ധനകാര്യ മന്ത്രാലയം

ഇന്ത്യ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത് പുനരുല്‍പ്പാദന ഊര്‍ജ്ജ മേഖലയിലെ ലോകത്തിലെ ഏറ്റവും വലിയ പദ്ധതികള്‍

Posted On: 04 JUL 2019 12:20PM by PIB Thiruvananthpuram


പുനരുല്‍പ്പാദന ഊര്‍ജ്ജ മേഖലയില്‍ ലോകത്തിലെതന്നെ ഏറ്റവും വലിയ വികസന പദ്ധതികളാണ് ഇന്ത്യ നടപ്പിലാക്കുന്നതെന്ന്  കേന്ദ്ര ധനകാര്യമന്ത്രി ശ്രീമതി. നിര്‍മലാ സീതാരാമന്‍ പാര്‍ലമെന്റില്‍ സമര്‍പ്പിച്ച 2018-2019 ലെ സാമ്പത്തിക സര്‍വേ വ്യക്തമാക്കുന്നു. 
സാമൂഹിക സമത്വം, ഊര്‍ജ്ജ സുരക്ഷയോടു കൂടിയ ഊര്‍ജ്ജ പരിവര്‍ത്തനം, ശക്തമായ സാമ്പത്തിക രംഗം, കാലാവസ്ഥാ വ്യതിയാനം ചെറുക്കല്‍ എന്നിവ കൈവരിക്കുന്നതിനുള്ള ഇന്ത്യയുടെ കാഴ്ചപ്പാടിന്റെ ഭാഗമാണ് പുനരുല്‍പ്പാദന ഊര്‍ജ്ജ സ്രോതസ്സുകളെ പ്രോത്സാഹിപ്പിക്കലെന്ന് സര്‍വേ ഊന്നിപ്പറയുന്നു. 
2014- 15 ല്‍ രാജ്യത്തെ ആകെ വൈദ്യുതോല്‍പ്പാദനത്തില്‍ പുനരുല്‍പ്പാദന ഊര്‍ജ്ജ മേഖലയുടെ സംഭാവന 6 ശതമാനം ആയിരുന്നത് 2018-19 ല്‍ 10 ശതമാനമായി ഉയര്‍ന്നു. ഇന്ന് കാറ്റില്‍ നിന്നുള്ള ഊര്‍ജ്ജോല്‍പ്പാദനത്തില്‍ ലോകത്ത് നാലാം സ്ഥാനത്താണ് ഇന്ത്യ. സൗരോര്‍ജ്ജോല്‍പ്പാദനത്തില്‍ നിലവില്‍ അഞ്ചാം സ്ഥാനത്തും പുനരുല്‍പ്പാദന ഊര്‍ജ്ജമേഖലയിലെ മൊത്തം സ്ഥാപിത ശേഷിയില്‍ ലോകത്ത് അഞ്ചാം സ്ഥാനത്തുമാണ് ഇന്ത്യയെന്ന് സാമ്പത്തിക സര്‍വേ ചൂണ്ടിക്കാട്ടുന്നു. 
2014 മാര്‍ച്ച് 31 ന് പുനരുല്‍പ്പാദന ഊര്‍ജ്ജ മേഖലയിലെ ആകെ സ്ഥാപിത ശേഷി 35 ജിഗാവാട്ട് ആയിരുന്നത് ഇരട്ടിയിലേറെ വര്‍ദ്ധിച്ച്  2019 മാര്‍ച്ച് 31 ന് 78 ജിഗാവാട്ടായി. 2022 ഓടെ പുനരുല്‍പ്പാദന ഊര്‍ജ്ജത്തില്‍ 175 ജിഗാവാട്ടിന്റെ സ്ഥാപിതശേഷി കൈവരിക്കുകയാണ് ലക്ഷ്യമിടുന്നത്. 2022 വരെ (പ്രസരണ ലൈനുകള്‍ പരിഗണിക്കാതെ) പുനരുല്‍പ്പാദന ഊര്‍ജ്ജ പ്ലാന്റുകള്‍ക്കായി 80 ബില്യണ്‍ ഡോളറിന്റെ അധിക നിക്ഷേപം വേണ്ടിവരുമെന്ന് സര്‍വേ ചുണ്ടിക്കാട്ടുന്നു. 2023-2030 വരെയുള്ള കാലയളവില്‍ 250 ബില്യണ്‍ ഡോളറിന്റെ നിക്ഷേപവും ഇതിനായി ആവശ്യം വരും. അടുത്ത ഒരു ദശാബ്ദത്തേക്കും അതിനു ശേഷവും പ്രതിവര്‍ഷം 30 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം ആവശ്യമായിവരുമെന്നാണ് കണക്കാക്കുന്നത്. 
പുനരുല്‍പ്പാദന ഊര്‍ജ്ജ ശേഷി പലമടങ്ങ് വര്‍ദ്ധിച്ചിട്ടുണ്ടെങ്കിലും, ഫോസില്‍ ഇന്ധനത്തില്‍ അധിഷ്ഠിതമായ ഊര്‍ജ്ജം, പ്രധാന ഊര്‍ജ്ജ സ്രോതസ്സായി തുടരുമെന്ന് സര്‍വേ വ്യക്തമാക്കുന്നു.
AM/ND MRD – 373



(Release ID: 1577288) Visitor Counter : 93