മന്ത്രിസഭ

വിദേശത്തുള്ള തന്ത്രപ്രധാനമായ അടിസ്ഥാനസൗകര്യ വികസന പദ്ധതികളുടെ നിര്‍മാണം ഏറ്റെടുക്കാന്‍ ശ്രമിക്കുന്ന ഇന്ത്യന്‍ സ്ഥാപനങ്ങള്‍ക്ക് ഇളവോടെ സാമ്പത്തിക സഹായം നല്‍കുന്ന പദ്ധതിയുടെ കാലാവധി നീട്ടുന്നതിനു മന്ത്രിസഭ അംഗീകാരം നല്‍കി

Posted On: 01 AUG 2018 6:14PM by PIB Thiruvananthpuram

വിദേശത്തുള്ള തന്ത്രപ്രധാനമായ അടിസ്ഥാനസൗകര്യ വികസന പദ്ധതികളുടെ നിര്‍മാണം ഏറ്റെടുക്കാന്‍ ശ്രമിക്കുന്ന ഇന്ത്യന്‍ സ്ഥാപനങ്ങള്‍ക്ക് ഇളവോടെ സാമ്പത്തിക സഹായം നല്‍കുന്ന പദ്ധതി(സി.എഫ്.എസ്.)യുടെ കാലാവധി നീട്ടുന്നതിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. 
വിശദാംശങ്ങള്‍: 
സി.എഫ്.എസ്. പ്രകാരം വിദേശത്തുള്ള തന്ത്രപ്രധാനമായ അടിസ്ഥാനസൗകര്യ വികസന പദ്ധതികളുടെ നിര്‍മാണം ഏറ്റെടുക്കാന്‍ ശ്രമിക്കുന്ന ഇന്ത്യന്‍ സ്ഥാപനങ്ങളെ കേന്ദ്ര ഗവണ്‍മെന്റ് 2015-16 മുതല്‍ പിന്‍തുണച്ചുവരികയാണ്. പദ്ധതിയുടെ ലക്ഷ്യം ഇപ്പോഴും പ്രസക്തമായിത്തുടരുന്നതിനാല്‍ 2018 മുതല്‍ 2023 വരെയുള്ള അഞ്ചു വര്‍ഷത്തേക്കു കാലാവധി നീട്ടണമെന്നു ശുപാര്‍ശ ചെയ്യപ്പെട്ടിരുന്നു. 
സാമ്പത്തിക ബാധ്യത
വായ്പ നല്‍കുന്ന ബാങ്കുകള്‍ക്ക് ഇന്ററസ്റ്റ് ഈക്വലൈസേഷന്‍ സപ്പോര്‍ട്ട് (ഐ.ഇ.എസ്.) നല്‍കേണ്ടതാണു സാമ്പത്തിക ബാധ്യത. ഇതിനായി എല്ലാ വര്‍ഷവും സാമ്പത്തിക കാര്യ മന്ത്രാലയം ബജറ്റ് വിഹിതം നല്‍കിവരുന്നു. 
2018-19ല്‍ 65 ലക്ഷം യു.എസ്. ഡോളറും (42.25 കോടി രൂപ) 2019-20ല്‍ ഒരു കോടി യു.എസ്. ഡോളറും (65 കോടി രൂപ) 2020-2021ല്‍ 1.875 കോടി യു.എസ്. ഡോളറും (121.88 കോടി രൂപ) 2021-22ല്‍ 2.9 കോടി യു.എസ്. ഡോളറും (188.50 കോടി രൂപ) 2022-23ല്‍ 3.2 കോടി യു.എസ്.ഡോളറും (208 കോടി രൂപ) ഉള്‍പ്പെടെ ആകെ ആവശ്യമായിവരിക 9.625 കോടി യു.എസ്.ഡോളര്‍ (625.63 കോടി രൂപ) ആണ്.
കുറിപ്പ്: നിലവിലുള്ള പദ്ധതിപ്രകാരമുള്ള പ്രതീക്ഷിത ഐ.ഇ.എസ്. കണക്കാണിത്. 
വലിയ നേട്ടം:
സി.എഫ്.എസ്. ഏര്‍പ്പെടുത്തുന്നതിനുമുമ്പ് ഇന്ത്യന്‍ സ്ഥാപനങ്ങള്‍ക്കു വന്‍കിട വിദേശ പദ്ധതികള്‍ ഏറ്റെടുക്കാന്‍ സാധിച്ചിരുന്നില്ല. പദ്ധതിച്ചെലവ് ഏറെയാണെന്നതും ചൈന, ജപ്പാന്‍, യൂറോപ്പ്, അമേരിക്ക തുടങ്ങിയ സ്ഥലങ്ങളിലെ സ്ഥാപനങ്ങള്‍ കുറഞ്ഞ പലിശനിരക്കില്‍ കൂടുതല്‍ കാലത്തേക്കു വായ്പ നല്‍കാന്‍ തയ്യാറാണെന്നതും അത്തരം സ്ഥലങ്ങളിലെ സ്ഥാപനങ്ങള്‍ക്ക അനുകൂല ഘടകമായിരുന്നു. 
നയതന്ത്രപരമായി ഇന്ത്യക്കു താല്‍പര്യമുള്ള പദ്ധതികള്‍ ഇന്ത്യന്‍ സ്ഥാപനങ്ങള്‍ ഏറ്റെടുത്തു നടപ്പാക്കുന്നതു കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ഇന്ത്യയില്‍ യന്ത്രങ്ങള്‍ക്കും ആവശ്യമായ വസ്തുക്കള്‍ക്കും ആവശ്യം വര്‍ധിക്കുകയും ഇന്ത്യക്കു സല്‍പ്പേര് നേടിത്തരുകയും ചെയ്യും. 
നടപ്പാക്കുന്നതിലെ തന്ത്രവും ലക്ഷ്യങ്ങളും:
ഈ പദ്ധതി പ്രകാരം ഇന്ത്യയുടെ നയതന്ത്രപരമായ താല്‍പര്യം മുന്‍നിര്‍ത്തി വിദേശകാര്യ മന്ത്രാലയം പദ്ധതികള്‍ തെരഞ്ഞെടുക്കുകയും അതു ധനകാര്യ മന്ത്രാലയത്തിനു കൈമാറുകയും ചെയ്യുന്നു. 
വിദേശകാര്യ വകുപ്പു സെക്രട്ടറിയും എക്‌സ്‌പെന്‍ഡിച്ചെര്‍ വകുപ്പ്, വിദേശകാര്യ മന്ത്രാലയം, വ്യവസായ പ്രോല്‍സാഹന-നയ വകുപ്പ്, വാണിജ്യ മന്ത്രാലയം, സാമ്പത്തികേ സേവന, ആഭ്യന്തര മന്ത്രാലയങ്ങള്‍ എന്നിവയുടെ പ്രതിനിധികളും ചേരുന്ന കമ്മിറ്റിയാണ് തന്ത്രപ്രധാനമായ പദ്ധതികള്‍ തെരഞ്ഞെടുക്കുന്നത്. ദേശീയ സുരക്ഷാ ഉപ ഉപദേഷ്ടാവും സമിതിയില്‍ അംഗമാണ്. കമ്മിറ്റി അംഗീകാരം നല്‍കുന്ന പദ്ധതികള്‍ക്കു സി.എഫ്.എസ്. പ്രകാരം ധനസഹായം നല്‍കാവുന്നതാണെന്നു വിദേശകാര്യ മന്ത്രാലയം എക്‌സിം ബാങ്കിനെ അറിയിക്കുന്നു. 
കുറഞ്ഞ നിരക്കില്‍ ധനസഹായം ലഭ്യമാക്കാനായി സ്രോതസ്സ് കണ്ടെത്തുന്ന എക്‌സ്‌പോര്‍ട്ട്-ഇംപോര്‍ട്ട് ബാങ്കാണു നിലവില്‍ ഈ പദ്ധതി നടപ്പാക്കുന്നത്. കേന്ദ്ര ഗവണ്‍മെന്റ് കൗണ്ടര്‍ ഗ്യാരണ്ടിയും രണ്ടു ശതമാനം വായ്പാ തുല്യതാ സഹായവും നല്‍കുന്നുണ്ട്. 
പശ്ചാത്തലം:
പദ്ധതി പ്രകാരം എക്‌സിം ബാങ്കിനു കേന്ദ്ര ഗവണ്‍മെന്റ് കൗണ്ടര്‍ ഗ്യാരണ്ടിയും രണ്ടു ശതമാനം വായ്പാ തുല്യതാ സഹായവും നല്‍കുന്നുണ്ട്. ഒരു പദ്ധതി പൂര്‍ത്തിയാക്കാനുള്ള കരാര്‍ ഏതെങ്കിലും ഇന്ത്യന്‍ സ്ഥാപനത്തിനു ലഭിക്കുന്നപക്ഷം ഏതെങ്കിലും വിദേശ ഗവണ്‍മെന്റിനോ വിദേശത്തുള്ള ഗവണ്‍മെന്റ് ഉടമസ്ഥതയിലോ നിയന്ത്രണത്തിലോ ഉള്ള സ്ഥാപനത്തിനോ കേന്ദ്ര ഗവണ്‍മെന്റ് കൗണ്ടര്‍ ഗ്യാരണ്ടി നല്‍കുന്നതിനും എക്‌സിം ബാങ്കിന് രണ്ടു ശതമാനം പലിശ തുല്യത നല്‍കുന്നതിനും പദ്ധതി വിഭാവന ചെയ്യുന്നു. 
പദ്ധതി പ്രകാരം ലിബോറും(ആറു മാസത്തെ ശരാശരി) 100 ബി.പിയും എന്നതില്‍ കൂടാത്ത നിരക്കിലാണ് എക്‌സിം ബാങ്ക് വായ്പ നല്‍കുന്നത്. വായ്പാ തിരിച്ചടവിനു വിദേശ ഗവണ്‍മെന്റ് ഗ്യാരണ്ടി നല്‍കും. 



(Release ID: 1541460) Visitor Counter : 71