ഉപരാഷ്ട്രപതിയുടെ കാര്യാലയം

ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളിൽ അഭിപ്രായം പറയുന്നതിൽ നിന്നും വിട്ടു നിൽക്കണമെന്ന് ഉപരാഷ്ട്രപതി മറ്റു രാഷ്ട്രങ്ങളോട് അഭ്യർത്ഥിച്ചു

Posted On: 06 AUG 2020 1:15PM by PIB Thiruvananthpuram



 ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളിൽ അഭിപ്രായം പറയുന്നതിൽ നിന്നും വിട്ടുനിൽക്കണമെന്ന് ഉപരാഷ്ട്രപതി അയൽ രാജ്യങ്ങൾ ഉൾപ്പെടെ മറ്റു രാഷ്ട്രങ്ങളോട് അഭ്യർത്ഥിച്ചു. ജമ്മുകാശ്മീരിൽ ഭരണഘടനയുടെ 370 അനുഛേദം  റദ്ദാക്കിയ നടപടി ഇന്ത്യയുടെ ഐക്യം,  അഖണ്ഡത,  പരമാധികാരം,  സുരക്ഷ എന്നിവ സംരക്ഷിക്കാനുള്ള പൊതുതാൽപര്യ പ്രകാരമായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു.

മുൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ  ഒന്നാം ചരമവാർഷിക ദിനമായ ഇന്ന്,  പഞ്ചാബ് സർവകലാശാല സംഘടിപ്പിച്ച പ്രഥമ സുഷമാസ്വരാജ് മെമ്മോറിയൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇന്ത്യ ഒരു പാർലമെന്ററി ജനാധിപത്യ രാജ്യമാണെന്നും  അനുച്ഛേദം 370 റദ്ദാക്കാനുള്ള തീരുമാനം പാർലമെന്റിൽ വിശദമായി ചർച്ചചെയ്തു ഭൂരിപക്ഷം അംഗങ്ങളുടെ പിന്തുണ യോടെയാണ് നടപ്പാക്കിയതെന്നും  ഉപരാഷ്ട്രപതി പറഞ്ഞു.

കൈകാര്യം ചെയ്ത പദവികളിൽ ഓരോന്നിലും തന്റേതായ  വ്യക്തിമുദ്ര പതിപ്പിച്ച മികച്ച ഭരണകർത്താവ് ആയിരുന്നു  സുഷമാസ്വരാജ് എന്ന്  അദ്ദേഹം അനുസ്മരിച്ചു. ലോക്സഭയിലേക്ക് ഏഴ് പ്രാവശ്യവും നിയമസഭയിലേക്ക് മൂന്നു പ്രാവശ്യവും തിരഞ്ഞെടുക്കപ്പെട്ടത് ജനങ്ങൾക്കിടയിൽ അവരുടെ  സ്വീകാര്യത വെളിവാക്കുന്നതാണെന്ന്  രാഷ്ട്രപതി കൂട്ടിച്ചേർത്തു.

മികച്ച വാഗ്മി ആയ സുഷമാസ്വരാജ് 1996 ൽ  ലോക്സഭയിൽ നടന്ന സംവാദത്തിൽ 'ഭാരതീയത' വ്യാഖ്യാനിച്ച വിധം ഉപരാഷ്ട്രപതി അനുസ്മരിച്ചു. തികഞ്ഞ ദേശസ്നേഹി ആയിരുന്നു സുഷമ സ്വരാജ് എന്ന് അദ്ദേഹം പറഞ്ഞു. എപ്പോഴും അവർ തന്റെ ആശയങ്ങൾ തുറന്നു  പറഞ്ഞിരുന്നതായും ഉപരാഷ്ട്രപതി  പ്രഭാഷണത്തിൽ പറഞ്ഞു.

****



(Release ID: 1643830) Visitor Counter : 114