പ്രധാനമന്ത്രിയുടെ ഓഫീസ്‌

ദേശാടന ഇനത്തില്‍പ്പെട്ട വന്യജീവികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് ഗുജറാത്തിലെ ഗാന്ധി നഗറില്‍ നടന്ന കണ്‍വെന്‍ഷനില്‍ പ്രധാനമന്ത്രിയുടെ ഉദ്ഘാടന പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം

Posted On: 17 FEB 2020 12:07PM by PIB Thiruvananthpuram

 

പ്രിയപ്പെട്ട സുഹൃത്തുക്കളെ!
മഹാത്മാഗാന്ധിയുടെ നാടായ ഗാന്ധിനഗറില്‍ ദേശാടന ഇനത്തില്‍പ്പെട്ട വന്യജീവികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട സമ്മേളനത്തില്‍ നിങ്ങളെയെല്ലാം സ്വാഗതം ചെയ്യുന്നതില്‍എനിക്ക് സന്തോഷമുണ്ട്.
ഏറ്റവും വൈവിദ്ധ്യമുള്ള രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ.ലോകത്തെ ഭൂവിസ്തൃതിയില്‍ 2.4% വരുന്ന ഈ രാജ്യം അറിയപ്പെടുന്ന ആഗോള വൈവിദ്ധ്യത്തിന്റെ 8%ത്തോളം സംഭാവനചെയ്യുന്നു. വൈവിദ്ധ്യമാര്‍ന്ന പാരിസ്ഥിതിക ആവാസവ്യവ്‌സഥയും നാല് ജൈവവൈവിദ്ധ്യ ഹോട്ട് സ്‌പോട്ടുകളും കൊണ്ട് അനുഗ്രഹീതമാണ് ഇന്ത്യ. പൂര്‍വ്വ ഹിമാലയം, പശ്ചിമഘട്ടം, ഇന്തോ-മ്യാന്‍മാര്‍ ഭൂപ്രദേശം, ആന്‍ഡമാന്‍ -നിക്കോബാര്‍ ദ്വീപ് സമൂഹം എന്നിവയാണവ. അതിന് പുറമെ ഭൂഗോളത്തിന്റെ പലകോണുകളില്‍ നിന്നുവരുന്ന ഏകദേശം 500ല്‍ പരം ദേശാടനകിളികളുടെ ആവാസകേന്ദ്രവും കൂടിയാണ് ഇന്ത്യ.

മഹാന്മാരെ, മഹതികളെ,
കാലാകാലങ്ങളായി വന്യജീവികളുടെയും അവയുടെ ആവാസവ്യവ്‌സഥകളുടെയും സംരക്ഷണം,അനുകമ്പയും സഹവര്‍ത്തിത്വവും പ്രോത്സാഹിപ്പിക്കുന്ന ഇന്ത്യന്‍ സംസ്‌ക്കാരിക ധാര്‍മ്മികതയുടെ ഭാഗമാണ്.  നമ്മുടെ വേദങ്ങള്‍ മൃഗങ്ങളുടെ സംരക്ഷണത്തെക്കുറിച്ച് സംസാരിക്കുന്നുണ്ട്. വനം നശിപ്പിക്കുന്നതും മൃഗങ്ങളെ കൊല്ലുന്നതും തടയുന്നതിന്അശോക ചക്രവര്‍ത്തി വലിയ ഊന്നല്‍ നല്‍കിയിരുന്നു. ഗാന്ധിജിയില്‍ നിന്നും പ്രേരണ ഉള്‍ക്കൊണ്ടുകൊണ്ട്, അഹിംസയുടെയും മൃഗ-പരിസ്ഥിതിസംരക്ഷണത്തിന്റെയും ധാര്‍മ്മികതകള്‍ ഇന്ത്യയുടെ ഭരണഘടനയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് നിരവധി നിയമങ്ങളിലും നിയമനിര്‍മ്മാണങ്ങളിലും പ്രതിഫലിക്കുന്നുമുണ്ട്.
വര്‍ഷങ്ങളായുള്ള സുസ്ഥിരമായ പരിശ്രമം പ്രോത്സാഹനപരമായ ഫലങ്ങളിലേക്ക് നയിക്കുന്നുണ്ട്. 2014 ല്‍ 745 സംരക്ഷിത മേഖലകള്‍ ഉണ്ടായിരുന്നത് 2019ല്‍ ഏകദേശം ഒരു ലക്ഷത്തി എഴുപതിനായിരം കിലോമീറ്റര്‍ ഉള്‍ക്കൊള്ളുന്ന 870 സംരക്ഷിത മേഖലകളായി വര്‍ദ്ധിച്ചു.
ഇന്ത്യയുടെ വനപരിധിയില്‍ സവിശേഷമായ വര്‍ദ്ധനയുണ്ടായിട്ടുണ്ട്.നിലവിലെ വിലയിരുത്തല്‍ സൂചിപ്പിക്കുന്നത് രാജ്യത്തിന്റെ മൊത്തം ഭൂവിസ്ത്രിതിയുടെ 21.67% വനമേഖലയാണെന്നാണ്.
സംരക്ഷണത്തിന്റെ മൂല്യങ്ങള്‍, സുസ്ഥിര ജീവിതനിലവാരം, ഹരിതവികസനമാതൃക എന്നിവയിലടിസ്ഥിതമായ കാലാവസ്ഥ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യ പ്രാഗല്‍ഭ്യം നേടിയിട്ടുണ്ട്. 450 മെഗാവാട്ട് പുനരുപയോഗ ഊര്‍ജ്ജം, വൈദ്യുതവാഹനങ്ങള്‍, സ്മാര്‍ട്ട് സിറ്റികള്‍ എന്നിവയിലേക്കുള്ള നീക്കം, ജലസംരക്ഷണം തുടങ്ങിയവയെല്ലാം തന്നെ നമ്മുടെ മഹത്തായ ഉദ്യമങ്ങളില്‍ ഉള്‍ക്കൊള്ളുന്നു.
അന്താരാഷ്ട്ര സൗരോര്‍ജ്ജ കൂട്ടായ്മ, ദുരന്തപ്രതിരോധ അടിസ്ഥാനസൗകര്യം, സ്വീഡനുമൊത്ത് വ്യാവസായിക നേതൃത്വ പരിവര്‍ത്തനം എന്നിവയില്‍  രാജ്യങ്ങളുടെ വിശാല ശ്രേണിയുടെ പ്രോത്സാഹനപങ്കാളിത്തം പ്രകടമാണ്. ചൂട് ഉയരുന്നത് 2 ഡിഗ്രി സെല്‍ഷ്യസിന് താഴെ സൂക്ഷിക്കുക എന്ന ലക്ഷ്യത്തോടെയുള്ള പാരീസ് ഉടമ്പടിയമുമായി ചേര്‍ന്നുപോകുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ചുരുക്കം രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ.

സുഹൃത്തുക്കളെ,
വര്‍ഗ്ഗ സംരക്ഷണ പരിപാടികള്‍ക്കും പദ്ധതികള്‍ക്കും കേന്ദ്രീകരിച്ചുള്ള  മുന്‍കൈകള്‍ക്കാണ് ഇന്ത്യ ഊന്നല്‍ നല്‍കുന്നത്. ഇത് നല്ല ഫലം പ്രകടമാക്കുന്നുമുണ്ട്. കടുവാസംരക്ഷണ കേന്ദ്രങ്ങളുടെ എണ്ണം അതിന്റെ രൂപീകരണ സമയം മുതലുണ്ടായിരുന്ന 9 ല്‍നിന്ന് ഇപ്പോള്‍ 50% വര്‍ദ്ധിച്ചിട്ടുണ്ട്. നിലവില്‍ 2970 കടുവകളുള്ള രാജ്യം എന്ന പ്രത്യേകതയും ഇന്ത്യയ്ക്കുണ്ട്. രണ്ടുവര്‍ഷത്തിന് മുമ്പ് 2022ല്‍ കടുവകളുടെ എണ്ണം ഇരട്ടിയാക്കണമെന്ന ലക്ഷ്യമാണ് ഇന്ത്യയ്ക്ക് ലഭിച്ചത്. അടിസ്ഥാനപരമായ പ്രവര്‍ത്തനങ്ങള്‍ പങ്കുവച്ചുകൊണ്ട് കടുവാ സംരക്ഷണത്തിനായി ഒന്നിച്ചുവരണമെന്ന് ഇവിടെ സന്നിഹിതരായിരിക്കുന്ന കടുവാ മേഖലാ രാജ്യങ്ങളോട് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.
ആഗോള ഏഷ്യന്‍ ആനകളുടെ എണ്ണത്തില്‍ 60%ലേറെ ഇന്ത്യയുടെ പിന്തുണയാണ്. നമ്മുടെ രാജ്യത്ത് 30 ആനസംരക്ഷണ കേന്ദ്രങ്ങള്‍ സംസ്ഥാനത്ത് നിലവിലുണ്ട്. ഏഷ്യന്‍ ആനകളുടെ സംരക്ഷണത്തിനായി ഇന്ത്യ നിരവധി മുന്‍കൈകളും മാനദണ്ഡങ്ങളും സ്വീകരിച്ചിട്ടുമുണ്ട്.
ഹിമപ്പുലികളെയും ഹിമാലയത്തിന് മുകളില്‍ അതിന്റെ ആവാസവ്യസ്ഥകളെയും സംരക്ഷിക്കുന്നതിനായി നാം പ്രോജക്ട സ്‌നോ ലെപ്പേര്‍ഡി(ഹിമപ്പുലി പദ്ധതി)ന് തുടക്കം കുറിച്ചു. 12 രാജ്യങ്ങളുള്‍പ്പെടുന്ന ആഗോള ഹിമപ്പുലി പരിസ്ഥിതി പരിപാടി(ജി.എസ്.എല്‍.ഇ.പി)യുടെ സ്റ്റിയറിംഗ് കമ്മിറ്റിക്ക് അടുത്തിടെ ഇന്ത്യ ആതിഥേയത്വം വഹിച്ചു. ഹിമപ്പുലികളുടെ സംരക്ഷണത്തിന് പ്രത്യേക ചട്ടക്കൂടുകളും രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണവും വിഭാവനചെയ്യുന്ന ന്യൂഡല്‍ഹി പ്രഖ്യാപനത്തിന് അത് വഴിവയ്ക്കുകയും ചെയ്തു. പര്‍വ്വത പരിസ്ഥിതി സംരക്ഷണം ഉള്‍പ്പെടെയുള്ള ഹരിത പരിസ്ഥിതി പ്രോത്സാഹിപ്പിക്കുന്നതിന് ജനങ്ങളുടെ പങ്കാളത്തിത്തത്തോടെ ഇന്ത്യ നേതൃത്വപദവി ഏറ്റെടുക്കുമെന്നുള്ള കാര്യം നിങ്ങളുമായിപങ്കുവയ്ക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്.

സുഹൃത്തുക്കളെ,
ഏഷ്യന്‍ സിംഹങ്ങളുടെ ഏക വാസസ്ഥാനവും,  രാജ്യത്തിന്റെ അഭിമാനവുമാണ് ഗുജറാത്തിലെ ഗീര്‍ ഭൂപ്രദേശം. ഏഷ്യന്‍ സിംഹങ്ങളെ സംരക്ഷിക്കുന്നതിനായി 2019 മുതല്‍ നാം ഏഷ്യന്‍ സിംഹ സംരക്ഷണ പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. ഇന്ന് ഏഷ്യന്‍ സിംഹങ്ങളുടെ ജനസംഖ്യ 523 ല്‍ എത്തിയിരിക്കുന്നു എന്ന വസ്തുത നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ എനിക്കു സന്തോഷമുണ്ട്.
ഇന്ത്യയില്‍ അസം, ഉത്തര്‍ പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലാണ് കണ്ടാമൃഗങ്ങളെ കണ്ടുവരുന്നത്. ഇന്ത്യ ഗവണ്‍മെന്റ് 2019 ല്‍ ഇന്ത്യയിലെ കണ്ടാമൃഗങ്ങള്‍ക്കായി   ദേശീയ സംരക്ഷണ നയം ആരംഭിക്കുകയുണ്ടായി. ഗുരുതരമായ വംശനാശഭീഷണി നേരിടുന്ന ഗ്രേറ്റ് ഇന്ത്യന്‍ ബസ്റ്റാര്‍ഡ് എന്ന ഇനം കൊക്കുകളും നമ്മുടെ അടിയന്തിരമായ സംരക്ഷണ പരിശ്രമ പരിധിയിലാണ്. ഇവയുടെ പ്രജനന പരിപാടിയുടെ ഭാഗമായി കാട്ടിനുള്ളില്‍ ഇവയുടെ 9 മുട്ടകള്‍ വിജയകരമായി വിരിയിച്ചെടുക്കാന്‍ സാധിച്ചിട്ടുണ്ട്. ഇന്ത്യന്‍ ശാസ്ത്രജ്ഞരുടെയും വനം വകുപ്പ് ഉദ്യോഗസ്ഥരുടെും സാങ്കേതിക സഹായത്തോടെയും അബുദാബിയിലെ ഹൗബറാ സരക്ഷണ ഫണ്ടിന്റെയും സഹായത്തോടെയാണ് ഇത് സാധ്യമാക്കിയത്. അതിനാല്‍ ഭാഗ്യം കൊണ്ടുവരുന്ന പക്ഷി എന്ന ബഹുമതി ഗ്രേറ്റ് ഇന്ത്യന്‍ ബസ്റ്റാര്‍ഡിനു നാം നല്കിയിരിക്കുകയാണ്.

സുഹൃത്തുക്കളെ,
ദേശാടന ഇനത്തില്‍പ്പെട്ട ജീവികളുമായി ബന്ധപ്പെട്ട ഉടമ്പടിയിലെ ബന്ധപ്പെട്ട കക്ഷികളുടെ 13-ാമത് സമ്മേളനത്തിന്  ഗാന്ധിനഗറില്‍ ഇന്ത്യ ആതിഥേയത്വം  വഹിക്കുവാന്‍ പോകുന്നു. നിങ്ങള്‍ക്ക് അറിയാവുന്ന പോലെ ഈ 13-ാമത് സമ്മേളനത്തിന്റെ മുദ്ര രൂപ കല്പന ചെയ്തിരിക്കുന്നത് ദക്ഷിണേന്ത്യയില്‍ നിന്നുള്ള പ്രശസ്തമായ കോലത്തിന്റെ മാതൃകയിലാണ്. പ്രകൃതിയുമായി സമരസപ്പെട്ട് ജീവിക്കുന്നതിന്റെ പ്രാധാന്യം അതില്‍ ദൃശ്യമാണ്.

സുഹൃത്തുക്കളെ,
'ദേശാടന പക്ഷികള്‍ ഭൂമിയെ ബന്ധിപ്പിക്കുന്നു നാം ഒന്നിച്ച് അവയെ വീട്ടിലേയ്ക്കു സ്വാഗതം ചെയ്യുന്നു'  എന്നതാണ് ഈ 13-ാമത് സമ്മേളനത്തിന്റെ പ്രമേയം.  അതിഥി ദേവോ ഭവ (അതായത് അതിഥിയെ ദൈവമായി കരുതുക) എന്ന നമ്മുടെ പരമ്പരാഗതമായ സങ്കല്പം  ഈ പ്രമേയത്തില്‍ വളരെയധികം പ്രതിഫലിക്കുന്നുണ്ട്. പാസ്‌പോര്‍ട്ടോ വിസയോ ഇല്ലാതെ ഈ ജീവികള്‍  അനേക രാജ്യങ്ങളിലൂടെ  സഞ്ചരിക്കുന്നു. സമാധാനത്തിന്റെയും സമൃദ്ധിയുടെയും സന്ദേശവാഹകരായ ഇവയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം നമ്മുടെതാണ്.

മഹതികളെ മഹാന്മാരെ,
അടുത്ത മൂന്നു വര്‍ഷത്തേയ്ക്ക് ഈ സമ്മേളനത്തിന്റെ അധ്യക്ഷ പദവി അലങ്കരിക്കുന്നത് ഇന്ത്യയായിരിക്കും. ഈ കാലയളവില്‍ ഇന്ത്യ താഴെ പ്പറയുന്ന മേഖലകളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കും.
ദേശാടനപക്ഷികളുടെ മധ്യഏഷ്യയിലെ വ്യോമപാതയുടെ ഭാഗമാണ് ഇന്ത്യ. ഈ പക്ഷികളെയും അവയുടെ മധ്യേഷ്യന്‍ വ്യോമ പാതയയും വാസസ്ഥലങ്ങളെയും സംരക്ഷിക്കുക എന്ന കാഴ്ച്ചപ്പാടോടെ, ഇന്ത്യ ദേശാടന പക്ഷികളെയും അവയുടെ മധ്യ ഏഷ്യന്‍ വ്യോമ പാതയും സംരക്ഷിക്കുന്നതിനായി ദേശീയ കര്‍മ പദ്ധതി തയാറാക്കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ കര്‍മ്മ പദ്ധതികള്‍ തയാറാക്കുന്നതിന് ഇതര രാജ്യങ്ങളെ സഹായിക്കുവാനും ഇന്ത്യയ്ക്ക് സന്തോഷമേയുള്ളു. മധ്യ ഏഷ്യന്‍ വ്യോമപാതയില്‍ വരുന്ന എല്ലാ രാജ്യങ്ങളുടെയും സജീവ സഹകരണം വഴി ദേശാടന പക്ഷികളുടെ സംരക്ഷണത്തില്‍ പുതിയ പ്രവര്‍ത്തന മാതൃകയ്ക്കായി നാം അതീവ ജാഗ്രത പാലിക്കും.  ഇതുമായി ബന്ധപ്പെട്ട ഗവേഷണം, പഠനങ്ങള്‍, വിലയിരുത്തലുകള്‍, ശേഷി വികസനം, സംരക്ഷണ നടപടികള്‍ എന്നിവയ്ക്ക്  പൊതുവായ ഒരു വേദി സൃഷ്ടിച്ചുകൊണ്ട് ഇതിന് വ്യവസ്ഥാപിത സംവിധാനം കൊണ്ട്‌വരുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. 

സുഹൃത്തുക്കളെ
ഇന്ത്യയ്ക്ക് 7500 കിലോമീറ്റര്‍ തീര പ്രദേശമുണ്ട്. എണ്ണമറ്റ ജീവികള്‍ വസിക്കുന്ന ഇന്ത്യയുടെ സമുദ്ര മേഖല ജൈവ വൈവിധ്യത്താല്‍ സമ്പന്നമാണ്. ആസിയാന്‍, കിഴക്കനേഷ്യന്‍ ഉച്ചകോടി രാജ്യങ്ങള്‍ എന്നിവയുമായുള്ള സഹകരണം പൂര്‍വാധികം ശക്തമാക്കാന്‍ ഇന്ത്യ ആഗ്രഹിക്കുന്നു. ഇന്ത്യ നേതൃത്വം വഹിക്കുവാന്‍ ആഗ്രഹിക്കുന്ന ഇന്ത്യാ പസഫിക് ഓഷ്യന്‍ ഇനിഷ്യേറ്റിവുമായി സഹകരിച്ചായിരിക്കും ഇത്. 2020 ല്‍ ഇന്ത്യ അതിന്റെ കടല്‍ ജീവി നയവും തീര സംരക്ഷണ നയവും നടപ്പിലാക്കും. സൂക്ഷ്മ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ മൂലം സംഭവിക്കുന്ന മലിനീകരണ പ്രശ്‌നത്തെ ഇത് ഒരു പരിധി വരെ പരിഹരിക്കും. ഒറ്റ പ്രാവശ്യം മാത്രം ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യം പരിസ്ഥിതി സംരക്ഷണത്തിന് വലിയ വെല്ലുവിളിയായതിനാല്‍ അതിന്റെ ഉപയോഗം ലഘൂകരിക്കാനുള്ള ദൗത്യത്തിലാണ് ഇന്ത്യ.

സുഹൃത്തുക്കളെ
ഇന്ത്യയുടെ പല സംരക്ഷിത മേഖലകളും അയല്‍ രാജ്യങ്ങളുടെ സംരക്ഷിത മേഖലകളുമായി അതിര്‍ത്തി പങ്കു വയ്ക്കുന്നവയാണ്. അതില്‍ത്തി കടന്നുള്ള സംരക്ഷിത മേഖലകള്‍ സ്ഥാപിച്ചുകൊണ്ട് വന്യജീവി സംരക്ഷണത്തില്‍ സഹകരിക്കാവുന്നതാണ്. ഇതു പിന്നീട്  വലിയ സദ്ഫലങ്ങളിലേയ്ക്കു നയിക്കും.

സുഹൃത്തുക്കളെ
സുസ്ഥിര വികസന പാതയിലാണ് എന്റെ ഗവണ്‍മെന്റിന് വിശ്വാസം. പ്രകൃതിയെ മുറിപ്പെടുത്താതെ നടപ്പാക്കുന്ന വികസനമാണ് ഞങ്ങള്‍ ഉറപ്പു നല്കുന്നത്. പരിസ്ഥിതി ദുര്‍ബ്ബല മേഖലകളുടെ വികസനത്തെ അനുകൂലിക്കുന്ന അടിസ്ഥാന നയ മാര്‍ഗ്ഗ രേഖകള്‍ ഞങ്ങള്‍ പ്രസിദ്ധീകരിച്ചു കഴിഞ്ഞു. 
ഭാവി തലമുറകള്‍ക്കായി പ്രകൃതി വിഭവങ്ങളെ സംരക്ഷിക്കുന്ന ഉദ്യമത്തില്‍ ജനങ്ങളെയാണ് പ്രധാന ഗുണഭോക്താക്കളാക്കി മാറ്റുന്നത്.  സബ്കാ സാഥ്, സബ്കാ വികാസ്, സബ്കാ വിശ്വാസ് എന്ന മുദ്രാവാക്യവുമായിട്ടാണ് എന്റെ ഗവണ്‍മെന്റ് മുന്നോട്ടു പോകുന്നത്. രാജ്യത്തെ വനാതിര്‍ത്തികളോടു ചേര്‍ന്നു വസിക്കുന്ന ലക്ഷക്കണക്കിനു ജനങ്ങള്‍  വന വന്യജീവി സംരക്ഷമത്തിനായി ഇന്ന് സംയുക്ത വന സംരക്ഷണ കമ്മിറ്റികളും പരിസ്ഥിതി വികസന സമിതികളുമായി സഹകരിക്കുന്നു.

സുഹൃത്തുക്കളെ,
ദേശാടന ജീവികളുടെയും അവയുടെ വാസസ്ഥലങ്ങളുടെയും സംരക്ഷണത്തിനായി ആ മേഖലകളിലെ ശേഷി വികസനത്തിനും അനുഭവങ്ങള്‍ പങ്കു വയ്ക്കുന്നതിനും ഉള്ള മികച്ച വേദിയായി ഈ സമ്മേളനം മാറും എന്ന് എനിക്ക് ഉറപ്പുണ്ട്. ഇവിടെ ഇന്ത്യയുടെ സമ്പന്നമായ വൈവിധ്യവും ആതിഥേയത്വവും അനുഭവിക്കാനുള്ള സമയം നിങ്ങള്‍ക്കു ലഭിക്കുമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു.
നന്ദി, 
വളരെ നന്ദി.
RS / AJMRD 
***


(Release ID: 1603446) Visitor Counter : 369