പ്രധാനമന്ത്രിയുടെ ഓഫീസ്‌

സെയിന്റ് വിന്‍സെന്റ് ആന്റ് ഗ്രനാഡൈന്‍സ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി

Posted On: 10 SEP 2019 2:14PM by PIB Thiruvananthpuram


കരീബിയന്‍ ദ്വീപ് സമൂഹമായ സെയിന്റ് വിന്‍സെന്റ് ആന്റ് ഗ്രനാഡൈന്‍സ് പ്രധാനമന്ത്രി ഡോ. റാല്‍ഫ് എവറാര്‍ഡ് ഗോണ്‍സാല്‍വെസ് ന്യൂഡല്‍ഹിയില്‍ ഇന്ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു. ആ രാജ്യത്ത് നിന്നുള്ള ആദ്യ പ്രധാനമന്ത്രിതല സന്ദര്‍ശനമാണിത്. മരുഭൂമിവല്‍ക്കരണം ചെറുക്കുന്നതിന് ന്യൂഡല്‍ഹിയില്‍ നടക്കുന്ന ഉന്നതതല ഐക്യരാഷ്ട്ര കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനാണ് പ്രധാനമന്ത്രി ഗോണ്‍സാല്‍വെസ് ന്യൂഡല്‍ഹിയില്‍ എത്തിയിട്ടുള്ളത്. 


ലാറ്റിന്‍ അമേരിക്കന്‍ മേഖലയിലും, കരീബിയനിലും, സെയിന്റ് വിന്‍സെന്റ് ആന്റ് ഗ്രനാഡൈന്‍സിലും ഇന്ത്യയെ കുറിച്ച് വളരെ വലിയ മതിപ്പാണുള്ളതെന്ന് ശ്രീ. ഗോണ്‍സാല്‍വെസ് അഭിപ്രായപ്പെട്ടു. വികസന രംഗത്ത് മേഖലയുമായുള്ള സഹകരണത്തിലും, പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ ഇന്ത്യ കണിശമായി നല്‍കുന്ന സഹായത്തിനും അദ്ദേഹം മതിപ്പ് രേഖപ്പെടുത്തി. 
അന്താരാഷ്ട്ര വേദികളിലുള്‍പ്പെടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉറ്റ സഹകരണം പ്രധാനമന്ത്രി ശ്രീ. മോദി ചൂണ്ടിക്കാട്ടി. ഐക്യരാഷ്ട്ര സുരക്ഷാ സമിതിയില്‍ സ്ഥിരമല്ലാത്ത അംഗമായി തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും ചെറിയ രാഷ്ട്രമെന്ന ചരിത്രപരമായ നേട്ടം കൈവരിച്ചതിന് അദ്ദേഹം സെയിന്റ് വിന്‍സെന്റ് ആന്റ് ഗ്രനാഡൈന്‍സിനെ അഭിനന്ദിച്ചു.
രണ്ട് രാജ്യങ്ങളും തമ്മില്‍ നൈപുണ്യവികസനം, പരിശീലനം, വിദ്യാഭ്യാസം, ധനകാര്യം, സാംസ്‌കാരികം, ദുരന്ത നിവാരണം തുടങ്ങിയവ ഉള്‍പ്പെടെയുള്ള മേഖലകളിലെ സഹകരണം വര്‍ദ്ധിപ്പിക്കാനും ഇരു നേതാക്കളും തമ്മില്‍ ധാരണയായി.
NDMRD



(Release ID: 1584668) Visitor Counter : 65