പ്രധാനമന്ത്രിയുടെ ഓഫീസ്‌

ആശ, അംഗണവാടി വര്‍ക്കര്‍മാര്‍ക്ക് പ്രധാനമന്ത്രി വേതന വര്‍ദ്ധന പ്രഖ്യാപിച്ചു

Posted On: 11 SEP 2018 1:30PM by PIB Thiruvananthpuram

 

ആശ, അംഗണവാടി വര്‍ക്കര്‍മാര്‍ക്ക് വേതനത്തില്‍ നാഴിക്കല്ലാകുന്ന വേതന വര്‍ദ്ധന പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പ്രഖ്യാപിച്ചു. അടുത്തമാസം മുതല്‍ പ്രാബല്യത്തില്‍ വരുന്ന വര്‍ദ്ധന ലക്ഷക്കണക്കിന് ആശ, എ.എന്‍.എം വര്‍ക്കര്‍മാരുമായി വീഡിയോ ബ്രിഡ്ജിലൂടെ ഇന്ന് നടത്തിയ ആശയവിനിമയത്തിലാണ് ഈ പ്രഖ്യാപനം നടത്തിയത്.

ആശാ പ്രവര്‍ത്തകര്‍ക്ക് കേന്ദ്ര ഗവണ്‍മെന്റ് നല്‍കിവരുന്ന പതിവ് പ്രോത്സാഹന തുക ഇരട്ടിയാക്കുന്നതായാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. ഇതിന് പുറമെ എല്ലാ ആശാ പ്രവര്‍ത്തകരേയും അവരുടെ സഹായികളേയും  പ്രധാനമന്ത്രി ജീവന്‍ ജ്യോതി ബീമാ യോജനയുടെയും പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജനയുടെയും പരിരക്ഷയില്‍ കൊണ്ടുവരികയും ചെയ്യും.

അംഗണവാടി പ്രവര്‍ത്തകരുടെ ഓണറേറിയത്തിലും ഗണ്യമായ വര്‍ദ്ധന പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഇപ്പോള്‍ 3000 രൂപ ലഭിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് ഇനി 4,500 രൂപ വീതം ലഭിക്കും. അതുപോലെ 2,200 രൂപ ലഭിക്കുന്നവര്‍ക്ക് 3,500 രൂപ ലഭിക്കും. അംഗണവാടി ഹെല്‍പ്പര്‍മാരുടെ ഓണറേറിയവും 1,500 രൂപയില്‍ നിന്നും 2,250 രൂപയായി വര്‍ദ്ധിപ്പിച്ചു.

കോമണ്‍ ആപ്ലിക്കേഷന്‍ സോഫ്റ്റ്‌വെയര്‍ (ഐ.സി.ഡി.എസ്-സി.എ.എസ്) പോലുള്ള സങ്കേതങ്ങള്‍ ഉപയോഗിക്കുന്ന അംഗണവാടി വര്‍ക്കര്‍മാര്‍ക്കും, ഹെല്‍പ്പര്‍മാര്‍ക്കും പ്രത്യേക പ്രോത്സാഹന തുക പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. അവരുടെ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ 250 രൂപ മുതല്‍ 500 രൂപ വരെ ഇന്‍സെന്റീവ് ലഭിക്കും.
രാജ്യത്തങ്ങോളമിങ്ങോളമുള്ള ആശാ പ്രവര്‍ത്തകര്‍, അംഗണവാടി പ്രവര്‍ത്തകര്‍, എ.എന്‍.എം (ആക്‌സിലറി നഴ്‌സ് മിഡ്‌വൈഫ്) എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളുമായാണ് പ്രധാനമന്ത്രി ആശയവിനിമയം നടത്തിയത്. ആരോഗ്യ പോഷകാഹാര സേവനങ്ങള്‍ നടത്തുന്നതിനും രാജ്യത്തെ പോഷകകുറവ് പരിഹരിക്കുന്നതിനുള്ള പോഷണ്‍ അഭിയാന്റെ ലക്ഷ്യങ്ങള്‍ നേടിയെടുക്കാനുമായി  സാങ്കേതിക വിദ്യയുടെ നൂതന സാദ്ധ്യതകള്‍ ഉപയോഗിച്ചുകൊണ്ട് ഒന്നിച്ച് പ്രവര്‍ത്തിക്കുന്നതിന് നടത്തുന്ന അവരുടെ പ്രയത്‌നത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു.
 



(Release ID: 1545692) Visitor Counter : 168