പ്രധാനമന്ത്രിയുടെ ഓഫീസ്‌

'ശ്രീ രാമ ജന്മഭൂമി തീര്‍ഥക്ഷേത്ര' ട്രസ്റ്റ് സ്ഥാപിക്കുമെന്നു  പ്രധാനമന്ത്രി പ്രഖ്യാപിച്ചു

Posted On: 05 FEB 2020 1:42PM by PIB Thiruvananthpuram

 

അയോധ്യയില്‍ പ്രൗഢമായ രാമക്ഷേത്രം നിര്‍മിക്കാനുള്ള എല്ലാ തീരുമാനങ്ങളും സ്വതന്ത്രമായ ട്രസ്റ്റ് കൈക്കൊള്ളുമെന്നു പ്രധാനമന്ത്രി
ഇന്ത്യന്‍ ജനതയുടെ വൈശിഷ്ട്യത്തെ പ്രധാനമന്ത്രി പ്രകീര്‍ത്തിച്ചു
ഇന്ത്യയില്‍ കഴിയുന്ന എല്ലാ സമുദായക്കാരും ഒരു വലിയ കുടുംബത്തിന്റെ ഭാഗമെന്നു പ്രധാനമന്ത്രി
അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിനു മേല്‍നോട്ടം വഹിക്കാനായി സുപ്രീം കോടതി ഉത്തരവിട്ടതു പ്രകാരം ട്രസ്റ്റ് രൂപീകരിക്കുമെന്നു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചു. 
'സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 'ശ്രീരാമ ജന്മഭൂമി തീര്‍ഥക്ഷേത്ര' ട്രസ്റ്റ് രൂപീകരിക്കുന്നതിനുള്ള നിര്‍ദേശത്തിന് എന്റെ ഗവണ്‍മെന്റ് അംഗീകാരം നല്‍കി. അയോധ്യയില്‍ പ്രൗഢമായ രാമക്ഷേത്രം നിര്‍മിക്കാനുള്ള എല്ലാ തീരുമാനങ്ങളും സ്വതന്ത്രമായ ട്രസ്റ്റ് കൈക്കൊള്ളും', പ്രധാനമന്ത്രി പറഞ്ഞു. 
തീരുമാനം അയോധ്യ സംബന്ധിച്ച സുപ്രീം കോടതിയുടെ ചരിത്രപരമായ വിധിയെ തുടര്‍ന്ന്
സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരം സുന്നി വഖഫ് ബോര്‍ഡിന് അഞ്ചേക്കര്‍ ഭൂമി അനുവദിക്കാന്‍ യു.പി. ഗവണ്‍മെന്റിനോട് ഗവണ്‍മെന്റ് അഭ്യര്‍ഥിച്ചു എന്നും സംസ്ഥാന ഗവണ്‍മെന്റ് അത് അംഗീകരിച്ചു എന്നും പ്രധാനമന്ത്രി പറഞ്ഞു. 
ഭഗവാന്‍ രാമനും അയോധ്യയ്ക്കും ഇന്ത്യന്‍ ധര്‍മചിന്തയിലും ചേതനയിലും ആദര്‍ശത്തിലും സംസ്‌കാരത്തിലും കല്‍പിച്ചിട്ടുള്ള ചരിത്രപരവും ആത്മീയവുമായ പ്രാധാന്യം നമുക്കറിയാമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. 
'മഹത്തായ രാമക്ഷേത്രത്തിന്റെ നിര്‍മാണവും രാം ലല്ലയില്‍ ദര്‍ശനത്തിനെത്തുന്ന ഭക്തരുടെ ആവശ്യവും കണക്കിലെടുത്ത്, ഭാവി മുന്നില്‍ക്കണ്ട് മറ്റൊരു പ്രധാന തീരുമാനം ഗവണ്‍മെന്റ് കൈക്കൊണ്ടിട്ടുണ്ട്. ഏറ്റെടുത്ത 67.703 ഏക്കറോളം വരുന്ന ഭൂമിയൊന്നാകെ ശ്രീ രാമ ജന്‍മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റി'നു കൈമാറും.', പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ ജനതയുടെ വൈശിഷ്ട്യത്തെ പ്രധാനമന്ത്രി പ്രകീര്‍ത്തിച്ചു
അയോധ്യ വിഷയത്തില്‍ ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ വിധി വന്ന പശ്ചാത്തലത്തില്‍ രാജ്യത്തു സമാധാനവും സാഹോദര്യവും നിലനിര്‍ത്തുന്നതില്‍ രാജ്യം പുലര്‍ത്തിയ പക്വതയെ പ്രധാനമന്ത്രി അഭിനന്ദിച്ചു. 
ഒരു പ്രത്യേക ട്വീറ്റിലൂടെ അദ്ദേഹം ഇത് ആവര്‍ത്തിച്ചു. 'ജനാധിപത്യ പ്രക്രിയയിലും നടപടിക്രമങ്ങളിലും ഇന്ത്യയിലെ ജനങ്ങള്‍ ശ്രദ്ധേയമായ വിശ്വാസമാണു പ്രകടിപ്പിച്ചത്. ഇന്ത്യയിലെ 130 കോടി ജനങ്ങളെ ഞാന്‍ അഭിവാദ്യം ചെയ്യുന്നു.'
ഇന്ത്യയില്‍ ജീവിക്കുന്ന എല്ലാ സമുദായക്കാരും ഒരു വലിയ കുടുംബത്തിന്റെ ഭാഗം
നാം ഒരു കുടുംബത്തിന്റെ ഭാഗമാണെന്നു പ്രധാനമന്ത്രി പ്രസ്താവിച്ചു. ഇതാണ് ഇന്ത്യയുടെ ധര്‍മം. എല്ലാ ഇന്ത്യക്കാരനും സന്തോഷവാനും ആരോഗ്യവാനും ആയിരിക്കണമെന്നു നാം ആഗ്രഹിക്കുന്നു. 'എല്ലാവര്‍ക്കുമൊപ്പം, എല്ലാവര്‍ക്കും വികസനം, എല്ലാവരുടെയും വിശ്വാസം' എന്നതിനാല്‍ നയിക്കപ്പെടുന്ന നാം ഓരോ ഇന്ത്യക്കാരന്റെയും ക്ഷേമത്തിനായാണു പ്രവര്‍ത്തിക്കുന്നത്.'
'നമുക്കൊരുമിച്ചു പ്രൗഢമായ രാമക്ഷേത്ര നിര്‍മാണത്തിനായി പ്രവര്‍ത്തിക്കാം', പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
MRD 



(Release ID: 1602168) Visitor Counter : 216