ഉപരാഷ്ട്രപതിയുടെ കാര്യാലയം

കർഷകരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുള്ള നൂതന ആശയങ്ങളുമായി  മുന്നോട്ടു വരാൻ  ഉപരാഷ്ട്രപതി ഗവേഷകരോട് ആവശ്യപ്പെട്ടു

Posted On: 18 AUG 2020 1:56PM by PIB Thiruvananthpuram



കർഷകർക്ക് കൂടുതൽ ശ്രദ്ധ കൊടുക്കണമെന്നും കർഷകർ നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് നവീന പദ്ധതികൾ ആവിഷ്കരിക്കണമെന്നും ഉപരാഷ്ട്രപതി ശ്രീ എം വെങ്കയ്യ നായിഡു ഗവേഷകരോടും ശാസ്ത്രജ്ഞരോടും ആവശ്യപ്പെട്ടു.

 കർഷകർക്ക് വിവിധ പ്രശ്നങ്ങളിൽ സമയബന്ധിതമായി വിവരങ്ങൾ നൽകുന്നതിനും   ശീതീകരിച്ച സംഭരണ സൗകര്യങ്ങൾ ഒരുക്കുന്നതിനും ആവശ്യമായ പുതിയ സാങ്കേതികവിദ്യകൾ സൃഷ്ടിക്കുന്നതിലും  നവസംരംഭകരും ഗവേഷകരും ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഉപ-രാഷ്ട്രപതി നിവാസിൽ ഇന്ന് നടന്ന ARIIA-2020 (അടൽ റാങ്കിംഗ് ഓഫ് ഇൻസ്റ്റിട്യൂഷൻസ്‌ ഓൺ  ഇന്നൊവേഷൻ അച്ചീവ്‌മെന്റ്) അവാർഡ് ദാന ചടങ്ങിൽ സംസാരിച്ച ശ്രീ നായിഡു പറഞ്ഞു.

പുതിയ ദേശീയ വിദ്യാഭ്യാസ നയം നൂതനാശയങ്ങളെ  പരിപോഷിപ്പിക്കുന്ന ഒട്ടേറെ ശുപാർശകൾ നൽകിയതിൽ സന്തോഷം പ്രകടിപ്പിച്ച അദ്ദേഹം,  അദ്ധ്യാപനം  പഠനം  ഗവേഷണം എന്നീ മേഖലകളിൽ ഗുണനിലവാരം വളരെയധികം മെച്ചപ്പെടുത്താൻ കഴിയുന്ന ഒരു പുതിയ ദർശനം രൂപപ്പെടുത്താൻ പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന് സാധിച്ചിട്ടുണ്ടെന്നും പറഞ്ഞു.

ഇന്ത്യ ഒരു കാലത്ത് വിശ്വ ഗുരു എന്നാണ് അറിയപ്പെട്ടിരുന്നതെന്നും വിദൂര രാജ്യങ്ങളിൽ നിന്നു പോലും വിദ്യാർത്ഥികൾ നളന്ദയും തക്ഷശിലയും പോലുള്ള നമ്മുടെ സർവകലാശാലകളിൽ പഠിക്കാനെത്തിയിരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.“പൂജ്യം”, ദശാംശ സമ്പ്രദായം എന്നിവയുടെ കണ്ടുപിടുത്തത്തിൽ തുടങ്ങി കുറഞ്ഞത് 20 നൂറ്റാണ്ടുകളിലായി വ്യാപിച്ചു കിടക്കുന്ന ഇന്ത്യയുടെ വിശിഷ്ടമായ ചരിത്രം അനുസ്മരിച്ചുകൊണ്ടാണ്  ഉപരാഷ്ട്രപതി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

ഇന്ത്യ ആ ബൗദ്ധിക നേതൃത്വം വീണ്ടെടുക്കണമെന്നും പഠനത്തിന്റെയും നവീനാശയങ്ങളുടെയും  ആഗോള കേന്ദ്രമായി വീണ്ടും ഉയർന്നുവരണമെന്നും ശ്രീ നായിഡു പറഞ്ഞു.

വിദ്യാർത്ഥികളിൽ നവീന ആശയങ്ങൾ ഉരുത്തിരിയുന്നതിന്  അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിലുള്ള മികവ് തിരിച്ചറിയുന്നതിനുള്ള ഒരു പ്രധാന നടപടിയാണ് നൂതന നേട്ടങ്ങൾ അടിസ്ഥാനമാക്കിയുള്ള  സ്ഥാപനങ്ങളുടെ അടൽ റാങ്കിംഗ് എന്നും ശ്രീ നായിഡു വ്യക്തമാക്കി.വിദ്യാഭ്യാസ മന്ത്രി ശ്രീ രമേശ് പൊഖ്രിയാൽ  നിഷാങ്ക്, സഹമന്ത്രി ശ്രീ സഞ്ജയ് ധോത്രെ എന്നിവരും ഓൺലൈൻ ആയി നടന്ന പരിപാടിയിൽ പങ്കെടുത്തു.

***



(Release ID: 1646679) Visitor Counter : 185