• Sitemap
  • Advance Search
Technology

ഏഴാമത് ആഗോള ഫിന്‍ടെക് മേള 2026

प्रविष्टि तिथि: 08 SEP 2026 18:06 PM

സ്വാധീനം ചെലുത്താനുള്ള സാധ്യത
 

ഫിന്‍ടെക് വിപ്ലവത്തിന് ശക്തി പകരുന്നു

വ്യാപ്തി, നൂതനത്വം, ഡിജിറ്റല്‍ പൊതു അടിസ്ഥാന സൗകര്യം (ഡി.പി.ഐ) എന്നിവയിലൂടെ ഇന്ത്യ ആഗോള ഫിന്‍ടെക് (ധനകാര്യ സാങ്കേതികവിദ്യ) മേഖലയെ പുനര്‍നിര്‍മിക്കുകയാണ്. ആധാറിന്റെ അവതരണം, ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിയുടെ വിപുലീകരണം, ഏകീകൃത പണമിടപാട് സമ്പര്‍ക്കതല (യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ്/ യുപിഐ) വികസനം എന്നിവ സാമ്പത്തിക സേവനങ്ങളെ മാറ്റിമറിച്ചു. ഈ നൂതനാശയങ്ങള്‍ ജനസംഖ്യാ തലത്തില്‍ ഡിജിറ്റല്‍ സ്വത്വം, തല്‍ക്ഷണ പണമിടപാടുകള്‍, അനുമതി അടിസ്ഥാനമാക്കിയുള്ള ഡാറ്റ പങ്കിടല്‍ എന്നിവ പ്രാപ്തമാക്കി. സാങ്കേതികവിദ്യയ്ക്ക് സാമ്പത്തിക സേവനങ്ങള്‍ എങ്ങനെ കൂടുതല്‍ അഭിഗമ്യവും കാര്യക്ഷമവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമാക്കാന്‍ കഴിയുമെന്നത്  ഇന്ത്യയുടെ അനുഭവം തെളിയിക്കുന്നു.

 


 

ഈ പരിവര്‍ത്തനം ഇന്ത്യയെ ഫിന്‍ടെക് നൂതനത്വത്തിനും ഡിജിറ്റല്‍ ധനകാര്യത്തിനുമുള്ള ഒരു ആഗോള കേന്ദ്രമാക്കി മാറ്റി. ആഗോള ഫിന്‍ടെക് ഫെസ്റ്റ് (ജി.എഫ്.എഫ്) 2026 ഈ മേഖലയില്‍ ഇന്ത്യയുടെ വര്‍ദ്ധിച്ചുവരുന്ന ആഗോള സ്വാധീനത്തെ പ്രതിഫലിപ്പിക്കുന്നു.


2026 സെപ്റ്റംബര്‍ 8 മുതല്‍ 11 വരെ മുംബൈയിലാണ് ജി.എഫ്.എഫിന്റെ ഏഴാം പതിപ്പ് നടക്കുന്നത്. ധനകാര്യ സാങ്കേതികവിദ്യയിലെ ആഗോള സംവാദത്തിനും സഹകരണത്തിനും നൂതനത്വത്തിനും ഇത് ഒരു വേദി നല്‍കുന്നു.

2020ല്‍ സ്ഥാപിതമായതു മുതല്‍, ജി.എഫ്.എഫ് ലോകത്തിലെ മുന്‍നിര ഫിന്‍ടെക് ഒത്തുചേരലുകളില്‍ ഒന്നായി വളര്‍ന്നു. ഇന്ത്യയുടെ ഡിജിറ്റല്‍ ധനകാര്യ ഘടനയിലും ധനകാര്യ സാങ്കേതികവിദ്യാ കാര്യക്ഷമതകളിലും ആഗോളതലത്തില്‍ വര്‍ദ്ധിച്ചുവരുന്ന താല്‍പര്യമാണ് ഇതിന്റെ വളര്‍ച്ച പ്രതിഫലിപ്പിക്കുന്നത്. ഇന്ത്യയുടെ അനുഭവങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനും ആഗോള നൂതനാശയ വിദഗ്ധരുമായി ആശയങ്ങള്‍ കൈമാറുന്നതിനുമുള്ള ഒരു വേദിയാണ് ഫെസ്റ്റ്. വികസിത സമ്പദ്‌വ്യവസ്ഥകള്‍, വളര്‍ന്നുവരുന്ന വിപണികള്‍, ആഗോള ദക്ഷിണേഷ്യ എന്നിവയുമായുള്ള ഇടപെടലും ഇത് ശക്തിപ്പെടുത്തുന്നു.

2026 ലെ ജി.എഫ്.എഫിന്റെ വിജയത്തിന് നേതൃത്വം നല്‍കുന്ന സ്ഥാപനങ്ങള്‍

പേയ്‌മെന്റ് കൗണ്‍സില്‍ ഓഫ് ഇന്ത്യ (പി.സി.ഐ), നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍.പി.സി.ഐ), ഫിന്‍ടെക് കണ്‍വെര്‍ജന്‍സ് കൗണ്‍സില്‍ (എഫ്.സി.സി ) എന്നിവയാണ് ജി.എഫ്.എഫിന്റെ പ്രധാന സംഘാടകര്‍.

 



 

കൂടാതെ, ജി.എഫ്.എഫ് 2026 നെ പിന്തുണയ്ക്കുന്നവ:



 

* കേന്ദ്ര ഇലക്ട്രോണിക്സ് - വിവര സാങ്കേതികവിദ്യ മന്ത്രാലയം

*  കേന്ദ്ര ധനകാര്യ സേവന വകുപ്പ്, ധനകാര്യ മന്ത്രാലയം

* കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് കീഴിലുള്ള പുതിയതും ഉയര്‍ന്നുവരുന്നതുമായ തന്ത്രപ്രധാന സാങ്കേതികവിദ്യ (എന്‍.ഇ.എസ്.ടി) വിഭാഗം
 
*  നിതി ആയോഗ്

* റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍.ബി.ഐ)

* സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി)

* ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് സെന്റേര്‍സ് അതോറിറ്റി (ഐ.എഫ്.എസ്.
സി.എ)

* പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി (പി.എഫ്.ആര്‍.ഡി.എ)
 

ജി.എഫ്.എഫ് 2026 ധനകാര്യ നൂതനത്വത്തിന്റെ അടുത്ത തരംഗത്തിന് ശക്തി പകരുന്നു

'ഏഴാമത് ആഗോള ഫിന്‍ടെക് മേള 2026' ഒരു സമ്മേളനത്തേക്കാള്‍ ഏറെ ഉപരിയാണ്. നിര്‍മിതബുദ്ധിയില്‍ അധിഷ്ഠിതമായ ഭാവി രൂപപ്പെടുത്തുന്നതിന് ഏറ്റവും മികച്ച പ്രതിഭകളെ ഒന്നിപ്പിക്കുന്ന, ലോകത്തിലെ ഏറ്റവും വലിയ ധനകാര്യ സാങ്കേതികവിദ്യാ മേളയാണിത്. ജി.എഫ്.എഫ് പ്രയാണത്തിന്റെ ഓരോ പതിപ്പും നൂതനത്വം, സമഗ്രമായ വളര്‍ച്ചയുടെയും സമൃദ്ധിയുടെയും പൊതുകാഴ്ചപ്പാട് എന്നിവയാലാണ് നയിക്കപ്പെടുന്നത്.

ഗ്ലോബല്‍ ഫിന്‍ടെക് മേള- പ്രമേയവും അജണ്ടയും

ജി.എഫ്.എഫ് 2026 ന്റെ പ്രമേയം 'സ്വാധീനം ചെലുത്താനുള്ള സാധ്യത: സ്വയംഭരണാധികാരവും സ്വതന്ത്രപ്രവര്‍ത്തന ശേഷിയുമുള്ള നിര്‍മിതബുദ്ധി (ഏജന്റിക് എ.ഐ) | ടോക്കണൈസേഷന്‍ (ടോക്കണ്‍ എന്ന പ്രത്യേക കോഡ് ഉപയോഗിച്ചുള്ള സുരക്ഷിതമാക്കല്‍ പ്രക്രിയ) | പരിമാണം (ക്വാണ്ടം): സമഗ്രമായ ധനകാര്യ സേവനങ്ങള്‍ക്കായുള്ള വിശ്വസനീയവും, പരസ്പരബന്ധിതവുമായ ആഗോള സംവിധാനങ്ങള്‍' എന്നതാണ്. ആഗോള ധനകാര്യത്തിന്റെ മേഖലയെ സ്വയംഭരണാധികാരമുള്ള, പ്രോഗ്രാം ചെയ്യാവുന്ന, സുരക്ഷിതമായ ആവാസവ്യവസ്ഥകളിലേക്ക് മാറ്റുന്ന മൂന്ന് അടിസ്ഥാന സാങ്കേതികവിദ്യകളിലാണ് ഇത് കെട്ടിപ്പടുത്തിരിക്കുന്നത്.

*ഏജന്റിക് എ.ഐ: ശക്തമായ ഭരണ നിര്‍വഹണ ചട്ടക്കൂടുകള്‍ക്കുള്ളില്‍ തത്സമയം മനസ്സിലാക്കാനും തീരുമാനിക്കാനും പ്രവര്‍ത്തിക്കാനും ഇത് ധനകാര്യ സംവിധാനങ്ങളെ പ്രാപ്തമാക്കുന്നു. ഇത് സമ്പൂര്‍ണ്ണ പ്രവര്‍ത്തനക്രമം (എന്‍ഡ്-ടു-എന്‍ഡ് വര്‍ക്ക്ഫ്ളോ) സംഘടിപ്പിക്കുന്നു, നിയന്ത്രണ മേല്‍നോട്ടം ശക്തിപ്പെടുത്തുന്നു, വ്യാജപ്രവര്‍ത്തനങ്ങള്‍ തടയുന്നത് മെച്ചപ്പെടുത്തുന്നു, കൂടാതെ വിശദീകരിക്കാവുന്ന ബുദ്ധിയിലൂടെ മനുഷ്യന്റെ തീരുമാനമെടുക്കല്‍ ശേഷിയെ ശാക്തീകരിക്കുന്നതിനൊപ്പം, വലിയ തോതില്‍ സാമ്പത്തിക സേവനങ്ങളെ ഉത്തരവാദിത്തത്തോടെ വ്യക്തിഗതമാക്കുന്നു.

*ടോക്കണൈസേഷന്‍: ഇത് ആസ്തികളെ പ്രോഗ്രാം ചെയ്യാവുന്ന ഡിജിറ്റല്‍ യൂണിറ്റുകളാക്കി മാറ്റുന്നു, ഇത് ചെറിയൊരു പങ്കില്‍ മേലുള്ള (ഫ്രാക്ഷണല്‍) ഉടമസ്ഥാവകാശം, തല്‍ക്ഷണ തീര്‍പ്പാക്കല്‍ (സെറ്റില്‍മെന്റ്), പരസ്പര പ്രവര്‍ത്തനക്ഷമതയുള്ള പണം എന്നിവ പ്രാപ്തമാക്കുന്നു. പണലഭ്യത വര്‍ധിപ്പിക്കുകയും, അഭിഗമ്യത  ജനാധിപത്യവത്കരിക്കുകയും ചെയ്യുന്നതിലൂടെ, ആഗോള സാമ്പത്തിക സംവിധാനങ്ങളിലുടനീളം മൂലധന വിപണികള്‍, പണമിടപാടുകള്‍, പങ്കാളിത്തം എന്നിവയെ ഇത് പുനര്‍നിര്‍മ്മിക്കുന്നു.

*ക്വാണ്ടം: കമ്പ്യൂട്ടര്‍ ഉപയോഗിച്ചുള്ള വിവരസംസ്‌കരണ(കമ്പ്യൂട്ടേഷന്‍)ത്തിലും സുരക്ഷയിലും ക്വാണ്ടം സാങ്കേതികവിദ്യകള്‍ അടിസ്ഥാനപരമായ മാറ്റം കൊണ്ടുവരുന്നു. ക്വാണ്ടം കമ്പ്യൂട്ടറുകളുടെ ആക്രമണങ്ങളില്‍ നിന്ന് വിവരങ്ങളെ സംരക്ഷിക്കാന്‍ ശേഷിയുള്ള സുരക്ഷിത ക്രിപ്റ്റോഗ്രഫി

ക്വാണ്ടം കമ്പ്യൂട്ടറുകളെ പ്രതിരോധിക്കാന്‍ ശേഷിയുള്ള ഡാറ്റാ സുരക്ഷാ ക്രമീകരണങ്ങള്‍ മുതല്‍ അത്യാധുനിക രീതിയിലുള്ള നഷ്ടസാധ്യതാ കൈകാര്യം (റിസ്‌ക് ഒപ്റ്റിമൈസേഷന്‍) വരെയുള്ള കാര്യങ്ങളില്‍, അവ വ്യവസ്ഥാപിത അതിജീവനശേഷി ശക്തിപ്പെടുത്തുകയും ഭാവിയിലെ ധനകാര്യ അടിസ്ഥാന സൗകര്യങ്ങളില്‍ ദീര്‍ഘകാല വിശ്വാസം ഉറപ്പാക്കുകയും ചെയ്യുന്നു.

2026 ലെ ജി.എഫ്.എഫ് അജണ്ട അഭിഗമ്യമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഫിന്‍ടെക്കിനെ മനസ്സിലാക്കല്‍

സാമ്പത്തിക സംവിധാനങ്ങളെയും സാമ്പത്തിക സേവന വിതരണത്തെയും കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്ന ഒരു വ്യവസായമായാണ് ഫിന്‍ടെക്കിനെ പൊതുവെ വിശേഷിപ്പിക്കുന്നത്. സാമ്പത്തിക വിപണികളിലും സ്ഥാപനങ്ങളിലും സാമ്പത്തിക സേവന വിതരണ വ്യവസ്ഥകളിലും കാര്യമായ സ്വാധീനം ചെലുത്തുന്ന പുതിയ ബിസിനസ് മാതൃകകള്‍, ആപ്ലിക്കേഷനുകള്‍, പ്രക്രിയകള്‍ അല്ലെങ്കില്‍ ഉത്പന്നങ്ങള്‍ എന്നിവയിലേക്ക് നയിക്കാന്‍ കഴിയുന്ന 'സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള സാമ്പത്തിക നൂതനത്വം' എന്നാണ് ഇത് സൂചിപ്പിക്കുന്നത്.

ഫിന്‍ടെക് ഉപയോഗിക്കുന്ന പ്രധാന സഹായ സാങ്കേതിക വിദ്യകള്‍

എ.പി.ഐ (ആപ്ലിക്കേഷന്‍ പ്രോഗ്രാമിംഗ് ഇന്റര്‍ഫേസ്): സോഫ്‌റ്റ്വെയര്‍ പ്രോഗ്രാമുകള്‍ പരസ്പരം ആശയവിനിമയം നടത്താന്‍ ഉപയോഗിക്കുന്ന ഒരു കൂട്ടം നിയമങ്ങളും സവിശേഷതകളും എ.പി.ഐകളില്‍ ഉള്‍പ്പെടുന്നു. പുതിയ ആപ്ലിക്കേഷനുകള്‍ മറ്റുള്ളവയ്ക്ക് മുകളില്‍ നിര്‍മിക്കാന്‍ അവ അനുവദിക്കുന്നു.

ക്ലൗഡ് കമ്പ്യൂട്ടിംഗ്: കമ്പ്യൂട്ടിംഗ് കാര്യക്ഷമതയുടെ വിപുലതയും വഴക്കവും വര്‍ദ്ധിപ്പിക്കുന്നതിനും ചെലവ് ലാഭിക്കുന്നതിനും ഹോസ്റ്റിംഗ് പ്രോസസ്സറുകളുടെ ഒരു ഓണ്‍ലൈന്‍ ശ്യംഖലയുടെ ('ക്ലൗഡ്') ഉപയോഗം.

ബയോമെട്രിക്സ്: വ്യക്തികളെ തരംതിരിക്കാനും തിരിച്ചറിയാനും ഉപയോഗിക്കാവുന്ന വ്യതിരിക്തവും അളക്കാവുന്നതുമായ മനുഷ്യ സവിശേഷതകളുടെ പഠനം.

ഡി.എല്‍.ടി (ഡിസ്ട്രിബ്യൂട്ടഡ് ലെഡ്ജര്‍ ടെക്നോളജി): ആസ്തികളുടെ ഇടപാട് രേഖപ്പെടുത്തുന്നതിനുള്ള ഒരു ഡിജിറ്റല്‍ സംവിധാനമാണിത്, അതില്‍  ഒരേസമയം ഒന്നിലധികം സ്ഥലങ്ങളില്‍ വിശദാംശങ്ങള്‍ രേഖപ്പെടുത്തുന്നു.

ബിഗ് ഡാറ്റ: ഡിജിറ്റല്‍ ഉപകരണങ്ങളും വിവര സംവിധാനങ്ങളും ഉപയോഗിച്ച് സൃഷ്ടിക്കാനും വിശകലനം ചെയ്യാനും ഉപയോഗിക്കാനും കഴിയുന്ന ഘടനാപരമായതോ ഘടനയില്ലാത്തതോ ആയ ഡാറ്റയുടെ ഭീമമായ അളവ്.

എ.ഐ (നിര്‍മിത ബുദ്ധി)യും യന്ത്രഭാഷ (മെഷീന്‍ ലേണിംഗ്)യും: മനുഷ്യന്റെ കഴിവുകള്‍ ആവശ്യമായി വരുന്ന പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കാന്‍ കഴിയുന്ന ഐ.ടി സംവിധാനങ്ങള്‍. മനുഷ്യന്റെ ഇടപെടലില്ലാതെ ഡാറ്റയില്‍ നിന്ന് കമ്പ്യൂട്ടറുകള്‍ പഠിക്കുന്നതിനെയാണ് യന്ത്രഭാഷ എന്ന് പറയുന്നത്.

 


 

ഫിന്‍ടെക്കിന്റെ പ്രാധാന്യവും നേട്ടങ്ങളും

ധനകാര്യ ഭൂപ്രകൃതിയെ അടിസ്ഥാനപരമായ രീതിയില്‍ പുനര്‍നിര്‍മിക്കാനുള്ള കഴിവ് ഫിന്‍ടെക്കിനുണ്ട് - ഇത് ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മത്സരാധിഷ്ഠിത വിലകളില്‍ സാമ്പത്തിക ഉത്പന്നങ്ങളുടെ വിശാലമായ തിരഞ്ഞെടുപ്പ് വാഗ്ദാനം ചെയ്യുന്നതിനൊപ്പം, ധനകാര്യ സ്ഥാപനങ്ങളെ കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ സഹായിക്കുന്നു. സമ്പദ്വ്യവസ്ഥകളിലുടനീളം കാര്യക്ഷമത, സമഗ്രത, സാമ്പത്തിക സ്ഥിരത എന്നിവയില്‍ ഫിന്‍ടെക് പരിണാമാര്‍ഹമായ നേട്ടങ്ങള്‍ നല്‍കുന്നു.

ധനകാര്യ മേഖലയെ കൂടുതല്‍ കാര്യക്ഷമമാക്കുന്നതില്‍ ഫിന്‍ടെക് ഒരു മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, ലോകത്തിലെ ഏറ്റവും വലിയ തല്‍സമയ പണമിടപാട് സംവിധാനമായി ഐ.എം.എഫ് അംഗീകരിച്ച യു.പി.ഐ. 2026 ജൂലൈയില്‍ മാത്രം 29.88 ലക്ഷം കോടി  രൂപ മൂല്യമുള്ള 2,365.8 കോടി ഇടപാടുകള്‍ നടപ്പിലാക്കി, 741 ബാങ്കുകള്‍ ഈ പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്നു - 2016-17 സാമ്പത്തിക വര്‍ഷം മുതല്‍ ഇടപാട് അളവ് ഏകദേശം 12,000 മടങ്ങ് വര്‍ദ്ധിച്ചു. വിവര അസമത്വം അല്ലെങ്കില്‍ ഉയര്‍ന്ന ഇടപാട് ചെലവുകള്‍ പോലുള്ള വിപണി പരാജയങ്ങളെ മറികടക്കുന്നതിലൂടെ, ഫിന്‍ടെക് സാമ്പത്തിക ഉള്‍പ്പെടുത്തല്‍ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. ഇന്ത്യയുടെ സാമ്പത്തിക ഉള്‍പ്പെടുത്തല്‍ സൂചിക 2017 മാര്‍ച്ചില്‍ 43.4 ആയിരുന്നത് 2026 മാര്‍ച്ചില്‍ 70.0 ആയി ഉയര്‍ന്നു.
ഫിന്‍ടെക്കിന്റെ വളര്‍ച്ച പരമ്പരാഗത ബാങ്കിംഗ് സേവന മാര്‍ഗ്ഗങ്ങള്‍ക്കപ്പുറം വായ്പാ സ്രോതസ്സുകളെ വൈവിധ്യവല്‍ക്കരിക്കുന്നു. വായ്പാ വ്യവസ്ഥയിലെ   വലിയ തോതിലുള്ള വൈവിധ്യം പരിമിതമായ എണ്ണം ബാങ്കുകളെ ആശ്രയിക്കുന്നതിലൂടെ ഉണ്ടാകുന്ന വ്യവസ്ഥാപരമായ അപകടസാധ്യതകള്‍ കുറയ്ക്കും. ഇത് സാമ്പത്തിക ആവാസവ്യവസ്ഥയുടെ അതിജീവന ശേഷി, മത്സരക്ഷമത, സ്ഥിരത എന്നിവ ശക്തിപ്പെടുത്തും.

ഇന്ത്യയുടെ ഫിന്‍ടെക് വിജയത്തിന്റെ അടിത്തറ

ഡിജിറ്റല്‍ ഇന്ത്യയിലും ഡി.പി.ഐയിലുമുള്ള ഒരു ദശാബ്ദക്കാലത്തെ നിക്ഷേപത്തിലാണ് ഇന്ത്യയുടെ ഫിന്‍ടെക് വിജയം പടുത്തുയര്‍ത്തിയിരിക്കുന്നത്. സാര്‍വത്രിക അഭിഗമ്യത, ഡിജിറ്റല്‍ സ്വത്വം,പരസ്പര പ്രവര്‍ത്തന ക്ഷമമായ പണമിടപാടുകള്‍, തുറന്ന ഡിജിറ്റല്‍ ശൃംഖലകള്‍ എന്നിവയെ ഈ അടിത്തറ സംയോജിപ്പിക്കുന്നു. ധനകാര്യ നൂതനത്വത്തിന് ദ്രുതഗതിയിലും സമഗ്രമായും വികസിക്കാന്‍ കഴിയുന്ന ഒരു ആവാസവ്യവസ്ഥ ഈ കഴിവുകള്‍ സൃഷ്ടിച്ചിട്ടുണ്ട്.

കൂടുതല്‍ വായിക്കാന്‍ ക്ലിക്ക് ചെയ്യുക:

ഇന്ത്യയുടെ ഡിജിറ്റല്‍ പൊതു അടിസ്ഥാന സൗകര്യങ്ങള്‍

ജാം ത്രിത്വം (ട്രിനിറ്റി): ജന്‍ ധന്‍- ആധാര്‍-മൊബൈല്‍ (ജാം) ത്രിത്വം ഡിജിറ്റല്‍ സാമ്പത്തിക ഉള്‍പ്പെടുത്തലിന് അടിത്തറയിടുന്നു. ജന്‍ ധന്‍ അക്കൗണ്ടുകള്‍ ഔപചാരിക ബാങ്കിംഗ് സൗകര്യം നല്‍കുന്നു, അതേസമയം ആധാര്‍ സുരക്ഷിതമായ ഡിജിറ്റല്‍ സ്വത്വം സാധ്യമാക്കുന്നു. ഇന്റര്‍നെറ്റ് അഭിഗമ്യത വിപുലീകരിക്കുന്നത് പൗരന്മാരെ ഡിജിറ്റല്‍ ധനകാര്യ സേവനങ്ങളിലേക്ക് ബന്ധിപ്പിക്കുന്നു. 2026 ഓഗസ്റ്റ് 26 വരെ 59.15 കോടി ജന്‍ ധന്‍ അക്കൗണ്ടുകള്‍ തുറക്കുകയും 2026 മാര്‍ച്ചോടെ ആധാര്‍ എന്റോള്‍മെന്റുകള്‍ 144 കോടി കവിയുകയും ചെയ്തു.  ഇത് രാജ്യത്തുടനീളം ഫിന്‍ടെക് സേവനങ്ങള്‍ക്കായി ഒരു വലിയ, എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന അടിത്തറ സൃഷ്ടിച്ചു.

യു.പി.ഐ: ഏകീകൃത പണമിടപാട് സമ്പര്‍ക്കതലം (യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ്/ യുപിഐ) ഇന്ത്യയുടെ ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് കരുത്ത് പകരുന്ന പരസ്പര പ്രവര്‍ത്തനക്ഷമമായ പണമിടപാട് അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നു.

 

2026 ഓഗസ്റ്റില്‍ യു.പി.ഐ ഇടപാടുകള്‍ 24,509 ദശലക്ഷത്തിലെത്തി. ആഗോളതലത്തില്‍ തത്സമയ ഡിജിറ്റല്‍ ഇടപാടുകളുടെ വ്യാപ്തിയുടെ ഏകദേശം 50 ശതമാനം ഈ പ്ലാറ്റ്‌ഫോം കൈകാര്യം ചെയ്യുകയും  11 രാജ്യങ്ങളിലായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ഈ തുറന്ന അടിസ്ഥാന സൗകര്യം ഫിന്‍ടെക് സ്ഥാപനങ്ങള്‍ക്ക് ജനസംഖ്യാ തലത്തില്‍ നൂതനമായ പണമിടപാട് പരിഹാരങ്ങള്‍ നിര്‍മിക്കാന്‍ അനുവദിക്കുന്നു.

ഡിജിറ്റല്‍ സ്വത്വവും രേഖകളും: സുരക്ഷിതവും കാര്യക്ഷമവുമായ ധനകാര്യ സേവനങ്ങള്‍ക്ക് വിശ്വസനീയമായ ഡിജിറ്റല്‍ സ്വത്വം അനിവാര്യമാണ്. ആധാര്‍ ഇ-കെ.വൈ.സി ഡിജിറ്റല്‍ ഉപഭോക്തൃ സ്ഥിരീകരണ സംവിധാനം കടലാസ് നടപടിക്രമങ്ങളും ഓണ്‍ബോര്‍ഡിംഗ് സമയവും കുറയ്ക്കുന്നതിനൊപ്പം ഡിജിറ്റല്‍ ഉപഭോക്തൃ പരിശോധന പ്രാപ്തമാക്കുകയും ചെയ്യുന്നു. 2026 ജൂണ്‍ 29 വരെ ഇത് 2,458 കോടിയിലധികം ഇടപാടുകള്‍ പൂര്‍ത്തീകരിച്ചു. ഡിജിലോക്കറിന് 73.53 കോടിയിലധികം രജിസ്റ്റര്‍ ചെയ്ത ഉപയോക്താക്കളുണ്ട്, കൂടാതെ 936.03 കോടി രേഖകള്‍ നല്‍കിയിട്ടുണ്ട്. സാമ്പത്തിക സേവനങ്ങളിലുടനീളം ഉപഭോക്തൃ ഓണ്‍ബോര്‍ഡിംഗും പരിശോധനയും ലളിതമാക്കുന്നതിനൊപ്പം ഈ ഡിജിറ്റല്‍ സംവിധാനങ്ങള്‍ വിശ്വാസ്യത ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

ഡിജിറ്റല്‍ ക്ഷേമ വിതരണം: ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് ആനുകൂല്യങ്ങള്‍ കൈമാറുന്നതിന് നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം (ഡി.ബി.ഐ )ഡിജിറ്റല്‍ സാമ്പത്തിക അടിസ്ഥാന സൗകര്യങ്ങള്‍ ഉപയോഗിക്കുന്നു. ഇത് ഇടനിലക്കാരെ കുറയ്ക്കുകയും സുതാര്യത മെച്ചപ്പെടുത്തുകയും സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ വേഗത്തില്‍ വിതരണം ചെയ്യുന്നതിന് പിന്തുണ നല്‍കുകയും ചെയ്യുന്നു. 2026 സെപ്റ്റംബര്‍ വരെ സഞ്ചിത ഡി.ബി.ടി കൈമാറ്റങ്ങള്‍ 53.26 ലക്ഷം കോടി  രൂപയിലെത്തി. ഇത്തരം വലിയ തോതിലുള്ള ഡിജിറ്റല്‍ കൈമാറ്റങ്ങള്‍ ഇന്ത്യയുടെ സാമ്പത്തിക അടിസ്ഥാന സൗകര്യങ്ങള്‍ക്ക് സേവനങ്ങള്‍ കാര്യക്ഷമമായി നല്‍കാനുള്ള ശേഷി തെളിയിക്കുന്നു.

ഓപ്പണ്‍ ഡിജിറ്റല്‍ കൊമേഴ്‌സ്: ഡിജിറ്റല്‍ വ്യാപാരത്തിനായുള്ള തുറന്ന ശൃംഖല (ഓപ്പണ്‍ നെറ്റ്വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്‌സ് /ഒ.എന്‍.ഡി.സി) ഇന്ത്യയുടെ പരസ്പര പ്രവര്‍ത്തനക്ഷമമായ ഡിജിറ്റല്‍ സമീപനത്തെ  പണമിടപാടുകള്‍ക്കപ്പുറം വ്യാപിപ്പിക്കുന്നു. 2026 ജൂണില്‍, 1,000 ത്തിലധികം നഗരങ്ങളിലായി 20 കോടിയിലധികം ഉപഭോക്താക്കളിലും 5 ലക്ഷം വില്‍പ്പനക്കാരിലും ഒ.എന്‍.ഡി.സി  എത്തിച്ചേര്‍ന്നിരുന്നു. അതിന്റെ ധനകാര്യ സേവന വിഭാഗം ഡിജിറ്റല്‍ സാമ്പത്തിക ഉല്‍പ്പന്നങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നു. ഈ തുറന്ന ഘടന ഫിന്‍ടെക് സ്ഥാപനങ്ങളെ പുതിയ ഉപയോക്താക്കളിലേക്കും വിപണികളിലേക്കും കൂടുതല്‍ കാര്യക്ഷമമായി എത്തിച്ചേരാന്‍ സഹായിക്കും.

ഒരു കരുത്തുറ്റ, വിശ്വസനീയമായ നിയന്ത്രണ ആവാസവ്യവസ്ഥ

ഇന്ത്യയുടെ ഫിന്‍ടെക് മേഖല കുതിച്ചുയരുന്നതിനനുസരിച്ച്, ഡിജിറ്റല്‍ ധനകാര്യത്തിലുള്ള പൊതുജന വിശ്വാസത്തിന് അടിവരയിടുന്ന നിയന്ത്രണവും ഉപഭോക്തൃ സംരക്ഷണ സംവിധാനവും ഗവണ്‍മെന്റും റിസര്‍വ് ബാങ്കും തുടര്‍ച്ചയായി ശക്തിപ്പെടുത്തിയിട്ടുണ്ട്.

സ്വയം നിയന്ത്രണവും മാനദണ്ഡങ്ങളും: ഫിന്‍ടെക് മേഖലയിലെ സ്വയം നിയന്ത്രണ സ്ഥാപനങ്ങള്‍ക്കായുള്ള ആര്‍.ബി.ഐയുടെ ചട്ടക്കൂട് (എസ്.ആര്‍.ഒ- എഫ്.ടി, മെയ് 2024) വ്യവസായത്തിനുള്ളില്‍ ധാര്‍മ്മിക പെരുമാറ്റം, വിപണി സമഗ്രത, തര്‍ക്ക പരിഹാരം എന്നിവ പ്രോത്സാഹിപ്പിക്കുന്നു.


പണമിടപാട് സുരക്ഷ: വെബ്, മൊബൈല്‍ ആപ്പ് ഭീഷണികളെ ചെറുക്കുന്നതിന് വിവിധ പണമിടപാട് മാര്‍ഗ്ഗങ്ങളില്‍ (ഇന്റര്‍നെറ്റ്, മൊബൈല്‍ ബാങ്കിംഗ് ഉള്‍പ്പെടെ) പൊതുവായ മിനിമം സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് ആര്‍.ബി.ഐയുടെ ഡിജിറ്റല്‍ പണമിടപാട് സുരക്ഷാ നിയന്ത്രണങ്ങളെക്കുറിച്ചുള്ള വിദഗ്ദ നിര്‍ദ്ദേശങ്ങള്‍ (2021) നിര്‍ബന്ധമാക്കുന്നു, അതേസമയം എന്‍.പി.സി.ഐ, യു.പി.ഐ ഇടപാടുകള്‍ക്കായി നിര്‍മിത ബുദ്ധി (എ.ഐ)/യന്ത്രപഠനം (എം.എല്‍) എന്നിവ അടിസ്ഥാനമാക്കിയുള്ള തട്ടിപ്പ് നിരീക്ഷണം നടപ്പിലാക്കിയിട്ടുണ്ട്.

ഡാറ്റ സംരക്ഷണം: വ്യക്തികളുടെ സ്വകാര്യ ഡാറ്റ സംരക്ഷിക്കുന്നതിനായി ഇലക്ട്രോണിക്സ് -വിവര സാങ്കേതികവിദ്യാ മന്ത്രാലയം  2023-ല്‍ ഡിജിറ്റല്‍ വ്യക്തിഗത  ഡാറ്റ സംരക്ഷണ നിയമങ്ങളും  2025-ല്‍ ഡിജിറ്റല്‍ വ്യക്തിഗത  ഡാറ്റ സംരക്ഷണ ചട്ടങ്ങളും വിജ്ഞാപനം ചെയ്തു.

സുരക്ഷിതമായ നൂതന പരിശോധന: റിസര്‍വ് ബാങ്ക് 2019 ഓഗസ്റ്റില്‍ നിയന്ത്രിത പരീക്ഷണ ചട്ടക്കൂട് (റെഗുലേറ്ററി സാന്‍ഡ്‌ബോക്‌സ് ചട്ടക്കൂട്) അവതരിപ്പിച്ചു, ഇത് നൂതന സാമ്പത്തിക ഉല്‍പ്പന്നങ്ങളും സേവനങ്ങളും നിയന്ത്രണ ഇളവുകളോടുകൂടിയോ അല്ലാതെയോ നിയന്ത്രിത നിയന്ത്രണ പരിതസ്ഥിതിയില്‍ പരീക്ഷിക്കാന്‍ അനുവദിക്കുന്നു.


ഡിജിറ്റല്‍ വായ്പയിലെ ഉപഭോക്തൃ സംരക്ഷണം: ശക്തമായ ഒരു നിയന്ത്രണ ചട്ടക്കൂട്, ഒരു ഡിജിറ്റല്‍ കടമെടുക്കല്‍ ആപ്പ് (ഡി.എല്‍.എ) ഡയറക്ടറി, സൈബര്‍ കുറ്റകൃത്യ റിപ്പോര്‍ട്ടിംഗ് സംവിധാനങ്ങള്‍, (cybercrime.gov.in എന്ന വിലാസത്തില്‍ ദേശീയ സൈബര്‍ കുറ്റകൃത്യ രേഖപ്പെടുത്തല്‍ പോര്‍ട്ടല്‍, ഹെല്‍പ്പ്‌ലൈന്‍ 1930) എന്നിവ വഞ്ചനാപരമായ വായ്പാ ആപ്ലിക്കേഷനുകളില്‍ നിന്ന് പൗരന്മാരെ സംരക്ഷിക്കുന്നു, അതേസമയം പൊതുജനങ്ങളെ അഭിമുഖീകരിക്കുന്ന 'സചേത്' പോര്‍ട്ടല്‍ നിയമവിരുദ്ധമായ നിക്ഷേപ ശേഖരണം സംബന്ധിച്ച പരാതികള്‍ കൈകാര്യം ചെയ്യുന്നു. അതിനാല്‍, വിപണിയിലെത്തിയതിനുശേഷം നൂതനത്വത്തോട് പ്രതികരിക്കുന്നതില്‍ മാത്രം നിയന്ത്രണ സമീപനം പരിമിതപ്പെടുന്നില്ല. ഉത്തരവാദിത്തമുള്ള നൂതനത്വത്തെ പരീക്ഷിക്കാനും വിലയിരുത്താനും പിന്തുണയ്ക്കാനും കഴിയുന്ന സ്ഥാപനപരമായ സംവിധാനങ്ങള്‍ ഇത് സൃഷ്ടിക്കുന്നു.

മുന്നോട്ടുള്ള പാത

ഇന്ത്യയുടെ ഫിന്‍ടെക് ആവാസവ്യവസ്ഥ അതിന്റെ വിപുലീകരണം, പരസ്പര പ്രവര്‍ത്തനക്ഷമത, നൂതനത്വം, സ്ഥാപനപരമായ വിശ്വാസം എന്നിവയില്‍ പടുത്തുയര്‍ത്തിയതാണ്. അതിന്റെ ഡിജിറ്റല്‍ പൊതു അടിസ്ഥാന സൗകര്യം അഭിഗമ്യവും താങ്ങാനാവുന്നതും സമഗ്രവുമായ ധനകാര്യ സേവനങ്ങള്‍ക്ക് ശക്തമായ അടിത്തറ നല്‍കുന്നു. അടുത്ത ഘട്ടത്തില്‍ ഡിജിറ്റല്‍ പരമാധികാരം, സാങ്കേതിക സ്വയംപര്യാപ്തത , ഉത്തരവാദിത്തമുള്ള നൂതനത്വം എന്നിവയെ കൂടുതല്‍ ആഴത്തിലാക്കണം. ഓപ്പണ്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ക്ക് പൗരന്മാര്‍ക്കും, സ്റ്റാര്‍ട്ടപ്പുകള്‍ക്കും, ബിസിനസുകള്‍ക്കും സാങ്കേതികവിദ്യയെ കൂടുതല്‍ ജനാധിപത്യവല്‍ക്കരിക്കാന്‍ കഴിയും.

വളര്‍ന്നുവരുന്ന സാങ്കേതികവിദ്യകള്‍ക്ക് മികച്ചതും സുരക്ഷിതവും കൂടുതല്‍ കാര്യക്ഷമവുമായ ധനകാര്യ സേവനങ്ങള്‍ പ്രാപ്തമാക്കാന്‍ കഴിയും. കൃത്രിമബുദ്ധി, ടോക്കണൈസേഷന്‍, ബ്ലോക്ക്ചെയിന്‍, ക്വാണ്ടം സാങ്കേതികവിദ്യകള്‍ എന്നിവ സാമ്പത്തിക ആവാസവ്യവസ്ഥയിലുടനീളം പുതിയ അവസരങ്ങള്‍ തുറക്കും. ഡിജിറ്റല്‍ ധനകാര്യം വികസിക്കുന്നതിനനുസരിച്ച് ശക്തമായ സൈബര്‍ സുരക്ഷ, ഡാറ്റ സംരക്ഷണം, ഉപഭോക്തൃ സുരക്ഷാ ക്രമീകരണങ്ങള്‍ എന്നിവ അനിവാര്യമായി തുടരും. ഫിന്‍ടെക് നവീകരണം ജനകേന്ദ്രീകൃത ഭരണനിര്‍വഹണം. ഉള്‍ച്ചേര്‍ക്കല്‍, പൊതുമൂല്യം എന്നിവയില്‍ വേരൂന്നിയിരിക്കണം.

വളര്‍ന്നുവരുന്ന സമ്പദ് വ്യവസ്ഥകളുമായും ഗ്ലോബല്‍ സൗത്തുമായും പങ്കാളിത്തത്തിലൂടെ ഇന്ത്യയ്ക്ക് തങ്ങളുടെ ഡിജിറ്റല്‍ വൈദഗ്ദ്ധ്യം കൂടുതല്‍ പങ്കിടാന്‍ കഴിയും. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഡിജിറ്റല്‍ ധനകാര്യ സംവിധാനങ്ങള്‍ കെട്ടിപ്പടുക്കുന്നതില്‍ വിശ്വസനീയ പങ്കാളിയെന്ന നിലയില്‍ ഇന്ത്യയുടെ പങ്ക് ഇത് ശക്തിപ്പെടുത്തും. പരമാധികാരവും സുരക്ഷിതവും സമഗ്രവുമായ ഒരു ഡിജിറ്റല്‍ ധനകാര്യ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുക എന്നതാണ് മുന്നോട്ടുള്ള വഴി. ജനകേന്ദ്രീകൃത ഡിജിറ്റല്‍ ധനകാര്യത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതില്‍ ഇന്ത്യയെ ആഗോള നേതാവായി സ്ഥാപിക്കാന്‍ ഈ സമീപനത്തിന് കഴിയും.

അവലംബം:

 

Global FinTech Fest

PIB

 

Ministry of Finance

 

 

 

National Payments Corporation of India

 

 

Reserve Bank of India

 

 

Others

 

7th Global Fintech Fest 2026

 

***

(तथ्य सामग्री आईडी: 151008) आगंतुक पटल : 3


Provide suggestions / comments
इस विश्लेषक को इन भाषाओं में पढ़ें : English , Marathi , Bengali , हिन्दी , Kannada , Urdu , Assamese