• Skip to Content
  • Sitemap
  • Advance Search
Economy

തൊഴിലിടങ്ങളിലെ നിര്‍മിതബുദ്ധി: ഉല്പാദനക്ഷമതയും തൊഴിലവസരങ്ങളും നൂതനാശയങ്ങളും ഉയരങ്ങളിലേക്ക്

Posted On: 12 FEB 2026 1:29PM

പ്രധാന വസ്തുതകള്‍
സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയുടെ 2025-ലെ ആഗോള എഐ വൈബ്രന്‍സി റാങ്കിങ്ങില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണ്.

വിവരശേഖര അടിസ്ഥാന സൗകര്യങ്ങള്‍, സംരംഭകത്വം, ജനസംഖ്യാ ഘടന എന്നിവ ഇന്ത്യയില്‍ എഐ നടപ്പാക്കുന്നതിലെ പ്രധാന ഘടകങ്ങളാണ്.

ഇന്ത്യയില്‍ എഐ വൈദഗ്ധ്യം നേടിയവരുടെ സാന്നിധ്യം ആഗോളതലത്തില്‍ ഇതേ തൊഴില്‍ മേഖലകളിലെ ശരാശരിയേക്കാള്‍ 2.5 മടങ്ങ് കൂടുതലാണ് (സ്റ്റാന്‍ഫോര്‍ഡ് ആഗോള എഐ സൂചികാ റിപ്പോര്‍ട്ട്).

87% സംരംഭങ്ങളും സജീവമായി എഐ അധിഷ്ഠിത സേവനങ്ങള്‍ ഉപയോഗിക്കുന്നു (നാസ്‌കോം എഐ അവലംബ സൂചിക).


നിര്‍മിതബുദ്ധി: വളര്‍ച്ചയുടെ യന്ത്രം
കോഡിങ്  മുതല്‍ സര്‍ഗാത്മകത വരെ വളര്‍ച്ചയുടെ നിയമങ്ങള്‍ തിരുത്തിക്കുറിക്കുന്ന നിര്‍മിതബുദ്ധി (എഐ) വ്യാവസായിക മേഖലയ്ക്ക് കരുത്തുപകരുകയും തൊഴില്‍ രംഗത്ത് മാറ്റങ്ങള്‍ കൊണ്ടുവരികയും ഇന്ത്യയെ ഭാവിയിലേക്ക് നയിക്കുകയും ചെയ്യുന്നു. രാജ്യത്തെ  ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ചയ്ക്കും നിക്ഷേപങ്ങള്‍ക്കും തൊഴിലവസരങ്ങള്‍ക്കും  ചലനാത്മക ഉത്തേജകമായി  എഐ മാറിക്കഴിഞ്ഞു.

അപ്ലിക്കേഷനുകള്‍, മോഡലുകള്‍, ചിപ്പുകള്‍, അടിസ്ഥാന സൗകര്യങ്ങള്‍, ഊര്‍ജം എന്നീ എഐ രൂപകല്പനയുടെ അഞ്ച് തലങ്ങളിലും വ്യവസ്ഥാപിത പുരോഗതി കൈവരിക്കുന്ന 'എഐ-സജ്ജമായ'  രാജ്യങ്ങളുടെ ആദ്യ പട്ടികയില്‍ ഇന്ത്യയും ഇടംപിടിച്ചിട്ടുണ്ട്. സിസിഐ (കോംപിറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ) പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം  ആഗോള എഐ വിപണി 2020-ലെ 103.6 ബില്യണ്‍ യുഎസ് ഡോളറില്‍ നിന്ന് 2024-ല്‍ 288.8 ബില്യണ്‍ യുഎസ് ഡോളറായി വര്‍ധിച്ചു. ഇതേ കാലയളവില്‍ ഇന്ത്യയിലെ എഐ വിപണി 2.97 ബില്യണ്‍ യുഎസ് ഡോളറില്‍ നിന്ന് 7.63 ബില്യണ്‍ യുഎസ് ഡോളറായാണ് ഉയര്‍ന്നത്.  ഇന്ത്യന്‍ എഐ വിപണി 42.2% വാര്‍ഷിക വളര്‍ച്ചാ നിരക്കില്‍ 2032-ഓടെ 131.31 ബില്യണ്‍ യുഎസ് ഡോളറായി വളരുമെന്നാണ് പ്രതീക്ഷിക്കുന്നത്.


എഐ അധിഷ്ഠിത പരിവര്‍ത്തനത്തിനനുസൃതമായി ഇന്ത്യയിലെ സാങ്കേതിക വികസനത്തെ കേന്ദ്രസര്‍ക്കാര്‍ സജീവമായി പ്രോത്സാഹിപ്പിക്കുന്നുണ്ട്. 'എല്ലാവര്‍ക്കും ക്ഷേമം, എല്ലാവര്‍ക്കും സന്തുഷ്ടി'  എന്നത് ഉറപ്പാക്കുന്നതിനൊപ്പം ഗവേഷണത്തിലും നൂതനാശയങ്ങളിലും നൈപുണ്യ വികസനത്തിലും ശ്രദ്ധകേന്ദ്രീകരിച്ച് നടത്തുന്ന പ്രവര്‍ത്തനങ്ങളിലൂടെയാണ് ഇത് സാധ്യമാകുന്നത്. ഉല്പാദനക്ഷമത വര്‍ധിപ്പിക്കുന്നതിനൊപ്പം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും രാജ്യത്തിന്റെ ആഗോള മത്സരശേഷി ശക്തിപ്പെടുത്താനും സാങ്കേതികവിദ്യ സഹായിക്കുന്നുവെന്ന് സര്‍ക്കാര്‍ കൈക്കൊള്ളുന്ന നടപടികള്‍ ഉറപ്പാക്കുന്നു.  

A blue and white infographic with a globe and white circlesAI-generated content may be incorrect.

ആഗോള എഐ രംഗത്തെ ഇന്ത്യയുടെ വളരുന്ന നേതൃത്വം

എഐ സജ്ജതയില്‍ ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യ  മികച്ച സ്ഥാനത്താണെന്ന് ആഗോള മാനദണ്ഡങ്ങള്‍ സൂചിപ്പിക്കുന്നു.

 

ആഗോള സൂചികകളില്‍ ഇന്ത്യയുടെ സ്ഥാനം

സൂചിക

ഇന്ത്യയുടെ  സ്ഥാനം

ഇത് എന്തിനെ സൂചിപ്പിക്കുന്നു?

സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയുടെ 2025-ലെ ആഗോള എഐ വൈബ്രന്‍സി റാങ്കിങ്

അമേരിക്കയ്ക്കും ചൈനയ്ക്കും തൊട്ടുപിന്നിലായി മൂന്നാം സ്ഥാനം

ഗവേഷണ വികസന   മേഖലയിലെ വളര്‍ച്ച, പ്രതിഭകളുടെ ലഭ്യത, സമ്പദ്വ്യവസ്ഥയിലെ പുരോഗതി.

 ഐഎംഎഫിന്റെ  എഐ സജ്ജതാ സൂചിക

ഇന്ത്യ 49.3 സ്‌കോര്‍ നേടി. (വളര്‍ന്നുവരുന്ന മറ്റ് രാജ്യങ്ങളുടെ ശരാശരി സ്‌കോറായ 42.1-നേക്കാള്‍ കൂടുതലാണിത്)

നിര്‍മിതബുദ്ധി സ്വീകരിക്കുന്നതിലും അതിന്റെ ഗുണഫലങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിലും ഇന്ത്യ മികച്ച നിലയില്‍.

 

ഓക്‌സ്‌ഫോര്‍ഡിന്റെ ഗവണ്‍മെന്റ് എഐ സജ്ജതാ സൂചിക  2025

തെക്ക്-മധ്യേഷ്യന്‍ രാജ്യങ്ങളില്‍ ഇന്ത്യ ഒന്നാമത്. 66.55 സ്‌കോറോടെ ആഗോളതലത്തില്‍ 27-ാം സ്ഥാനം

2025-ലുടനീളം ഇന്ത്യ നടത്തിയ വിവിധ പ്രവര്‍ത്തനങ്ങളുടെയും ശ്രമങ്ങളുടെയും അടിസ്ഥാനത്തില്‍ ശക്തമായ വാര്‍ഷിക പുരോഗതി.


ഉല്പാദനക്ഷമത വര്‍ധിപ്പിക്കാനും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വികസനത്തിനും ദീര്‍ഘകാല സാമ്പത്തിക പരിവര്‍ത്തനത്തിനും നിര്‍മിതബുദ്ധി പ്രയോജനപ്പെടുത്താന്‍ ഇന്ത്യ കൈവരിച്ചുകൊണ്ടിരിക്കുന്ന ശേഷിയെയാണ് ഈ ആഗോള സൂചകങ്ങള്‍ വ്യക്തമാക്കുന്നത്.

നിര്‍മിതബുദ്ധി യുഗത്തില്‍ ഇന്ത്യയുടെ തന്ത്രപരമായ മുന്‍തൂക്കം

ഡിജിറ്റല്‍ വൈദഗ്ധ്യം നേടിയ യുവജനങ്ങളുടെയും ശക്തമായ ഡിജിറ്റല്‍ പൊതു അടിസ്ഥാന സൗകര്യങ്ങളുടെയും അതിവേഗം വളരുന്ന സ്റ്റാര്‍ട്ടപ്പ് ആവാസ വ്യവസ്ഥയുടെയും  സവിശേഷ സമന്വയമാണ്  എഐ സജ്ജതയില്‍ ഇന്ത്യയുടെ ആഗോള അടിത്തറ. അടിസ്ഥാനപരമായ ഈ കരുത്ത് എഐ വികാസത്തിനും വിന്യാസത്തിനും നിയന്ത്രണത്തിനും ഇന്ത്യയ്ക്ക് സുസ്ഥിരവും തന്ത്രപരവുമായ മുന്‍തൂക്കം നല്‍കുന്നു.

ജനസംഖ്യാഘടന
ലോകത്തെ  ഏറ്റവും പ്രായം കുറഞ്ഞ തൊഴില്‍സമൂഹം വസിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. രാജ്യത്തെ ജനസംഖ്യയുടെ 65 ശതമാനത്തിലധികം പേര്‍ 35 വയസ്സിന് താഴെയാണ്.  സാങ്കേതികവിദ്യ സ്വായത്തമാക്കിയ ഈ പ്രതിഭകളെ എഐ അധിഷ്ഠിത വ്യവസായങ്ങളില്‍ പരിശീലിപ്പിക്കുകയും പ്രാപ്തരാക്കുകയും ചെയ്യുന്നതിലൂടെ നൂതനാശയങ്ങള്‍ക്കും ഡിജിറ്റല്‍ സേവനങ്ങള്‍ക്കും ഭാവി തൊഴിലവസരങ്ങള്‍ക്കും ശക്തമായ അടിത്തറയൊരുക്കാനാവുന്നു.

ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങള്‍

രാജ്യത്തെങ്ങും ക്ലൗഡ് സേവനങ്ങളുടെ ഉപയോഗം, എഐ വിന്യാസം, ഡാറ്റാ അധിഷ്ഠിത ഭരണനിര്‍വഹണം എന്നിവയുടെ നിര്‍ണായക ചാലകശക്തിയായി ഡാറ്റാ സെന്ററുകളും രാജ്യവ്യാപക ഇന്റര്‍നെറ്റ് സൗകര്യങ്ങളും മാറിക്കഴിഞ്ഞു. ഇന്ത്യയുടെ അതിവേഗ ഡിജിറ്റല്‍ പരിവര്‍ത്തനത്തിന് ഇത് കരുത്തേകുന്നു. ഇന്ത്യയുടെ ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങളുടെ പ്രധാന സ്തംഭങ്ങളിലൊന്നാണ് ഡാറ്റാ സെന്ററുകളുടെ വിപുലീകരണം. ക്ലൗഡ് കംപ്യൂട്ടിങ്, ഡാറ്റാ സ്റ്റോറേജ്, എഐ/എംഎല്‍ ആപ്ലിക്കേഷനുകള്‍ എന്നിവയുടെ കൂടിവരുന്ന ആവശ്യകത നിറവേറ്റാന്‍ ഈ കേന്ദ്രങ്ങള്‍ അത്യന്താപേക്ഷിതമാണ്. ഡല്‍ഹി, പൂനെ, ഭുവനേശ്വര്‍, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളില്‍ ദേശീയ  ഇന്‍ഫര്‍മാറ്റിക്‌സ് കേന്ദ്രം അത്യാധുനിക നാഷണല്‍ ഡാറ്റാ സെന്ററുകള്‍ സ്ഥാപിച്ചിട്ടുണ്ട്.  കേന്ദ്ര മന്ത്രാലയങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാരുകള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും ഇവ ശക്തമായ ക്ലൗഡ് സേവനങ്ങള്‍ നല്‍കുന്നു. നാഷണല്‍ ഡാറ്റാ സെന്ററിലെ സ്റ്റോറേജ് ശേഷി ഏകദേശം 100PB-യിലേക്ക് ഉയര്‍ത്തിയിട്ടുണ്ട്. എഐ മോഡലുകളുടെ പരിശീലനത്തിനും വിന്യാസത്തിനും സജ്ജീകരണത്തിനും ഡാറ്റാ സ്റ്റോറേജ് അത്യന്താപേക്ഷിതമാണ്. ഡാറ്റാ സെന്ററുകളുടെ ദ്രുതഗതിയിലെ വളര്‍ച്ച ഈ രംഗത്തെ തടസങ്ങള്‍ കുറയ്ക്കുന്നു.  

രാജ്യത്ത് ഇന്റര്‍നെറ്റ് കണക്ഷനുകള്‍  100 കോടിയെന്ന നാഴികക്കല്ല് പിന്നിട്ടു. 2014 മാര്‍ച്ചിലെ 25.15 കോടിയില്‍ നിന്ന് 2025 ജൂണില്‍ 100.29 കോടി കണക്ഷനുകളായി ഇത് ഉയര്‍ന്നു (298.77% വളര്‍ച്ച).

40 കോടിയിലേറെ 5G ഉപയോക്താക്കളുമായി ലോകത്തെ രണ്ടാമത് വലിയ 5G വരിക്കാരുടെ രാജ്യമായി ഇന്ത്യ മാറി.  ആഗോളതലത്തില്‍ ഏറ്റവും വേഗം 5G സാങ്കേതികവിദ്യ അവലംബിച്ച രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.

ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളിന്റെ ദൈര്‍ഘ്യം 2019-ലെ 19.35 ലക്ഷം കിലോമീറ്ററില്‍ നിന്ന് 42.36 ലക്ഷം കിലോമീറ്ററായി വര്‍ധിച്ചു. ആകെ 2,14,843 ഗ്രാമപഞ്ചായത്തുകളില്‍ ഇപ്പോള്‍ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

2025 ഡിസംബര്‍ വരെയുള്ള കണക്കനുസരിച്ച് 5G/6G, എഐ, ക്വാണ്ടം കമ്യൂണിക്കേഷന്‍ തുടങ്ങി വിവിധ നൂതന ടെലികോം സാങ്കേതികവിദ്യകളിലായി 550 കോടി രൂപയുടെ 136 പദ്ധതികള്‍ക്ക് ധനസഹായം നല്‍കിയിട്ടുണ്ട്.

2024-ല്‍ എഐ മേഖലയ്ക്ക് മുന്‍ഗണന നല്‍കി ഇതിനകം 38,000 ജിപിയു-കള്‍  ഇന്ത്യ  സ്വന്തമാക്കി. എഐ രംഗത്ത്  ആഗോള നേതൃനിരയിലേക്കുയരാന്‍  ഇന്ത്യ നടത്തിവരുന്ന ശ്രമങ്ങളുടെ പ്രതിഫലനമാണിത്.  

സംരംഭകത്വം

സ്റ്റാര്‍ട്ടപ്പുകളുടെയും നൂതനാശയങ്ങളിലധിഷ്ഠിതമായ സംരംഭങ്ങളുടെയും കുതിപ്പിനാണ് ഇന്ത്യ ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്. കഴിഞ്ഞ പതിറ്റാണ്ടിനിടെ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥ അഭൂതപൂര്‍വമായ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. രാജ്യത്തെ 2,00,000-ത്തിലധികം സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഡിപിഐഐടി  അംഗീകാരം നല്‍കിക്കഴിഞ്ഞു. സ്റ്റാര്‍ട്ടപ്പുകളും എഐ  സംരംഭകരും രാഷ്ട്ര ഭാവിയുടെ സഹശില്പികളാണ്. എഐ അധിഷ്ഠിത പരിഹാരങ്ങള്‍ പ്രാദേശികതലത്തില്‍ അനുയോജ്യമാണെന്നും ലളിതമായി വിപുലീകരിക്കാവുന്നതാണെന്നും അവയ്ക്ക് ആഗോള മത്സരശേഷിയുണ്ടെന്നും വളര്‍ന്നുവരുന്ന ഈ സംരംഭകത്വ സാഹചര്യം ഉറപ്പാക്കുന്നു.


A blue and white background with iconsAI-generated content may be incorrect.


എഐ സ്റ്റാര്‍ട്ടപ്പുകള്‍

2026-ലെ ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടിയ്ക്ക്  മുന്നോടിയായി അടിസ്ഥാന മോഡലിന് കീഴില്‍ തിരഞ്ഞെടുക്കപ്പെട്ട 12 ഇന്ത്യന്‍ എഐ സ്റ്റാര്‍ട്ടപ്പുകള്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വട്ടമേശ ചര്‍ച്ചയില്‍ പങ്കെടുക്കുകയും  ആശയങ്ങളും പ്രവര്‍ത്തനങ്ങളും അവതരിപ്പിക്കുകയും ചെയ്തു.

ഇന്ത്യന്‍ അടിസ്ഥാന  ഭാഷാ മോഡലുകള്‍, ബഹുഭാഷാ വന്‍കിട ഭാഷാ  മോഡലുകള്‍, സംസാരത്തില്‍നിന്ന് അക്ഷരങ്ങളിലേക്കും അക്ഷരങ്ങളില്‍നിന്ന് ശബ്ദത്തിലേക്കും, അക്ഷരങ്ങളില്‍നിന്ന് ദൃശ്യങ്ങളിലേക്കും ഉള്ളടക്കങ്ങള്‍ സൃഷ്ടിക്കുന്ന മോഡലുകള്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന മേഖലകളില്‍ ഈ സ്റ്റാര്‍ട്ടപ്പുകള്‍ പ്രവര്‍ത്തിക്കുന്നു. കൂടാതെ, ഇ-കൊമേഴ്‌സ്, മാര്‍ക്കറ്റിങ്, വ്യക്തിഗത ഉള്ളടക്ക നിര്‍മാണം എന്നിവയ്ക്ക് ജനറേറ്റീവ് എഐ ഉപയോഗിച്ച് ത്രിമാന ഉള്ളടക്കം; വ്യാവസായിക രംഗത്ത് ഡാറ്റാ അധിഷ്ഠിത തീരുമാനമെടുക്കുന്നതിന് എന്‍ജിനീയറിങ് സിമുലേഷനുകള്‍, മെറ്റീരിയല്‍ റിസര്‍ച്ച്, അഡ്വാന്‍സ്ഡ് അനലിറ്റിക്‌സ്; ആരോഗ്യപരിരക്ഷാരംഗത്തെ രോഗനിര്‍ണയം,  ആരോഗ്യ ഗവേഷണം തുടങ്ങിയ മേഖലകളിലും ഇവ സജീവമാണ്.

അവസരങ്ങള്‍ തുറക്കുന്ന എഐ: തൊഴില്‍ വിപണിയുടെ പരിണാമം

തൊഴില്‍ മേഖല തകര്‍ത്തേക്കുമെന്ന തരത്തില്‍ ലോകമെങ്ങും നിര്‍മിതബുദ്ധിയെ കാണുമ്പോഴും  എല്ലാവരെയും ഉള്‍ച്ചേര്‍ക്കുന്ന വളര്‍ച്ചയ്ക്കും നൂതനാശയങ്ങള്‍ക്കുമായി എഐ പ്രയോജനപ്പെടുത്താന്‍ ഇന്ത്യയ്ക്ക് സവിശേഷ അവസരമുണ്ട്.

എഐ വൈദഗ്ധ്യത്തിന്റെയും ജോലികളുടെയും വര്‍ധിച്ചുവരുന്ന ആവശ്യകത

എഐ സംബന്ധമായ കഴിവുകള്‍ക്ക് ആവശ്യകത അതിവേഗം വര്‍ധിക്കുകയാണ്.  ദക്ഷിണേഷ്യയില്‍ 2023 ജനുവരിയ്ക്കും 2025 മാര്‍ച്ചിനുമിടയില്‍ തൊഴില്‍രംഗത്ത് നിര്‍മിതബുദ്ധിയുമായി ബന്ധപ്പെട്ട ഒഴിവുകളുടെ അനുപാതം  2.9%-ല്‍ നിന്ന് 6.5% ആയി വര്‍ധിച്ച് ഇരട്ടിയിലധികമായി.  ഇതേ കാലയളവില്‍ എഐ ഇതര തൊഴിലുകളെ അപേക്ഷിച്ച് എഐ വൈദഗ്ധ്യം ആവശ്യമായ ജോലികളുടെ ആവശ്യകത 75% വേഗത്തില്‍ വളര്‍ന്നു.  പ്രധാനമായും  ശമ്പളം കൂടിയ നഗരങ്ങളിലെ വൈറ്റ് കോളര്‍ തൊഴിലുകളാണ് ഇക്കൂട്ടത്തില്‍ മുന്‍നിരയില്‍.   ചുരുക്കത്തില്‍ എഐ അധിഷ്ഠിത ജോലികളിലെ ഈ കുതിച്ചുചാട്ടം  വൈദഗ്ധ്യമേറിയ നഗര കേന്ദ്രീകൃത തൊഴിലുകളിലേക്കുള്ള ചുവടുമാറ്റം സൂചിപ്പിക്കുന്നു. എഐ സ്വീകരിക്കുന്നതിന്റെയും എഐ നൈപുണ്യം നേടിയ പ്രതിഭകളുടെയും വലിയൊരു കേന്ദ്രമായി ഇന്ത്യ മാറിക്കൊണ്ടിരിക്കുകയാണ്.

 ഇന്ത്യന്‍ തൊഴില്‍ വിപണിയുടെ പരിവര്‍ത്തനം

എഐ സംബന്ധമായ ജോലികളില്‍ ദ്രുതഗതിയിലുണ്ടാകുന്ന വളര്‍ച്ച ഇന്ത്യന്‍ തൊഴില്‍ വിപണിയില്‍ നല്ല മാറ്റങ്ങളുടെ സൂചനയാണ് നല്‍കുന്നത്.

2025 -ലെ സ്റ്റാന്‍ഫോര്‍ഡ് എഐ സൂചിക റിപ്പോര്‍ട്ട് പ്രകാരം എഐ പ്രതിഭകളെ കണ്ടെത്തുന്നതില്‍ ഇന്ത്യ ലോകത്ത് മുന്‍പന്തിയിലാണ്.  പ്രതിവര്‍ഷം ഏകദേശം 33% ആണ് ഇന്ത്യയിലെ നിയമന നിരക്ക്.

ജിറ്റ്ഹബ് എഐ പദ്ധതികളുടെ ആഗോള വിവരശേഖരമനുസരിച്ച്  2024-ല്‍ ലോകത്ത് രണ്ടാമത് വലിയ സംഭാവന നല്‍കിയ രാജ്യം ഇന്ത്യയാണ്. ആകെ എഐ പദ്ധതികളുടെ 19.9% ഇന്ത്യയില്‍ നിന്നാണ്.

2025 -ലെ സ്റ്റാന്‍ഫോര്‍ഡ് എഐ സൂചിക റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയില്‍ എഐ വൈദഗ്ധ്യം നേടിയവരുടെ സാന്നിധ്യം ഒരേ തൊഴില്‍ മേഖലകളില്‍ ആഗോള ശരാശരിയേക്കാള്‍ 2.5 മടങ്ങ് കൂടുതലാണ്  

ജോര്‍ജ്ടൗണ്‍ സര്‍വകലാശാലയുടെ കണക്കനുസരിച്ച് 2015 മുതല്‍ 2025 വരെ കാലയളവില്‍ 2,62,404 എഐ സംബന്ധമായ ഗവേഷണ ലേഖനങ്ങള്‍ ഇന്ത്യ പ്രസിദ്ധീകരിച്ചു. ഇത് എഐ ഗവേഷണ രംഗത്തെ ലോകത്തെ മുന്‍നിര സംഭാവനക്കാരുടെ പട്ടികയില്‍ ഇന്ത്യയെ എത്തിച്ചു. ഇന്ത്യയുടെ സാങ്കേതിക മികവിന് അടിവരയിടുന്ന ഈ കണക്ക് 2025-26  സാമ്പത്തിക സര്‍വേയും ശരിവെക്കുന്നു.

ലോകത്ത് ഉയര്‍ന്ന എഐ സാക്ഷരത നേടിയ രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ (ആദ്യ സ്ഥാനം അമേരിക്കയ്ക്ക്). ആരോഗ്യം, കൃഷി, ധനകാര്യം, വിദ്യാഭ്യാസം, പൊതുഭരണം തുടങ്ങിയ പ്രധാന മേഖലകളിലെ വിപുലമായ ആഭ്യന്തര ഡാറ്റാ ആവാസവ്യവസ്ഥ  ഇന്ത്യയ്ക്ക് ഏറെ ഗുണംചെയ്യുന്നു.  

സാങ്കേതികവിദ്യ, സേവനവിതരണം, നിര്‍മാണം, സര്‍ഗാത്മക വ്യവസായങ്ങള്‍ എന്നിവയിലുടനീളം നവീനവും  മൂല്യമേറിയതുമായ തൊഴിലവസരങ്ങള്‍ ഇത് സൃഷ്ടിക്കുന്നു. എഐ പരിശീലകര്‍, സുരക്ഷാ പരിശോധകര്‍,  പ്രോംപ്റ്റ് എന്‍ജിനീയര്‍മാര്‍ തുടങ്ങി വൈവിധ്യമാര്‍ന്ന പുതിയ തൊഴിലവസരങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്. സ്‌കില്‍ ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ, ഫ്യൂച്ചര്‍ സ്‌കില്‍സ് പ്രൈം  തുടങ്ങിയ പദ്ധതികളിലൂടെ ഈ രംഗത്തെ നൈപുണ്യം വര്‍ധിപ്പിക്കാനും പുനര്‍പരിശീലനത്തിനും രാജ്യം വലിയ പിന്തുണ നല്‍കുന്നു.

എഐ കേന്ദ്രമായി മാറുന്ന ദക്ഷിണേന്ത്യ  

ലോകബാങ്കിന്റെ 'ദക്ഷിണേഷ്യന്‍ വികസന പുരോഗതി റിപ്പോര്‍ട്ട്'  പ്രകാരം ദക്ഷിണേഷ്യയിലെ എഐ സംബന്ധമായ തൊഴിലവസരങ്ങള്‍ ഇന്ത്യയിലും ശ്രീലങ്കയിലുമാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. ഇതില്‍ ഭൂരിഭാഗവും ഇന്ത്യയിലാണ്.

ഇന്ത്യയില്‍ 2025-ലെ വൈറ്റ് കോളര്‍ ജോലി ഒഴിവുകളില്‍ 5.8 ശതമാനത്തിനും എഐ വൈദഗ്ധ്യം ആവശ്യമായിരുന്നു. ബംഗളൂരു (എഐ ജോലികളുടെ 11%), ഹൈദരാബാദ് (9.57%) എന്നിവയുള്‍പ്പെടുന്ന ദക്ഷിണേന്ത്യന്‍ സാങ്കേതിക ഇടനാഴിയാണ്  ഇതിന് നേതൃത്വം നല്‍കുന്നത്. മഹാരാഷ്ട്രയിലെ പൂനെ (6.95%), തമിഴ്നാട്ടിലെ ചെന്നൈ (6.62%) എന്നിവയും പട്ടികയില്‍ ഉയര്‍ന്ന സ്ഥാനങ്ങളിലുണ്ട്.

വേതന വര്‍ധനയും തൊഴില്‍ വിപണിയിലെ ആനുകൂല്യങ്ങളും

നവ വൈദഗ്ധ്യങ്ങളുടെ  ആഗോള ആവശ്യകത പ്രതിഫലിപ്പിക്കുന്ന തരത്തില്‍ എഐ സംബന്ധമായ തൊഴിലുകള്‍ക്ക് മികച്ച വേതന ആനുകൂല്യങ്ങള്‍ ലഭിക്കുന്നുണ്ട്. ലോകബാങ്ക് റിപ്പോര്‍ട്ട് പ്രകാരം ഡിജിറ്റല്‍ വൈദഗ്ധ്യം ആവശ്യമായ ജോലികള്‍ക്ക് ശരാശരി 12% അധിക വേതനം ലഭിക്കുമ്പോള്‍ എഐ കേന്ദ്രീകൃത തൊഴിലുകള്‍ക്ക് 28% വരെ ഉയര്‍ന്ന വേതനം ലഭിക്കുന്നു. എഐ വൈദഗ്ധ്യം വര്‍ധിക്കുന്നതോടെ  മൂല്യമേറിയ നിക്ഷേപങ്ങളും സാങ്കേതിക പദ്ധതികളും ആകര്‍ഷിക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കും. ഇത് ഉയര്‍ന്ന ശമ്പളത്തില്‍ ജോലികള്‍ സൃഷ്ടിക്കാനും ആഗോള ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയില്‍ ഇന്ത്യയുടെ സ്ഥാനം ശക്തിപ്പെടുത്താനും സഹായിക്കും.

ഇന്ത്യയുടെ തൊഴില്‍ സുരക്ഷാ കവചം

രാജ്യത്തെ തൊഴില്‍ശക്തിയ്ക്ക് വീണ്ടും നൈപുണ്യപരിശീലനം നല്‍കാനും  ഉല്പാദനക്ഷമത വര്‍ധിപ്പിക്കുന്ന തരത്തില്‍ ഘട്ടംഘട്ടമായി എഐ സാങ്കേതികവിദ്യ നടപ്പാക്കാനും ഇന്ത്യയ്ക്ക് അവസരമുണ്ട്. കൃഷി, ആരോഗ്യം, ലോജിസ്റ്റിക്‌സ് തുടങ്ങിയ മേഖലകളില്‍ മനുഷ്യസഹജമായ വൈദഗ്ധ്യം ഇപ്പോഴും അത്യന്താപേക്ഷിതമാണെങ്കിലും ഈ മേഖലകളും ഇപ്പോള്‍ എഐ സാങ്കേതികവിദ്യ സ്വീകരിക്കുന്നതിലേക്ക്  നീങ്ങുകയാണ്.

ഉല്പാദനക്ഷമതയും വൈദഗ്ധ്യക്കുറവ് നികത്തലും

ഇന്ത്യയില്‍ എഐ ഉപയോഗിക്കുന്നതിലൂടെ ഉല്പാദനക്ഷമതയില്‍ വലിയ വര്‍ധനയുണ്ടാകുന്നതായി  തെളിവുകള്‍ സൂചിപ്പിക്കുന്നു. 2025 ഡിസംബറിലെ കണക്കനുസരിച്ച് 87% സംരംഭങ്ങളും സജീവമായി എഐ ഉപയോഗിക്കുന്ന പശ്ചാത്തലത്തില്‍ നാസ്‌കോം എഐ അവലംബ സൂചിക പ്രകാരം 4-ല്‍ 2.45 എന്ന സ്‌കോര്‍ ഇന്ത്യ നേടി.  1,993 കമ്പനികളില്‍ മക്കിന്‍സി നടത്തിയ സര്‍വേ പ്രകാരം 88% സ്ഥാപനങ്ങളും  വ്യാപാര പ്രവര്‍ത്തനങ്ങളുടെ ഏതെങ്കിലും ഒരു തലത്തില്‍  എഐ പ്രയോജനപ്പെടുത്തുന്നുണ്ട്. ജനറേറ്റീവ് എഐ സങ്കേതങ്ങള്‍ ഉല്പാദനക്ഷമതയില്‍ ആകെ 14 ശതമാനവും പുതുതായി എത്തിയവരോ വൈദഗ്ധ്യം കുറഞ്ഞവരോ ആയ ജീവനക്കാര്‍ക്കിടയില്‍  34 ശതമാനവും വര്‍ധന നല്‍കുന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു.  വൈദഗ്ധ്യക്കുറവ് നികത്തുന്നതിനൊപ്പം കാര്യക്ഷമതയും ഉപഭോക്തൃ അനുഭവവും മെച്ചപ്പെടുത്താന്‍ ഇത്  സഹായിക്കുന്നു.

സേവന മേഖലയിലെ എഐ അധിഷ്ഠിത വളര്‍ച്ച
2024-25 കാലയളവില്‍ ഇന്ത്യയുടെ ആകെ മൂല്യവര്‍ധനയുടെ ഏകദേശം 55.3% സംഭാവന നല്‍കിയ സേവന മേഖല സമ്പദ്വ്യവസ്ഥയുടെ അടിത്തറയായി തുടരുന്നു. ഐടി, ധനകാര്യം, ആരോഗ്യം, വിദ്യാഭ്യാസം, ആശയവിനിമയം തുടങ്ങിയ പ്രധാന മേഖലകള്‍ അതിവേഗം എഐ സംയോജിപ്പിക്കുന്നത്  ഉല്പാദനക്ഷമതയും നൂതനാശയങ്ങളും വര്‍ധിപ്പിക്കാന്‍ അവസരമൊരുക്കുന്നു. ഈ കരുത്ത് പ്രയോജനപ്പെടുത്തി ആഗോള മത്സരശേഷി ഉയര്‍ത്താന്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് സാധിക്കും.

എഐയും മാനവികതയും

സര്‍ഗാത്മകതയ്ക്കും തീരുമാനമെടുക്കാനുള്ള കഴിവിനും മുന്‍ഗണന നല്‍കി  മനുഷ്യശേഷി വര്‍ധിപ്പിച്ചാണ് എഐ ഇന്ത്യയില്‍ തൊഴില്‍മേഖലയുടെ ഭാവി രൂപപ്പെടുത്തുന്നത്. സങ്കീര്‍ണവും സന്ദര്‍ഭാനുസൃതവുമായ ജോലികളില്‍ മനുഷ്യനെ മാറ്റി സ്ഥാപിക്കുന്നതിന് പകരം മനുഷ്യരുടെ പ്രവര്‍ത്തനങ്ങളെ സഹായിക്കാനാണ് എഐ കൂടുതല്‍ അനുയോജ്യം.

എഐ ഉല്പാദനക്ഷമത വര്‍ധിപ്പിക്കുമെന്നും വിശകലനപരവും സര്‍ഗാത്മകവുമായ ജോലികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തൊഴിലാളികളെ പ്രാപ്തരാക്കുമെന്നും പ്രതീക്ഷിക്കുന്നു. ഇന്ത്യയുടെ സാങ്കേതിക-എഐ മേഖലയില്‍ ഇപ്പോള്‍ തന്നെ 60 ലക്ഷത്തിലധികം പേര്‍ ജോലി ചെയ്യുന്നുണ്ട്. തൊഴില്‍ നഷ്ടപ്പെടുന്നതിന് പകരം തൊഴില്‍ പരിവര്‍ത്തനത്തിന്  മുന്‍ഗണന നല്‍കി മനുഷ്യനും യന്ത്രവും ഒരുമിച്ച് പ്രവര്‍ത്തിക്കുന്ന സന്തുലിത രീതിയാണ് ഇന്ത്യ പിന്തുടരുന്നത്.

വിവിധ മേഖലകളിലെ എഐ സാങ്കേതികവിദ്യയും തൊഴിലിന്റെ ഭാവിയും

സേവന മേഖലയ്ക്ക് പുറമെ ഉല്പാദനം, വിതരണശൃംഖല,  ഉപഭോക്തൃ സേവനങ്ങള്‍ തുടങ്ങിയ മേഖലകളിലും കാര്യക്ഷമതയും വ്യക്തിഗത സേവനങ്ങളും മെച്ചപ്പെടുത്താന്‍ നിര്‍മിതബുദ്ധിയ്ക്ക് സാധിക്കുന്നു.  ഇതിന്റെ വ്യാപക ഉപയോഗം തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാനും തൊഴില്‍ വിപണിയെ പുനഃക്രമീകരിക്കാനും നിരന്തര നൈപുണ്യ വികസനം പ്രോത്സാഹിപ്പിക്കാനും സഹായിക്കും. മനുഷ്യ  വൈദഗ്ധ്യവും സാങ്കേതിക പുരോഗതിയും ഒത്തുചേരുന്ന ചലനാത്മകവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ  തൊഴില്‍ശക്തിയെ ഇത് പിന്തുണയ്ക്കുന്നു.

എഐ അധിഷ്ഠിത തൊഴില്‍ പരിവര്‍ത്തനം

തന്ത്രപരമായ രീതിയിലാണ് ഇന്ത്യ നിര്‍മിതബുദ്ധിയുടെ രംഗത്ത് മുന്നേറുന്നത്.  സാങ്കേതികവിദ്യയുടെ ജനാധിപത്യവല്‍ക്കരണം  അത്യന്താപേക്ഷിതമാണെന്ന് വ്യക്തമാകുന്ന സാഹചര്യത്തില്‍  ഉല്പാദനക്ഷമത, ഉള്‍ച്ചേര്‍ക്കല്‍, തൊഴില്‍ എന്നിവയുടെ ചാലകശക്തിയായി സാങ്കേതികവിദ്യയെ മാറ്റാന്‍  കേന്ദ്ര സര്‍ക്കാര്‍ നിരവധി ദേശീയ പദ്ധതികളും നൈപുണ്യ വികസന സംരംഭങ്ങളും നടപ്പാക്കിവരുന്നു.

'വേഗമാര്‍ന്ന സാമ്പത്തിക വളര്‍ച്ചയുടെ അവസരം'  എന്ന  നിതി ആയോഗ് റിപ്പോര്‍ട്ട് പ്രകാരം 2035-ഓടെ മുന്‍നിര രാജ്യങ്ങളുമായി എഐ നൈപുണ്യത്തിലെ വിടവ്  കുറയ്ക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കും. അതുപോലെ, വികസിത രാജ്യങ്ങളിലെ പത്തിലൊന്ന് ജോലികള്‍ക്കും വളര്‍ന്നുവരുന്ന സമ്പദ്വ്യവസ്ഥകളിലെ ഇരുപതിലൊന്ന് ജോലികള്‍ക്കും  കുറഞ്ഞത് ഒരു പുതിയ നൈപുണ്യമെങ്കിലും ആവശ്യമാണെന്ന് ഐഎംഎഫ്  റിപ്പോര്‍ട്ട് നിരീക്ഷിക്കുന്നു.

വിദഗ്ധ തൊഴില്‍ സേനയെ വളര്‍ത്തിയെടുത്തും ഗവേഷണ ശേഷി വര്‍ധിപ്പിച്ചും എഐ മോഡലുകളിലും നൂതന കണ്ടെത്തലുകളിലും സജീവമായി പങ്കുചേര്‍ന്നും ഇത് കൈവരിക്കാം.  മാറിവരുന്ന തൊഴില്‍ സാഹചര്യങ്ങളില്‍ പ്രസക്തമായി തുടരുന്നതിന് നിരന്തര നൈപുണ്യ വികസനം അനിവാര്യമാണെന്ന് ഈ പ്രവണത അടിവരയിടുന്നു. ഇത് തിരിച്ചറിഞ്ഞ് ലക്ഷ്യത്തിലൂന്നിയ നൈപുണ്യ വികസന പദ്ധതികളിലൂടെ നിര്‍മിതബുദ്ധി യുഗത്തിന് സ്വന്തം തൊഴില്‍ സേനയെ സജ്ജമാക്കുകയാണ് ഇന്ത്യ.

ദേശീയതല പരിപാടികള്‍

2027-ലെ വികസിത ഭാരത ദര്‍ശനത്തിന് കീഴില്‍ ഡിജിറ്റല്‍ പരിവര്‍ത്തനത്തിന്റെ സുപ്രധാന ചാലകശക്തിയായാണ് നിര്‍മിതബുദ്ധിയെ വിഭാവനം ചെയ്തിരിക്കുന്നത്. വ്യവസായ മേഖലകളിലുടനീളം എഐ സംയോജിപ്പിക്കുന്നതിലൂടെ തൊഴില്‍ ഉല്പാദനക്ഷമത വര്‍ധിപ്പിക്കാനും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും നൈപുണ്യ വിടവുകള്‍ നികത്താനും ഇന്ത്യ ലക്ഷ്യമിടുന്നു. ഉയര്‍ന്ന വൈദഗ്ധ്യമുള്ളവര്‍ക്കും തുടക്കക്കാര്‍ക്കും ഒരുപോലെ കരുത്തുപകരുന്ന ഈ സമീപനം വികസിച്ചുകൊണ്ടിരിക്കുന്ന ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയില്‍ തുല്യപങ്കാളിത്തം ഉറപ്പാക്കുന്നു.  

ഇലക്ട്രോണിക്‌സ് വിവരസാങ്കേതിക മന്ത്രാലയം ദേശീയ നിര്‍മിതബുദ്ധി പദ്ധതിക്ക്  രൂപം നല്‍കിയിട്ടുണ്ട്. സാമൂഹ്യ ആഘാതം, ഉള്‍ച്ചേര്‍ക്കല്‍, സര്‍ഗാത്മകത എന്നിവ പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ എഐ ഉപയോഗപ്പെടുത്തുന്ന സമഗ്ര ചട്ടക്കൂടാണിത്.  പദ്ധതിയുടെ നാല് പ്രധാന സ്തംഭങ്ങള്‍ ഇവയാണ്:

ദേശീയ എഐ കേന്ദ്രം

ഡാറ്റാ മാനേജ്മെന്റ് ഓഫീസ്

എഐ നൈപുണ്യ വികസനം

ഉത്തരവാദിത്തപൂര്‍ണ എഐ ഉപയോഗം


#AIforAll (എല്ലാവര്‍ക്കും എഐ) എന്ന തത്വത്തിന്റെ ഭാഗമായി ഡിജിറ്റല്‍ പരിവര്‍ത്തനത്തെക്കുറിച്ച് എല്ലാവരെയും പരിചയപ്പെടുത്തുന്നതിന് ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും സ്വയം പഠനത്തിന് ഉപയോഗിക്കാവുന്ന  ഓണ്‍ലൈന്‍ പാഠ്യപദ്ധതിയ്ക്ക്  സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നു. ഇതിനെ രണ്ട് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു:

എഐ അവെയര്‍  

എഐ അപ്രിഷിയേറ്റ്  

ഭാഷിണി സംരംഭം

36-ലധികം ഭാഷകള്‍ക്കായി എഐ പ്രയോജനപ്പെടുത്തുന്ന ഭാഷിണി സംരംഭം ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയിലെ ആശയവിനിമയ പ്രതിബന്ധങ്ങള്‍ ഇല്ലാതാക്കുന്നു.  12 ലക്ഷത്തിലധികം മൊബൈല്‍ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ഈ സംരംഭം ഇംഗ്ലീഷ് ഇതര ഭാഷകള്‍ സംസാരിക്കുന്ന മേഖലകളിലെ ജനങ്ങളുടെ തൊഴില്‍ പങ്കാളിത്തം വര്‍ധിപ്പിക്കുകയും പ്രാദേശിക സംരംഭകര്‍ക്കും ഡിജിറ്റല്‍ തൊഴിലാളികള്‍ക്കും കരുത്തേകുകയും ചെയ്യുന്നു.

എഐ സാമ്പത്തിക സമിതി
2025-26 സാമ്പത്തിക സര്‍വേ പ്രകാരം രാജ്യത്തെ എഐ സ്വീകാര്യതയുടെ വേഗം നിയന്ത്രിക്കുന്നതിന് ഒരു 'എഐ സാമ്പത്തിക സമിതി' രൂപീകരിക്കാന്‍ ലക്ഷ്യമിടുന്നു. നിര്‍മിതബുദ്ധിയുടെ വിന്യാസം മനുഷ്യവിവേകത്തിന് പകരമാകില്ലെന്ന് ഈ സമിതി ഉറപ്പാക്കേണ്ടതുണ്ട്. വിഭവ പരിമിതികളും വികസന മുന്‍ഗണനകളും കണക്കിലെടുത്ത് സാങ്കേതിക വിന്യാസം ഇന്ത്യയുടെ വിദ്യാഭ്യാസ-നൈപുണ്യ അടിസ്ഥാന സൗകര്യങ്ങളുമായി സംയോജിപ്പിക്കുന്ന  ഏകോപന സമിതിയായി ഇത് നിലകൊള്ളും.  

ഈ പദ്ധതികളെല്ലാം ചേര്‍ന്ന് ഇന്ത്യയിലെ തൊഴിലിന്റെ സ്വഭാവം പുനഃക്രമീകരിക്കുകയും വികസിച്ചുവരുന്ന ഡിജിറ്റല്‍ യുഗത്തില്‍ ഉല്പാദനക്ഷമതയ്ക്കും ഉള്‍ച്ചേര്‍ക്കലിനും സുസ്ഥിര തൊഴില്‍ സൃഷ്ടിക്കും നിര്‍മിതബുദ്ധി പ്രയോജനപ്പെടുത്താന്‍ രാജ്യത്തെ സജ്ജമാക്കുകയും ചെയ്യുന്നു.

നൈപുണ്യ വികസന പദ്ധതികള്‍
ദേശീയ വിദ്യാഭ്യാസ നയം 2020
വിദ്യാഭ്യാസത്തിന്റെ സമഗ്ര തലങ്ങളിലും ഡിജിറ്റല്‍-എഐ സാക്ഷരതയെ  പ്രധാന നൈപുണ്യമായി ഈ നയം ഉയര്‍ത്തിക്കാട്ടുന്നു. പാഠ്യപദ്ധതിയില്‍ കംപ്യൂട്ടേഷണല്‍  ചിന്തയും എഐ പഠനവും ഉള്‍പ്പെടുത്തി മാറിക്കൊണ്ടിരിക്കുന്ന സാങ്കേതിക സാഹചര്യങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ വരും തലമുറയെ സജ്ജമാക്കാന്‍  നയം സഹായിക്കുന്നു.

സ്‌കില്‍ ഇന്ത്യ ദൗത്യം
നൈപുണ്യവികസന സംരംഭകത്വ മന്ത്രാലയത്തിന് കീഴിലെ സ്‌കില്‍ ഇന്ത്യ ദൗത്യം അതിന്റെ പരിശീലന മേഖലകളില്‍ നിര്‍മിതബുദ്ധിയും മറ്റ് നൂതന സാങ്കേതികവിദ്യകളും സംയോജിപ്പിക്കുന്നു.

2025 ഡിസംബര്‍ വരെയുള്ള കണക്കനുസരിച്ച് 1.34 ലക്ഷം വിദ്യാര്‍ത്ഥികളും അധ്യാപകരും SOAR (എഐ സജ്ജതയ്ക്കായി നൈപുണ്യപരിശീലനം) പദ്ധതിയുടെ ഭാഗമായിട്ടുണ്ട്.  മൈക്രോസോഫ്റ്റ്, എച്ച്സിഎല്‍ ടെക്‌നോളജീസ്, നാസ്‌കോം എന്നിവയുമായി സഹകരിച്ച് വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും നിര്‍മിതബുദ്ധിയുടെ അടിസ്ഥാനപരവും പ്രായോഗികവുമായ അറിവ് നല്‍കുന്ന കോഴ്സുകള്‍ ഇതിലൂടെ ലഭ്യമാക്കുന്നു.

എഐ സജ്ജതയെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം വളര്‍ത്തുന്നതിന്   SOAR പദ്ധതിക്ക് കീഴില്‍  സ്‌കില്‍ ദി നേഷന്‍ (#SkilltheNation) ചലഞ്ചിന് രാഷ്ട്രപതി  തുടക്കം കുറിച്ചു.

യുവ എഐ
8 മുതല്‍ 12 വരെ ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍മിതബുദ്ധി, സാങ്കേതികവിദ്യ, സാമൂഹ്യ നൈപുണ്യം എന്നിവയില്‍ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന  പരിശീലനം നല്‍കുന്നതിന് കേന്ദ്ര ഇലക്ട്രോണിക്‌സ് വിവരസാങ്കേതിക മന്ത്രാലയവും ദേശീയ ഇ-ഗവേണന്‍സ് വിഭാഗവും  ചേര്‍ന്നാണ്  പദ്ധതി രൂപീകരിച്ചത്. യുവ പഠിതാക്കള്‍ക്ക് എഐ അധിഷ്ഠിത പരിഹാരങ്ങള്‍ കണ്ടെത്താനും  അവ പ്രാവര്‍ത്തികമാക്കാനും താഴെ നല്‍കിയിരിക്കുന്ന എട്ട് പ്രധാന മേഖലകളില്‍ ഈ സംരംഭം അവസരമൊരുക്കുന്നു.

യുവ എഐ-യുടെ  എട്ട് പ്രധാന മേഖലകള്‍

കൃഷി

ആരോഗ്യം

വിദ്യാഭ്യാസം

പരിസ്ഥിതി

ഗതാഗതം  

ഗ്രാമവികസനം

സ്മാര്‍ട്ട് സിറ്റികള്‍

നീതിന്യായം  




'യുവെ എഐ ഫോര്‍ ഓള്‍': എഐ സാക്ഷരത ഒരു അടിസ്ഥാന ജീവിത നൈപുണ്യമാക്കി മാറ്റുന്ന സൗജന്യ ദേശീയ കോഴ്‌സാണിത്. ഒരു കോടി  പൗരന്മാരെ എഐയുടെ അടിസ്ഥാന പാഠങ്ങള്‍ പഠിപ്പിച്ച് ശാക്തീകരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഫ്യൂച്ചര്‍ സ്‌കില്‍സ് പ്രൈം, ഐ-ജിഒടി കര്‍മയോഗി, ദീക്ഷ  തുടങ്ങിയ പ്രമുഖ ഓണ്‍ലൈന്‍ വിദ്യാഭ്യാസ  പ്ലാറ്റ്ഫോമുകളില്‍ 11 ഭാഷകളില്‍  (അസമീസ്, ബംഗാളി, ഗുജറാത്തി, ഹിന്ദി, കന്നഡ, മലയാളം, മറാത്തി, ഒഡിയ, പഞ്ചാബി, തമിഴ്, തെലുങ്ക്)  കോഴ്‌സ് ലഭ്യമാണ്.



നിര്‍മിതബുദ്ധിയും കമ്പ്യൂട്ടേഷണല്‍ ചിന്താഗതിയും: ഭാവി വിദ്യാഭ്യാസത്തിന്റെ അവിഭാജ്യ ഘടകങ്ങളാണ് നിര്‍മിതബുദ്ധിയും കമ്പ്യൂട്ടേഷണല്‍ ചിന്താഗതിയും.   പഠനം, ചിന്ത, അധ്യാപനം എന്നിവയെ ശക്തിപ്പെടുത്തുന്ന ഇത് ക്രമേണ 'പൊതുനന്മ ലക്ഷ്യമിടുന്ന എഐ' എന്ന ആശയത്തിലേക്ക് വ്യാപിപ്പിക്കുന്നു.  മൂന്നാംതരം മുതല്‍  സാങ്കേതികവിദ്യ പാഠ്യപദ്ധതിയുടെ ഭാഗമാക്കി എഐയുടെ ധാര്‍മിക ഉപയോഗം ഉറപ്പാക്കാന്‍ കൈക്കൊള്ളുന്ന സുപ്രധാന ചുവടുവെയ്പ്പാണിത്.



ഫ്യൂച്ചര്‍ സ്‌കില്‍സ് പ്രൈം: കേന്ദ്ര ഇലക്ട്രോണിക്‌സ് വിവരസാങ്കേതിക മന്ത്രാലയവും നാസ്‌കോമും സംയുക്തമായി നടപ്പാക്കുന്ന ഈ പദ്ധതി എഐ, ബിഗ് ഡാറ്റ, ക്ലൗഡ് കംപ്യൂട്ടിങ് തുടങ്ങിയ നൂതന സാങ്കേതികവിദ്യകളില്‍ വിദഗ്ധര്‍ക്ക് നൈപുണ്യ പരിശീലനം നല്‍കുന്നു. ദേശീയ തൊഴില്‍ മാനദണ്ഡങ്ങള്‍,  ദേശീയ നൈപുണ്യ  യോഗ്യതാ ചട്ടക്കൂട്  എന്നിവയുമായി പൊരുത്തപ്പെടുന്ന ഈ കോഴ്‌സുകള്‍ ഉദ്യോഗാര്‍ത്ഥികളുടെ തൊഴില്‍ സാധ്യത വര്‍ധിപ്പിക്കുന്നു. 25.3 ലക്ഷത്തിലധികം രജിസ്റ്റര്‍ ചെയ്ത പഠിതാക്കളും 3000-ത്തിലധികം കോഴ്‌സുകളുമടങ്ങുന്ന ഈ പ്ലാറ്റ്ഫോം തൊഴില്‍ സേനയുടെ പരിവര്‍ത്തനത്തിന് നേരിട്ട് സംഭാവന നല്‍കുന്നു.



ഇന്ത്യ എഐ ഫ്യൂച്ചര്‍ സ്‌കില്‍സ്: 2024-ല്‍ തുടക്കം കുറിച്ച ഇന്ത്യ എഐ ദൗത്യത്തിന്റെ  ഭാഗമായി ആരംഭിച്ച ഈ പദ്ധതി ബിരുദം മുതല്‍ ഗവേഷണതലം വരെ വിവിധ തലങ്ങളില്‍ എഐ വിദഗ്ധരുടെ  ആവാസവ്യവസ്ഥ സൃഷ്ടിക്കാന്‍ ലക്ഷ്യമിടുന്നു. ഇതിന്റെ ഭാഗമായി യുജി, പിജി, പിഎച്ച്ഡി വിദ്യാര്‍ത്ഥികള്‍ക്ക് ഫെലോഷിപ്പ് പദ്ധതികള്‍, എഐ ആന്‍ഡ് ഡാറ്റാ ലാബുകള്‍, പ്രത്യേക നൈപുണ്യ വികസന കോഴ്‌സുകള്‍ എന്നിവ നടപ്പാക്കുന്നു.

2025 ഡിസംബര്‍ വരെയുള്ള കണക്കനുസരിച്ച് 500 പിഎച്ച്ഡി ഗവേഷകര്‍ക്കും 5,000 ബിരുദാനന്തര ബിരുദധാരികള്‍ക്കും 8,000 ബിരുദധാരികള്‍ക്കും എഐ സംബന്ധമായ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ പിന്തുണ നല്‍കുന്നു.   എഐ, ഡാറ്റാ ക്യുറേഷന്‍, പ്രായോഗിക ഡാറ്റാ സയന്‍സ് എന്നിവയില്‍ പരിശീലനം നല്‍കാന്‍ രണ്ടാംനിര, മൂന്നാംനിര നഗരങ്ങളില്‍ NIELIT വഴി 27 ഇന്ത്യ എഐ ഡാറ്റാ ആന്‍ഡ് എഐ ലാബുകള്‍ സ്ഥാപിച്ചു. കൂടാതെ, 27 സംസ്ഥാനങ്ങളിലായി 174 ഐടിഐകളിലും പോളിടെക്‌നിക്കുകളിലും അധിക ലാബുകള്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്.

സ്‌കില്‍ ഇന്ത്യ ഡിജിറ്റല്‍ ഹബ്ബ്: നൈപുണ്യ വികസന പരിപാടികള്‍ക്കായി സ്‌കില്‍ ഇന്ത്യ ഡിജിറ്റല്‍ ഹബ്ബ് ഏകീകൃത ഡിജിറ്റല്‍ പ്ലാറ്റ്ഫോമും നൈപുണ്യ വികസന-സംരംഭകത്വ മന്ത്രാലയം  പുറത്തിറക്കി. തുടക്കക്കാര്‍ക്ക് അനുയോജ്യമായ കോഴ്‌സുകള്‍  മുതല്‍ ഉയര്‍ന്ന തലം വരെ വ്യത്യസ്ത വിഭാഗങ്ങളിലെ  പഠിതാക്കളെ പിന്തുണയ്ക്കുന്ന  എഐ, മെഷീന്‍ ലേണിങ് കോഴ്‌സുകളുടെ വിപുലമായ ശേഖരം ഇതില്‍ ലഭ്യമാണ്.

എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഭാവി സജ്ജമായ തൊഴില്‍ശക്തിയിലേക്ക്  
ഉല്പാദനക്ഷമത, നൂതനാശയങ്ങള്‍, തൊഴില്‍ സൃഷ്ടി എന്നിവയില്‍ സാങ്കേതികവിദ്യ നിര്‍ണായക പങ്കുവഹിക്കുന്ന എഐ അധിഷ്ഠിത പരിവര്‍ത്തനത്തിന്റെ മുന്‍നിരയിലാണ് ഇന്ത്യ. ശക്തമായ ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങളും യുവ തൊഴില്‍ശക്തിയും പുരോഗമനപരമായ നയങ്ങളും കൈമുതലാക്കി എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വളര്‍ച്ചയ്ക്കായി എഐ പ്രയോജനപ്പെടുത്താന്‍ പൂര്‍ണ സജ്ജമാണ് രാജ്യം. എഐ സാങ്കേതികവിദ്യ തൊഴില്‍ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നുവെന്നും വിവിധ മേഖലകളിലെ നൈപുണ്യ വിടവുകള്‍ നികത്തുന്നുവെന്നും സര്‍ക്കാരിന്റെ  സംയോജിത സമീപനം ഉറപ്പാക്കുന്നു. സാങ്കേതികവിദ്യയെ സാമൂഹ്യ ഉള്‍ച്ചേര്‍ക്കലുമായി സംയോജിപ്പിച്ച് കരുത്തുറ്റതും ഭാവി വെല്ലുവിളികളെ നേരിടാന്‍ സുസജ്ജവുമായ  തൊഴില്‍ശക്തിയെയാണ് ഇന്ത്യ രൂപപ്പെടുത്തിയെടുക്കുന്നത്.

അവലംബം:

****

(Explainer ID: 157347) आगंतुक पटल : 8
Provide suggestions / comments
इस विज्ञप्ति को इन भाषाओं में पढ़ें: English , हिन्दी , Bengali , Gujarati , Kannada
Link mygov.in
National Portal Of India
STQC Certificate