മന്ത്രിസഭ

സ്വകാര്യമേഖലയെക്കൂടി പങ്കാളിയാക്കി മൂന്നാമത് ഏജന്‍സിയുടെ നേതൃത്വത്തില്‍ ഹോട്ടല്‍ നിര്‍മിച്ചു നടത്തുന്നതിനു പണം കണ്ടെത്താന്‍ പ്രഗതി മൈതാനത്തിലെ 3.7 ഏക്കര്‍ ഭൂമി ഉപയോഗപ്പെടുത്തുന്നതിനും എല്‍ ആന്‍ഡ് ഡി.ഒ.യും റയില്‍വേ മന്ത്രാലയവും ചുമത്തിയ പിഴ ഒഴിവാക്കുന്നതിനും മന്ത്രിസഭയുടെ അനുമതി

Posted On: 13 JUN 2018 6:15PM by PIB Thiruvananthpuram

സ്വകാര്യമേഖലയെക്കൂടി ഉള്‍പ്പെടുത്തി മൂന്നാമത് ഏജന്‍സി വഴി സുതാര്യവും മല്‍സരാധിഷ്ഠിതവുമായ ലേലനടപടികളിലൂടെ ഹോട്ടല്‍ നിര്‍മിച്ചു നടത്താന്‍ പണം കണ്ടെത്തുന്നതിനായി പ്രഗതി മൈതാനത്തുള്ള 3.7 ഏക്കര്‍ ഭൂമി ഇന്ത്യ ട്രേഡ് പ്രമോഷന്‍ ഓര്‍ഗനൈസേഷന്‍ (ഐ.ടി.ജെ.പി.ഒ.) 99 വര്‍ഷത്തേക്കു ദീര്‍ഘകാല പാട്ടത്തിനു നല്‍കുന്നതിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം അനുമതി നല്‍കി.

പ്രഗതി മൈതാനത്തിന്റെ പുനര്‍വികസന പദ്ധതിയുടെ ഒന്നാം ഘട്ടമായ സമഗ്ര പ്രദര്‍ശന-കണ്‍വെന്‍ഷന്‍ സെന്റര്‍ (ഐ.ഇ.സി.സി.) നിര്‍മാണത്തിന്റെ ഭാഗമായാണ് ഇത്. 2254 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന പദ്ധതി 2017 ജനുവരിയില്‍ സി.സി.ഇ.എ. അംഗീകരിച്ചിരുന്നു. ഏഴായിരം പേര്‍ക്ക് ഇരിക്കാവുന്നതും പ്രദര്‍ശനം സംഘടിപ്പിക്കാവുന്നതുമായ ഒരു ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ളതും 4,800 വാഹനങ്ങള്‍ നിര്‍ത്തിയിടാന്‍ സൗകര്യമുള്ളതുമായ ആഗോള നിലവാരമുള്ള പ്രദര്‍ശന-കണ്‍വെന്‍ഷന്‍ സെന്റര്‍ സ്ഥാപിക്കുകയാണ് ഐ.ഇ.സി.സി. പദ്ധതിയുടെ ലക്ഷ്യം. പ്രഗതി മൈതാന പ്രദേശത്തെ ഗതാഗതത്തിരക്കു കുറയ്ക്കാനും വഴികള്‍ തേടും.
കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍ക്ക് ഉച്ചകോടികളും പ്രദര്‍ശനങ്ങളും വാണിജ്യം പ്രോല്‍സാഹിപ്പിക്കുന്നതിനുള്ള പരിപാടികളുമൊക്കെ സംഘടിപ്പിക്കാന്‍ അനിവാര്യമായ ഐ.ഇ.സി.സി. പദ്ധതിക്കു ധനസമാഹരണത്തിനായുള്ള ഒരു വഴിയാണ് ഭൂമി പാട്ടത്തിനു നല്‍കല്‍.

ഐ.ഇ.സി.സി. പദ്ധതിയുടെയും ഗതാഗതത്തിരക്കു കുറയ്ക്കാനുള്ള പദ്ധതിയുടെയും പ്രവര്‍ത്തനങ്ങള്‍ അതിവേഗം നടന്നുവരികയാണ്. 2019 സെപ്റ്റംബറില്‍ പദ്ധതി പൂര്‍ത്തിയാക്കുമെന്ന് ഐ.ടി.പി.ഒ. പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയിലെ വ്യാപാര, വ്യവസായ മേഖലകള്‍ക്കും രാജ്യത്തിന്റെ വിദേശ വ്യാപാരത്തിനും ഐ.ഇ.സി.സി. പദ്ധതി നേട്ടമാകും.

***



(Release ID: 1535451) Visitor Counter : 84