ഉപരാഷ്ട്രപതിയുടെ കാര്യാലയം

ലോക്കല്‍' ഇന്ത്യയില്‍ നിന്ന് 'ഗ്ലോക്കല്‍' ഇന്ത്യയിലേയ്ക്കുള്ള ചുവടുമാറ്റത്തിന് എല്ലാ ഇന്ത്യക്കാരും ആത്മനിര്‍ഭര്‍ ഭാരത് പദ്ധതി ഏറ്റെടുക്കണമെന്ന് ഉപരാഷ്ട്രപതി

Posted On: 05 JUL 2020 1:41PM by PIB Thiruvananthpuram

 

'ലോക്കല്‍' ഇന്ത്യയില്‍ നിന്ന് 'ഗ്ലോക്കല്‍' ഇന്ത്യയിലേയ്ക്കുള്ള ചുവടുമാറ്റത്തിന് എല്ലാ ഇന്ത്യക്കാരും ആത്മനിര്‍ഭര്‍ ഭാരത് പദ്ധതി ഏറ്റെടുക്കണമെന്ന് ഉപരാഷ്ട്രപതിശ്രീ എം. വെങ്കയ്യനായിഡു ആഹ്വാനം ചെയ്തു. അടിസ്ഥാന സൗകര്യ വികസനം ശക്തിപ്പെടുത്തുക, ആധുനിക സാങ്കേതികവിദ്യയുടെ ഉപയോഗം, മനുഷ്യവിഭവശേഷി പരിപോഷിപ്പിക്കല്‍, ശക്തമായ വിതരണ ശൃംഖല സൃഷ്ടിക്കല്‍ എന്നിവയിലൂടെ രാജ്യത്തിന്റെ സാമ്പത്തികരംഗത്ത് കുതിച്ചുചാട്ടം ഉണ്ടാക്കാനാണ് ആത്മനിര്‍ഭര്‍ ഭാരത് ലക്ഷ്യമിടുന്നതെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. എലിമെന്റ്‌സ് (Elyments) മൊബൈല്‍ ആപ്ലിക്കേഷന്റെ വിര്‍ച്വല്‍ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു ഉപരാഷ്ട്രപതി. 

ഇന്നലെ പ്രധാനമന്ത്രി പ്രഖ്യാപിച്ച 'ആത്മനിര്‍ഭര്‍ ഭാരത് ആപ്പ് ഇന്നൊവേഷന്‍ ചലഞ്ച്' ശരിയായ സമയത്താണെന്ന് ശ്രീ വെങ്കയ്യനായിഡു പറഞ്ഞു. ഇത് ഇന്ത്യയിലെ ഐ.ടി. വിദഗ്ധര്‍ക്ക്, ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനായുള്ള ആപ്ലിക്കേഷനുകള്‍ നിര്‍മിക്കാന്‍ പ്രചോദനമാകും. പ്രധാനമന്ത്രി വിഭാവനം ചെയ്യുന്ന 'ആത്മനിര്‍ഭര്‍ ആപ്പ് പരിസ്ഥിതി' സൃഷ്ടിക്കുന്നതിന് ഇത് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തദ്ദേശ മൊബൈല്‍ ആപ്പായ എലിമെന്റ്‌സിന്റെ രൂപീകരണത്തിനായി പ്രയത്‌നിച്ച ആയിരത്തോളം ഐ.ടി. വിദഗ്ധരെ ഉപരാഷ്ട്രപതി അഭിനന്ദിച്ചു. 'നവ ഇന്ത്യ'യ്ക്ക്, ചിന്തിക്കാനും പരീക്ഷിക്കാനും കഴിയുന്ന ഊര്‍ജസ്വലരായ യുവാക്കളെയാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. എട്ട് ഭാഷകളില്‍ ലഭ്യമായ മൊബൈല്‍ ആപ്പ്, മറ്റു പ്രധാന ഇന്ത്യന്‍ ഭാഷകളില്‍ കൂടി ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായും ശ്രീ വെങ്കയ്യനായിഡു പറഞ്ഞു.

***



(Release ID: 1636658) Visitor Counter : 205