ഭക്ഷ്യസംസ്‌കരണ വ്യവസായ മന്ത്രാലയം

ജൈവ ഭക്ഷണ മേളയില്‍ സംരഭങ്ങളിലൂടെ വനിതാ ഉല്‍പ്പാദകരുടെ സാമ്പത്തിക പങ്കാളിത്തം


രാജ്യമെമ്പാടും നിന്നായി 180ല്‍ അധികം വനിതാ സംരംഭകരും സ്വാശ്രയ സംഘങ്ങളും

ഓര്‍ഗാനിക് ഭക്ഷ്യ മേളയില്‍ പങ്കെടുത്തു.


കേന്ദ്ര മന്ത്രി ഹര്‍സിംറത് കൗര്‍ ബാദല്‍ ഉദ്ഘാടനം ചെയ്തു

Posted On: 21 FEB 2020 3:29PM by PIB Thiruvananthpuram

 

 

രാജ്യത്തെ വനിതാ സംരംഭകര്‍ക്കു ശേഷി വികസിപ്പിക്കാനും സാമ്പത്തിക ശാക്തീകരണത്തിനും ജൈവ ഭക്ഷ്യോല്‍പ്പന്ന മേള അവസരം നല്‍കിയെന്ന് കേന്ദ്ര ഭക്ഷ്യ സംസ്‌കരണ വ്യവസായ മന്ത്രി ശ്രീമതി ഹര്‍സിംറത് കൗര്‍ ബാദല്‍. ന്യൂഡല്‍ഹിയില്‍ മൂന്നു ദിവസത്തെ ഓര്‍ഗാനിക് ഭക്ഷ്യമേള ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. സ്ത്രീകളുടെ സാമ്പത്തിക പങ്കാളിത്തത്തിനും ശാക്തീകരണത്തിനും ഇത്തരം മേളകള്‍ പതിവായി സംഘടിപ്പിക്കേണ്ടത് ആവശ്യമാണെന്ന് മന്ത്രി പറഞ്ഞു. അതാതിടങ്ങളിലെ സവിശേഷ ജൈവ ഭക്ഷ്യോല്‍പ്പന്നങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കി വിവിധ സ്ഥലങ്ങളില്‍ മേളകള്‍ സംഘടിപ്പിക്കാന്‍ വകുപ്പ് ആലോചിക്കുകയാണ്.


വനിതാ ശിശു വികസന, ടെക്സ്റ്റൈല്‍സ് മന്ത്രി ശ്രീമതി സ്മൃതി സുബിന്‍ ഇറാനിയും ശ്രീമതി ഹര്‍സിംറത് കൗര്‍ ബാദലും ചേര്‍ന്നാണ് ഓര്‍ഗാനിക് ഭക്ഷ്യ മേള ഉദ്ഘാടനം ചെയ്തത്. സഹമന്ത്രിമാരായ ശ്രീ രാമേശ്വര്‍ തേലി, ദേബശ്രീ ചൗധരി എന്നിവവരും പങ്കെടുത്തു. വനിതാ സംരംഭകരുടെ ശേഷി വികസിപ്പിക്കുക ലക്ഷ്യമിട്ട് രണ്ടു മന്ത്രാലയങ്ങളും തമ്മില്‍ ഒപ്പുവച്ച ധാരണാപത്രത്തിന്റെ ഭാഗമായാണ് മേള സംഘടിപ്പിച്ചത്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി എന്റ്രപ്രണര്‍ഷിപ്പ്് ആന്റ് മാനേജ്മെന്റ് (എന്‍ഐഎഫ്ടിഇഎം), കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുമായി ചേര്‍ന്നാണ് മേള സംഘടിപ്പിക്കുന്നത്.

ജൈവ ഉല്‍പാദനത്തിനും വിപണിക്കും ഇന്ത്യയില്‍ വിപുല സാധ്യതയാണുള്ളത് എന്ന് മന്ത്രി ഹര്‍സിംറത് കൗര്‍ ബാദല്‍ പറഞ്ഞു. വന, വനവാസി മേഖലകളില്‍ ഭൂരിഭാഗവും പ്രകൃതിദത്തമായിത്തന്നെ ജൈവ ഉല്‍പ്പനങ്ങള്‍ ഉള്ളവയാണ്.

ജൈവ ഭക്ഷണ മേളകളിലൂടെ സാങ്കേതികവിദ്യ കൈവശമുള്ളവരെ പ്രോല്‍സാഹിപ്പിക്കാനും സാങ്കേതികവിദ്യ വനിതാ സംരംഭകര്‍ക്കു ലഭ്യമാക്കാനും ഭക്ഷ്യോല്‍പ്പന്ന സംസ്‌കരണ മന്ത്രാലയത്തിനു കഴിയുമെന്ന് ശ്രീമതി സ്മൃതി ഇറാനി പറഞ്ഞു.

വനിതാ സംരംഭകരുടെ നേട്ടങ്ങള്‍ ഈ മേളയിലൂടെ ഭക്ഷ്യോല്‍പ്പന്ന സംസ്‌കരണ മന്ത്രാലയം പ്രദര്‍ശിപ്പിക്കുമെന്ന് ഭക്ഷ്യോല്‍പ്പന്ന സംസ്‌കരണ മന്ത്രാലയം സെക്രട്ടറി ശ്രീമതി പുഷ്പ സുബ്രഹ്മണ്യന്‍ പറഞ്ഞു.

6000 ചതുരശ്ര അടി സ്ഥലത്ത്, രാജ്യത്ത് ആദ്യമായി നടക്കുന്ന ജൈവ ഭക്ഷണ മേളയില്‍ 25 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും നിന്നായി 180ല്‍ അധികം വനിതാ സംരംഭകരും സ്വാശ്രയ സംഘങ്ങളും പങ്കെടുത്തു. വിവിധ പ്രദേശങ്ങളില്‍ നിന്ന് തനതു ഭക്ഷ്യോല്‍പ്പന്നങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിച്ചു.

വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആര്‍ക്കും വ്യത്യസ്ഥ ഭക്ഷ്യോല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കാനും രുചി നോക്കാനും മേളയില്‍ അവസരമുണ്ട്. വ്യത്യസ്ഥ പ്രദേശങ്ങളിലെ ജൈവ ഭക്ഷ്യോല്‍പ്പന്നങ്ങളേക്കുറിച്ചുള്ള അറിവ് വര്‍ധിപ്പിക്കാനും അവസരമുണ്ട്.


***


(Release ID: 1604008) Visitor Counter : 203