മന്ത്രിസഭ

ദാദ്രാ നാഗര്‍ ഹാവേലിയില്‍ മെഡിക്കല്‍ കോളേജ് സ്ഥാപിക്കാന്‍ അനുമതി

Posted On: 22 NOV 2018 1:28PM by PIB Thiruvananthpuram

കേന്ദ്ര ഭരണ പ്രദേശമായ ദാദ്രാ നാഗര്‍ ഹാവേലിയിലെ സില്‍വാസ്സയില്‍ ഒരു മെഡിക്കല്‍ കോളേജ് സ്ഥാപിക്കുന്നതിന്  പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്‍കി. 

മുഖ്യ സവിശേഷതകള്‍ :
1.    189 കോടി രൂപ മൂലധന ചെലവിലായിരിക്കും സില്‍വാസ്സയില്‍ മെഡിക്കല്‍ കോളേജ് സ്ഥാപിക്കുക. 2018-19 ല്‍ 114 കോടി രൂപയും, 2019-20 ല്‍ 75 കോടി രൂപയും ചെലവിടും. 150 വിദ്യാര്‍ത്ഥികള്‍ക്ക് ഇവിടെ പഠിക്കാന്‍ സൗകര്യമുണ്ടാകും. 
2.    2019-20 ഓടെ പദ്ധതി പൂര്‍ത്തിയാകും. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുടെയും, മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും നിര്‍മ്മാണ, മൂലധന ചെലവ് വഹിക്കുക. 
3.    മെഡിക്കല്‍ കോളേജിന് വേണ്ടിവരുന്ന പ്രതിവര്‍ഷ ആവര്‍ത്തന ചെലവുകള്‍ കേന്ദ്ര ഭരണ പ്രദേശത്തിനുള്ള ബജറ്റ് വിഹിതത്തില്‍ നിന്ന് ഉപയോഗിക്കും.
4.    എസ്റ്റാബ്ലിഷ്‌മെന്റ് എക്‌സ്‌പെന്‍ഡിച്ചര്‍ കമ്മറ്റി ശുപാര്‍ശ ചെയ്ത 357 സ്ഥിരം തസ്തികകളില്‍ അധ്യാപക, അനദ്ധ്യാപക വിഭാഗങ്ങളില്‍ 21 സ്ഥിരം തസ്തികകള്‍ സൃഷ്ടിക്കും.

പ്രയോജനങ്ങള്‍ :
ഈ അനുമതിയിലൂടെ ഡോക്ടര്‍മാരുടെ ലഭ്യത കുറവ് പരിഹരിച്ച് കൂടുതല്‍ ഡോക്ടര്‍മാരെ ലഭ്യമാക്കും. ഈ കേന്ദ്ര ഭരണ പ്രദേശങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ആരോഗ്യ വിദ്യാഭ്യാസത്തിനുള്ള അവസരങ്ങള്‍ വര്‍ദ്ധിപ്പിക്കും. ഒപ്പം ജില്ലാ ആശുപത്രികളുടെ നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ പരമാവധി ഉപയോഗിച്ചുകൊണ്ട് ജനങ്ങള്‍ക്ക് കൂടുതല്‍ ആരോഗ്യ പരിചരണം ലഭിക്കുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യും. രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ഗ്രാമീണ മേഖലകളിള്‍ നിന്നുള്ള ആദിവാസി സമൂഹത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മെഡിക്കല്‍ കോളേജ് പ്രയോജനപ്പെടും. ഈ കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ ഡോക്ടര്‍മാരുടെ ലഭ്യത വര്‍ദ്ധിപ്പിച്ച് കൊണ്ട് മെച്ചപ്പെട്ട സേവനം ഉറപ്പാക്കുക വഴി ആരോഗ്യകരമായ തുല്യത കൈവരിക്കാനാകും. 
ND   MRD - 857
***


(Release ID: 1553573)