Farmer's Welfare

പ്രധാൻ മന്ത്രി കൃഷി സിഞ്ചായീ യോജന (PMKSY)

ജലസേചനത്തിലൂടെയുള്ള കാർഷിക പരിവർത്തനത്തിന്റെ ഒരു പതിറ്റാണ്ട്

Posted On: 30 JUN 2026 5:28PM

കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഇന്ത്യയിലുടനീളം ജലസേചന അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിലും കാര്യക്ഷമമായ ജല മാനേജ്‌മെന്റ് പ്രോത്സാഹിപ്പിക്കുന്നതിലും PMKSY നിർണായക പങ്കുവഹിച്ചിട്ടുണ്ട്. 64,407 കോടി രൂപയിലധികം കേന്ദ്ര സഹായത്തോടെ ജലസേചനത്തിലൂടെയുള്ള കാർഷിക പരിവർത്തനത്തിന്റെ പ്രധാന ചാലകശക്തിയായി PMKSY മാറിയിരിക്കുന്നു. 2016-17 മുതൽ PMKSY വഴി 27 ദശലക്ഷത്തിലധികം കർഷകർക്ക് പ്രയോജനം ലഭിക്കുകയും 24.61 ദശലക്ഷം ഹെക്ടർ ഭൂമിയിൽ ജലസേചന ശേഷി പുതുതായി സൃഷ്ടിക്കുകയോ പുനഃസ്ഥാപിക്കുകയോ ചെയ്യുകയുണ്ടായി. 'ഓരോ തുള്ളിയിലും കൂടുതൽ വിള' (പെർ ഡ്രോപ്പ് മോർ ക്രോപ്പ്) പദ്ധതി ആരംഭിച്ചതുമുതൽ ഇതുവരെ 110.92 ലക്ഷം ഹെക്ടർ ഭൂമി സൂക്ഷ്മ ജലസേചനത്തിന് കീഴിൽ കൊണ്ടുവന്നിട്ടുണ്ട്. ജലസേചനം വ്യാപിപ്പിക്കുന്നതിനും ജലവിനിയോഗത്തിന്റെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും സുസ്ഥിര ജല പരിപാലനം പ്രോത്സാഹിപ്പിക്കുന്നതിനുമായി 2026-27 ലെ കേന്ദ്ര ബജറ്റിൽ PMKSY-ക്കായി 6,587 കോടി രൂപ വകയിരുത്തി.

ജല സംരക്ഷിത കൃഷിയിലൂടെ സുസ്ഥിരത പരിപോഷിപ്പിക്കുന്നു

കാർഷിക ഉൽപ്പാദനക്ഷമത വർധിപ്പിക്കുന്നതിനും കാലാവസ്ഥാ വ്യതിയാനങ്ങളെ പ്രതിരോധിക്കാനുള്ള ശേഷി ശക്തിപ്പെടുത്തുന്നതിനും കർഷകർക്ക് സുസ്ഥിര ഉപജീവനമാർഗ്ഗം ഉറപ്പാക്കുന്നതിനും ജലസുരക്ഷ പരമപ്രധാനമാണ്. ലഭ്യമായ ജലവിഭവങ്ങളുടെ ഉപയോഗം പരമാവധി പ്രയോജനപ്പെടുത്തുന്നതിന് വിള സമ്പ്രദായങ്ങൾ അനുയോജ്യമായ രീതിയിൽ ക്രമീകരിക്കുന്നതും കാര്യക്ഷമമായ ജലസേചന രീതികൾ അവലംബിക്കുന്നതും അത്യന്താപേക്ഷിതമാണ്.

2015 ജൂലൈ 1-ന് ആരംഭിച്ച പ്രധാൻ മന്ത്രി കൃഷി സിഞ്ചായീ യോജന (PMKSY) ഇന്ത്യയിൽ ജലസേചനത്തിലൂടെയുള്ള കാർഷിക പരിവർത്തനത്തിന് ആക്കം കൂട്ടിക്കൊണ്ട് 10 വർഷത്തിലധികം പൂർത്തിയാക്കിയിരിക്കുന്നു. ഈ പദ്ധതി ഉറപ്പായ ജലസേചനം വ്യാപിപ്പിക്കുകയും കൃഷിയിടങ്ങളിലെ ജലവിനിയോഗ കാര്യക്ഷമത മെച്ചപ്പെടുത്തുകയും സുസ്ഥിര ജലസംരക്ഷണം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. മഴവെള്ള സംഭരണം (ജൽ സഞ്ചയ്), കാര്യക്ഷമമായ ജലസേചനം (ജൽ സിഞ്ചൻ) എന്നിവയിലൂടെ കൃഷിയിടങ്ങളിലെ കാര്യക്ഷമമായ ജലവിതരണവും മഴവെള്ള സംഭരണവും വഴി ഇത് ജലസേചന സംവിധാനങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുന്നു.

ഈ ശ്രമങ്ങളിലൂടെ കൂടുതൽ വിസ്തൃതിയിലേക്ക് ജലസേചനം എത്തിക്കുന്നതിനും വിള ഉൽപ്പാദനക്ഷമത വർധിപ്പിക്കുന്നതിനും പരിസ്ഥിതി സുസ്ഥിരതയ്ക്കും PMKSY സംഭാവന നൽകുന്നു. ജലത്തിന്റെ വിവേകപൂർണ്ണമായ ഉപയോഗം മണ്ണിലെ ഈർപ്പവും ഗുണമേന്മയും മെച്ചപ്പെടുത്തുകയും വിള ഉൽപ്പാദനക്ഷമത വർധിപ്പിക്കുകയും പാരിസ്ഥിതിക നേട്ടങ്ങൾ പ്രദാനം ചെയ്യുകയും ഒരേ ജലസ്രോതസ്സിൽ നിന്ന് തന്നെ കൂടുതൽ കൃഷിഭൂമിയിലേക്ക് ജലസേചനം വ്യാപിപ്പിക്കുകയും ചെയ്യുന്നു.

PMKSY-യിലൂടെയുള്ള ജലസേചന പരിവർത്തനം

മുഴുവൻ ജലസേചന മൂല്യശൃംഖലയെയും ഉൾക്കൊള്ളുന്ന നാല് തന്ത്രപ്രധാനമായ ഘടകങ്ങളിലൂടെ ജലസേചന വ്യാപനത്തെയും ജലവിനിയോഗ കാര്യക്ഷമതയെയും PMKSY സമന്വയിപ്പിക്കുന്നു.

  • ആക്സിലറേറ്റഡ് ഇറിഗേഷൻ ബെനിഫിറ്റ് പ്രോഗ്രാം (AIBP):  ദേശീയ പദ്ധതികൾ ഉൾപ്പെടെ നിലവിലുള്ള വലിയതും ഇടത്തരവുമായ ജലസേചന പദ്ധതികൾ വേഗത്തിൽ പൂർത്തിയാക്കുന്നതിലാണ് ഇത് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ജലസേചന അടിസ്ഥാന സൗകര്യങ്ങൾ കൃത്യസമയത്ത് നിർമ്മിക്കുന്നതിനെ AIBP പിന്തുണയ്ക്കുകയും കർഷകർക്കുള്ള ജലലഭ്യത ശക്തിപ്പെടുത്തുകയും ചെയ്യുന്നു. 2016-17 മുതൽ ഇതിന് 21,023 കോടി രൂപ കേന്ദ്ര സഹായമായി ലഭിച്ചിട്ടുണ്ട്. ഇത് 17.30 ദശലക്ഷം കർഷകർക്ക് പ്രയോജനം ചെയ്തു. ഗുണഭോക്താക്കളുടെ എണ്ണത്തിൽ ഇത് PMKSY-യുടെ ഏറ്റവും വലിയ ഘടകമായി മാറുന്നു. 2025-26ൽ പ്രധാൻ മന്ത്രി കൃഷി സിഞ്ചായീ യോജന - അക്സിലറേറ്റഡ് ഇറിഗേഷൻ ബെനിഫിറ്റ് പ്രോഗ്രാമിന്റെ (PMKSY-AIBP) ഒരു ഉപപദ്ധതിയായി കമാൻഡ് ഏരിയ ഡെവലപ്‌മെന്റ് ആൻഡ് വാട്ടർ മാനേജ്‌മെന്റ് നവീകരണത്തിന് (M-CADWM) ഗവൺമെന്റ് അംഗീകാരം നൽകി. ഈ ഘടകത്തിന് കീഴിൽ ഗവൺമെന്റ് 1,600 കോടി രൂപയുടെ പ്രാരംഭ തുക വകയിരുത്തി. വലിയതും ഇടത്തരവുമായ ജലസേചന പദ്ധതികളിൽ നിന്നുള്ള ജലം പ്രഷറൈസ്ഡ് പൈപ്പ്ഡ്, മൈക്രോ-ഇറിഗേഷൻ സംവിധാനങ്ങളിലൂടെ എത്തിച്ചുകൊണ്ട് ഇത് AIBP-യെ പൂർണ്ണമാക്കുന്നു.
  • ഹർ ഖേത് കോ പാനി (HKKP): ചെറിയ ജലസേചന മാർഗ്ഗങ്ങളിലൂടെയും (ഉപരിതല ജലവും ഭൂഗർഭജലവും) ഉറപ്പായ ജലസേചനത്തിന് കീഴിലുള്ള കൃഷിഭൂമി വ്യാപിപ്പിക്കുന്നതിലൂടെയും പുതിയ ജലസ്രോതസ്സുകൾ സൃഷ്ടിക്കുന്നതിൽ ഇത് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. പദ്ധതി ആരംഭിച്ചതുമുതൽ 3,462 സർഫേസ് മൈനർ ഇറിഗേഷൻ (SMI), റിപ്പയർ, റിനവേഷൻ ആന്റ് റീസ്റ്റോറേഷൻ (RRR) പദ്ധതികൾ പൂർത്തിയാക്കി. ഇത് 5.93 ലക്ഷം ഹെക്ടർ ജലസേചന ശേഷി സൃഷ്ടിച്ചു. അതേസമയം ഭൂഗർഭജല ഇടപെടലുകൾ 88.55 ആയിരം ഹെക്ടർ ജലസേചന പരിധി കൂടി കൂട്ടിച്ചേർത്തു.
  • വാട്ടർഷെഡ് ഡെവലപ്‌മെന്റ് (തണ്ണീർത്തട വികസനം): സംയോജിത വാട്ടർഷെഡ് മാനേജ്‌മെന്റിലൂടെ മഴയെ ആശ്രയിക്കുന്നതും ഉൽപ്പാദനക്ഷമത കുറഞ്ഞതുമായ ഭൂമിയുടെ ഉൽപ്പാദന ശേഷി ഇത് വർധിപ്പിക്കുന്നു. 2016-17 മുതൽ ഇതിന് 12,432.09 കോടി രൂപ കേന്ദ്ര സഹായമായി ലഭിച്ചു. ഇത് 1.34 ദശലക്ഷം കർഷകർക്ക് പ്രയോജനം ചെയ്യുകയും സുസ്ഥിരമായ പ്രകൃതിവിഭവ മാനേജ്‌മെന്റിനെ പിന്തുണയ്ക്കുകയും ചെയ്തു.
  • പെർ ഡ്രോപ്പ് മോർ ക്രോപ്പ് (PDMC): കൃഷിയിടങ്ങളിൽ ജലവിനിയോഗ കാര്യക്ഷമത പരമാവധി വർധിപ്പിക്കുന്നതിൽ ശക്തമായ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് 2015-16 മുതൽ 2021-22 വരെ ഇത് PMKSY-യുടെ അവിഭാജ്യ ഘടകമായിരുന്നു. 2022-23 മുതൽ, PDMC പ്രധാനമന്ത്രി കൃഷി വികാസ് യോജനയുടെ (PM-RKVY) ഭാഗമാണ്. ഈ പദ്ധതി ഡ്രിപ്പ്, സ്പ്രിംഗ്ലർ ഇറിഗേഷൻ തുടങ്ങിയ സൂക്ഷ്മ ജലസേചന സാങ്കേതികവിദ്യകളെ പ്രോത്സാഹിപ്പിക്കുന്നു.

കാർഷിക വളർച്ചയ്ക്കായി ജലസേചന ലഭ്യത വ്യാപിപ്പിക്കുന്നു

93,068.56 കോടി രൂപയുടെ മൊത്തം ചെലവിൽ 2021-26 കാലയളവിലേക്ക് പ്രധാൻ മന്ത്രി കൃഷി സിഞ്ചായീ യോജന (PMKSY) തുടരുന്നതിന് ഗവൺമെന്റ് അംഗീകാരം നൽകി. ജലസേചന വ്യാപനം, ജലവിനിയോഗ കാര്യക്ഷമത, സുസ്ഥിര ജല പരിപാലനം എന്നിവയ്ക്കായി 2026-27 ലെ കേന്ദ്ര ബജറ്റിൽ PMKSY-ക്കായി 6,587 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

2025 ഓഗസ്റ്റ് വരെയുള്ള കണക്കനുസരിച്ച് 64,407 കോടി രൂപയുടെ പിന്തുണയോടെ ജലസേചനം, സൂക്ഷ്മ ജലസേചനം, വാട്ടർഷെഡ്, ഭൂഗർഭജല ഇടപെടലുകൾ എന്നിവയിലൂടെ PMKSY 27 ദശലക്ഷത്തിലധികം കർഷകർക്ക് പ്രയോജനം ചെയ്തു. മൊത്തത്തിൽ ഈ സംരംഭങ്ങൾ 24.61 ദശലക്ഷം ഹെക്ടറിലധികം ഭൂമിയെ ഉൾക്കൊള്ളുകയോ വികസിപ്പിക്കുകയോ ചെയ്തിട്ടുണ്ട്. ഇത് ജലസുരക്ഷ ശക്തമാക്കുകയും സുസ്ഥിര കാർഷിക വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

ഓരോ തുള്ളിയും വിലപ്പെട്ടതാണ്: സ്പ്രിംഗ്ലർ ഇറിഗേഷൻ ഒരു കാർഷിക സംരംഭത്തെ എങ്ങനെ മാറ്റിമറിച്ചു

ഉത്തർപ്രദേശിലെ ബരാബങ്കിയി, ഉമാശങ്കർ വർമ്മ, സുഭാഷ് വർമ്മ എന്നീ സഹോദരങ്ങൾ 1990-കളുടെ തുടക്കം മുതൽ കൃഷിയിൽ ഏർപ്പെട്ടിരുന്നവരാണ്. അവർ പരമ്പരാഗതമായി നെല്ല്, ഗോതമ്പ്, കടുക്, വാഴ, പുതിന തുടങ്ങിയ വിളകൾ വെള്ളം ഒഴുക്കിവിട്ടുള്ള പരമ്പരാഗത ജലസേചന രീതികൾ ഉപയോഗിച്ചാണ് കൃഷി ചെയ്തിരുന്നത്. എങ്കിലും ഈ രീതിക്ക് വലിയ അളവിൽ വെള്ളവും അധ്വാനവും ആവശ്യമായിരുന്നു. ഇത് പലപ്പോഴും വിളകളുടെ അസന്തുലിതമായ വളർച്ചയ്ക്കും ഉൽപ്പാദനക്ഷമത കുറയുന്നതിനും കാരണമായി.

2016-ൽ പ്രധാൻ മന്ത്രി കൃഷി സിഞ്ചായീ യോജനയ്ക്ക് (PMKSY) കീഴിൽ സ്പ്രിംഗ്ലർ ഇറിഗേഷൻ നടപ്പിലാക്കിയതോടെ വലിയൊരു മാറ്റം സംഭവിച്ചു. പുതിയ ജലസേചന സംവിധാനം വിഭവങ്ങളുടെ കാര്യക്ഷമത മെച്ചപ്പെടുത്തുകയും കാർഷിക രംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കുകയും ചെയ്തു. സ്പ്രിംഗ്ലർ ഇറിഗേഷൻ സ്വീകരിച്ചതിനുശേഷം വിളവ് 25-30% വർധിച്ചു. ഈ സംവിധാനം വിളകളുടെ ഒരേപോലെയുള്ള വളർച്ചയും വേരുകളുടെ മികച്ച വികാസവും ഉറപ്പാക്കി.

സ്പ്രിംഗ്ലർ ഇറിഗേഷൻ നടപ്പിലാക്കിയത് വെള്ളം, വൈദ്യുതി, തൊഴിലാളികൾ, വളങ്ങൾ എന്നിവയുടെ ഉപയോഗം ഏകദേശം 50% കുറച്ചു. തൊഴിലാളികളുടെ ആവശ്യം 50-60% ആയി കുറയുകയും അത് കൃഷിച്ചെലവ് കുറയ്ക്കാൻ സഹായിക്കുകയും ചെയ്തു. അതേസമയം വളത്തിന്റെ ഉപയോഗം മുൻപുണ്ടായിരുന്നതിന്റെ നാലിലൊന്നായി കുറഞ്ഞു.

തൽഫലമായി കർഷകർക്ക് ഹെക്ടറിന് 60,000-70,000 രൂപയോളം ലാഭം ലഭിച്ചതായി റിപ്പോർട്ട് ചെയ്തു. അവരുടെ വിജയം അയൽപക്കത്തുള്ള കർഷകരെയും ഇതിന്റെ ഗുണങ്ങൾ നേരിട്ട് മനസ്സിലാക്കിയ ശേഷം സ്പ്രിംഗ്ലർ ഇറിഗേഷൻ പരീക്ഷിക്കാനും സ്വീകരിക്കാനും പ്രേരിപ്പിച്ചു. ജലസംരക്ഷണം പ്രോത്സാഹിപ്പിക്കുന്നതിലും കൃഷിയിടങ്ങളിലെ ഉൽപ്പാദനക്ഷമത വർധിപ്പിക്കുന്നതിലും കർഷകരുടെ വരുമാനം മെച്ചപ്പെടുത്തുന്നതിലുമുള്ള PMKSY-യുടെ "പെർ ഡ്രോപ്പ് മോർ ക്രോപ്പ്" (ഓരോ തുള്ളിയിലും കൂടുതൽ വിളവ്) എന്ന സമീപനത്തെ ഇവരുടെ അനുഭവം എടുത്തുകാണിക്കുന്നു.

സൂക്ഷ്മ ജലസേചന സാങ്കേതികവിദ്യയിലൂടെ ജലസേചന കാര്യക്ഷമത മെച്ചപ്പെടുത്തുന്നു

HKKP, AIBP തുടങ്ങിയ PMKSY ഘടകങ്ങൾ ജലസേചന അടിസ്ഥാന സൗകര്യങ്ങൾ വ്യാപിപ്പിക്കുന്നതിലും കൃഷിയിടങ്ങളിലേക്ക് ജലലഭ്യത വർധിപ്പിക്കുന്നതിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സൂക്ഷ്മ ജലസേചന സാങ്കേതികവിദ്യകളിലൂടെ കൃഷിയിടങ്ങളിൽ കാര്യക്ഷമമായ ജലവിനിയോഗം പ്രോത്സാഹിപ്പിച്ചുകൊണ്ട് PDMC ഈ ശ്രമങ്ങൾക്ക് പൂരകമായി വർത്തിക്കുന്നു. ഈ ഘടകം ഡ്രിപ്പ്, സ്പ്രിംഗ്ലർ, മറ്റ് സാങ്കേതിക വിദ്യകൾ എന്നിവയിലൂടെ കാര്യക്ഷമമായ ജലവിതരണവും കൃത്യതയാർന്ന ജലപ്രയോഗവും പ്രോത്സാഹിപ്പിക്കുന്നു. തുള്ളിനന രീതി കൃത്യമായ അളവിലുള്ള വെള്ളവും പോഷകങ്ങളും ചെടിയുടെ വേരുകളിലേക്ക് നേരിട്ട് എത്തിക്കുന്നു. അതേസമയം സ്പ്രിംഗ്ലർ ഇറിഗേഷൻ രീതി പൈപ്പുകളിലൂടെയും സ്പ്രേ ഹെഡുകളിലൂടെയും വെള്ളം വിതരണം ചെയ്ത് സ്വാഭാവിക മഴയെപ്പോലെ കൃത്രിമ മഴ സൃഷ്ടിക്കുന്നു. ഈ സാങ്കേതികവിദ്യകൾ ജലം സംരക്ഷിക്കുന്നതിനും ജലസേചന കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും വിള ഉൽപ്പാദനക്ഷമത വർധിപ്പിക്കുന്നതിനും സഹായിക്കുന്നു.

ഇത് നടപ്പിലാക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായി നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആൻഡ് റൂറൽ ഡെവലപ്‌മെന്റിന്റെ (NABARD) കീഴിൽ സൂക്ഷ്മ ജലസേചന നിധി (Micro Irrigation Fund) രൂപീകരിച്ചിട്ടുണ്ട്. ഡ്രിപ്പ്, സ്പ്രിംഗ്ലർ സംവിധാനങ്ങൾ ഉൾപ്പെടെയുള്ള സൂക്ഷ്മ ജലസേചനം (MI) കൃഷിയിടങ്ങളിൽ വിളകൾക്ക് കാര്യക്ഷമമായി വെള്ളം എത്തിക്കുന്ന ഒരു നൂതന ജലസേചന സാങ്കേതികവിദ്യയാണ്. സൂക്ഷ്മ ജലസേചനം വെള്ളം നേരിട്ട് വേരുകളിലേക്ക് എത്തിക്കുന്നു. ഇത് ജലനഷ്ടം കുറയ്ക്കുകയും മണ്ണിന്റെ ഈർപ്പം, ഉൽപ്പാദനക്ഷമത, കാലാവസ്ഥാ പ്രതിരോധശേഷി എന്നിവ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. പെർ ഡ്രോപ്പ് മോർ ക്രോപ്പ് (PDMC) ഘടകത്തിന് കീഴിൽ ചെറുകിട-നാമമാത്ര കർഷകർക്ക് സൂക്ഷ്മ ജലസേചന സംവിധാനങ്ങൾക്കായി 55% സാമ്പത്തിക സഹായം ലഭിക്കുന്നു. മറ്റ് കർഷകർക്ക് സൂക്ഷ്മ ജലസേചന സംവിധാനങ്ങൾ സ്ഥാപിക്കുന്നതിന് 45% സാമ്പത്തിക സഹായം ലഭിക്കുന്നു. പദ്ധതി ആരംഭിച്ചതുമുതൽ PDMC പദ്ധതി 110.92 ലക്ഷം ഹെക്ടർ ഭൂമിയെ സൂക്ഷ്മ ജലസേചനത്തിന് കീഴിൽ കൊണ്ടുവന്നു. ഇത് ഇന്ത്യയുടെ ആകെ കൃഷിഭൂമിയുടെ ഏകദേശം 7.98% വരും.

പ്രതിവർഷം ഏകദേശം 9.3 ലക്ഷം കർഷകർക്ക് ഇതിന്റെ പിന്തുണ ലഭിക്കുന്നുണ്ട്. ഇത് കാര്യക്ഷമമായ ജലവിനിയോഗവും ഉപജീവനമാർഗ്ഗവും പ്രോത്സാഹിപ്പിക്കുന്നതിൽ ഈ പദ്ധതിക്കുള്ള പങ്ക് എടുത്തുകാണിക്കുന്നു.

വളർച്ചയ്ക്ക് ജലമേകുന്നു: PMKSY-യുടെ പരിവർത്തനാത്മക സ്വാധീനം

പ്രധാൻ മന്ത്രി കൃഷി സിഞ്ചായീ യോജന (PMKSY) സുസ്ഥിര ജല പരിപാലനത്തിലൂടെയും ജലസേചന വ്യാപ്തി വർധിപ്പിക്കുന്നതിലൂടെയും ഇന്ത്യയുടെ കാർഷിക മേഖലയെ മാറ്റിമറിച്ചു. നിലവിൽ PMRKVY-യുടെ ഭാഗമായ പെർ ഡ്രോപ്പ് മോർ ക്രോപ്പ് (PDMC), ഹർ ഖേത് കോ പാനി (HKKP), വാട്ടർഷെഡ് ഡെവലപ്‌മെന്റ് എന്നിവയിലൂടെ PMKSY കാര്യക്ഷമമായ ജലവിനിയോഗം പ്രോത്സാഹിപ്പിക്കുന്നു. ആധുനിക ജലസേചന സാങ്കേതികവിദ്യകൾ, പ്രത്യേകിച്ച് സൂക്ഷ്മ ജലസേചനം, കാലാവസ്ഥയെ പ്രതിരോധിക്കുന്നതും സുസ്ഥിരവുമായ കൃഷിരീതികളെ ശക്തിപ്പെടുത്തിയിട്ടുണ്ട്. PMKSY രാജ്യത്തുടനീളമുള്ള ചെറുകിട-നാമമാത്ര കർഷകർ ഉൾപ്പെടെ ദശലക്ഷക്കണക്കിന് കർഷകർക്ക് പ്രയോജനം ചെയ്തിട്ടുണ്ട്. ഈ പദ്ധതി ജലസേചന ശേഷി വർധിപ്പിക്കുകയും ഗ്രാമീണ ഉപജീവനമാർഗ്ഗങ്ങൾ മെച്ചപ്പെടുത്തുകയും പരിസ്ഥിതി സുസ്ഥിരത പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

അവലംബം

***

SK

(Explainer ID: 159094) आगंतुक पटल : 120
Provide suggestions / comments
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Bengali , Punjabi , Gujarati , Tamil , Kannada