ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ് -19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി രൂപീകരിച്ച  മന്ത്രിതല സമിതിയുടെ  (ജി.ഒ.എം.) പതിനേഴാമത് യോഗത്തിൽ ഡോ.ഹർഷ വർദ്ധൻ അധ്യക്ഷത വഹിച്ചു

Posted On: 27 JUN 2020 3:08PM by PIB Thiruvananthpuram



കോവിഡ്-19 സംബന്ധിച്ച ഉന്നതാധികാര മന്ത്രിതല സമിതിയുടെ  (ഗ്രൂപ്പ് ഓഫ് മിനിസ്റ്റേഴ്‌സ് ) 17-ാമത് യോഗം കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർദ്ധന്റെ അധ്യക്ഷതയിൽ ഇന്നു നടന്നു.നിർമ്മാൺ  ഭവനാണ്  വീഡിയോ കോൺഫെറെൻസിങ്ങിലൂടെ നടന്ന യോഗത്തിനു ആതിഥേയത്വ വേദിയായത്. കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ‌ശങ്കർ, കേന്ദ്ര വ്യോമയാന മന്ത്രി ശ്രീ.ഹർദീപ് സിംഗ് പുരി, ആരോഗ്യ സഹമന്ത്രി എസ്. അശ്വിനി കുമാർ ചൗബെ എന്നിവർ പങ്കെടുത്തു.

രാജ്യത്തെ കോവിഡ് വ്യാപനം സംബന്ധിച്ച നിലവിലെ സ്ഥിതിഗതികൾ,രോഗമുക്തിനിരക്ക്,മരണനിരക്ക്, രോഗികളുടെ എണ്ണം ഇരട്ടിയാകുന്നതിനെടുക്കുന്ന സമയം,പരിശോധനകൾ  വർദ്ധിപ്പിക്കൽ, വിവിധ സംസ്ഥാനങ്ങളിലെ ആരോഗ്യ മേഖലയിൽ അടിസ്ഥാന സൗകര്യ വികസനത്തിലുള്ള പുരോഗതി  എന്നീ കാര്യങ്ങൾ മന്ത്രിതല സമിതി ചർച്ച ചെയ്തു.മഹാരാഷ്ട്ര,തമിഴ്‌നാട്,ദില്ലി,തെലങ്കാന,ഗുജറാത്ത്,ഉത്തർപ്രദേശ്, ആന്ധ്രാപ്രദേശ്, പശ്ചിമ ബംഗാൾ എന്നീ എട്ട് സംസ്ഥാനങ്ങളിലാണ് നിലവിൽ 85.5% രോഗികളും  87 ശതമാനം മരണവും രേഖപ്പെടുത്തുന്നത്.പൊതുജനാരോഗ്യ വിദഗ്ധർ,സാംക്രമികരോഗ വിദഗ്ധർ ,ഡോക്ടർമാർ, മുതിർന്ന ജോയിന്റ് സെക്രട്ടറി തല ഉദ്യോഗസ്ഥർ  എന്നിവരടങ്ങിയ  15 അംഗ കേന്ദ്ര സംഘങ്ങളെ  സംസ്ഥാനങ്ങൾക്ക് സാങ്കേതിക സഹായം നൽകുന്നതിനായി നിയോഗിച്ചിട്ടുണ്ട്.മറ്റൊരു കേന്ദ്ര സംഘം  കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ  ശക്തിപ്പെടുത്തുന്നതിനായി ഗുജറാത്ത്, മഹാരാഷ്ട്ര, തെലങ്കാന എന്നിവിടങ്ങളിൽ സന്ദർശനം നടത്തിവരുന്നു.കോവിഡ് -19 വ്യാപനം നിയന്ത്രിക്കുന്നതിനുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കുന്നതിനായി സമ്പർക്ക പട്ടിക തയ്യാറാക്കുന്നതിലും   ഹോട്ട്സ്പോട്ട് ആകാൻ സാധ്യതയുള്ള പ്രദേശങ്ങൾ മുൻകൂട്ടി അറിയുന്നതിനും   സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും സർക്കാരുകൾ വ്യാപകമായി ITIHAS,  ആരോഗ്യസേതു എന്നിവ പ്രയോജനപ്പെടുത്തുന്നതായും യോഗം വിലയിരുത്തി.

കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളുമായും കേന്ദ്ര ഭരണ പ്രദേശങ്ങളുമായും  നിരന്തരം ആശയവിനിമയം നടത്തുന്ന പ്രധാന കാര്യങ്ങൾ ഇവയാണ്. കർശനമായ നിയന്ത്രണ നടപടികളും നിരീക്ഷണവും,പരിശോധനകളുടെ എണ്ണം വർധിപ്പിക്കൽ,രോഗബാധിതരെയും  പ്രായമായവരെയും പ്രത്യേകം നിരീക്ഷിക്കുന്നതിൽ ശ്രദ്ധ, ആരോഗ്യസേതു  പോലുള്ള ഡിജിറ്റൽ സങ്കേതങ്ങൾ പ്രയോജനപ്പെടുത്തി  ഹോട്ട്സ്പോട്ടുകൾ മുൻകൂട്ടി  പ്രവചിക്കുക, രോഗികൾക്ക് തടസ്സമില്ലാത്ത  ചികിത്സ  ഉറപ്പാക്കൽ, ഫലപ്രദമായ ചികിത്സ വിധികളിലൂടെ രോഗത്തിന്റെ തീവ്രത  ലഘൂകരിക്കൽ, ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനം  (അതിതീവ്ര പരിചരണത്തിനുള്ള കിടക്കകൾ , ഓക്സിജൻ, വെന്റിലേറ്ററുകൾ, സേവനങ്ങളും ഉപകരണങ്ങളും എത്തിച്ചു കൊടുക്കുക),  കോവിഡ് ഇതര ആരോഗ്യ സേവനങ്ങളെ ബാധിക്കുന്നില്ലെന്ന്  ഉറപ്പാക്കുക.

സീറോളജിക്കൽ സർവേയെക്കുറിച്ചും വിവിധ ടെസ്റ്റുകളിലൂടെ പ്രതിദിന പരിശോധനകളുടെ എണ്ണം  വർദ്ധിപ്പിക്കുന്നതിനുള്ള ശേഷിയെക്കുറിച്ചും  പരിശോധനകൾ സംബന്ധിച്ച ഐ.സി.എം.ആർ.  ന്റെ പദ്ധതികളെ സംബന്ധിച്ചും  ഡയറക്ടർ ജനറൽ  ഡോ.ബൽറാം ഭാർഗവ  വിശദമായി അവതരിപ്പിച്ചു.കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പരിശോധിച്ച സാമ്പിളുകളുടെ എണ്ണം  2,20,479 ആയി ഉയർന്നിട്ടുണ്ട്. പരിശോധിച്ച സാമ്പിളുകളുടെ ആകെ എണ്ണം 79,96,707 ആയി.കോവിഡ് പരിശോധനയ്ക്കായി  1026  ലാബുകൾ ഇന്ത്യയിലുണ്ട്. സർക്കാർ മേഖലയിൽ 741 ഉം സ്വകാര്യ മേഖലയിൽ 285 ഉം ലാബുകൾ  ഇതിൽ ഉൾപ്പെടുന്നു.

രാജ്യത്തെ ആരോഗ്യ മേഖലയിൽ വർദ്ധിച്ചുവരുന്ന അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചും മന്ത്രിതല സമിതി വിലയിരുത്തി. 2020 ജൂൺ 27 വരെയുള്ള കണക്കനുസരിച്ച്  1039 പ്രത്യേക കോവിഡ് ആശുപത്രികളിലായി 1,76,275 പ്രത്യേക  കിടക്കകൾ , 22,940 ഐ.സി.യു. കിടക്കകൾ , 77,268 ഓക്സിജൻ സൗകര്യമുള്ള കിടക്കകൾ എന്നിവയുണ്ട്. കൂടാതെ  1,39,483 കിടക്കകളും 11,539 ഐ.സി.യു. കിടക്കകളും 51,321 ഓക്സിജൻ സൗകര്യമുള്ള കിടക്കകളും 2,398 കോവിഡ് ആരോഗ്യ കേന്ദ്രങ്ങളിൽ പ്രവർത്തനക്ഷമമാക്കി. മഹാമാരിയെ നേരിടാൻ  രാജ്യത്ത്  8,10,621 കിടക്കകളുള്ള 8,958 കോവിഡ് കെയർ സെന്ററുകൾ ഇപ്പോൾ സജ്ജമായിക്കഴിഞ്ഞു.

സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്കുമായി 185.18 ലക്ഷം എൻ. 95 മാസ്കുകളും 116.74 ലക്ഷം വ്യക്തിഗത സുരക്ഷാ ഉപകരണങ്ങളും (പി.പി.ഇ.) കേന്ദ്രം നൽകിയിട്ടുണ്ട്.

കോവിഡ് -19 മായി ബന്ധനപ്പെട്ട പരാതികൾ പരിഹരിക്കുന്നതിനെടുത്തിരുന്ന നിശ്ചിത സമയം സാധാരണ 60 ദിവസങ്ങളായിരുന്നത്   മൂന്ന് ദിവസമായി  കുറച്ചു കൊണ്ടുവരാൻ കഴിഞ്ഞതായി ഇതിനായി ചുമതലപ്പെടുത്തിയ  ഗ്രൂപ്പ് -10 ചെയർമാൻ ശ്രീ കെ.ശിവജി വിശദമായ അവതരണത്തിലൂടെ വ്യക്തമാക്കി.കോവിഡ് -19 മായി ബന്ധനപ്പെട്ട പൊതു പരാതികൾ പ്രത്യേകമായി നിരീക്ഷിക്കുന്നതിനായി 2020 ഏപ്രിൽ 1 ന്  ദേശീയ ഡാഷ്‌ബോർഡ് ആരംഭിച്ചു. 2020 മാർച്ച് 30 മുതൽ ജൂൺ 24 വരെയുള്ള കാലയളവിൽ, കേന്ദ്ര മന്ത്രാലയങ്ങൾക്ക് ലഭിച്ച 77,307 പരാതികളിൽ 93.84 ശതമാനവും സംസ്ഥാന സർക്കാരുകളുമായി ബന്ധപ്പെട്ട 53,130 പരാതികളിൽ 63.11 ശതമാനവും ഇതിനായി ചുമതലപ്പെടുത്തിയ എംപവേർഡ്  ഗ്രൂപ്പ്  പരിഹരിച്ചു കഴിഞ്ഞു.

കേന്ദ്ര ആരോഗ്യ സെക്രട്ടറി പ്രീതി സുദൻ, കേന്ദ്ര ആരോഗ്യ മന്ത്രാലയം  ഒ.എസ്.ഡി. ശ്രീ.രാജേഷ് ഭൂഷൺ, നീതി ആയോഗ് സി.ഇ.ഒ. ശ്രീ.അമിതാഭ്‌ കാന്ത് ,  സെക്രട്ടറി  ഫാർമ ശ്രീ.പി.ഡി.വഗേല , ഡി‌.ഡബ്ല്യു.എസ്. സെക്രട്ടറി ശ്രീ പരമേശ്വരൻ അയ്യർ,   ഡി.ജിഎച്ച്‌.എസ്. (ആരോഗ്യമന്ത്രാലയം ) ഡോ. രാജീവ് ഗാർഗ്, ആരോഗ്യ മന്ത്രാലയം അഡിഷണൽ സെക്രട്ടറി ശ്രീമതി ആരതി അഹൂജ ,  വിദേശ മന്ത്രാലയം അഡിഷണൽ സെക്രട്ടറി ശ്രീ ദമ്മു രവി, എൻ.സി.ഡി.സി.ഡയറക്ടർ  ഡോ. എസ്. കെ.സിംഗ്  എന്നിവരും വീഡിയോ കോൺഫെറെൻസിങ്ങിൽ പങ്കെടുത്തു.

****



(Release ID: 1634785) Visitor Counter : 728