പ്രധാനമന്ത്രിയുടെ ഓഫീസ്
എഴുപത്തി മൂന്നാം സ്വാതന്ത്ര ദിനമായ 2019 ആഗസ്റ്റ് 15 ന് ചുവപ്പുകോട്ടയുടെ കൊത്തളത്തില്‍നിന്ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി രാഷ്ട്രത്തോടായി നടത്തിയ അഭിസംബോധന
Posted On:
15 AUG 2019 4:58PM by PIB Thiruvananthpuram
എന്റെ പ്രിയ രാജ്യവാസികളെ ,
സ്വാതന്ത്രദിനത്തിന്റെ ഈ പവിത്ര മുഹൂര്‍ത്തത്തില്‍, എല്ലാ രാജ്യവാസികള്‍ക്കും ആശംസകള്‍ നേരുന്നു.
ഇന്ന് രക്ഷാ ബന്ധന്‍ ഉത്സവം കൂടിയാണ്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ ആചാരം സഹോദര സഹോദരീ ബന്ധത്തിലെ സ്‌നേഹം പ്രകടമാക്കുന്നു. രക്ഷാ ബന്ധന്റെ ഈ ധന്യമായ ആഘോഷ ദിനത്തില്‍ രാജ്യത്തെ മുഴുവന്‍ ആളുകള്‍ക്കും, എല്ലാ സഹോദരീ സഹോദരന്മാര്‍ക്കും ഞാന്‍ ആശംസകള്‍ നേരുന്നു. സ്‌നേഹം നിറഞ്ഞ ഈ ഉത്സവം, എല്ലാ സഹോദരീ സഹോദരന്മാരുടെയും പ്രതീക്ഷകളെയും, അഭിലാഷങ്ങളെയും, സ്വപ്നങ്ങളെയും സഫലമാക്കുകയും, അവരുടെ ജീവിതത്തില്‍ സ്‌നേഹം നിറയ്ക്കുകയും ചെയ്യട്ടെ.
ഇന്ന് രാജ്യം സ്വാതന്ത്രദിനം ആഘോഷിക്കുമ്പോള്‍, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ജനങ്ങള്‍ വെള്ളപ്പൊക്കവും കനത്ത മഴയും മൂലം ദുരിതം അനുഭവിക്കുകയാണ്. നിരവധി ആളുകള്‍ക്ക് അവരുടെ പ്രിയപ്പെട്ടവരെ നഷ്ടമായി. ഞാന്‍ അവര്‍ക്കു ആദരാഞ്ജലി അര്‍പ്പിക്കുന്നു. സംസ്ഥാന ഗവണ്‍മെന്റുകളും, കേന്ദ്ര ഗവണ്മെന്റും, എന്‍ഡിആര്‍എഫ് പോലുള്ള മറ്റ് സ്ഥാപനങ്ങളും സ്ഥിഗതികള്‍ സാധാരണ നിലയിലേക്ക് കൊണ്ടുവരാനും ജനങ്ങളുടെ ബുദ്ധിമുട്ട് ലഘൂകരിക്കാനും ദിനരാത്രം കഠിന പ്രയത്‌നത്തിലാണ്.
ഇന്ന് നാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോള്‍, രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ജീവന്‍ ബലി അര്‍പ്പിച്ചവര്‍ക്കും, തങ്ങളുടെ യൗവ്വനം ജയിലില്‍ ചിലവഴിക്കേണ്ടി വന്നവര്‍ക്കും, തടവറകള്‍ പുണര്‍ന്നവര്‍ക്കും, സത്യാഗ്രഹത്തിലൂടെ അഹിംസയുടെ ആദര്‍ശം പകര്‍ന്നവര്‍ക്കും ഞാന്‍ എന്റെ പ്രണാമം അര്‍പ്പിക്കുന്നു. ബാപ്പുവിന്റെ നേതൃത്വത്തിന് കീഴില്‍ രാജ്യം സ്വാതന്ത്ര്യം നേടി. അതേ പോലെ, സ്വാതന്ത്ര്യാനന്തരമുള്ള വര്‍ഷങ്ങളില്‍ നിരവധി പേര്‍ രാജ്യത്തിന്റെ സമാധാനത്തിനും, സമൃദ്ധിക്കും സുരക്ഷയ്ക്കും വേണ്ടി സംഭാവന ചെയ്തിട്ടുണ്ട്. സ്വതന്ത്ര ഇന്ത്യയുടെ വികസനത്തിനും സമാധാനത്തിനും സമൃദ്ധിക്കും വേണ്ടി ജനങ്ങളുടെ പ്രതീക്ഷകളും അഭിലാഷങ്ങളും പൂര്‍ത്തീകരിക്കാന്‍ സംഭാവനകള്‍ നല്‍കിയ ജനങ്ങളെയും ഞാന്‍ ഇന്ന് അഭിവാദ്യം ചെയ്യുന്നു.
പുതിയ ഗവണ്‍മെന്റ് രൂപീകരിച്ചതിനു ശേഷം, നിങ്ങളെ എല്ലാവരെയും ചുവപ്പു കോട്ടയില്‍ നിന്ന് ഒരിക്കല്‍ കൂടി അഭിസംബോധന ചെയ്യാനുള്ള അവസരമാണ് ഇന്നെനിക്ക് ലഭിച്ചിരിക്കുന്നത്. പുതിയ ഗവണ്‍മെന്റ് രൂപീകരിച്ചിട്ട് പത്താഴ്ച പോലും തികഞ്ഞിട്ടില്ല. പക്ഷേ, പത്താഴ്ചത്തെ ഹ്രസ്വ കാലയളവ് കൊണ്ട് തന്നെ എല്ലാ മേഖലകളിലും, എല്ലാ ദിശകളിലും പരിശ്രമങ്ങളുണ്ടാവുകയും പുതിയ മാനങ്ങള്‍ കൂട്ടിച്ചേര്‍ക്കപ്പെടുകയും ചെയ്തു. അവരുടെ പ്രതീക്ഷകളും, ആഗ്രഹങ്ങളും അഭിലാഷങ്ങളും പൂര്‍ത്തീകരിക്കാനുള്ള അവസരമാണ് പൊതുജനം നമുക്ക് നല്‍കിയിരിക്കുന്നത്. ഒരു നിമിഷം പോലെ പാഴാക്കാതെ, സമ്പൂര്‍ണ്ണ സമര്‍പ്പണത്തോടെ നിങ്ങളുടെ സേവനത്തിനായി ഞങ്ങള്‍ അര്‍പ്പിതമനസ്‌കരാണ്.
370, 35 എ വകുപ്പുകള്‍ പത്താഴ്ചയ്ക്കുള്ളില്‍ റദ്ദാക്കുകയെന്നത് സര്‍ദാര്‍ വല്ലഭഭായ് പട്ടേലിന്റെ സ്വപ്നം സാക്ഷാത്കരിക്കുന്നതിലേക്കുള്ള ഒരു സുപ്രധാന ചുവടുവയ്പാണ്.
മുസ്ലീം വനിതകളുടെ അവകാശം സംരക്ഷിക്കുന്നതിന് മുത്തലാഖിനെതിരെ നിയമം കൊണ്ടുവന്നതും, ഭീകരപ്രവര്‍ത്തനം ചെറുക്കുന്നതിനുള്ള നിയമം കൂടുതല്‍ കര്‍ശനവും ശക്തവുമാക്കുന്നതിന് സുപ്രധാന നിയമഭേദഗതികള്‍ കൊണ്ടുവന്നതും പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി യോജനയുടെ ഗുണഭോക്താക്കളായ കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഏകദേശം 90,000 കോടി രൂപ കൈമാറിയതു പോലെയുള്ള ബൃഹത്തായ പ്രഖ്യാപനങ്ങളാണ് വെറും പത്താഴ്ചയ്ക്കുള്ളില്‍ ഞങ്ങള്‍ നടത്തിയത്. 60 വയസ് കഴിയുമ്പോള്‍ ശരീരം ദുര്‍ബലമാകാന്‍ തുടങ്ങുകയും, പിന്തുണ ആവശ്യമായി വരികയും ചെയ്യുന്ന വേളയില്‍, തങ്ങള്‍ക്ക് പെന്‍ഷന്‍ പദ്ധതികള്‍ ഉപയോഗിച്ച് അന്തസ്സാര്‍ന്ന ജീവിതം നയിക്കാനാകുമെന്ന് കര്‍ഷക സമൂഹത്തിലെ നമ്മുടെ സഹോദരീ സഹോദരന്മാരും, നമ്മുടെ ചെറുകിട സംരംഭകരും ഭാവനയില്‍ പോലും കണ്ടിരുന്നില്ല. ഈ ഉദ്ദേശ്യത്തോടെ ഒരു പെന്‍ഷന്‍ പദ്ധതി ഞങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ട്.
ജലത്തിന്റെ പ്രതിസന്ധി ഇന്നത്തെ കാലത്ത് വാര്‍ത്തകളില്‍ വ്യാപകമാണ്. ആസന്നമായ ഒരു ജല പ്രതിസന്ധി നമ്മെ തുറിച്ച് നോക്കുന്നുവെന്നാണ് പറയപ്പെടുന്നത്. ഇത്തരം ഒരു സാഹചര്യം മുന്നില്‍ കണ്ടുകൊണ്ട് ജല പ്രതിസന്ധിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിഹരിക്കുന്നതിന് കേന്ദ്രവും സംസ്ഥാനങ്ങളും ഒരുമിച്ച് പദ്ധതികള്‍ വികസിപ്പിക്കുന്നതിന് മാത്രമായി പുതിയൊരു ജല ശക്തി മന്ത്രാലയത്തിന്റെ രൂപീകരണം ഞങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
കരുത്തുറ്റ ആരോഗ്യ സംവിധാനങ്ങളോടൊപ്പം നമ്മുടെ രാജ്യത്തിന് വലിയ തോതില്‍ ഡോക്ടര്‍മാരെയും ആവശ്യമാണ്. ഈ ആവശ്യം നേരിടുന്നതിന് പുതിയ നിയമങ്ങള്‍, ഉയര്‍ന്ന നിലവാരമുള്ള അടിസ്ഥാന സൗകര്യം, പുതിയ ചിന്ത മുതലായവ നമുക്ക് വേണ്ടിവരും. ഒപ്പം മെഡിക്കല്‍ പ്രൊഫഷന്‍ തിരഞ്ഞെടുക്കുന്നതിന് യുവജനങ്ങളെ പ്രേരിപ്പിക്കാന്‍ പുതിയ അവസരങ്ങളും സൃഷ്ടിക്കണം. ഇതിന്റെ വെളിച്ചത്തില്‍ ആരോഗ്യ വിദ്യാഭ്യാസത്തില്‍ സുതാര്യത കൊണ്ടുവരുന്നതിന് ഞങ്ങള്‍ പുതിയ നിയമങ്ങള്‍ക്ക് രൂപം നല്‍കുകയും സുപ്രധാന നടപടികള്‍ കൈക്കൊള്ളുകയും ചെയ്തു.
ഇന്നത്തെ കാലത്ത് ലോകത്തെമ്പാടും കുട്ടികളുടെ അവകാശ ലംഘനവുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ നാം കണ്ടുവരുന്നു. ഇന്ത്യ അതിന്റെ കുഞ്ഞുങ്ങളെ ഒരിക്കലും ആക്രമിക്കപ്പെടാന്‍ അനുവദിക്കില്ല. കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ കര്‍ക്കശമായ നിയമം ആവശ്യമായതിനാല്‍ അത് കൊണ്ടുവന്നിട്ടുണ്ട്.
സഹോദരീ സഹോദരന്മാരെ,
2014 മുതല്‍ 2019 വരെയുള്ള അഞ്ച് വര്‍ഷക്കാലം നിങ്ങളെയെല്ലാം സേവിക്കാന്‍ നിങ്ങള്‍ എനിക്ക് അവസരം തന്നു. അടിസ്ഥാന ആവശ്യങ്ങള്‍ സ്വായത്തമാക്കുന്നതിന് സാധാരണക്കാരന്‍ നേരിടേണ്ടി വരുന്ന കഷ്ടപ്പാടുകള്‍ ഞങ്ങള്‍ തിരിച്ചറിഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷമായി സാധാരണക്കാരന്റെ ദൈനംദിന ആവശ്യങ്ങള്‍ നേടുന്നതിനുള്ള സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനായി ഞങ്ങളുടെ ഗവണ്‍മെന്റ് യത്‌നിക്കജശ യായിരുന്നു. ഗ്രാമീണര്‍, പാവപ്പെട്ടവര്‍, പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍, ഇരയാക്കപ്പെട്ടവര്‍, ചൂഷണം ചെയ്യപ്പെട്ടവര്‍, നിഷേധിക്കപ്പെട്ടവര്‍ തുടങ്ങിയവരെ സഹായിക്കാന്‍ പ്രത്യേക ശ്രമങ്ങളാണ് നടത്തുന്നത്. രാജ്യത്തെ വികസനത്തിന്റെ പാതയിലേക്ക് തിരികെ കൊണ്ടുവരാന്‍ ഈ ദിശയില്‍ അക്ഷീണ യത്‌നങ്ങളാണ് ഞങ്ങള്‍ നടത്തുന്നത്. പക്ഷേ കാലം മാറുകയാണ്. 2014-2019 നിങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റേണ്ട കാലഘട്ടമായിരുന്നെങ്കില്‍ 2019 നപ്പുറം നിങ്ങളുടെ അഭിലാഷങ്ങളും സ്വപ്നങ്ങളും സാക്ഷാത്കരിക്കുന്നത് നിങ്ങള്‍ക്ക് കാണാന്‍ കഴിയും.
21-ാം നൂറ്റാണ്ടിലെ ഇന്ത്യ എന്തായിരിക്കണം?
എത്ര വേഗത്തില്‍ അത് സഞ്ചരിക്കണം? എത്ര സമഗ്രമായി അത് പ്രവര്‍ത്തിക്കണം, അതിനായി എത്ര ഉയരത്തില്‍ അതിനായി നാം കഠിനാദ്ധ്വാനം ചെയ്യണം-ഇക്കാര്യങ്ങളൊക്കെ മനസില്‍ വച്ചുകൊണ്ട് അടുത്ത അഞ്ചുവര്‍ഷത്തേയ്ക്കുള്ള പ്രവര്‍ത്തനപദ്ധതി തയാറാക്കി ഒന്നിന് പുറകെ മറ്റൊന്നായി പല നടപടികളും ഞങ്ങള്‍ കൈക്കൊള്ളുകയാണ്്.
2014 ല്‍ ഞാന്‍ രാജ്യത്തിന് പുതിയതായിരുന്നു. 2013-14 തെരഞ്ഞെടുപ്പിന് മുമ്പായി ഞാന്‍ രാജ്യത്തങ്ങോളമിങ്ങോളം സഞ്ചരിച്ച് നാട്ടുകാരുടെ വികാരങ്ങള്‍ മനസിലാക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ എല്ലാവരുടെയൂം മുഖത്ത് നിരാശയായിരുന്നു എഴുതിവെച്ചിരുന്നത്. എല്ലാവര്‍ക്കും ആശങ്കകള്‍ ഉണ്ടായിരുന്നു. ഈ രാജ്യത്തെ മാറ്റാനാകുമോയെന്ന് ജനങ്ങള്‍ ആശ്ചര്യപ്പെട്ടു? ഗവണ്‍മെന്റ് മാറിയാല്‍ രാജ്യം മാറുമോ? സാധാരണക്കാരുടെ മനസില്‍ നൈരാശ്യം അരിച്ചിറങ്ങിയിരുന്നു. ഇത് അവരുടെ ദീര്‍ഘകാല അനുഭവത്തിന്റെ ഫലമായാണ്-പ്രതീക്ഷകള്‍ ദീര്‍ഘകാലം നിലനിന്നില്ല, അത് നിരാശയുടെ ആഴങ്ങളിലേക്ക് വളരെവേഗം മുങ്ങിപ്പോയി.
എന്റെ രാജ്യത്തെ മാത്രം ഹൃദയത്തില്‍ പ്രതിഷ്ഠിച്ച്, ലക്ഷക്കണക്കിനുള്ള എന്റെ നാട്ടുകാരെ എന്റെ ഹൃദയത്തിലുള്‍ക്കൊണ്ട്, സാധാരണക്കാരനില്‍ മാത്രം അര്‍പ്പിതമായ, അഞ്ചുവര്‍ഷത്തെ കഠിനാദ്ധ്വാനത്തിന് ശേഷം 2019 എത്തിയപ്പോള്‍-ഈ വികാരം ഉള്‍ക്കൊണ്ടുകൊണ്ട് ഞങ്ങള്‍ മുന്നോട്ടുപോയി, ഓരോ നിമിഷവും അതിന് വേണ്ടി അര്‍പ്പിച്ചു. നമ്മള്‍ 2019ലേക്ക് എത്തിയപ്പോള്‍, ഞാന്‍ അതിശയിച്ചുപോയി. രാജ്യത്തെ ജനങ്ങളുടെ മാനസികാവസ്ഥ മാറി. നിരാശ പ്രതീക്ഷയായി മാറി, സ്വപ്‌നങ്ങള്‍ പരിഹാരങ്ങളുമായി ബന്ധപ്പെട്ടു, നേട്ടങ്ങള്‍ ദൃശ്യമായി, അതെ, എന്റെ ഇന്ത്യയ്ക്ക് മാറാന്‍ കഴിയും-എന്ന ഒറ്റ ശബ്ദം മാത്രമേ ഇന്ന് സാധാരണക്കാരനുള്ളു.
സാധാരണക്കാര്‍ക്ക് ഒരു പ്രതിദ്ധ്വനിയേയുള്ളു-അതേ നമുക്കും രാജ്യത്തെ മാറ്റാനാകും, നമുക്ക് പിന്നോക്കം പോകാന്‍ കഴിയില്ല.
130 കോടി പൗരന്മാരുടെ ഈ വികാര പ്രകാശനം, പ്രതിദ്ധ്വനിക്കുന്ന ഈ വൈകാരികത ഇത് നമുക്ക് പുതിയ കരുത്തും പുതിയ വിശ്വാസവും നല്‍കുന്നു.
‘എല്ലാവര്‍ക്കും ഒപ്പം-എല്ലാവരുടെയൂം വികാസം’ എന്ന മന്ത്രത്തോടെയാണ് നാം തുടങ്ങിയത്, എന്നാല്‍ അഞ്ചുവര്‍ഷത്തിനുള്ളില്‍ നാട്ടുകാര്‍ രാജ്യത്തിന്റെ മൊത്തം മാനസികാവസ്ഥയെ എല്ലാവരുടെയൂം വിശ്വാസം എന്ന നിറം കൊണ്ട് ചായംപുരട്ടി. അഞ്ചുവര്‍ഷം കൊണ്ട് ഏവരിലും വളര്‍ന്ന ആത്മവിശ്വാസവും പ്രതീക്ഷയും കൂടുതല്‍ കരുത്തോടെ നാട്ടുകാരെ സേവിക്കാന്‍ ഞങ്ങളെ പ്രചോദിപ്പിച്ചുകൊണ്ടേയിരിക്കുന്നു.
ഒരു രാഷ്ട്രീയക്കാരനും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ല, ഒരു രാഷ്ട്രീയപാര്‍ട്ടിയും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ല, മോദിയോ മോദിയുടെ സുഹൃത്തുക്കളോ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ല എന്ന് പലപ്രാവശ്യം ഞാന്‍ പറഞ്ഞിരുന്നതാണ്, അടുത്തിടെ നടന്ന തെരഞ്ഞെടുപ്പില്‍ ഞാന്‍ കാണുകയും ചെയ്തിരുന്നു. ഇന്ത്യയിലെ ജനങ്ങളാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്, 130 കോടി നാട്ടുകാരാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. അവര്‍ അവരുടെ സ്വന്തം സ്വപ്‌നങ്ങള്‍ക്ക് വേണ്ടി മത്സരിക്കുന്നു. ജനാധിപത്യത്തിന്റെ യഥാര്‍ത്ഥ സ്വഭാവം ഈ തെരഞ്ഞെടുപ്പില്‍ കാണാം.
എന്റെ നാട്ടുകാരെ, പ്രശ്‌നങ്ങളുടെ പരിഹാരത്തിന്-കാലത്തിന്റെ സ്വപ്‌നത്തോടൊപ്പം, നിശ്ചയദാര്‍ഢ്യം, കാര്യനിര്‍വഹണം-എന്നിവയ്ക്ക് നമ്മുക്ക് ഇനി ഒരുമിച്ച് സഞ്ചരിക്കേണ്ടതുണ്ട്. പ്രശ്‌നങ്ങള്‍ പരിഹരിച്ചുകഴിയുമ്പോഴാണ് സ്വാശ്രയത്തിന്റെ വികാരം വികസിക്കുന്നതെന്നത് പ്രകടമാണ്. സ്വാശ്രയം സംഭവിക്കുമ്പോള്‍ ആത്മാഭിമാനം സ്വാഭാവികമായി തന്നെ വികസിക്കും ശക്തമായ കാര്യശേഷിയുളളതാണ് ഈ ആത്മാഭിമാനം. സ്വാഭിമാനത്തിന്റെ ഈ ശക്തിയെന്നത് മറ്റെന്തിനെക്കാളും വലുതാണ്, ഒരു പരിഹാരവും ദൃഢനിശ്ചയവും, കാര്യശേഷിയും സ്വാഭിമാനവുമുള്ളത് എവിടെയാണോ അവിടെ വിജയത്തിനെതിരായി നില്‍ക്കാന്‍ ഒന്നിനും കഴിയില്ല, ഇന്ന് ആ സ്വാഭിമാനത്തിന്റെ വികാരത്തിലാണ് രാജ്യം.
ഇന്ന്, ആ ആത്മാഭിമാനവുമായി മുന്നോട്ട് പോയി വിജയത്തിന്റെ പുതിയ ഉയരങ്ങള്‍ എത്തിപ്പിടിക്കാന്‍ നാം ദൃഢനിശ്ചയം ചെയ്തിരിക്കുകയാണ്. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുമ്പോള്‍ നാം ഒറ്റയ്‌ക്കൊറ്റയ്ക്ക് ചിന്തിക്കരുത്. അവിടെ ബുദ്ധിമുട്ടുകള്‍ ഉണ്ടാവും. പാതി മനസോടെ, മറ്റുള്ളവരുടെ കയ്യടി നേടുകയെന്ന ലക്ഷ്യത്തോടെ നടത്തുന്ന പ്രയത്‌നങ്ങള്‍ രാജ്യത്തിന്റെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ സഹായിക്കില്ല. പ്രശ്‌നങ്ങളെ വേരോടെ പിഴുതെറിയാന്‍ നാം യത്‌നിക്കണം.
നിങ്ങള്‍ കണ്ടിട്ടുള്ളതാണ്, നമ്മുടെ മുസ്ലിം പെണ്‍മക്കളും സഹോദരിമാരും മുത്തലാഖ് എന്ന വാള്‍ തലയ്ക്കു മുകളില്‍ ഉള്ളത് മൂലം എത്ര ഭയത്തോടെയാണ് ജീവിച്ചിരുന്നതെന്ന്. അവര്‍ മുത്തലാഖിന്റെ ഇര ആയിരുന്നില്ലെങ്കില്‍ പോലും, അവരെ ഏതു സമയവും അതിനു വിധേയരാക്കും എന്ന ഭയം അവരെ വേട്ടയാടിയിരുന്നു. നിരവധി ഇസ്ലാമിക രാഷ്ട്രങ്ങള്‍ വളരെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ഈ പൈശാചികമായ ആചാരം നിര്‍ത്തലാക്കിയിട്ടുണ്ട്. പക്ഷേ, എന്തോ ചില കാരണങ്ങളാല്‍ നമ്മുടെ മുസ്ലിം അമ്മമാര്‍ക്കും, സഹോദരിമാര്‍ക്കും അവര്‍ക്കു അര്‍ഹമായ ആ അവകാശം നല്‍കാന്‍ നാം വിമുഖരായിരുന്നു. നമുക്ക് സതി സമ്പ്രദായം നിര്‍ത്തലാക്കാമെങ്കില്‍, പെണ്‍ ഭ്രൂണഹത്യ നിര്‍ത്തലാക്കാന്‍ നിയമനിര്‍മാണം നടത്താമെങ്കില്‍, ബാല വിവാഹത്തിനെതിരെ ശബ്ദം ഉയര്‍ത്താമെങ്കില്‍, ഈ രാജ്യത്തു സ്ത്രീധന സമ്പ്രദായത്തിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാമെങ്കില്‍, മുത്തലാഖിനെതിരെ എന്ത് കൊണ്ട് നാം നമ്മുടെ ശബ്ദം ഉയര്‍ത്തിക്കൂടാ? ഭാരതത്തിന്റെ ജനാധിപത്യ ത്തിന്റെയും, ഭരണഘടനയുടെയും മൂല്യങ്ങള്‍ ഉള്‍ക്കൊണ്ടാണ് നാം ഈ തീരുമാനം കൈകൊണ്ടത്. മുസ്ലിം സഹോദരിമാര്‍ക്ക് തുല്യ അവകാശം ലഭിക്കണമെന്ന ബാബാ സാഹേബ് അംബേദ്കറിന്റെ ചിന്തകളെ ബഹുമാനിക്കാനും. ഇതിലൂടെ ആ സഹോദരിമാരില്‍ ഒരു പുതിയ ആത്മവിശ്വാസം ജനിക്കാനും, അതിലൂടെ അവര്‍ രാജ്യത്തിന്റെ വികസന യാത്രയില്‍ സത്വര പങ്കാളികള്‍ ആകാനും വേണ്ടിയാണിത്. അത്തരം തീരുമാനങ്ങള്‍ രാഷ്ട്രീയ നേട്ടത്തിനു വേണ്ടിയുള്ളതല്ല. അവ നമ്മുടെ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും ശാശ്വതമായ സംരക്ഷണം ഉറപ്പു നല്‍കുന്നു.
അതേ പോലെ, ഞാന്‍ മറ്റൊരു ഉദാഹരണം നല്‍കാം. അനുച്ഛേദം 370 ഉം 35എ യും പിന്‍വലിച്ചതിന് പിന്നിലുള്ള കാരണമെന്തായിരുന്നു? ഇതാണ് ഈ ഗവണ്‍മെന്റിന്റെ മുഖമുദ്ര. ഞങ്ങള്‍ പ്രശ്‌നങ്ങളെ അവഗണിക്കാറില്ല, അവയെ വളരാന്‍ അനുവദിക്കുകയുമില്ല. പ്രശ്‌നങ്ങള്‍ വച്ച് താമസിപ്പിക്കുന്നതിനോ അവഗണിക്കുന്നതിനോ സമയമില്ല. കഴിഞ്ഞ 70 വര്‍ഷം കൊണ്ട് ചെയ്യാന്‍ സാധിക്കാതിരുന്നത് ഈ പുതിയ ഗവണ്‍മെന്റ് അധികാരത്തിലെത്തി 70 ദിവസങ്ങള്‍ക്കകം പൂര്‍ത്തിയാക്കി. 370, 35എ അനുച്ഛേദങ്ങളുടെ അസാധുവാക്കല്‍ രാജ്യസഭയിലും ലോകസഭയിലും മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെയാണ് നടപ്പാക്കിയത്. ഇതിനര്‍ത്ഥം എല്ലാവരും ഈ തീരുമാനം ആഗ്രഹിച്ചിരുന്നുവെന്നും, അതിന് മുന്‍കയ്യെടുക്കാനും മുന്നോട്ട് കൊണ്ടു പോകുന്നതിനും ആരെങ്കിലും വരുന്നതിനു വേണ്ടി അവര്‍ കാത്തിരിക്കുകയായിരുന്നു എന്നുമാണ്. രാജ്യവാസികള്‍ എനിക്കായി നിയോഗിച്ച കര്‍മ്മം പൂര്‍ത്തിയാക്കാനായി ഞാന്‍ എത്തി. ഞാന്‍ നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നു.
ജമ്മു കാശ്മീരിന്റെ പുനസംഘടനയുമായി നാം മുന്നോട്ട് പോവുകയാണ്. 70 വര്‍ഷമായി ഓരോ ഗവണ്‍മെന്റും ഒട്ടനവധി ജനങ്ങളും എന്തെങ്കിലും ചെയ്യുന്നതിനായി പരിശ്രമിച്ചു.
എന്നാല്‍ ഉദ്ദേശിച്ച ഫലം ലഭിച്ചിരുന്നില്ല, ഉദ്ദേശിച്ച ഫലം ലഭിക്കാതെ വരുമ്പോള്‍ ഒരു പുതുചിന്തയുടെയും പുതിയ നടപടികള്‍ സ്വീകരിക്കേണ്ടതിന്റെയൂം ആവശ്യകതയുണ്ടാകുന്നു. ജമ്മു-കാശ്മീരിലേയും ലഡാക്കിലേയും ജനങ്ങളുടെ അഭിലാഷങ്ങള്‍ സാക്ഷാത്കരിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കേണ്ടത് നമ്മളുടെ ഉത്തരവാദിത്തമാണ്. അവരുടെ സ്വപ്‌നങ്ങള്‍ക്ക് പുതുചിറകുകള്‍ നല്‍കുകയെന്നത് നമ്മുടെ കൂട്ടായ ഉത്തരവാദിത്തമാണ്. ഈ ഉത്തരവാദിത്തം 130 കോടി വരുന്ന എന്റെ നാട്ടുകാരെല്ലാവരും തോളേറ്റണം. ഈ ഉത്തരവാദിത്തം നിറവേറ്റുന്നതിനായി വഴികളില്‍ എന്തെല്ലാം മാര്‍ഗ തടസങ്ങളുണ്ടോ അവയെല്ലാം മാറ്റുന്നതിനുള്ള ശ്രമങ്ങള്‍ നാം നടത്തിക്കഴിഞ്ഞു.
കഴിഞ്ഞ എഴുപത് വര്‍ഷമായി നിലനിന്നിരുന്ന സംവിധാനം വിഘടനവാദത്തെ ശക്തിപ്പെടുത്തുകയും ഭീകരവാദത്തിന് ജന്മം നല്‍കുകയും ചെയ്തിരുന്നു. അത് വംശ വാഴ്ച പ്രോത്സാഹിപ്പിക്കുകയും ഒരുതരത്തില്‍ അഴിമതിയുടെയും വിവേചനത്തിന്റേയും അടിത്തറകള്‍ ശക്തിപ്പെടുത്തുകയും ചെയ്തിരുന്നു. ജമ്മു-കാശ്മീരിലേയും ലഡാക്കിലേയും സ്ത്രീകള്‍ക്ക് അവരുടെ അവകാശങ്ങള്‍ ലഭിക്കുന്നതിന് വേണ്ടിയുള്ള പ്രയത്‌നങ്ങള്‍ നാം ചെയ്യേണ്ടതുണ്ട്. അവിടെ ജീവിക്കുന്ന എന്റെ ദളിത് സഹോദരീ സഹോദരന്മാര്‍ക്ക് ഇതുവരെ നിഷേധിക്കപ്പെട്ടിരുന്ന അവകാശങ്ങള്‍ ലഭിക്കുന്നതിന് വേണ്ടിയുള്ള പരിശ്രമങ്ങള്‍ നാം നടത്തേണ്ടതുണ്ട്. ഇന്ത്യയിലെ ഗോത്രവര്‍ഗ്ഗ ജനവിഭാഗങ്ങള്‍ക്ക് ലഭിക്കുന്ന അവകാശങ്ങള്‍ ജമ്മു-കാശ്മീരിലേയും ലഡാക്കിലേയും എന്റെ ഗോത്രവര്‍ഗ്ഗ സഹോദരി സഹോദരന്മാര്‍ക്കും ലഭ്യമാക്കണം. ഗുജ്ജാറുകള്‍, ബക്കര്‍വാലകള്‍, ഗഡ്ഡികള്‍, സിപ്പികള്‍ അഥവാ ബാല്‍ടികള്‍ തുടങ്ങി നിരവധി അത്തരം സമൂഹങ്ങള്‍ അവിടെയുണ്ട്-ആ സമുദായങ്ങളെയെല്ലാം രാഷ്ട്രീയ അധികാരം നല്‍കി ശാക്തീകരിക്കണം. ജമ്മു-കാശ്മീരില്‍ ശുചീകരണ തൊഴിലാളികളായ സഹോദരങ്ങള്‍ക്ക് നിയമപരമായ നിയന്ത്രണങ്ങളുണ്ടെന്നത് അതിശയിപ്പിക്കുന്നതാണ്. അവരുടെ സ്വപ്‌നങ്ങള്‍ ചവുട്ടിമെതിച്ചു. ഇപ്പോള്‍ അവരെ നാം ചങ്ങലകളില്‍ നിന്നും മോചിപ്പിച്ചു.
ഇന്ത്യ വിഭജിച്ചപ്പോള്‍ കോടിക്കണക്കിനാളുകള്‍ക്ക് സ്വന്തം തെറ്റുകള്‍ക്കല്ലാതെ അവരുടെ പൂര്‍വ്വീക ഭവനങ്ങള്‍ വിട്ടുപോകേണ്ടിവന്നിട്ടുണ്ട്. ജമ്മു-കാശ്മീരില്‍ സ്ഥിരതാമസമാക്കിയിരിക്കുന്നവര്‍ക്ക് മനുഷ്യാവകാശങ്ങളോ പൗരത്വാവകാശങ്ങളോ ഇല്ല. പര്‍വത മേഖലകളിലുള്ള ജനങ്ങള്‍ ജമ്മു-കാശ്മീരില്‍ ജീവിക്കുന്നുണ്ട്. അവരുടെ ക്ഷേമത്തിന് വേണ്ടിയുള്ള നടപടികളും കൈക്കൊള്ളാന്‍ നാം ഉദ്ദേശിക്കുന്നു.
എന്റെ നാട്ടുകാരെ, ജമ്മു-കാഷ്മീരിലേയും ലഡാക്കിലേയും സമാധാനവും സമ്പല്‍സമൃദ്ധിയും ഇന്ത്യയ്ക്ക് പ്രചോദനമാകും. ഇന്ത്യയുടെ വികസനത്തിന് അവയ്ക്ക് വലിയ തോതില്‍ സംഭാവനചെയ്യാനാകും. അവരുടെ സുവര്‍ണ്ണ ഭൂതകാലം തിരിച്ചുകൊണ്ടുവരുന്നതിനുള്ള പരിശ്രമങ്ങള്‍ നാം നടത്തേണ്ടതുണ്ട്. അടുത്തിടെയുള്ള നടപടികളെ തുടര്‍ന്ന് നിലവില്‍ വന്ന പുതിയ സംവിധാനം സംസ്ഥാനത്തെ ജനങ്ങള്‍ക്ക് നേരിട്ട് ഗുണം ചെയ്യുന്ന സൗകര്യങ്ങള്‍ സൃഷ്ടിക്കും. ഇനി രാജ്യത്തെ മറ്റേത് ഭാഗത്തുള്ളതുപോലെയും ജമ്മു-കാഷ്മീരില്‍ നിന്ന് ആര്‍ക്കും ഡല്‍ഹിയിലെ ഗവണ്‍മെന്റിനെ സമീപിക്കാം. അതിനിടയില്‍ ഒരു തടസവുമുണ്ടാവില്ല. അത്തരത്തിലുള്ള ഒരു സംവിധാനമാണ് നാം നടപ്പാക്കിയിരിക്കുന്നത്. അനുച്‌ഛേദം 370ഉം 35എയും റദ്ദാക്കാന്‍ നാം അടുത്തിടെ കൈക്കൊണ്ട നടപടികളെ രാജ്യം സമ്പൂര്‍ണ്ണമായി സ്വാഗതം ചെയ്തു, ഒപ്പം ഒരു എതിര്‍പ്പുമില്ലാതെ രാജ്യത്തെ എല്ലാ രാഷ്ട്രീയപാര്‍ട്ടികളിലേയും ആളുകളും സ്വാഗതം ചെയ്തിട്ടുണ്ട്. ചിലര്‍ പരസ്യമായി തന്നെ നമ്മെ പിന്തുണച്ചപ്പോള്‍ മറ്റു ചിലര്‍ തന്ത്രപരമായ പിന്തുണ നല്‍കി. എന്നാല്‍ വോട്ടുബാങ്ക് രാഷ്ട്രീയത്തില്‍ നേട്ടം കൊയ്യുന്നതിനായി അധികാരത്തിന്റെ ചില ഇടനാഴികള്‍ 370ാം വകുപ്പിന് അനുകൂലമായി സംസാരിക്കുന്നുണ്ട്. 370ഉം 35 എയും അത്ര പ്രാധാന്യമുള്ളതായിരുന്നുവോയെന്ന കാര്യത്തില്‍ 370ാം വകുപ്പിന് അനുകൂലമായി സംസാരിക്കുന്നവരില്‍ നിന്നും രാജ്യം മറുപടി ആവശ്യപ്പെടുന്നുണ്ട്.
370-ാം വകുപ്പ് അത്രയും നിര്‍ണായകമായിരുന്നു എങ്കില്‍, എന്ത് കൊണ്ടാണ് ഭൂരിപക്ഷം ഉണ്ടായിട്ടും ഭരണ കക്ഷികള്‍ കഴിഞ്ഞ 70 വര്‍ഷങ്ങളില്‍ അത് സ്ഥിരപ്പെടുത്താഞ്ഞത് ? എന്തുകൊണ്ടാണ് അത് താത്കാലികമായി നിലനിര്‍ത്തിയത്? അത്രയേറെ ദൃഢവിശ്വാസം ഉണ്ടായിരുന്നെങ്കില്‍, നിങ്ങള്‍ അതുമായി മുന്‍പോട്ട് പോയി അത് സ്ഥിരപ്പെടുത്തണമായിരുന്നു. അതിനര്‍ത്ഥം നിങ്ങള്‍ക്കറിയാമായിരുന്നു, നിങ്ങള്‍ എടുത്ത തീരുമാനം തെറ്റായിരുന്നു എന്ന്. എന്നാല്‍ അതിനെ തിരുത്താനുള്ള ധൈര്യമോ ഇച്ഛാശക്തിയോ നിങ്ങള്‍ക്കില്ലായിരുന്നു. രാഷ്ട്രീയ ഭാവി സംബന്ധിച്ചുള്ള ആശങ്കകള്‍ വന്നു കൊണ്ടേയിരുന്നു. എന്നാല്‍ എനിക്ക്, രാജ്യത്തിന്റെ ഭാവിയാണ് എല്ലാം, രാഷ്ട്രീയ ഭാവിക്കു ഒരു അര്‍ത്ഥവുമില്ല.
സര്‍ദാര്‍ വല്ലഭ്ഭായി പട്ടേലിനെ പോലുള്ള നമ്മുടെ ഭരണഘടനാ രൂപകര്‍ത്താക്കളും മഹാന്മാരായ വ്യക്തിത്വങ്ങളും അന്നത്തെ ദുര്‍ഘടമായ കാലഘട്ടത്തിലും ദേശീയോദ്ഗ്രഥനത്തിന്റെയും രാഷ്ട്രീയ ഏകീകരണത്തിന്റെയും ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ട്, ഇത്തരം ധീരവും സുപ്രധാനവുമായ തീരുമാനങ്ങള്‍ എടുത്തിട്ടുണ്ട്. ദേശീയോദ്ഗ്രഥനത്തിനായുള്ള ഉദ്യമങ്ങള്‍ വിജയകരമായിരുന്നു, എന്നാല്‍ 370 , 35 എ വകുപ്പുകള്‍ മൂലം ചില ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നു.
ഇന്ന് ഞാന്‍ ചുവപ്പുകോട്ടയില്‍ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോള്‍, എനിക്ക് അഭിമാനത്തോടെ പറയാം, ഓരോ ഇന്ത്യക്കാരനും ഒരു രാജ്യം ഒരൊറ്റ ഭരണഘടന എന്നത് സംബന്ധിച്ച് പറയാന്‍ സാധിക്കും. ഏക ഭാരതം, ശ്രേഷ്ഠ ഭാരതം എന്ന സര്‍ദാര്‍ സാഹിബിന്റെ സ്വപ്നം സാക്ഷാത്കരിക്കാനുള്ള ശ്രമത്തിലാണ് നാം. അത് കൊണ്ട് തന്നെ രാജ്യത്തിന്റെ ഐക്യം ശക്തിപ്പെടുത്താനും അരക്കിട്ടുറപ്പിക്കാനുമുള്ള സംവിധാനങ്ങള്‍ നമ്മള്‍ വികസിപ്പിക്കണം. ആ പ്രകിയ തുടര്‍ന്ന് കൊണ്ടേയിരിക്കണം. അതൊരിക്കലും ഒരു ഇടക്കാല നടപടി ആവരുത്, തുടര്‍ന്നുകൊണ്ടിരിക്കുന്ന ഒരു പ്രക്രിയയാവണം.
ജിഎസ്ടിയിലൂടെ നാം ഒരു രാജ്യം, ഒരു നികുതി എന്ന സ്വപ്നം സാക്ഷാത്ക്കരിച്ചു. അതേ പോലെ, ഊര്‍ജ്ജ മേഖലയില്‍ ഒരു രാജ്യം, ഒരു ഗ്രിഡ് എന്ന സ്വപ്നവും നാം അടുത്തിടെ വിജയകരമായി കൈവരിച്ചു.
അതേ വിധത്തില്‍, നാം ഒരു രാജ്യം, ഒരു മൊബിലിറ്റി കാര്‍ഡ് സംവിധാനം വികസിപ്പിക്കുകയും, രാജ്യത്തെ തിരഞ്ഞെടുപ്പുകള്‍ എല്ലാം ഒരുമിച്ച് നടത്തുന്നതിനെ പറ്റി അടുത്തിടെ രാജ്യവ്യാപക ചര്‍ച്ചകള്‍ നടക്കുകയും ചെയ്തു. ഈ ചര്‍ച്ച ഒരു ജനാധിപത്യപരമായ രീതിയില്‍ ഏറ്റെടുക്കേണ്ടതുണ്ട്. ഏക ഭാരതം, ശ്രേഷ്ഠ ഭാരതം എന്ന സ്വപ്നം സാക്ഷാത്ക്കരിക്കുന്നതിനായി അത്തരം പുതിയ പല ആശയങ്ങളും നമുക്ക് കൂട്ടിച്ചേര്‍ക്കേണ്ടി വരും.
എന്റെ പ്രിയ രാജ്യവാസികളേ, രാജ്യത്തിന് പുതിയ ഉയരങ്ങള്‍ താണ്ടുകയും, അതിനെ ആഗോളതലത്തില്‍ അടയാളപ്പെടുത്തുകയും വേണം. അതിനു വേണ്ടി നാം രാജ്യത്തെ ദാരിദ്ര്യ ലഘൂകരണത്തോടുള്ള മനോഭാവം മാറ്റണം. അതൊരു ഉപകാരമായി കരുതരുത്, മറിച്ച് രാജ്യത്തിന് വേണ്ടി പ്രകാശമാനമായ ഭാവി പടുത്തുയര്‍ത്തുന്നതിലേക്കുള്ള നമ്മുടെ കര്‍ത്തവ്യബോധമുള്ള സംഭാവനയായി കരുതണം, കാരണം എത്ര വില കൊടുത്തും നമുക്ക് നമ്മെ ദാരിദ്ര്യത്തിന്റെ പിടിയില്‍ നിന്ന് മോചിപ്പിച്ചേ മതിയാകൂ. ദാരിദ്ര്യം ഇല്ലാതാക്കുന്നതിന് കഴിഞ്ഞ 5 വര്‍ഷക്കാലത്ത് നിരവധി വിജയകരമായ ശ്രമങ്ങള്‍ നടത്തിയിരുന്നു. നാം മുന്‍പെന്നത്തേതിനേക്കാലും കൂടുതല്‍ വിജയം, കൂടുതല്‍ വേഗത്തില്‍ കൈവരിച്ചു. ഒരു പാവപ്പെട്ട വ്യക്തിക്ക് നല്‍കുന്ന അല്‍പമാത്രമായ ആദരവും പിന്തുണയും അയാളുടെ ആത്മാഭിമാനത്തെ ഉയര്‍ത്തുകയും, ഗവണ്‍മെന്റ് സഹായം കൂടാതെ തന്നെ ദാരിദ്ര്യത്തിന്റെ പിടിയില്‍ നിന്ന് മോചനം നേടുന്നതിനുള്ള ശ്രമങ്ങള്‍ നടത്താന്‍ അയാളെ പ്രചോദിപ്പിക്കുകയും ചെയ്യും.
അയാള്‍ക്ക് സ്വന്തം കരുത്തുകൊണ്ടുതന്നെ ദാരിദ്ര്യത്തെ പരാജയപ്പെടുത്താന്‍ കഴിയും. പ്രതികൂല സാഹചര്യവുമായി പോരാടാനുള്ള കരുത്ത് നമ്മില്‍ ആര്‍ക്കെങ്കിലുമുണ്ടെങ്കില്‍ അത് എന്റെ പാവപ്പെട്ട സഹോദരി സഹോദരന്മാര്‍ക്കാണ്. പാവപ്പെട്ടവര്‍ക്ക് മുഷ്ടികള്‍ മുറുക്കിപിടിച്ചുകൊണ്ട് കഠിനമായ തണുപ്പിനെപോലും അതിജീവിക്കാനാകും. അവന്റെയുള്ളില്‍ തന്നെ ഈ ശക്തിയുണ്ട്. വരൂ, നമുക്ക് ഈ കരുത്തിന് മുന്നില്‍ തലകുനിച്ചുകൊണ്ട്, അവരുടെ ദൈനംദിന ജീവിതത്തില്‍ നേരിടുന്ന വെല്ലുവിളികള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിന് സഹായിക്കാം.
എന്തുകൊണ്ടാണ് പാവപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് ശൗചാലയങ്ങള്‍ ഇല്ലാത്തത്, അവരുടെ വീടുകളില്‍ വൈദ്യുതി ഇല്ലാത്തത്, അവര്‍ക്ക് താമസിക്കാന്‍ വീടുകളില്ലാത്തത്, ജലവിതരണമോ, ബാങ്ക് അക്കൗണ്ടുകളോ ഇല്ലാത്തത്. പണമിടപാടുകാര്‍ക്കടുത്തുപോയി എന്തെങ്കിലും ഈട് നല്‍കി വായ്പയെടുക്കാന്‍ എന്തുകൊണ്ടാണ് അവര്‍ നിര്‍ബന്ധിതരാകുന്നത്? വരൂ, പാവപ്പെട്ടവരുടെ സ്വാഭിമാനം, ആത്മവിശ്വാസം, ആത്മാഭിമാനം എന്നിവ ശക്തിപ്പെടുത്തുന്നതിന് വേണ്ട പരിശ്രമങ്ങള്‍ നമുക്ക് നടത്താം.
സഹോദരി സഹോദരന്മാരെ, സ്വാതന്ത്ര്യം ലഭിച്ചശേഷം 70 ലേറെ വര്‍ഷം പിന്നിട്ടിരിക്കുന്നു. എല്ലാ ഗവണ്‍മെന്റുകളും, തങ്ങളുടേതായ രീതിയില്‍ ഒട്ടേറെ കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്, എല്ലാ ഗവണ്‍മെന്റുകളും രാഷ്ട്രീയഭേദമെന്യേ കേന്ദ്രത്തിലായാലും സംസ്ഥാനങ്ങളിലായാലും അവരുടേതായ രീതിയില്‍ പരിശ്രമിച്ചിട്ടുണ്ട്. എന്നാല്‍ ഇന്നും ഇന്ത്യയിലെ പകുതിയിലേറെ വീടുകളില്‍ കുടിവെള്ളം ലഭിക്കുന്നില്ലെന്നത് ഒരു വസ്തുതയാണ്. കുടിവെള്ളം ലഭിക്കാനായി ജനങ്ങള്‍ക്ക് വളരെയധികം കഷ്ടപ്പെടേണ്ടി വരുന്നു. അമ്മമാരും സഹോദരിമാരും 2,3,5 കിലോമീറ്ററുകള്‍ സഞ്ചരിച്ച് തലച്ചുമടായാണ് വെള്ളം കൊണ്ടുവരുന്നത്. അവരുടെ ജീവിതത്തിന്റെ ഒരു വലിയൊരു ഭാഗം വെള്ളം കിട്ടാനായി ചെലവിടുന്നു. അതുകൊണ്ട് തന്നെ ഈ ഗവണ്‍മെന്റ് ഒരു പ്രത്യേക കര്‍ത്തവ്യത്തില്‍ ഊന്നല്‍ നല്‍കുകയാണ് -എല്ലാ വീടുകള്‍ക്കും എങ്ങനെ കുടിവെള്ള ലഭ്യത ഉറപ്പുവരുത്താമെന്നതാണത്. എങ്ങനെ എല്ലാ വീടുകള്‍ക്കും വെള്ളം കിട്ടും, ശുദ്ധമായ കുടിവെള്ളം? അതുകൊണ്ട് വരുന്ന ദിവസങ്ങളില്‍ ജല്‍-ജീവന്‍ ദൗത്യം ഞങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുമെന്ന് ഈ ചുവപ്പുകോട്ടയില്‍ നിന്നും ഞാന്‍ പ്രഖ്യാപിക്കുന്നു, വരും വര്‍ഷങ്ങളില്‍ ഈ ദൗത്യത്തിനായി 3.5 ലക്ഷം കോടി രൂപയിലധികം രൂപ ചെലവഴിക്കുമെന്ന് ഞങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. ജല സംരക്ഷണം, ജലസേചനം, മഴവെള്ള കൊയ്ത്ത്, കടല്‍വെള്ളം അല്ലെങ്കില്‍ മലിനജല സംസ്‌ക്കരണം, കര്‍ഷകര്‍ക്ക് വേണ്ട സൂക്ഷ്മജലസേചന പരിപാടിയായ ഓരോ തുള്ളിയ്ക്കും കൂടുതല്‍ വിള എന്നിവയിലായിരിക്കും പ്രവര്‍ത്തനങ്ങള്‍ നടത്തുക. ജലസംരക്ഷണത്തിനുള്ള കൂട്ടായ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. ജലത്തെ സംബന്ധിച്ച് സാധാരണ പൗരന്മാര്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തും, അതു വഴി അവരുടെ സംവേദനക്ഷമത ഉയര്‍ത്തും. അത് ജലത്തിന്റെ പ്രാധാന്യം അവരെ ബോധ്യപ്പെടുത്തും ; കുട്ടികളെപ്പോലും കുട്ടിക്കാലത്തുതന്നെ അവരുടെ പഠനത്തിന്റെ ഭാഗമായി ജലസംരക്ഷണത്തെക്കുറിച്ച് പഠിപ്പിക്കണം. അടുത്ത അഞ്ചുവര്‍ഷം കൊണ്ട് കഴിഞ്ഞ 70 വര്‍ഷം ചെയ്തതിന്റെ നാലിരട്ടി പ്രവര്‍ത്തനം ജലസംരക്ഷണത്തിനായും ജലസ്രോതസുകളുടെ പുനരുജ്ജീവനത്തിനുമായും നമുക്ക് നടത്തേണ്ടതുണ്ടെന്ന വിശ്വാസത്തോടെ നാം മുന്നോട്ടുപേകണം. നമുക്ക് ഇനി കൂടുതല്‍ കാത്തിരിക്കാനാവില്ല. ഒരു പക്ഷേ ആരും ജലപ്രതിസന്ധിയേയും വെള്ളത്തിന്റെ പ്രാധാന്യത്തെപ്പെറ്റിയും ചിന്തിക്കാതിരുന്ന നൂറുക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ മഹാനായ സന്യാസിവര്യന്‍ തിരുവള്ളുവര്‍ജി വളരെ പ്രധാനപ്പെട്ട ഒരു കാര്യം പറഞ്ഞിരുന്നു.
നീരിന്ദ്രി അമിയത് ഉലഗാനേ . അതിന്റെ അര്‍ഥം ജലം അപ്രത്യക്ഷമാകാന്‍ തുടങ്ങിയാല്‍ പ്രകൃതിയുടെ സന്തുലിതാവസ്ഥക്ക് കോട്ടം സംഭവിക്കാന്‍ തുടങ്ങും, തുടര്‍ന്ന് പതിയെ അന്ത്യത്തിലേക്ക്് അടുക്കും .. ഇത് മുഴുവനായുള്ള നാശത്തിനു ആരംഭം കുറിക്കും.
ഞാന്‍ ഗുജറാത്തില്‍ ആണ് ജനിച്ചത് . വടക്കന്‍ ഗുജറാത്തില്‍ മാഹൂദി എന്ന് പേരുള്ള ഒരു ജൈന തീര്‍ത്ഥാടന കേന്ദ്രം ഉണ്ട്. ഏകദേശം 100 വര്‍ഷങ്ങള്‍ക്കു മുന്‍പ് അവിടെ ഒരു ജൈന സന്യാസി ജീവിച്ചിരുന്നു . അദ്ദേഹം ഒരു കര്‍ഷക കുടുംബത്തിലാണ് ജനിച്ചത്. അദ്ദേഹം കൃഷിയിടങ്ങളില്‍ ജോലി ചെയ്തിരുന്നു, പക്ഷെ ജൈനമത വിശ്വാസത്തിന്റെ സ്വാധീനത്തിലായിരുന്നു എന്ന് മാത്രം. അദ്ദേഹം ബുദ്ധി സാഗര്‍ ജി മഹാരാജ് എന്ന ജൈന സന്യാസി ആയിത്തീര്‍ന്നു പിന്നീട്. നൂറു വര്ഷങ്ങള്‍ക്കുമുന്‍പ് അദ്ദേഹം അവശേഷിപ്പിച്ചു പോയ ചില വേദ ഗ്രന്ഥങ്ങളില്‍ ഒരു മുന്നറിയിപ്പ് നല്‍കിയിരുന്നു. ഒരു സമയം വരും , അന്ന് ജലം പലചരക്കു കടകളില്‍ വില്‍ക്കപ്പെടും എന്നായിരുന്നു അത്. നിങ്ങള്‍ക്കു സങ്കല്‍പ്പിക്കാന്‍ കഴിയുമോ, നൂറു വര്‍ഷങ്ങള്‍ക്കു മുന്‍പ് ആ സന്യാസി പറഞ്ഞ വാക്കുകള്‍ ഇന്നു യാഥാര്‍ഥ്യമായി. ഒരു നൂറ്റാണ്ടു മുന്‍പ് പ്രവചിച്ച കാര്യം ഇന്ന് യാഥാര്‍ഥ്യമാണ്, കാരണം ഇന്ന്, നാമെല്ലാവരും തന്നെ പലചരക്കു കടകളില്‍ നിന്നും ജലം വാങ്ങിക്കുന്നു .
പ്രിയപ്പെട്ട നാട്ടുകാരെ , നമ്മുടെ പ്രയത്‌നങ്ങളില്‍ നാമൊരിക്കലും തളരരുത്, മുന്നോട്ടുള്ള പ്രയാണത്തില്‍ വിശ്രാന്തിയും സങ്കോചവും ഉണ്ടാവരുത്. ജല സംരക്ഷണത്തിനായുള്ള ഈ പ്രചാരണം ഗവണ്മെന്റ് തലത്തില്‍ മാത്രം ഒതുങ്ങരുത് . സ്വച്ഛ് ഭാരത് അഭിയാന്‍ പോലെ അത് ജനമുന്നേറ്റം ആയി മാറണം. രാജ്യത്തെ സാധാരണക്കാരുടെ മൂല്യങ്ങളും, പ്രതീക്ഷകളും പ്രയത്‌നങ്ങളുടെയും സഹായത്തോടെ നമുക്ക് ഈ പ്രസ്ഥാനത്തെ മുന്നോട്ട് നയിക്കണം.
പ്രിയപ്പെട്ട നാട്ടുകാരെ, എല്ലാ കാര്യങ്ങളിലും സുതാര്യത ഉറപ്പു വരുത്തേണ്ട ഒരു ഘട്ടത്തില്‍ നമ്മുടെ രാജ്യം എത്തി നില്‍ക്കുകയാണ്.
വെല്ലുവിളികളെ സധൈര്യം ഏറ്റെടുത്ത് മുന്നേറേണ്ട സമയം ആഗതമായിരിക്കുന്നു. ചില സമയങ്ങളില്‍ രാഷ്ട്രീയ നേട്ടം മനസില്‍ സൂക്ഷിച്ചാണ് തീരുമാനങ്ങള്‍ കൈകൊള്ളാറുള്ളത്, എന്നാല്‍ നമ്മുടെ ഭാവി തലമുറയുടെ വളര്‍ച്ചക്ക് അതിനു പകരമായി നാം വില കൊടുക്കേണ്ടി വരുന്നു.
ജനസംഖ്യാ വിസ്‌ഫോടനം ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ സംബന്ധിച്ച് ചുവപ്പുകോട്ടയിലെ പ്രകാരങ്ങളില്‍ നിന്ന് ഞാന്‍ പറയാന്‍ ആഗ്രഹിക്കുകയാണ്. ദ്രുതഗതിയില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ജനസംഖ്യ നമുക്ക് മുന്നിലും നമ്മുടെ ഭാവി തലമുറക്കും അനേകം വെല്ലുവിളികള്‍ ആണ് ഉയര്‍ത്തികൊണ്ടിരിക്കുന്നത്.
നമ്മുടെ സമൂഹത്തില്‍, ഒരു വിഭാഗം ജനങ്ങള്‍ നിയന്ത്രണമില്ലാത്ത ഈ ജനസംഖ്യാ വളര്‍ച്ചയുടെ പരിണിതഫലങ്ങളെപ്പറ്റി ഉത്തമ ബോധ്യമുള്ളവരാണ്. അവരെല്ലാവരും അഭിനന്ദനവും ബഹുമാനവും അര്‍ഹിക്കുന്നു. ഇത് അവര്‍ക്കു രാജ്യത്തോടുള്ള സ്‌നേഹത്തിന്റെ പ്രതിഫലനമാണ്. ഒരു കുട്ടി ജനിക്കുന്നതിനു മുന്‍പ് അവര്‍ കൃത്യമായ ഒരു തീരുമാനത്തില്‍ എത്തുന്നു. ഉത്തരവാദിത്തമുള്ള മാതാപിതാക്കളായി ആ കൂട്ടിയുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുമോ , അവന്റെ, അല്ലെങ്കില്‍ അവളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ കഴിയുമോ എന്നിങ്ങനെ .
ഇത്തരം ഘടകങ്ങള്‍ എല്ലാം പരിഗണിച്ച്, ഈ ഉത്തരവാദിത്തമുള്ള ചെറിയ വിഭാഗം പൗരന്‍മാര്‍ തങ്ങളുടെ കുടുംബത്തെ ചെറിയ കുടുംബമാക്കി നിലനിര്‍ത്താന്‍ സ്വയം പ്രചോദിതരാകുന്നു. അവര്‍ അവരുടെ കുടുംബത്തിന്റെ മാത്രമല്ല മറിച്ച രാജ്യത്തിന്റെ ക്ഷേമത്തിനായും സംഭാവന ചെയ്യുന്നു.
അവര്‍ രാജ്യസ്നേഹം പ്രകടിപ്പിക്കുകയാണ്. നമ്മുടെ സമൂഹത്തിലുള്ളവര്‍ അത്തരം ആളുകളുടെ ജീവിതം സസൂക്ഷ്മം നിരീക്ഷിക്കണം എന്ന് ഞാന്‍ പറയുകയാണ്. കുടുംബത്തിന്റെ വലിപ്പം കുറച്ചതു വഴി അവര്‍ എത്ര മാത്രം തങ്ങളുടെ കുടുമത്തെ സേവിക്കുന്നു എന്ന് കാണുക. ഒന്നോ രണ്ടോ തലമുറക്കിപ്പുറം അവരുടെ കുടുംബം മുന്നേറി എന്നും, അവരുടെ കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം ലഭിച്ചതും, എങ്ങനെ അവരുടെ കുടുംബങ്ങള്‍ രോഗങ്ങളില്‍ നിന്നും മുക്തരായി എന്നും , എങ്ങനെ ആ കുടുംബം അവര്‍ പ്രാഥമിക ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നു എന്നും കാണാന്‍ സാധിക്കും.
നാം അവരില്‍ നിന്നും പഠിക്കണം. കുടുംബത്തില്‍ ഒരു കുഞ്ഞു ജനിക്കും മുന്‍പ് നാം ചിന്തിക്കണം- വരാന്‍ പോകുന്ന കുട്ടിയുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ഞാന്‍ സ്വയം സജ്ജമാണോ? അതോ അവനെ അല്ലെങ്കില്‍ അവളെ ഞാന്‍ സമൂഹത്തിനെ ആശ്രയിക്കാന്‍ വിടുമോ ? ഞാന്‍ ആ കുട്ടിയെ നന്നായി പരിപാലിക്കില്ലേ? ഇത്തരതിലുള്ള ഒരു ജീവിതത്തിനായി ഒരു മാതാപിതാക്കളും കുട്ടികള്‍ക്ക് ജന്‍മം കൊടുക്കുന്നത് തുടരാന്‍ സാധിക്കില്ല അത് കൊണ്ട് ഇതില്‍ ഒരു സാമൂഹിക അവബോധം നല്‍കേണ്ടത് ആവശ്യമാണ്.
ഇങ്ങനെ മാറി ചിന്തിക്കുന്നതില്‍ വലിയ പങ്കു വഹിച്ച ആളുകളെ ആദരിക്കേണ്ടതുണ്ട്, അവരെ മാതൃകയാക്കി സമൂഹത്തില്‍ ഇത്തരം രീതിയില്‍ ചിന്തിക്കാത്തവര്‍ക്ക്് പ്രചോദനം ആവേണ്ടതുണ്ട്. ജനസംഖ്യാ വിസ്‌ഫോടനം സംബന്ധിച്ച് നമ്മള്‍ ആശങ്കപ്പെടേണ്ടതുണ്ട്.
ഗവണ്‍മെന്റുകളും പല പദ്ധതികളുമായി മുന്നോട്ട് വരേണ്ടതുണ്ട്. സംസ്ഥാന ഗവണ്‍മെന്റാകട്ടെ, കേന്ദ്ര ഗവണ്‍മെന്റാകട്ടെ-ഓരോരുത്തരും ഈ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിന് ഒത്തൊരുമിച്ച് നടക്കണം. നമുക്ക് ഒരു അനാരോഗ്യകരമായ സമൂഹത്തെ കുറിച്ച് ചിന്തിക്കാനാകില്ല, നമുക്ക് ഒരു വിദ്യാഭ്യാസമില്ലാത്ത സമൂഹത്തെ കുറിച്ചും ചിന്തിക്കാനാകില്ല. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യയില്‍ സ്വപ്നങ്ങള്‍ സാക്ഷാത്ക്കരിക്കാനുള്ള ശേഷി ആരംഭിക്കുന്നത് ഒരു വ്യക്തിയില്‍ നിന്നും ഒരു കുടുംബത്തില്‍ നിന്നുമാണ്. ജനസഞ്ചയം വിദ്യാഭ്യാസവും ആരോഗ്യവും ഇല്ലാത്തവരാണെങ്കില്‍ വീടിനോ രാജ്യത്തിനോ സന്തോഷമുണ്ടാവില്ല. ജനസമൂഹം വിദ്യാഭ്യാസമുള്ളവരും ശാക്തീകരിക്കപ്പെട്ടവരും നൈപുണ്യമുള്ളവരുമായിരിക്കുകയും, അവരുടെ അഭിലാഷങ്ങളും ആവശ്യങ്ങളും പൂര്‍ത്തീകരിക്കാനുള്ള ശരിയായ പരിതസ്ഥിതി കൈവരിക്കാനുള്ള മതിയായ മാര്‍ഗ്ഗമുണ്ടായിരിക്കുകയും ചെയ്താല്‍, എനിക്ക് തോന്നുന്നു രാജ്യത്തിന് ഇക്കാര്യങ്ങള്‍ കൈവരിക്കാന്‍ സാധിക്കും.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നിങ്ങള്‍ക്ക് നന്നായറിയാം അഴിമതിയും സ്വജനപക്ഷപാതവും സങ്കല്‍പിക്കാന്‍ കഴിയുന്നതിലും അപ്പുറം നമ്മുടെ രാജ്യത്തെ നശിപ്പിക്കുകയും നമ്മുടെ ജീവിതങ്ങളില്‍ ചിതലുകളെ പോലെ പ്രവേശിച്ചിട്ടുമുണ്ടെന്ന്. നാം അവയെ ഉന്‍മൂലനം ചെയ്യാനായി തുടര്‍ച്ചയായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അതില്‍ ചില വിജയങ്ങളുമുണ്ടായിട്ടുണ്ട്, പക്ഷേ ഈ രോഗം ആഴത്തില്‍ ഉറച്ചിരിക്കുന്നതും വ്യാപിച്ചിരിക്കുന്നതുമാകയാല്‍ നമുക്ക് കൂടുതല്‍ പരിശ്രമങ്ങള്‍ എല്ലാ തലത്തിലും, ഗവണ്‍മെന്റ് തലത്തില്‍ മാത്രമല്ല, നടത്തിക്കൊണ്ടിരിക്കുകയും, അത് തുടരുകയും വേണം.
എല്ലാ ജോലിയും ഒറ്റയടിക്ക് ചെയ്യാനാകില്ല, മോശം ശീലങ്ങള്‍ വിട്ടുമാറാത്ത അസുഖങ്ങള്‍ പോലെയാണ്. ചിലപ്പോഴൊക്കെ അത് ഭേദമാകും, എന്നാല്‍ ചിലപ്പോള്‍ അവ മടങ്ങി വരും. ഈ രോഗം മാറ്റുന്നതിനും നാം നിരവധി നടപടികളെടുക്കുകയും, സാങ്കേതിക വിദ്യയുടെ തുടര്‍ച്ചയായ ഉപയോഗം കൊണ്ട് അവ ഇല്ലാതാക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. സത്യസന്ധതയും സുതാര്യതയും എല്ലാ തലങ്ങളിലും ശക്തിപ്പെടുത്തുന്നതിനുള്ള എല്ലാ ശ്രമങ്ങളും നടത്തിയിട്ടുണ്ട്.
ഗവണ്‍മെന്റ് രൂപീകരണത്തിന് ശേഷം ഉടന്‍ തന്നെയും, കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളിലും ഗവണ്‍മെന്റ് ചില ഉദ്യോഗസ്ഥരെ പുറത്താക്കിയത് നിങ്ങള്‍ കണ്ടിട്ടുണ്ടാവാം. പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കുന്ന അത്തരത്തിലുള്ള എല്ലാവരോടും നിങ്ങളുടെ സേവനം രാജ്യത്തിന് ഇനി ആവശ്യമില്ലെന്ന് പറയുകയും, അവരെ നീക്കുകയും ചെയ്തിട്ടുണ്ട്.
സംവിധാനത്തില്‍ ഒരു മാറ്റമുണ്ടാകണമെന്ന് ഞാന്‍ വിശ്വസിക്കുന്നു, പക്ഷേ, അതേ സമയം സാമൂഹിക ഘടനയിലും ഒരു മാറ്റമുണ്ടാകണം. സാമൂഹിക ഘടനയിലെ മാറ്റത്തോടൊപ്പം, സംവിധാനങ്ങളുടെ നടത്തിപ്പുകാരായ ജനങ്ങളുടെ ചിന്താഗതിയിലും വിശ്വാസങ്ങളിലും മാറ്റം അനിവാര്യമാണ്. അപ്പോള്‍ മാത്രമേ, ആഗ്രഹിക്കുന്ന ഫലം ലഭിക്കുകയുള്ളൂ.
സഹോദരീ, സഹോദരന്‍മാരേ, രാജ്യം സ്വാതന്ത്ര്യത്തിന്റെ നിരവധി വര്‍ഷങ്ങളിലൂടെ പക്വതയാര്‍ജ്ജിച്ചിരിക്കുന്നു.
നാം 75-ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ പോവുകയാണ്. ഈ സ്വാതന്ത്ര്യം നമ്മുടെ ധാര്‍മ്മിക മൂല്യങ്ങളുടെയും, മനോഭാവങ്ങളുടെയും, അവബോധങ്ങളുടെയും അത്ര തന്നെ വിലപ്പെട്ടതാണ്. എപ്പോഴൊക്കെ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുമ്പോഴും, ഞാന്‍ പരാമര്‍ശിക്കും; ഞാന്‍ അതിനെ കുറിച്ച് പരസ്യമായി പറയാറില്ല, പക്ഷേ ഇന്നെനിക്ക് അത് പറയാന്‍ തോന്നുന്നു, ഞാന്‍ ഉദ്യോഗസ്ഥരോട് ആവര്‍ത്തിച്ചാവര്‍ത്തിച്ച് ആഹ്വാനം ചെയ്യാറുണ്ട്- സ്വാതന്ത്ര്യം ലഭിച്ച് ഇത്ര വര്‍ഷമായിട്ടും ഈ ചുവപ്പ് നാട ഇല്ലാതാക്കാനും, സാധാരണക്കാരന്റെ നിത്യ ജീവിതത്തില്‍ ഗവണ്‍മെന്റിന്റെ ഇടപെടല്‍ കുറയ്ക്കാനും നമുക്ക് എന്തെങ്കിലും ചെയ്യാന്‍ സാധിക്കുകയില്ലേ എന്ന്.
എന്നെ സംബന്ധിച്ച് സ്വതന്ത്ര ഇന്ത്യയുടെ അര്‍ത്ഥം ജനങ്ങളുടെ ജീവിതത്തില്‍ ഗവണ്‍മെന്റിന്റെ ഇടപെടല്‍ ക്രമേണ കുറച്ച് കൊണ്ടുവരുന്നതിനുള്ള ഒരു ചുറ്റുപാട് സൃഷ്ടിക്കുക എന്നതാണ്. ഇത് ജനങ്ങള്‍ക്ക് അവരുടെ ഭാഗധേയം നിര്‍ണ്ണയിക്കുന്നതിനും, ദേശീയ താത്പര്യത്തിനായി അവര്‍ ആഗ്രഹിക്കുന്ന ഏതു ദിശയിലുള്ള പ്രവൃത്തിയിലേര്‍പ്പെടാനും, അവരുടെ കുടുംബങ്ങളെ അഭിവൃദ്ധിപ്പെടുത്താനും, അവരുടെ സ്വപ്നങ്ങള്‍ പിന്തുടരുന്നതിനുമുള്ള ഒരു അവസരം നല്‍കുന്നു.
പൗരന്‍മാര്‍ക്ക് ഗവണ്‍മെന്റിന്റെ സമ്മര്‍ദ്ദം അനുഭവപ്പെടരുത്, പക്ഷേ അതേ സമയം ഒരു പ്രതിസന്ധി ഘട്ടത്തില്‍ ഗവണ്‍മെന്റ് ഉണ്ടാകാതിരിക്കാനും പാടില്ല. ഗവണ്‍മെന്റ് സമ്മര്‍ദ്ദ ശക്തിയുമാകരുത്, ഇല്ലാതിരിക്കാനും പാടില്ല, പക്ഷേ നമ്മെ നമ്മുടെ സ്വപ്നങ്ങളോടൊപ്പം മുന്നേറാന്‍ അനുവദിക്കുന്നതാകണം. ഗവണ്‍മെന്റ് എപ്പോഴും നമ്മുടെ ഒപ്പം, ഒരു സഹയാത്രികനെ പോലെ കൂടെ നില്‍ക്കണം. ഒരു വേള, ഒരാവശ്യം വന്നാല്‍ ഗവണ്‍മെന്റ് എപ്പോഴും അവരുടെ പിന്നിലുണ്ടാകും എന്നൊരു ഉറപ്പ് ജനങ്ങള്‍ക്ക് ലഭിക്കണം. നമുക്ക് അത്തരമൊരു സംവിധാനം സൃഷ്ടിക്കാന്‍ കഴിയുമോ?
കാലഘട്ടത്തിന് യോജിക്കാത്ത നിരവധി അനാവശ്യ നിയമങ്ങളും ചട്ടങ്ങളും ഞങ്ങള്‍ നീക്കം ചെയ്തിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളില്‍, ഞാന്‍ പ്രായോഗികമായി ഓരോ ദിവസവും ഓരോ കാലഹരണപ്പെട്ട നിയമം ഇല്ലാതാക്കിയിട്ടുണ്ട്. ഒരു പക്ഷേ, സാധാരണക്കാരന് അതിനെ പറ്റി അറിയില്ലായിരിക്കാം-ഓരോ ദിവസവും ഓരോ കാലഹരണപ്പെട്ട നിയമം അസാധുവാക്കുന്നു എന്നതിനര്‍ത്ഥം ഏതാണ്ട് 1450 നിയമങ്ങള്‍ സാധാരണക്കാരന്റെ ജീവിത്തില്‍ നിന്ന് ബാധ്യത കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ഇല്ലായ്മ ചെയ്തു എന്നാണ്. (പുതിയ) ഗവണ്‍മെന്റ് ഓഫീസില്‍ പത്താഴ്ച മാത്രമേ തികച്ചിട്ടുള്ളൂ, ഇതിനകം തന്നെ 60 നിയമങ്ങള്‍ ജീവിതം സുഗമമാക്കുന്നതിനായി പിന്‍വലിക്കപ്പെട്ടു. ജീവിത സൗഖ്യം സ്വതന്ത്ര ഇന്ത്യയ്ക്ക് അനിവാര്യമാണ്, ജീവിത സൗഖ്യത്തില്‍ ശ്രദ്ധയൂന്നാനും അത് മുന്നോട്ട് കൊണ്ടു പോകുന്നതിനും ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്.
ഇന്ന് ‘വ്യാപാരം സുഗമമാക്കലില്‍’ നാം വളരെയധികം പുരോഗതി കൈവരിച്ചിട്ടുണ്ട്. ആഗോള റാങ്കിംഗില്‍ ആദ്യത്തെ അഞ്ചു സ്ഥാനങ്ങളില്‍ എത്താന്‍ നാം ലക്ഷ്യമാക്കുന്നതിന്, നിരവധി പരിഷ്‌ക്കാരങ്ങള്‍ അനിവാര്യമാണ്. ഇന്ന് ആരെങ്കിലും ഒരു ചെറിയ വ്യാപാരമോ വ്യവസായ സംരംഭമോ ആരംഭിക്കാന്‍ ആഗ്രഹിക്കുകയാണെങ്കില്‍ നിരവധി ഫോമുകള്‍ പൂരിപ്പിക്കുക, അങ്ങോട്ടുമിങ്ങോട്ടും അലയുക, നിരവധി ഓഫീസുകള്‍ കയറിയിറങ്ങുക എന്നിങ്ങനെ വലുതും ചെറുതുമായ നിരവധി പ്രശ്‌നങ്ങള്‍ അവര്‍ അഭിമുഖീകരിക്കുന്നുണ്ട്. എന്നാലും അവര്‍ക്ക് ആവശ്യമുള്ള അനുമതികള്‍ ലഭിക്കാറുമില്ല. കേന്ദ്രത്തേയും സംസ്ഥാനങ്ങളേയും ഒന്നായെടുത്തുകൊണ്ട്, നഗരങ്ങളേയും മെട്രോപോളിറ്റന്‍ മുന്‍സിപ്പാലിറ്റികളെയും ഒപ്പമെടുത്തുകൊണ്ട് സങ്കീര്‍ണ്ണമായ ഈ വല അഴിക്കുന്നതിനായുള്ള പരിശ്രമത്തിന്റെ ഭാഗമായി പരിഷ്‌ക്കാരങ്ങള്‍ക്ക് പുറകെ പരിഷ്‌ക്കാരങ്ങള്‍ കൊണ്ടുവരികയാണ്, അതിനെത്തുടര്‍ന്ന് വ്യാപാരം സുഗമമാക്കലില്‍ നമുക്ക് നല്ലൊരു ശതമാനം വിജയം കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
ഇന്ത്യയെപ്പോലൊരു വലിയ രാജ്യത്തിന്, ഒരു വികസ്വര രാജ്യത്തിന് വലിയ സ്വപ്‌നങ്ങള്‍ കാണാമെന്നും വലിയ കുതിപ്പ് നടത്താനാകുമെന്നുമുള്ള വിശ്വാസം ആഗോളമായി തന്നെ വളര്‍ന്നുവരുന്നുണ്ട്. ‘ വ്യാപാരം സുഗമമാക്കല്‍’ വെറുമൊരു നാഴികകല്ല് മാത്രമാണ്, എന്റെ ആത്യന്തികമായ ലക്ഷ്യം ‘ജീവിതം സുഗമമാക്കല്‍’ നേടിയെടുക്കുകയെന്നതാണ്- എവിടെയാണോ സാധാരണ മനുഷ്യന് ഗവണ്‍മെന്റ്/ഉദ്യോഗസഥര്‍ക്ക് പിന്നാലെ ഒരു അനുമതിക്ക് വേണ്ടി പരിശ്രമിക്കേണ്ടി വരാതെ, അവന് അവന്റെ അര്‍ഹതപ്പെട്ട അവകാശങ്ങള്‍ ലളിതമായി ലഭിക്കണം, അതുകൊണ്ട് ആ ദിശയിലേക്ക് സഞ്ചരിക്കേണ്ടത് ആവശ്യമാണ്.
എന്റെ പ്രിയപ്പെട്ട നാട്ടുകാരെ, നമ്മുടെ രാജ്യം തീര്‍ച്ചയായും മുന്നോട്ടുപോകണം, എന്നാല്‍ പുരോഗതിയുടെ വര്‍ദ്ധനവിന് ഇനി രാജ്യത്തിന് അധികം കാലം കാത്തിരിക്കാനാവില്ല, നാം വലിയ കുതിപ്പ് നടത്തണം, നാം നമ്മുടെ ചിന്തകള്‍ മാറ്റണം. ഇന്ത്യയെ ആഗോള നിലവാരത്തില്‍ എത്തിക്കണമെങ്കില്‍ നാം ആധുനിക പശ്ചാത്തല സൗകര്യങ്ങള്‍ നിര്‍മ്മിക്കണം.
ആശയറ്റ മനോഭാവമാണെങ്കിലും, സാധാരണക്കാരായ ജനങ്ങള്‍ എല്ലായ്‌പ്പോഴും നല്ല സംവിധാനത്തെക്കുറിച്ചയായിരിക്കും ചിന്തിക്കുക. അവര്‍ നല്ല കാര്യങ്ങളെക്കുറിച്ച് ആലോചിക്കും, അവര്‍ അതിനുള്ള ഒരു രീതി വികസിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് നാം 100 ലക്ഷം കോടി രൂപ ആധുനിക പശ്ചാത്തല സൗകര്യത്തിന് ഈ കാലയളവില്‍ നിക്ഷേപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇത് തൊഴില്‍ സൃഷ്ടിക്കും; പുതിയ സംവിധാനങ്ങള്‍ വികസിപ്പിക്കുകയും വിവിധ അഭിലാഷങ്ങള്‍ നിറവേറ്റുകയും ചെയ്യും. അത് സാഗര്‍മാല പദ്ധതിയോ, അല്ലെങ്കില്‍ ഭാരത് മാല പദ്ധതിയോ ആധുനിക റെയില്‍വേ സ്‌റ്റേഷനുകളോ, ബസ് സ്‌റ്റേഷനുകളോ, അല്ലെങ്കില്‍ വിമാനത്താവളങ്ങളോ, അത് ആധുനിക ആശുപത്രികളോ, അല്ലെങ്കില്‍ ആഗോള നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളോ, ആയിക്കോട്ടെ, നാം സമ്പൂര്‍ണ്ണ പശ്ചാത്തല സൗകര്യ വികസനമാണ് ആഗ്രഹിക്കുന്നത്. ഇപ്പോള്‍ രാജ്യത്തിന് തുറമുഖങ്ങളും ആവശ്യമുണ്ട്. സാധാരണ മനുഷ്യര്‍ മാറിക്കഴിഞ്ഞു, നാം അത് മനസിലാക്കണം.
മുമ്പ് ഒരു പ്രത്യേക പ്രദേശത്ത് റെയിവേ സ്‌റ്റേഷന്‍ നിര്‍മ്മിക്കാന്‍ പോകുന്നുവെന്ന തീരുമാനം കടലാസില്‍ എടുത്താല്‍ സമീപഭാവിയില്‍ ഒരു പുതിയ റെയില്‍വേ സ്‌റ്റേഷന്‍ ഉണ്ടാകുമെന്ന ഒരു സകാരാത്മകമായ ചിന്ത അവിടെയുണ്ടായിരുന്നു. ഇന്ന് കാലം മാറി. ഇന്ന് സാധാരണ പൗര•ാര്‍ ഒരു റെയില്‍വേ സ്‌റ്റേഷന്‍ കൊണ്ട് തൃപ്തിപ്പെടില്ല. അവര്‍ ഉടനെ ചോദിക്കും ”എപ്പോഴാണ് വന്ദേ ഭാരത് എക്‌സ്പ്രസ് ഞങ്ങളുടെ പ്രദേശത്ത് വരുന്നതെന്ന്”? അവരുടെ ചിന്തകള്‍ മാറിക്കഴിഞ്ഞു. നാം ഒരു നല്ല ബസ് സ്‌റ്റേഷനോ അല്ലെങ്കില്‍ ഒരു പഞ്ചനക്ഷത്ര റെയില്‍വേ സ്‌റ്റേഷനോ നിര്‍മ്മിച്ചാല്‍ പോലും ‘നന്നായി’ എന്ന് ജനങ്ങള്‍ പറയില്ല. അര്‍ ഉടന്‍ തന്നെ ‘ എപ്പോഴാണ് വിമാനത്താവളം തയ്യാറാകുക’?്എന്ന് ചോദിക്കും. അവരുടെ ചിന്തകള്‍ മാറിക്കഴിഞ്ഞുവെന്നതാണ് ഇത് കാണിക്കുന്നത്. ട്രെയിനുകള്‍ നിര്‍ത്തുന്നതുകൊണ്ട് സന്തോഷമടഞ്ഞിരുന്ന ജനങ്ങള്‍ ഇന്ന് ചോദിക്കുന്നത് ‘അത് ശരിയാണ്, എന്നാല്‍ എപ്പോഴാണ് ഇവിടെ വിമാനത്താവളം തുറക്കുക’ എന്നാണ്.
‘മെറ്റലുള്ള റോഡ് എപ്പോഴാണ് ഞങ്ങളുടെ പ്രദേശത്ത് നിര്‍മ്മിക്കുന്നത്’? എന്നാണ് മുമ്പ് ജനങ്ങള്‍ ചോദിച്ചുകൊണ്ടിരുന്നത്. എന്നാല്‍ ഇന്ന് ‘ റോഡുകള്‍ നാലുവരിയോ, ആറുവരിയോ ഏതാണ്’? എന്നാണ് ജനങ്ങള്‍ ചോദിക്കുന്നത്. വെറും മെറ്റല്‍കൊണ്ടുള്ള റോഡുകളില്‍ മാത്രം ഇപ്പോള്‍ അവര്‍ തൃപ്തരല്ല. ഇന്ത്യയുടെ അഭിലഷണീയതില്‍ ഇതാണ് ഏറ്റവും സവിശേഷമായ മാറ്റം എന്നാണ് ഞാന്‍ ചിന്തിക്കുന്നത്.
മുന്‍കാലങ്ങളില്‍ വൈദ്യുതി തൂണുകള്‍ തറയില്‍കിടക്കുന്നത് കണ്ടാല്‍ തന്നെ അത് സ്ഥാപിച്ചിട്ടില്ലെങ്കില്‍പോലും അവര്‍ക്കടുത്തേയ്ക്ക് വൈദ്യുതി എത്തി എന്ന ചിന്തയില്‍ ജനങ്ങള്‍ സന്തോഷവാ•ാരായിരുന്നു. എന്നാല്‍ ഇന്ന് പ്രസരണ വയറുകള്‍ വലിച്ചുകഴിഞ്ഞാലും ഇലക്ട്രിക്ക് മീറ്ററുകള്‍ സ്ഥാപിച്ചുകഴിഞ്ഞാലും പോലും ‘നമുക്ക് എപ്പോള്‍ 24 മണിക്കുര്‍ വൈദ്യുതി വിതരണം ലഭിക്കും’? എന്നാണ് ജനങ്ങള്‍ ചോദിക്കുന്നത്. ഇന്ന് വെറും തൂണുകളും വയറുകളും കൊണ്ട് അവര്‍ സംതൃപ്തരല്ല.
മുമ്പ് മൊബൈല്‍ ഫോണുകളെക്കുറിച്ച് വെറും പ്രചരണം മാത്രം നടന്നിരുന്നപ്പോള്‍ മൊബൈല്‍ ഫോണുകള്‍ എത്തിയെന്നതില്‍ ജനങ്ങള്‍ സന്തോഷിച്ചു. എന്നാല്‍ ഇന്ന് അവര്‍ ഡാറ്റ സ്പീഡിനെക്കുറിച്ചാണ് സംസാരിക്കുന്നത്. മനശാസ്ത്രത്തിന്റെയും മാറുന്ന കാലഘട്ടത്തിന്റേയും ഈ പരിവര്‍ത്തനം നാം മനസിലാക്കണം. ആധുനിക അടിസ്ഥാനസൗകര്യം, ശുദ്ധ ഊര്‍ജ്ജം, വാതകാധിഷ്ഠിത സമ്പദ്ഘടന, വാതകഗ്രിഡ്, ഇ-ചലനാത്മകത തുടങ്ങിയവയിലൊക്കെ ആഗോള അളവുകോലിനൊപ്പം നമുക്ക് വിവിധ മേഖലകളില്‍ മുന്നോട്ടു പോകാനുണ്ട്.
എന്റെ പ്രിയപ്പെട്ട നാട്ടുകാരെ, ഒരു പ്രത്യേക മേഖലയ്ക്ക് അല്ലെങ്കില്‍ ഒരു പ്രത്യേക സമുദായത്തിന് അല്ലെങ്കില്‍ ഒരു കൂട്ടത്തിന് എന്ത് ചെയ്തുവെന്നതിന്റെ അടിസ്ഥാനത്തിലാണ് പൊതുവില്‍ നമ്മുടെ നാട്ടിലെ ഗവണ്‍മെന്റുകളെ തിരിച്ചറിഞ്ഞിരുന്നത്. പൊതുവില്‍ ഗവണ്‍മെന്റ് എത്ര നല്‍കി? ആര്‍ക്ക് നല്‍കി എന്ന അളവുകോലിലാണ് ഗവണ്‍മെന്റും ജനങ്ങളും പോയിക്കൊണ്ടിരുന്നത്. ഇത് മികച്ചതാണെന്ന് കരുതിയിരുന്നു. ഒരു പക്ഷേ അത് ആ സമയത്തിന്റെ ആവശ്യകതയുടെയൂം സമ്മര്‍ദ്ദത്തിന്റെയൂം അടിസ്ഥാനത്തില്‍ ആയിരിക്കാം,
എന്തൊക്കെ, എങ്ങനെയൊക്കെ, എപ്പോഴൊക്കെ അല്ലെങ്കില്‍ ആര്‍ക്കൊക്കെ മുമ്പ് കിടയിട്ടുണ്ടെന്ന് വരികിലും ഒരു രാജ്യം എന്ന നിലയ്ക്ക് എന്ത് സ്വപ്‌നങ്ങളാണ് നമ്മള്‍ നേടിയതെന്ന് ഇന്ന് ഒരുമയോടെ നാം ചിന്തിക്കണം. ഈ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാന്‍ നമ്മള്‍ ഒന്നിച്ച് പോരാടി ഒരുമയോടെ മുന്നോട്ടുപോകണമെന്നതാണ് കാലത്തിന്റെ ആവശ്യം. ഇത് മനസില്‍ വച്ചുകൊണ്ട് ഒരു അഞ്ച് ട്രില്യണ്‍ ഡോളര്‍ സമ്പദ്ഘടന എന്ന സ്വപ്‌ന ലക്ഷ്യം ഞങ്ങള്‍ തയാറാക്കിയിട്ടുണ്ട്. 130 കോടി നാട്ടുകാര്‍ക്കും ചെറിയ സംഭാവനകളുമായി ഒന്നിച്ച് മുന്നോട്ടുപോകാന്‍ കഴിയും. ചില ആളുകള്‍ക്ക് 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്ഘടന എന്നത് ബുദ്ധിമുട്ടായി തോന്നാം. അവരുടെ ചിന്ത തെറ്റുമല്ല, എന്നാല്‍ ബുദ്ധിമുട്ടേറിയ ലക്ഷ്യങ്ങള്‍ സാധൂകരിക്കാതെ എങ്ങനെ രാജ്യത്തിന് മുന്നോട്ട് പോകാന്‍ കഴിയും? കഠിനമായ വെല്ലുവിളികള്‍ ഏറ്റെടുത്തില്ലെങ്കില്‍ മുന്നോട്ടുപോകുന്നതിനുള്ള ഒരു മനോനില എങ്ങനെ നമുക്കുണ്ടാക്കാനാകും? മനശാസ്ത്രപരമായാണെങ്കിലും നമ്മള്‍ വളരെ ഉയരെ ലക്ഷ്യം വയ്ക്കണം, അതാണ് ഞങ്ങള്‍ ചെയ്തത്. ഇത് വെറും വായുവില്‍ മാത്രമുള്ളതല്ല. സ്വാതന്ത്ര്യത്തിന് ശേഷം 70 വര്‍ഷം കഴിഞ്ഞപ്പോള്‍ നാം 2 ട്രില്യണ്‍ ഡോളര്‍ സമ്പദ്ഘടനയായി, വികസനത്തിന്റെ പാതയിലൂടെ 70 വര്‍ഷം യാത്രചെയ്തിട്ടും നമുക്ക്് 2 ട്രില്യണ്‍ ഡോളര്‍ സമ്പദ്ഘടന മാത്രമേ കൈവരിക്കാന്‍ കഴിഞ്ഞുള്ളു. എന്നാല്‍ 2014 മുതല്‍ 2019 വരെയുള്ള അഞ്ചുവര്‍ഷം കൊണ്ട് നാം 3 ട്രില്യണ്‍ ഡോളര്‍ സമ്പദ്ഘടനയായി മാറി, അതായത് നാം ഒരു ട്രില്യണ്‍ ഡോളര്‍ കൂട്ടിച്ചേര്‍ത്തു. അഞ്ചുവര്‍ഷം കൊണ്ട് അത്രയും വലിയൊരു കുതിപ്പ് നടത്തുന്നതില്‍ നമ്മള്‍ വിജയിച്ചുവെങ്കില്‍ അടുത്ത അഞ്ചുവര്‍ഷം കൊണ്ട് 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്ഘടനയായി നമുക്ക് മാറാനും കഴിയും. ഇതായിരിക്കണം ഓരോ ഇന്ത്യാക്കാരന്റേയും സ്വപ്‌നം.
സമ്പദ്ഘടന വളരുമ്പോള്‍ അത് ജനങ്ങള്‍ക്ക് മികച്ച ജീവിത നിലവാരവും നല്‍കും. ഏറ്റവും താഴെത്തട്ടിലുള്ളവരുടെ വരെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാന്‍ കഴിയുന്നതിനുള്ള അവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. ഈ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായി രാജ്യത്തിന്റെ സാമ്പത്തികമേഖലയെ സംബന്ധിച്ച് ഈ മനോഭാവം നാം വികസിപ്പിക്കണം.
നമ്മുടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാന്‍ നാം സ്വപ്‌നം കണ്ടപ്പോള്‍, സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷത്തിന് ശേഷം പാവങ്ങളില്‍ പാവപ്പെട്ടവരുള്‍പ്പെടെ എല്ലാ കുടുംബങ്ങള്‍ക്കും സ്വന്തമായി വീടുണ്ടാകണം എന്ന് നാം സ്വപ്‌നം കണ്ടപ്പോള്‍, സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷം എല്ലാ വീടുകളിലും വൈദ്യുതി എന്ന് നാം സ്വപ്‌നം കണ്ടപ്പോള്‍, സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ എല്ലാ ഗ്രാമങ്ങളിലും ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖല, ബ്രോഡ്ബാന്റ് കണക്ടിവിറ്റിയും ദീര്‍ഘദൂര വിദ്യാഭ്യാസവുമെന്ന് നാം സ്വപ്‌നം കണ്ടപ്പോള്‍, ഇവയൊന്നും ഇപ്പോള്‍ സ്വപ്‌നങ്ങളല്ല.
നമ്മുടെ സമുദ്ര വിഭവങ്ങളിലും നീല സമ്പദ്ഘടനയിലും നാം ശ്രദ്ധകേന്ദ്രീകരിക്കണം. നമ്മുടെ മത്സ്യതൊഴിലാളി സമൂഹത്തെ നാം ശാക്തീകരിക്കണം. നമുക്ക് ആഹാരം നല്‍കുന്ന കര്‍ഷകര്‍ നമ്മുടെ ഊര്‍ജ്ജദായകരായി മാറണം. എന്തുകൊണ്ട് അവര്‍ക്ക് തന്നെ കയറ്റുമതിക്കാരായിക്കൂടാ?, എന്തുകൊണ്ട് നമ്മുടെ കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ അന്താരാഷ്ട്ര വിപണിയില്‍ ആധിപത്യം സ്ഥാപിച്ചുകൂടാ? ഈ സ്വപ്‌നങ്ങളുമായി നാം മുന്നോട്ടുപോകണം. നമ്മുടെ രാജ്യത്തെ കയറ്റുമതി വര്‍ദ്ധിപ്പിക്കണം. ആഗോള വിപണിയില്‍ എത്തിപ്പെടുന്നതിനുള്ള എല്ലാ പരിശ്രമങ്ങളും നാം നടത്തണം.
നമ്മുടെ രാജ്യത്തെ ഓരോ ജില്ലയ്ക്കും രാജ്യത്തിന് തുല്യമായ ശേഷിയുണ്ട്, നമ്മുടെ ഓരോ ജില്ലയ്ക്കും ലോകത്തെ ഓരോ ചെറുരാജ്യവുമാകുന്നതിനുള്ള ശേഷിയുമുണ്ട്. നമുക്ക് ഈ കഴിവുകള്‍ മനസിലാക്കാനും അവയെ ശരിയായ മാര്‍ഗ്ഗത്തിലേക്ക് തിരിച്ചുവിടാനുമുള്ള കഴിവുണ്ടാകുകയും വേണം. എന്തുകൊണ്ട് ഓരോ ജില്ലകള്‍ക്കും കയറ്റുമതി ഹബ്ബായി മാറുന്നതിന്റെ കുറിച്ച് ചിന്തിച്ചുകൂടാ? ഓരോ ജില്ലകള്‍ക്കും അവരുടെതായ കരകൗശല വസ്തുക്കളും ഓരോ ജില്ലകള്‍ക്കും അവരുടേതായ പ്രത്യേകതകളുമുണ്ട്. ചില ജില്ലകള്‍ സുന്ധദ്രവ്യങ്ങളിലാണ് അറിയപ്പെടുന്നതെങ്കില്‍ മറ്റൊരു ചില ജില്ലകള്‍ പ്രത്യേകമായ തിരിച്ചറിവുള്ള സാരികളിലായിരിക്കും അറിയപ്പെടുന്നത്, ചില ജില്ലകളാണെങ്കില്‍ അവയുടെ വീട്ടുപകരണങ്ങളുടെ പേരിലായിരിക്കും അറിയപ്പെടുക മറ്റൊരു ജില്ല അതിന്റെ മധുരപലഹാരങ്ങള്‍ക്കായിരിക്കും പ്രശസ്തമായിരിക്കുക. നമ്മുടെ ഓരോ ജില്ലയ്ക്കും വൈവിദ്ധ്യമായ സ്വത്വമുണ്ട്. ആഗോളവിപണിക്കുള്ള ശേഷിയുമുണ്ട്.
ആഗോള വിപണികള്‍ക്കു വേണ്ടി നിര്‍മ്മിക്കുമ്പോള്‍ ഒരു കുറ്റവുമില്ലാത്ത, പരിസ്ഥിതിക്ക് ഒട്ടും ദോഷകരമല്ലാത്ത (സീറോ ഡിഫക്ട് സീറോ എഫക്ട്) ത് എങ്ങനെ ഉപയോഗിക്കാന്‍ കഴിയുമെന്ന് നാം പരിശ്രമിക്കണം. ലോകത്തെ ഈ വൈവിദ്ധ്യത്തെ ബോദ്ധ്യപ്പെടുത്തികൊണ്ടുള്ള കയറ്റുമതി നടത്തുകയും ലോകവിപണി പിടിച്ചെടുക്കാനും പ്രവര്‍ത്തിക്കുകയാണെങ്കില്‍ നമ്മുടെ രാജ്യത്തെ യുവാക്കള്‍ക്ക് ജോലി ലഭിക്കും. ഇത് നമ്മുടെ സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായങ്ങള്‍ക്ക് വലിയ കരുത്ത് പകരും. ഈ ശക്തിയെ നമുക്ക് വര്‍ദ്ധിപ്പിക്കണം.
നമ്മുടെ രാജ്യത്തിന് ലോകത്തെ ഏറ്റവും വശ്യമനോഹരമായ വിനോദസഞ്ചാര ലക്ഷ്യകേന്ദ്രമകാന്‍ കഴിയും, എന്നാല്‍ ചില കാരണങ്ങള്‍ കൊണ്ട് അര്‍ഹിക്കുന്ന വേഗതയില്‍ അത് ചെയ്യാന്‍ നമുക്ക് കഴിഞ്ഞിട്ടില്ല. വരിക, നാട്ടുകാരെ നമുക്കെല്ലാം ചേര്‍ന്ന് രാജ്യത്തെ ടൂറിസത്തെ ശക്തിപ്പെടുത്താനുള്ള തീരുമാനം എടുക്കാം. വിനോദസഞ്ചാരം വളരുന്നതോടെ മൂലധന നിക്ഷേപം കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കും. രാജ്യത്തിന്റെ സമ്പദ്ഘടനയും ശക്തിപ്പെടും. ലോകത്തെ ജനങ്ങളെല്ലാം ഇന്ന് ഇന്ത്യയെ ഒരു പുതിയവഴിയില്‍ കാണാന്‍ തയാറായി നില്‍ക്കുകയാണ്. ലോകത്തുനിന്ന് എങ്ങനെ വിനോദസഞ്ചാരികളെ നമ്മുടെ രാജ്യത്തേയ്ക്ക് ആകര്‍ഷിക്കാമെന്ന് നമുക്ക് ചിന്തിക്കാം. വിനോദസഞ്ചാരമേഖലയെ നമുക്ക് എങ്ങനെ ശക്തിപ്പെടുത്താമെന്നും വിനോദസഞ്ചാര ലക്ഷ്യകേന്ദ്രങ്ങളില്‍ എന്തൊക്കെ തയാറെടുപ്പുകള്‍ നടത്താമെന്നും നമുക്ക് ചിന്തിക്കാം. സാധാരണക്കാരന്റെ വരുമാന വര്‍ദ്ധന, അവര്‍ക്ക് മികച്ച വിദ്യാഭ്യാസം, പുതിയ തൊഴിലവസരങ്ങള്‍, എന്നിവയെക്കുറിച്ചെല്ലാം നാം സംസാരിക്കണം. ഇടത്തരക്കാര്‍ക്ക് അവരുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാനയി അവരുടേതായ വിക്ഷേപണത്തറയുണ്ടാകണം. നമ്മുടെ ശാസ്ത്രജ്ഞര്‍ക്ക് മികച്ച സൗകര്യങ്ങളും വിഭവങ്ങളും വേണം, നമ്മുടെ സേനകള്‍ക്ക് മികച്ച ആയുധങ്ങളും ഉപകരണങ്ങളും അതും ആഭ്യന്തരമായി നിര്‍മ്മിച്ചവ വേണം. ഇന്ത്യയെ ഒരു 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്ഘടനയാക്കുന്നതിന് ഇന്ത്യയെ ഒരു നവ ശക്തിയാക്കുന്നതിനുള്ള നിരവധിമേഖലകളുണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.
എന്റെ പ്രിയപ്പെട്ട സഹോദരി, സഹോദര•ാരെ, സാമ്പത്തിക വിജയം കൈവരിക്കുന്നതിന് അനുയോജ്യമായ ഒരു പരിസ്ഥിതി ഇന്ന് രാജ്യത്തിനുണ്ട്. ഒരു സ്ഥിരതയുള്ള ഗവണ്‍മെന്റ് ഉണ്ടാകുമ്പോള്‍ നയങ്ങള്‍ പ്രവചിക്കാന്‍ കഴിയുന്നതും സംവിധാനം ശക്തവുമായിരിക്കും, അങ്ങനെ വരുമ്പോള്‍ ലോകത്തിനും നിങ്ങളില്‍ വിശ്വാസമുണ്ടാകും. രാജ്യത്തെ ജനങ്ങള്‍ ഇത് കാട്ടിതന്നിട്ടുണ്ട്. ഇന്ത്യയുടെ രാഷ്ട്രീയ സ്ഥിരതയെ ലോകവും വളരെ അഭിമാനമത്താടും ബഹുമാനത്തോടുമാണ് നിരീക്ഷിക്കുന്നത്. ഈ അവസരം നാം നഷ്ടപ്പെടുത്തിക്കൂടാ. ഇന്ന് നമ്മോട് വ്യാപാരം ചെയ്യാന്‍ ലോകം വളരെ തല്‍പ്പരരാണ്. നമ്മളുമായി ബന്ധപ്പെടാന്‍ അവര്‍ ആഗ്രഹിക്കുന്നു. ഇന്ന് നാണയപ്പെരുപ്പം നിയന്ത്രിക്കുമ്പോള്‍ തന്നെ വളര്‍ച്ചാനിരക്ക് വര്‍ദ്ധിപ്പിക്കുകയെന്ന വളരെ പ്രധാനപ്പെട്ട ഒരു സമവാക്യവുമായി നാം മുന്നോട്ടുപോകുന്നുവെന്നത് വളരെയധികം അഭിമാനകരമായ കാര്യമാണ്. ചിലപ്പോള്‍ വളര്‍ച്ചാനിരക്ക് വര്‍ദ്ധിക്കും, എന്നാല്‍ നാണയപെരുപ്പം നിയന്ത്രണത്തിലായിരിക്കില്ല. ചിലപ്പോള്‍ നാണയപെരുപ്പം നിയന്ത്രണത്തിലാകുമ്പോള്‍, വളര്‍ച്ചാനിരക്കിനെ ബാധിക്കും. എന്നാല്‍ ഞങ്ങളുടെ ഗവണ്‍മെന്റ് നാണയപ്പെരുപ്പം നിയന്ത്രിക്കുക മാത്രമല്ല, വളര്‍ച്ചാ നിരക്ക് വര്‍ദ്ധിപ്പിക്കുകയും ചെയ്തു.
നമ്മുടെ സമ്പദ്ഘടനയുടെ അടിത്തറ വളരെ ശക്തമാണ്. ഈ ശക്തി മുന്നോട്ടുപോകുന്നതിന് നമുക്ക് ആത്മവിശ്വാസം നല്‍കുന്നു. ചരക്ക് സേവന നികുതി പോലൊരു സംവിധാനം വികസിപ്പിക്കുകയും, ഇന്‍സോള്‍വന്‍സി ആന്റ് ബാങ്കറപ്പ്റ്റന്‍സി കോഡ് പോലുള്ള പരിഷ്‌ക്കാരങ്ങള്‍ കൊണ്ടുവന്നതും പോലെ ഒരു ആത്മവിശ്വാസത്തിന്റെ പരിസ്ഥിതിയും വികസിപ്പിക്കാന്‍ നാം ആഗ്രഹിക്കുന്നു. നമ്മുടെ രാജ്യത്ത് ഉല്‍പ്പാദനം വര്‍ദ്ധിക്കണം, നമ്മുടെ പ്രകൃതി സമ്പത്തുകളുടെ പരിണാമപദ്ധതി (േ്രപാസസിംഗ്) , മൂല്യവര്‍ദ്ധന, ലോകത്തേയ്ക്ക് മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി എന്നിവയെല്ലാം വര്‍ദ്ധിപ്പിക്കണം. ലോകത്തെ എല്ലാ രാജ്യങ്ങളും ഇന്ത്യയുടെ ഏതെങ്കിലും ഒരു ഉല്‍പ്പന്നം ഇറക്കുമതിചെയ്യുന്നതായി എന്തുകൊണ്ട് നമുക്ക് സ്വപ്‌നം കണ്ടുകൂടാ, എന്തുകൊണ്ട് ഇന്ത്യയിലെ ഓരോ ജില്ലയ്ക്കും എന്തെങ്കിലും ഉല്‍പ്പന്നങ്ങള്‍ കയറ്റി അയച്ചുകൂടാ? നാം ഈ രണ്ടുകാര്യങ്ങള്‍ പരിഗണനയില്‍ എടുത്താന്‍ നമുക്കും നമ്മുടെ വരുമാനം വര്‍ദ്ധിപ്പിക്കാം. നമ്മുടെ കമ്പനികളും സംരംഭകരും ലോകവിപണിയില്‍ പ്രവേശിക്കുന്നത് സ്വപ്‌നം കാണുകയാണ്. ലോകവിപണിയില്‍ പ്രവേശനം ലഭിക്കുന്നതിലൂടെ നമ്മുടെ നിക്ഷേപകര്‍ക്ക് ഇന്ത്യയുടെ പദവി ഉയര്‍ത്താന്‍ കഴിയും. നമ്മുടെ നിക്ഷേപകര്‍ക്ക് കൂടുതല്‍ സമ്പാദിക്കാനാകും, നമ്മുടെ നിക്ഷേപകര്‍ക്ക് കൂടുതല്‍ നിക്ഷേപിക്കാനാകും, നമ്മുടെ നിക്ഷേപകര്‍ക്ക് കൂടുതല്‍ തൊഴില്‍ സാദ്ധ്യതകളും വര്‍ദ്ധിപ്പിക്കാന്‍ കഴിയും. നമ്മുടെ നിക്ഷേപകര്‍ തൊഴില്‍ സൃഷ്ടിക്കാനായി മുന്നോട്ടുവരുന്നതിനെ പൂര്‍ണ്ണമായും പ്രോത്സാഹിപ്പിക്കാന്‍ നാം തയ്യാറുമാണ്.
നമ്മുടെ രാജ്യത്തു ചില തെറ്റായ വിശ്വാസങ്ങള്‍ ജന്‍മം കൊണ്ടിരിക്കുന്നു. അത്തരമൊരു മാനസികാവസ്ഥയില്‍നിന്നു നമുക്കു പുറത്തു കടക്കേണ്ടതുണ്ട്. രാജ്യത്തിനായി ധനം സൃഷ്ടിക്കുന്നവരും രാഷ്ട്രത്തിന്റെ ധനസമാഹരണത്തിനു സംഭാവനകള്‍ അര്‍പ്പിക്കുന്നവരും രാജ്യത്തെ സേവിക്കുകയാണ്. ധനം സൃഷ്ടിക്കുന്നരെക്കുറിച്ചു നാം സംശയാലുക്കള്‍ ആകരുത്.
രാജ്യത്തിനായി ധനം സമ്പാദിക്കുന്നവരെ അംഗീകരിക്കുകയും പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് ഇപ്പോഴത്തെ ആവശ്യം. അവര്‍ കൂടുതല്‍ ആദരിക്കപ്പെടണം. സൃഷ്ടിക്കപ്പെടാത്തപക്ഷം ധനം വിതരണം ചെയ്യാന്‍ സാധിക്കില്ല. ധന വിതരണം നടത്താന്‍ സാധിക്കാത്തപക്ഷം സമൂഹത്തിലെ ദരിദ്രരെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ സാധിക്കുകയുമില്ല. അത്രത്തോളമാണു രാജ്യത്തിനായി ധനസമാഹരണം നടത്തുക എന്ന പ്രക്രിയ. ഇതിനു നാം കൂടുതല്‍ സൗകര്യം ഒരുക്കുകയാണു വേണ്ടത്.
ധനസമ്പാദത്തിനായി ശ്രമിക്കുന്നവര്‍ രാജ്യത്തിന്റെ സ്വത്തു തന്നെയാണെന്നാണു ഞാന്‍ പറയുക. അവര്‍ ശാക്തീകരിക്കപ്പെടേണ്ടതുണ്ട്.
പ്രിയ സഹ പൗന്‍മാരേ, നാം ഇപ്പോള്‍ വികസനത്തിനൊപ്പം സമാധാനത്തിനും സുരക്ഷയ്ക്കും പ്രാധാന്യം കല്‍പിച്ചുവരുന്നു. ആഗോളതലത്തില്‍ രാഷ്ട്രങ്ങള്‍ വിവിധ സുരക്ഷാ പ്രതിസന്ധികളാല്‍ കെട്ടിവരിഞ്ഞ നിലയിലാണ്. മരണം ലോകത്തിന്റെ ഒന്നല്ലെങ്കില്‍ മറ്റൊരു ഭാഗത്തു വട്ടമിട്ടു പറന്നുകൊണ്ടിരിക്കുകയാണ്.
ലോകസമാധാനം പുനഃസ്ഥാപിക്കുന്നതില്‍ ഇന്ത്യക്കു പ്രധാന പങ്കാണു വഹിക്കാനുള്ളത്. ഇന്നത്തെ ആഗോള സാഹചര്യത്തില്‍ നമുക്കു നിശ്ശബ്ദ കാഴ്ചക്കാരായി തുടരാന്‍ സാധിക്കില്ല. ഭീകരവാദ സംഘടനകള്‍ക്കെതിരെ നാം ശക്തമായി പോരാടിക്കൊണ്ടിരിക്കുകയാണ്. ലോകത്തിന്റെ ഏതു ഭാഗത്തു നടക്കുന്ന ഭീകരാക്രമണവും മാനവികതയ്ക്കു നേരെയുള്ള ആക്രമണമായി വേണം വീക്ഷിക്കപ്പെടാന്‍. അതിനാല്‍ത്തന്നെ, ഭീകര സംഘടനകള്‍ക്കു തണലും പ്രോല്‍സാഹനവും പകരുന്നവര്‍ക്കെതിരെ ഒന്നിക്കണമെന്ന് എല്ലാ ശക്തികളോടും ഞാന്‍ ആഹ്വാനം ചെയ്യുകയാണ്. ഈ മനുഷ്യത്വ വിരുദ്ധ പ്രവര്‍ത്തനങ്ങളെ തുറന്നുകാണിക്കാനും ഭീകരവാദത്തിനു തടയിടുന്നതിനായി ലോക ശക്തികളെയെല്ലാം ഏകോപിപ്പിക്കാനും ഇന്ത്യ പ്രവര്‍ത്തിക്കണം.
ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തില്‍ നിര്‍ണായക പങ്കു വഹിക്കാന്‍ ഇന്ത്യക്കു സാധിക്കണം. ഭീകരവാദികള്‍ക്കു സംരക്ഷണം നല്‍കുകയും ഭീകരവാദത്തെ പ്രോല്‍സാഹിപ്പിക്കുകയും കയറ്റി അയ്ക്കുകയും ചെയ്യുന്നവരെ തുറന്നുകാണിക്കുന്നതിനായി എല്ലാ ശക്തികളെയും ഇന്ത്യ ഏകോപിപ്പിക്കണം.
ചില ഭീകരവാദ സംഘടനകള്‍ ഇന്ത്യയെ ലക്ഷ്യംവെയ്ക്കുന്നു എന്നു മാത്രമല്ല, നമ്മുടെ അയല്‍രാഷ്ട്രങ്ങള്‍ക്കു കോട്ടം വരുത്തുകയും ചെയ്യുന്നു. ബംഗ്ലാദേശിലും അഫ്ഗാനിസ്ഥാനിലും ഭീകരവാദം അള്ളിപ്പിടിച്ചിരിക്കുകയാണ്. ശ്രീലങ്കയില്‍ ക്രിസ്ത്യന്‍ ആരാധനാലയത്തില്‍ നിഷ്‌കളങ്കരായ ആള്‍ക്കാര്‍ കൂട്ടക്കൊലയ്ക്ക് ഇരയായി എന്നതു ഖേദകരമാണ്. ഹൃദയഭേദകമായ സംഭവമാണ് അത്. ഈ സാഹചര്യത്തില്‍ നാം ഒന്നിക്കുകയും നമ്മുടെ ഉപഭൂഖണ്ഡത്തില്‍ സുരക്ഷയും സമാധാനവും സൗഹൃദവും ഉറപ്പാക്കാനായി പാരസ്പര്യത്തോടെ പ്രവര്‍ത്തിക്കുകയും വേണം.
നമ്മോടു സൗഹൃദം നിലനിര്‍ത്തുന്ന അയല്‍രാജ്യമായ അഫ്ഗാനിസ്ഥാന്‍ നാലു ദിവസം കഴിയുമ്പോള്‍ സ്വാതന്ത്ര്യത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കും. ഈ വിശേഷ വേളയില്‍ ഞാന്‍ അവര്‍ക്കു ഹൃദയംഗമമായ ആശംസകള്‍ നേരുകയാണ്.
ഭീതി വളര്‍ത്തുകയും ഹിംസയെ പാലൂട്ടുകയും ചെയ്യുന്നവരെ ഉന്‍മൂലനാശം ചെയ്യണമെന്നതു നമ്മുടെ കൃത്യമായ നയമാണ്. അത്തരം വഞ്ചനാപരമായ പ്രവൃത്തികളെ ഇല്ലാതാക്കാന്‍ കൈക്കൊണ്ട നയങ്ങളിലൂടെയും തന്ത്രങ്ങളിലൂടെയും നാം അതു കൃത്യമായി വെളിപ്പെടുത്തിയിട്ടുള്ളതുമാണ്. നമുക്കു മടിയേതുമില്ല. നമ്മുടെ സൈന്യവും അതിര്‍ത്തിരക്ഷാ സേനയും സുരക്ഷാ ഏജന്‍സികളും ശ്ലാഘനീയമായ ഒരു കാര്യം ചെയ്തു. അവ എല്ലായ്‌പ്പോഴും തലയുയര്‍ത്തി നില്‍ക്കുകയും എല്ലാ പ്രതികൂല സാഹചര്യങ്ങളില്‍നിന്നും നമ്മെ കാത്തുരക്ഷിക്കുകയും ചെയ്യുന്നു. നമുക്കു ശോഭനമായ ഭാവി ഉറപ്പുവരുത്തുന്നതിനായി അവര്‍ സ്വജീവന്‍ ബലിയര്‍പ്പിക്കുന്നു. ഞാന്‍ അവരെ അഭിവാദ്യം ചെയ്യുകയും അവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുകയും ചെയ്യുന്നു. പരിഷ്‌കരണത്തിന് അനുയോജ്യമായ സമയബന്ധിതമായ ചുവടുകള്‍ നാം വെക്കുന്നു എന്നതു പ്രധാനമാണ്.
സൈനിക അടിസ്ഥാന സൗകര്യം, സായുധ സേനകള്‍, സൈനിക വിഭവങ്ങള്‍ എന്നിവ പരിഷ്‌കരിക്കപ്പെടണം എന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ ഏറെക്കാലമായി നടന്നുവരുന്നതായി നിങ്ങള്‍ നിരീക്ഷിച്ചുകാണണം. മുന്‍ ഗവണ്‍മെന്റുകളും ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടുണ്ട്. ഇക്കാര്യം പഠിക്കാന്‍ പല കമ്മീഷനുകളും രൂപീകരിക്കപ്പെടുകയും അവയൊക്കെ ഒരേ രീതിയിലുള്ള റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്.
വലിയ വ്യത്യാസംകൂടാതെ ഇക്കാര്യം ആവര്‍ത്തിച്ചു ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. നമ്മുടെ നാവികസേനയും കരസേനയും വ്യോമസേനയും തമ്മില്‍ ഏകോപനമുണ്ട് എന്നതില്‍ സംശയമില്ല. നമ്മുടെ സായുധ സേനകളുടെ സംവിധാനത്തെക്കുറിച്ചു നമുക്ക് അഭിമാനിക്കാം. ഏതു ഹിന്ദുസ്ഥാനിക്കും ഇന്ത്യന്‍ സൈന്യത്തെക്കുറിച്ച് അഭിമാനിക്കാം. അവര്‍ അവരുടേതായ രീതിയില്‍ ആധുനികവല്‍ക്കരിക്കപ്പെടാനായി യത്‌നിക്കുകയാണ്.
എന്നാല്‍, ലോകം മാറുകയാണ്. യുദ്ധതന്ത്രം മാറുകയാണ്. യുദ്ധത്തിന്റെ രീതി തന്നെ മാറുകയാണ്. ഈ രംഗം കൂടുതല്‍ സാങ്കേതികവിദ്യയുടെ അടിസ്ഥാനത്തിലുള്ളതായി മാറുമ്പോള്‍ വിഘടിതമായി നിലകൊള്ളുന്ന രീതി ഇന്ത്യക്ക് അപര്യാപ്തമാണ്. നമ്മുടെ സൈനിക ശക്തി ഒന്നാകെ ഒരേ രീതിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടു മുന്നേറണം. നാവികസേന, കരസേന, വ്യോമസേന എന്നിവയില്‍ ഏതെങ്കിലും ഒന്ന് മറ്റു രണ്ടെണ്ണത്തേക്കാള്‍ ഒരു ചുവടു മുന്നിലാവുന്ന സാഹചര്യം ഗുണകരമല്ല. മൂന്നു സേനാ വിഭാഗങ്ങളും ഒരേ രീതിയില്‍ പ്രവര്‍ത്തിക്കണം. ഇതിനു നല്ല രീതിയിലുള്ള ഏകോപനം അനിവാര്യമാണ്. അതാകട്ടെ, ജനങ്ങളുടെ പ്രതീക്ഷകള്‍ക്ക് അനുസരിച്ചായിരിക്കുകയും വേണം. അതു ലോകത്തിലെ മാറിവരുന്ന യുദ്ധ, സുരക്ഷാ സാഹചര്യങ്ങളോടു പൊരുത്തപ്പെടും വിധം ആയിരിക്കണം. ഇതുമായി ബന്ധപ്പെട്ട ഒരു സുപ്രധാന പ്രഖ്യാപനം ഇന്നു ചുവപ്പുകോട്ടയില്‍വെച്ചു ഞാന്‍ നടത്തുകയാണ്. ഇത്തരം കാര്യങ്ങളില്‍ വൈദഗ്ധ്യമുള്ളവര്‍ ഇക്കാര്യം പല തവണയായി ചൂണ്ടിക്കാണിക്കുന്നു. നമുക്കൊരു പ്രതിരോധ സേനാ തലവന്‍- സി.ഡി.എസ്. ഉണ്ടാവണമെന്നു നാം തീരുമാനിച്ചിരിക്കുകയാണ്. ഈ തസ്തിക സൃഷ്ടിക്കപ്പെടുന്നതോടെ ഉന്നതതലത്തില്‍ മൂന്നു സേനകള്‍ക്കും ഫലപ്രദമായ നേതൃത്വം ലഭിക്കും. ലോകത്തില്‍ ഹിന്ദുസ്ഥാന്റെ തന്ത്രപരമായ ഇടപെടല്‍ പരിഷ്‌കരിക്കപ്പെടണമെന്ന നമ്മുടെ സ്വപ്‌നം യാഥാര്‍ഥ്യമാക്കുന്നതില്‍ വളരെ പ്രധാനവും അനിവാര്യവുമായ കാര്യമാണിത്.
പ്രിയ സഹപൗരന്‍മാരേ, എന്തെങ്കിലും പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന കാലത്താണു പിറന്നത് എന്നതിനാല്‍ നാം ഭാഗ്യവാന്‍മാരാണ്. നാം സ്വാതന്ത്ര്യത്തിനായി പൊരുതിയിരുന്ന കാലത്ത് ഭഗത് സിങ്ങിനെയും സുഖ്‌ദേവിനെയും രാജ്ഗുരുവിനെയും പോലെയുള്ള മഹാന്‍മാര്‍ ത്യാഗം ചെയ്യാന്‍ മല്‍സരിക്കുകയായിരുന്നു എന്ന ചിന്ത ചിലപ്പോള്‍ എന്റെ മനസ്സില്‍ കടന്നുകൂടാറുണ്ട്. സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാക്കുന്നതിനായി ബോധവല്‍ക്കരിക്കുന്നതിന് മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യ സമര സേനാനികള്‍ വീടുവീടാന്തരം കയറിയിറങ്ങുമായിരുന്നു. നാം അക്കാലത്തു ജനിച്ചിട്ടില്ല. രാജ്യത്തിനായി ത്യാഗം അനുഷ്ഠിക്കാന്‍ നമുക്ക് അവസരം ലഭിച്ചിട്ടില്ല. എന്നാല്‍, രാജ്യത്തിനായി ജീവിക്കാന്‍ നമുക്ക് ഇപ്പോള്‍ നിശ്ചയമായും അവസരം ലഭിച്ചിരിക്കുകയാണ്. ഈ കാലഘട്ടം ഇങ്ങനെയാണ് എന്നതു വളരെ വലിയ നേട്ടമാണ്. ഈ വര്‍ഷം നമുക്കു വളരെ പ്രധാനപ്പെട്ടതാണ്. ബാപ്പു മഹാത്മാ ഗാന്ധിയുടെ 150ാം ജന്‍മ വാര്‍ഷികം ആഘോഷിക്കുന്ന വര്‍ഷമാണ് ഇത്.
അത്തരമൊരു അവസരത്താല്‍ നാം അനുഗ്രഹിക്കപ്പെട്ടിരിക്കുകയാണ്. 75 വര്‍ഷമായി അനുഭവിച്ചുവരുന്ന സ്വാതന്ത്ര്യവും രാജ്യത്തിനായി ത്യാഗം ചെയ്തവരെക്കുറിച്ചുള്ള ഓര്‍മകളും എന്തെങ്കിലുമൊക്കെ ചെയ്യാന്‍ നമ്മെ പ്രചോദിപ്പിക്കുന്നു. ഈ അവസരം പ്രയോജനപ്പെടുത്താന്‍ നമുക്കു സാധിക്കണം. മഹാത്മാ ഗാന്ധിയുടെയും സ്വാതന്ത്ര്യസമര സേനാനികളുടെയും സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിനായി നാം 130 കോടി സഹപൗരന്‍മാര്‍ ഇനിയും മുന്നേറണം. സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികവും ഗാന്ധിജിയുടെ 150ാമതു ജന്‍മവാര്‍ഷികവും ആഘോഷമാക്കി മാറ്റണം. ഇതു നമുക്കു പ്രചോദനമായിത്തീരുന്ന ഒരു വലിയ അവസരമാണ്.
2014ല്‍ ഈ ചെങ്കോട്ടയില്‍വെച്ചു സ്വച്ഛതയെക്കുറിച്ചു ഞാന്‍ സംസാരിച്ചിരുന്നു. 2019ല്‍ ഏതാനും ആഴ്ചകള്‍ക്കകം വെളിയിട വിസര്‍ജ്ജന മുക്ത രാജ്യമായി ഇന്ത്യ പ്രഖ്യാപിക്കപ്പെടുമെന്ന ആത്മവിശ്വാസം എനിക്കുണ്ട്. തുറന്ന സ്ഥലത്തു മലവിസര്‍ജനം നടത്തുന്നത് ഇല്ലാതാക്കാന്‍ സംസ്ഥാനങ്ങളും ഗ്രാമങ്ങളും മുനിസിപ്പാലിറ്റികളും മാധ്യമങ്ങളുമെല്ലാം ചേര്‍ന്നു ബഹുജന മുന്നേറ്റം യാഥാര്‍ഥ്യമാക്കിയിട്ടുണ്ട്. എവിടെയും ഗവണ്‍മെന്റല്ല, ജനങ്ങളാണു പങ്കാളിത്തത്തിലൂടെ ബഹുജന മുന്നേറ്റം യാഥാര്‍ഥ്യമാക്കിയതും വ്യക്തമായ ഫലം ഉണ്ടാക്കിത്തുടങ്ങിയതും.
പ്രിയ സഹ പൗരന്‍മാരേ, ഞാന്‍ നിങ്ങളോടു ചെറിയ ഒരു അഭ്യര്‍ഥന മുന്നോട്ടുവെക്കുകയാണ്. ഈ ഒക്ടോബര്‍ രണ്ടിനു നമുക്ക് ഇന്ത്യയെ ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കില്‍നിന്നു മുക്തമാക്കിയാലോ? നമുക്കു സംഘം ചേര്‍ന്ന് വീട്ടില്‍നിന്നും സ്‌കൂളില്‍നിന്നും കോളജില്‍നിന്നും പുറത്തിറങ്ങാം.
ബഹുമാനപ്പെട്ട ബാപ്പുവിനെ ഓര്‍ത്തുകൊണ്ട്, നമുക്കു വീടുവിട്ടിറങ്ങി ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് വീടുകളില്‍നിന്നും തെരുവുകളില്‍നിന്നും ചന്തകളില്‍നിന്നും അഴുക്കുചാലുകളില്‍നിന്നും ശേഖരിക്കാം. ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ശേഖരിക്കാന്‍ മുനിസിപ്പാലിറ്റികളും കോര്‍പറേഷനുകളും ഗ്രാമപഞ്ചായത്തുകളും സംവിധാനം ഒരുക്കണം. ഇന്ത്യയെ ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കില്‍നിന്നു മുക്തമാക്കുന്നതിനായുള്ള വലിയ ചുവട് ഒക്ടോബര്‍ രണ്ടിന് എടുക്കാന്‍ സാധിക്കുമോ?
വരു, സഹപൗരന്‍മാരേ, ഈ പ്രവര്‍ത്തനം നമുക്കു മുന്നോട്ടു കൊണ്ടുപോകാം.
സ്റ്റാര്‍ട്ടപ്പ് സ്ഥാപനങ്ങളോടും സാങ്കേതിക വിദഗ്ധരോടും സംരംഭകരോടും ഞാന്‍ അഭ്യര്‍ഥിക്കുകയാണ്, പ്ലാസ്റ്റിക്കിന്റെ പുനരുപയോഗം സാധ്യമാക്കാനായി നമുക്ക് എന്തു ചെയ്യാന്‍ സാധിക്കുമെന്ന്. ഹൈവേകള്‍ ഉണ്ടാക്കാന്‍ പ്ലാസ്റ്റിക് ഉപയോഗിച്ചുവരുന്നുണ്ട്. അത്തരം പല പരിഹാരങ്ങളും ഉണ്ട്. എന്നാല്‍, അത്തരം പ്രശ്‌നങ്ങളില്‍നിന്നു രക്ഷ നേടാന്‍ ബഹുജന മുന്നേറ്റം ആവശ്യമാണ്. എന്നാല്‍, ഇതോടൊപ്പം പകരം സംവിധാനത്തെക്കുറിച്ചു ചിന്തിക്കുകയും വേണം. മറ്റു പല ബോര്‍ഡുകളും വെക്കുന്നതിനൊപ്പം പ്ലാസ്റ്റിക് ബാഗുകള്‍ ഉപയോഗിക്കരുതെന്നും സാധനങ്ങള്‍ കൊണ്ടുപോകുന്നതിനായി തുണിസഞ്ചി കൊണ്ടുവരികയോ വാങ്ങുകയോ വേണമെന്നും വ്യക്തമാക്കുന്ന ബോര്‍ഡുകള്‍ വെക്കണമെന്നു കടക്കാരോടെല്ലാം ഞാന്‍ അഭ്യര്‍ഥിക്കുകയാണ്. നമുക്ക് അത്തരമൊരു പരിസ്ഥിതി സൃഷ്ടിച്ചെടുക്കാം. നാം ദീപാവലിക്കു സുഹൃത്തുക്കള്‍ക്കു സമ്മാനങ്ങള്‍ നല്‍കാറുണ്ടല്ലോ. ഇത്തവണ മുതല്‍ അത്തരം സമ്മാനങ്ങള്‍ എന്തുകൊണ്ടു തുണിസഞ്ചിയില്‍ പൊതിഞ്ഞു നല്‍കിക്കൂടാ? അത്തരം തുണിസഞ്ചികളുമായി ജനങ്ങള്‍ അങ്ങാടിയില്‍ പോകുന്നപക്ഷം നിങ്ങളുടെ കമ്പനിക്കു പരസ്യംകൂടി ലഭിക്കും. അതേസമയം, നിങ്ങള്‍ ഡയറിയോ കലണ്ടറോ നല്‍കിയതുകൊണ്ടു ഗുണമൊന്നുമില്ല. എന്നാല്‍, ബാഗ് നല്‍കുകയാണെങ്കില്‍ നിങ്ങള്‍ക്കു പരസ്യം ലഭിക്കും. അതു ചണംകൊണ്ടുള്ള ബാഗാണെങ്കില്‍ കര്‍ഷകര്‍ക്കു ഗുണകരമാകും. തുണിസഞ്ചിയും കര്‍ഷകര്‍ക്കു ഗുണം ചെയ്യും. ഇതൊക്കെ ചെറിയ കാര്യങ്ങളാണ്. തയ്യല്‍ജോലി ചെയ്യുന്ന വിധവകള്‍ക്ക് ഇതു ഗുണകരമാകും. നമ്മുടെ ചെറുചുവടുകള്‍ സാധാരണക്കാരുടെ ജീവിതങ്ങള്‍ മാറ്റിമറിക്കും. നമുക്ക് അതിനായി യത്‌നിക്കാം.
പ്രിയ സഹപൗരന്‍മാരേ, അഞ്ചു ലക്ഷം കോടി സമ്പദ്‌വ്യവസ്ഥയെക്കുറിച്ചോ സ്വാശ്രയത്വമാര്‍ന്ന ഇന്ത്യയെക്കുറിച്ചോ ഉള്ള സ്വപ്‌നമാകട്ടെ, നാം പിന്‍തുടരുന്നതു മഹാത്മാ ഗാന്ധിയുടെ ആശയമാണ്. മഹാത്മാ ഗാന്ധിയുടെ ആശയങ്ങള്‍ ഇന്നും പ്രസക്തമാണ്. അതിനാല്‍ത്തന്നെ, നമ്മുടെ ‘മെയ്ക്ക് ഇന്‍ ഇന്ത്യ’ ദൗത്യത്തെ നമുക്കു മുന്നോട്ടു കൊണ്ടുപോകേണ്ടതുണ്ട്. ഇന്ത്യയില്‍ നിര്‍മിക്കപ്പെട്ട ഉല്‍പന്നങ്ങള്‍ക്കു നമുക്കു മുന്‍ഗണന നല്‍കിക്കൂടേ? ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന ഇനങ്ങള്‍ക്കു നമുക്കു മുന്‍ഗണന നല്‍കാം. ഭാഗ്യം നിറഞ്ഞ നാളേക്കായി പ്രാദേശിക ഉല്‍പന്നങ്ങള്‍ക്കു പ്രാധാന്യം കല്‍പിക്കാന്‍ നമുക്കു സാധിക്കണം. ശോഭനമായ ഭാവിക്കായി സ്വദേശവല്‍ക്കരണത്തിന് നാം തയ്യാറാകണം. ഗ്രാമങ്ങളില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന ഉല്‍പന്നങ്ങള്‍ക്കു മുന്‍ഗണന നല്‍കണം. ഗ്രാമത്തില്‍ ലഭ്യമല്ലെങ്കില്‍ താലൂക്കിലോ ജില്ലയിലോ സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലോ നിന്ന് ആവശ്യമായ ഉല്‍പന്നങ്ങള്‍ കണ്ടെത്താന്‍ സാധിക്കണം. ഏതെങ്കിലും ഉല്‍പന്നങ്ങള്‍ക്കായി സംസ്ഥാനത്തിനു പുറത്തേക്കുപോകേണ്ട സാഹചര്യം ആര്‍ക്കെങ്കിലും ഉണ്ടാവുമെന്നു ഞാന്‍ കരുതുന്നില്ല. ഇതിലൂടെ നമ്മുടെ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയക്ക് ഉത്തേജനം ലഭിക്കും; നമ്മുടെ ചെറുകിട സംരംഭകര്‍ക്ക് ഉത്തേജനം ലഭിക്കും; പരമ്പരാഗത ഉല്‍പന്നങ്ങള്‍ക്കു പ്രോല്‍സാഹനം ലഭിക്കും.
സഹോദരീ സഹോദരന്‍മാരേ, നമുക്കൊക്കെ മൊബൈല്‍ ഫോണുകള്‍ ഇഷ്ടമാണ്, വാട്‌സാപ് സന്ദേശങ്ങള്‍ അയക്കാന്‍ ഇഷ്ടമാണ്, ഫേസ്ബുക്കിലും ട്വിറ്ററിലും സമയം ചെലവിടാന്‍ ഇഷ്ടമാണ്. എന്താണ് അതുകൊണ്ടുള്ള ഉപയോഗം എന്നറിയുന്നവര്‍ക്കു സാങ്കേതിക വിദ്യ ഉപയോഗപ്രദമാണ്. നവീന ഇന്ത്യ വികസിപ്പിച്ചെടുക്കുന്നതിനു സാങ്കേതികവിദ്യ സഹായകമാണ്. നാം എന്തുകൊണ്ടാണ് ഡിജിറ്റല്‍ പണമിടപാടിലേക്കു മാറാത്തത്? നമ്മുടെ റൂപേ കാര്‍ഡ് സിംഗപ്പൂരിലും സ്വീകാര്യമാണെന്നത് അഭിമാനകരമായ വസ്തുതയാണ്. വൈകാതെ കൂടുതല്‍ രാജ്യങ്ങളില്‍ റൂപേ കാര്‍ഡ് സ്വീകാര്യമായിത്തീരും. നമ്മുടെ ഡിജിറ്റല്‍ രംഗം പടിപടിയായി വികസിക്കുകയാണ്. ഗ്രാമങ്ങളിലും ചെറിയ കടകളിലും ചെറിയ ഷോപ്പിങ് മാളുകളിലും ഡിജിറ്റല്‍ പണമിടപാട് പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടതല്ലേ? സത്യസന്ധതയ്ക്കും സുതാര്യതയ്ക്കും വേണ്ടിയും നമ്മുടെ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ കരുത്തുറ്റതാക്കുന്നതിനു വേണ്ടിയും നമുക്കു ഡിജിറ്റല്‍ പണമിടപാടിലേക്കു തിരിയാം. ഗ്രാമങ്ങളില്‍ ചെല്ലുകയാണെങ്കില്‍ കച്ചവടക്കാര്‍ ഇന്ന് രൊക്കം, നാളെ കടം്’ എന്നു ബോര്‍ഡ് തൂക്കിയിരിക്കുന്നതു കാണാം. ‘ഡിജിറ്റലായി പണം തരൂ; പണമിടപാട് വേണ്ട’ എന്ന ബോര്‍ഡ് വെക്കാന്‍ കച്ചവടക്കാരോടു ഞാന്‍ ആഹ്വാനം ചെയ്യുകയാണ്. ഇത്തരമൊരു സാഹചര്യം സൃഷ്ടിക്കാന്‍ നമുക്കു സാധിക്കണം. ഈ കാര്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്നതിന് ബാങ്കിങ് മേഖലയിലും കച്ചവട മേഖലയിലും പ്രവര്‍ത്തിക്കുന്നവരോട് ആഹ്വാനം ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
നമ്മുടെ രാജ്യത്ത് മധ്യവര്‍ഗ്ഗക്കാരുടെയും ഉയര്‍ന്ന മധ്യവര്‍ഗ്ഗക്കാരുടെയും എണ്ണം വര്‍ദ്ധിക്കുകയാണ്. ഇതൊരു നല്ല കാര്യമാണ്. വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ ജനങ്ങള്‍ തങ്ങളുടെ കുടുംബത്തോടൊപ്പം ഒരു വിനോദ സഞ്ചാരിയായി വിവിധ രാജ്യങ്ങളിലേക്ക് പോകും. നമ്മുടെ കുട്ടികള്‍ക്ക് ലോകപരിചയം കിട്ടുമെന്നത് നല്ലകാര്യമാണ്. പക്ഷേ, നിരവധി മഹത്തായ പുരുഷന്‍മാരും സ്ത്രീകളും തങ്ങളുടെ ജീവന്‍ ബലികഴിച്ച് നേടിത്തന്ന സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ പുറംരാജ്യങ്ങളെപ്പോലെ സ്വന്തം രാജ്യത്തെക്കുറിച്ചും തങ്ങളുടെ കുട്ടികള്‍ അറിഞ്ഞിരിക്കണമെന്ന് ചിന്തിക്കാന്‍ അത്തരം എല്ലാ കുടുംബങ്ങളേയും ഞാന്‍ ആഹ്വാനം ചെയ്യുന്നു. രാജ്യത്തിന്റെ മണ്ണുമായും അതിന്റെ ചരിത്രവുമായും വായുവും വെള്ളവുമായും തങ്ങളുടെ കുട്ടികള്‍ വൈകാരികമായി ബന്ധപ്പെട്ടിരിക്കണമെന്ന് ആഗ്രഹിക്കാത്ത ഏതെങ്കിലും മാതാപിതാക്കള്‍ ഉണ്ടാകുമോ? ഇവയില്‍നിന്നെല്ലാം തങ്ങളുടെ കുട്ടികള്‍ പുതിയ ഊര്‍ജ്ജം സംഭരിക്കണമെന്ന് അവര്‍ക്ക് ആഗ്രഹമില്ലേ? ആത്മാര്‍ത്ഥമായിത്തന്നെ നമുക്ക് മുന്നോട്ടു നീങ്ങണം. നാം എത്രതന്നെ പുരോഹമിച്ചാലും നമ്മുടെ വേരുകളില്‍നിന്ന് അറുത്തുമാറ്റപ്പെട്ടാല്‍ നമുക്ക് ജീവിക്കാനാവില്ല. ഇന്ന് ചുവപ്പു കോട്ടയുടെ കൊത്തളത്തില്‍നിന്ന് ഞാന്‍ നിങ്ങളോട് ഒരു കാര്യം ആവശ്യപ്പെടുകയാണ്. ഇത് യുവജനങ്ങള്‍ക്ക് തൊഴില്‍ ഉല്‍പ്പാദിപ്പിക്കാനും ലോകത്ത് ഇന്ത്യയുടെ പ്രതിച്ഛ്ായ കെട്ടിപ്പടുക്കാനും ഇന്ത്യക്ക് എന്തൊക്കെ കഴിയുമെന്ന് ലോകത്തോട് പറയാനും വേണ്ടിയാണിത്. ഇന്ത്യ അതിന്റെ സ്വാതന്ത്ര്യത്തിന്റെ 75ാം വര്‍ഷം ആഘോഷിക്കുന്ന 2022 നു മുമ്പ് നാം നമ്മുടെ കുടുംബങ്ങളെ രാജ്യത്തെ കുറഞ്ഞത് 15 വിനോദ സഞ്ചാര ലക്ഷ്യ സ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുമെന്ന് നിങ്ങള്‍ തീരുമാനിക്കേണ്ട സമയമായിരിക്കുന്നു. ആ സ്ഥലങ്ങളില്‍ നമുക്ക് ചില ബുദ്ധിമുട്ടൊക്കെ നേരിട്ടുവന്നേക്കാമെങ്കിലും നിങ്ങള്‍ പോകണം. നല്ല ഹോട്ടലുകള്‍ ഉണ്ടായെന്നേക്കില്ല. പക്ഷേ ചിലപ്പോള്‍ അത്തരം ബുദ്ധിമുട്ടികളോടൊപ്പം അവസരങ്ങളും വന്നുചേര്‍ന്നേക്കാം. അത്തരം വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ തങ്ങളുടെ രാജ്യമെന്താണെന്ന് നമ്മുടെ കുട്ടികള്‍ പഠിക്കും. സൗകര്യങ്ങള്‍ നിര്‍മ്മിക്കേണ്ടവര്‍ അവിടെ എത്തുന്നതോടെ തൊഴിലും ഉല്‍പ്പാദിക്കപ്പെടും. നല്ല നൂറു വിനോദ സഞ്ചാര ലക്ഷ്യസ്ഥാനങ്ങള്‍ എന്തുകൊണ്ട് നമുക്ക് വികസിപ്പിച്ചുകൂടാ? ഓരോ സംസ്ഥാനത്തും രണ്ടോ, അഞ്ചോ, ഏഴോ ഉയര്‍ന്ന നിലവാരത്തിലുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ വികസിപ്പിക്കുമെന്ന് എന്തുകൊണ്ട് ലക്ഷ്യമിട്ടുകൂടാ? ഇന്ത്യയുടെ വടക്കു കിഴക്കന്‍ഭാഗത്ത് വന്‍തോതില്‍ പ്രകൃതി വിഭവങ്ങളുണ്ട്. പക്ഷേ എത്ര സര്‍വകലാശാലകള്‍ രാജ്യത്തെ ആ ഭാഗത്തെ തങ്ങളുടെ വിനോദ സഞ്ചാര ലക്ഷ്യസ്ഥാനമാക്കാറുണ്ട്? നിങ്ങള്‍ക്ക് ഏറെയൊന്നും പണവും സമയവും ചെലവിടേണ്ട. 7 മുതല്‍ 10 ദിവസം കൊണ്ട് രാജ്യത്തിനകത്ത് സന്ദര്‍ശിക്കാം. നിങ്ങള്‍ സന്ദര്‍ശിക്കുന്ന സ്ഥലങ്ങളില്‍ ഒരു പുതിയ ലോകമുണ്ടാകും. നാം ഇന്ത്യക്കാര്‍ വടക്കു കിഴക്കിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ നിങ്ങള്‍ക്ക് ജീവിതാനുഭൂതിയുണ്ടാകും. വിദേശികളും അതനുകരിക്കും. പക്ഷേ നാം രാജ്യത്തിനു പുറത്തു പോകുമ്പോള്‍ തമിഴ്‌നാട്ടിലെ ആ ക്ഷേത്രം നിങ്ങള്‍ കണ്ടിട്ടുണ്ടോ എന്ന് ആളുകള്‍ ചോദിക്കുമ്പോള്‍ ഇല്ല എന്നാണ് മറുപടിയെങ്കില്‍ അതെങ്ങനെ അനുഭവപ്പെടും? വിദേശികളാണെങ്കിലും ആ ക്ഷേത്രം അവര്‍ സന്ദര്‍ശിക്കുകയും ഇന്ത്യക്കാരനായിരുന്നിട്ടുകൂടി നിങ്ങള്‍ ഇതുവരെ ആ ക്ഷേത്രം കണ്ടിട്ടില്ല എന്നതില്‍ അവര്‍ക്ക് അത്ഭുതം തോന്നും. അതിനാല്‍ വിദേശങ്ങളില്‍ പോകും മുമ്പ് നാം നമ്മുടെ രാജ്യത്തെ നന്നായി അറിഞ്ഞിരിക്കണം.
ഇനിയെനിക്ക് നമ്മുടെ കര്‍ഷക സഹോദരങ്ങളോട് ചിലത് ചോദിക്കാനുണ്ട്. കര്‍ഷകരെ സംബന്ധിച്ച്, ഈ രാജ്യത്തെ എന്റെ സഹ പൗരന്‍മാരെ സംബന്ധിച്ച് ഈ രാജ്യം അവരുടെ മാതൃഭൂമിയാണ്. ഭാരത് മാതാ കി ജയ് എന്ന് നാം ജപിക്കുമ്പോള്‍ നമ്മുടെ ഹൃദയങ്ങള്‍ പുതിയ ഊര്‍ജ്ജത്താല്‍ നിറയും.
വന്ദേമാതരം എന്ന വാക്ക് രാജ്യത്തിനുവേണ്ടി ത്യാഗം ചെയ്യാനുള്ള സന്നദ്ധതയാല്‍ നമ്മുടെ ഹൃദയങ്ങള്‍ ആവേശഭരിതമാക്കും. സുദീര്‍ഘമായ ഒരു ചരിത്രം നമ്മെ മാടിവിളിക്കുകയാണ്. പക്ഷേ നാം എപ്പോഴെങ്കിലും നമ്മുടെ മാതൃഭൂമിയുടെ ആരോഗ്യത്തെക്കുറിച്ച് ചിന്തിക്കാന്‍ മിനക്കെട്ടിട്ടുണ്ടോ? രാസ വളങ്ങളും കീടനാശിനികളും നാം ഉപയാഗിക്കുന്ന രീതി ഭൂമിയുടെ ആരോഗ്യത്തിന് ഹാനികരമാണ്. ഒരു കര്‍ഷകനെന്ന നിലയില്‍, ഈ മണ്ണിന്റെ മകനെന്ന നിലയില്‍ അതിന്റെ ആരോഗ്യം തകരാറിലാക്കാന്‍ ഒരു അവകാശവുമില്ല. ഭാരത മാതാവിനെ ദുഖിപ്പിക്കാന്‍ എനിയ്ക്ക് ഒരു അവകാശവുമില്ല. അതുപോലെ അവരെ രോഗിണിയാക്കാനും എനിക്ക് അവകാശമില്ല.
നമ്മുടെ സ്വാതന്ത്ര്യലബ്ധിക്കുശേഷമുള്ള 75 വര്‍ഷങ്ങള്‍ നാം ഉടന്‍തന്നെ പൂര്‍ത്തിയാക്കും. അഭിവന്ദ്യനായ ബാപ്പു നമുക്ക് വഴികാണിച്ചു. നമ്മുടെ പാടങ്ങളിലെ രാസവളങ്ങളുടെ ഉപയോഗം പത്തുശതമാനമോ, ഇരുപതു ശതമാനമോ, ഇരുപത്തഞ്ചു ശതമാനമോ നാം വെട്ടിക്കുറക്കേണ്ടതല്ലേ? സാധ്യമെങ്കില്‍ നാം ഇതിലേക്കായി ഒരു യജ്ഞത്തിനുതന്നെ തുടക്കമിടേണ്ടതല്ലേ? രാജ്യത്തോടായി ചെയ്യുന്ന വലിയൊരു സേവനമായിരിക്കും അത്. മാതൃഭൂമിയെ രക്ഷിക്കാനുള്ള ഒരു വന്‍ ചുവടുവെപ്പായിരിക്കും അത്. മാതൃഭൂമിയെ രക്ഷിക്കാനുള്ള നിങ്ങളുടെ ഉദ്യമങ്ങള്‍ക്ക് നമ്മുടെ മാതൃഭൂമിയ്ക്ക് സ്വാതന്ത്ര്യം നേടണമെന്ന സ്വപ്‌നം സഫലമാകാന്‍ വന്ദേമാതരം പാടി തങ്ങളുടെ ജീവിതം സമര്‍ത്ഥിച്ചവരുടെ അനുഗ്രഹവും കിട്ടും. നമ്മുടെ നാട്ടുകാര്‍ക്ക് ഇത് തീര്‍ച്ചയായും നേടാന്‍ കഴിയുമെന്ന് ഉറച്ച വിശ്വാസമുള്ളതിനാല്‍ ഞാന്‍ അതിനായി നിങ്ങളോടഭ്യര്‍ത്ഥിക്കുന്നു. എന്റെ കര്‍ഷകരില്‍ എനിക്ക് പൂര്‍ണവിശ്വാസമുള്ളതിനാല്‍ എന്റെ ഈ അഭ്യര്‍ത്ഥന അവര്‍ നിറവേറ്റും.
എന്റെ പ്രിയപ്പെട്ട സഹോദരീ, സഹോദരന്‍മാരെ,
നമ്മുടെ രാജ്യത്തെ പ്രൊഫഷനലുകള്‍ ആഗോളതലത്തില്‍തന്നെ അധികാരസ്ഥാനങ്ങളിലാണ്. അവരുടെ കഴിവുകള്‍ വളരെ നന്നായി അംഗീകരിക്കപ്പെട്ടവയാണ്. ജനങ്ങള്‍ അവരെ ആദരിക്കുന്നു. ബഹിരാകാശ ശാസ്ത്രമായാലും, സാങ്കേതിക വിദ്യയായാലും നാം പുതിയ ഉയരങ്ങള്‍ താണ്ടിക്കഴിഞ്ഞു. ഇതുവരെ ആരും പോകാത്ത ചന്ദ്രന്റെ ആ ഭാഗത്തേക്ക് നമ്മുടെ ചന്ദ്രയാന്‍ വേഗത്തില്‍ നീങ്ങുന്നുവെന്നത് സന്തോഷകരമായ കാര്യമാണ്. നമ്മുടെ ശാസ്ത്രജ്ഞരുടെ പാടവം അത്രയ്ക്കുണ്ട്.
അതുപോലെ കായികരംഗത്ത് നമ്മുടെ സാന്നിദ്ധ്യം തീരെക്കുറവായിരുന്നു. ഇന്ന് 18 മുതല്‍ 22 വയസ്സുവരെയുള്ള എന്റെ രാജ്യത്തെ ആണ്‍മക്കളും പെണ്‍മക്കളും വിവിധ സ്‌പോര്‍ട്‌സ് സ്‌റ്റേഡിയങ്ങളില്‍ ഇന്ത്യയുടെ ത്രിവര്‍ണ പതാക പാറിക്കുകയാണ്. എത്ര അഭിമാനകരമാണ് ആ അനുഭവം! നമ്മുടെ കായിക താരങ്ങള്‍ രാജ്യത്തിനുവേണ്ടി ബഹുമതികള്‍ നേടുന്നു.
പ്രിയപ്പെട്ട നാട്ടുകാരേ, നമുക്ക് നമ്മുടെ രാജ്യത്തെ മുന്നോട്ടു നയിക്കണം. നമുക്ക് നമ്മുടെ രാജ്യത്തെ പരിഷ്‌കരിക്കണം. നമുക്ക് നമ്മുടെ രാജ്യത്തെ പുതിയ ഉയരങ്ങളിലെത്തിക്കണം. ഇവയെല്ലാം നമുക്ക് കൂട്ടായി ചെയ്യാം. ഗവണ്‍മെന്റും ജനങ്ങളും ചേര്‍ന്ന് ഒന്നിച്ചും കൂട്ടായുമാണ് ഇത് കൈവരിക്കേണ്ടത്. നമ്മുടെ 130 കോടി നാട്ടുകാരാണ് ഇത് ചെയ്യേണ്ടത്. രാജ്യത്തെ പ്രധാനമന്ത്രിയും നിങ്ങളെപ്പോലെ ഈ രാജ്യത്തിന്റെ ഒരു കുട്ടിയാണ്. അതുപോലെ ഈ രാജ്യത്തെ ഒരു പൗരനുമാണ്. നാം ഏവരും ഒറ്റക്കെട്ടായി ഇതിനായി പ്രവര്‍ത്തിക്കണം.
വരും നാളുകളില്‍ ഗ്രാമീണ മേഖലകളില്‍ ഏകദേശം 1.5 ലക്ഷം സൗഖ്യകേന്ദ്രങ്ങളും ആരോഗ്യകേന്ദ്രങ്ങളും സ്ഥാപിക്കേണ്ടതുണ്ട്. ഓരോ മൂന്ന് ലോക്‌സഭാ മണ്ഡലങ്ങള്‍ക്കും ഒരു മെഡിക്കല്‍ കോളേജ് സ്ഥാപിക്കുന്നത് വഴി നമ്മുടെ യുവജനങ്ങള്‍ ഡോക്ടര്‍മാരാകുന്ന സ്വപ്നം സാക്ഷാത്കരിക്കും. രണ്ടു കോടിയിലധികം ദരിദ്രജനങ്ങള്‍ക്കായി വീടുകള്‍ നിര്‍മ്മിക്കണം. ഗ്രാമീണ മേഖലകളിലെ 15 കോടി വീടുകള്‍ക്ക് ശുദ്ധമായ കുടിവെള്ളം വിതരണം ചെയ്യേണ്ടതുണ്ട്, 1.25 ലക്ഷം കിലോമീറ്റര്‍ ഗ്രാമീണ റോഡുകള്‍ നിര്‍മ്മിക്കേണ്ടതുണ്ട്. ഓരോ ഗ്രാമത്തിലും ബ്രോഡ്ബാന്റ് കണക്റ്റിവിറ്റി ലഭ്യമാക്കുകയും ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖലയില്‍ ബന്ധിപ്പിക്കുയും വേണം. കൂടാതെ 50,000 ത്തിലേറെ പുതിയ സ്റ്റാര്‍ട്ടപ്പുകളും ആരംഭിക്കണം. ഇത്രയേറെ സ്വപ്നങ്ങളോടെ നമുക്ക് മുന്നോട്ടുപോകേണ്ടതുണ്ട്.
അതിനാല്‍ സഹോദരീ സഹോദരന്‍മാരെ,
ഈ സ്വപ്‌നങ്ങള്‍ മനസ്സില്‍വെച്ചുകൊണ്ട് നാട്ടുകാരായ നമുക്ക് ഈ രാജ്യത്തെ കൂട്ടായി മുന്നോട്ടു നയിക്കേണ്ടതുണ്ട്. സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷികം ഇതിന് വലിയ പ്രചോദനമാണ്.
130 കോടി നാട്ടുകാര്‍ക്കും തങ്ങളുടെ സ്വപ്‌നങ്ങളും തങ്ങളുടെ വെല്ലുവിളികളുമുണ്ട്. ഓരോ സ്വപ്‌നത്തിനും ഓരോ വെല്ലുവിളിക്കും അതിന്റേതായ പ്രാധാന്യമുണ്ട്. ചിലതിന് കൂടുതല്‍ പ്രാധാന്യവും ചിലതിന് കുറച്ച് പ്രാധാന്യവും എന്നൊന്നില്ല. എല്ലാ വിഷയങ്ങളും ഈ പ്രസംഗത്തില്‍ വിവരിക്കാന്‍ എനിയ്ക്ക് സാധ്യമായെന്നു വരില്ല. അതിനാല്‍ ഇന്ന് എനിക്കെന്തൊക്കെ പറയാന്‍ കഴിഞ്ഞുവോ, എന്തൊക്കെ പറയാന്‍ കഴിഞ്ഞില്ലയോ, അവയെല്ലാം ഒരുപോലെ പ്രധാനപ്പെട്ടവയാണ്. നാം മുന്നോട്ടു പോകുകയാണെങ്കില്‍ നമ്മുടെ രാജ്യത്തെ മുന്നോട്ടുകൊണ്ടുപോകണമെന്നത് നാം മനസ്സില്‍ കരുതണം.
സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷവും, ഗാന്ധിജിയുടെ 150 വര്‍ഷവും, ബാബാ സാഹബ് അംബേദ്കറിന്റെ സ്വപ്‌നങ്ങള്‍ സഫലമാക്കിയ ഇന്ത്യന്‍ ഭരണ ഘടന 70 വര്‍ഷം പൂര്‍ത്തിയാക്കി. ഗുരുനാനാക്ക് ദേവ്ജിയുടെ 550ാം പര്‍വും ഇക്കൊല്ലം നാം ആഘോഷിക്കുകയാണ്. ലോകത്തിന്റെ മൊത്തം പ്രതീക്ഷക്കനുസൃതമായി നമുക്ക് ഒരു മെച്ചപ്പെട്ട സമൂഹവും ഒരു മെച്ചപ്പെട്ട രാഷ്ട്രവും നിര്‍മ്മിക്കേണ്ടതിനാല്‍ ബാബാസാഹബ് അംബേദ്കറുടെയും ഗുരുനാനാക്ക് ദേവ്ജിയുടെയും ശിക്ഷണം പിന്തുടര്‍ന്നുകൊണ്ട് നമുക്ക് മുന്നോട്ടു പോകാം.
എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്‍മാരെ,
നമുക്കറിയാം, നമ്മുടെ ലക്ഷ്യങ്ങള്‍ ഹിമാലയത്തിന്റെ അത്ര ഉയരമുള്ളതും നമ്മുടെ സ്വപ്‌നങ്ങള്‍ എണ്ണമറ്റ നക്ഷത്രങ്ങളെക്കാള്‍ അധികവുമാണെന്ന്. നമ്മുടെ ധൈര്യത്തിന്റെ ആകാശഗമനത്തെ തടയാന്‍ ആകാശങ്ങള്‍ക്കു പോലും കഴിയില്ലെന്നും നമുക്കറിയാം.
ഇതാണ് നമ്മുടെ ദൃഢനിശ്ചയം. ഇന്ത്യന്‍ മഹാ സമുദ്രത്തെപ്പോലെ അളക്കാവുന്നതിലുമധികമാണ് നമ്മുടെ കഴിവുകള്‍. ഒഴുകുന്ന ഗംഗയെപ്പോലെ പവിത്രമാണ് നമ്മുടെ ശ്രമങ്ങള്‍. അവ നിരന്തരം തുടരുന്നു. ഇവക്കെല്ലാത്തിലുമുപരി, നമ്മുടെ പുരാതന സംസ്‌കാരത്തില്‍ നിന്നും, നമ്മുടെ മുനിമാരുടെയും സംന്യാസിമാരുടെയും തപസ്സുകളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടതാണ് നമ്മുടെ മൂല്യങ്ങള്‍. നമ്മുടെ നാട്ടുകാരുടെ ത്യാഗവും കഠിന പ്രയത്‌നവുമാണ് നമ്മുടെ പ്രചോദനം.
ഈ ആദര്‍ശങ്ങളും പ്രതിജ്ഞകളും മനസ്സില്‍വെച്ചുകൊണ്ട് ഒരു പുതിയ ഇന്ത്യ കെട്ടിപ്പടുക്കാന്‍ നമുക്ക് മുന്നോട്ടു പോകാം. ഒരു പുതിയ വിശ്വാസത്തോടെ നമ്മുടെ ചുമതലകള്‍ നിറവേറ്റാം. ഒരു പുതിയ ഇന്ത്യ കെട്ടിപ്പടുക്കുന്നതിനുള്ള പുതിയ ദൃഢനിശ്ചയമായിരിക്കണം നമ്മുടെ മന്ത്രം. ഈ ഒരൊറ്റ പ്രതീക്ഷയോടെ, നമുക്കൊരുമിച്ച് രാജ്യത്തെ മുന്നോട്ടു നയിക്കാം. രാജ്യത്തിനു വേണ്ടി ജീവിക്കുകയും പോരാടുകയും മരിക്കുകയും ചെയ്ത ഏവരെയും ഞാന്‍ ഒരിക്കല്‍ക്കൂടി വണങ്ങുന്നു.
ജയ് ഹിന്ദ്
ജയ് ഹിന്ദ്
ഭാരത് മാതാ കി ജയ്
ഭാരത് മാതാ കി ജയ്
വന്ദേ മാതരം
വന്ദേ മാതരം
വളരെ വളരെ നന്ദി.
ND/SKY/AM/BSN
(Release ID: 1582122)
Visitor Counter : 675