മന്ത്രിസഭ
ദേശീയ ഇലക്ട്രോണിക്സ് നയം 2019 സംബന്ധിച്ച നിര്‍ദേശങ്ങള്‍ക്കു കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നല്‍കി
Posted On:
19 FEB 2019 8:49PM by PIB Thiruvananthpuram
ഇലക്ട്രോണിക്സ്, വിവര സാങ്കേതിക വിദ്യാ മന്ത്രാലയം (എം.ഇ.ഐ.ടി.വൈ) മുന്നോട്ടുവെച്ച ദേശീയ ഇലക്ട്രോണിക് നയം 2019(എന്‍.പി.ഇ. 2019)ന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. ചിപ്സെറ്റുകള്‍ ഉള്‍പ്പെടെയുള്ള പ്രധാന ഘടകങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള ശേഷി വര്‍ധിപ്പിക്കുക വഴിയും ഈ വ്യവസായ രംഗത്തുള്ള ആഗോളമല്‍സരത്തില്‍ പങ്കാളിയാകാന്‍ സജ്ജമാവുകയും വഴി ഇലക്ട്രോണിക് സംവിധാന രൂപകല്‍പന, ഉല്‍പാദന(ഇ.എസ്.ഡി.എം.) രംഗത്തെ ആഗോള കേന്ദ്രമായി ഇന്ത്യയെ മാറ്റിയെടുക്കാനുള്ളതാണു നയം.
എന്‍.പി.ഇ. 2019ന്റെ സവിശേഷതകള്‍:
1. ആഗോള തലത്തില്‍ മല്‍സരിക്കാന്‍ സാധിക്കുംവിധം ഇ.എസ്.ഡി.എം. മേഖലയെ പരിപോഷിപ്പിക്കുക: ഇ.എസ്.ഡി.എമ്മിന്റെ എല്ലാ ഘട്ടങ്ങളിലും ആഭ്യന്തര ഉല്‍പാദനവും കയറ്റുമതിയും പ്രോല്‍സാഹിപ്പിക്കുക.
2. പ്രധാനപ്പെട്ട ഇലക്ട്രോണിക് ഘടകങ്ങള്‍ ഉല്‍പാദിപ്പിക്കുന്നതിനു പ്രചോദനവും പിന്‍തുണയും നല്‍കുക.
3. സെമി കണ്ടക്ടര്‍ ഫെസിലിറ്റീസ് ഡിസ്പ്ലേ ഫാബ്രിക്കേഷന്‍ പോലുള്ള, ഹൈടെക് ആയതും കൂടുതല്‍ നിക്ഷേപം ആവശ്യമുള്ളതുമായ വന്‍കിട പദ്ധതികള്‍ക്കു പ്രത്യേക പാക്കേജും പ്രോല്‍സാഹനവും നല്‍കുക.
4. പുതിയ യൂണിറ്റുകള്‍ ആരംഭിക്കുന്നതിനു പ്രോല്‍സാഹനം നല്‍കുന്നതിനും നിലവിലുള്ള യൂണിറ്റുകള്‍ വികസിപ്പിക്കുന്നതിനും അനുയോജ്യമായ പദ്ധതികള്‍ തയ്യാറാക്കുകയും പ്രോല്‍സാഹനമേകുകയും ചെയ്യുക.
5. 5ജി, ഐഒടി/സെന്‍സറുകള്‍, നിര്‍മിത ബുദ്ധി (എ.ഐ.), മെഷീന്‍ ലേണിങ്, വിര്‍ച്വല്‍ റിയാലിറ്റി (വി.ആര്‍.), ഡ്രോണുകള്‍, റൊബോട്ടിക്സ്, അഡിറ്റീവ് മാനുഫാക്ചറിങ്, ഫോട്ടോണിക്സ്, നാനോ ബേസ്ഡ് ഡിവൈസസ് തുടങ്ങിയ വികസിച്ചുവരുന്ന സാങ്കേതികവിദ്യാ രംഗങ്ങളിലെ സ്റ്റാര്‍ട്ടപ്പുകളും അടിസ്ഥാനതല കണ്ടുപിടിത്തങ്ങളും ഉള്‍പ്പെടെ ഇലക്ട്രോണിക്സിന്റെ എല്ലാ ഉപമേഖലകളിലും വ്യവസായത്തിന്റെ നേതൃത്വത്തിലുള്ള ഗവേഷണവും വികസനവും പ്രോല്‍സാഹിപ്പിക്കുക.
6. നൈപുണ്യം പുതുക്കുന്നത് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളിലൂടെ നൈപുണ്യമാര്‍ന്ന മനുഷ്യശക്തി ശ്രദ്ധേയമാംവിധം വര്‍ധിപ്പിക്കുന്നതിനായി പ്രോല്‍സാഹനവും പിന്‍തുണയും നല്‍കുക.
7. ഫാബ്ലെസ് ചിപ് രൂപകല്‍പനാ വ്യവസായം, വൈദ്യരംഗത്തെ ഇലക്ട്രോണിക് ഉല്‍പന്ന വ്യവസായം, ഓട്ടോമോട്ടീവ് ഇലക്ട്രോണിക്സ് വ്യവസായം, മൊബിലിറ്റിക്കായുള്ള പവര്‍ ഇലക്ട്രോണിക്സ്, തന്ത്രപ്രധാനമായ ഇലക്ട്രോണിക് വ്യവസായം എന്നിവയ്ക്കു പ്രത്യേക ഊന്നല്‍.
8. ഇ.എസ്.ഡി.എം. മേഖലയില്‍ ഐ.പികള്‍ വികസിപ്പിക്കുന്നതിനും സ്വന്തമാക്കുന്നതിനും പ്രോല്‍സാഹനം നല്‍കുന്നതിനായി സോവറീന്‍ പേറ്റന്റ് ഫണ്ടി(എസ്.പി.എഫ്.)നു രൂപം നല്‍കുക.
9. ദേശീയ സൈബര്‍ സുരക്ഷാ രൂപരേഖ മെച്ചപ്പെടുത്തുന്നതിനായി വിശ്വസനീയമായ ഇലക്ട്രോണിക്സ് മൂല്യവര്‍ധന ശൃംഖലാ മുന്നേറ്റങ്ങള്‍ പ്രോല്‍സാഹിപ്പിക്കുക.
പശ്ചാത്തലം:
ദേശീയ ഇലക്ട്രോണിക്സ് നയം 2012(എന്‍.പി.ഇ. 2012) പ്രകാരമുള്ള നയങ്ങള്‍ നടപ്പാക്കുക വഴി മല്‍സരാധിഷ്ഠിതമായ ഇന്ത്യന്‍ ഇ.എസ്.ഡി.എം. മൂല്യശൃംഖലയ്ക്കുള്ള അടിത്തറ വിജയകരമായി സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. രാജ്യത്തെ ഇ.എസ്.ഡി.എം. വ്യവസായത്തിന്റെ വളര്‍ച്ചയെ പ്രോല്‍സാഹിപ്പിക്കുന്നതിനുള്ള ആ അടിത്തറ വിപുലപ്പെടുത്താനുള്ള നിര്‍ദേശങ്ങളാണ് എന്‍.പി.ഇ.2019ല്‍ ഉള്ളത്. ദേശീയ ഇലക്ട്രോണിക്സ് നയം 2012(എന്‍.പി.ഇ. 2012)നു പകരം ദേശീയ ഇലക്ട്രോണിക്സ് നയം 2019(എന്‍.പി.ഇ. 2019) നിലവില്‍ വരും.
നടപ്പാക്കാനുള്ള തന്ത്രങ്ങളും ലക്ഷ്യങ്ങളും
നടപ്പാക്കാനുള്ള തന്ത്രങ്ങള്‍: തയ്യാറാക്കപ്പെട്ട പദ്ധതി പ്രകാരം രാജ്യത്തെ ഇ.എസ്.ഡി.എം. മേഖല വികസിപ്പിക്കുന്നതിനായി ഒട്ടേറെ പദ്ധതികള്‍ക്കു രൂപം നല്‍കുന്നതിനു നയം സഹായകമാകും.
ലക്ഷ്യങ്ങള്‍: 2025 ആകുമ്പോഴേക്കും ഏതാണ്ട് 26,00,000 കോടി രൂപയുടെ വിറ്റുവരവു നേടാവുന്ന നിലയിലേക്ക് ആഭ്യന്തര ഉല്‍പാദനവും കയറ്റുമതിയും ഉള്‍പ്പെടുന്ന ഇ.എസ്.ഡി.എം. മൂല്യശൃംഖലയെ വളര്‍ത്തിയെടുക്കുക. 2025 ആകുമ്പോഴേക്കും 13,00,000 കോടി രൂപയോളം മൂല്യം വരുന്ന 200 കോടി മൊബൈല്‍ ഹാന്‍ഡ്സെറ്റുകളും കയറ്റുമതി ചെയ്യുന്നതിനായി 7,00,000 കോടി രൂപ മൂല്യം വരുന്ന 60 കോടി മൊബൈല്‍ ഹാന്‍ഡ്സെറ്റുകളും നിര്‍മിക്കുക എന്നതും ഉള്‍പ്പെടുന്നു.
പ്രധാന ഫലം:
വിവിധ മന്ത്രാലയങ്ങളും വകുപ്പുകളുമായി ബന്ധപ്പെട്ട് രാജ്യത്തെ ഇ.എസ്.ഡി.എം. മേഖലയുടെ വികസനത്തിനായി പല പദ്ധതികളും രൂപപ്പെടുന്നതിന് എന്‍.പി.ഇ. 2019 സഹായകമാകും. ഇത് സാങ്കേതിക വിദ്യയും നിക്ഷേപവും ഒഴുകിയെത്താന്‍ ഇടയാക്കും. ഇതു രാജ്യത്ത് ഉല്‍പാദിപ്പിക്കപ്പെടുന്ന ഇലക്ട്രോണിക് ഉല്‍പന്നങ്ങളുടെ മേന്മ വര്‍ധിപ്പിക്കുന്നതിനും സഹായകമാകും. രാജ്യത്തെ ഇലക്ട്രോണിക്സ് ഹാര്‍ഡ്വേര്‍ ഉല്‍പാദനവും കയറ്റുമതിയും വര്‍ധിക്കുമെന്ന ഗുണവുമുണ്ട്. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യും.
AKA
(Release ID: 1565764)
Visitor Counter : 283