• Skip to Content
  • Sitemap
  • Advance Search
Infrastructure

ഇന്ത്യയുടെ കപ്പൽ നിർമ്മാണ പുനരുജ്ജീവനത്തിന് വഴിയൊരുക്കുന്നു

Posted On: 14 OCT 2025 4:15PM

പ്രധാന വസ്തുതകൾ

* 2025 സെപ്റ്റംബറിൽ ₹69,725 കോടിയുടെ കപ്പൽ നിർമ്മാണ, മാരിടൈം പരിഷ്കരണ പദ്ധതികൾ പ്രഖ്യാപിച്ചു.

* ₹24,736 കോടി ചെലവിൽ ആരംഭിച്ച കപ്പൽ നിർമ്മാണ സാമ്പത്തിക സഹായ പദ്ധതി ദേശീയ കപ്പൽ നിർമ്മാണ മിഷൻ വഴി ആഭ്യന്തര നിർമ്മാണത്തിന് ദിശാബോധം, സാമ്പത്തിക സഹായം, ഷിപ്പ് ബ്രേക്കിംഗ് ക്രെഡിറ്റ് നോട്ടുകൾ എന്നിവ നൽകുന്നു.

* ₹25,000 കോടി രൂപയുടെ മാരിടൈം വികസന ഫണ്ട് നിക്ഷേപത്തിലും പലിശയിളവുകളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

* കപ്പൽ നിർമ്മാണ വികസന പദ്ധതി ₹19,989 കോടി രൂപ ചെലവിൽ കപ്പൽ നിർമ്മാണ ക്ലസ്റ്ററുകൾക്ക് മൂലധന പിന്തുണ, റിസ്ക് കവറേജ്, ശേഷി വർദ്ധിപ്പിക്കൽ എന്നിവ വാഗ്ദാനം ചെയ്യുന്നു.

* ആഭ്യന്തര കപ്പൽ നിർമ്മാണ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി  വലിയ കപ്പലുകൾക്ക് അടിസ്ഥാന സൗകര്യ പദവി നൽകി.

അവലോകനം

പാരമ്പര്യത്തിൽ അടിയുറച്ചതും സാങ്കേതികവിദ്യയാൽ മുന്നോട്ട് നയിക്കപ്പെടുന്നതുമായ ഇന്ത്യയുടെ കപ്പൽ നിർമ്മാണ രംഗം ആഗോള ശ്രദ്ധ നേടാൻ തയ്യാറെടുക്കുകയാണ്. ഇന്ത്യയുടെ സമുദ്ര മേഖലയ്ക്ക് ചരിത്രപരമായി ഏറെ പ്രാധാന്യമുണ്ട്. ഉപഭൂഖണ്ഡത്തെ ആഗോള വ്യാപാര പാതകളുമായി ബന്ധിപ്പിക്കുന്ന ഒരു സുപ്രധാന കണ്ണിയായി ഈ മേഖല എക്കാലവും നിലകൊണ്ടിരുന്നു. നൂറ്റാണ്ടുകൾ പഴക്കമുള്ള കടൽ യാത്രകളും വാണിജ്യവും അതിന്റെ സാമ്പത്തിക അടിത്തറ രൂപപ്പെടുത്തിയതിൽ നിർണായക പങ്ക് വഹിച്ചു.

ഇന്ത്യയുടെ കപ്പൽ നിർമ്മാണ പാരമ്പര്യത്തിന് സിന്ധു നദീതട സംസ്കാര കാലത്തോളം പഴക്കമുണ്ട്. ലോത്തൽ (ഇന്നത്തെ ഗുജറാത്തിൽ) പോലുള്ള സ്ഥലങ്ങളിൽ നിന്നുമുള്ള പുരാവസ്തു തെളിവുകൾ കപ്പൽനിർമ്മാണശാല (ഡോക്ക്‌യാർഡ്)കളുടെയും സമുദ്ര വ്യാപാരത്തിന്റെയും നിലനിൽപ്പിനെ സൂചിപ്പിക്കുന്നു. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ടൈഡൽ ഡോക്കുകളിലൊന്നായി ലോത്തലിലെ ഡോക്ക് കണക്കാക്കപ്പെടുന്നു.

"ഹെവി എഞ്ചിനീയറിംഗിന്റെ മാതാവ്" എന്ന് പലപ്പോഴും വിളിക്കപ്പെടുന്ന കപ്പൽ നിർമ്മാണം, തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലൂടെയും നിക്ഷേപം ആകർഷിക്കുന്നതിലൂടെയും ദേശീയ സുരക്ഷയും തന്ത്രപരമായ സ്വാതന്ത്ര്യവും ശക്തിപ്പെടുത്തുന്നതിലൂടെയും നിർണായക പങ്ക് വഹിക്കുന്നു. ഇന്ത്യയുടെ കപ്പൽ നിർമ്മാണ മേഖല ശക്തമായ സാമ്പത്തിക സ്വാധീനം ചെലുത്തുന്നു. ഓരോ നിക്ഷേപവും 6.4 മടങ്ങ് തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുകയും മൂലധനത്തിന്റെ 1.8 മടങ്ങ് വരുമാനം നൽകുകയും ചെയ്യുന്നു. ഇത് വളർച്ചയെയും വികസനത്തെയും നയിക്കാനുള്ള അതിന്റെ ശക്തി കാണിക്കുന്നു. വിദൂര, തീരദേശ, ഗ്രാമപ്രദേശങ്ങളിൽ വലിയ തോതിലുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് ഈ വ്യവസായം വലിയ പ്രതീക്ഷ നൽകുന്നു. ആത്മനിർഭർ ഭാരത് എന്ന ദർശനം മുന്നോട്ട് കൊണ്ടുപോകുന്നതിൽ ഒരു പ്രധാന പ്രേരകശക്തിയായി കണ്ട്, കപ്പൽ നിർമ്മാണ വ്യവസായത്തിന്റെ വികസനത്തിനും പ്രോത്സാഹനത്തിനും മുൻഗണന നൽകുന്നു.

കപ്പൽ നിർമ്മാണ മേഖലയുടെ വളർച്ചയും വികസനവും

സ്വാതന്ത്ര്യാനന്തരം മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്‌സ് ലിമിറ്റഡ് (മുംബൈ), ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്‌സ് & എഞ്ചിനീയേഴ്‌സ് ലിമിറ്റഡ് (കൊൽക്കത്ത), ഹിന്ദുസ്ഥാൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് (വിശാഖപട്ടണം) തുടങ്ങിയ പൊതുമേഖലാ യൂണിറ്റുകളിലാണ് കപ്പൽ നിർമ്മാണ മേഖല പ്രധാനമായും കേന്ദ്രീകരിച്ചിരുന്നത്. കഴിഞ്ഞ ദശകത്തിൽ, സ്വകാര്യ കപ്പൽ നിർമ്മാതാക്കൾ ഈ മേഖലയിലേക്ക് കടന്നുവന്നതോടെ, ഇന്ത്യയുടെ ഷിപ്പിംഗ്, മാരിടൈം മേഖലകൾ ശ്രദ്ധേയമായ പരിവർത്തനത്തിന് സാക്ഷ്യം വഹിച്ചു. ക്രൂയിസ് ടൂറിസം, ഉൾനാടൻ ജലഗതാഗതം, തുറമുഖ അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിൽ ഗണ്യമായ പുരോഗതി കൈവരിച്ചു. തന്ത്രപരമായ നിക്ഷേപങ്ങൾ, നയ പരിഷ്കാരങ്ങൾ, വികസിപ്പിച്ച ജലപാതകൾ എന്നിവ ചരക്ക് നീക്കവും തീരദേശ കണക്റ്റിവിറ്റിയും തൊഴിലവസരങ്ങളും മെച്ചപ്പെടുത്തി. ഇത് ഈ മേഖലയെ സാമ്പത്തിക വളർച്ചയുടെയും പ്രാദേശിക ഏകീകരണത്തിന്റെയും പ്രധാന ചാലകശക്തിയാക്കി മാറ്റി. 2024 നവംബർ വരെ, ഇന്ത്യയ്ക്ക് 1,552 ഇന്ത്യൻ പതാകയുള്ള കപ്പലുകളുണ്ട്, അതായത് ആകെ 13.65 ദശലക്ഷം ഗ്രോസ് ടണ്ണേജ് (ജിടി).

പ്രധാന ​ഗവൺമെന്റ് നയങ്ങളും സംരംഭങ്ങളും

* കപ്പൽ നിർമ്മാണ സാമ്പത്തിക സഹായ നയം (SBFAP): ഹരിത ഇന്ധനങ്ങളോ ഹൈബ്രിഡ് പ്രൊപ്പൽഷൻ സംവിധാനങ്ങളോ ഉപയോഗിക്കുന്ന കപ്പലുകൾക്ക് 20% മുതൽ 30% വരെ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്യുന്നു.

* റൈറ്റ് ഓഫ് ഫസ്റ്റ് റിഫ്യൂസൽ (RoFR): കപ്പൽ ഏറ്റെടുക്കലിനുള്ള ഗവൺമെന്റ് ടെൻഡറുകളിൽ ഇന്ത്യൻ കപ്പൽ നിർമ്മാണ ശാലകൾക്ക് മുൻഗണന ലഭിക്കുന്നു. ഇന്ത്യൻ നിർമ്മിതവും ഇന്ത്യൻ പതാകയുള്ളതും ഇന്ത്യൻ ഉടമസ്ഥതയിലുള്ളതുമായ കപ്പലുകൾക്ക് ഉയർന്ന മുൻഗണന നൽകുന്നു.

* പൊതു സംഭരണ ​​മുൻഗണന: 2017 ലെ മേക്ക് ഇൻ ഇന്ത്യ ഉത്തരവ് പ്രകാരം ₹200 കോടിയിൽ താഴെയുള്ള കപ്പലുകൾ ഇന്ത്യൻ കപ്പൽ നിർമ്മാണ ശാലകളിൽ നിന്ന് മാത്രമേ വാങ്ങാവൂവെന്ന് നിഷ്കർഷിക്കുന്നു.

* ഗ്രീൻ ടഗ് ട്രാൻസിഷൻ പ്രോഗ്രാം (GTTP): കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിന് പരിസ്ഥിതി സൗഹൃദ ടഗ് ബോട്ടുകളുടെ പ്രവർത്തനം പ്രോത്സാഹിപ്പിക്കുന്നു.

* ഹരിത് നൗക മാർഗ്ഗനിർദ്ദേശങ്ങൾ: ഉൾനാടൻ ജലപാത കപ്പലുകളിൽ പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നു.

* സ്റ്റാൻഡേർഡ് ടഗ് ഡിസൈനുകൾ: ഏകരൂപത ഉറപ്പാക്കുന്നതിനും ആഭ്യന്തര നിർമ്മാണം വർദ്ധിപ്പിക്കുന്നതിനും പ്രധാന തുറമുഖങ്ങളിൽ ഉപയോഗിക്കാൻ കഴിയുന്ന അഞ്ച് തരം ടഗ് ഡിസൈനുകൾ പുറത്തിറക്കിയിട്ടുണ്ട്.

ധാരണാപത്രങ്ങളും സഹകരണങ്ങളും : തന്ത്രപരമായ പങ്കാളിത്തം, അടിസ്ഥാന സൗകര്യ വികസനം, സാമ്പത്തിക സഹകരണങ്ങൾ എന്നിവയിലൂടെ ഇന്ത്യ അതിന്റെ കപ്പൽ നിർമ്മാണ, മാരിടൈം ശേഷികൾ വികസിപ്പിക്കുകയാണ്. ആഭ്യന്തര നിർമ്മാണം ശക്തിപ്പെടുത്തുക, വിദേശ കപ്പലുകളെ ആശ്രയിക്കുന്നത് കുറയ്ക്കുക, മേഖലയിലുടനീളം സുസ്ഥിര വളർച്ച പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഈ ശ്രമങ്ങളുടെ ലക്ഷ്യം.

* വിദേശ കപ്പലുകളെ ആശ്രയിക്കുന്നത് കുറയ്ക്കുക, ഇന്ത്യൻ നിർമ്മിത കപ്പലുകൾക്കുള്ള ആവശ്യം വർദ്ധിപ്പിക്കുക എന്നിവ ലക്ഷ്യമിട്ട് കപ്പലുകളുടെ ഉടമസ്ഥതയിലുള്ള ഒരു സംയുക്ത സംരംഭം രൂപീകരിക്കുന്നതിനായി ഷിപ്പിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും ഓയിൽ പിഎസ്‌യുകളും ധാരണാപത്രത്തിൽ ഒപ്പുവെച്ചു.

* 2047 ഓടെ ഇന്ത്യയെ ലോകത്തിലെ ഏറ്റവും മികച്ച അഞ്ച് കപ്പൽ നിർമ്മാണ രാജ്യങ്ങളിൽ ഒന്നാക്കി മാറ്റുക എന്ന ലക്ഷ്യം മുൻനിർത്തി, സംയുക്ത നിക്ഷേപത്തോടെ കപ്പൽ നിർമ്മാണ ക്ലസ്റ്ററുകൾ വികസിപ്പിക്കുന്നതിനായി പ്രധാന തുറമുഖങ്ങളും തീരദേശ സംസ്ഥാനങ്ങളും തമ്മിൽ ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചു. ഈ കേന്ദ്രങ്ങൾ കപ്പൽ നിർമ്മാണ ശാലകൾ, ഗവേഷണ വികസനം, MSMEകൾ, സുസ്ഥിര സമുദ്ര എഞ്ചിനീയറിംഗിനായി പരിസ്ഥിതി നവീകരണം എന്നിവ സമന്വയിപ്പിക്കും.

* ഒരു ദശലക്ഷം GT വാർഷിക ശേഷിയും വലിയ തോതിലുള്ള തൊഴിലവസരങ്ങളും സൃഷ്ടിക്കുന്ന 15,000 കോടി രൂപയുടെ സൗകര്യവും ഉൾപ്പെടുന്ന പ്രധാന കപ്പൽ നിർമ്മാണ സമുച്ചയങ്ങൾ സ്ഥാപിക്കുന്നതിനായി കൊച്ചിൻ ഷിപ്പ്‌യാർഡും മസഗോൺ ഡോക്കും തമിഴ്‌നാട് ഏജൻസികളുമായി ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചു.

* പരിസ്ഥിതി സൗഹൃദ കപ്പൽ നിർമ്മാണം, കപ്പൽ നവീകരണം, മാരിടൈം ലോജിസ്റ്റിക്സ് എന്നിവയ്ക്കായി വിവിധ ഫണ്ടിംഗ് ലഭ്യമാക്കുന്നതിനും ആഗോള കാലാവസ്ഥാ ധനസഹായം ആഭ്യന്തര മൂലധനവുമായി സംയോജിപ്പിച്ച് ശക്തമായ നിക്ഷേപ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനുമായി സാഗർമാല ഫിനാൻസ് കോർപ്പറേഷൻ പ്രധാന ധനകാര്യ സ്ഥാപനങ്ങളുമായി ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചു.

* സി‌എസ്‌എല്ലിന്റെ പുതിയ ഡ്രൈ ഡോക്കിന്റെയും കൊച്ചിയിലെ ₹3,700 കോടിയുടെ ഫാബ്രിക്കേഷൻ സൗകര്യത്തിന്റെയും പിന്തുണയോടെ, വലിയ വാണിജ്യ കപ്പലുകൾ ഇന്ത്യയിൽ നിർമ്മിക്കുന്നതിനായി കൊച്ചിൻ ഷിപ്പ്‌യാർഡും എച്ച്‌ഡി കൊറിയ ഷിപ്പ് ബിൽഡിംഗും പങ്കാളിത്തത്തിൽ ഏർപ്പെട്ടിട്ടുണ്ട്. ഇത് ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും MSME-ബന്ധിത വിതരണ ശൃംഖലകൾക്ക് ഉത്തേജനം നൽകുമെന്നും പ്രതീക്ഷിക്കുന്നു.

കപ്പൽ നിർമ്മാണ മേഖലയുടെ പുനരുജ്ജീവനം

2025 സെപ്റ്റംബറിൽ കപ്പൽ നിർമ്മാണ മേഖലയ്ക്കായി ​ഗവൺമെന്റ് പുറത്തിറക്കിയ പുതിയ പ്രഖ്യാപനങ്ങൾ ആഭ്യന്തര ശേഷി വികസിപ്പിക്കുന്നതിലും ദീർഘകാല ധനസഹായം ലഭ്യമാക്കുന്നതിലും ആഗോളതലത്തിൽ മത്സരാധിഷ്ഠിതമായ ഒരു ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. വലിയ തോതിലുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും നിക്ഷേപം ആകർഷിക്കുന്നതിനും ആധുനിക അടിസ്ഥാന സൗകര്യങ്ങളിലൂടെയും നയ പരിഷ്കാരങ്ങളിലൂടെയും ഇന്ത്യയുടെ തന്ത്രപരവും സാമ്പത്തികവുമായ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിനും ഈ നടപടികൾ ലക്ഷ്യമിടുന്നു.

സ്തംഭം 1 : കപ്പൽ നിർമ്മാണ സാമ്പത്തിക സഹായ പദ്ധതി - ഇന്ത്യയുടെ തദ്ദേശീയ കപ്പൽ നിർമ്മാണ ശേഷിയെയും മാരിടൈം രംഗത്തെ നൂതനാശയങ്ങളെയും ഒരുമിച്ച് കൊണ്ടുവരാൻ ലക്ഷ്യമിടുന്ന ഈ പദ്ധതി, ഒരു അടിസ്ഥാന സ്തംഭമായി പ്രവർത്തിക്കുന്നു. ₹24,736 കോടി ചെലവിൽ, ഇന്ത്യയുടെ കപ്പൽ നിർമ്മാണ ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിന് ലക്ഷ്യമിട്ടുള്ള പ്രോത്സാഹനങ്ങൾ, തന്ത്രപരമായ ദൗത്യങ്ങൾ, കപ്പലിന്റെ ലൈഫ് സൈക്കിൾ പിന്തുണ എന്നിവ സംയോജിപ്പിച്ച് ഇന്ത്യയുടെ കപ്പൽ നിർമ്മാണ ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്താൻ ഇത് സഹായിക്കുന്നു.

ഘടകം 1: സാമ്പത്തിക സഹായം

* ലക്ഷ്യം: ചെലവിലെ പോരായ്മകൾ നികത്താനും മത്സരക്ഷമത വർദ്ധിപ്പിക്കുന്നതിനും ഇന്ത്യൻ കപ്പൽ നിർമ്മാണ ശാലകൾക്ക് സാമ്പത്തിക സഹായം നൽകുന്നു.

* പ്രോത്സാഹന ഘടന:

₹100 കോടിയിൽ താഴെ മൂല്യമുള്ള കപ്പലുകൾക്ക് 15% സഹായം.
₹100 കോടിയിൽ കൂടുതൽ മൂല്യമുള്ള കപ്പലുകൾക്ക് 20% സഹായം.
ഗ്രീൻ, ഹൈബ്രിഡ് അല്ലെങ്കിൽ പ്രത്യേക കപ്പലുകൾക്ക് 25% സഹായം.

* ആഭ്യന്തര മൂല്യവർദ്ധനവ്: പ്രോത്സാഹനങ്ങൾ ലഭിക്കുന്നതിന് കുറഞ്ഞത് 30% ആഭ്യന്തര മൂല്യവർദ്ധനവ് ആവശ്യമാണ്, ഇത് പ്രാദേശിക നിർമ്മാണത്തെ പ്രോത്സാഹിപ്പിക്കുന്നു.

* സാമ്പത്തിക വിഹിതം: ആകെ ₹20,554 കോടി അനുവദിച്ചു, സാധുത മാർച്ച് 2036 വരെ.

ഘടകം 2: ഷിപ്പ്-ബ്രേക്കിം​ഗ് ക്രെഡിറ്റ് നോട്ട്

* പ്രോത്സാഹന മൂല്യം: ഇന്ത്യൻ കപ്പൽ നിർമ്മാണ ശാലയിൽ വെച്ച് പൊളിക്കുന്ന കപ്പലിന്റെ സ്ക്രാപ്പ് മൂല്യത്തിന്റെ 40% ക്രെഡിറ്റ് നോട്ട് ആയി നൽകും

* വിനിയോഗം: ഇന്ത്യൻ കപ്പൽ നിർമ്മാണ ശാലയിൽ ഒരു പുതിയ കപ്പൽ നിർമ്മിക്കുന്നതിനുള്ള ചെലവിൽ നിന്ന് വീണ്ടെടുക്കാം

* ഫ്ലെക്സിബിലിറ്റി: നോട്ടുകൾ സ്റ്റാക്ക് ചെയ്യാവുന്നതും കൈമാറ്റം ചെയ്യാവുന്നതും 3 വർഷത്തേക്ക് സാധുതയുള്ളതുമാണ്

* ബജറ്റ് വിഹിതം: പദ്ധതിക്കായി ആകെ ₹4,001 കോടി അനുവദിച്ചിട്ടുണ്ട്

ഘടകം 3: ദേശീയ കപ്പൽ നിർമ്മാണ മിഷൻ

* ദൗത്യ നേതൃത്വം: മേഖലകളിലുടനീളമുള്ള ദേശീയ കപ്പൽ നിർമ്മാണ സംരംഭങ്ങൾക്ക് നേതൃത്വം നൽകുകയും മേൽനോട്ടം വഹിക്കുകയും ചെയ്യുക

* ഫണ്ട് നടത്തിപ്പ്: അപേക്ഷകൾ വിലയിരുത്തുക, ക്ലെയിമുകൾ പരിശോധിക്കുക, സമയബന്ധിതമായ ഫണ്ട് വിതരണം ഉറപ്പാക്കുക

* സംഭരണ ​​ഏകോപനം: ഡിമാൻഡ് ഏകോപിപ്പിക്കുകയും ഘടനാപരവും കേന്ദ്രീകൃതവുമായ സംഭരണ ​​പ്രക്രിയകൾ പ്രാപ്തമാക്കുകയും ചെയ്യുക

* ആഗോള പങ്കാളിത്തങ്ങൾ: ആഭ്യന്തര ശേഷി ശക്തിപ്പെടുത്തുന്നതിന് ആവശ്യമായ വിദേശ സഹകരണങ്ങൾ തിരിച്ചറിയുകയും അവയ്ക്ക് സൗകര്യമൊരുക്കുകയും ചെയ്യുക

* പദ്ധതി കാലാവധി: 10 വർഷത്തെ ദൈർഘ്യം, കാലാവധിക്ക് ശേഷവും നിലവിലുള്ള ബാധ്യതകൾ നിറവേറ്റും


സ്തംഭം 2: മാരിടൈം വികസന ഫണ്ട് (₹25,000 കോടി) - സമുദ്ര ഗതാഗതത്തെ വളരെയധികം ആശ്രയിക്കുന്ന ഇന്ത്യയുടെ കയറ്റുമതി-ഇറക്കുമതി (EXIM) വ്യാപാരത്തിന്റെ നട്ടെല്ല് ശക്തിപ്പെടുത്താൻ സമുദ്ര വികസന ഫണ്ട് ലക്ഷ്യമിടുന്നു. വ്യാപ്തി അനുസരിച്ച് 95% വ്യാപാരവും മൂല്യം അനുസരിച്ച് 65% വ്യാപാരവും കൈകാര്യം ചെയ്യുന്നു. തന്ത്രപരമായ പ്രാധാന്യം ഉണ്ടായിരുന്നിട്ടും, കുറഞ്ഞ ചെലവിൽ സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിൽ ഈ മേഖല നിരന്തരമായ വെല്ലുവിളികൾ നേരിടുന്നു. ഇന്ത്യയുടെ സമുദ്ര സമ്പദ്‌വ്യവസ്ഥയുടെ മുഴുവൻ സാധ്യതകളും തുറന്നുവിടാൻ ഈ തടസ്സങ്ങൾ പരിഹരിക്കേണ്ടത് അത്യാവശ്യമാണ്.


ഘടകം 1 : സമുദ്ര നിക്ഷേപ ഫണ്ട്

* ഫണ്ട് തുക: ₹20,000 കോടിയുടെ പ്രാരംഭ വിഹിതം.

* ധനസഹായവും നിക്ഷേപകരും: ഇക്വിറ്റി അധിഷ്ഠിത ധനസഹായവും മറ്റ് നിക്ഷേപകരുടെ സംഭാവനകളും ചേർന്നാണ് മാരിടൈം ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന്റെ മൂലധന ഘടന നിലനിർത്തുന്നത്.

* തന്ത്രപരമായ ശ്രദ്ധാകേന്ദ്രങ്ങൾ:
ഇന്ത്യൻ ഷിപ്പിംഗ് ശേഷിയുടെ വികാസം (ടണ്ണേജ്).

കപ്പൽ നിർമ്മാണ ശാലകൾ, കപ്പൽ അറ്റകുറ്റപ്പണി സൗകര്യങ്ങൾ, അനുബന്ധ വ്യവസായങ്ങൾ എന്നിവയുടെ വികസനം.

തുറമുഖവും അനുബന്ധ അടിസ്ഥാന സൗകര്യങ്ങളും ശക്തിപ്പെടുത്തൽ.

മോഡൽ ഷെയർ മെച്ചപ്പെടുത്തുന്നതിന് ഉൾനാടൻ, തീരദേശ ജലഗതാഗതം പ്രോത്സാഹിപ്പിക്കൽ.

* സാമ്പത്തിക ഘടന: പൊതു ധനസഹായത്തോടൊപ്പം സ്വകാര്യമേഖലയിലെ നിക്ഷേപം സമാഹരിക്കുന്നതിന് സംയോജിത ധനസഹായ മാതൃകയായി രൂപകൽപ്പന ചെയ്‌തിരിക്കുന്നു.

​ഗവൺമെന്റിൽ നിന്ന് 49% മൂലധനം ഇളവ് നിരക്കിൽ നൽകുന്നു.

ബഹുമുഖ വായ്പാദാതാക്കൾ, തുറമുഖ അതോറിറ്റികൾ, സോവറിൻ ഫണ്ടുകൾ എന്നിവയിൽ നിന്ന് 51% വാണിജ്യ മൂലധനം കണ്ടെത്തുന്നു.

ഘടകം 2 : പലിശ പ്രോത്സാഹന ഫണ്ട്

* ഫണ്ട് തുക: ഈ സംരംഭത്തിനായി ₹5,000 കോടി അനുവദിച്ചു

* പദ്ധതി കാലാവധി: 10 വർഷം, സാധുത 2036 മാർച്ച് വരെ 

* പ്രോത്സാഹന ഘടന:
3% വരെ പലിശയിളവ് 

ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും ഇത് നൽകുന്നു

ഇന്ത്യൻ കപ്പൽ നിർമ്മാണ ശാലകൾക്ക് നൽകുന്ന വായ്പകൾക്ക് ബാധകം

* നടപ്പാക്കൽ: നിയുക്ത നടപ്പാക്കൽ ഏജൻസികൾ വഴി ഏകോപിപ്പിക്കുന്നു.

സ്തംഭം 3: കപ്പൽനിർമ്മാണ വികസന പദ്ധതി (₹19,989 കോടി ) - മികച്ച അടിസ്ഥാന സൗകര്യങ്ങൾ, സുരക്ഷാ നടപടികൾ, റിസ്ക് മാനേജ്‌മെന്റ് എന്നിവയിലൂടെ കപ്പൽനിർമ്മാണത്തിന് ദീർഘകാല പിന്തുണ നൽകാൻ പദ്ധതി ലക്ഷ്യമിടുന്നു.

കപ്പൽ നിർമ്മാണ വികസന പദ്ധതി

*കപ്പൽ നിർമ്മാണ ക്ലസ്റ്ററുകൾക്കുള്ള മൂലധന പിന്തുണ:

ഗ്രീൻഫീൽഡ് ക്ലസ്റ്റർ: ₹9,930 കോടി
ബ്രൗൺഫീൽഡ് ശേഷി വികസനം: ₹8,261 കോടി

* കപ്പൽ നിർമ്മാണ റിസ്ക് കവറേജ്: ₹1,443 കോടി
* ശേഷി വികസന സംരംഭങ്ങൾ: ₹305 കോടി
* മൊത്തം മൂലധനം: ₹19,989 കോടി
* ദൈർഘ്യം: 10 വർഷം (മാർച്ച് 2036 വരെ)

സ്തംഭം 4: നിയമ, നയ, പ്രക്രിയാ പരിഷ്കാരങ്ങൾ - നിയമ, നയ, പ്രക്രിയാ പരിഷ്കാരങ്ങളുടെ ഭാഗമായി, കുറഞ്ഞ ചെലവിൽ ധനസഹായം എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായി വലിയ കപ്പലുകൾക്ക് അടിസ്ഥാന സൗകര്യ പദവി നൽകിയിട്ടുണ്ട്. അതേസമയം ആവശ്യകതാ ഏകീകരണം വഴി ആഭ്യന്തര കപ്പൽ നിർമ്മാണം വർദ്ധിപ്പിക്കുന്നതിനുള്ള ഏകോപിത ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. സമുദ്ര നിയമങ്ങൾ നവീകരിക്കുന്നതിനും നിയന്ത്രണ ചട്ടക്കൂടുകൾ ശക്തിപ്പെടുത്തുന്നതിനുമായി നിരവധി നിയമനിർമ്മാണപരമായ പരിഷ്കാരങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.

നിയമ, നയ, പ്രക്രിയാ പരിഷ്കാരങ്ങൾ

* ദീർഘകാലാടിസ്ഥാനത്തിലുള്ളതും കുറഞ്ഞ ചെലവിലുള്ളതുമായ ധനസഹായം എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായി 2025 സെപ്റ്റംബർ 19-ന് വലിയ കപ്പലുകൾക്ക് അടിസ്ഥാന സൗകര്യ പദവി നൽകി.

* എണ്ണ, വാതക പൊതുമേഖലാ സ്ഥാപനങ്ങളിലൂടെ (Oil & Gas PSUs) ആവശ്യകതകൾ ഏകീകരിക്കുന്നത്, അടുത്ത 10 വർഷത്തിനുള്ളിൽ 110-ൽ അധികം കപ്പലുകൾ ഇന്ത്യയിൽ തന്നെ നിർമ്മിക്കാൻ ലക്ഷ്യമിടുന്നു.

* നിയമ പരിഷ്കാരങ്ങൾ അവതരിപ്പിച്ചു
ബിൽസ് ഓഫ് ലേഡിംഗ് നിയമം, 2025
കടൽ വഴിയുള്ള ചരക്ക് ഗതാഗത നിയമം, 2025
തീരദേശ ഷിപ്പിംഗ് നിയമം, 2025 
മർച്ചന്റ് ഷിപ്പിംഗ് നിയമം, 2025 
ഇന്ത്യൻ തുറമുഖ നിയമം, 2025

പരിഷ്കാരങ്ങളുടെ സ്വാധീനങ്ങൾ - ഇന്ത്യയുടെ ഷിപ്പിംഗ്, തുറമുഖ അടിസ്ഥാന സൗകര്യങ്ങളെ ആഗോള നിലവാരത്തിലേക്ക് ഉയർത്തുക, ഗണ്യമായ തൊഴിലവസരങ്ങൾ, നിക്ഷേപം, കപ്പൽ നിർമ്മാണത്തിലും മാരിടൈം ശേഷിയിലും വികാസം കൈവരിക്കുക എന്നിവയാണ് ഈ പരിഷ്കാരങ്ങളുടെ ലക്ഷ്യം. കപ്പൽ എണ്ണത്തിലും ചരക്ക് കൈകാര്യം ചെയ്യലിലുമുള്ള വർദ്ധനവും ഇവ വാ​ഗ്ദാനം ചെയ്യുന്നു. ഇത് മേഖലയുടെ മൊത്തത്തിലുള്ള മത്സരശേഷി ശക്തിപ്പെടുത്തുന്നു.

ഉപസംഹാരം

പുരോഗമനപരമായ നിരവധി സംരംഭങ്ങളുടെയും നയ പരിഷ്കാരങ്ങളുടെയും പിന്തുണയോടെ ഇന്ത്യയുടെ കപ്പൽനിർമ്മാണ മേഖല വളർച്ചയുടെ വാഗ്ദാനങ്ങൾ നിറഞ്ഞ ഒരു ഘട്ടത്തിലേക്ക് കടക്കുകയാണ്. അടിസ്ഥാന സൗകര്യങ്ങൾ ആധുനികവൽക്കരിക്കുക, ആഭ്യന്തര നിർമ്മാണ ശേഷി വർദ്ധിപ്പിക്കുക, ആഗോള നിക്ഷേപം ആകർഷിക്കുക, ദീർഘകാല വികസനത്തിന് ശക്തമായ അടിത്തറയിടുക എന്നിവയാണ് ഈ നടപടികൾ ലക്ഷ്യമിടുന്നത്. നവീകരണം, സുസ്ഥിരത, നൈപുണ്യ വികസനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ, മാരിടൈം ഇന്ത്യ വിഷൻ 2030 ൽ വിവരിച്ചിരിക്കുന്ന തന്ത്രപരമായ ലക്ഷ്യങ്ങൾ കൈവരിക്കാൻ ഈ മേഖലയ്ക്ക് കഴിയും. കൂടാതെ, അതിന്റെ വിപുലീകരണം വികസിത ഭാരതം 2047 
എന്ന വിശാലമായ ദേശീയ ലക്ഷ്യങ്ങളുമായി ഒത്തുപോകുന്നതാണ്. ഇത് സാമ്പത്തിക ഭദ്രത, തൊഴിലവസരം സൃഷ്ടിക്കൽ, ആഗോള മത്സരശേഷി എന്നിവയ്ക്ക് സംഭാവന നൽകുന്നു. വ്യവസായവും ​ഗവൺമെന്റും തമ്മിലുള്ള തുടർച്ചയായ സഹകരണത്തോടെ, ഇന്ത്യയുടെ കപ്പൽനിർമ്മാണ വ്യവസായം രാജ്യത്തിന്റെ സമുദ്രശക്തിയുടെ ഒരു പ്രധാന സ്തംഭമായും എല്ലാവരെയും ഉൾക്കൊള്ളുന്ന വളർച്ചയുടെ ഒരു ചാലകമായും മാറാൻ ഒരുങ്ങുകയാണ്.

https://www.pib.gov.in/Pressreleaseshare.aspx?PRID=2035583

https://www.pib.gov.in/PressReleasePage.aspx?PRID=2168994

https://www.pib.gov.in/PressReleaseIframePage.aspx?PRID=2085228

https://www.pib.gov.in/PressReleasePage.aspx?PRID=2110319

https://www.pib.gov.in/PressReleseDetailm.aspx?PRID=2172488  

https://www.pib.gov.in/PressReleasePage.aspx?PRID=2170575

(Backgrounder ID: 155585) Visitor Counter : 14
Provide suggestions / comments
Link mygov.in
National Portal Of India
STQC Certificate