പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി കോറോണ വൈറസ് വ്യാപനം സംബന്ധിച്ച് ഉന്നതതല യോഗം സംഘടിപ്പിച്ചു

Posted On: 25 JAN 2020 7:29PM by PIB Thiruvananthpuram

പ്രധാനമന്ത്രി നിര്‍ദേശിച്ചതനുസരിച്ച് അദ്ദേത്തിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. പി.കെ.മിശ്ര ചൈനയില്‍ കൊറോണ വൈറസ് ബാധ ഉണ്ടായതിനെ കുറിച്ചു ചര്‍ച്ച ചെയ്യാന്‍ ഉന്നതതലയോഗം നടത്തി. കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ സംഭവവികാസങ്ങള്‍, തയ്യാറെടുപ്പ്, കൈക്കൊണ്ട നടപടികള്‍ എന്നീ കാര്യങ്ങള്‍ ഉദ്യോഗസ്ഥര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ധരിപ്പിച്ചു.


ആശുപത്രികളിലെ തയ്യാറെടുപ്പുകള്‍, ലബോറട്ടറികളിലെ തയ്യാറെടുപ്പുകള്‍, അതിവേഗം പ്രതികരിക്കാന്‍ സാധിക്കുന്ന സംഘത്തിന്റെ ശേഷി വര്‍ധിപ്പിക്കല്‍, മന്ത്രാലയം ഒരുക്കിയ ബൃഹത്തായ നിരീക്ഷണ സംവിധാനങ്ങള്‍ എന്നിവ സംബന്ധിച്ച് ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം വിശദീകരിച്ചു. വ്യോമയാന മന്ത്രാലയം പോലുള്ള മറ്റു മന്ത്രാലയങ്ങള്‍ നടത്തിയ പ്രതിരോധ പ്രവര്‍ത്തനവും പ്രിന്‍സിപ്പല്‍ സെക്രട്ടറി അവലോകനം ചെയ്തു.


മറ്റു കേന്ദ്ര മന്ത്രാലയങ്ങളുമായും സംസ്ഥാന ഗവണ്‍മെന്റുകളുമായും കേന്ദ്രഭരണ പ്രദേശ ഭരണകൂടങ്ങളുമായും ചേര്‍ന്നു കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് ഉദ്യോഗസ്ഥര്‍ പ്രിന്‍സിപ്പില്‍ സെക്രട്ടറിയെ ബോധിപ്പിച്ചു.


ഇതുവരെ ഏഴ് രാജ്യാന്തര വിമാനത്താവളങ്ങളിലായി 115 ഫ്‌ളൈറ്റുകളില്‍ യാത്ര ചെയ്ത 20,000 പേരെ പരിശോധനകള്‍ക്കു വിധേയമാക്കി. വൈറസിന്റെ സാന്നിധ്യമുണ്ടോ എന്നു പരിശോധിക്കുന്നതിനായി രാജ്യത്തെങ്ങുമുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ലാബുകള്‍ സജ്ജമാക്കി. എല്ലാ സംസ്ഥാന, ജില്ലാ ആരോഗ്യ അധികൃതരെയും കാര്യങ്ങള്‍ അറിയിക്കുകയും തുടര്‍ന്നു ബന്ധപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട്.


ക്യാബിനറ്റ് സെക്രട്ടറി ശ്രീ. രാജീവ് ഗൗബ, ആഭ്യന്തര കാര്യ സെക്രട്ടറി ശ്രീ. അജയ് കുമാര്‍ ഭല്ല, വിദേശകാര്യ സെക്രട്ടറി, ശീ. വിജയ ഗോഖലെ, പ്രതിരോധ സെക്രട്ടറി ശ്രീ. അജയ് കുമാര്‍, ആരോഗ്യ-കുടുംബക്ഷേമ സെക്രട്ടറി കുമാരി പ്രീതി സുദന്‍, വ്യോമയാന സെക്രട്ടറി ശ്രീ. പ്രദീപ് സിങ് ഖരോള, മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. 


(Release ID: 1600590) Visitor Counter : 213