PIB Headquarters

സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിന് ഒമ്പത്  അധിക നടപടികൾ കൂടി ആർ.ബി.ഐ. പ്രഖ്യാപിച്ചു

Posted On: 22 MAY 2020 3:36PM by PIB Thiruvananthpuram

 

കോവിഡ് -19 മഹാമാരി  സൃഷ്‌ടിച്ച പ്രതിസന്ധിയുടെ ഘട്ടത്തിൽ  പണലഭ്യത സുഗമമാക്കുന്നതിനും സാമ്പത്തിക സ്ഥിരത സംരക്ഷിക്കുന്നതിനുമുള്ള ഒൻപത്  നടപടികൾ കൂടി റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പ്രഖ്യാപിച്ചു. 2020 ഏപ്രിൽ 17 നും  മാർച്ച് 27 നും റിസർവ് ബാങ്ക് പ്രഖ്യാപിച്ച നടപടികളുടെ  തുടർച്ചയാണിത്.


റിപ്പോ നിരക്ക് 40 ബേസിസ് പോയിൻറ് കുറച്ചു

ആർ.ബി.ഐ. ബാങ്കുകൾക്ക് നൽകുന്ന ഹ്രസ്വകാലവായ്പയുടെ പലിശനിരക്കായ റിപ്പോ നിരക്ക് 40 ബേസിസ് പോയിന്റ് അഥവാ 0.4 ശതമാനം കുറച്ചു. 4.4 ശതമാനത്തിൽ നിന്ന് 4.0 ശതമാനമായാണ്  കുറച്ചത് .അടിയന്തിര സാഹചര്യങ്ങളിൽ ആർ.ബി.ഐ. ബാങ്കുകൾക്ക് അനുവദിക്കുന്ന വായ്പയുടെ നിരക്കായ മാർജിനൽ സ്റ്റാൻഡിംഗ് ഫെസിലിറ്റി നിരക്കും ബാങ്ക് നിരക്കും 4.65 ശതമാനത്തിൽ നിന്ന് 4.25 ശതമാനമായി കുറച്ചു. ബാങ്കുകളുടെ നിക്ഷേപത്തിന് റിസർവ് ബാങ്ക് നല്‍കുന്ന പലിശ നിരക്കായ  റിവേഴ്സ് റിപ്പോ നിരക്ക് 3.75 ശതമാനത്തിൽ നിന്ന് 3.35 ശതമാനമായി കുറച്ചു.

സിഡ്ബിക്കുള്ള  റീഫിനാൻസ് സൗകര്യം 90 ദിവസത്തേക്ക് കൂടി നീട്ടി നൽകി

2020 ഏപ്രിൽ 17 ന് ചെറുകിട വ്യവസായങ്ങൾക്കുള്ള വായ്പ ലഭ്യതയുടെ വിതരണം വർദ്ധിപ്പിക്കുന്നതിനായി സിഡ്ബിക്ക്  റിപ്പോ നിരക്കിൽ  90 ദിവസത്തേക്ക്  15,000 കോടി രൂപയുടെ പ്രത്യേക റീഫിനാൻസ് സൗകര്യം പ്രഖ്യാപിച്ചിരുന്നു. ഈ സൗകര്യം ഇപ്പോൾ 90 ദിവസം കൂടി നീട്ടി.


കയറ്റുമതിയിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് കൂടുതൽ കാലാവധിയുള്ള  ലോണുകൾ

കയറ്റുമതിയിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് 2020 ജൂലൈ 31 വരെ ബാങ്കുകൾ അനുവദിക്കുന്ന ലോണിന്റെ പരമാവധി കാലാവധി  നിലവിലുള്ള ഒരു വർഷത്തിൽ നിന്ന് 15 മാസമായി ഉയർത്തി.

 
എക്സിം ബാങ്കുകൾക്കുള്ള വായ്പാ സൗകര്യം

ഇന്ത്യയുടെ വിദേശ വ്യാപാരം പ്രോത്സാഹിപ്പിക്കാനും സൗകര്യമൊരുക്കാനും  ധനസഹായം നൽകാനും  എക്‌സിം ബാങ്കിന് 15,000 കോടി രൂപയുടെ വായ്പ ഗവർണർ പ്രഖ്യാപിച്ചു. ഒരു വർഷത്തേക്ക് നീട്ടാനുള്ള വ്യവസ്ഥായോടെ  90 ദിവസത്തേക്കാണ് വായ്പാ സൗകര്യം.

 
ഇറക്കുമതിയിൽ ഏർപ്പെട്ടിരിക്കുന്നവർക്ക്  ഇറക്കുമതിക്കുള്ള പണം നൽകുന്നതിന് കൂടുതൽ സമയം

ഇറക്കുമതിക്കുള്ള പണം നൽകുന്നതിനുള്ള സമയം കയറ്റുമതി തീയതി തുടങ്ങി  ആറുമാസം മുതൽ പന്ത്രണ്ട് മാസം വരെ നീട്ടി. 2020 ജൂലൈ 31-നോ അതിനുമുമ്പോ നടത്തിയ ഇറക്കുമതിക്ക് ഇത് ബാധകമാകും.

പ്രഖ്യാപിച്ച  നിയന്ത്രണ നടപടികൾ  3 മാസം കൂടി നീട്ടി

റിസർവ് ബാങ്ക് നേരത്തെ പ്രഖ്യാപിച്ച ചില നിയന്ത്രണ നടപടികൾ    2020 ജൂൺ 1 മുതൽ 2020 ഓഗസ്റ്റ് 31 വരെ മൂന്ന് മാസം കൂടി നീട്ടി. അതായത് 2020 മാർച്ച് 1 മുതൽ 2020 ഓഗസ്റ്റ് 31 വരെ, മൊത്തം ആറ് മാസം, ഈ നടപടികൾ ബാധകമാകും. പ്രതിമാസ വായ്പ തിരിച്ചടവുകൾക്കുള്ള മൊറൊട്ടോറിയം,പ്രവർത്തന മൂലധനത്തിന്മേലുള്ള പലിശ മാറ്റിവയ്ക്കൽ,ആസ്തികൾ നിഷ്ക്രിയമായിരിക്കുന്നതിനാൽ പ്രശ്നങ്ങൾ നേരിടുന്ന മേഖലകൾക്കുള്ള ആശ്വാസ നടപടികൾ എന്നിവ മേൽപ്പറഞ്ഞ നിയന്ത്രണ നടപടികളിൽ ഉൾപ്പെടുന്നു.

വ്യവസായങ്ങൾക്കുള്ള  നിക്ഷേപം  വർദ്ധിപ്പിക്കുന്നതിന് ഗ്രൂപ്പ് എക്സ്പോഷർ പരിധിയിൽ വർദ്ധന

ഒരു വ്യവസായ ഗ്രൂപ്പിന്  നല്കാൻ കഴിയുന്ന വായ്പയുടെ പരിധി  ബാങ്കിന്റെ യോഗ്യതാ മൂലധന അടിത്തറയുടെ 25% ൽ നിന്ന് 30% ആക്കിവർദ്ധിപ്പിച്ചു.വർദ്ധിപ്പിച്ച പരിധി 2021 ജൂൺ 30 വരെ ബാധകമായിരിക്കും.

കൺസോളിഡേറ്റഡ്  സിങ്കിംഗ് ഫണ്ടിൽ നിന്ന് കൂടുതൽ വായ്പയെടുക്കാൻ സംസ്ഥാനങ്ങൾക്ക് അനുവാദം

സംസ്ഥാന സർക്കാരുകൾ ബാധ്യതകൾ തിരിച്ചടയ്ക്കുന്നതിനുള്ള  കരുതൽ നിക്ഷേപമായി  ഉപയോഗിക്കേണ്ട ഫണ്ടാണ്  കൺസോളിഡേറ്റഡ്  സിങ്കിംഗ് ഫണ്ട്. സാമ്പത്തിക അച്ചടക്കം ഉറപ്പാക്കുന്ന ഫണ്ടാണിത്.വിപണിയിൽ നിന്നുള്ള വായ്പ തിരിച്ചടയ്ക്കാൻ സംസ്ഥാനങ്ങളെ പ്രാപ്തമാക്കുന്നതിനായി, 2020-21 കാലയളവിൽ, ഈ ഫണ്ടിൽ നിന്ന് പിൻവലിക്കുന്നതിനുള്ള  നിയന്ത്രണങ്ങൾ  ഇപ്പോൾ ഇളവ് ചെയ്തിട്ടുണ്ട്.

സമ്പദ്‌വ്യവസ്ഥയെ സംബന്ധിച്ച വിലയിരുത്തൽ

ആവശ്യകതയിലെ ചുരുക്കവും  വിതരണ ശൃംഖലയിലെ  തടസ്സങ്ങളും  വർഷത്തിന്റെ ആദ്യ പകുതിയിൽ സാമ്പത്തിക പ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കും എന്ന് ഗവർണർ അഭിപ്രായപ്പെട്ടു.കൈക്കൊണ്ടിട്ടുള്ള  സാമ്പത്തികവും  ഭരണപരവുമായ നടപടികളുടെ ഫലമായി  സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയിൽ പ്രവർത്തനത്തിന്റെയും ആവശ്യകതയുടെയും ക്രമാനുഗതമായ പുനരുജ്ജീവനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ഈ അനിശ്ചിതത്വങ്ങളെല്ലാം കണക്കിലെടുക്കുമ്പോൾ, 2020-21 ലെ മൊത്ത ആഭ്യന്തര ഉല്പാദന  വളർച്ച നെഗറ്റീവ് ആയി തുടരുമെന്ന് കണക്കാക്കപ്പെടുന്നു.
 

***



(Release ID: 1626171) Visitor Counter : 282