• Sitemap
  • Advance Search
Social Welfare

ദേശീയമാനത്തോടുള്ള അപമാനങ്ങള്‍ തടയൽ (ഭേദഗതി) ബിൽ, 2026

प्रविष्टि तिथि: 30 JUL 2026 16:32 PM

1971-ലെ ദേശീയമാനത്തോടുള്ള അപമാനങ്ങള്‍ തടയൽ നിയമത്തിലെ മൂന്നാം വകുപ്പ് ഭേദഗതി ചെയ്യുന്നതാണ് 2026-ലെ ദേശീയമാനത്തോടുള്ള അപമാനങ്ങള്‍ തടയൽ (ഭേദഗതി) ബിൽ. നിലവിൽ ദേശീയ ഗാനമായ 'ജനഗണമന'യ്ക്ക് ലഭിക്കുന്ന അതേ നിയമപരിരക്ഷ ദേശീയ ഗീതമായ 'വന്ദേമാതര'ത്തിനും ഭേദഗതിയിലൂടെ ഉറപ്പാക്കുന്നു. ദേശീയഗീതം ആലപിക്കുന്നത് മനഃപൂര്‍വം തടസ്സപ്പെടുത്തുന്നതും ആലപിക്കുന്ന സംഘത്തെ ശല്യപ്പെടുത്തുന്നതും ഈ ഭേദഗതി പ്രകാരം കുറ്റകൃത്യമായി വ്യവസ്ഥ ചെയ്യുന്നു.

 

ഭേദഗതി നിർദേശിച്ചത് എന്തുകൊണ്ട്?  

ബില്ലിൻ്റെ ലക്ഷ്യങ്ങളിലും കാരണങ്ങളിലും വ്യക്തമാക്കുന്നതനുസരിച്ച് 1971-ലെ നിയമപ്രകാരം ദേശീയഗാനം ആലപിക്കുന്നത് മനഃപൂര്‍വം തടയുന്നതും അത് ആലപിക്കുന്ന സംഘങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുന്നതും കുറ്റകൃത്യമാക്കി വ്യവസ്ഥ ചെയ്ത് ദേശീയഗാനത്തിന് സുരക്ഷ ഉറപ്പാക്കുന്നുണ്ട്.  

 

1950 ജനുവരി 24-ന് ചേർന്ന ഭരണഘടനാ നിർമ്മാണ സഭയുടെ  യോഗത്തെ ഇത് അനുസ്മരിപ്പിക്കുന്നു. അന്ന് സഭാധ്യക്ഷനായിരുന്ന  ഡോ. രാജേന്ദ്ര പ്രസാദ് ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിൽ 'വന്ദേമാതരം' വഹിച്ച ചരിത്രപരമായ പങ്കിനെ എടുത്തുപറഞ്ഞു.  ‘ജനഗണമന’യ്‌ക്കൊപ്പം ‘വന്ദേമാതര’വും തുല്യമായി ആദരിക്കപ്പെടണമെന്നും തുല്യപദവി നൽകണമെന്നും അദ്ദേഹം പ്രസ്താവിച്ചിരുന്നു.

 

എങ്കിലും ദേശീയഗീതത്തിന് സമാന നിയമപരിരക്ഷ നൽകുന്ന പ്രത്യേക നിയമനിർമ്മാണം ഇതുവരെ ഉണ്ടായിരുന്നില്ല. ഈ വിടവ് നികത്താനാണ് പുതിയ ബിൽ ലക്ഷ്യമിടുന്നത്. 1971-ലെ നിയമത്തിലെ മൂന്നാം സെക്ഷനില്‍ വന്ദേമാതരത്തെക്കൂടി ഉൾപ്പെടുത്താൻ ഇത് നിർദേശിക്കുന്നു.

 

2026-ലെ ബില്ലിലെ പ്രധാന വ്യവസ്ഥകൾ

  • വകുപ്പ് 3-ൻ്റെ ഭേദഗതി: നിലവിലെ വകുപ്പ് 3-ന് പകരം ദേശീയഗാനത്തെയും (ജനഗണമന) ദേശീയ ഗീതത്തെയും (വന്ദേമാതരം) ഉൾക്കൊള്ളുന്ന പുതിയ വ്യവസ്ഥയായി ഉപവാക്യം-2 പകരം ഉൾപ്പെടുത്തുന്നു.

  • ശിക്ഷാർഹമായ പ്രവൃത്തികൾ: ഒരു വ്യക്തി മനഃപൂർവം  താഴെ പറയുന്ന കാര്യങ്ങൾ ചെയ്താൽ ഭേദഗതി ചെയ്ത മൂന്നാം വകുപ്പ് പ്രകാരം കുറ്റകരമാണ്:

    • (1) ദേശീയഗാനത്തിൻ്റെയോ ദേശീയ ഗീതത്തിൻ്റെയോ ആലാപനം തടസ്സപ്പെടുത്തൽ; അല്ലെങ്കിൽ

    • (2)  അത്തരം ആലാപനത്തിൽ ഏർപ്പെട്ടിരിക്കുന്ന ഏതെങ്കിലും സംഘത്തിന്/സഭയ്ക്ക് ശല്യമുണ്ടാക്കൽ.

  • ചുരുക്കപ്പേര്: ഈ നിയമം 'ദേശീയമാനത്തോടുള്ള അപമാനങ്ങള്‍ തടയൽ (ഭേദഗതി) നിയമം, 2026' എന്ന് അറിയപ്പെടുമെന്ന് ഉപവാക്യം-1 വ്യക്തമാക്കുന്നു.

 

ഭേദഗതി ഒറ്റനോട്ടത്തിൽ 

 

സവിശേഷത / വ്യവസ്ഥ

1971-ലെ ദേശീയമാനത്തോടുള്ള അപമാനങ്ങള്‍ തടയൽ നിയമം (യഥാർത്ഥ നിയമം)

ദേശീയമാനത്തോടുള്ള അപമാനങ്ങള്‍ തടയൽ (ഭേദഗതി) ബിൽ, 2026

വകുപ്പ് 3 പ്രകാരം  നിയമ പരിരക്ഷാ പരിധി

ദേശീയ ഗാനത്തിന് (ജനഗണമന) മാത്രമായി പ്രത്യേക നിയമപരിരക്ഷ നൽകിയിരുന്നു.

ദേശീയഗാനത്തെയും (ജനഗണമന) ദേശീയ ഗീതത്തെയും (വന്ദേമാതരം) ഉൾപ്പെടുത്തി വകുപ്പ് 3-ൻ്റെ പരിധി വിപുലീകരിക്കുന്നു.

വിലക്കിയ  കുറ്റകരമായ പ്രവൃത്തികൾ  

ദേശീയഗാനം ആലപിക്കുന്നത് മനഃപൂർവം തടസ്സപ്പെടുത്തുന്നതും ആലപിക്കുന്ന സംഘത്തിന്/സഭയ്ക്ക് ശല്യമുണ്ടാക്കുന്നതും കുറ്റകൃത്യമാക്കുന്നു.

ദേശീയഗാനമോ ദേശീയ ഗീതമോ ആലപിക്കുന്നത് മനഃപൂര്‍വം തടസ്സപ്പെടുത്തുന്നതും  അത് ആലപിക്കുന്ന സംഘത്തിന്/സഭയ്ക്ക് ശല്യമുണ്ടാക്കുന്നതും കുറ്റകൃത്യമാക്കുന്നു.  

ശിക്ഷ

മൂന്ന് വർഷം വരെ തടവോ, പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കാം.

ശിക്ഷ മാറ്റമില്ലാതെ തുടരുന്നു (മൂന്ന് വർഷം വരെ തടവ്, അല്ലെങ്കിൽ പിഴ, അല്ലെങ്കിൽ രണ്ടും ചേര്‍ത്ത്).

ആവർത്തിക്കുന്ന കുറ്റകൃത്യങ്ങൾ

വകുപ്പ് 3A പ്രകാരം (2003-ൽ കൂട്ടിച്ചേർത്തത്) വകുപ്പ് 2 അല്ലെങ്കിൽ 3 പ്രകാരമുള്ള കുറ്റത്തിന് രണ്ടാമതോ അതിനുശേഷമോ ശിക്ഷിക്കപ്പെടുന്നവർക്ക് കുറഞ്ഞത് ഒരു വർഷം  തടവുശിക്ഷ ലഭിക്കും.

കുറഞ്ഞത് ഒരു വർഷത്തെ തടവുശിക്ഷയെന്ന വർധിപ്പിച്ച ശിക്ഷ നിലനിൽക്കുന്നു. വന്ദേമാതരം ആലപിക്കുന്നത് മനഃപൂര്‍വം തടസ്സപ്പെടുത്തുന്ന ആവർത്തിച്ചുള്ള കുറ്റവാളികൾക്കും ഇനി  ഒരു വർഷത്തെ  നിർബന്ധിത  തടവുശിക്ഷ ലഭിക്കും.


 

 വന്ദേമാതരം: മഹാപ്രസ്ഥാനമായി മാറിയ ഈണം 

  • "അമ്മേ, ഞാൻ നിന്നെ വന്ദിക്കുന്നു" എന്നർത്ഥം വരുന്ന 'വന്ദേമാതരം' രചിച്ചത് ബങ്കിം ചന്ദ്ര ചാറ്റർജിയാണ്.

  • 1875 നവംബർ 7-ന് 'ബംഗദർശൻ' എന്ന സാഹിത്യ മാസികയിലാണ് വന്ദേമാതരം ആദ്യമായി പ്രസിദ്ധീകരിച്ചത്. പിന്നീട് 1882-ൽ പ്രസിദ്ധീകരിച്ച 'ആനന്ദമഠം' എന്ന നോവലിൽ ഇത് ഉൾപ്പെടുത്തി.

  • രവീന്ദ്രനാഥ ടാഗോർ വന്ദേമാതരത്തിന് ഈണം പകരുകയും 1896-ൽ കൊല്‍ക്കത്തയില്‍ സംഘടിപ്പിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസ് സമ്മേളനത്തിൽ ആദ്യമായി ആലപിക്കുകയും ചെയ്തു.

  • സ്വാതന്ത്ര്യ സമര കാലഘട്ടത്തിൽ പ്രതിരോധത്തിൻ്റെ ശക്തമായ പ്രതീകമായി ഈ ഗീതം മാറി. 1905 ഓഗസ്റ്റ് 7-ന് സ്വദേശി പ്രസ്ഥാനത്തിൻ്റെ കാലത്താണ് ഇത് ആദ്യമായി ഒരു രാഷ്ട്രീയ മുദ്രാവാക്യമായി ഉപയോഗിച്ചത്.

  • ജനഗണമനക്കൊപ്പം വന്ദേമാതരവും തുല്യമായി ആദരിക്കപ്പെടണമെന്നും അതിന് തുല്യ പദവി നൽകണമെന്നും 1950 ജനുവരി 24-ന് ഭരണഘടനാ നിർമ്മാണ സഭയുടെ അധ്യക്ഷൻ ഡോ. രാജേന്ദ്ര പ്രസാദ് പ്രസ്താവിച്ചു. 

 

1971-ലെ ദേശീയമാനത്തോടുള്ള അപമാനങ്ങള്‍ തടയൽ നിയമം

2026-ലെ ഭേദഗതി കൃത്യമായി മനസ്സിലാക്കാന്‍ 1971-ലെ ദേശീയമാനത്തോടുള്ള അപമാനങ്ങള്‍ തടയൽ നിയമം പാകിയ അടിത്തറ പരിശോധിക്കേണ്ടത് അനിവാര്യമാണ്. 1971 ഡിസംബർ 23-ന് പ്രാബല്യത്തിൽ വന്ന ഈ നിയമം ഇന്ത്യയിലെങ്ങും ബാധകമാണ്.  ദേശീയ പതാക, ഇന്ത്യൻ ഭരണഘടന, ദേശീയ ഗാനമായ ജനഗണമന എന്നിവയ്ക്ക് സംരക്ഷണം നൽകുന്നത് ഈ നിയമമാണ്.

നിലവിലെ നിയമത്തിലെ പ്രധാന വ്യവസ്ഥകൾ

  • വകുപ്പ് 2 - ദേശീയ പതാകയും ഭരണഘടനയും: ഇന്ത്യൻ ദേശീയ പതാകയോടും ഇന്ത്യൻ ഭരണഘടനയോടുമുള്ള അനാദരവിനെക്കുറിച്ച് ഈ വകുപ്പ് പ്രതിപാദിക്കുന്നു.  പൊതുസ്ഥലത്തുവെച്ച് ദേശീയ പതാകയോ ഭരണഘടനയോ കത്തിക്കുകയോ വികൃതമാക്കുകയോ മലിനമാക്കുകയോ നശിപ്പിക്കുകയോ കാൽക്കീഴിലിട്ട് ചവിട്ടുകയോ അല്ലെങ്കിൽ ഏതെങ്കിലും തരത്തിൽ അനാദരവ് കാണിക്കുകയോ ചെയ്യുന്ന ഏതൊരാള്‍ക്കും മൂന്ന് വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കാം.

    • നിയമപരമായ വിമർശനങ്ങൾക്ക് പരിരക്ഷ: നിയമപരമായ ഭേദഗതിയോ മാറ്റങ്ങളോ വരുത്തുകയെന്ന ലക്ഷ്യത്തോടെ ഭരണഘടനയെയോ ദേശീയ പതാകയെയോ ഗവണ്മെൻ്റ് നടപടികളെയോ വിമർശിച്ച് നടത്തുന്ന അഭിപ്രായപ്രകടനങ്ങൾ വകുപ്പ് 2 പ്രകാരം കുറ്റകൃത്യമായി കണക്കാക്കില്ല.

  • വകുപ്പ് 3 - ദേശീയ ഗാനം: ദേശീയഗാനത്തെക്കുറിച്ച് മാത്രമായി ഈ വകുപ്പിൽ വ്യക്തമാക്കുന്നു. ദേശീയഗാനം ആലപിക്കുന്നത് മനഃപൂര്‍വം തടസ്സപ്പെടുത്തുകയോ  ആലപിക്കുന്ന ഏതെങ്കിലും സംഘത്തിന് ശല്യമുണ്ടാക്കുകയോ ചെയ്യുന്നവര്‍ക്ക് മൂന്ന് വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കും.

  • വകുപ്പ് 3A - ആവർത്തിക്കുന്ന കുറ്റകൃത്യങ്ങൾ: 2003-ലെ ഭേദഗതിയിലൂടെ കൂട്ടിച്ചേർത്ത ഈ വകുപ്പ് പ്രകാരം വകുപ്പ് 2, 3 എന്നിവ പ്രകാരമുള്ള കുറ്റകൃത്യങ്ങൾക്ക് രണ്ടാമതോ അതിനുശേഷമോ ശിക്ഷിക്കപ്പെടുന്നവർക്ക് കുറഞ്ഞത് ഒരു വർഷത്തെ തടവുശിക്ഷ ഉയര്‍ന്ന ശിക്ഷയായി വ്യവസ്ഥ ചെയ്യുന്നു.  

അവലംബം:

 

Click here to see pdf 

 

****

(तथ्य सामग्री आईडी: 150799) आगंतुक पटल : 8


Provide suggestions / comments
इस विश्लेषक को इन भाषाओं में पढ़ें : English , हिन्दी , Kannada