പ്രധാനമന്ത്രിയുടെ ഓഫീസ്
കോവിഡ്-19 പ്രതിരോധം സംബന്ധിച്ച് എല്ലാ മുഖ്യമന്ത്രിമാരുമായും പ്രധാനമന്ത്രി ആശയവിനിമയം നടത്തി
Posted On:
20 MAR 2020 7:54PM by PIB Thiruvananthpuram
സ്ഥിരമായ ജാഗ്രത പുലര്‍ത്തേണ്ടതിന്റെ പ്രാധാന്യം പ്രധാനമന്ത്രി ആവര്‍ത്തിച്ചു
മഹാവ്യാധിയെ തടുക്കാന്‍ സംസ്ഥാനങ്ങളും കേന്ദ്രവും ഒരുമിച്ചു പ്രവര്‍ത്തിക്കണം: പ്രധാനമന്ത്രി
വൈറസ് പടരുന്നതു നിയന്ത്രണവിധേയമാക്കുന്ന നിര്‍ണായക ഘട്ടത്തിലാണു നാമെന്നും പരിഭ്രാന്തി വേണ്ടെന്നും പ്രധാനമന്ത്രികോവിഡ്-19നെ നേരിടുന്നതു സംബന്ധിച്ചു പ്രധാനമന്ത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്തതിനെ മുഖ്യമന്ത്രിമാര്‍ പ്രശംസിച്ചു
കോവിഡ്-19 വ്യാപനം തടയുന്നതിനു കൈക്കണ്ട നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിങ് വഴി എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരുമായി ആശയ വിനിമയം നടത്തി.
വെല്ലുവിളി ഒരുമിച്ചു നേരിടല്‍
മഹാവ്യാധി എല്ലാ സംസ്ഥാനങ്ങള്‍ക്കും ഒരുപോലെ ഭീഷണിയാണെന്ന് ഓര്‍മിപ്പിച്ച പ്രധാനമന്ത്രി, കേന്ദ്രവും സംസ്ഥാനങ്ങളും ഒരുമിച്ചു പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു. വെല്ലുവിളി നേരിടാന്‍ പൗരന്‍മാരുടെ പങ്കാളിത്തം അനിവാര്യമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആഗോളതലത്തില്‍ വൈറസ് വ്യാപിച്ചതു തിരിച്ചറിഞ്ഞു നിതാന്ത ജാഗ്രത പുലര്‍ത്തേണ്ടത് അനിവാര്യമാണെന്നു ശ്രീ. മോദി പറഞ്ഞു.
വൈറസ് പടരുന്നതു നിയന്ത്രിക്കുന്നതില്‍ അടുത്ത മൂന്നുനാലാഴ്ചകള്‍ നിര്‍ണായകമാണെന്നും സാമൂഹിക അകലം പാലിക്കുകയാണ് ഇതിനുള്ള ഏറ്റവും പ്രധാന നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി. ഇതു ഫലപ്രദമായി നടപ്പാക്കണമെന്നു മുഖ്യമന്ത്രിമാരോടു പ്രധാനമന്ത്രി അഭ്യര്‍ഥിച്ചു.
ഇതുവരെ കൈക്കൊണ്ട നടപടികള്‍
വൈറസ് വ്യാപിക്കുന്നതു തടയാന്‍ ഇതുവരെ കൈക്കൊണ്ട നടപടികള്‍ വിശദീകരിച്ച കേന്ദ്ര ആരോഗ്യ സെക്രട്ടറി ശ്രീമതി പ്രീതി സുദന്‍, പ്രവര്‍ത്തനങ്ങള്‍ ഏതു വിധത്തിലാണു പ്രധാനമന്ത്രി നിരീക്ഷിച്ചതെന്നും പ്രവര്‍ത്തനങ്ങള്‍ക്ക് ഏതു വിധത്തിലാണു പ്രധാനമന്ത്രി നേതൃത്വം നല്‍കിയതെന്നും വിശദീകരിച്ചു. സംസ്ഥാനങ്ങളുമായി സഹകരിച്ചു നടന്നുവരുന്ന പ്രവര്‍ത്തനങ്ങള്‍, രാജ്യാന്തര യാത്രക്കാരെ നിരീക്ഷിക്കല്‍, വ്യാപനം പ്രതിരോധിക്കുന്നതിനായി സാമൂഹിക നിരീക്ഷണം ഉപയോഗപ്പെടുത്തല്‍, പരിശോധനാ സൗകര്യങ്ങളുടെ ലഭ്യത, യാത്രാ നിയന്ത്രണങ്ങള്‍, വിദേശത്തുനിന്ന് ഇന്ത്യന്‍ പൗരന്‍മാരെ ഒഴിപ്പിക്കല്‍ എന്നീ കാര്യങ്ങള്‍ അവര്‍ വിശദീകരിച്ചു.
ഇന്ത്യ ഇപ്പോള്‍ രോഗം പടരുന്നതിന്റെ രണ്ടാം ഘട്ടത്തിലാണെന്ന് ഐ.സി.എം.ആര്‍. ഡി.ജി. ഡോ. ബല്‍റാം ഭാര്‍ഗവ വ്യക്തമാക്കി. മൂന്നാം ഘട്ടത്തിലേക്കു കടക്കാതിരിക്കാനുള്ള നടപടികള്‍ കൈക്കൊള്ളുന്ന സ്ഥിതിയിലാണു രാജ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആരോഗ്യ സംവിധാനങ്ങള്‍ നീതിപൂര്‍വം ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചും ക്വാറന്റൈന്‍ സൗകര്യവും ഐസൊലേഷന്‍ വാര്‍ഡുകളും വര്‍ധിപ്പേണ്ടതിനെ കുറിച്ചും ഡി.ജി. വിശദീകരിച്ചു.
മുഖ്യമന്ത്രിമാര്‍ പ്രതികരിച്ചു
കോവിഡ്-19നെ പ്രതിരോധിക്കാന്‍ നല്‍കിയ സഹായങ്ങള്‍ക്കു മുഖ്യമന്ത്രിമാര്‍ പ്രധാനമന്ത്രിയെ നന്ദി അറിയിച്ചു. പ്രധാനമന്ത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്തതിനെ പ്രശംസിക്കുകയും ചെയ്തു.
ഇതുവരെ നടത്തിയ തയ്യാറെടുപ്പുകള്‍ മുഖ്യമന്ത്രിമാര്‍ വെളിപ്പെടുത്തി. പരിശോധനാ സൗകര്യം വര്‍ധിപ്പിക്കണമെന്നും ദരിദ്ര വിഭാഗങ്ങള്‍ക്കു കൂടുതല്‍ പിന്‍തുണ നല്‍കണമെന്നും സംസ്ഥാനങ്ങള്‍ക്കുള്ള 2020-21ലെ സാമ്പത്തിക സഹായ വിതരണം നേരത്തേയാക്കണമെന്നും ആവശ്യപ്പെട്ട മുഖ്യമന്ത്രിമാര്‍, സ്വകാര്യ ലാബുകളുടെയും ആശുപത്രികളുടെയും സേവനം ഉപയോഗപ്പെടുത്തണമെന്ന് അഭ്യര്‍ഥിച്ചു.
എല്ലാ മുഖ്യമന്ത്രിമാരും പിന്‍തുണ ഉറപ്പു നല്‍കുകയും മഹാവ്യാധിയെ നേരിടാന്‍ കേന്ദ്ര ഗവണ്‍മെന്റുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്ന ഉറപ്പ് ആവര്‍ത്തിക്കുകയും ചെയ്തു.
സംസ്ഥാനങ്ങള്‍ക്കു പ്രധാനമന്ത്രി സഹായം വാഗ്ദാനം ചെയ്തു
സംസ്ഥാനങ്ങള്‍ കൈക്കൊണ്ട നടപടികളെ അഭിനന്ദിച്ച പ്രധാനമന്ത്രി, അനുഭവങ്ങള്‍ പങ്കുവെച്ചതിനും അഭിപ്രായങ്ങള്‍ മുന്നോട്ടുവെച്ചതിനും നന്ദി അറിയിച്ചു. ആരോഗ്യമേഖലയിലെ പ്രവര്‍ത്തകരുടെ ശേഷിയും ആരോഗ്യ സംരക്ഷണ അടിസ്ഥാന സൗകര്യവും വര്‍ധിപ്പിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ചൂണ്ടിക്കാട്ടി. കരിഞ്ചന്തയും വിലക്കയറ്റവും ഇല്ലാതെയാക്കാന്‍ മുഖ്യമന്ത്രിമാര്‍ അതതു സംസ്ഥാനങ്ങളിലെ വ്യാപാരിസംഘടനകളുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി സംസാരിക്കണമെന്നു പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. സാഹചര്യമനുസരിച്ചു പ്രോല്‍സാഹനം നല്‍കുകയോ നിയമ വ്യവസ്ഥകള്‍ ഉപയോഗപ്പെടുത്തുകയോ വേണമെന്ന് അദ്ദേഹം ആഹ്വാനംചെയ്തു.
കേന്ദ്ര ഗവണ്‍മെന്റ് രൂപം നല്‍കിയ കോവിഡ്- 19 ധനകാര്യ ദൗത്യസംഘം സാമ്പത്തിക വെല്ലുവിളി നേരിടുന്നതിനുള്ള തന്ത്രം മെനയുമെന്നു പ്രധാനമന്ത്രി വ്യക്തമാക്കി. രാജ്യത്തെ പൗരന്‍മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നടപടികള്‍ കൈക്കൊള്ളുന്നുണ്ടെന്നും നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തണമെന്നു മുഖ്യമന്ത്രിമാരോട് അദ്ദേഹം ആഹ്വാനം ചെയ്തു. കോവിഡ്-19നെ പ്രതിരോധിക്കാനുള്ള നമ്മുടെ പൊതുശ്രമത്തിന്റെ ഭാഗമായി സാധ്യമായതെല്ലാം ചെയ്യണമെന്നു പ്രധാനമന്ത്രി പറഞ്ഞു.
(Release ID: 1607452)
Visitor Counter : 234