (2011 നെ അപേക്ഷിച്ച് 25 ശതമാനം).

അടിസ്ഥാന സേവനങ്ങൾ എത്തിക്കുന്നതിനെ പരാമർശിച്ച അദ്ദേഹം 20 ശതമാനം ജനങ്ങൾ ദാരിദ്ര്യരേഖയ്ക്ക് താഴെയും തുല്യ അനുപാതത്തിൽത്തന്നെ നിരക്ഷരരുമുള്ള രാജ്യം നിരവധി വെല്ലുവിളികൾ നേരിടുന്നുണ്ടെന്നും പറഞ്ഞു. ഈ സാഹചര്യത്തിൽ, ജനങ്ങൾ അവരുടെ കുടുംബങ്ങളിൽ തന്നെ ആസൂത്രണം തുടങ്ങേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു.

നമ്മുടെ വയോജനതയെ അവരുടെ  പ്രായപരിധി ശേഷികൾക്കനുസരിച്ച് സജ്ജരാക്കണമെന്ന് ശ്രീ നായിഡു ആഹ്വാനം ചെയ്തു. അതുവഴി അവർക്ക്‌ കൂടുതൽ പ്രൊഫഷണൽ ജീവിതം നയിക്കാനും രാഷ്ട്രനിർമ്മാണത്തിൽ സംഭാവന നൽകാനും കഴിയും.

ആരോഗ്യ ആനുകൂല്യങ്ങൾ നൽകുകയും ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുകയും ചെയ്യുന്നതിലൂടെ വയോജനതയുടെ പ്രത്യേക ആവശ്യങ്ങൾ പരിഹരിക്കുന്നതിന് നമ്മുടെ ആരോഗ്യ സംവിധാനം തന്നെ പുന:ക്രമീകരിക്കേണ്ടതിന്റെ ആവശ്യകത ഉപരാഷ്ട്രപതി അടിവരയിട്ടു പറഞ്ഞു.

പെൺകുട്ടികൾക്കു സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിനൊപ്പം പെൺ ഭ്രൂണഹത്യയും സ്ത്രീധനവും നിരോധിക്കുന്ന നിയമങ്ങൾ കർശനമായി നടപ്പാക്കണമെന്ന് ഉപരാഷ്ട്രപതി ആവശ്യപ്പെട്ടു.

പാർലമെന്റിലും സംസ്ഥാന നിയമസഭകളിലും വനിതകൾക്ക് മതിയായ സംവരണം ഉറപ്പാക്കണമെന്നും ശ്രീ നായിഡു പറഞ്ഞു. ഈ സുപ്രധാന വിഷയത്തിൽ എത്രയും വേഗം സമവായത്തിലെത്താൻ എല്ലാ രാഷ്ട്രീയ പാർട്ടികളോടും അഭ്യർത്ഥിച്ചു. ഈ നിർദ്ദേശം ദീർഘകാലമായി തീർപ്പുകൽപ്പിക്കാത്തത് നിർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.ഐ‌എ‌പി‌പി‌ഡി ചെയർമാനും രാജ്യസഭയുടെ മുൻ ഡെപ്യൂട്ടി ചെയർമാനുമായ പ്രൊഫ. പി ജെ  കുര്യനും  ചടങ്ങിൽ പങ്കെടുത്തു.

***


(Release ID: 1647295) Visitor Counter : 210