പ്രധാനമന്ത്രിയുടെ ഓഫീസ്‌

സോള്‍ സമാധാന പുരസ്‌ക്കാരം സ്വീകരിച്ച് കൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം

Posted On: 22 FEB 2019 12:41PM by PIB Thiruvananthpuram

സോള്‍ പീസ് പ്രൈസ് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ശ്രീ.ക്വോണ്‍ ഇ ഹ്യോക്

ദേശീയ അസംബ്ലി സ്പീക്കര്‍ ശ്രീ. മൂണ്‍ ഹീ സാംഗ്

സാംസ്‌കാരിക മന്ത്രി ശ്രീ. ഡോ ജോംഗ് - ഹ്വാന്‍

ഐക്യരാഷ്ട്ര സഭ മുന്‍ സെക്രട്ടറി ജനറല്‍ ശ്രീ. ബാന്‍ കീ മൂണ്‍

സോള്‍ പീസ് പ്രൈസ് കള്‍ച്ചറല്‍ ഫൗണ്ടേഷന്റെ മറ്റ് അംഗങ്ങളെ,
വിശിഷ്ട അതിഥികളെ,
മഹതികളെ മഹാന്മാരെ,
സുഹൃത്തുക്കളെ,
നമസ്‌ക്കാര്‍ !
ഏവര്‍ക്കും ആശംസകള്‍

        സോള്‍ സമാധാന പുരസ്‌ക്കാരം ലഭിച്ചതില്‍ ഞാന്‍ അങ്ങേയറ്റം ബഹുമാനിതനാണ്. ഈ പുരസ്‌ക്കാരം എനിക്ക് വ്യക്തിപരമായുള്ള തല്ലെന്നും ഇന്ത്യയിലെ ജനങ്ങള്‍ക്കുള്ളതാണെന്നും ഞാന്‍ കരുതുന്നു. 1.3 ബില്ല്യണ്‍ ഇന്ത്യക്കാരുടെ നൈപുണ്യവും, ശക്തിയും കൊണ്ട് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഇന്ത്യ കൈവരിച്ച വിജയത്തിനുള്ളതാണ് ഈ പുരസ്‌ക്കാരം. അതിനാല്‍ അവര്‍ക്ക് വേണ്ടി ഞാന്‍ വിനീതനായി ഈ പുരസ്‌ക്കാരം സ്വീകരിച്ച് കൊണ്ട് എന്റെ കൃതജ്ഞത അറിയിച്ച്‌കൊള്ളട്ടെ.    ലോകം മുഴുവന്‍ ഒരോറ്റ കുടുംബമാണെന്ന അര്‍ത്ഥം വരുന്ന 'വസുധൈവ കുടുംബകം' എന്ന ആശയത്തിനുള്ള അംഗീകാരമാണ് ഈ പുരസ്‌ക്കാരം. മഹാഭാരത യുദ്ധത്തില്‍ ഭഗവാന്‍ കൃഷ്ണന്‍ ഭഗവദ് ഗീതയിലൂടെ യുദ്ധക്കളത്തില്‍ വച്ച് പോലും സമാധാന സന്ദേശം നല്‍കിയ സംസ്‌ക്കാരത്തിനുള്ളതാണ് ഈ പുരസ്‌ക്കാരം. താഴെപ്പറയും പ്രകാരം നമ്മെ പഠിപ്പിച്ച ഒരു നാടിനുള്ളതാണ് ഈ പുരസ്‌ക്കാരം:


'അതായത് ആകാശത്തും, ബഹിരാകാശത്തും, നമ്മുടെ ഭൂമിയിലും, പ്രകൃതിയിലും, എല്ലായിടത്തും സമാധാനം ഉണ്ടാകട്ടെ

ശാശ്വതമായ സമാധാനമുണ്ടാകട്ടെ'

വ്യക്തിപരമായ ആഗ്രഹങ്ങള്‍ക്ക് ഉപരിയായി എന്നും സമൂഹ നന്മയെ പ്രതിഷ്ഠിച്ച ജനങ്ങള്‍ക്കുള്ളതാണ് ഈ പുരസ്‌ക്കാരം. മഹാത്മാഗാന്ധിയുടെ 150-ാം ജന്മ വാര്‍ഷികം ആഘോഷിക്കുന്ന വര്‍ഷത്തില്‍ തന്നെ ഈ പുരസ്‌ക്കാരം എനിക്ക് ലഭിച്ചതില്‍ ഞാന്‍ ബഹുമാനിതനാണ്. അവാര്‍ഡ് തുകയായ രണ്ട് കോടി ഡോളര്‍ അതായത് നിന്ന് ഒരു കോടി മുപ്പത് ലക്ഷം രൂപ നമാമി ഗംഗാ നിധിയിലേയ്ക്ക് സംഭാവന ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇന്ത്യയിലെ എല്ലാ ജനങ്ങളുടെയും പുണ്യ നദി മാത്രമല്ല, എന്റെ ദശലക്ഷക്കണക്കിന് നാട്ടുകാരുടെ സാമ്പത്തിക ജീവ നാഡികൂടിയായ നദിയെ ശുചിയാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടാണിത്.

സുഹൃത്തുക്കളെ,
        1988 ല്‍ സോളില്‍ നടന്ന 24-ാമത് സമ്മര്‍ ഒളിംപിക്‌സിന്റെ വിജയം സൂചിപ്പിക്കാനാണ് സോള്‍ സമാധാന പുരസ്‌ക്കാരം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇന്ത്യ ആ കായികമേളയെ നന്നായി ഓര്‍ക്കുന്നു. കാരണം മഹാത്മാഗാന്ധിയുടെ ജന്മദിനത്തിലാണ് അത് സമാപിച്ചത്. കൊറിയന്‍ സംസ്‌ക്കാരത്തിന്റെ ഏറ്റവും നല്ല വശങ്ങളും കൊറിയന്‍ ആതിഥേയത്വത്തിന്റെ ഊഷ്മളതയും, കൊറിയന്‍ സമ്പദ്ഘടനയുടെ വിജയവും ആ കായികമേള എടുത്ത്കാട്ടി. മാത്രമല്ല ആഗോള വേദിയില്‍ അത് ഒരു പുതിയ കായിക ശക്തിയുടെ വരവിനെ കുറിച്ചുവെന്നും മറക്കരുത്. ലോക ചരിത്രത്തില്‍ ആ കായികമേള ഒരു സുപ്രധാന നാഴികക്കല്ലായി. ലോകത്ത് ഒട്ടേറെ മാറ്റങ്ങള്‍ നടന്ന് കൊണ്ടിരിക്കുന്ന വേളയിലാണ് 1988 ലെ ഒളിംപിക്‌സ് നടന്നത്. ഇറാന്‍, ഇറാക്ക് യുദ്ധം സമാപിച്ചതെ ഉണ്ടായിരുന്നുള്ളൂ. അഫ്ഗാനിസ്ഥാന്റെ സ്ഥിതിഗതികളുമായി ബന്ധപ്പെട്ട ജനീവ കരാര്‍ ഒപ്പിട്ടതും ആ വര്‍ഷമാണ്. ശീത സമരം അവസാനിക്കുകയും പുതിയ സുവര്‍ണ്ണ യുഗം ഉടന്‍ പുലരുമെന്ന വമ്പിച്ച പ്രതീക്ഷയും ഉണ്ടായിരുന്നു. കുറച്ച് നാള്‍ അത് നീണ്ട് നിന്നു. 1988 ലെതിനെക്കാള്‍ പലകാര്യങ്ങളിലും ലോകമിന്ന് മെച്ചപ്പെട്ടതാണ്. ആഗോള തലത്തില്‍ ദാരിദ്ര്യം കുത്തനെ കുറഞ്ഞു. ആരോഗ്യ പരിചരണം, വിദ്യാഭ്യാസം എന്നിവയുടെ ഗുണഫലങ്ങള്‍ മെച്ചപ്പെട്ട് വരുന്നു. എന്നിരിക്കിലും നിരവധി ഭയപ്പെടുത്തുന്ന ആഗോള വെല്ലുവിളികള്‍ നിലനില്‍ക്കുന്നു. ചിലവ പഴയതും, ചിലവ പുതിയതും. സോള്‍ ഒളിംപിക്‌സിന് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ച് ജനങ്ങള്‍ക്കുള്ള മുന്നറിയിപ്പ് വന്നിരുന്നു. ഇന്ന് മനുഷ്യരാശിയുടെ ഏറ്റവും വലിയ ഭീഷണിയായി അത് അംഗീകരിക്കപ്പെട്ടിരിക്കുന്നു. സോള്‍ ഒളിംപിക്‌സിന് ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് അല്‍ ഖൈ്വദ എന്ന സംഘടന രൂപീകരിക്കപ്പെട്ടത്. ഇന്ന് തീവ്രവാദവും, ഭീകരവാദവും ആഗോള വല്‍ക്കരിക്കപ്പെടുകയും രാജ്യാന്തര സമാധാനത്തിനും, സുരക്ഷിതത്വത്തിനും ഏറ്റവും വലിയ ഭീഷണിയായി മാറുകയും ചെയ്തുകൊണ്ടിരിക്കുന്നു. ഒപ്പം ലോകത്തെങ്ങും ദശലക്ഷക്കണക്കിന് ജനങ്ങള്‍ ഇപ്പോഴും ആവശ്യത്തിന് ഗുണനിലവാരമുള്ള ഭക്ഷണം, പാര്‍പ്പിടം, ആരോഗ്യ പരിചരണം, ശുചിത്വം, ഊര്‍ജ്ജം എല്ലാറ്റിനും ഉപരി അന്തസ്സുള്ള ജീവിതം എന്നിവ ഇല്ലാതെ കഴിയുന്നു വ്യക്തമായും ഒട്ടേറെ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. നാം അനുഭവിക്കുന്ന കഷ്ടതകള്‍ക്കുള്ള പരിഹാരം കഠിന പരിശ്രമം തന്നെയാണ്. ഇന്ത്യ അതിന്റെ പങ്ക് വഹിക്കുന്നു. ലോക മാനവികതയുടെ ആറിലൊന്ന് വരുന്ന ഇന്ത്യയിലെ ജനങ്ങളുടെ ക്ഷേമം മെച്ചപ്പെടുത്തുന്നതിനായി ഞങ്ങള്‍ ശ്രമിച്ച് വരുന്നു. ഉറച്ച അടിത്തറയുള്ള ഇന്ത്യന്‍ സമ്പദ് ഘടന ഇന്ന് ലോകത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്ഘടനയാണ്. ഞങ്ങള്‍ കൊണ്ട് വന്ന സുപ്രധാന സാമ്പത്തികമാറ്റങ്ങളാണ് ഇത് സാധ്യമാക്കിയത്. 'മേക്ക് ഇന്‍ ഇന്ത്യ, സ്‌കില്‍ ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ, ക്ലീന്‍ ഇന്ത്യ' എന്നിങ്ങനെയുള്ള സുപ്രധാന സംരംഭങ്ങള്‍ പ്രകടമായ സാമൂഹിക, സാമ്പത്തിക വളര്‍ച്ചയ്ക്ക് സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ഇന്ത്യയിലെ എല്ലാ പൗരന്മാരെയും പോഷിപ്പിക്കാനും രാജ്യത്തുടനീളം വികസനം വ്യാപിപ്പിക്കാനും സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍, വായ്പാലഭ്യത, ഡിജിറ്റല്‍ ഇടപാടുകള്‍, സമ്പൂര്‍ണ്ണ കണക്ടിവിറ്റി എന്നിവയിലാണ് ഞങ്ങള്‍ ഊന്നല്‍ നല്‍കുന്നത്. ശുചിത്വ ഭാരത ദൗത്യം ഇന്ത്യയെ ശുചിയാക്കുകയാണ്. 2014 ല്‍ ശൗചാലയങ്ങളുടെ ഉപയോഗം 38 ശതമാനമായിരുന്നത് ഇന്ന് 98 ശതമാനമായി ! ; സംശുദ്ധമായ പാചകവാതകത്തിന്റെ ഉപയോഗത്തിലൂടെ ഉജ്ജ്വല യോജന ഗ്രാമീണ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നു. ആയുഷ്മാന്‍ ഭാരത് ; 500 ദശലക്ഷം പാവപ്പെട്ടവര്‍ക്ക് ആരോഗ്യ ഇന്‍ഷ്വറന്‍സും പ്രദാനം ചെയ്യുന്നു. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യത്തിലേയ്ക്കുള്ള ഇന്ത്യയുടെ പ്രയാണത്തിനും, സമഗ്ര വികസനത്തിനും ഇത്തരം നിരവധി സംരംഭങ്ങളിലൂടെ ഞങ്ങള്‍ സംഭാവന ചെയ്തിട്ടുണ്ട്. നാം കൈക്കൊള്ളുന്ന ഓരോ നടപടിയും ഏറ്റവും ദരിദ്രനും, ദുര്‍ബലനുമായ വ്യക്തിക്ക് എന്തെങ്കിലും തരത്തില്‍ പ്രയോജനം ലഭിക്കുമോയെന്ന് സ്വയം ചോദിക്കണമെന്ന മഹാത്മാഗാന്ധിയുടെ അനുശാസനമാണ് എല്ലാ ശ്രമങ്ങളിലും ഞങ്ങളെ നയിക്കുന്നത്.

സുഹൃത്തുക്കളേ,
        ഇന്ത്യയുടെ വളര്‍ച്ചയുടെ കഥ ഇന്ത്യയിലെ ജനങ്ങള്‍ക്കു മാത്രമല്ല ഗുണകരമായിട്ടുള്ളത്, ലോകത്തിനു മുഴുവനുമാണ്. വളരെയധികം പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന ലോകത്താണ് നാം ജീവിക്കുന്നത്. ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയെന്ന നിലയില്‍ നമ്മുടെ വളര്‍ച്ചയും പുരോഗതിയും ആഗോള വളര്‍ച്ചയ്ക്കും വികസനത്തിനും നിശ്ചയമായും സംഭാവന നല്‍കും. സമാധാനപൂര്‍ണ്ണവും, സുസ്ഥിരവും സാമ്പത്തികമായി പരസ്പരം ബനധിക്കപ്പെട്ടിരിക്കുന്നതുമായ ഒരു ലോകം സൃഷ്ടിക്കാന്‍ നാം പ്രതിജ്ഞാബദ്ധമാണ്. ആഗോള സമൂഹത്തിലെ ഉത്തരവാദിത്തമുള്ള ഒരു അംഗമെന്ന നിലയില്‍ ഇന്ത്യ കാലാവസ്ഥാ വ്യതിയാനത്തിനെതിരായ യോജിച്ച പോരാട്ടത്തിന്റെ മുന്‍നിരയിലുണ്ട്. ചരിത്രപരമായി കുറഞ്ഞ കാര്‍ബണ്‍ പാദമുദ്രയാണുള്ളതെങ്കിലും കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പോരാട്ടത്തില്‍ ഇന്ത്യ സജീവ പങ്കാളിത്തം വഹിക്കുന്നുണ്ട്.  കാര്‍ബണ്‍ ബഹിര്‍ഗമനം കുറക്കുന്നതിനായി കര്‍മ്മപദ്ധതി തയാറാക്കുക, വനവിസ്തൃതി വര്‍ദ്ധിപ്പിക്കുക, പരമ്പരാഗത കാര്‍ബണ്‍ ഇന്ധനങ്ങള്‍ക്കു പകരം പുനരുല്‍പ്പാദന ഊര്‍ജ്ജ ലഭ്യത ഉറപ്പാക്കുക എന്നിവ വഴിയാണ് ആഭ്യന്തര തലത്തില്‍ ഇത് നടപ്പിലാക്കുന്നത്. അന്താരാഷ്ട്രതലത്തിലാകട്ടെ, സമാനമനസ്‌കരായ രാജ്യങ്ങളുമായിച്ചേര്‍ന്ന് അന്താരാഷ്ട്ര സൗര സഖ്യത്തിന് നാം തുടക്കമിട്ടിട്ടുണ്ട്. ഫോസില്‍ ഇന്ധനങ്ങള്‍ക്കു ബദലായി ശുദ്ധവും അനന്തവുമായ സൗരോര്‍ജ്ജം പരിപോഷിപ്പിക്കാന്‍ ഇത് ലക്ഷ്യമിടുന്നു. ഐക്യരാഷ്ട്രസഭയുടെ സമാധാനപാലന ദൗത്യങ്ങള്‍ക്ക് ഏറ്റവുമധികം സേനയെ നല്‍കുന്ന രാഷ്ട്രങ്ങളിലൊന്നാണ് ഞങ്ങള്‍. കൊറിയന്‍ ഉപദ്വീപില്‍ സമാധാനത്തിനായി സംഭാവനകളര്‍പ്പിക്കാന്‍ സാധിച്ചതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്. ആവശ്യമുള്ള രാജ്യങ്ങള്‍ക്ക് ഞങ്ങള്‍ സഹായ ഹസ്തം നീട്ടുകയും മാനുഷിക പ്രവര്‍ത്തനങ്ങളിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കുകയും ചെയ്തു. സംഘര്‍ഷബാധിത മേഖലകളില്‍ ഓപറേഷനുകള്‍ നടത്തുകയും ഇന്ത്യക്കാരെ മാത്രമല്ല, മറ്റു രാജ്യങ്ങളിലെ പൗരന്‍മാരെയും രക്ഷപ്പെടുത്തുകയും ചെയ്തു. മറ്റു രാജ്യങ്ങളുടെ ഭൗതികവും സാമൂഹികപരവുമായ അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് ഞങ്ങളുടെ മാര്‍ഗതത്വങ്ങള്‍ക്കനുസരിച്ച് സഹായിക്കാന്‍, വികസന രാഷ്ട്രങ്ങള്‍ക്ക് സജീവവും പരിഗണനനല്‍കുന്നതുമായ വികസന പങ്കാളികളായിരുന്നു ഞങ്ങള്‍. ഈ പരിശ്രമങ്ങള്‍ വഴി ആഗോളവത്കൃതവും പരസ്പരം ബന്ധപ്പെട്ടതുമായ ഒരു ലോകം എല്ലാവര്‍ക്കും ഒരുപോലെ അനുഭവവേദ്യമാകുന്നു എന്നുറപ്പുവരുത്താന്‍ ഞങ്ങള്‍ പരിശ്രമിക്കുന്നു. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി, എന്റെ ഗവണ്‍മെന്റ് ഭൂഖണ്ഡങ്ങള്‍ക്കപ്പുറത്തേക്ക് ആശയവിനിമയങ്ങള്‍ പുതുക്കുകയും പുതിയ പങ്കാളിത്തങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. കിഴക്കന്‍ ഏഷ്യയുടെ കാര്യത്തില്‍, ആക്റ്റ് ഈസ്റ്റ് നയത്തിനു കീഴില്‍ ദക്ഷിണ കൊറിയ അടക്കമുള്ള മേഖലയിലെ രാജ്യങ്ങളുമായുള്ള നമ്മുടെ ഇടപാടുകള്‍ നാം പുനര്‍നിര്‍വചിച്ചു. പ്രസിഡന്റ് മൂണിന്റെ പുതിയ ദക്ഷിണ നയത്തില്‍ ഞങ്ങളുടെ സമീപനം പ്രതിധ്വനിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്.

സുഹൃത്തുക്കളേ,
        ഇന്ത്യ നൂറ്റാണ്ടുകളായി സമാധാനത്തിന്റെ നാടാണ്. ആയിരക്കണക്കിന് വര്‍ഷങ്ങളിലായി ഇന്ത്യയിലെ ജനങ്ങള്‍ സമാധാനവും സൗഹാര്‍ദ്ദപൂര്‍ണ്ണമായ ഒരുമിച്ചു ജീവിക്കല്‍ എന്ന ആശയം പുലര്‍ത്തി വരുന്നു. ആയിരക്കണക്കിന് ഭാഷകള്‍, ഭാഷാഭേധങ്ങള്‍, നിരവധി സംസ്ഥാനങ്ങള്‍, പ്രധാനപ്പെട്ട മതങ്ങള്‍- ലോകത്ത് ഏറ്റവും വൈവിധ്യമുള്ള രാജ്യങ്ങളിലൊന്നാണെന്നതില്‍ ഇന്ത്യക്ക് അഭിമാനമുണ്ട്. എല്ലാ മത, വിശ്വാസ, സമുദായങ്ങളിലും പെട്ട എല്ലാവര്‍ക്കും പുരോഗതി കൈവരിക്കാനാവുന്ന നാടാണ് ഞങ്ങളുടേതെന്നതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്. സഹനത്തില്‍ മാത്രം അധിഷ്ഠിതമായ ഒരു സമൂഹം മാത്രമല്ല, വ്യത്യസ്തതകളും വിവിധ സംസ്‌കാരങ്ങളും ആഘോഷിക്കുകയും ചെയ്യുന്ന സമൂഹമാണെന്നതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്.

സുഹൃത്തുക്കളേ,

        കൊറിയയെപ്പോലെ, അതിര്‍ത്തി കടന്നുള്ള സംഘര്‍ഷങ്ങളുടെ വേദന ഇന്ത്യയും അനുഭവിച്ചു. സമാധാനപരമായ വികസനം എന്ന ഞങ്ങളുടെ പ്രയത്‌നങ്ങള്‍ പലപ്പോഴും അതിര്‍ത്തികടന്നുള്ള ഭീകരതയില്‍ തകിടം മറിക്കപ്പെട്ടു. കഴിഞ്ഞ 40 വര്‍ഷമായി ഇന്ത്യ അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിന്റെ ഇരയായിരുന്നു. ഇന്ന് എല്ലാ രാഷ്ട്രങ്ങളും അതിര്‍ത്തികളെ മാനിക്കാത്ത ഈ ഭവിഷ്യത്ത് അഭിമുഖീകരിക്കുന്നു. ഭീകരരുടെ ശ്രൃംഖല, അവര്‍ക്ക് ധനസഹായം ലഭ്യമാകുന്നത്, വിതരണ മാര്‍ഗ്ഗങ്ങള്‍, എന്നിവ പൂര്‍ണ്ണമായും തുടച്ചു നീക്കുന്നതിനും ഭീകരതക്കെതിരായ ആശയങ്ങളും പ്രചാരണങ്ങളും ഉയര്‍ത്തുന്നതിനും മാനവികതയില്‍ വിശ്വസിക്കുന്ന എല്ലാവരും കൈകോര്‍ക്കേണ്ട സമയമായിരിക്കുന്നു. അങ്ങനെ ചെയ്യുന്നതുവഴി മാത്രമേ നമുക്ക് വെറുപ്പിന് പകരം സൗഹാര്‍ദ്ദവും തകര്‍ക്കലിന് പകരം വികസനവും കൊണ്ടുവരാനാകൂ. അതിക്രമത്തിന്റെയും കുടിപ്പകയുടെയും ദൃശ്യം സമാധാനത്തിന്റെ പോസ്റ്റ് കാര്‍ഡ് ആയി പരിവര്‍ത്തിപ്പിക്കാന്‍ സാധിക്കൂ.

സുഹൃത്തുക്കളേ,
        കൊറിയന്‍ ഉപഭൂഖണ്ഡത്തില്‍ സമാധാനം സ്ഥാപിക്കുന്നതില്‍ കഴിഞ്ഞ ഒരു വര്‍ഷമുണ്ടായ പുരോഗതി ഹൃദയവര്‍ജ്ജകമാണ്. ഉത്തരകൊറിയയും അന്താരാഷ്ട്ര സമൂഹവും തമ്മിലുള്ള പരസ്പര അവിശ്വാസവും സംശയവും മറികടന്ന് അവരെ ചര്‍ച്ചാ മേശയിലേക്ക് എത്തിച്ചതിന് പ്രസിഡന്റ് മൂണ്‍ എല്ലാ പ്രശംസയുമര്‍ഹിക്കുന്നു.  ഇതത്ര ചെറിയ നേട്ടമല്ല. ഇരു കൊറിയകള്‍ക്കും, അമേരിക്കയും ഉത്തരകൊറിയക്കും ഇടയിലുള്ള സമാധാന പ്രക്രിയകള്‍ക്ക് എന്റെ ഗവണ്‍മെന്റിന്റെ ശക്തമായ പിന്തുണ ഒരിക്കല്‍ കൂടി ഞാന്‍ വ്യക്തമാക്കുന്നു.

പ്രശസ്തമായ കൊറിയന്‍ ചൊല്ലില്‍ പറയുന്നതു പോലെ;
ശിച്ചാഗി ഭാനിദ,
നല്ല തുടക്കമെന്നാല്‍ യുദ്ധത്തിന്റെ പകുതിയായി.

കൊറിയയിലെ ജനങ്ങളുടെ തുടര്‍ച്ചയായ പരിശ്രമങ്ങള്‍ വഴി കൊറിയന്‍ ഉപഭൂഖണ്ഡത്തില്‍ ഉടന്‍തന്നെ സമാധാനം പുലരുമെന്ന് എനിക്ക് തികഞ്ഞ ആത്മവിശ്വാസമുണ്ട്.  സുഹൃത്തുക്കളേ, 1988 ലെ ഒളിമ്പിക്‌സ് തീം സോംഗിലെ ഒരു ഭാഗം ഉദ്ധരിച്ചുകൊണ്ട് ഞാന്‍ ഉപസംഹരിക്കുകയാണ്, കാരണം അത് നല്ലൊരു ഭാവിക്കായുള്ള പ്രതീക്ഷയുടെ ചൈതന്യം കൃത്യമായി പ്രതിഫലിപ്പിക്കുന്നു; കൈകോര്‍ത്തു പിടിച്ച്, ഈ ഭൂമിയിലാകെ നാം നില്‍ക്കുന്നു, ഈ ലോകം, ജീവിക്കാന്‍ കൂടുതല്‍ മികച്ച ഒരു സ്ഥലമായി നമുക്ക് മാറ്റാം.

ഗംസാ ഹംനിദാ
നന്ദി
നിങ്ങള്‍ക്ക് വളരെയധികം നന്ദി

ND / AM  MRD - 139
***

 



(Release ID: 1566203) Visitor Counter : 99