മന്ത്രിസഭ

നഗരങ്ങളിലെ കുടിയേറ്റക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും കുറഞ്ഞ വാടകയില്‍ ഭവനസമുച്ചയങ്ങള്‍ നിര്‍മ്മിക്കുന്നതിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

Posted On: 08 JUL 2020 4:27PM by PIB Thiruvananthpuram


ന്യൂഡല്‍ഹി, 08 ജൂലൈ 2020

പ്രധാനമന്ത്രി ആവാസ് യോജന - അര്‍ബന് (പിഎംഎവൈ- യു) കീഴിലുള്ള ഉപപദ്ധതിയായി നഗരങ്ങളിലെ കുടിയേറ്റക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും കുറഞ്ഞ വാടകയില്‍ ഭവനസമുച്ചയങ്ങള്‍ (എഎച്ച്ആര്‍സി) നിര്‍മ്മിക്കുന്നതിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗം അനുമതി നല്‍കി.
 

നിലവില്‍ ഒഴിഞ്ഞുകിടക്കുന്ന ഗവണ്‍മെന്റിന്റെ ധനസഹായത്തോടെ നിര്‍മ്മിച്ച ഭവനസമുച്ചയങ്ങള്‍ 25 വര്‍ഷത്തേക്കുള്ള കരാറിലൂടെ ഇതിനായി രൂപഭേദം വരുത്തും. മുറികളുടെ അറ്റകുറ്റപ്പണി / നവീകരണം, കുടിവെള്ളം, മാലിന്യനിര്‍മാര്‍ജനം, ശുചിത്വം, റോഡ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി ഇത്തരം സമുച്ചയങ്ങളെ പുനരുജ്ജീവിപ്പിക്കും. സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും സുതാര്യമായ പ്രക്രിയയിലൂടെ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരായവരെ തെരഞ്ഞെടുക്കും. 25 വര്‍ഷത്തിനുശേഷം ഈ സമുച്ചയങ്ങള്‍ പൂര്‍വാവസ്ഥയിലേയ്ക്കു മാറ്റുകയും ചെയ്യും.

സ്വന്തം ഭൂമിയില്‍ എ.ആര്‍.എച്ച്.സികള്‍ നിര്‍മിക്കാന്‍ മുന്നോട്ടു വരുന്ന പൊതു-സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് 25 വര്‍ഷത്തേക്ക് ഉപയോഗാനുമതി, 50 ശതമാനം അധിക എഫ്എആര്‍ / എഫ്എസ്ഐ, മുന്‍ഗണനാ മേഖലയില്‍ വായ്പാനിരക്കില്‍ ആനുകൂല്യം, കുറഞ്ഞ വാടകയ്ക്കനുസൃതമായി നികുതി ഇളവ് തുടങ്ങിയ  ആനുകൂല്യങ്ങള്‍ ലഭ്യമാക്കും.

നിര്‍മാണമേഖലയിലെ തൊഴില്‍സമ്പത്തിന്റെ വലിയൊരു ഭാഗം, ഹോസ്പിറ്റാലിറ്റി സേവനങ്ങള്‍, ആരോഗ്യം, ഗാര്‍ഹിക - വാണിജ്യ സ്ഥാപനങ്ങള്‍, നിര്‍മ്മാണമേഖലയുള്‍പ്പെടെയുള്ളവയിലെ  സേവനദാതാക്കള്‍, ഗ്രാമീണ മേഖലകളില്‍ നിന്നോ ചെറിയ നഗരങ്ങളില്‍ നിന്നോ മെച്ചപ്പെട്ട അവസരങ്ങള്‍ തേടുന്ന തൊഴിലാളികള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ക്കാകും എആര്‍എച്ച്സികള്‍ക്കു കീഴിലെ ഭവനസമുച്ചയങ്ങളുടെ ആനുകൂല്യം ലഭിക്കുന്നത്.

ഭവനസമുച്ച നിര്‍മാണത്തിനായി നൂതന സാങ്കേതികവിദ്യകള്‍ ഉപയോഗിക്കും. സാങ്കേതികവിദ്യാ നവീകരണ ഗ്രാന്റിനായി 600 കോടി രൂപയുടെ ചെലവാണ് കണക്കാക്കുന്നത്. ഏകദേശം മൂന്ന് ലക്ഷം ഗുണഭോക്താക്കളാണ് ആദ്യഘട്ടത്തില്‍ പദ്ധതിയുടെ ഭാഗമാകുന്നത്.

നഗരപ്രദേശങ്ങളില്‍ പുതിയ ആവാസവ്യവസ്ഥ സൃഷ്ടിക്കാന്‍ എആര്‍എച്ച്സികള്‍ സഹായിക്കും. ജോലിസ്ഥലത്തിനടുത്ത് മിതമായ നിരക്കില്‍ വീട് ലഭ്യമാക്കും. പദ്ധതിക്കു  കീഴിലുള്ള നിക്ഷേപം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണു പ്രതീക്ഷ. ആവശ്യമില്ലാത്ത യാത്രകള്‍, തിരക്ക്, മലിനീകരണം എന്നിവ കുറയ്ക്കുന്നതിനും ഈ പദ്ധതി സഹായകമാകും.


സര്‍ക്കാര്‍ അധീനതയിലുള്ള ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങള്‍ സാമ്പത്തിക നേട്ടമുണ്ടാകത്തക്കവിധത്തില്‍ എഎച്ച്ആര്‍സികളായി രൂപഭേദംവരുത്തും. എഎച്ച്ആര്‍സികള്‍ പുതിയ നിക്ഷേപ അവസരങ്ങള്‍ ഒരുക്കുകയും നിര്‍മ്മാണ മേഖലയിലെ സംരംഭകത്വം പ്രോത്സാഹിപ്പിക്കുകയും ചെയ്യും.


പശ്ചാത്തലം:

പ്രധാനമന്ത്രി ആവാസ യോജന (അര്‍ബന്‍)യുടെ ഉപപദ്ധതിയായി നഗരത്തിലെ കുടിയേറ്റക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കുമായി കുറഞ്ഞ വാടകയ്ക്കുള്ള ഭവന സമുച്ചയങ്ങള്‍ (എആര്‍എച്ച്‌സി) കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയമാണ് ആരംഭിച്ചത്. 2020 മെയ് 14 നാണ് കേന്ദ്ര ധനമന്ത്രി ഈ പദ്ധതി പ്രഖ്യാപിച്ചത്. 'ആത്മനിര്‍ഭര്‍ ഭാരത്' എന്ന കാഴ്ചപ്പാട് നിറവേറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം.

കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിലാണ് പുതിയ സംവിധാനം.
തൊഴില്‍തേടി വിവിധയിടങ്ങളില്‍ എത്തപ്പെടുന്നവരുടെ താമസസൗകര്യം അനിശ്ചിതത്വത്തിലാകുകയും വാടകകുറയ്ക്കുന്നതിനായി അനധികൃത ഇടങ്ങളില്‍ താമസിക്കേണ്ടിവരുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് പുതിയ പദ്ധതി. ദൂരെയുള്ള ജോലിസ്ഥലത്തേയ്ക്കു പോകാന്‍ ഏറെനേരം റോഡുകളില്‍ ചെലവഴിച്ച് ജീവന്‍ പണയപ്പെടുത്തി യാത്രചെയ്യുന്നതും കണക്കിലെടുത്താണ് പുതിയ പദ്ധതിക്ക് രൂപംനല്‍കിയത്.
***
 



(Release ID: 1637293) Visitor Counter : 262