പ്രധാനമന്ത്രിയുടെ ഓഫീസ്‌

ദൈനിക് ജാഗരണിന്റെ 75-ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ചുള്ള ജാഗരണ്‍ ഫോറത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

Posted On: 07 DEC 2018 1:59PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് ദൈനിക് ജാഗരണ്‍ ദിന പത്രത്തിന്റെ 75-ാം വാര്‍ഷിക ആഘോഷങ്ങളോടനുബന്ധിച്ച് ന്യൂഡല്‍ഹിയില്‍ ജാഗരണ്‍ ഫോറത്തെ അഭിസംബോധന ചെയ്തു. താജ് പാലസ് ഹോട്ടലില്‍ മഹനീയ സദസിനെ അഭിസംബോധന ചെയ്യവെ എല്ലാ ദിവസവും പത്ര വിതരണം നടത്തുന്നവരെ കുറിച്ച് എടുത്ത് പറഞ്ഞു. ഇത്രയധികം വീടുകളില്‍ ദിവസേന പത്രങ്ങള്‍ എത്തിക്കുന്നതില്‍ അവര്‍ സഹായിച്ചുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

രാഷ്ട്രത്തിന്റെ പുനര്‍ നിര്‍മ്മാണത്തിലും, അവബോധം വളര്‍ത്തുന്നതിലും ദൈനിക് ജാഗരണ്‍ മുഖ്യപങ്ക് വഹിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. തന്റെ സ്വന്തം അനുഭവത്തില്‍ രാജ്യത്തിലും, സമൂഹത്തിലും മാറ്റങ്ങള്‍ കൊണ്ടുവരാനുള്ള പ്രസ്ഥാനത്തെ ദൈനിക് ജാഗരണ്‍ ശക്തിപ്പെടുത്തിയതായി അദ്ദേഹം പറഞ്ഞു. 'പെണ്‍കുട്ടികളെ രക്ഷിക്കൂ, പെണ്‍കുട്ടികളെ പഠിപ്പിക്കൂ', 'ശുചിത്വ ഭാരത യജ്ഞം' തുടങ്ങിയ ഉദ്യമങ്ങളെ കുറിച്ച് അദ്ദേഹം പരാമര്‍ശിച്ചു. ഡിജിറ്റല്‍ വിപ്ലവത്തോടെ രാജ്യത്തെ ശക്തിപ്പെടുത്തുന്നതില്‍ മാധ്യമങ്ങള്‍ക്ക്  സുപ്രധാന പങ്കുണ്ടെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.

'ഏറ്റവും കുറഞ്ഞ ഗവണ്‍മെന്റ്, പരമാവധി ഭരണ നിര്‍വ്വഹണം' 'എല്ലാവര്‍ക്കുമൊപ്പം, എല്ലാവരുടെയും വികാസം' എന്നിവയാണ് നവ ഇന്ത്യയുടെ അടിസ്ഥാനമെന്ന് പ്രധാനമന്ത്രി പറഞ്ഞു. വികസന പ്രക്രിയയില്‍ തങ്ങളും പങ്കാളികളാണെന്ന് ഇന്ന് യുവജനങ്ങള്‍ക്ക് തോന്നുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
സ്വാതന്ത്ര്യം ലഭിച്ച് നിരവധി പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും നമ്മുടെ രാഷ്ട്രം എന്തുകൊണ്ടാണ് പിന്നാക്കം നില്‍ക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. നമ്മുടെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ എന്തുകൊണ്ടാണ് പരിഹരിക്കപ്പെടാത്തതെന്നും അദ്ദേഹം ആരാഞ്ഞു. കഴിഞ്ഞ 70 വര്‍ഷത്തിനുള്ളില്‍ വൈദ്യുതി എത്താത്ത സ്ഥലങ്ങളില്‍ ഇന്നിപ്പോള്‍ വൈദ്യുതി എത്തുകയാണ്, റെയില്‍ ബന്ധം ഇല്ലാതിരുന്ന സംസ്ഥാനങ്ങള്‍ റെയില്‍വേ ഭൂപടത്തില്‍ ഇടം കണ്ടെത്തുകയാണ്.

താരതമ്യങ്ങളുടെ ഒരു പരമ്പര തന്നെ പ്രധാനമന്ത്രി നിരത്തി. സ്വാതന്ത്ര്യം ലഭിച്ച് 2014 വരെയുള്ള 67 വര്‍ഷ കാലയളവും, തന്റെ സ്വന്തം ഭരണ കാലയളവായ നാല് വര്‍ഷവും (2014-2018) തമ്മില്‍ അദ്ദേഹം താരതമ്യം ചെയ്തു.

അദ്ദേഹം പറഞ്ഞു, ഈ കാലയളവില്‍ ഗ്രാമീണ ഭവനങ്ങളിലെ ശൗചാലയങ്ങള്‍ 38 % ല്‍ നിന്നും 95 % ല്‍ എത്തി.
ഗ്രാമീണ റോഡ് കണക്ടിവിറ്റി 55% ല്‍ നിന്നും 90% ല്‍ എത്തി.
പാചകവാതക കണക്ഷനുകള്‍ മൊത്തം കുടുംബങ്ങളുടെ 55% ല്‍ നിന്നും 90% ല്‍ എത്തി.
95% ഗ്രാമീണ കുടുംബങ്ങളില്‍ വൈദ്യുതി എത്തി. അതേ സമയം നാല് വര്‍ഷം മുമ്പ് അത് 70 % മാത്രമായിരുന്നു.
നാല് വര്‍ഷം മുമ്പ് 50% ജനങ്ങള്‍ക്ക് മാത്രമേ ബാങ്ക് അക്കൗണ്ടുകള്‍ ഉണ്ടായിരുന്നുള്ളൂ, ഇന്നിപ്പോള്‍ ഏതാണ്ട് എല്ലാവര്‍ക്കും ബാങ്കിംഗ് സേവനം പ്രാപ്യമാണ്.
2014 ല്‍ കേവലം 4 കോടി ജനങ്ങള്‍ മാത്രമാണ് നികുതി റിട്ടേണുകള്‍ സമര്‍പ്പിച്ചത്, തുടര്‍ന്നുള്ള 4 വര്‍ഷങ്ങളില്‍ മൂന്ന് കോടി ജനങ്ങള്‍ കൂടി നികുതി ശൃംഖലയില്‍ ചേര്‍ന്നു.

    മറ്റെല്ലാകാര്യങ്ങളും അതേപോലെ തുടരവേ ഈ മാറ്റം എങ്ങനെ സംഭവിച്ചു എന്ന് പ്രധാനമന്ത്രി ചോദിച്ചു.  
പാവപ്പെട്ടവര്‍ക്കും, അശരണര്‍ക്കും അടിസ്ഥാന സൗകര്യം ലഭിച്ചാല്‍ അവര്‍ സ്വയം തന്നെ ഭാരിദ്ര്യത്തെ മറികടക്കും. കഴിഞ്ഞ നാല് വര്‍ഷമായി ഈ പരിപവര്‍ത്തനം നടക്കുന്നത് കാണാന്‍ കഴിയും. കൂടാതെ കണക്കുകളും ഇത് ശരി വയ്ക്കുന്നു.
ജനങ്ങളുടെ അഭിലാഷങ്ങള്‍ നിറവേറ്റുന്നതില്‍ ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധ മാണെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ഇന്ത്യയുടെ സാങ്കേതികവിദ്യാ ഉപയോഗം വികസ്വര രാഷ്ട്രങ്ങള്‍ക്ക് ഒരു മാതൃകയായി മാറുകയാണെന്ന് അദ്ദേഹം പറഞ്ഞു. സാങ്കേതികവിദ്യയുടെയും, മനുഷ്യ  സംവേദന ക്ഷമതയുടെയും സംയോഗം ആയാസകരമായ ജീവിതം വര്‍ദ്ധിച്ച തോതില്‍ ഉറപ്പ് വരുത്തുന്നു. ജല പാതകളിലും, വിമാനയാത്രയിലും കൈവരിച്ച നേട്ടങ്ങളും അദ്ദേഹം പരാമര്‍ശിച്ചു. പാചകവാതക സിലിണ്ടറുകള്‍ ലഭിക്കുന്നതിലെ സമയം കുറഞ്ഞതും, ആദായ നികുതി റിഫണ്ടുകള്‍ പാസ്‌പോര്‍ട്ട് ലഭ്യത എന്നിവയ്ക്കായുള്ള സമയം കുറഞ്ഞതും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി ഭവന നിര്‍മ്മാണ പദ്ധതി, ഉജ്ജ്വല, സൗഭാഗ്യ തുടങ്ങിയ പദ്ധതികളുടെ ഗുണഫലങ്ങള്‍ ഗവണ്‍മെന്റ് തന്നെ ജനങ്ങളില്‍ എത്തിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആയുഷ്മാന്‍ പദ്ധതിയെ കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു.

    തൊഴിലാളികള്‍, കര്‍ഷകര്‍ മുതലായവരാണ് ഇത്തരം പദ്ധതികളുടെ ഗുണഭോക്താക്കളെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ദരിദ്രരെ ശാക്തീകരിക്കാനുള്ള ഈ പ്രസ്ഥാനം കൂടുതല്‍ മുന്നോട്ട് കൊണ്ട് പോകുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഇന്ത്യയുടെ പുരോഗതി ലോകം കണക്കിലെടുക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

    സാമ്പത്തിക കുറ്റവാളികള്‍ക്ക് ഒരിടത്തും അഭയസ്ഥാനം ലഭിക്കുന്നില്ലെന്ന് ഉറപ്പ് വരുത്താനുള്ള ചില നിര്‍ദ്ദേശങ്ങള്‍ ഇന്ത്യ അന്താരാഷ്ട്ര സമൂഹത്തിന് മുമ്പാകെ സമര്‍പ്പിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചു.
ND   MRD - 911
***

 

 

 



(Release ID: 1555337) Visitor Counter : 115