Economy
2026-27 സാമ്പത്തിക വര്‍ഷത്തിലെ ഇന്ത്യയുടെ കയറ്റുമതി വളര്‍ച്ച: മികച്ച പ്രകടനം, പുതിയ നാഴികക്കല്ലുകള്‍
തുടര്‍ച്ചയായി ഏഴ് മാസങ്ങളില്‍, മുന്‍വര്‍ഷം അതേ മാസങ്ങളെ അപേക്ഷിച്ച് ഇന്ത്യയുടെ കയറ്റുമതി വര്‍ധിച്ചു.
Posted On:
14 NOV 2026 8:35PM
2026-27 സാമ്പത്തിക വര്‍ഷത്തിലെ ഏപ്രില്‍-ഒക്ടോബര്‍ കാലയളവില്‍ ഇന്ത്യയുടെ മൊത്തം കയറ്റുമതി 16.66% വളര്‍ച്ച രേഖപ്പെടുത്തി 568.84 ബില്യണ്‍ യുഎസ് ഡോളറിലെത്തി. ഉത്പന്ന കയറ്റുമതി, സേവന കയറ്റുമതി, അന്താരാഷ്ട്ര വിപണികളിലെ സാന്നിധ്യം എന്നിങ്ങനെ വിവിധ മേഖലകളില്‍ ഈ വളര്‍ച്ച പ്രകടമാണ്. കയറ്റുമതി പ്രോത്സാഹന പദ്ധതികള്‍, വിപുലമായ വ്യാപാര പങ്കാളിത്തങ്ങള്‍, മെച്ചപ്പെട്ട ലോജിസ്റ്റിക്സ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ഇന്ത്യന്‍ സംരംഭങ്ങള്‍ക്ക് ആഗോള വിപണിയില്‍ കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയും കയറ്റുമതി വളര്‍ച്ചയുടെ വേഗത നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്നു. ഏപ്രില്‍-ജൂണ്‍ പാദത്തില്‍ രേഖപ്പെടുത്തിയ 7.8% ജിഡിപി വളര്‍ച്ചയും ജൂലൈ-സെപ്റ്റംബര്‍ കാലയളവില്‍ തൊഴിലില്ലായ്മ നിരക്ക് 5.1% ആയി കുറഞ്ഞതും ഉള്‍പ്പെടെയുള്ള സാമ്പത്തിക സൂചകങ്ങള്‍ക്കൊപ്പം, കയറ്റുമതി മേഖലയിലെ ഈ മുന്നേറ്റം ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയ്ക്ക് കൂടുതല്‍ കരുത്തേകുന്നു. പ്രമുഖ അന്താരാഷ്ട്ര സംഘടനകള്‍ ഈ അനുകൂല സാഹചര്യം ശരിവെക്കുകയും, 2026-27 സാമ്പത്തിക വര്‍ഷത്തില്‍ ശക്തമായ വളര്‍ച്ച തുടരുമെന്ന് പ്രവചിക്കുകയും ചെയ്യുന്നു.
ആമുഖം
അന്താരാഷ്ട്ര വ്യാപാരം ആഭ്യന്തര വിപണികളുടെ പരിമിതികള്‍ മറികടന്ന് ആഗോള വിപണികളിലേക്ക് വളരാന്‍ ബിസിനസുകള്‍ക്ക് അവസരമൊരുക്കുന്നു. ഇതിലൂടെ ഉത്പാദനക്ഷമത വര്‍ധിപ്പിക്കുന്നതിനൊപ്പം നിക്ഷേപം, തൊഴിലവസരങ്ങള്‍, ദീര്‍ഘകാല സാമ്പത്തിക വളര്‍ച്ച എന്നിവയ്ക്കും പ്രോത്സാഹനം ലഭിക്കുന്നു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം, ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങളും വെല്ലുവിളികളും നിലനില്‍ക്കുന്ന സാഹചര്യത്തിലും രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയുടെ വേഗത നിലനിര്‍ത്തുന്നതില്‍ കയറ്റുമതി മേഖല നിര്‍ണായക പങ്കുവഹിക്കുന്നു.
ഈ മുന്നേറ്റം കഴിഞ്ഞ കുറേ വര്‍ഷങ്ങളായി തുടരുന്നു. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ റെക്കോര്‍ഡ് നേട്ടം കൈവരിച്ചതിന് പിന്നാലെ, തുടര്‍ന്നുള്ള ഓരോ സാമ്പത്തിക വര്‍ഷത്തിലും കയറ്റുമതിയില്‍ പുതിയ ഉയരങ്ങള്‍ കീഴടക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചു. ഈ വളര്‍ച്ചയുടെ തുടര്‍ച്ചയെന്നോണം, 2025-26 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തിന്റെ മൊത്തം കയറ്റുമതി 863.1 ബില്യണ്‍ യുഎസ് ഡോളറിലെത്തി. ഇതോടെ തുടര്‍ച്ചയായ അഞ്ച് സാമ്പത്തിക വര്‍ഷങ്ങളിലും റെക്കോര്‍ഡ് കയറ്റുമതി നേട്ടം കൈവരിച്ച് ആഗോള വ്യാപാര രംഗത്ത് ഇന്ത്യ സ്വന്തം സാന്നിധ്യം ശക്തമാക്കി.
കയറ്റുമതിയിലെ ഈ വളര്‍ച്ചാ പ്രവണത 2026-27 സാമ്പത്തിക വര്‍ഷത്തിലും തുടരുകയാണ്. വിവിധ ഉത്പന്ന വിഭാഗങ്ങളിലും അന്താരാഷ്ട്ര വിപണികളിലുമായി കയറ്റുമതിയുടെ മൊത്തം മൂല്യത്തിലും വളര്‍ച്ചാനിരക്കിലും വര്‍ദ്ധനവ് ദൃശ്യമാണ്.
2026-27 സാമ്പത്തിക വര്‍ഷത്തിലും ഇന്ത്യയുടെ കയറ്റുമതി മേഖല വളര്‍ച്ചാ പ്രവണത നിലനിര്‍ത്തി മുന്നേറുകയാണ്
2026-27 സാമ്പത്തിക വര്‍ഷത്തിലെ ഏപ്രില്‍-ഒക്ടോബര്‍ കാലയളവില്‍ മൊത്തം കയറ്റുമതി 568.84 ബില്യണ്‍ യുഎസ് ഡോളറിലെത്തിയതായി കണക്കാക്കപ്പെടുന്നു. മുന്‍വര്‍ഷം ഇതേ കാലയളവില്‍ ഇത് 487.59 ബില്യണ്‍ യുഎസ് ഡോളര്‍ ആയിരുന്നു; അതായത് 16.66 ശതമാനം വര്‍ധനവുണ്ടായി. ചരക്ക് കയറ്റുമതിയിലും സേവന കയറ്റുമതിയിലും ഉണ്ടായ വളര്‍ച്ചയാണ് ഈ വര്‍ധനവിന് കാരണമായത്.

ഈ കാലയളവില്‍ ചരക്ക് കയറ്റുമതിയില്‍ 21.96 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയപ്പോള്‍, സേവന കയറ്റുമതിയില്‍ 10.93 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.
2026-27 സാമ്പത്തിക വര്‍ഷത്തിലെ ഓരോ മാസവും കയറ്റുമതിയില്‍ സ്ഥിരതയാര്‍ന്ന അനുകൂല വളര്‍ച്ച രേഖപ്പെടുത്താന്‍ ഇന്ത്യയ്ക്ക് സാധിച്ചു.
2026-27 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയിലും ഈ മികച്ച പ്രകടനം തുടര്‍ന്നു. 2026-27 സാമ്പത്തിക വര്‍ഷത്തിലെ ഏപ്രില്‍-സെപ്റ്റംബര്‍ കാലയളവില്‍ മൊത്തം കയറ്റുമതി റെക്കോര്‍ഡ് തുകയായ 479.0 ബില്യണ്‍ യുഎസ് ഡോളറിലെത്തി. ചരക്ക് കയറ്റുമതിയും സേവന കയറ്റുമതിയും ഈ കാലയളവില്‍ എക്കാലത്തെയും ഉയര്‍ന്ന മൂല്യം കൈവരിച്ചു.
ചരക്ക് കയറ്റുമതി 259.71 ബില്യണ്‍ യുഎസ് ഡോളറിലെത്തി; ഇത് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 18.4% വളര്‍ച്ചയാണിത്.
സേവന കയറ്റുമതി 219.27 ബില്യണ്‍ യുഎസ് ഡോളറിലെത്തി; ഇത് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 10.2% വളര്‍ച്ചയാണ്.

ഒക്ടോബര്‍ മാസത്തില്‍ കയറ്റുമതി വളര്‍ച്ച കൂടുതല്‍ വേഗം കൈവരിച്ചു. ഈ കാലയളവില്‍ ഇന്ത്യയുടെ മൊത്തം കയറ്റുമതി 89.99 ബില്യണ്‍ യുഎസ് ഡോളറിലെത്തി. മുന്‍വര്‍ഷം ഇതേ മാസത്തെ അപേക്ഷിച്ച് 29.90 ശതമാനത്തിന്റെ ശ്രദ്ധേയമായ വര്‍ധനവാണ് ഇത് രേഖപ്പെടുത്തിയത്.
ചരക്ക് കയറ്റുമതി 45.06% വര്‍ധിച്ച് 49.47 ബില്യണ്‍ യുഎസ് ഡോളറിലെത്തി.
സേവന കയറ്റുമതി 40.51 ബില്യണ്‍ യുഎസ് ഡോളറിലെത്തി; ഇത് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഏകദേശം 15.2% വളര്‍ച്ച രേഖപ്പെടുത്തി.
ഇന്ത്യയുടെ കയറ്റുമതി മേഖലയില്‍ വിവിധ ഉത്പന്ന വിഭാഗങ്ങളിലുടനീളം ശ്രദ്ധേയമായ വളര്‍ച്ച
a. ഇന്ത്യയുടെ കയറ്റുമതി മേഖലയിലെ വളര്‍ച്ചയ്ക്ക് കരുത്തേകുന്ന സ്തംഭമായി സേവന മേഖല തുടരുന്നു: കഴിഞ്ഞ ദശകത്തില്‍ ആഗോള ശരാശരിയേക്കാള്‍ ഉയര്‍ന്ന വളര്‍ച്ചാനിരക്കാണ് ഇന്ത്യയുടെ സേവന കയറ്റുമതി കൈവരിച്ചത്. ആഗോളതലത്തിലെ ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളും സാമ്പത്തിക അനിശ്ചിതത്വങ്ങളും നിലനില്‍ക്കുന്ന സാഹചര്യത്തില്‍, രാജ്യത്തിന്റെ ബാഹ്യ വ്യാപാര മേഖലയ്ക്ക് ശക്തമായ പിന്തുണ നല്‍കുന്നതിലും സേവന കയറ്റുമതി നിര്‍ണായക പങ്കുവഹിക്കുന്നു. ഇത് വ്യാപാര മേഖലയിലെ അപകടസാധ്യതകള്‍ ലഘൂകരിക്കാനും ബാഹ്യ ആഘാതങ്ങളെ നേരിടാനുള്ള ശേഷി വര്‍ധിപ്പിക്കാനും മൊത്തത്തിലുള്ള വ്യാപാര സ്ഥിരത ഉറപ്പാക്കാനും സഹായിക്കുന്നു.
2015 മുതല്‍ 2025 വരെയുള്ള കാലയളവില്‍, ആഗോളതലത്തിലെ 6.6% വളര്‍ച്ചാ നിരക്കിനെ അപേക്ഷിച്ച്, ഇന്ത്യയുടെ സേവന കയറ്റുമതി 10.3% എന്ന സംയുക്ത വാര്‍ഷിക വളര്‍ച്ചാ നിരക്ക് (CAGR) കൈവരിച്ചു. തത്ഫലമായി, ആഗോള സേവന കയറ്റുമതിയില്‍ ഇന്ത്യയുടെ വിഹിതം 3.1%-ല്‍ നിന്ന് 4.3%-ആയി ഉയര്‍ന്നു. 2026-27 സാമ്പത്തിക വര്‍ഷത്തിലെ ഏപ്രില്‍-ഒക്ടോബര്‍ കാലയളവില്‍, മൊത്തം കയറ്റുമതിയുടെ ഏകദേശം 45.7% സംഭാവന ചെയ്തത് സേവന മേഖലയാണ്.
ഇന്ത്യ ഒപ്പുവെച്ച വ്യാപാര കരാറുകളുടെ ശൃംഖല വിപുലമായതോടെ, സേവന മേഖലയ്ക്ക് വിദേശ വിപണികളിലേക്കുള്ള പ്രവേശനം വര്‍ദ്ധിച്ചു. ഇത്തരം കരാറുകള്‍ പ്രൊഫഷണലുകളുടെ സഞ്ചാരം (professional mobility) സുഗമമാക്കുകയും, വിവിധ സേവന മേഖലകളില്‍ ഇന്ത്യന്‍ സേവന ദാതാക്കള്‍ക്ക് പുതിയ അവസരങ്ങള്‍ തുറന്നു നല്‍കുകയും ചെയ്തു.
b. വിവിധ കയറ്റുമതി മേഖലകളിലുണ്ടായ ശ്രദ്ധേയമായ വളര്‍ച്ചയാണ് ഇന്ത്യയുടെ ചരക്ക് കയറ്റുമതിക്ക് കൂടുതല്‍ കരുത്തേകുന്നത്: വ്യാവസായിക, കാര്‍ഷിക, പരമ്പരാഗത ഉത്പന്നങ്ങളുടെ കയറ്റുമതിയിലുണ്ടായ മുന്നേറ്റം ഈ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ചു. 2026-27 സാമ്പത്തിക വര്‍ഷത്തിലെ ഏപ്രില്‍-ഒക്ടോബര്‍ കാലയളവില്‍, പ്രധാനപ്പെട്ട പത്ത് കയറ്റുമതി വിഭാഗങ്ങളില്‍ ഏഴെണ്ണത്തിലും രണ്ടക്ക വളര്‍ച്ച രേഖപ്പെടുത്തി.
ഈ കാലയളവില്‍ മികച്ച വളര്‍ച്ച കൈവരിച്ച പ്രധാന കയറ്റുമതി വിഭാഗങ്ങള്‍ താഴെപ്പറയുന്നവയാണ്:
|
തിരഞ്ഞെടുത്ത കയറ്റുമതി വിഭാഗങ്ങള്‍
|
വര്ഷാധിഷ്ഠിത വളര്‍ച്ച
|
|
മറ്റ് ധാന്യങ്ങള്‍*
|
109.74%
|
|
പെട്രോളിയം ഉത്പന്നങ്ങള്‍
|
47.71%
|
|
ഇലക്ട്രോണിക് ഉത്പന്നങ്ങള്‍
|
46.92%
|
|
മാംസം, ക്ഷീരോത്പന്നങ്ങള്‍, കോഴിയിറച്ചി/മുട്ട ഉത്പന്നങ്ങള്‍
|
40.81%
|
|
കൈത്തറി പരവതാനികള്‍ ഒഴികെയുള്ള കരകൗശല ഉത്പന്നങ്ങള്‍
|
36.05%
|
|
എഞ്ചിനീയറിംഗ് ഉത്പന്നങ്ങള്‍
|
22.00%
|
|
പ്ലാസ്റ്റിക്, ലിനോലിയം ഉത്പന്നങ്ങള്‍
|
19.57%
|
|
ജൈവ (ഓര്‍ഗാനിക്), അജൈവ (ഇന്‍ഓര്‍ഗാനിക്) രാസവസ്തുക്കള്‍
|
18.21%
|
|
സമുദ്രോത്പന്നങ്ങള്‍
|
13.32%
|
|
രത്നങ്ങളും ആഭരണങ്ങളും
|
12.16%
|
|
*മറ്റ് ധാന്യങ്ങളില്‍ റൈ (rye), ബാര്‍ലി, ഓട്സ്, ഫോണിയോ, ക്വിനോവ തുടങ്ങിയവ ഉള്‍പ്പെടുന്നു; ഗോതമ്പ്, അരി, ചോളം, ചെറുധാന്യങ്ങള്‍ (millet) എന്നിവ ഇതില്‍ ഉള്‍പ്പെടുന്നില്ല
|
ഇന്ത്യയുടെ കയറ്റുമതി കൂടുതല്‍ വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങളിലേക്ക് വ്യാപിച്ചുകൊണ്ടിരിക്കുകയാണ്; 2026-27 സാമ്പത്തിക വര്‍ഷത്തിലെ ഏപ്രില്‍-ഒക്ടോബര്‍ കാലയളവില്‍, പെട്രോളിയം ഇതര ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 18.01% വര്‍ധിച്ച് 259.22 ബില്യണ്‍ യുഎസ് ഡോളറിലെത്തി.
വിവിധ മേഖലകളില്‍ കയറ്റുമതിയുടെ നേട്ടങ്ങള്‍ ദൃശ്യമാകുന്നു
ഇലക്ട്രോണിക് ഘടകങ്ങള്‍ മുതല്‍ സംസ്കരിച്ച ഭക്ഷ്യവസ്തുക്കള്‍ വരെ, വിവിധ ഉത്പന്നങ്ങളുടെ വിജയം വിദേശ വിപണികളിലെത്തുന്ന ചരക്കുകളുടെ വൈവിധ്യം എടുത്തുകാണിക്കുന്നു.
ഇലക്ട്രോണിക്സ് മേഖലയിലെ വിപുലമായ വളര്‍ച്ച:
2026-27 സാമ്പത്തിക വര്‍ഷത്തിലെ ഏപ്രില്‍-സെപ്റ്റംബര്‍ കാലയളവില്‍, സ്മാര്‍ട്ട്ഫോണുകളും മറ്റ് ഇലക്ട്രോണിക് ഉത്പന്നങ്ങളും ഉള്‍പ്പെടെയുള്ളവയുടെ കയറ്റുമതി മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 44% വര്‍ധിച്ച് 31.97 ബില്യണ്‍ യുഎസ് ഡോളറിലെത്തി.
സ്മാര്‍ട്ട്ഫോണുകളുടെ കയറ്റുമതിയില്‍ 35.8% വളര്‍ച്ച രേഖപ്പെടുത്തിയപ്പോള്‍, സ്മാര്‍ട്ട്ഫോണുകള്‍ ഒഴികെയുള്ള മറ്റ് ഇലക്ട്രോണിക് ഉത്പന്നങ്ങളുടെ കയറ്റുമതി 56.5% വര്‍ധന കൈവരിച്ചു.
ഇലക്ട്രോണിക് ഘടകഭാഗങ്ങളിലും ഉപകരണങ്ങളിലും വളര്‍ച്ച പ്രകടമായി. 'മൗണ്ടഡ് സര്‍ക്യൂട്ട് ബോര്‍ഡുകള്‍' (mounted circuit boards) 3,219% ന്റെ വലിയ വളര്‍ച്ച രേഖപ്പെടുത്തി.
മെമ്മറി ചിപ്പുകള്‍, സോളിഡ്-സ്റ്റേറ്റ് സ്റ്റോറേജ് ഉപകരണങ്ങള്‍ എന്നിവയില്‍ യഥാക്രമം 2,332%, 1,681% വളര്‍ച്ചയുണ്ടായി.
'ലോഡഡ് സര്‍ക്യൂട്ട് ബോര്‍ഡുകള്‍' (loaded circuit boards) 304% വര്‍ധിച്ചപ്പോള്‍, നെറ്റ്വര്ക്കിംഗ് ഉപകരണങ്ങളുടെ കയറ്റുമതിയില്‍ 98% വളര്‍ച്ച രേഖപ്പെടുത്തി.
സിംഗപ്പൂര്‍, ചൈന, ഹോങ്കോംഗ് എന്നിവയാണ് ഈ ഉത്പന്നങ്ങളുടെ പ്രധാന കയറ്റുമതി ലക്ഷ്യസ്ഥാനങ്ങള്‍. മെമ്മറി ചിപ്പുകള്‍ ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്തത് മലേഷ്യയിലേക്കാണ്. നെറ്റ്വര്ക്കിംഗ് ഉപകരണങ്ങളെ സംബന്ധിച്ചിടത്തോളം അമേരിക്കയും നെതര്ലാന്ഡ്സുമാണ് പ്രധാന വിപണികള്‍.
ഇന്ത്യന്‍ കാര്‍ഷിക ഉത്പന്നങ്ങള്‍ക്കും ആഗോള വിപണിയില്‍ നേട്ടം:
ഇലക്ട്രോണിക്സ് മേഖലയ്ക്കൊപ്പം, ചില കാര്‍ഷിക ഉത്പന്നങ്ങളും 2026-27 സാമ്പത്തിക വര്‍ഷത്തിലെ ഏപ്രില്‍-സെപ്റ്റംബര്‍ കാലയളവില്‍ മികച്ച കയറ്റുമതി വളര്‍ച്ച രേഖപ്പെടുത്തി.
ബസ്മതി അരിയുടെ കയറ്റുമതി മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 25% വര്‍ധിച്ച് 1,601 ദശലക്ഷം യുഎസ് ഡോളറിലെത്തി. ഇറാന്, സൗദി അറേബ്യ, അമേരിക്ക എന്നിവയാണ് പ്രധാന വിപണികള്‍.
സംസ്കരിച്ച ഭക്ഷ്യവസ്തുക്കളുടെ മേഖലയിലും വളര്‍ച്ചയുണ്ടായി; ശീതീകരിച്ച ഉരുളക്കിഴങ്ങ് (frozen potato) കയറ്റുമതി 21% വര്‍ധിച്ച് 179 ദശലക്ഷം യുഎസ് ഡോളറിലെത്തി.
ഈ ഉത്പന്നങ്ങളില്‍ 'മക്കാച്ചോളം' (Yellow dent corn) ആണ് ഏറ്റവും ഉയര്‍ന്ന വളര്‍ച്ച രേഖപ്പെടുത്തിയത്; ഇതിന്റെ കയറ്റുമതി 1,156% വര്‍ധിച്ച് 123 ദശലക്ഷം യുഎസ് ഡോളറിലെത്തി. ബംഗ്ലാദേശ്, വിയറ്റ്നാം, ഫിലിപ്പീന്‍സ് എന്നിവയാണ് ഇതിന്റെ പ്രധാന വിപണികള്‍.
ആഗോള വിപണികളില്‍ ഇന്ത്യയുടെ കയറ്റുമതി സാന്നിധ്യം കൂടുതല്‍ ശക്തമാകുന്നു
പ്രധാന അന്താരാഷ്ട്ര വിപണികളിലുടനീളം ഇന്ത്യയുടെ കയറ്റുമതി മേഖല ശ്രദ്ധേയമായ മുന്നേറ്റം കൈവരിക്കുകയാണ്. 2026-27 സാമ്പത്തിക വര്‍ഷത്തിലെ ഏപ്രില്‍-ഒക്ടോബര്‍ കാലയളവില്‍, ഇന്ത്യയുടെ ഏറ്റവും വലിയ പത്ത് ചരക്ക്
|
തിരഞ്ഞെടുത്ത കയറ്റുമതി ലക്ഷ്യസ്ഥാനങ്ങള്‍
|
വര്ഷാധിഷ്ഠിത വളര്‍ച്ച
|
|
സിംഗപ്പൂര്‍
|
107.50%
|
|
മലേഷ്യ
|
106.87%
|
|
സ്പെയിന്
|
88.38%
|
|
ദക്ഷിണാഫ്രിക്ക
|
62.20%
|
|
ശ്രീലങ്ക
|
60.42%
|
|
ഹോങ്കോംഗ്
|
47.61%
|
|
ജപ്പാന്
|
41.02%
|
|
ചൈന
|
37.71%
|
|
ജര്‍മ്മനി
|
14.53%
|
|
യു.എസ്.എ.
|
14.48%
|
|
യു.കെ.
|
13.30%
|
പ്രധാന വിപണികള്ക്കപ്പുറമുള്ള അന്താരാഷ്ട്ര വിപണികളില്‍ കയറ്റുമതി വളര്‍ച്ച

ഇന്ത്യയുടെ കയറ്റുമതി വളര്‍ച്ച വലിയ കയറ്റുമതി വിപണികളില്‍ മാത്രം ഒതുങ്ങിനില്ക്കുന്നില്ല. മറ്റ് പല രാജ്യങ്ങളുമായും പ്രദേശങ്ങളുമായും ഇന്ത്യ വ്യാപാരബന്ധം വിപുലീകരിച്ചുവരികയാണ്.
പുതിയ വിപണികളിലേക്ക് കൂടുതല്‍ ഉത്പന്നങ്ങള്‍
ഒരു പ്രത്യേക ഉത്പന്നം, ഒരു പ്രത്യേക രാജ്യത്തേക്ക് 2026-27 സാമ്പത്തിക വര്‍ഷത്തിലെ ഏപ്രില്‍-സെപ്റ്റംബര്‍ കാലയളവില്‍ ഇന്ത്യ കയറ്റുമതി ചെയ്യുകയും, എന്നാല്‍ മുന്‍ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ ആ ഉത്പന്നം ആ രാജ്യത്തേക്ക് കയറ്റുമതി ചെയ്തിട്ടില്ലാതിരിക്കുകയും ചെയ്യുന്ന ഉത്പന്ന-വിപണി സംയോജന സാഹചര്യത്തെയാണ് 'പുതിയ വിപണി' എന്ന് അര്‍ത്ഥമാക്കുന്നത്.
2026-27 സാമ്പത്തിക വര്‍ഷത്തിലെ ഏപ്രില്‍-സെപ്റ്റംബര്‍ കാലയളവില്‍ ഇന്ത്യയുടെ കയറ്റുമതി സാന്നിധ്യം കൂടുതല്‍ വിപുലമായി. 229 രാജ്യങ്ങളിലേക്കും പ്രദേശങ്ങളിലേക്കുമായി 116 ഉത്പന്ന വിഭാഗങ്ങളിലെ 1,985 പുതിയ ഉത്പന്ന-വിപണി സംയോജനങ്ങളിലൂടെ 622.1 ദശലക്ഷം യുഎസ് ഡോളറിന്റെ കയറ്റുമതി വരുമാനം നേടി. ഈ പുതിയ കയറ്റുമതിയില്‍ നേട്ടം കൈവരിച്ച പ്രധാനപ്പെട്ട അഞ്ച് ഉത്പന്നങ്ങള്‍ താഴെപ്പറയുന്നവയാണ്.
കപ്പലുകള്‍, ബോട്ടുകള്‍, മറ്റ് യാനങ്ങള്‍ എന്നിവ 293.3 ദശലക്ഷം യുഎസ് ഡോളര്‍ മൂല്യവുമായി ഒന്നാമതെത്തി; ഇത് മൊത്തം കയറ്റുമതിയുടെ 47.2% വരും.
വെള്ളി 70.6 ദശലക്ഷം യുഎസ് ഡോളര്‍ സംഭാവന ചെയ്തു, ഇത് മൊത്തം കയറ്റുമതിയുടെ 11.3% ആണ്.
ഗോതമ്പ് കയറ്റുമതി 61.3 ദശലക്ഷം യുഎസ് ഡോളറിലെത്തി, ഇത് 9.9% വിഹിതം സംഭാവന ചെയ്തു.
റെയില്‍വേ ഉപകരണങ്ങളും അനുബന്ധ ഭാഗങ്ങളും 55.8 ദശലക്ഷം യുഎസ് ഡോളര്‍ സംഭാവന ചെയ്തു, ഇത് മൊത്തം വിഹിതത്തിന്റെ 9.0% ആണ്.
മോട്ടോര്‍ വാഹനങ്ങളും കാറുകളും 9.5 ദശലക്ഷം യുഎസ് ഡോളര്‍ (1.5%) സംഭാവന ചെയ്തു.
പ്രാദേശികത്തനിമയുള്ള ഉത്പന്നങ്ങള്‍ക്ക് പുതിയ വിപണികള്‍
പ്രാദേശിക ഉത്പന്നങ്ങള്‍ പുതിയ വിപണികളിലേക്ക് വ്യാപിപ്പിക്കുന്നതിലൂടെ ഇന്ത്യയുടെ തനതായ ഉത്പന്നങ്ങള്‍ കൂടുതല്‍ വിദേശ ഉപഭോക്താക്കളിലേക്ക് എത്തിച്ചേരുന്നു. 2026 ഒക്ടോബറിലെ കയറ്റുമതി കണക്കുകള്‍ ഈ വിപണി വിപുലീകരണത്തിന്റെ വ്യക്തമായ തെളിവാണ്.
ശീതീകരിച്ച ഭക്ഷണസാധനങ്ങള്‍ (Frozen foods): ഹരിയാനയിലെ സോനിപതില്‍ നിന്ന് കാനഡയിലേക്ക് 24 ടണ്‍ അയച്ചു.
ജൈവ കരിപ്പെട്ടി പൊടി (Organic palmyra jaggery powder): തമിഴ്നാട്ടിലെ ഈറോഡില്‍ നിന്ന് ബള്‍ഗേറിയയിലേക്ക് 1.75 ടണ്‍ ആദ്യമായി കയറ്റി അയച്ചു.
ദ്രാവക ഗ്ലൂക്കോസ്: ഉത്തര്‍പ്രദേശിലെ കാന്‍പൂരില്‍ നിന്ന് വിയറ്റ്നാമിലേക്ക് 48 ടണ്‍ ആദ്യ വാണിജ്യ കയറ്റുമതി നടത്തി.
സിന്ദൂരി മാതളനാരങ്ങ (Sinduri pomegranates): ഹിമാചല്‍ പ്രദേശിലെ കുളുവില്‍ നിന്ന് ദുബായിലേക്ക് 1.3 ടണ്‍ കയറ്റി അയച്ചു.
കിവി (Kiwi): അരുണാചല്‍ പ്രദേശിലെ സീറോയില്‍ നിന്ന് ദുബായിലേക്ക് 1.5 ടണ്‍ അയച്ചു.
ജിഐ (GI) ടാഗ് ലഭിച്ച തണ്ടൂര്‍ തുവരപ്പരിപ്പ് (Tandur red gram): തെലങ്കാനയില്‍ നിന്ന് ഓസ്ട്രേലിയയിലേക്ക് 2.5 ടണ്‍ ആദ്യമായി കയറ്റി അയച്ചു.
ജിഐ (GI) ടാഗ് ലഭിച്ച സിയോണി ജംബോ സീതപ്പഴം (Seoni Jumbo Sitafal): മധ്യപ്രദേശിലെ ഒരു സ്വയം സഹായ സംഘത്തില്‍ നിന്ന് ശേഖരിച്ച ഏകദേശം 1.25 ടണ്‍ പഴങ്ങള്‍ ഷാര്‍ജയിലേക്ക് ആദ്യമായി കയറ്റി അയച്ചു.
വ്യാപാര കരാറുകളുള്ള പങ്കാളി രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയില്‍ വര്‍ധന
2026-27 സാമ്പത്തിക വര്‍ഷത്തിലെ ഏപ്രില്‍-സെപ്റ്റംബര്‍ കാലയളവില്‍, ഇന്ത്യയുമായി വ്യാപാര കരാറുകളില്‍ ഒപ്പു വച്ചിട്ടുള്ള വിവിധ രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയില്‍ വര്‍ദ്ധനവുണ്ടായി.
a. പ്രാദേശിക പങ്കാളിത്തങ്ങളില്‍ ശക്തമായ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. 'അസോസിയേഷന് ഓഫ് സൗത്ത് ഈസ്റ്റ് ഏഷ്യന്‍ നേഷന്‍സ്' (ASEAN) രാജ്യങ്ങളിലേക്കുള്ള കയറ്റുമതി 58 ശതമാനവും, 'സൗത്ത് ഏഷ്യന്‍ ഫ്രീ ട്രേഡ് ഏരിയ' (SAFTA) അംഗരാജ്യങ്ങളിലേക്കുള്ള കയറ്റുമതി 22 ശതമാനവും വര്‍ധിച്ചു.
b. പങ്കാളി രാജ്യങ്ങളില്‍ സിംഗപ്പൂര്‍, മലേഷ്യ, ശ്രീലങ്ക എന്നിവ മികച്ച പ്രകടനം കാഴ്ചവെച്ചു. സിംഗപ്പൂരിലേക്കുള്ള കയറ്റുമതി 103 ശതമാനം വര്‍ധിച്ച് ഇരട്ടിയിലധികമായി. മലേഷ്യയിലേക്ക് 83 ശതമാനവും ശ്രീലങ്കയിലേക്ക് 73 ശതമാനവും വര്‍ധന രേഖപ്പെടുത്തി.
c. ദീര്‍ഘകാലമായി ഇന്ത്യയുമായി വ്യാപാര ബന്ധമുള്ള മറ്റ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയിലും ഈ വളര്‍ച്ച പ്രകടമായി. ജപ്പാനിലേക്കും ദക്ഷിണ കൊറിയയിലേക്കും യഥാക്രമം 40 ശതമാനവും 24 ശതമാനവും കയറ്റുമതി വര്‍ധിച്ചു. നേപ്പാള്‍, ഭൂട്ടാന്, തായ്ലന്ഡ് എന്നിവിടങ്ങളിലേക്ക് യഥാക്രമം 19 ശതമാനം, 16 ശതമാനം, 7 ശതമാനം എന്നിങ്ങനെ വര്‍ധനയുണ്ടായി.
d. സമീപകാല വ്യാപാര കരാറുകളുടെ അടിസ്ഥാനത്തിലുള്ള കയറ്റുമതി വളര്‍ച്ച:
അടുത്തിടെ വ്യാപാര കരാറുകളില്‍ ഏര്‍പ്പെട്ട രാജ്യങ്ങളില്‍ ഇന്ത്യയുടെ കയറ്റുമതിയില്‍ ഏറ്റവും ശ്രദ്ധേയമായ വളര്‍ച്ച രേഖപ്പെടുത്തിയത് ഒമാനിലും മൗറീഷ്യസിലുമാണ്. ഈ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി യഥാക്രമം 47 ശതമാനവും 45 ശതമാനവും വര്‍ധിച്ചു.
ഓസ്ട്രേലിയയിലേക്കുള്ള കയറ്റുമതി 11 ശതമാനം വര്‍ധിച്ചു. യുണൈറ്റഡ് കിംഗ്ഡം (UK), 'യൂറോപ്യന്‍ ഫ്രീ ട്രേഡ് അസോസിയേഷന്' (EFTA) എന്നിവയുമായുള്ള വ്യാപാരത്തില്‍ യഥാക്രമം 7 ശതമാനത്തിന്റെയും 5 ശതമാനത്തിന്റെയും വളര്‍ച്ചയുണ്ടായി.
അടുത്ത വര്‍ഷം ആദ്യം ഇന്ത്യ-യൂറോപ്യന്‍ യൂണിയന് (EU) സ്വതന്ത്ര വ്യാപാര കരാര്‍ (FTA) നിലവില്‍ വരുന്നതോടെ, ഒരു ബൃഹത്തായ വ്യാപാര കൂട്ടായ്മയില്‍ ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് മികച്ച മത്സരക്ഷമത കൈവരിക്കാന്‍ സാധിക്കും.
ഇന്ത്യയുടെ സമഗ്ര സാമ്പത്തിക പുരോഗതിയും കയറ്റുമതിയും
ശക്തമായ ആഭ്യന്തര ആവശ്യകത, മെച്ചപ്പെടുന്ന തൊഴില്‍ സാഹചര്യങ്ങള്‍, സുസ്ഥിരമായ ബാഹ്യ സാമ്പത്തിക സ്ഥിതി എന്നിവയ്ക്കൊപ്പം ഇന്ത്യയുടെ കയറ്റുമതി വളര്‍ച്ചയും രാജ്യത്തിന്റെ സമഗ്ര സാമ്പത്തിക പുരോഗതിക്ക് കരുത്തേകുന്നു.
ശക്തമായ ആഭ്യന്തര അടിത്തറ
2026-27 സാമ്പത്തിക വര്‍ഷത്തിലെ ഏപ്രില്‍-ജൂണ്‍ പാദത്തില്‍ യഥാര്‍ത്ഥ ജിഡിപി (Real GDP) മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 7.8% വളര്‍ച്ച രേഖപ്പെടുത്തി. ഈ സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ചാ സാധ്യതകളും ശക്തമായി തുടരുന്നു. ഉപഭോഗം, നിക്ഷേപം, കയറ്റുമതി, സേവന മേഖലകള്‍ എന്നിവ സാമ്പത്തിക മുന്നേറ്റത്തിന്റെ പ്രധാന ചാലകശക്തികളാണെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ട്, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, ഒഇസിഡി (OECD), ഐഎംഎഫ് (IMF), ലോകബാങ്ക് എന്നിവ 7-7.1% വളര്‍ച്ചയാണ് പ്രവചിക്കുന്നത്.
2026-27 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ ഇന്ത്യയുടെ ജിഡിപി പ്രകടനം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക്, 'ഇന്ത്യയുടെ ജിഡിപി പ്രകടനം' (India's GDP Performance) എന്ന വിഭാഗം കാണുക.
ഘട്ടം ഘട്ടമായുള്ള ദാരിദ്ര്യ ലഘൂകരണം
ഇന്ത്യയുടെ സാമ്പത്തിക പുരോഗതി ദാരിദ്ര്യം കുറയുന്നതിലും പ്രതിഫലിക്കുന്നു. ലോകബാങ്കിന്റെ 'പോവര്‍ട്ടി ആന്‍ഡ് ഇക്വിറ്റി ബ്രീഫ്' (ഒക്ടോബര്‍ 2026) പ്രകാരം, ദിവസവും 4.20 യുഎസ് ഡോളറില്‍ താഴെ വരുമാനത്തില്‍ ജീവിക്കുന്ന ഇന്ത്യക്കാരുടെ അനുപാതം 2011-ലെ 57.7%-ല്‍ നിന്ന് 2023-ല്‍ 16.1% ആയി കുറഞ്ഞു. ഇതിലൂടെ ഏകദേശം 496 ദശലക്ഷം ആളുകള്‍ ദാരിദ്ര്യത്തില്‍ നിന്ന് കരകയറി. ഇതേ കാലയളവില്‍, അതീവ ദാരിദ്ര്യം (ദിവസവും 3 യുഎസ് ഡോളറില്‍ താഴെ വരുമാനത്തില്‍ ജീവിക്കുന്ന അവസ്ഥ) 27.1%-ല്‍ നിന്ന് 2.6% ആയി കുറഞ്ഞു.
തൊഴില്‍ വിപണിയില്‍ സമഗ്രമായ പുരോഗതി
ഈ സാമ്പത്തിക വളര്‍ച്ചയ്ക്കൊപ്പം, തൊഴില്‍ വിപണിയിലെ സമീപകാല സൂചകങ്ങളും തൊഴില്‍ പങ്കാളിത്തത്തിലും തൊഴിലവസരങ്ങളിലും പുരോഗതിയുണ്ടായതായി വ്യക്തമാക്കുന്നു.
|
സൂചകം
|
എന്താണ് സൂചിപ്പിക്കുന്നത്
|
മേഖല
|
ഏപ്രില്‍-ജൂണ്‍ 2026
|
ജൂലൈ-സെപ്റ്റംബര്‍ 2026
|
|
തൊഴില്‍ ശക്തി പങ്കാളിത്ത നിരക്ക് (LFPR)
|
ജോലി ചെയ്യുന്നവരോ, ജോലി അന്വേഷിക്കുന്നവരോ, അല്ലെങ്കില്‍ ജോലി ചെയ്യാന്‍ സന്നദ്ധരായവരോ ആയ ജനവിഭാഗത്തിന്റെ അനുപാതം
|
ഗ്രാമം
|
56.9%
|
58.1%
|
|
നഗരം
|
50.2%
|
50.4%
|
|
തൊഴിലാളി-ജനസംഖ്യാ അനുപാതം (WPR)
|
ജനസംഖ്യയില്‍ തൊഴില്‍ ചെയ്യുന്നവരുടെ അനുപാതം
|
ഗ്രാമം
|
54.2%
|
55.6%
|
|
നഗരം
|
46.8%
|
46.9%
|
കൂടാതെ, 15 വയസ്സും അതിനുമുകളിലും പ്രായമുള്ളവരിലെ തൊഴിലില്ലായ്മ നിരക്ക് ഏപ്രില്‍-ജൂണ്‍ പാദത്തിലെ 5.4 ശതമാനത്തില്‍ നിന്ന് 2026 ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ 5.1 ശതമാനമായി കുറഞ്ഞു.
വനിതാ പങ്കാളിത്തത്തില്‍ പുരോഗതി: ഗ്രാമീണ മേഖലയിലെ വനിതാ തൊഴില്‍ പങ്കാളിത്തം ഏപ്രില്‍-ജൂണ്‍ മാസങ്ങളിലെ 37.2 ശതമാനത്തില്‍ നിന്ന് 2026 ജൂലൈ-സെപ്റ്റംബര്‍ മാസങ്ങളില്‍ 39.2 ശതമാനമായി ഉയര്‍ന്നു. നഗരപ്രദേശങ്ങളിലെ വനിതകളുടെ കാര്യത്തില്‍, ഇതേ കാലയളവില്‍ ഇത് 25.0 ശതമാനത്തില്‍ നിന്ന് 25.5 ശതമാനമായി വര്‍ദ്ധിച്ചു.
ഇതിലൂടെ വ്യക്തമാകുന്നത് തൊഴിലില്ലായ്മ നിരക്ക് കുറയുന്നു എന്നതു മാത്രമല്ല; കൂടുതല്‍ ആളുകള്‍ തൊഴില്‍ വിപണിയുടെ ഭാഗമാകുകയും തൊഴില്‍ ലഭിക്കുന്നവരുടെ അനുപാതം ഉയരുകയും ചെയ്യുന്നു.
വിദേശ നേരിട്ടുള്ള നിക്ഷേപവും (FDI) വിദേശനാണ്യ ശേഖരവും
നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ തുടര്‍ച്ചയായ ഒഴുക്കും ഉയര്‍ന്ന വിദേശനാണ്യ കരുതല്‍ ശേഖരവും ഇന്ത്യയുടെ ബാഹ്യ സാമ്പത്തിക സ്ഥിതിക്ക് കൂടുതല്‍ കരുത്തുപകരുന്നു. 2026 ഏപ്രില്‍-സെപ്റ്റംബര്‍ കാലയളവില്‍ അറ്റ നേരിട്ടുള്ള വിദേശ നിക്ഷേപം (Net Foreign Direct Investment) മുന്‍വര്‍ഷത്തെ 7.4 ബില്യണ്‍ യുഎസ് ഡോളറില്‍ നിന്ന് 8.8 ബില്യണ്‍ യുഎസ് ഡോളറായി ഉയര്‍ന്നു. 2026 നവംബര്‍ 6-ലെ കണക്കുകള്‍ പ്രകാരം ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരം 719.55 ബില്യണ്‍ യുഎസ് ഡോളറാണ്. ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങളെയും ബാഹ്യ വെല്ലുവിളികളെയും നേരിടുന്നതിനുള്ള ശക്തമായ സാമ്പത്തിക സുരക്ഷാകവചമായി ഈ കരുതല്‍ ശേഖരം പ്രവര്‍ത്തിക്കുന്നു.
ഇന്ത്യയുടെ കയറ്റുമതി വളര്‍ച്ചയ്ക്ക് കരുത്തേകുന്ന നയപരമായ പിന്തുണ
നികുതി ഇളവുകള്‍, ഉത്പാദന പ്രോത്സാഹനങ്ങള്‍, പ്രാദേശിക കയറ്റുമതി വികസന പദ്ധതികള്‍, ലക്ഷ്യവേധിയായ സഹായങ്ങള്‍ എന്നിവയിലൂടെ ഇന്ത്യന്‍ സംരംഭങ്ങള്‍ക്ക് ശക്തമായ പിന്തുണ നല്‍കുന്നതാണ് രാജ്യത്തിന്റെ കയറ്റുമതി നയം. 2023 ഏപ്രില്‍ 1-ന് പ്രാബല്യത്തില്‍ വന്ന വിദേശ വ്യാപാര നയം (Foreign Trade Policy - FTP) 2023, ഇന്ത്യയുടെ കയറ്റുമതി-ഇറക്കുമതി പ്രവര്‍ത്തനങ്ങള്‍ക്ക് സമഗ്രമായ നയചട്ടക്കൂട് ഒരുക്കുന്നു. ഇതിലെ വ്യവസ്ഥകള്‍ എങ്ങനെ നടപ്പിലാക്കണമെന്ന് 'ഹാന്‍ഡ്ബുക്ക് ഓഫ് പ്രൊസീജേഴ്സ്' (HBP) വിശദീകരിക്കുന്നു.
ആഗോള വിപണിയില്‍ കയറ്റുമതി മത്സരക്ഷമത വര്‍ധിപ്പിക്കല്‍
കയറ്റുമതി ലക്ഷ്യമിട്ടുള്ള ഉത്പാദനത്തിന് പ്രോത്സാഹനം
കയറ്റുമതി ലക്ഷ്യമിട്ടുള്ള ഉത്പാദനത്തിന് ആവശ്യമായ അസംസ്കൃത വസ്തുക്കളും (inputs) ഉപകരണങ്ങളും ലഭ്യമാക്കാന്‍ 'ഫോറിന് ട്രേഡ് പോളിസി' (FTP) മുഖേനയുള്ള സംവിധാനങ്ങള്‍ സഹായിക്കുന്നു.
ഇന്ത്യയുടെ വിദേശ വ്യാപാരത്തിനുള്ള നിയമപരമായ അടിത്തറ
'വിദേശവ്യാപാര (വികസനവും നിയന്ത്രണവും) നിയമം, 1992' ആണ് വിദേശ വ്യാപാരത്തിനായുള്ള ഇന്ത്യയുടെ നിയമപരമായ ചട്ടക്കൂട് പ്രദാനം ചെയ്യുന്നത്.
|
പദ്ധതി
|
പ്രധാന വ്യവസ്ഥകള്‍
|
|
അഡ്വാന്‍സ് ഓതറൈസേഷന്‍ (AA)
|
കയറ്റുമതി ഉത്പന്നങ്ങളില്‍ നേരിട്ട് ഉള്‍പ്പെടുത്തുന്ന ഘടകങ്ങള്‍ (inputs) തീരുവയില്ലാതെ ഇറക്കുമതി ചെയ്യാന്‍ അനുവദിക്കുന്നു. 2025-26 സാമ്പത്തിക വര്‍ഷത്തില്‍ 26,283 അനുമതിപത്രങ്ങള്‍ (authorisations) നല്കി.
|
|
ഡ്യൂട്ടി ഫ്രീ ഇംപോര്‍ട്ട് ഓതറൈസേഷന്‍ (DFIA)
|
കയറ്റുമതി ബാധ്യതകള്‍ നിറവേറ്റിയ ശേഷം, ഉത്പാദനത്തിനാവശ്യമായ അസംസ്കൃത വസ്തുക്കളും മറ്റ് ഘടകങ്ങളും തീരുവയില്ലാതെ ഇറക്കുമതി ചെയ്യാന്‍ ഈ പദ്ധതി അനുവദിക്കുന്നു. 2025-26 സാമ്പത്തിക വര്‍ഷത്തില്‍ ഇതിന്റെ ഭാഗമായി 3,579 അനുമതിപത്രങ്ങള്‍ അനുവദിച്ചു.
|
|
എക്സ്പോര്‍ട്ട് പ്രൊമോഷന് ക്യാപിറ്റല്‍ ഗുഡ്സ് (EPCG)
|
ഉത്പാദനത്തിന് മുന്‍പുള്ള ഘട്ടങ്ങളിലും, ഉത്പാദന വേളയിലും, ഉത്പാദനാനന്തര ഘട്ടങ്ങളിലും ആവശ്യമായ മൂലധന വസ്തുക്കള്‍ (capital goods) കസ്റ്റംസ് തീരുവയില്ലാതെ ഇറക്കുമതി ചെയ്യാന്‍ അനുവദിക്കുന്നു. 2025-26 സാമ്പത്തിക വര്‍ഷത്തില്‍ 21,838 അനുമതിപത്രങ്ങള്‍ നല്കി.
|
ആഭ്യന്തര നികുതി ഭാരം ലഘൂകരിക്കല്‍
കയറ്റുമതി ഉത്പന്നങ്ങളുടെ വിലയില്‍ ഉള്‍പ്പെട്ടിട്ടുള്ളതും ഇളവിന് അര്‍ഹമായതുമായ നികുതികളും മറ്റ് ലെവികളും തിരികെ ലഭ്യമാക്കുന്നതിനുള്ള പ്രധാന സംവിധാനങ്ങള്‍ താഴെപ്പറയുന്നവയാണ്:
|
പദ്ധതി
|
പ്രധാന വ്യവസ്ഥകള്‍
|
|
'റിമിഷന്‍ ഓഫ് ഡ്യൂട്ടീസ് ആന്‍ഡ് ടാക്സസ് ഓണ്‍ എക്സ്പോര്‍ട്ടഡ് പ്രോഡക്ട്സ്' (RoDTEP)
|
2026 ഡിസംബര്‍ 31 വരെ നീട്ടിയിട്ടുള്ള ഈ പദ്ധതി, അര്‍ഹരായ കയറ്റുമതിക്കാര്‍ക്ക്-DTA യൂണിറ്റുകള്‍, അഡ്വാന്‍സ് ഓതറൈസേഷന്‍ (AA) ഉടമകള്‍, SEZ യൂണിറ്റുകള്‍, എക്സ്പോര്‍ട്ട് ഓറിയന്റഡ് യൂണിറ്റുകള്‍ (EOU-കള്‍) എന്നിവയുള്‍പ്പെടെ-നേരത്തെ തിരികെ ലഭിക്കാത്ത നികുതികളും തീരുവകളും തിരികെ ക്ലെയിം ചെയ്യാന്‍ അവസരമൊരുക്കുന്നു. 2021 ഏപ്രില്‍ മുതല്‍ 2025 ഡിസംബര്‍ വരെയുള്ള കാലയളവില്‍ കയറ്റുമതിക്കാര്‍ക്ക് 77,262.60 കോടി രൂപയുടെ ആനുകൂല്യങ്ങള്‍ ലഭിച്ചു.
|
|
'റിബേറ്റ് ഓഫ് സ്റ്റേറ്റ് ആന്‍ഡ് സെന്‍ട്രല്‍ ടാക്സസ് ആന്‍ഡ് ലെവിസ്' (RoSCTL)
|
2026 ഡിസംബര്‍ 31 വരെ നീട്ടിയിട്ടുള്ള ഈ പദ്ധതി, കയറ്റുമതി ചെയ്ത വസ്ത്രങ്ങള്‍ക്കും അനുബന്ധ ഉല്‍പ്പന്നങ്ങള്‍ക്കും മേല്‍ ചുമത്തപ്പെട്ടതും എന്നാല്‍ ഇതുവരെ തിരികെ ലഭിക്കാത്തതുമായ സംസ്ഥാന, കേന്ദ്ര നികുതികളും ലെവികളും തിരികെ നല്കുന്നു. 2025-26 സാമ്പത്തിക വര്‍ഷത്തില്‍, 444-ലധികം ജില്ലകളിലായി 15,400-ലധികം കയറ്റുമതിക്കാര്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിച്ചു; ഇതില്‍ ഭൂരിഭാഗവും സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ (MSME-കള്‍) ആയിരുന്നു.
|
കയറ്റുമതി പങ്കാളിത്തം വിപുലീകരിക്കുന്നു: പ്രാദേശിക സംരംഭങ്ങളെ ആഗോളതലത്തിലേക്ക് ഉയര്‍ത്തുന്നു
സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ (MSME-കള്‍), സ്റ്റാര്‍ട്ടപ്പുകള്‍, കരകൗശല വിദഗ്ധര്‍, ചെറുകിട കയറ്റുമതിക്കാര്‍ എന്നിവയുടെ കയറ്റുമതിയെ പിന്തുണയ്ക്കുന്നതിനായി നയപരവും സൗകര്യപ്രദവുമായ വിവിധ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
കയറ്റുമതി കേന്ദ്രങ്ങളായി ജില്ലകള്‍ (DEH) :
DEH (Districts as Export Hubs) സംരംഭം ഓരോ ജില്ലയെയും കയറ്റുമതി ആസൂത്രണത്തിന്റെയും വികസനത്തിന്റെയും കേന്ദ്രമാക്കി മാറ്റുന്നു. ഇതിലൂടെ പ്രാദേശിക സംരംഭങ്ങള്‍ക്ക് മത്സരക്ഷമത വര്‍ധിപ്പിക്കാനും ആഗോള വിപണികളിലേക്ക് കടന്നുചെല്ലാനും അവസരമൊരുങ്ങുന്നു. ആത്മനിര്‍ഭര്‍ ഭാരത്, വോക്കല്‍ ഫോര്‍ ലോക്കല്‍ എന്നീ ദേശീയ സംരംഭങ്ങള്‍ക്ക് അനുപൂരകമായ ഈ പദ്ധതി, ജില്ലാതലത്തില്‍ സംരംഭകത്വവും കയറ്റുമതിയും പ്രോത്സാഹിപ്പിച്ച് പ്രാദേശിക വികസനത്തിന് ആക്കം കൂട്ടുന്നു.
2026 മാര്‍ച്ച് വരെ, കരട് പദ്ധതികള്‍ 590 ജില്ലകളെ ഉള്‍ക്കൊള്ളുന്നു, 249 എണ്ണം ജില്ലാ കയറ്റുമതി പ്രോത്സാഹന സമിതികള്‍ ഔദ്യോഗികമായി അംഗീകരിച്ചു.
DEH ' സംരംഭത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക്, 'Districts as Export Hubs: Taking India's Exports to Every District' പരിശോധിക്കുക.

ഇ-കൊമേഴ്സ് കയറ്റുമതി:
ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ചയ്ക്ക് അനുപൂരകമായി, ചരക്കുകളുടെയും സേവനങ്ങളുടെയും അതിര്‍ത്തി കടന്നുള്ള വ്യാപാരം, ഇ-കൊമേഴ്സ്, നൂതന കയറ്റുമതി മാര്‍ഗങ്ങള്‍ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സമഗ്രമായ ചട്ടക്കൂടാണ് വിദേശ വ്യാപാര നയം (FTP) മുന്നോട്ടുവയ്ക്കുന്നത്. ഇതിന്റെ ഭാഗമായി, അതിര്‍ത്തി കടന്നുള്ള ഇ-കൊമേഴ്സ് വ്യാപാരത്തിന് ആവശ്യമായ ബിസിനസ് അടിസ്ഥാനസൗകര്യങ്ങളും അനുബന്ധ സൗകര്യങ്ങളും ലഭ്യമാക്കുന്ന കേന്ദ്രങ്ങളായാണ് ഇ-കൊമേഴ്സ് എക്സ്പോര്‍ട്ട് ഹബുകള്‍ (ECEH-കള്‍) വിഭാവനം ചെയ്തിരിക്കുന്നത്.
കയറ്റുമതി പ്രോത്സാഹന ദൗത്യം (Export Promotion Mission -EPM): ഒരു സമഗ്ര മുന്നേറ്റം
2025 നവംബറില്‍ അംഗീകാരം ലഭിച്ച കയറ്റുമതി പ്രോത്സാഹന ദൗത്യം (Export Promotion Mission - EPM), ഇന്ത്യയുടെ കയറ്റുമതി മത്സരക്ഷമത വര്‍ധിപ്പിക്കുക, കയറ്റുമതി പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുക, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളോടെ 2025-26 മുതല്‍ 2030-31 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളിലായി 25,060 കോടി രൂപയുടെ വിഹിതം വകയിരുത്തിയിട്ടുണ്ട്. വ്യാപാര ധനസഹായം, ചട്ടങ്ങള്‍ പാലിക്കല്‍, വിപണിപ്രവേശനം, ലോജിസ്റ്റിക്സ് തുടങ്ങിയ മേഖലകളില്‍ സാമ്പത്തികവും സാമ്പത്തികേതരവുമായ പിന്തുണ ഏകോപിപ്പിച്ചാണ് മിഷന് നടപ്പാക്കുന്നത്. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ (MSME-കള്‍), ആദ്യമായി കയറ്റുമതിയിലേക്ക് കടക്കുന്നവര്‍, തൊഴില്‍-തീവ്ര മേഖലകളിലെ സംരംഭങ്ങള്‍, ഉള്‍നാടന്‍ പ്രദേശങ്ങളിലെയും കയറ്റുമതി സാധ്യത കുറഞ്ഞ മേഖലകളിലെയും കയറ്റുമതിക്കാര്‍ എന്നിവര്‍ക്കാണ് പ്രത്യേക പരിഗണന നല്‍കുന്നത്.
വ്യാപാര തടസ്സങ്ങള്‍ നേരിടുന്നതിനുള്ള പിന്തുണ:
കയറ്റുമതി പ്രോത്സാഹന ദൗത്യം (EPM) മുഖേന 497 കോടി രൂപ വകയിരുത്തിയിട്ടുള്ള റെസിലിയന്‍സ് & ലോജിസ്റ്റിക്സ് ഇന്റര്‍വെന്‍ഷന്‍ ഫോര്‍ എക്സ്പോര്‍ട്ട് ഫെസിലിറ്റേഷന്‍ (റിലീഫ്) പദ്ധതി, കയറ്റുമതിക്കാര്‍ക്ക്, പ്രത്യേകിച്ച് സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് (MSME-കള്‍) ലക്ഷ്യവേധിയായ പിന്തുണ നല്കുന്നു. ഗള്‍ഫിലെയും പശ്ചിമേഷ്യയിലെയും സമുദ്ര മാര്‍ഗ്ഗ തടസ്സങ്ങള്‍ മൂലമുണ്ടാകുന്ന വര്‍ദ്ധിച്ച ചരക്ക് ചെലവുകള്‍, ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍, യുദ്ധവുമായി ബന്ധപ്പെട്ട അപകടസാധ്യതകള്‍ എന്നിവ ഉള്‍ക്കൊള്ളാന്‍ ഇത് സഹായിക്കുന്നു. അര്‍ഹമായ മുന്‍കാല കയറ്റുമതികളും ഭാവി കയറ്റുമതികളും ഇതില്‍ ഉള്‍പ്പെടുന്നു.
കയറ്റുമതി പ്രോത്സാഹന ദൗത്യത്തെ (EPM) കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക്, 'Export Promotion Mission: Building an Integrated Pathway for MSMEs in Global Trade' പരിശോധിക്കുക.
വിദേശ വിപണികളിലേക്കുള്ള പ്രവേശനം: വളരുന്ന വ്യാപാര പങ്കാളിത്തങ്ങള്‍
ആഗോള വെല്ലുവിളികള്‍ക്കിടയിലും, ഇന്ത്യയുടെ വികസിതമായ വ്യാപാര പങ്കാളിത്തങ്ങള്‍ വിപണിപ്രവേശനം വര്‍ദ്ധിപ്പിക്കുകയും സാമ്പത്തിക അടിത്തറ ശക്തമാക്കുകയും ചെയ്യുന്നു.
ഇന്ത്യയുടെ വ്യാപാര പങ്കാളിത്തങ്ങളിലെ പരിവര്‍ത്തനങ്ങള്‍:
സമീപകാല കരാറുകള്‍ നടപ്പിലാക്കുന്നതിനൊപ്പം, ആഗോളതലത്തില്‍ സ്വാധീനം വിപുലീകരിക്കുന്നതിനായി ഇന്ത്യ ഒമ്പത് വ്യാപാര ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. അമേരിക്ക, കാനഡ, ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (GCC) തുടങ്ങിയവയുമായുള്ള ചര്‍ച്ചകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. കൂടാതെ, ഇന്ത്യ-കൊറിയ CEPA, ആസിയാന്‍-ഇന്ത്യ ചരക്ക് വ്യാപാര കരാര്‍ എന്നിവയുള്‍പ്പെടെ നാല് കരാറുകള്‍ അവലോകനം ചെയ്യുന്നതിനോ നവീകരിക്കുന്നതിനോ ഉള്ള ചര്‍ച്ചകളും നടന്നുവരുന്നു.
ഇന്ത്യയുടെ വ്യാപാര പങ്കാളിത്തങ്ങളെക്കുറിച്ച് കൂടുതല്‍ അറിയാന്‍, 'Signed, Sealed and Exporting: India's Trade Agreements in Action' പരിശോധിക്കുക.
പ്രത്യേക സാമ്പത്തിക മേഖലകള്‍ (Special Economic Zones-SEZ): കയറ്റുമതി അടിസ്ഥാന സൗകര്യങ്ങളുടെ വിപുലീകരണം
വ്യാപാരത്തെയും നിക്ഷേപത്തെയും പ്രോത്സാഹിപ്പിക്കുന്നതിനായി പ്രത്യേകം നിശ്ചയിക്കപ്പെട്ട പ്രദേശങ്ങളാണ് പ്രത്യേക സാമ്പത്തിക മേഖലകള്‍ (Special Economic Zones-SEZ). ആഭ്യന്തര, വിദേശ നിക്ഷേപങ്ങള്‍ ആകര്‍ഷിച്ചും, അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ചും, വ്യാവസായിക പ്രവര്‍ത്തനങ്ങള്‍ക്ക് വഴിയൊരുക്കിയും ഇവ കയറ്റുമതിയെ പിന്തുണയ്ക്കുന്നു. വിദേശനാണ്യം നേടുന്നതിനൊപ്പം, പ്രത്യക്ഷമായും പരോക്ഷമായും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും, പ്രാദേശിക ബിസിനസ്സുകളെയും സമ്പദ്വ്യവസ്ഥയെയും സഹായിക്കാനും ഈ മേഖലകള്‍ക്ക് കഴിയുന്നു. 2026 ജൂലൈ വരെയുള്ള കണക്കനുസരിച്ച്, ആകെ 372 SEZ-കള്‍ വിജ്ഞാപനം ചെയ്യപ്പെട്ടിട്ടുണ്ട്. 2026-27 സാമ്പത്തിക വര്‍ഷത്തില്‍ എട്ട് പുതിയ SEZ-കള്‍ കൂടി വിജ്ഞാപനം ചെയ്തു.
സ്ഥാപനം
മേഖല
സ്ഥലം
നിര്‍ദ്ദിഷ്ട നിക്ഷേപം (ഏകദേശം രൂപ കോടിയില്‍)
നിര്‍ദ്ദിഷ്ട പ്രത്യക്ഷ /പരോക്ഷ തൊഴിലവസരങ്ങള്‍ (ഏകദേശം)
ടാറ്റ സെമികണ്ടക്ടര്‍ മാനുഫാക്ചറിംഗ് പ്രൈവറ്റ് ലിമിറ്റഡ്
ഇലക്ട്രോണിക് ഹാര്ഡ്വെയര്, സോഫ്റ്റ്വെയര് (IT/ITES ഉള്‍പ്പെടെ)
ധോലേര സ്പെഷ്യല്‍ ഇന്‍വെസ്റ്റ്മെന്റ് റീജിയന്, ഗുജറാത്ത്
91,000
21,900
എന്‍.ഡി.ആര് ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡ്
മള്‍ട്ടി-സെക്ടര്‍ (വിവിധ മേഖലകള്‍)
റാണിപേട്ട് ജില്ല, തമിഴ്നാട്
316.1075
1,000
പോണ്ടിച്ചേരി ഇന്‍ഡസ്ട്രിയല്‍ പ്രൊമോഷന് ഡെവലപ്മെന്റ് ആന്‍ഡ് ഇന്‍വെസ്റ്റ്മെന്റ് കോര്പ്പറേഷന് (PIPDIC)
മള്‍ട്ടി-സെക്ടര്‍ (വിവിധ മേഖലകള്‍)
പുതുച്ചേരി ജില്ല, പുതുച്ചേരി (കേന്ദ്രഭരണ പ്രദേശം)
1,250
5,000
ഔല്ഗാരെറ്റ് മുനിസിപ്പാലിറ്റി SEZ
IT/ITES
പുതുച്ചേരി ജില്ല, പുതുച്ചേരി (കേന്ദ്രഭരണ പ്രദേശം)
725
3,500
കോഗ്നിസന്റ് ടെക്നോളജി സൊല്യൂഷന്‍സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്
IT/ITES
വിശാഖപട്ടണം, ആന്ധ്രാപ്രദേശ്
1,582.98
17,302
ഹെറ്ററോജീനിയസ് ഇന്റഗ്രേഷന്‍ പാക്കേജിംഗ് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്
സെമികണ്ടക്ടര്‍
ഖോര്‍ധ, ജത്നി, ഒഡീഷ
297.39
250
പോളിമാടെക് ഇലക്ട്രോണിക്സ് ലിമിറ്റഡ്
ഇലക്ട്രോണിക്സ് ആന്‍ഡ് എന്‍ജിനീയറിംഗ് - സെമികണ്ടക്ടര്‍, ഇലക്ട്രോണിക്സ് നിര്‍മ്മാണം
നവ റായ്പൂര്‍, അടല്‍ നഗര്‍, ഛത്തീസ്ഗഢ്
130
1,300
എന്‍.ഐ.ഡി.പി ഡെവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്
ഡാറ്റാ സെന്റര്‍ വികസനത്തിനായുള്ള IT/ITES SEZ
ഗ്രേറ്റര്‍ നോയിഡ, ഗൗതം ബുദ്ധ നഗര്‍ ജില്ല, ഉത്തര്‍പ്രദേശ്
2,448.66
166
പ്രത്യേക സാമ്പത്തിക മേഖലകളെ (Special Economic Zones-SEZ) കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക്, 'Union Budget 2026-27: Strengthening SEZs for Global Competitiveness & Growth' പരിശോധിക്കുക.
കയറ്റുമതിയുമായി ബന്ധപ്പെട്ട മുഴുവന്‍ പ്രക്രിയകളും ലളിതവും വേഗമേറിയതും കാര്യക്ഷമവുമാക്കുന്നു.
ഡിജിറ്റല്‍ സേവനങ്ങള്‍, ലളിതമായ കസ്റ്റംസ് നടപടിക്രമങ്ങള്‍, ലോജിസ്റ്റിക്സ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയിലൂടെ കയറ്റുമതിയുമായി ബന്ധപ്പെട്ട മുഴുവന്‍ പ്രക്രിയകളും ലളിതവും വേഗമേറിയതും കാര്യക്ഷമവുമാക്കുന്നു.
അന്താരാഷ്ട്ര വ്യാപാരവുമായി ബന്ധപ്പെട്ട വിവരങ്ങളും സേവനങ്ങളും ഏകീകൃത ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ ലഭ്യമാക്കി, ആഗോള വിപണികളിലേക്കുള്ള പ്രവേശനം കൂടുതല്‍ സുഗമമാക്കുന്നതിലൂടെ ഇന്ത്യന്‍ കയറ്റുമതി സ്ഥാപനങ്ങളെ ശാക്തീകരിക്കുകയാണ് ട്രേഡ് കണക്ടിന്റെ ലക്ഷ്യം.
ICEGATE (ഇന്ത്യന്‍ കസ്റ്റംസ് ഇലക്ട്രോണിക് ഡാറ്റ ഇന്റര്‍ചേഞ്ച് (EDI) ഗേറ്റ്വേ) ഇന്ത്യന്‍ കസ്റ്റംസിനെയും വ്യാപാരികളെയും ഏകീകൃത ഡിജിറ്റല്‍ ഗേറ്റ്വേയിലൂടെ ബന്ധിപ്പിക്കുന്നു, കസ്റ്റംസ് നടപടിക്രമങ്ങള്‍ ലളിതമാക്കുന്നു, അതിര്‍ത്തി കടന്നുള്ള വ്യാപാരം സുഗമമാക്കുന്നു.
ഏകീകൃത ലോജിസ്റ്റിക്സ് ഇന്റര്‍ഫേസ് പ്ലാറ്റ്ഫോം (ULIP) API-കള്‍ മുഖേന സര്‍ക്കാര്‍ ലോജിസ്റ്റിക്സ് സംവിധാനങ്ങളെ സംയോജിപ്പിക്കുന്നു. 2026 ജൂലൈയോടെ, 12 കേന്ദ്ര മന്ത്രാലയങ്ങളിലായി 46 സംവിധാനങ്ങളെ 142 API-കള്‍ മുഖേന ULIP ലിങ്ക് ചെയ്തു.
ലോജിസ്റ്റിക്സ് ഡാറ്റ ബാങ്ക് (LDB) EXIM കണ്ടെയ്നറുകളെ തത്സമയം ട്രാക്ക് ചെയ്യുന്നു, വിവര കൈമാറ്റവും ലോജിസ്റ്റിക്സ് ദൃശ്യപരതയും മെച്ചപ്പെടുത്തുന്നു.
ഡാക് ഘര്‍ നിര്യാത് കേന്ദ്രങ്ങള്‍ (DNK-കള്‍) ബുക്കിംഗ്, ഡിജിറ്റല്‍ ഡോക്യുമെന്റേഷന്, കസ്റ്റംസ് ക്ലിയറന്‍സ് എന്നിവയിലൂടെ തപാല്‍ മുഖേനയുള്ള കയറ്റുമതി ലളിതമാക്കുന്നു. 2026 ജനുവരി വരെ, 1,013 DNK-കള്‍ രാജ്യവ്യാപകമായി പ്രവര്‍ത്തിക്കുന്നു, ഇത് വിദൂര പ്രദേശങ്ങളിലെ കയറ്റുമതിക്കാരെ ആഗോള വിപണികളില്‍ പ്രവേശിക്കാന്‍ സഹായിക്കുന്നു.
കയറ്റുമതി വളര്‍ച്ചയ്ക്ക് കരുത്തേകുന്ന സമഗ്ര നയചട്ടക്കൂട്
മെയ്ക്ക് ഇന്‍ ഇന്ത്യ, ഉത്പാദന ബന്ധിത പ്രോത്സാഹന (PLI) പദ്ധതികള്‍, പി.എം. മിത്ര പാര്‍ക്കുകള്‍ തുടങ്ങിയ സംരംഭങ്ങളിലൂടെ ഇന്ത്യയുടെ ഉത്പാദന അടിത്തറ വിപുലീകരിക്കുകയും ഉത്പാദന -കയറ്റുമതി ശേഷി വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ഇതുവഴി രാജ്യത്തിന്റെ കയറ്റുമതി വളര്‍ച്ചയ്ക്ക് കൂടുതല്‍ കരുത്തുപകരാനും ആഗോള വിപണിയില്‍ ഇന്ത്യന്‍ ഉത്പന്നങ്ങളുടെ മത്സരക്ഷമത മെച്ചപ്പെടുത്താനും സാധിക്കുന്നു.
നാഷണല്‍ ലോജിസ്റ്റിക്സ് പോളിസി, പിഎം ഗതിശക്തി, സാഗര്‍മാല എന്നിവ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിലൂടെയും ഗതാഗത സംവിധാനങ്ങള്‍ കാര്യക്ഷമമാക്കുന്നതിലൂടെയും ലോജിസ്റ്റിക്സ് ചെലവുകള്‍ കുറയ്ക്കുന്നതിലൂടെയും ഈ ഉദ്യമങ്ങള്‍ക്ക് കൂടുതല്‍ പിന്തുണ നല്കുന്നു; അതുവഴി ആഗോള വിപണികളില്‍ ഇന്ത്യന്‍ കയറ്റുമതിയെ മത്സരക്ഷമമാക്കുന്നു.
ഉപസംഹാരം
ഇന്ത്യയുടെ സമീപകാല കയറ്റുമതി പ്രകടനം, ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും മേഖലകളില്‍ സുസ്ഥിര വളര്‍ച്ച വ്യക്തമാക്കുന്നു. വിവിധതരം ഉത്പന്നങ്ങളിലൂടേയും അന്താരാഷ്ട്ര വിപണികളിലൂടേയും കയറ്റുമതി വിപുലീകൃതമാകുന്നു. മത്സരക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും ലോകമെമ്പാടുമുള്ള പുതിയ ഉപഭോക്താക്കളിലേക്ക് എത്തിച്ചേരുന്നതിനുമായി കയറ്റുമതിക്കാര്‍, ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ (MSMEs), വ്യാപാരികള്‍, സര്‍ക്കാര്‍ എന്നിവര്‍ നടത്തിയ കൂട്ടായ പരിശ്രമങ്ങളാണ് ഈ പുരോഗതിക്ക് വഴിയൊരുക്കിയത്. ഉത്പാദന മേഖലയ്ക്കുള്ള പ്രോത്സാഹനങ്ങള്‍, ആഗോള വിപണികളിലേക്കുള്ള പ്രവേശനം സുഗമമാക്കല്‍, ലോജിസ്റ്റിക്സ്, കയറ്റുമതി അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികള്‍ എന്നിങ്ങനെ, സര്‍ക്കാരിന്റെ സുസ്ഥിരമായ നയങ്ങളും ഈ ഉദ്യമങ്ങള്‍ക്ക് കരുത്തേകുന്നു.
കൂടാതെ, വ്യാപാര നടപടികള്‍ കൂടുതല്‍ ലളിതമാക്കുക, കണക്റ്റിവിറ്റി മെച്ചപ്പെടുത്തുക, പുതിയ വിപണികളിലേക്ക് പ്രവേശിക്കാന്‍ സംരംഭങ്ങള്‍ക്ക് അവസരമൊരുക്കുക എന്നിവ ലക്ഷ്യമിട്ടുള്ള വിവിധ നടപടികളിലൂടെ ഈ പിന്തുണ കൂടുതല്‍ ശക്തിപ്പെടുത്തുന്നു. ഇതുവഴി, ആഗോള വിപണികളില്‍ ഇന്ത്യന്‍ സംരംഭങ്ങളുടെ സാന്നിധ്യവും വ്യാപ്തിയും വര്‍ധിപ്പിക്കുന്നതിന് കൂടുതല്‍ പ്രോത്സാഹനം ലഭിക്കും.
സൂചനകള്‍
****
(Explainer ID: 160825)
आगंतुक पटल : 12
Provide suggestions / comments