Social Welfare
കുറഞ്ഞ വിലയിൽ ക്യാൻസർ മരുന്നുകൾ: പുതിയ ലാഭവിഹിത പരിധി രോഗികൾക്ക് എങ്ങനെ ആശ്വാസമാകും
प्रविष्टि तिथि:
06 NOV 2026 14:12 PM
അർബുദ ചികിത്സയ്ക്കുള്ള 137 മരുന്നുകളുടെ വ്യാപാര ലാഭവിഹിതം അവയുടെ പരമാവധി ചില്ലറ വിൽപ്പന വിലയുടെ 30 ശതമാനമായി നിജപ്പെടുത്തി
എല്ലാ കുടുംബങ്ങൾക്കും കുറഞ്ഞ ചെലവിൽ ഗുണമേന്മയുള്ള ക്യാൻസർ ചികിത്സ ലഭ്യമാക്കുക എന്നത് കേന്ദ്ര ഗവണ്മെൻ്റിൻ്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. ഇതിൻ്റെ ഭാഗമായി, 2026 ഒക്ടോബർ 17-ന് നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിംഗ് അതോറിറ്റി (എൻ.പി.പി.എ), പേറ്റൻ്റ് ലഭിച്ച മരുന്നുകൾ ഉൾപ്പെടെ പട്ടികയിൽ ഉൾപ്പെടാത്ത 137 ക്യാൻസർ ചികിത്സാ മരുന്നുകളുടെ വ്യാപാര ലാഭവിഹിതം, പരമാവധി ചില്ലറ വിൽപ്പന വിലയുടെ (എം.ആർ.പി) 30 ശതമാനമായി നിജപ്പെടുത്തി. പുതുക്കിയ വിലകൾ 2026 നവംബർ 9 മുതൽ പ്രാബല്യത്തിൽ വരും. 2026 നവംബർ 4 വരെയുള്ള കണക്കുകൾ പ്രകാരം, 70 ഔഷധ നിർമ്മാണ കമ്പനികൾ 120 മരുന്നുകളുടെ പുതുക്കിയ ചില്ലറ വിൽപ്പന വില പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിൽ പരമാവധി 96.45 ശതമാനം വരെ വിലക്കുറവ് രേഖപ്പെടുത്തി. ഈ നടപടി മുഖേന ഏകദേശം 3,357.49 കോടി രൂപയുടെ സാമ്പത്തിക ലാഭം രോഗികൾക്ക് ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. വിവിധ മരുന്നുകളുടെ പരമാവധി ചില്ലറ വിൽപ്പന വിലയിൽ ശരാശരി 20 മുതൽ 70 ശതമാനം വരെ കുറവു വരും.
ക്യാൻസർ മരുന്ന് വിലയിൽ ശരാശരി 20% മുതൽ 70% വരെ കുറവ്
ഇന്ത്യയിൽ കുറഞ്ഞ ചെലവിൽ ക്യാൻസർ ചികിത്സ ലഭ്യമാക്കുന്നതിൻ്റെ ഭാഗമായി, രാജ്യത്തുടനീളമുള്ള ചില്ലറ വിൽപന ഫാർമസികളും ആശുപത്രി ഫാർമസികളും ഉൾപ്പെടുന്ന മരുന്ന് വിതരണ ശൃംഖലയുടെ അമിതമായ വ്യാപാര ലാഭവിഹിതത്തിന് ഗവണ്മെൻ്റ് നിയന്ത്രണം ഏർപ്പെടുത്തി.
കമ്പനികൾ തങ്ങളുടെ ഉത്പന്നങ്ങളുടെ പരമാവധി ചില്ലറ വിൽപ്പന വിലയിൽ ശരാശരി 20 മുതൽ 70 ശതമാനം വരെ കുറവ് വരുത്തിയതായി അറിയിച്ചിട്ടുണ്ട്. 2026 നവംബർ 4 വരെയുള്ള കണക്കുകൾ പ്രകാരം, ഏറ്റവും ഉയർന്ന വിലക്കുറവ് 96.45 ശതമാനമാണ്. ഈ വിലനിയന്ത്രണ നടപടിയിലൂടെ ഉപഭോക്താക്കൾക്ക് ഏകദേശം 3,357.49 കോടി രൂപയുടെ സാമ്പത്തിക ലാഭം ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. 2025 ഏപ്രിൽ മുതൽ 2026 മാർച്ച് വരെയുള്ള കാലയളവിൽ വിറ്റഴിച്ച മരുന്നുകളുടെ അളവ് അടിസ്ഥാനമാക്കി, പഴയ വിലയും പുതുക്കിയ വിലയും തമ്മിലുള്ള വ്യത്യാസം കണക്കാക്കിയാണ് ഈ തുക നിർണയിച്ചിരിക്കുന്നത്.
ക്യാൻസർ മരുന്നുകളുടെ സംഭരണവിലയും പരമാവധി ചില്ലറ വിൽപ്പന വിലയും തമ്മിലുള്ള വലിയ അന്തരത്തെക്കുറിച്ച് സംസ്ഥാന ഗവണ്മെൻ്റുകളും രോഗികളും പൊതു സമൂഹവും ഉന്നയിച്ച ആശങ്കകൾ പരിഗണിച്ചാണ് ഈ വിലനിയന്ത്രണ നടപടി കൊണ്ടുവന്നത്.
മരുന്നുകളുടെ പുതുക്കിയ വിലയും മറ്റ് വിലവിവരങ്ങളും ഉപഭോക്താക്കൾക്ക് എൻ.പി.പി.എയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയോ 'ഫാർമ സഹി ദാം' (Pharma Sahi Daam) മൊബൈൽ ആപ്പിലൂടെയോ പരിശോധിക്കാവുന്നതാണ്.
2026 മാർച്ചിൽ നിലവിലുണ്ടായിരുന്ന വിതരണക്കാരുടെ വില അടിസ്ഥാനമാക്കിയാണ് പുതുക്കിയ വിലകൾ നിശ്ചയിച്ചിരിക്കുന്നത്.
എന്താണ് വ്യാപാര ലാഭവിഹിതം?
ഒരു മരുന്ന് നിർമ്മാതാവ് സ്റ്റോക്കിസ്റ്റിനോ വിതരണക്കാരനോ വിൽക്കുന്ന വിലയും രോഗി മരുന്ന് വാങ്ങുമ്പോൾ നൽകേണ്ട പരമാവധി ചില്ലറ വിൽപ്പന വിലയും തമ്മിലുള്ള അന്തരത്തെയാണ് 'വ്യാപാര ലാഭവിഹിതം' എന്ന് വിളിക്കുന്നത്. (ചരക്ക് സേവന നികുതി അഥവാ ജി.എസ്.ടി ഉൾപ്പെടുത്തിയിട്ടില്ല). വ്യാപാര ലാഭവിഹിതം അമിതമായി ഉയരുമ്പോൾ, വിതരണ ശൃംഖലയിലെ ഓരോ ഘട്ടത്തിലും അധിക ലാഭവിഹിതം കൂട്ടിച്ചേർക്കപ്പെടുന്നു. ഇതിൻ്റെ ഫലമായി മരുന്നുകളുടെ അന്തിമ വില ഗണ്യമായി വർധിക്കുകയും രോഗികൾക്ക് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാകുകയും ചെയ്യുന്നു. ഇതിനോടകം ഉയർന്ന വിലയുള്ള ക്യാൻസർ മരുന്നുകൾ നിർമ്മാതാവിൻ്റെ വിൽപ്പന വിലയേക്കാൾ പലമടങ്ങ് ഉയർന്ന നിരക്കിൽ രോഗികൾക്ക് വാങ്ങേണ്ട സാഹചര്യം ഇതുമൂലം സംജാതമാകുന്നു.

ഈ ഉത്തരവിലൂടെ, 2026 മാർച്ചിലെ ശരാശരി വിതരണ വിലയുടെ അടിസ്ഥാനത്തിലാണ് ഓരോ മരുന്നിൻ്റെയും പുതുക്കിയ പരമാവധി ചില്ലറ വിൽപ്പന വില നിശ്ചയിച്ചിരിക്കുന്നത്. പുതുക്കിയ വിലയിൽ ഉൾപ്പെടുത്തിയിട്ടുള്ള വ്യാപാര ലാഭവിഹിതം 30 ശതമാനത്തിൽ കവിയാൻ പാടില്ല. ഇതിനു പുറമേ, ബാധകമായ ജി.എസ്.ടി വരും.

മരുന്നുകളുടെ വില നിയന്ത്രിക്കപ്പെടുന്നതെങ്ങനെ?
ജീവൻരക്ഷാ മരുന്നുകൾ രോഗികൾക്ക് താങ്ങാനാവുന്ന വിലയിൽ ലഭ്യമാക്കുന്നതിന്, 'ഡ്രഗ്സ് (പ്രൈസസ് കൺട്രോൾ) ഓർഡർ (ഡി.പി.സി.ഒ), 2013' പ്രകാരം കേന്ദ്ര ഗവണ്മെൻ്റ് മരുന്നുകളുടെ വില നിയന്ത്രിച്ചുവരുന്നു.
അവശ്യ മരുന്നുകളുടെ അമിതവിലയും അന്യായമായ ലാഭവിഹിതവും നിയന്ത്രിച്ച്, എല്ലാവർക്കും കുറഞ്ഞ നിരക്കിൽ ചികിത്സ ലഭ്യമാക്കുക എന്നതാണ് 'അവശ്യവസ്തു നിയമം' അടിസ്ഥാനമാക്കിയുള്ള ഈ നടപടിയുടെ പ്രധാന ലക്ഷ്യം.
ഡി.പി.സി.ഒ, 2013 പ്രകാരം മരുന്നുകളെ പ്രധാനമായും രണ്ട് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു:
- ഷെഡ്യൂൾഡ് മരുന്നുകൾ: ഡി.പി.സി.ഒ, 2013-ലെ ഒന്നാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിട്ടുള്ള മരുന്നുകളാണ് ഇവ. ദേശീയ അവശ്യ മരുന്നുകളുടെ പട്ടികയായ 'നാഷണൽ ലിസ്റ്റ് ഓഫ് എസൻഷ്യൽ മെഡിസിൻസ് (എൻ.എൽ.ഇ.എം), 2022' ഇതിൻ്റെ ഭാഗമാണ്. ഈ വിഭാഗത്തിൽപ്പെടുന്ന ഓരോ മരുന്നിനും ഗവണ്മെൻ്റ് പരമാവധി വില നിശ്ചയിക്കുന്നു. എൻ.എൽ.ഇ.എം 2022-ൽ ആകെ 388 മരുന്നുകൾ ഉൾപ്പെടുന്നു. ഇതിൽ 63 എണ്ണം ക്യാൻസർ ചികിത്സ മരുന്നുകളാണ്.
- നോൺ-ഷെഡ്യൂൾഡ് മരുന്നുകൾ: ഡി.പി.സി.ഒ, 2013-ലെ ഒന്നാം ഷെഡ്യൂളിൽ ഉൾപ്പെടാത്ത മരുന്നുകളാണ് ഈ വിഭാഗത്തിൽപ്പെടുന്നത്. ഷെഡ്യൂൾഡ് മരുന്നുകൾക്ക് ഗവണ്മെൻ്റ് നിശ്ചിത പരമാവധി വില ഏർപ്പെടുത്തുമ്പോൾ, നോൺ-ഷെഡ്യൂൾഡ് മരുന്നുകളുടെ വില പ്രധാനമായും നിരീക്ഷണത്തിലൂടെയാണ് നിയന്ത്രിക്കുന്നത്. ഡി.പി.സി.ഒ, 2013-ലെ ഖണ്ഡിക 20 പ്രകാരം, ഒരു നിർമ്മാതാവിന് 12 മാസത്തിനുള്ളിൽ നോൺ-ഷെഡ്യൂൾഡ് മരുന്നിൻ്റെ പരമാവധി ചില്ലറ വിൽപ്പന വിലയിൽ 10 ശതമാനത്തിൽ കൂടുതൽ വർധന വരുത്താൻ അനുവാദമില്ല. വില 10 ശതമാനത്തിൽ കൂടുതൽ വർദ്ധിപ്പിക്കുകയാണെങ്കിൽ, അടുത്ത പന്ത്രണ്ട് മാസത്തേക്ക് വില വീണ്ടും 10 ശതമാനം വർദ്ധനവ് എന്ന പരിധിയിലേക്ക് തിരികെ കൊണ്ടുവരേണ്ടതുണ്ട്.
ഷെഡ്യൂൾഡ് വിഭാഗത്തിൽപ്പെടാത്ത അവശ്യ മരുന്നുകളുടെ അമിതവില നിയന്ത്രിക്കുന്നതിനായി, 2019-ൽ കേന്ദ്ര ഗവണ്മെൻ്റ് 'ട്രേഡ് മാർജിൻ റാഷണലൈസേഷൻ' (ടി.എം.ആർ) സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കി. ഇതിൻ്റെ ഭാഗമായി ക്യാൻസർ ചികിത്സയ്ക്കുള്ള 42 നോൺ-ഷെഡ്യൂൾഡ് മരുന്നുകളെ വിലനിയന്ത്രണ പരിധിയിൽ ഉൾപ്പെടുത്തി. ഇത് രോഗികൾക്ക് മരുന്നുകൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ സഹായകമായി.
2019-ലെ നടപടിയുടെ തുടർച്ചയായും, വിപണിയിലെ അമിതമായ വിലവ്യത്യാസങ്ങൾ, വ്യാപാര ലാഭവിഹിതത്തിലെ ഉയർന്ന മാർജിനുകൾ, റീട്ടെയിൽ ഫാർമസികളിലെയും ആശുപത്രി ഫാർമസികളിലെയും മരുന്നുവിലകൾ തമ്മിലുള്ള വലിയ അന്തരം എന്നിവ കണക്കിലെടുത്തും ഗവണ്മെൻ്റ് പുതിയ നടപടി സ്വീകരിച്ചു. ഡി.പി.സി.ഒ, 2013-ലെ ഖണ്ഡിക 19 പ്രകാരം പൊതുതാത്പര്യം മുൻനിർത്തി പ്രത്യേക അധികാരം വിനിയോഗിച്ചാണ് ഈ തീരുമാനം.
ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസിന് കീഴിൽ രൂപീകരിച്ച വിദഗ്ധ സമിതിയുടെ ശുപാർശകൾ പരിഗണിച്ച്, 2026 ഒക്ടോബർ 17-ന് പുറപ്പെടുവിച്ച ഉത്തരവിലൂടെ പേറ്റൻ്റ് ലഭിച്ച മരുന്നുകൾ ഉൾപ്പെടെ 137 നോൺ-ഷെഡ്യൂൾഡ് ക്യാൻസർ ചികിത്സാ മരുന്നുകളെ കൂടി വ്യാപാര മാർജിൻ ക്രമീകരണ സംവിധാനത്തിൻ്റെ പരിധിയിൽ കൊണ്ടുവന്നു.
അവശ്യ മരുന്നുകളുടെ ദേശീയ പട്ടിക എന്നാൽ
പൊതുജനാരോഗ്യ സംരക്ഷണത്തിന് അതീവ പ്രാധാന്യമുള്ളതും രോഗചികിത്സയ്ക്ക് അനിവാര്യവുമായ മരുന്നുകളുടെ ഔദ്യോഗിക പട്ടികയാണ് 'നാഷണൽ ലിസ്റ്റ് ഓഫ് എസൻഷ്യൽ മെഡിസിൻസ്' (എൻ.എൽ.ഇ.എം). ഗവണ്മെൻ്റിൻ്റെ 'സബ്കോ ദവായ്, സസ്തി ദവായ്' (എല്ലാവർക്കും മരുന്ന്, കുറഞ്ഞ വിലയിൽ മരുന്ന്) എന്ന ദർശനത്തിൻ്റെ ഭാഗമായി, കേന്ദ്ര ആരോഗ്യമന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ 2022 സെപ്റ്റംബർ 13-ന് എൻ.എൽ.ഇ.എമ്മിൻ്റെ ഏറ്റവും പുതിയ പതിപ്പായ 'എൻ.എൽ.ഇ.എം 2022' പുറത്തിറക്കി.
- ചരിത്രം: 1996-ലാണ് ആദ്യമായി ദേശീയ അവശ്യ മരുന്നുകളുടെ പട്ടിക തയ്യാറാക്കിയത്. തുടർന്ന് 2003, 2011, 2015, 2022 വർഷങ്ങളിൽ പുതുക്കി.
- തയ്യാറാക്കുന്നതാര്: ഡോക്ടർമാർ, ശാസ്ത്രജ്ഞർ, ഔഷധമേഖലയിലെ വിദഗ്ധർ തുടങ്ങിയവരുമായി വിശദമായ കൂടിയാലോചനകൾ നടത്തിയാണ് പട്ടിക തയ്യാറാക്കിയത്. ലോകാരോഗ്യ സംഘടനയുടെ മാർഗനിർദേശങ്ങളും അന്താരാഷ്ട്ര മാനദണ്ഡങ്ങളും പരിഗണിച്ച്, 'സ്റ്റാൻഡിംഗ് നാഷണൽ കമ്മിറ്റി ഓൺ മെഡിസിൻസ്' (എസ്.എൻ.സി.എം) എന്ന വിദഗ്ധ സമിതിയാണ് പട്ടിക തയ്യാറാക്കുന്നതിനും പരിഷ്കരിക്കുന്നതിനും നേതൃത്വം നൽകുന്നത്.
പട്ടികയുടെ പ്രാധാന്യം
കുറഞ്ഞ ചെലവ്: കുടുംബങ്ങൾക്ക് ചികിത്സയ്ക്കായി സ്വന്തം നിലയിൽ ചെലവഴിക്കേണ്ടി വരുന്ന തുക കുറയ്ക്കാൻ സഹായിക്കുന്നു.
ഗുണമേന്മയുള്ള ആരോഗ്യപരിചരണം: സുരക്ഷിതവും ഫലപ്രദവും ഗുണനിലവാരമുള്ളതുമായ അവശ്യ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കുന്നു
മികച്ച ആസൂത്രണം: മരുന്നുകളുടെ സംഭരണം, ആശുപത്രികളുടെ ബജറ്റ് തയ്യാറാക്കൽ, ആരോഗ്യ ഇൻഷുറൻസ് പദ്ധതികൾ, മെഡിക്കൽ വിദ്യാർത്ഥികളുടെ പരിശീലനം എന്നിവയ്ക്ക് മാർഗ്ഗനിർദ്ദേശം നൽകുന്നു.
ഉത്തരവിന് പിന്നിലെ നിയമപരമായ അധികാരം: ഡി.പി.സി.ഒ, 2013-ലെ 19-ാം ഖണ്ഡിക.
ഗവണ്മെൻ്റിൻ്റെ പ്രത്യേക അധികാരം: അസാധാരണ സാഹചര്യങ്ങളിൽ, പൊതുതാത്പര്യം മുൻനിർത്തി സാധാരണ ചട്ടങ്ങൾക്ക് അതീതമായി പ്രവർത്തിക്കാൻ ഗവണ്മെൻ്റിന് അധികാരമുണ്ട്.
വില നിശ്ചയിക്കാനും പരിഷ്കരിക്കാനുമുള്ള അധികാരം: ഏതെങ്കിലും മരുന്നിന് പരമാവധി വില അല്ലെങ്കിൽ പരമാവധി ചില്ലറ വിൽപ്പന വില നിശ്ചയിക്കാനും, ആവശ്യമായ കാലയളവിലേക്ക് അത് പ്രാബല്യത്തിൽ നിലനിർത്താനും ഗവണ്മെൻ്റിന് അധികാരമുണ്ട്.
നിലവിലുള്ള വിലയിൽ മാറ്റം വരുത്തൽ: ഒരു മരുന്നിൻ്റെ വില നേരത്തേ നിശ്ചയിച്ചിട്ടുണ്ടെങ്കിലും, ഗവണ്മെൻ്റിന് നേരിട്ട് വില വർധിപ്പിക്കുകയോ കുറയ്ക്കുകയോ ചെയ്യാവുന്നതാണ്. ഇതിനായി മൊത്തവില സൂചികയുമായി ബന്ധപ്പെട്ട വാർഷിക വില പുനഃപരിശോധന വരെ കാത്തിരിക്കേണ്ടതില്ല.
പുതിയ ഉത്തരവിലൂടെ അർബുദ മരുന്നുകളുടെ വ്യാപാര ലാഭവിഹിതത്തിന് നിയന്ത്രണം ഏർപ്പെടുത്തുന്നത് എങ്ങനെ
വ്യാപാര ലാഭവിഹിതം പരമാവധി ചില്ലറ വിൽപ്പന വിലയുടെ 30 ശതമാനം: പരിമിതപ്പെടുത്തി നിർമ്മാതാവ് വിതരണക്കാരന് ഈടാക്കുന്ന വിലയും രോഗി മരുന്ന് വാങ്ങുമ്പോൾ നൽകേണ്ട പരമാവധി ചില്ലറ വിൽപ്പന വിലയും തമ്മിലുള്ള വ്യത്യാസമായ വ്യാപാര ലാഭവിഹിതം, എം.ആർ.പിയുടെ 30 ശതമാനത്തിൽ കവിയാൻ പാടില്ല.
എല്ലാ മരുന്ന് വകഭേദങ്ങൾക്കും ബാധകം: ഈ വിലനിയന്ത്രണം ഉത്തരവിൻ്റെ പരിധിയിൽ വരുന്ന എല്ലാ ക്യാൻസർ ചികിത്സാ മരുന്നുകൾക്കും ബാധകമാണ്. മരുന്നിൻ്റെ ഡോസ്, രൂപം (ഗുളികകൾ, കുത്തിവയ്പ്പുകൾ തുടങ്ങിയവ), ഒറ്റമരുന്നായോ മറ്റ് മരുന്നുകളുമായി സംയോജിപ്പിച്ചോ വിപണനം ചെയ്യുന്നതാണോ എന്നതിനെ ആശ്രയിക്കാതെ ഈ വ്യവസ്ഥ നടപ്പിലാക്കും.
2026 മാർച്ചിലെ വിതരണ വില അടിസ്ഥാനമാക്കും: പുതിയ പരമാവധി ചില്ലറ വിൽപ്പന വില കണക്കാക്കുന്നതിനുള്ള അടിസ്ഥാനമായി 2026 മാർച്ചിലെ വിതരണ വില സ്വീകരിക്കും. സ്റ്റോക്കിസ്റ്റിനോ വിതരണക്കാരനോ മരുന്ന് ലഭിക്കുന്ന വിലയുടെ അടിസ്ഥാനത്തിലാണ് പുതുക്കിയ വില നിർണയിക്കുന്നത്.
പുതിയ പരമാവധി ചില്ലറ വില (എം.ആർ.പി) എങ്ങനെ കണക്കാക്കുന്നു
ഒരു രോഗിയിൽ നിന്ന് ഈടാക്കാവുന്ന പരമാവധി ചില്ലറ വില നിർണ്ണയിക്കുന്നതിനുള്ള സൂത്രവാക്യം ഈ ഉത്തരവിൽ നൽകിയിരിക്കുന്നു:
എം.ആർ.പി = Distributor Price X (1+ 30/70 + GST
എം.ആർ.പി (Distributor Price × 1.4286) + GST
ഈ ഉത്തരവിൻ്റെ പരിധിയിൽ വരുന്ന കാൻസർ ചികിത്സാ മരുന്നുകൾ
|
Sr. No.
|
Name of the Drug
|
Sr. No.
|
Name of the Drug
|
|
1
|
Abemaciclib
|
70
|
Lenvatinib
|
|
2
|
Abiraterone acetate
|
71
|
Lomustine
|
|
3
|
Acalabrutinib
|
72
|
Lorlatinib
|
|
4
|
Afatinib
|
73
|
Lymphoseek kit
|
|
5
|
Alectinib
|
74
|
Megestrol
|
|
6
|
Alpelisib
|
75
|
Midostrurin
|
|
7
|
Amivantamab
|
76
|
Mirvetuximab soravtansine
|
|
8
|
Anastrazole
|
77
|
Mitomycin
|
|
9
|
Apalutamide
|
78
|
Mitoxantrone
|
|
10
|
Asciminib
|
79
|
Nelarabine
|
|
11
|
Atezolizumab
|
80
|
Netupitant
|
|
12
|
Avelumab
|
81
|
Nilotinib
|
|
13
|
Axitinib
|
82
|
Nimotuzumab
|
|
14
|
Azacitidine
|
83
|
Nintedanib
|
|
15
|
Belantamab Mafodotin
|
84
|
Niraparib
|
|
16
|
Bevacizumab
|
85
|
Nivolumab
|
|
17
|
Bosutinib
|
86
|
Obinutuzumab
|
|
18
|
Brentuximab Vedotin
|
87
|
Ofatumumab
|
|
19
|
Brigatinib
|
88
|
Olaparib
|
|
20
|
Busulfan
|
89
|
Osimertinib
|
|
21
|
Cabazitaxel
|
90
|
Palbociclib
|
|
22
|
Cabozantinib (S)- Maleate
|
91
|
Panitumumab (Vectibix)
|
|
23
|
Capmatinib
|
92
|
Pazopanib (as Hydrochloride)
|
|
24
|
Carfilzomib
|
93
|
Pegasparginase
|
|
25
|
Carmustine
|
94
|
Pegfilgrastim
|
|
26
|
Ceritinib
|
95
|
Pegylated interferon Alpha 2B
|
|
27
|
Cetuximab
|
96
|
Pembrolizumab
|
|
28
|
Cladribine
|
97
|
Pemetrexed
|
|
29
|
Clofarabine
|
98
|
Pertuzumab
|
|
30
|
Crizotinib
|
99
|
Pertuzumab + Trastuzumab
|
|
31
|
Cytarabine
|
100
|
Plerixafor
|
|
32
|
Dabrafenib
|
101
|
Polatuzumab Vedotin
|
|
33
|
Dacomitinib
|
102
|
Pomalidomide
|
|
34
|
Daratumumab
|
103
|
Ramucirumab
|
|
35
|
Darolutamide
|
104
|
Regorafenib
|
|
36
|
Dasatinib
|
105
|
Relugolix
|
|
37
|
Datopotamab Deruxtecan
|
106
|
Ribociclib
|
|
38
|
Decitabine
|
107
|
Rucaparib
|
|
39
|
Degarelix
|
108
|
Ruxolitinib
|
|
40
|
Denosumab
|
109
|
Selpercatinib
|
|
41
|
Dostarlimab
|
110
|
Selumetinib
|
|
42
|
Durvalumab
|
111
|
Serplulimab
|
|
43
|
Elranatamab
|
112
|
Sotorasib
|
|
44
|
Enfortumab vedotin
|
113
|
Sunitinib
|
|
45
|
Entrectinib
|
114
|
Talquetamab
|
|
46
|
Enzalutamide
|
115
|
Teclistamab
|
|
47
|
Epirubicin
|
116
|
Tegafur + Uracil
|
|
48
|
Erdafitinib
|
117
|
Tegafur, Gimeracil and Oteracil
|
|
49
|
Eribulin mesylate
|
118
|
Temsirolimus
|
|
50
|
Erlotinib
|
119
|
Tepotinibe
|
|
51
|
Estramustine
|
120
|
Thiotepa
|
|
52
|
Everolimus
|
121
|
Tislelizumab
|
|
53
|
Exemestane
|
122
|
Tocilizumab
|
|
54
|
Fludarabine
|
123
|
Topotecan
|
|
55
|
Fulvestrant
|
124
|
Toripalimab
|
|
56
|
Gilteritinib
|
125
|
Trabectedin
|
|
57
|
Goserelin acetate
|
126
|
Trametinib
|
|
58
|
Ibritumomab
|
127
|
Tremelimumab
|
|
59
|
Ibrutinib
|
128
|
Treosulfan
|
|
60
|
Idelalisib
|
129
|
Trifluridine + Tipiracil
|
|
61
|
Ifosfamide & Mesna
|
130
|
Triptorelin
|
|
62
|
Nivolumab and Relatimab
|
131
|
Tucatinib
|
|
63
|
Pegylated Liposomal Irinotecan
|
132
|
Vemurafenib
|
|
64
|
Inotuzumab Ozogamicin
|
133
|
Venetoclax
|
|
65
|
Interferon Alpha 2B
|
134
|
Vinorelbine tartrate
|
|
66
|
Ipilimumab
|
135
|
Vorasidenib
|
|
67
|
Ivosidenib
|
136
|
Zanubrutinib
|
|
68
|
Lapatanib
|
137
|
Zolbetuximab
|
|
69
|
Lazertinib
|
|
|
അവലംബം: വളം, രാസവസ്തു മന്ത്രാലയം, 2026 ഒക്ടോബർ 17-ലെ എൻ.പി.പി.എ ഉത്തരവ് S.O. 5690(E)
രോഗികൾക്കും മരുന്ന് നിർമ്മാതാക്കൾക്കും വരുന്ന മാറ്റങ്ങൾ
2026 മാർച്ചിലെ ശരാശരി വിതരണ വിലയുടെ അടിസ്ഥാനത്തിൽ മരുന്ന് നിർമ്മാതാക്കൾ തങ്ങളുടെ ഉത്പന്നങ്ങളുടെ പരമാവധി ചില്ലറ വിൽപ്പന വില പുനർനിർണയിക്കണം. അതേസമയം, രോഗികൾക്കുള്ള സഹായ പദ്ധതികളുടെ ഭാഗമായി സൗജന്യമായി വിതരണം ചെയ്യുന്ന മരുന്നുകളും ഗവണ്മെൻ്റ് സ്ഥാപനങ്ങൾക്ക് നേരിട്ട് വിൽക്കുന്ന മരുന്നുകളും ഈ വിലനിർണയത്തിൻ്റെ പരിധിയിൽ ഉൾപ്പെടില്ല.
പുതുക്കി നിശ്ചയിച്ച കുറഞ്ഞ വിലകൾ 2026 നവംബർ 9 മുതൽ പ്രാബല്യത്തിൽ വരും. അതേസമയം, പുതിയതായി നിശ്ചയിച്ച പരമാവധി വിലയേക്കാൾ കുറഞ്ഞ നിരക്കിൽ നിലവിൽ വിൽക്കുന്ന മരുന്നുകളുടെ വില വർധിപ്പിക്കാൻ കമ്പനികൾക്ക് അനുമതിയുണ്ടാകില്ല.
മരുന്നുകളുടെ പുതുക്കിയ വിലവിവരങ്ങൾ നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിംഗ് അതോറിറ്റിക്ക് സമർപ്പിക്കേണ്ടത് കമ്പനികളുടെ ഉത്തരവാദിത്തമാണ്. വിലക്കുറവ് സംബന്ധിച്ച വിവരങ്ങൾ പത്രങ്ങളിൽ പരസ്യപ്പെടുത്തുകയും ഔദ്യോഗിക വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിക്കുകയും ചെയ്യണം. കൂടാതെ, പുതുക്കിയ വിലവിവരങ്ങൾ രാജ്യത്തുടനീളമുള്ള ചില്ലറ മരുന്ന് വ്യാപാരികളെയും ആശുപത്രികളെയും അറിയിക്കുകയും വേണം.
ക്യാൻസർ മരുന്നുകളുടെ പുതുക്കിയ വിലവിവരങ്ങൾ എൻ.പി.പി.എയുടെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മരുന്ന് കമ്പനികൾ പുതുക്കിയ വിലകൾ സമർപ്പിക്കുന്നതിനനുസരിച്ച് പട്ടിക കാലാനുസൃതമായി പുതുക്കുകയും ചെയ്യും.
2026 നവംബർ 4 വരെയുള്ള കണക്കുകൾ പ്രകാരം, 70 ഔഷധ നിർമ്മാണ കമ്പനികൾ പുതുക്കിയ പരമാവധി ചില്ലറ വിൽപ്പന വില സംബന്ധിച്ച വിവരങ്ങൾ സമർപ്പിച്ചിട്ടുണ്ട്. 120 വ്യത്യസ്ത മരുന്നുകളിലായി 1,136 ഉത്പന്ന വകഭേദങ്ങളുടെ (SKUs) പുതുക്കിയ വിലവിവരങ്ങളാണ് ഇതിൽ ഉൾപ്പെടുന്നത്.

അനുമതിയില്ലാതെ മരുന്ന് ഉത്പാദനം കുറയ്ക്കാൻ കമ്പനികൾക്ക് അനുവാദമില്ല; ഒരു മരുന്നിൻ്റെ ഉത്പാദനം പൂർണ്ണമായും നിർത്തുന്നതിന് 6 മാസം മുമ്പ് അവർ ഇക്കാര്യം അറിയിക്കേണ്ടതുണ്ട്.
ആശുപത്രികളും മരുന്ന് കടകളും പുതിയ വിലവിവരങ്ങൾ വ്യക്തമായി പ്രദർശിപ്പിക്കണം. വില കുറയ്ക്കാത്ത കമ്പനികൾ, അധികമായി ഈടാക്കിയ തുക പലിശ സഹിതം തിരിച്ചടയ്ക്കേണ്ടതാണ്.
അർബുദ പരിചരണത്തിന് ഗവണ്മെൻ്റിൻ്റെ സമഗ്ര പിന്തുണ
പൊതുജനങ്ങൾക്ക് കുറഞ്ഞ നിരക്കിൽ ക്യാൻസർ ചികിത്സ, രോഗനിർണയ പരിശോധനകൾ, മരുന്നുകൾ എന്നിവ ലഭ്യമാക്കുന്നതിനായി ഗവണ്മെൻ്റ് വിവിധ ആരോഗ്യ പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്.
AB-PMJAY: പണരഹിത ആശുപത്രി പരിചരണം, ക്യാൻസർ ചികിത്സ ഉൾപ്പെടെ
ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജന (AB-PMJAY) മുഖേന, ഇന്ത്യയിലെ അതിദരിദ്രരായ 40% കുടുംബങ്ങൾക്കും 70 വയസ്സും അതിൽ കൂടുതലുമുള്ള എല്ലാ മുതിർന്ന പൗരന്മാർക്കും, കുടുംബം ഒന്നിന് പ്രതിവർഷം 5 ലക്ഷം രൂപയുടെ ചികിത്സാ സഹായം ഇന്ത്യാ ഗവണ്മെൻ്റ് നൽകുന്നു.
ഈ പദ്ധതിക്ക് കീഴിൽ, 1.92 ലക്ഷം കോടി രൂപ മൂല്യമുള്ള 12.69 കോടി ആശുപത്രി പ്രവേശനങ്ങൾക്ക് അനുമതി നൽകിയിട്ടുണ്ട് (2026 ജൂൺ 30 വരെയുള്ള കണക്ക് പ്രകാരം).
മെഡിക്കൽ ഓങ്കോളജി, സർജിക്കൽ ഓങ്കോളജി, റേഡിയേഷൻ ഓങ്കോളജി എന്നിവയുൾപ്പെടെ 27 മെഡിക്കൽ വിഭാഗങ്ങളിലായി 1,961 ചികിത്സാ നടപടികൾക്ക്, അംഗീകൃത ഗവണ്മെൻ്റ്, സ്വകാര്യ ആശുപത്രികൾ മുഖേന പണം നൽകാതെയുള്ള ചികിത്സ ഈ പദ്ധതിയിൽ ഉൾപ്പെടുന്നു.
ഈ പദ്ധതിക്ക് കീഴിൽ, മെഡിക്കൽ ഓങ്കോളജി വിഭാഗത്തിൽ ഏകദേശം 2,926 കോടി രൂപ മൂല്യമുള്ള 19.5 ലക്ഷം ആശുപത്രി പ്രവേശനങ്ങൾക്ക് അനുമതി നൽകിയിട്ടുണ്ട് (2026 നവംബർ 4 വരെയുള്ള കണക്ക് പ്രകാരം).
NP-NCD: സ്ക്രീനിംഗ് മുതൽ ചികിത്സ വരെ ക്യാൻസർ പരിചരണം
ദേശീയ ആരോഗ്യ ദൗത്യത്തിൻ്റെ ഭാഗമായ സംക്രമികേതര രോഗങ്ങളുടെ പ്രതിരോധവും നിയന്ത്രണവും ദേശീയ പദ്ധതിയിലൂടെ (NP-NCD), ക്യാൻസർ ഉൾപ്പെടെയുള്ള സംക്രമികേതര രോഗങ്ങളെ നേരിടുന്നതിനായി ഗവണ്മെൻ്റ് അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുകയും, മാനവ വിഭവശേഷി മെച്ചപ്പെടുത്തുകയും ചെയ്യുന്നു. സ്ക്രീനിംഗ്, രോഗം നേരത്തെ കണ്ടെത്തൽ, റഫറൽ സംവിധാനങ്ങൾ, ചികിത്സ, ആരോഗ്യ പ്രോത്സാഹനം എന്നിവ ഇതിൽ ഉൾപ്പെടുന്നു.
NP-NCD പദ്ധതിയുടെ കീഴിൽ: ക്യാൻസർ രോഗികൾക്കായി 770 ജില്ലാ എൻ.സി.ഡി ക്ലിനിക്കുകളും, സാമൂഹികാരോഗ്യ കേന്ദ്രങ്ങളിൽ 6,410 എൻ.സി.ഡി ക്ലിനിക്കുകളും, 524 'ഡേ കെയർ ക്യാൻസർ സെൻ്ററുകളും' സ്ഥാപിച്ചിട്ടുണ്ട്.
രാജ്യത്തുടനീളം ഗുണനിലവാരമുള്ള ക്യാൻസർ ചികിത്സാ സൗകര്യങ്ങൾ എല്ലാവർക്കും ലഭ്യമാക്കുന്നതിനായി, ഗവണ്മെൻ്റ് വിവിധ പദ്ധതികളിലൂടെ പിന്തുണ നൽകുന്നു. ഇതിൽ തൃതീയതല കാൻസർ ചികിത്സാ സൗകര്യങ്ങൾ ശാക്തീകരണ പദ്ധതിക്ക് കീഴിലുള്ള 'സംസ്ഥാന ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടുകൾ' (SCIs), ' തൃതീയതല ക്യാൻസർ പരിചരണ സെൻ്ററുകൾ' (TCCCs), കൂടാതെ NP-NCD പദ്ധതിക്ക് കീഴിലുള്ള 'ഡേ കെയർ ക്യാൻസർ സെൻ്ററുകൾ' (DCCCs) എന്നിവ ഉൾപ്പെടുന്നു.
രാജ്യത്തുടനീളം തൃതീയതല ക്യാൻസർ പരിചരണം ശക്തിപ്പെടുത്തുന്നതിനായി 19 'സ്റ്റേറ്റ് ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടുകൾക്കും' (SCIs) 20 ' തൃതീയതല ക്യാൻസർ പരിചരണ സെൻ്ററുകൾക്കും' (TCCCs) അനുമതി നൽകിയിട്ടുണ്ട്.
കൂടാതെ, ടാറ്റ മെമ്മോറിയൽ സെൻ്റർ (ടി.എം.സി) വാരണാസി, വിശാഖപട്ടണം, ന്യൂ ചണ്ഡീഗഡ്, ഗുവാഹത്തി, സംഗ്രൂർ, മുസാഫർപൂർ എന്നിവിടങ്ങളിൽ ക്യാൻസർ പരിചരണത്തിനായി ആറ് ആശുപത്രികൾ സ്ഥാപിച്ചിട്ടുണ്ട്.
പുതുതായി ആരംഭിച്ച 22 എയിംസ് ആശുപത്രികളിലും രോഗനിർണയം, ചികിത്സ, ശസ്ത്രക്രിയ എന്നിവ ഉൾപ്പെടെയുള്ള ക്യാൻസർ ചികിത്സാ സേവനങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്.
ഇതിനുപുറമെ, ജജ്ജറിലെ നാഷണൽ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടും (എൻ.സി.ഐ), കൊൽക്കത്തയിലെ ചിത്തരഞ്ജൻ നാഷണൽ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ (CNCI) രണ്ടാമത്തെ ക്യാമ്പസും അത്യാധുനിക രോഗനിർണയ, ചികിത്സാ സൗകര്യങ്ങൾ നൽകുന്നു.
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിൻ്റെ (ഐ.സി.എം.ആർ) നാഷണൽ ക്യാൻസർ രജിസ്ട്രി പ്രോഗ്രാം (NCRP) മുഖേന, ജനസംഖ്യാ അടിസ്ഥാനത്തിലുള്ള പരിശോധന, രോഗകാരണങ്ങളെക്കുറിച്ചുള്ള അവബോധം വളർത്തൽ, ക്യാൻസർ നിരീക്ഷണ സംവിധാനങ്ങൾ ശക്തിപ്പെടുത്തൽ എന്നിവയ്ക്കും ഈ പദ്ധതി പിന്തുണ നൽകുന്നു.
പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെ സാധാരണ അർബുദങ്ങൾക്കുള്ള പരിശോധന
രാജ്യത്തുടനീളമുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളായ ആയുഷ്മാൻ ആരോഗ്യ മന്ദിരങ്ങൾ, തങ്ങളുടെ പരിധിയിലുള്ള ജനങ്ങൾക്കായി അർബുദ പരിശോധനാ സൗകര്യങ്ങളും ഒരുക്കുന്നുണ്ട്. 2026 ഓഗസ്റ്റ് 12-ലെ കണക്കനുസരിച്ച്, രാജ്യത്തുടനീളം 1.86 ലക്ഷത്തിലധികം ആയുഷ്മാൻ ആരോഗ്യ മന്ദിരങ്ങൾ പ്രവർത്തിക്കുന്നുണ്ട്. മറ്റ് പ്രാഥമിക ആരോഗ്യ സേവനങ്ങൾക്ക് പുറമെ, 30 വയസ്സിന് മുകളിലുള്ളവരിൽ സാധാരണയായി കണ്ടുവരുന്ന അർബുദങ്ങൾ (വായ, സ്തനം, ഗർഭാശയഗള) കണ്ടെത്താനുള്ള പരിശോധനകളും ഇവിടെ നടത്തുന്നു.
അക്രഡിറ്റഡ് സോഷ്യൽ ഹെൽത്ത് ആക്ടിവിസ്റ്റുകൾ (ആശമാർ), ഓക്സിലറി നഴ്സ് മിഡ്വൈഫുമാർ (എ.എൻ.എം) തുടങ്ങിയ പരിശീലനം സിദ്ധിച്ച മുൻനിര ആരോഗ്യ പ്രവർത്തകർ മുഖേനയാണ് രോഗ പ്രതിരോധം, നിയന്ത്രണം, പരിശോധന എന്നിവയുമായി ബന്ധപ്പെട്ട സേവനങ്ങൾ നൽകുന്നത്.
2026 ജൂലൈ വരെ നടത്തിയ പരിശോധനകൾ:
വായയിലെ അർബുദം: 36.11 കോടി
സ്തനാർബുദം: 16.94 കോടി
ഗർഭാശയഗള അർബുദം: 9.31 കോടി
ഗർഭാശയഗള ക്യാൻസർ തടയുന്നതിനുള്ള സൗജന്യ എച്ച്.പി.വി വാക്സിനേഷൻ
രാജ്യത്തുടനീളമുള്ള 36 സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളിലുമായി, 14 വയസ്സുള്ള, ഏകദേശം 1.2 കോടി പെൺകുട്ടികൾക്കായി 'ഹ്യൂമൻ പാപ്പിലോമ വൈറസ്' (എച്ച്.പി.വി) പ്രതിരോധ കുത്തിവയ്പ്പ് പ്രചാരണം 2026 ഫെബ്രുവരി 28-ന് ആരംഭിച്ചു. 2026 ഫെബ്രുവരിയിൽ ഈ പ്രചാരണം ആരംഭിച്ച ശേഷം, 2026 സെപ്റ്റംബർ 11 വരെയുള്ള കണക്കനുസരിച്ച്, ഇന്ത്യയിൽ 80 ലക്ഷത്തിലധികം ഡോസ് എച്ച്.പി.വി വാക്സിൻ സൗജന്യമായി നൽകി.
കുറഞ്ഞ നിരക്കിൽ മരുന്ന് കേന്ദ്രങ്ങൾ: 'ജൻ ഔഷധി', 'അമൃത്'
ക്യാൻസർ മരുന്നുകൾ ഉൾപ്പെടെയുള്ള അവശ്യ മരുന്നുകൾ സാധാരണക്കാർക്ക് കുറഞ്ഞ വിലയിൽ ലഭ്യമാക്കുന്നതിനായി ഗവണ്മെൻ്റ് വിവിധ പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്. ഇവ മുഖാന്തിരം ക്യാൻസർ ചികിത്സയ്ക്കുള്ള മരുന്നുകൾ, സ്റ്റെൻ്റുകൾ, ഇംപ്ലാൻ്റുകൾ എന്നിവ കുറഞ്ഞ നിരക്കിൽ ലഭ്യമാകുന്നു. ഇത് സ്വന്തം കൈയ്യിൽ നിന്ന് ചെലവാക്കേണ്ടി വരുന്ന തുക കുറയ്ക്കാനും, ദീർഘകാല ചികിത്സാ പ്രക്രിയയിൽ മുടങ്ങാതെ പങ്കാളികളാകാനും രോഗികളെ സഹായിക്കുന്നു.
പ്രധാൻ മന്ത്രി ഭാരതീയ ജനൗഷധി പരിയോജന (PMBJP)
ക്യാൻസർ ഉൾപ്പെടെയുള്ള എല്ലാ പ്രധാന രോഗ ചികിത്സാ വിഭാഗങ്ങളെയും ഉൾക്കൊള്ളിച്ചുകൊണ്ട്, 2,110 മരുന്നുകളും 315 ശസ്ത്രക്രിയാ ഉപകരണങ്ങളും, മെഡിക്കൽ ഉപയോഗസാമഗ്രികളും ഉപകരണങ്ങളും PMBJP-യുടെ പരിധിയിൽ വരുന്നു.
രാജ്യത്തുടനീളം 20,149 'ജൻ ഔഷധി കേന്ദ്രങ്ങൾ' പ്രവർത്തിക്കുന്നുണ്ട് (2026 ജൂൺ 30 വരെയുള്ള കണക്ക് പ്രകാരം).
2021-22 മുതൽ 2025-26 വരെയുള്ള അഞ്ച് സാമ്പത്തിക വർഷങ്ങളിൽ, രാജ്യത്തുടനീളമുള്ള ജൻ ഔഷധി കേന്ദ്രങ്ങൾ മുഖേന 7,873.85 കോടി രൂപയുടെ വിൽപന നടന്നു. ഇതിലൂടെ പൊതുജനങ്ങൾക്ക് ഏകദേശം 37,200 കോടി രൂപ ലാഭിക്കാൻ സാധിച്ചു (2026 മാർച്ച് 31 വരെയുള്ള കണക്ക് പ്രകാരം).
അമൃത്
ക്യാൻസർ, ഹൃദ്രോഗങ്ങൾ, മറ്റ് ഗുരുതരമായ രോഗങ്ങൾ എന്നിവയ്ക്കുള്ള മരുന്നുകൾ കുറഞ്ഞ വിലയിൽ ലഭ്യമാക്കുക എന്നതാണ് 'അമൃത്' (കുറഞ്ഞ നിരക്കിലുള്ള ചികിത്സയ്ക്കായി മരുന്നുകളും വിശ്വസനീയമായ ഇംപ്ലാൻ്റുകളും) പദ്ധതിയുടെ ലക്ഷ്യം.
ഈ പദ്ധതിയിലൂടെ 6,500-ലധികം മരുന്നുകൾ, ഇംപ്ലാൻ്റുകൾ, ശസ്ത്രക്രിയാ ഉൽപ്പന്നങ്ങൾ, മറ്റ് ആരോഗ്യ സംരക്ഷണ സാമഗ്രികൾ എന്നിവ പരമാവധി ചില്ലറ വിൽപന വിലയിൽ ശരാശരി 50% വരെ കിഴിവോടെ ലഭ്യമാക്കുന്നു.
24 സംസ്ഥാനങ്ങളിലും നാല് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 285 'അമൃത്' ഔട്ട്ലെറ്റുകൾ പ്രവർത്തിക്കുന്നുണ്ട്.
തുടക്കം മുതൽ ഇതുവരെ 8.13 കോടിയിലധികം രോഗികൾക്ക് 'അമൃത്' സേവനം നൽകിയിട്ടുണ്ട്.
ഈ ശൃംഖല മുഖേന ഏകദേശം 22,323 കോടി രൂപ (എം.ആർ.പി പ്രകാരം) വില വരുന്ന മരുന്നുകളും ആരോഗ്യ സംരക്ഷണ ഉത്പന്നങ്ങളും വിതരണം ചെയ്തു. ഇതിലൂടെ രോഗികൾക്ക് ഏകദേശം 10,969 കോടി രൂപ ലാഭിക്കാനായെന്നും, സ്വന്തം കൈയ്യിൽ നിന്ന് ചികിത്സാ ചെലവ് കുറയ്ക്കാൻ ഇത് സഹായിച്ചുവെന്നും കണക്കാക്കപ്പെടുന്നു (2026 സെപ്റ്റംബർ 24 വരെയുള്ള കണക്ക് പ്രകാരം).
അർബുദ പരിചരണത്തിന് ടെലി-കൺസൾട്ടേഷനുകൾ
വിദൂര പ്രദേശങ്ങളിലും ആരോഗ്യപരിചരണ സൗകര്യങ്ങൾ പരിമിതമായ മേഖലകളിലും വിദഗ്ധ ചികിത്സാ സേവനങ്ങൾ കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായി 'ഇ-സഞ്ജീവനി' (eSanjeevani) പ്ലാറ്റ്ഫോമിലൂടെ ടെലി കൺസൾട്ടേഷൻ സേവനങ്ങൾ ഗവണ്മെൻ്റ് ഉറപ്പാക്കുന്നു. ക്യാൻസർ ചികിത്സയുമായി ബന്ധപ്പെട്ട സേവനങ്ങളും ഈ ഓൺലൈൻ സേവനത്തിൻ്റെ ഭാഗമായി ലഭ്യമാണ്.
ക്യാൻസർ ചികിത്സ ഉൾപ്പെടെ വിവിധതരം ആരോഗ്യ ആവശ്യങ്ങൾക്കായി 50 കോടിയിലധികം രോഗികൾ ഈ സേവനം പ്രയോജനപ്പെടുത്തിയിട്ടുണ്ട് (2026 ഒക്ടോബർ 21 വരെയുള്ള കണക്കുപ്രകാരം).
താങ്ങാനാവുന്ന, പ്രാപ്യമായ അർബുദ ചികിത്സ
'ആയുഷ്മാൻ ആരോഗ്യ മന്ദിര'ങ്ങളിലെ പരിശോധനകൾ, പെൺകുട്ടികൾക്ക് സൗജന്യ എച്ച്.പി.വി വാക്സിനേഷൻ, 'ആയുഷ്മാൻ ഭാരത് - പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന' പ്രകാരം ആശുപത്രികളിൽ പണം നൽകാതെയുള്ള ചികിത്സ, 'ജൻ ഔഷധി കേന്ദ്രങ്ങ'ളിലും 'അമൃത്' ഫാർമസികളിലും കുറഞ്ഞ നിരക്കിൽ മരുന്നുകൾ ലഭ്യമാക്കൽ എന്നിങ്ങനെ, ക്യാൻസർ പരിചരണത്തിൻ്റെ ഓരോ ഘട്ടത്തിലും ഗവണ്മെൻ്റ് നൽകിവരുന്ന പിന്തുണയ്ക്ക് പുറമെയാണ് വ്യാപാര ലാഭവിഹിതത്തിന് പരിധി ഏർപ്പെടുത്തുന്ന നടപടി കൂടി വരുന്നത്. ഈ നടപടികളെല്ലാം സംയുക്തമായി, ഗുണനിലവാരമുള്ള ക്യാൻസർ ചികിത്സ കൂടുതൽ കുടുംബങ്ങൾക്ക്, അവർ താമസിക്കുന്ന സ്ഥലത്തിന് അടുത്ത് തന്നെ ലഭ്യമാക്കാൻ സഹായിക്കുന്നു.
അവലംബം
Ministry of Chemicals and Fertilizers
https://www.pib.gov.in/PressReleasePage.aspx?PRID=2321092®=48&lang=2
https://www.pib.gov.in/PressReleasePage.aspx?PRID=2324743
https://nppa.gov.in/storage/uploads/tender/277271-17-10-2026.pdf
https://www.pib.gov.in/PressReleasePage.aspx?PRID=2297568®=3&lang=1
https://nppa.gov.in/storage/uploads/pdf/DPCO-inclusive-of-all-ammendmentscompressedpdf-6f9edc1bf7c000eb02b7eee6c180b527.pdf
https://nppa.gov.in/en/search_medicine_price
https://www.pib.gov.in/PressReleasePage.aspx?PRID=2329698
https://nppa.gov.in/storage/uploads/tender/revised-mrp-report-04112026-04-11-2026.pdf
https://x.com/nppa_india/status/2117986916121628974
https://x.com/Pharmadept/status/2117305360692466164
Ministry of Health and Family Welfare
https://www.pib.gov.in/PressReleasePage.aspx?PRID=1858931®=48&lang=2
https://www.pib.gov.in/PressReleasePage.aspx?PRID=2286948®=48&lang=2
https://www.pib.gov.in/PressReleasePage.aspx?PRID=2294278
https://dashboard.nha.gov.in/public/
https://sansad.in/getFile/lsapps/loksabhaquestions/annex/188/AU931_DhFQWt.pdf
https://elibrary.sansad.in/server/api/core/bitstreams/b3b40e24-2357-43ce-b2ec-89a9d548f521/view
https://www.pib.gov.in/PressReleaseDetail.aspx?PRID=2309109®=3&lang=1
https://esanjeevani.mohfw.gov.in/
https://www.pib.gov.in/PressReleasePage.aspx?PRID=2314433®=48&lang=2
PIB Backgrounders
https://www.pib.gov.in/FactsheetDetails.aspx?Id=150834®=5&lang=1
Click to see pdf
***
(तथ्य सामग्री आईडी: 151173)
आगंतुक पटल : 7
Provide suggestions / comments