മന്ത്രിസഭ

ദേശീയ ഡിജിറ്റല്‍ കമ്യൂണിക്കേഷന്‍ നയം- 2018 ന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ഓരോ പൗരനും 50 എം.ബി.പി.എസ് വേഗതയുള്ള സാര്‍വത്രിക 
ബ്രോഡ്ബാന്റ് ലഭ്യത
എല്ലാ ഗ്രാമ പഞ്ചായത്തുകള്‍ക്കും 1 ജി.ബി.പി.എസ് വേഗതയുള്ള കണക്ഷന്‍
ഡിജിറ്റല്‍ കമ്യൂണിക്കേഷന്‍  മേഖലയില്‍ 100 ശതകോടി ഡോളറിന്റെ 
നിക്ഷേപം ആകര്‍ഷിക്കും

Posted On: 26 SEP 2018 4:03PM by PIB Thiruvananthpuram

 

ദേശീയ ഡിജിറ്റല്‍ കമ്യൂണിക്കേഷന്‍ നയം -2018 നും ടെലികോം കമ്മീഷനെ ഡിജിറ്റല്‍ കമ്യൂണിക്കേഷന്‍ എന്നാക്കി പുനര്‍നാമകരണം ചെയ്യുന്നതിനും പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ച്ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അനുമതി നല്‍കി. 
പ്രതിഫലനം;
പൗരന്‍മാരുടെയും സംരംഭങ്ങളുടെയും ആശയവിനിമയ, വാര്‍ത്താ വിതരണ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാനായി സര്‍വ്വവ്യാപിയും, മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതും താങ്ങാവുന്ന നിരക്കിലുള്ളതുമായ ഡിജിറ്റല്‍ ആശയവിനിമയ അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും സ്ഥാപിച്ച് ഇന്ത്യയെ ഡിജിറ്റല്‍ രൂപത്തില്‍ ശാക്തീകരിക്കപ്പെട്ട സമ്പദ് വ്യവസ്ഥയും സമൂഹവും ആക്കി മാറ്റാനാണ് ദേശീയ ഡിജിറ്റല്‍ കമ്യൂണിക്കേഷന്‍ നയം- 2018 വിഭാവനം ചെയ്യുന്നത്. 5ജി, ഇന്റര്‍നെറ്റ് ഓഫ് തിങ്ക്‌സ് (ഐ.ഒ.ടി), എം.2.എം എന്നിവ നിലവില്‍ വന്നശേഷം ഉപഭോക്താക്കളെ ലക്ഷ്യമിട്ടിട്ടുള്ളതും പ്രയോഗിക സമീപനത്തില്‍ അധിഷ്ഠിതവുമായ ദേശീയ ഡിജിറ്റല്‍ കമ്യൂണിക്കേഷന്‍ നയം- 2018 പുതിയ ആശയങ്ങളിലേക്കും കണ്ടുപിടുത്തങ്ങളിലേക്കും നയിക്കും.
ലക്ഷ്യങ്ങള്‍
ഈ നയത്തിന്റെ സുപ്രധാന ലക്ഷ്യങ്ങള്‍ ഇവയാണ്:
1)    എല്ലാവര്‍ക്കും ബ്രോഡ്ബാന്റ് കണക്ഷന്‍
2) ഡിജിറ്റല്‍ കമ്യൂണിക്കേഷന്‍ മേഖലയില്‍  നാലു ദശലക്ഷം തൊഴിലവസരങ്ങള്‍ അധികമായി സൃഷ്ടിക്കല്‍.
3) ഇന്ത്യയുടെ ജി.ഡി.പിക്ക് ഡിജിറ്റല്‍ കമ്യൂണിക്കേഷന്‍ മേഖല നല്‍കുന്ന സംഭാവന 2017 ലെ 6 ശതമാനത്തില്‍ നിന്ന് 8 ശതമാനമായി ഉയര്‍ത്തുക.
4) അന്താരാഷ്ട്ര ടെലികമ്യൂണിക്കേഷന്‍ യൂണിയന്റെ വികസന സൂചികയില്‍ 2017 ല്‍ ഇന്ത്യയെനൂറ്റിമുപ്പത്തിനാലാം സ്ഥാനത്തുനിന്ന് ആദ്യ 50 സ്ഥാനങ്ങളിലേക്കുയര്‍ത്തുക.
5) ആഗോള മൂല്യ ശൃംഖലക്കുള്ള ഇന്ത്യയുടെ സംഭാവന വര്‍ദ്ധിപ്പിക്കുക.
6) ഡിജിറ്റല്‍ പരമാധികാരം ഉറപ്പാക്കുക.
ഈ ലക്ഷ്യങ്ങള്‍ 2017 ഓടെ കൈവരിക്കാനാണ് ഉദ്ദേശിക്കുന്നത്.
സവിശേഷതകള്‍
ഓരോ പൗരനും 50 എം.ബി.പി.എസ് വേഗതയുള്ള ബ്രോഡ്ബാന്റ് ലഭ്യത.
2020 ഓടെ എല്ലാ ഗ്രാമ പഞ്ചായത്തുകള്‍ക്കും 50 ജി.ബി.പി.എസ് വേഗതയുള്ള കണക്ഷനും 2022 ഓടെ 10 ജി.ബി.പി.എസ് വേഗതയുള്ള കണക്ഷനും നല്‍കുക.
നിലവില്‍ കണക്റ്റിവിറ്റി ഇല്ലാത്ത എല്ലാ പ്രദേശങ്ങളിലും ബ്രോഡ്ബാന്റ് എത്തിക്കല്‍.
ഡിജിറ്റല്‍ കമ്യൂണിക്കേഷന്‍ മേഖലയില്‍ 100 ശതകോടി ഡോളറിന്റെ നിക്ഷേപം ആകര്‍ഷിക്കല്‍.
പുതുയുഗ നൈപുണ്യങ്ങള്‍ വളര്‍ത്തുന്നതിന് ഒരു ദശലക്ഷം പേര്‍ക്ക് പരിശീലനം നല്‍കല്‍.
ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ് ആവാസ വ്യവസ്ഥ 5 ശതകോടി ഉപകരണങ്ങളിലേക്ക് വ്യാപിപ്പിക്കല്‍.
വ്യക്തികളുടെ സ്വകാര്യത, സ്വയം നിര്‍ണ്ണയാവകാശം, തിരഞ്ഞെടുപ്പ് എന്നിവ മാനിക്കുന്ന സമഗ്രമായ ഒരു ഡാറ്റാ സംരക്ഷണ സംവിധാനത്തിന് രൂപം നല്‍കല്‍.
ആഗോള ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയില്‍ ഇന്ത്യയുടെ ഫലപ്രദമായ പങ്കാളിത്തം പ്രോത്സാഹിപ്പിക്കല്‍.
വ്യക്തികള്‍ക്ക് സുരക്ഷിതമായ ഡിജിറ്റല്‍ കമ്യൂണിക്കേഷന്‍ അടിസ്ഥാനസൗകര്യങ്ങളും സേവനങ്ങളും ഉറപ്പു നല്‍കുന്നതിന് അനുയോജ്യമായ സംവിധാനം ഒരുക്കല്‍.

സമീപനം

നയംമുന്നോട്ടുവെക്കുന്ന നിര്‍ദ്ദേശങ്ങള്‍
1) ദേശീയ ഫൈബര്‍ അതോറിറ്റി സ്ഥാപിച്ച് ദേശീയ ഡിജിറ്റല്‍ ഗ്രിഡ് കെട്ടിപ്പടുക്കല്‍.
2) പുതിയ നഗര, ഹൈവേ റോഡ് പദ്ധതികളില്‍ കോമണ്‍ സര്‍വീസ് ഡക്റ്റുകളും യൂട്ടിലിറ്റി ഇടനാഴികളും സ്ഥാപിക്കുക.
3) പൊതു പാതയ്ക്കുള്ള അവകാശങ്ങള്‍, ചെലവും കൃത്യനിഷ്ഠയും ഏകീകരിക്കല്‍ എന്നിവക്കായി കേന്ദ്രം, സംസ്ഥാനങ്ങള്‍, തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവയെ ഉള്‍പ്പെടുത്തി യോജിച്ചുള്ള സംവിധാനത്തിന് രൂപം നല്‍കല്‍.
4) അനുമതികള്‍ കിട്ടുന്നതിനുള്ള തടസ്സങ്ങള്‍ നീക്കല്‍.
5) ഓപണ്‍ ആക്‌സസ് നെക്സ്റ്റ് ജനറേഷന്‍ നെറ്റ്‌വര്‍ക്കുകളുടെ വികസനം പ്രോത്സാഹിപ്പിക്കുക.
പശ്ചാത്തലം;
2012 ലെ ദേശീയ ടെലികോം നയത്തിന് പകരമായിട്ടാണ് 2018 ലെ ദേശീയ ഡിജിറ്റല്‍ കമ്യൂണിക്കേഷന്‍ നയത്തിന് രൂപം കൊടുത്തിട്ടുള്ളത്
..
ND/MRD 



(Release ID: 1547645) Visitor Counter : 164