പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഇമാം ഹുസൈന്റെ (സ അ) രക്തസാക്ഷിത്വ അനുസ്മരണത്തോടനുബന്ധിച്ച് ഇന്‍ഡോറില്‍ നടന്ന അഷറ മുബാറകയില്‍ പ്രധാനമന്ത്രി സംബന്ധിച്ചു

Posted On: 14 SEP 2018 2:59PM by PIB Thiruvananthpuram

ഇമാം ഹുസൈന്‍ (സ അ) യുടെ രക്തസാക്ഷിത്വ അനുസ്മരണത്തോടനുബന്ധിച്ച് ദാവൂദി ബൊഹ്‌റ സമൂഹം ഇന്‍ഡോറില്‍ ഇന്ന് സംഘടിപ്പിച്ച അഷറ മുബാറകയില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദി സദസ്സിനെ അഭിസംബോധന ചെയ്തു.

ഇമാം ഹുസൈന്റെ ത്യാഗങ്ങളെ അനുസ്മരിച്ച് കൊണ്ട്, ഇമാം എക്കാലവും നിലകൊണ്ടത് അനീതിക്ക് എതിരായിട്ടാണെന്നും സമാധാനവും നീതിയും സംരക്ഷിക്കാന്‍ വേണ്ടിയായിരുന്നു അദ്ദേഹത്തിന്റെ രക്തസാക്ഷിത്വമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇമാമിന്റെ അനുശാസനങ്ങള്‍ ഇന്നും പ്രസക്തമാണെന്ന് അദ്ദേഹം പറഞ്ഞു. ദാവൂദി ബൊഹ്‌റ സമൂഹത്തിന്റെ അധ്യക്ഷന്‍ ഡോ. സയ്യ്ദ്‌ന മുഫദ്ദല്‍ സെയ്യ്ഫുദ്ദീന്‍ നടത്തുന്ന ശ്രമങ്ങളെ അഭിനന്ദിച്ച് കൊണ്ട് രാജ്യത്തോടുള്ള സ്‌നേഹവും പ്രതിബദ്ധതയുമാണ് ആ അനുശാസനങ്ങളുടെ മുഖമുദ്രയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

എല്ലാവരേയും ഒപ്പം കൂട്ടുക എന്ന സംസ്‌കാരമാണ് മറ്റെല്ലാ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയെ വ്യത്യസ്തമാക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. 'ഇന്നലകളെ കുറിച്ച് ഞങ്ങള്‍ക്ക് അഭിമാനമുണ്ട്, ഇന്നില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു, നാളത്തെ നമ്മുടെ ശോഭനമായ ഭാവിയില്‍ ഞങ്ങള്‍ക്ക് വിശ്വാസമുണ്ട്,  '' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദാവൂദി ബൊഹ്‌റ സമൂഹത്തിന്റെ സംഭാവനകള്‍ എടുത്തുപറഞ്ഞുകൊണ്ട് ഇന്ത്യയുടെ പുരോഗതിയിലും വളര്‍ച്ചാ ഗാഥയിലും ഈ സമൂഹം എന്നും ഒരു സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ശക്തി രാജ്യമെമ്പാടും പ്രചരിപ്പിക്കുന്ന തങ്ങളുടെ മഹത്തായ സേവനം സമൂഹം തുടരുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

ബൊഹ്‌റ സമൂഹത്തെ പ്രകീര്‍ത്തിച്ചു കൊണ്ട് ഈ സമുദായത്തിന്റെ സ്‌നേഹത്തിന് പാത്രീഭൂതനാകാന്‍ കഴിഞ്ഞത് തന്റെ ഭാഗ്യമാണെന്ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദി പറഞ്ഞു. താന്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് ബൊഹ്‌റ സമൂഹം നല്‍കിയ സഹായത്തെ അനുസ്മരിച്ച് കൊണ്ട് ഈ സമൂഹത്തിന്റെ സ്‌നേഹമാണ് തന്നെ ഇന്‍ഡോറിലെത്തിച്ചതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ദാവൂദി ബൊഹ്‌റ സമൂഹം ഏറ്റെടുത്തിട്ടുള്ള വിവിധ സാമൂഹിക ഉദ്യമങ്ങളെ പുകഴ്ത്തിക്കൊണ്ട് ജനങ്ങള്‍ക്ക്, പ്രത്യേകിച്ച് പാവപ്പെട്ടവര്‍ക്കും അശരണര്‍ക്കും, മെച്ചപ്പെട്ട ജീവിത നിലവാരം ഉറപ്പ് വരുത്താന്‍ ഗവണ്‍മെന്റ് നിരവധി നടപടികള്‍ കൈക്കൊണ്ടുവരികയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കേന്ദ്ര ഗവണ്‍മെന്റിന്റെ വിവിധ വികസനോന്മുഖ പദ്ധതികളായ ആയുഷ്മാന്‍ ഭാരത്, ശുചിത്വ ഭാരത ദൗത്യം, പ്രധാനമന്ത്രി ആവാസ് യോജന മുതലായവയെ കുറിച്ച് പ്രധാനമന്ത്രി പരാമര്‍ശിച്ചു. ഈ സങ്കല്പങ്ങള്‍ സാധാരണക്കാരുടെ ജീവിതങ്ങള്‍ മാറ്റിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ശുചിത്വ ഭാരത ദൗത്യം മുന്നോട്ട് കൊണ്ടുപോയതിന് ഇന്‍ഡോറിലെ ജനങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. 'ശുചിത്വം തന്നെ സേവനം'' പദ്ധതിക്ക് നാളെ തുടക്കം കുറിക്കുമെന്ന് പറഞ്ഞ പ്രധാനമന്ത്രി ഈ വമ്പിച്ച പരിപാടിയില്‍ സജീവമായി പങ്കെടുക്കാന്‍ ജനങ്ങളെ ആഹ്വാനം ചെയ്തു.

ബൊഹ്‌റ സമുദായം ബിസിനസ്സില്‍ പുലര്‍ത്തുന്ന സത്യസന്ധതയെ കുറിച്ച് പരാമര്‍ശിക്കവെ, ചരക്ക് സേവന നികുതി, പാപ്പരത്ത നിയമം,  ബാങ്ക് റപ്‌സി കോഡ് മുതലായവയിലൂടെ സത്യസന്ധരായ ബിസിനസുകാരെയും ജോലിക്കാരെയും ഗവണ്‍മെന്റ് പ്രോത്സാഹിപ്പിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യന്‍ സമ്പദ്ഘടന വളരുകയാണെന്ന് പറഞ്ഞ അദ്ദേഹം പുതിയ ഇന്ത്യ ഉദിച്ച് വരികയാണെന്നും ആവര്‍ത്തിച്ചു. 

മധ്യപ്രദേശ് മുഖ്യമന്ത്രി ശ്രീ. ശിവ്‌രാജ് സിംഗ് ചൗഹാനും തദവസരത്തില്‍ സന്നിഹിതനായിരുന്നു. മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ച വയ്ക്കുന്ന പ്രധാനമന്ത്രിയെ നേരത്തെ ഡോ. സയ്യ്ദ്‌ന മുഫദ്ദല്‍ സെയ്യ്ഫുദ്ദീന്‍ പ്രകീര്‍ത്തിക്കുകയും, രാജ്യത്തിന് വേണ്ടിയുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വിജയം ആശംസിക്കുകയും ചെയ്തു. 
ND   MRD - 723
*** 
 



(Release ID: 1546171) Visitor Counter : 126