പ്രധാനമന്ത്രിയുടെ ഓഫീസ്‌

റീവ അള്‍ട്രാ മെഗാ സൗരോര്‍ജ പദ്ധതി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി രാഷ്ട്രത്തിനു സമര്‍പ്പിച്ചു

Posted On: 10 JUL 2020 1:15PM by PIB Thiruvananthpuram


21-ാം നൂറ്റാണ്ടിലെ ഊര്‍ജ്ജാവശ്യങ്ങളുടെ മാധ്യമമാകും സൗരോര്‍ജ്ജം; കാരണം സൗരോര്‍ജ്ജം ഉറപ്പുള്ളതും ശുദ്ധവും സുരക്ഷിതവുമാണ്: പ്രധാനമന്ത്രി



റീവ അള്‍ട്രാ മെഗാ സൗരോര്‍ജ്ജ പദ്ധതി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് രാഷ്ട്രത്തിനു സമര്‍പ്പിച്ചു. ഏഷ്യയിലെ ഏറ്റവും വലിയ വൈദ്യുതി പദ്ധതിയായ റീവ പദ്ധതിയുടെ സമര്‍പ്പണം വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് പ്രധാനമന്ത്രി നിര്‍വഹിച്ചത്.

ഈ പതിറ്റാണ്ടില്‍ ശുദ്ധവും ശുചിത്വപൂര്‍ണവുമായ ഊര്‍ജത്തിന്റെ പ്രധാന കേന്ദ്രമായി ഈ മേഖലയെ മുഴുവന്‍ മാറ്റാന്‍ റീവ  പദ്ധതിക്കാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. റീവ പ്രദേശമാകെ മാത്രമല്ല, ഡല്‍ഹി മെട്രോയ്ക്കും വൈദ്യുതി വിതരണം ചെയ്യാനുള്ള ശ്രമത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു.

നീമച്ച്, ശാജാപൂര്‍, ഛതര്‍പൂര്‍, ഓംകാരേശ്വര്‍ എന്നിവിടങ്ങളിലും ഇത്തരത്തിലുള്ള വലിയ പദ്ധതികള്‍ പുരോഗമിക്കുന്നതിനാല്‍, സമീപഭാവിയില്‍ തന്നെ മധ്യപ്രദേശ് ഇന്ത്യയിലെ സൗരോര്‍ജ്ജത്തിന്റെ പ്രധാന കേന്ദ്രമാകുമെന്നും അദ്ദേഹം പറഞ്ഞു.

പാവപ്പെട്ടവര്‍, ഇടത്തരക്കാര്‍, ഗിരിവര്‍ഗക്കാര്‍, മധ്യപ്രദേശിലെ കര്‍ഷകര്‍ എന്നിവരാണ് ഇതിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കളെന്ന് അദ്ദേഹം പറഞ്ഞു.

ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഇന്ത്യയുടെ ഊര്‍ജ്ജ ആവശ്യങ്ങള്‍ക്ക് പ്രചോദനമാകുന്ന പ്രധാന മാധ്യമം സൗരോര്‍ജ്ജമാകുമെന്നു പ്രധാനമന്ത്രി പറഞ്ഞു.

'ഉറപ്പുള്ളതും ശുദ്ധവും സുരക്ഷിതവും' എന്നാണ് സൗരോര്‍ജ്ജത്തെ അദ്ദേഹം വിശേഷിപ്പിച്ചത്. സൂര്യനില്‍ നിന്നുള്ള നിലയ്ക്കാത്ത ഊര്‍ജ്ജപ്രവാഹമുള്ളതിനാലാണ് ഇത് ഉറപ്പുള്ളതാകുന്നത്. ശുദ്ധമാകുന്നത് പരിസ്ഥിതി സൗഹൃദം എന്നതിനാലാണ്. നമ്മുടെ ഊര്‍ജാവശ്യങ്ങള്‍ക്കുള്ള സുരക്ഷിതമായ ഉറവിടമാണ് എന്നതിനാലാണ് ഇത് സുരക്ഷിതമാകുന്നത്.

ഇത്തരം സൗരോര്‍ജ്ജ പദ്ധതികള്‍ ആത്മനിര്‍ഭര്‍ ഭാരതിന്റെ (സ്വയംപര്യാപ്ത ഇന്ത്യ) യഥാര്‍ത്ഥ മാതൃകകളാണെന്നും പ്രധാനമന്ത്രി വിശേഷിപ്പിച്ചു.


സ്വയംപര്യാപ്തതയുടെയും പുരോഗതിയുടെയും പ്രധാന ഘടകമാണ് സമ്പദ്വ്യവസ്ഥയെന്ന് അദ്ദേഹം പറഞ്ഞു. സമ്പദ്വ്യവസ്ഥയിലാണോ പരിസ്ഥിതിശാസ്ത്രത്തിലാണോ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് എന്ന പതിവു പ്രതിസന്ധിയെക്കുറിച്ചു പരാമര്‍ശിച്ച പ്രധാനമന്ത്രി, സൗരോര്‍ജപദ്ധതികളിലും മറ്റു പരിസ്ഥിതി സൗഹൃദ നടപടികളിലും ശ്രദ്ധ ചെലുത്തിയാണ് ഇത്തരം പ്രതിസന്ധികള്‍ ഇന്ത്യ പരിഹരിച്ചതെന്നു വ്യക്തമാക്കി. സമ്പദ്വ്യവസ്ഥയും പരിസ്ഥിതിശാസ്ത്രവും പരസ്പര വിരുദ്ധമല്ല, പരസ്പര പൂരകമാണെന്നും ശ്രീ. മോദി പറഞ്ഞു.

ഗവണ്‍മെന്റിന്റെ എല്ലാ പരിപാടികളിലും പരിസ്ഥിതി സംരക്ഷണത്തിനും സുഗമമായ ജീവിതചര്യകള്‍ക്കും പ്രാധാന്യം നല്‍കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ശുചിത്വ ഭാരതം, പാവപ്പെട്ട കുടുംബങ്ങള്‍ക്ക് എല്‍പിജി സിലിണ്ടറുകളുടെ വിതരണം, സിഎന്‍ജി ശൃംഖലയുടെ വികസനം തുടങ്ങിയ പദ്ധതികള്‍ പാവപ്പെട്ടവര്‍ക്കും ഇടത്തരക്കാര്‍ക്കും സുഗമമായ ജീവിതസാഹചര്യം ഒരുക്കുന്നതിനെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു.

പരിസ്ഥിതിയുടെ സംരക്ഷണം ഏതാനും പദ്ധതികളില്‍ മാത്രമായി ഒതുക്കാവുന്നതല്ല, മറിച്ച് അത് മുന്നോട്ടുള്ള ജീവിതത്തിന്റെ പാതയാണെന്ന്  പ്രധാനമന്ത്രി പറഞ്ഞു.

പുനരുപയോഗത്തിനു സാധ്യമായ ഊര്‍ജ്ജസ്രോതസുകള്‍ കേന്ദ്രീകരിച്ചുള്ള വലിയ പദ്ധതികള്‍ക്കു തുടക്കം കുറിക്കുമ്പോള്‍, ജീവിതത്തിന്റെ എല്ലാ മേഖലകളിലും ശുദ്ധമായ ഊര്‍ജത്തിലേയ്ക്കുള്ള നിശ്ചയദാര്‍ഢ്യം കാണാനാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ എല്ലാ കോണുകളിലും, സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും, ഓരോ പൗരനും അതിന്റെ നേട്ടങ്ങള്‍ ലഭ്യമാക്കുമെന്ന് ഗവണ്‍മെന്റ് ഉറപ്പാക്കുന്നുണ്ട്. എല്‍ഇഡി ബള്‍ബുകള്‍ അവതരിപ്പിച്ചപ്പോള്‍ അതെങ്ങനെയാണ് വൈദ്യുതി ബില്‍ കുറച്ചത് എന്ന ഉദാഹരണം സൂചിപ്പിച്ച് അദ്ദേഹം ഇക്കാര്യം വിശദീകരിച്ചു. 40 ദശലക്ഷം ടണ്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് പരിസ്ഥിതിയില്‍ കലരുന്നത് തടയാന്‍  എല്‍ഇഡി ബള്‍ബുകള്‍ക്കു കഴിയുന്നു. ഇത് വൈദ്യുത ഉപഭോഗം 6 ബില്യണ്‍ യൂണിറ്റായി കുറച്ചതായും രാജ്യത്തിന് 24,000 കോടി രൂപ ലാഭമുണ്ടാക്കിയതായും അദ്ദേഹം പറഞ്ഞു.

നമ്മുടെ പരിസ്ഥിതി, വായു, ജലം എന്നിവ ശുദ്ധമായി സംരക്ഷിക്കാന്‍ ഗവണ്‍മെന്റ് നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും, ഈ ചിന്ത സൗരോര്‍ജത്തെക്കുറിച്ചുള്ള നയത്തിലും തന്ത്രത്തിലും പ്രതിഫലിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സൗരോര്‍ജ്ജ മേഖലയില്‍ ഇന്ത്യയുടെ മാതൃകാപരമായ പുരോഗതി ലോകത്തിന്റെയും പ്രധാന ശ്രദ്ധാകേന്ദ്രമാകുമെന്ന് ശ്രീ. മോദി പറഞ്ഞു. ഇത്തരം നടപടികളിലൂടെ ശുദ്ധമായ ഊര്‍ജ്ജത്തിന്റെ ഏറ്റവും ആകര്‍ഷകമായ വിപണിയായി ഇന്ത്യ കണക്കാക്കപ്പെടും.

സൗരോര്‍ജ്ജത്തിന്റെ കാര്യത്തില്‍ ലോകത്തെയാകെ ഒരുമിപ്പിക്കുക  എന്ന ലക്ഷ്യത്തോടെയാണ് അന്താരാഷ്ട്ര സോളാര്‍ അലയന്‍സിനു (ഐ.എസ്.എ) രൂപംനല്‍കിയതെന്നു പ്രധാനമന്ത്രി പറഞ്ഞു. ഒരു ലോകം, ഒരു സൂര്യന്‍, ഒരു ഗ്രിഡ് എന്ന ചിന്തയാണ് ഇതിനു പിന്നിലെന്നും അദ്ദേഹം പറഞ്ഞു.

മധ്യപ്രദേശിലെ കര്‍ഷകരും ഗവണ്‍മെന്റിന്റെ കുസും പദ്ധതി ഉപയോഗപ്പെടുത്തുമെന്നും അധിക വരുമാനമാര്‍ഗമായി അവരുടെ ഭൂമിയില്‍ സൗരോര്‍ജ്ജ നിലയങ്ങള്‍ സ്ഥാപിക്കുമെന്നും പ്രധാനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ഉടന്‍ തന്നെ ഇന്ത്യ ഒരു പ്രധാന ഊര്‍ജ്ജ കയറ്റുമതി രാജ്യമാകുമെന്ന പ്രത്യാശയും അദ്ദേഹം പ്രകടിപ്പിച്ചു.

ഫോട്ടോവോള്‍ട്ടായിക് സെല്ലുകള്‍, ബാറ്ററി, സംഭരണം തുടങ്ങി സൗരോര്‍ജ നിലയങ്ങള്‍ക്ക് ആവശ്യമായ വിവിധ ഹാര്‍ഡെ്‌വെറുകളുടെ ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിലും ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഈ ദിശയില്‍ പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണ്. വ്യവസായം, യുവാക്കള്‍, സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങള്‍, സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവയ്ക്ക് ഈ അവസരം നഷ്ടപ്പെടുത്താതിരിക്കാനും സൗരോര്‍ജ്ജ ഉല്‍പ്പാദനത്തിനും മെച്ചപ്പെടുത്തലിനും ആവശ്യമായ വിവരങ്ങള്‍ ലഭ്യമാക്കാനും ഗവണ്‍മെന്റ് പ്രോത്സാഹനം നല്‍കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ നിലനില്‍ക്കുന്ന പ്രതിസന്ധിയെക്കുറിച്ച് പരാമര്‍ശിച്ച പ്രധാനമന്ത്രി, ഗവണ്‍മെന്റിനാകട്ടെ സമൂഹത്തിനാകട്ടെ, അനുകമ്പയും ജാഗ്രതയുമാണ് ഈ കഠിനമായ വെല്ലുവിളി നേരിടാനുള്ള ഏറ്റവും വലിയ പ്രചോദനമെന്ന് പറഞ്ഞു. ലോക്ക്ഡൗണിന്റെ തുടക്കം മുതല്‍ തന്നെ പാവപ്പെട്ടവര്‍ക്കും നിരാലംബര്‍ക്കും ഭക്ഷണവും ഇന്ധനവും ലഭിക്കുമെന്ന് ഗവണ്‍മെന്റ് ഉറപ്പാക്കിയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അണ്‍ലോക്ക്ഡൗണ്‍ ഘട്ടത്തില്‍ പോലും ഈ വര്‍ഷം നവംബര്‍ വരെ സൗജന്യ ഭക്ഷണവും എല്‍പിജിയും വിതരണം ചെയ്യാന്‍ ഗവണ്‍മെന്റ് തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു.

ഇതു മാത്രമല്ല, ദശലക്ഷക്കണക്കിന് സ്വകാര്യമേഖലയിലെ ജീവനക്കാരുടെ ഇപിഎഫ് അക്കൗണ്ടിലേക്ക് ഗവണ്‍മെന്റ് മുഴുവന്‍ പങ്കും നിക്ഷേപിക്കുന്നുണ്ട്. അതുപോലെ, പ്രധാനമന്ത്രി-സ്വാനിധി പദ്ധതിയിലൂടെ, ഈ സംവിധാനത്തില്‍ കുറഞ്ഞ പങ്കാളിത്തമുള്ളവര്‍ക്കുപോലും പ്രയോജനം ലഭിക്കുന്നുണ്ട്.

മധ്യപ്രദേശിനെ മഹത്തരമാക്കാന്‍ ജനങ്ങള്‍ വീടുകളില്‍ നിന്നുപുറത്തിറങ്ങുമ്പോള്‍ ഇനി പറയുന്ന നിര്‍ദേശങ്ങള്‍ പാലിക്കാന്‍ ശ്രദ്ധിക്കണം - ആറടി അകലം പാലിക്കുക, മുഖാവരണം ധരിക്കുക, കുറഞ്ഞത് 20 സെക്കന്‍ഡ് നേരം സോപ്പുപയോഗിച്ച് കൈ കഴുകുക-പ്രധാനമന്ത്രി പറഞ്ഞു.
*****

(Release ID: 1637756) Visitor Counter : 270