പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഒരു ലക്ഷം കോടി രൂപയുടെ കാര്‍ഷിക അടിസ്ഥാന സൗകര്യനിധി ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി


ആധാറുമായി ബന്ധിപ്പിച്ച 8.5 കോടിയോളം കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പിഎം കിസാന്‍ വഴി പ്രധാനമന്ത്രി 17000 കോടി രൂപ കൈമാറി

മന്ത്രിസഭ അംഗീകാരം ലഭിച്ച് 30 ദിവസത്തിനുള്ളില്‍ കാര്‍ഷിക അടിസ്ഥാന സൗകര്യനിധിയുടെ കീഴില്‍ 2280 ലേറെ കര്‍ഷക സൊസൈറ്റികള്‍ക്ക് 1000 കോടി രൂപ അനുവദിച്ചു

Posted On: 09 AUG 2020 12:13PM by PIB Thiruvananthpuram


കാര്‍ഷിക അടിസ്ഥാന സൗകര്യ നിധിക്കു കീഴില്‍ കര്‍ഷകര്‍ക്ക് വായ്പ നല്‍കുന്നതിനായി ഒരു ലക്ഷം കോടി രൂപ അനുവദിക്കുന്ന കേന്ദ്ര പദ്ധതി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്തു.

കര്‍ഷകരെക്കൂടാതെ പി.എ.സി.എസ്, എഫ്.പി.ഒകള്‍, കാര്‍ഷിക സംരംഭകര്‍ തുടങ്ങിയവര്‍ക്കും സാമൂഹ്യ കൃഷിരീതി അവലംബിക്കുന്നതിനും വിളവെടുപ്പിന് ശേഷമുള്ള അടിസ്ഥാന സൗകര്യ വികസനത്തിനും പദ്ധതി ഉപകാരപ്രദമാകും. ഇത് കര്‍ഷകരെ കാര്‍ഷിക വിളകള്‍ സംഭരിക്കാനും ന്യായ വിലയ്ക്ക് വില്‍ക്കാനും സഹായിക്കുന്നതിലൂടെ കാര്‍ഷിക വിളകളുടെ മൂല്യവര്‍ധനവിനും കാരണമാകും.

പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം ലഭിച്ച് വെറും 30 ദിവസമാകുമ്പോഴേക്കുതന്നെ ഇന്ന് 2,280 കാര്‍ഷിക സൊസൈറ്റികള്‍ക്കായി 1000 കോടി രൂപ അനുവദിച്ചുകഴിഞ്ഞു. വീഡിയോ കോണ്‍ഫറന്‍സ് വഴി സംഘടിപ്പിച്ച ഉദ്ഘാടന പരിപാടിയില്‍ കര്‍ഷകര്‍, എഫ്പിഒകള്‍, പിഎസിഎസ് തുടങ്ങിയവര്‍ പങ്കെടുത്തു.

ചടങ്ങില്‍വച്ച് പിഎം കിസാന്‍ പദ്ധതിക്കുകീഴില്‍ ഏകദേശം 8.5 കോടി കര്‍ഷകര്‍ക്കായി 17,000 കോടി രൂപയുടെ ആറാം ഗഡുവും കൈമാറി. ഒരു ക്ലിക്കിലൂടെ ആധാറുമായി ബന്ധിപ്പിച്ച കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് തത്സമയം തുക കൈമാറ്റം ചെയ്യപ്പെട്ടു. ഇതോടെ, പദ്ധതി ഉദ്ഘാടനം ചെയ്ത 2018 ഡിസംബര്‍ 1 മുതല്‍ ഇതുവരെ 10 കോടിയിലധികം കര്‍ഷകര്‍ക്കായി 90,000 കോടി രൂപ നല്‍കി.

പ്രാഥമിക കാര്‍ഷിക ക്രെഡിറ്റ് സൊസൈറ്റികളുമായുള്ള ആശയവിനിമയം

പദ്ധതിയുടെ ആദ്യഗുണഭോക്താക്കളായ കര്‍ണാടക, മധ്യപ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ നിന്നുള്ള 3 പ്രാഥമിക കാര്‍ഷിക ക്രെഡിറ്റ് സൊസൈറ്റികളുമായി പ്രധാനമന്ത്രി ഓണ്‍ലൈനായി ആശയവിനിമയം നടത്തി. സൊസൈറ്റികളുടെ നിലവിലെ പ്രവര്‍ത്തനം സംബന്ധിച്ചും വായ്പകള്‍ എങ്ങനെ ചെലവിടുമെന്നതു സംബന്ധിച്ചും പ്രതിനിധികളുമായി പ്രധാനമന്ത്രി ചര്‍ച്ചചെയ്തു. സംഭരണകേന്ദ്രങ്ങള്‍, തരംതിരിക്കല്‍ യൂണിറ്റുകള്‍ തുടങ്ങിയവ നിര്‍മിക്കാനും കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് മെച്ചപ്പെട്ട വില ലഭ്യമാക്കാനുമുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ച് സൊസൈറ്റി പ്രതിനിധികള്‍ പ്രധാനമന്ത്രിയെ അറിയിച്ചു.

രാജ്യത്തോടുള്ള അഭിസംബോധന

പ്രാഥമിക കാര്‍ഷിക ക്രെഡിറ്റ് സൊസൈറ്റികളുമായുള്ള ആശയവിനിമയത്തിനുശേഷം, കര്‍ഷകരും കാര്‍ഷിക മേഖലയും പദ്ധതിയില്‍ നിന്ന് മെച്ചപ്പെട്ട ഉല്‍പ്പാദനവും നേട്ടങ്ങളും കൈവരിക്കുമെന്ന് പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. പദ്ധതി കര്‍ഷകര്‍ക്കും കാര്‍ഷിക മേഖലയ്ക്കും ഊര്‍ജ്ജം പകരുമെന്നും ആഗോള തലത്തില്‍ മത്സരിക്കാന്‍ ഇന്ത്യയെ പ്രാപ്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംഭരണശാല, കോള്‍ഡ് ചെയിന്‍, ഭക്ഷ്യ സംസ്‌കരണം തുടങ്ങിയ വിളവെടുപ്പിന് ശേഷമുള്ള മേഖലകളില്‍ നിക്ഷേപം വരുന്നതിന് ഇന്ത്യക്ക് വലിയ സാധ്യതകളുണ്ടെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കിയ പ്രധാനമന്ത്രി ജൈവ-പോഷക ഭക്ഷണത്തിന് ആഗോള സാന്നിധ്യം ഉറപ്പിക്കാനും കഴിയുമെന്ന് പറഞ്ഞു. സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് ഇത് മികച്ച അവസരമാണ് വാഗ്ദാനം ചെയ്യുന്നത്. രാജ്യത്തെ എല്ലാ മുക്കിലും മൂലയിലുമുള്ള കര്‍ഷകരിലേക്ക് എത്തിച്ചേരുന്ന ഒരു ജൈവ സംവിധാനം ഉണ്ടാക്കാനും ഇതിലൂടെ കഴിയുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

പിഎം കിസാന്‍ പദ്ധതി ഇതുവരെ നടപ്പിലാക്കിയ രീതിയില്‍ പ്രധാനമന്ത്രി സംതൃപ്തി പ്രകടിപ്പിച്ചു. മറ്റ് ചില രാജ്യങ്ങളിലെ ആകെ ജനസംഖ്യയെക്കാള്‍ കൂടുതല്‍ കര്‍ഷകരിലേയ്ക്ക് പദ്ധതി എത്തിക്കാനും ഫണ്ട് വിനിയോഗം നടത്താനും ഇന്നത്തെ തുക അനുവദിക്കലിലൂടെ കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. രജിസ്‌ട്രേഷന്‍ നടപടികള്‍ മുതല്‍ ഈ ഘട്ടം വരെ കര്‍ഷകരെ സഹായിക്കുകയും പദ്ധതി നടപ്പിലാക്കുകയും ചെയ്ത സംസ്ഥാനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.

കേന്ദ്ര കൃഷി കാര്‍ഷികക്ഷേമമന്ത്രി നരേന്ദ്ര സിങ് തോമറും ചടങ്ങില്‍ പങ്കെടുത്തു.


കാര്‍ഷിക അടിസ്ഥാനസൗകര്യനിധി

കാര്‍ഷിക അടിസ്ഥാനസൗകര്യനിധി ഒരു ഇടക്കാല-ദീര്‍ഘകാല വായ്പാസൗകര്യമാണ്. വിളവെടുപ്പിനു ശേഷമുള്ള അടിസ്ഥാനസൗകര്യ വികസനത്തിനും സാമൂഹ്യ കാര്‍ഷിക ആസ്തികള്‍ക്കും പലിശ ഇളവ്, ക്രെഡിറ്റ് ഗ്യാരന്റി എന്നിവയിലൂടെ വിവിധ പദ്ധതികള്‍ക്കു സഹായകമാകുന്നതാണിത്.  പദ്ധതിയുടെ കാലാവധി 2020 മുതല്‍ 2029 വരെയുള്ള 10 സാമ്പത്തികവര്‍ഷമാണ്. പദ്ധതി പ്രകാരം ഒരു ലക്ഷം കോടി രൂപ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും പ്രതിവര്‍ഷം 3% പലിശ ഇളവോടുകൂടിയ വായ്പയായും രണ്ട് കോടി രൂപ വരെയുള്ള വായ്പകള്‍ക്കായി സിജിടിഎംഎസ്ഇ പദ്ധതി പ്രകാരം ക്രെഡിറ്റ് ഗ്യാരന്റി പരിരക്ഷയായും നല്‍കും. കര്‍ഷകര്‍, പിഎസിഎസ്, വാണിജ്യസഹകരണ സംഘങ്ങള്‍, എഫ്പിഒകള്‍, സ്വയംസഹായസംഘങ്ങള്‍, ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകള്‍ (ജെഎല്‍ജി), വിവിധോദ്ദേശ്യ സഹകരണ സംഘങ്ങള്‍, കാര്‍ഷിക സംരംഭകര്‍, സ്റ്റാര്‍ട്ടപ്പുകള്‍, കേന്ദ്ര / സംസ്ഥാന ഏജന്‍സി അല്ലെങ്കില്‍ തദ്ദേശസ്ഥാപനം പിന്തുണയ്ക്കുന്ന പൊതു-സ്വകാര്യ പങ്കാളിത്ത പദ്ധതികള്‍ എന്നിവ ഗുണഭോക്താക്കളില്‍ ഉള്‍പ്പെടും.

പിഎം - കിസാന്‍
2018 ഡിസംബറിലാണ് പിഎം - കിസാന്‍ ആരംഭിച്ചത്. കാര്‍ഷിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും കുടുംബത്തിനു താങ്ങാകുന്നതിനും ഭൂമികൈവശമുള്ള കര്‍ഷകര്‍ക്ക് (ചില ഒഴിവാക്കല്‍ മാനദണ്ഡങ്ങള്‍ക്ക് വിധേയമായി) വരുമാന സഹായം നല്‍കുന്നതാണ് പദ്ധതി. ഈ പദ്ധതി പ്രകാരം അര്‍ഹരായ ഗുണഭോക്താക്കളായ കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6000 രൂപ മൂന്ന് തുല്യ ഗഡുക്കളായി നല്‍കുന്നു.

കാര്‍ഷികമേഖലയ്ക്ക് നവോദയം

പ്രധാനമന്ത്രിയുടെ മാര്‍ഗനിര്‍ദേശത്തില്‍ കേന്ദ്രഗവണ്‍മെന്റ് സ്വീകരിച്ച പരിഷ്‌കരണ പരമ്പരയിലെ ഏറ്റവും പുതിയതാണ് ഇവ. ഈ നടപടികള്‍ ഇന്ത്യയിലെ കാര്‍ഷിക മേഖലയില്‍ ഒരു പുതിയ ഏടു കൂട്ടിച്ചേര്‍ക്കും. രാജ്യത്തെ കര്‍ഷകരുടെ ഉപജീവനത്തില്‍ ക്ഷേമവും സുസ്ഥിരതയും ഉറപ്പുവരുത്തുന്നതിനായുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധതയും ഈ നടപടികള്‍ കാണിക്കുന്നു.


***(Release ID: 1644589) Visitor Counter : 59