• Sitemap
  • Advance Search
Infrastructure

ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ട്രെയിൻ: ഹരിത റെയിൽ ഗതാഗതത്തിലേക്ക് രാജ്യത്തിന്റെ മുന്നേറ്റം

प्रविष्टि तिथि: 16 JUL 2026 12:33 AM

ഹൈഡ്രജൻ റെയിൽ യുഗത്തിലേക്ക്  

സംശുദ്ധവും സുസ്ഥിരവുമായ ഹരിത ഗതാഗതത്തിന്റെ പുതിയൊരു യുഗത്തിലേക്ക് പ്രവേശിക്കുകയാണ് ഇന്ത്യൻ റെയിൽവേ. ഫോസിൽ ഇന്ധനാധിഷ്ഠിത  പരമ്പരാഗത എന്‍ജിൻ സംവിധാനങ്ങൾക്ക് പകരം ആഗോളതലത്തിൽ ഏറ്റവും പ്രതീക്ഷ നൽകുന്ന ഒന്നായി ഹൈഡ്രജൻ ഫ്യുവൽ സെൽ സാങ്കേതികവിദ്യ ഉയർന്നുവന്നിട്ടുണ്ട്. ഈ വരുംതലമുറ സാങ്കേതികവിദ്യ സ്വീകരിക്കുന്നതിലെ നിർണായക നാഴികക്കല്ലാണ് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ ഹൈഡ്രജൻ ട്രെയിൻ. ഹൈഡ്രജൻ ഉപയോഗിച്ച്  സ്വന്തമായി വൈദ്യുതി ഉല്പാദിപ്പിക്കുന്ന എന്‍ജിനാണിത്.  2026 ജൂലൈ 17-ന് ഉദ്ഘാടനം ചെയ്യപ്പെടുന്നതോടെ  ഹൈഡ്രജൻ ഫ്യുവൽ സെൽ ട്രെയിൻ പ്രവര്‍ത്തനമാരംഭിക്കും. വടക്കൻ റെയിൽവേയുടെ ജിന്ദ്-സോണിപത്  റൂട്ടിലാണ്  ട്രെയിന്‍ സർവീസ് നടത്തുക. അത്യാധുനിക പ്രൊപ്പല്‍ഷന്‍ സാങ്കേതികവിദ്യ, പ്രത്യേക ഹൈഡ്രജൻ സംഭരണ സംവിധാനങ്ങള്‍, ഇന്ധനം നിറയ്ക്കാനുള്ള അടിസ്ഥാനസൗകര്യങ്ങള്‍ എന്നിവ സമന്വയിപ്പിച്ചാണ്  പദ്ധതി യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നത്.  ഇന്ത്യയിൽ പരിസ്ഥിതി സൗഹൃദ റെയിൽ ഗതാഗതത്തിന്റെ സാധ്യതകൾ തെളിയിക്കാൻ പരീക്ഷണാടിസ്ഥാനത്തില്‍ തുടക്കം കുറിക്കുന്ന ഈ പദ്ധതിക്ക് സാധിക്കും. നൂതനാശയ പ്രതിബദ്ധതയും ഊര്‍ജ കാര്യക്ഷമതയും പരിസ്ഥിതി സൗഹൃദ ഗതാഗതം ഉറപ്പാക്കാനുള്ള ഇന്ത്യന്‍ റെയില്‍വേയുടെ ശ്രമങ്ങളുമാണ്  പദ്ധതി പ്രതിഫലിപ്പിക്കുന്നത്.  

 

പദ്ധതിയിലൂടെ ഹൈഡ്രജൻ അധിഷ്ഠിത റെയിൽ ഗതാഗതം പരീക്ഷിക്കുന്ന ജർമനി, ജപ്പാൻ, ചൈന, അമേരിക്ക തുടങ്ങിയ മുൻനിര രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും ഇടംപിടിക്കുകയാണ്.  ഈ സാങ്കേതികവിദ്യ ഇപ്പോഴും പ്രാരംഭ ഘട്ടത്തിലായതിനാൽ  പദ്ധതിയിലൂടെ കൈവരിക്കുന്ന പ്രവർത്തന പരിചയം റെയിൽവേ മേഖലയിൽ ഭാവി ഹൈഡ്രജൻ അധിഷ്ഠിത ഗതാഗത സംവിധാനങ്ങൾ കൂടുതൽ വിപുലീകരിക്കാൻ സഹായകമാകും.

 

ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ട്രെയിൻ

റിസർച്ച് ഡിസൈൻ ആൻഡ് സ്റ്റാൻഡേർഡ്സ് ഓർഗനൈസേഷൻ (RDSO) തയ്യാറാക്കിയ രൂപകല്പനയ്ക്കും സാങ്കേതിക മാനദണ്ഡങ്ങൾക്കും അനുസൃതമായാണ്  ഹൈഡ്രജൻ ട്രെയിൻ പദ്ധതി വികസിപ്പിച്ചിരിക്കുന്നത്.  പൂർണമായി ഇന്ത്യയിൽ  രൂപകല്പന ചെയ്ത് വികസിപ്പിച്ച പദ്ധതി ആത്മനിർഭർ ഭാരത് കാഴ്ചപ്പാടിന്റെ മികച്ച ഉദാഹരണമാണ്.

 

ജിന്ദ്-സോണിപത് റൂട്ടിലെ ഹൈഡ്രജൻ ട്രെയിനിന്റെ പ്രധാന സവിശേഷതകൾ:

  • 10 കോച്ചുകളടങ്ങുന്ന ഹൈഡ്രജൻ ഫ്യുവൽ സെൽ അധിഷ്ഠിത ട്രെയിനാണിത്.  
  • 1200 കിലോവാട്ട്  ശേഷിയോടുകൂടിയ ഹൈഡ്രജൻ ഫ്യുവൽ സെൽ പ്രൊപ്പല്‍ഷന്‍ സംവിധാനമാണ് ഇതിന് കരുത്തുപകരുന്നത്.  
  • രൂപകല്പന പ്രകാരം ട്രെയിനിന്റെ വേഗം മണിക്കൂറിൽ 110 കിലോമീറ്റർ ആണെങ്കിലും പരമാവധി 75 കിലോമീറ്റർ വേഗത്തില്‍ സർവീസ് നടത്താനാണ് അനുമതി നല്‍കിയിരിക്കുന്നത്.  
  • ഏകദേശം 2,600 യാത്രക്കാരെ ഒരേസമയം വഹിക്കാൻ ശേഷിയുണ്ട്.
  • രൂപകല്പന ഘട്ടം മുതൽ  പ്രോട്ടോടൈപ്പ്  നിർമാണം വരെ തദ്ദേശീയമായി പൂർത്തിയാക്കി.  
  • ജിന്ദ് ജംഗ്ഷൻ, ഗോഹാന ജങ്ഷൻ, സോണിപത് എന്നിവയെ ബന്ധിപ്പിക്കുന്ന ട്രെയിനിന് ഇതിനിടയിലെ സ്റ്റേഷനുകളിലും സ്റ്റോപ്പുണ്ട്.  
  • ജിന്ദ് സിറ്റി, പാണ്ഡു പിണ്ഡാര ജങ്ഷൻ, ലളിത് ഖേര ഹാൾട്ട്, ഭാംഭേവ, ഈസാപൂർ ഖേരി ഹാൾട്ട്, ബുട്ടാന ഹാൾട്ട്, ഖന്ദ്രായി ഹാൾട്ട്, രബ്റ ഹാൾട്ട്, ലാത്ത് ഹാൾട്ട്, മൊഹാന, ബർവാസനി ഹാൾട്ട്, സോണിപത് ന്യൂ എന്നിവയാണ് അനുവദിച്ച സ്റ്റോപ്പുകൾ.

 

 

ട്രെയിനിന്റെ സാങ്കേതികവിദ്യ 

ഹൈഡ്രജൻ ഉപയോഗിച്ച് ഒരു പ്രത്യേക രാസപ്രവർത്തനത്തിലൂടെയാണ് ഹൈഡ്രജൻ ഫ്യുവൽ സെൽ സാങ്കേതികവിദ്യയില്‍ വൈദ്യുതി ഉല്പാദിപ്പിക്കുന്നത്. പ്രോട്ടോൺ എക്സ്ചേഞ്ച് മെംബ്രെയ്ന്‍ ഫ്യുവൽ സെൽ ആണ് ഇതിന്റെ പ്രധാന ഊർജ സ്രോതസ്സ്. പ്രോട്ടോൺ കടത്തിവിടുന്ന പെർഫ്ലൂറോസൾഫോണിക് ആസിഡ് പോളിമർ പാളിക്ക് ഇരുവശത്തും ഹൈഡ്രജനും ഓക്സിജനും തമ്മിലുള്ള പ്രതിപ്രവർത്തനത്തിലൂടെയാണ്  ഫ്യുവൽ സെൽ വൈദ്യുതി ഉല്പാദിപ്പിക്കുന്നത്. ഈ പ്രക്രിയയുടെ ഉപോൽപ്പന്നമായി  ജലബാഷ്പവും  താപവും മാത്രം പുറന്തള്ളപ്പെടുന്നു.  43 MJ/Kg ഊര്‍ജശേഷിയുള്ള ഡീസലുമായി താരതമ്യം ചെയ്യുമ്പോൾ ഹൈഡ്രജന് 120 MJ/Kg ഉയർന്ന ഊർജ ശേഷിയുണ്ട്.  കുറഞ്ഞ പരിപാലനച്ചെലവും  നിയന്ത്രണവിധേയമായ കാർബൺ പുറന്തള്ളലുമാണ്   ഇതിന്റെ സവിശേഷത. ഇത് ഹൈഡ്രജനെ റെയിൽ ഗതാഗതത്തിന് നിലവിൽ ലഭ്യമായതില്‍ വെച്ച് ഏറ്റവും സംശുദ്ധമായ പ്രൊപ്പല്‍ഷന്‍ സാങ്കേതികവിദ്യയാക്കി  മാറ്റുന്നു. ഇതിന് പിന്തുണയേകാൻ പ്രത്യേക അടിസ്ഥാന സൗകര്യങ്ങളും ഇന്ത്യൻ റെയിൽവേ ഒരുക്കിയിട്ടുണ്ട്.

 

 

ഹൈഡ്രജൻ അടിസ്ഥാന സൗകര്യങ്ങൾ  

രാജ്യത്തെ ഏറ്റവും വലിയ റെയിൽവേ ഹൈഡ്രജൻ സംഭരണ-ഇന്ധന വിതരണ കേന്ദ്രം ഹരിയാനയിലെ ജിന്ദിലാണ് സ്ഥാപിച്ചിരിക്കുന്നത്.  പൂർണമായും തദ്ദേശീയമായി നിർമിച്ച ഈ കേന്ദ്രത്തിൽ ഒരേസമയം 3,000 കിലോഗ്രാം വരെ ഹൈഡ്രജൻ സംഭരിക്കാമെന്നത്   ഹൈഡ്രജൻ ട്രെയിൻ സർവീസുകൾക്ക് ഏറെ സഹായകമാകും.  കംപ്രസ്ഡ് ഹൈഡ്രജൻ ഗ്യാസ് സംഭരിക്കാനും വിതരണം ചെയ്യാനുമാവശ്യമായ ലൈസൻസ് പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓർഗനൈസേഷൻ (PESO) അനുവദിച്ചിട്ടുണ്ട്. അന്താരാഷ്ട്രതലത്തിൽ അംഗീകരിച്ച NFPA-2 (നാഷണൽ ഫയർ പ്രൊട്ടക്ഷൻ അസോസിയേഷൻ), ISO 19880 സീരീസ് മാനദണ്ഡങ്ങൾ അനുസരിച്ചാണ് ഈ ഹൈഡ്രജൻ സംവിധാനം രൂപകല്പന ചെയ്തിരിക്കുന്നത്. ലോകത്തെ  പ്രമുഖ സാങ്കേതിക പരിശോധനാ-സർട്ടിഫിക്കേഷൻ ഏജൻസികളിലൊന്നായ ജർമനിയിലെ  TÜV SÜD വഴിയാണ് ഇതിന്റെ  സ്വതന്ത്ര മൂന്നാം കക്ഷി സുരക്ഷാ വിലയിരുത്തൽ  പൂര്‍ത്തീകരിച്ചത്.   

 

രണ്ട് ഹൈഡ്രജൻ ഡ്രൈവിങ് പവർ കാറുകളും എട്ട് ട്രെയിലർ കോച്ചുകളുമാണ്  ട്രെയിനിലുള്ളത്.  ഓരോ ഡ്രൈവിങ് പവർ കാറിലും ഫ്യുവൽ സെല്ലുകൾ, ലിഥിയം അയൺ ഫോസ്ഫേറ്റ് ബാറ്ററികൾ, ഹൈഡ്രജൻ സ്റ്റോറേജ് സിലിണ്ടറുകൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. തടസ്സമില്ലാത്ത പ്രവർത്തനം ഉറപ്പാക്കാൻ ഹൈഡ്രജൻ സംഭരണ-ഇന്ധന വിതരണ  കേന്ദ്രത്തിൽ ഒരുക്കിയ സൗകര്യങ്ങള്‍ ഇവയാണ്:

 

  • ഇന്ധനം നിറയ്ക്കുന്നതിന്  ഹൈഡ്രജൻ കംപ്രഷൻ സംവിധാനം.
  • തടസ്സമില്ലാത്ത പ്രവർത്തനത്തിന്  സാങ്കേതിക പിന്തുണയും ആവശ്യമായ യന്ത്രഭാഗങ്ങളും.  
  • ഇന്ധനം നിറയ്ക്കുന്നതിൽ തടസ്സമുണ്ടാകാതിരിക്കാൻ ഒരു അധിക കംപ്രസ്സർ സംവിധാനം.

സുരക്ഷിതവും കാര്യക്ഷമവുമായ ഹൈഡ്രജൻ ട്രെയിന്‍ സർവീസുകള്‍ ഉറപ്പാക്കാന്‍ ഈ സംയോജിത അടിസ്ഥാന സൗകര്യങ്ങൾ വഴിയൊരുക്കുന്നു.  

 

 

സുരക്ഷിതമായ പ്രവർത്തനം ഉറപ്പാക്കൽ  

ഹൈഡ്രജൻ ട്രെയിൻ സർവീസുകൾക്ക് വിപുലമായ പ്രവർത്തന-സുരക്ഷാ ചട്ടക്കൂട് ഇന്ത്യൻ റെയിൽവേ തയ്യാറാക്കിയിട്ടുണ്ട്. ഹൈഡ്രജൻ സംഭരണം, കൈമാറ്റം, ഉപയോഗം എന്നിവയുടെ ഓരോ ഘട്ടവും ഒന്നിലധികം സ്വതന്ത്ര സുരക്ഷാ സംവിധാനങ്ങളിലൂടെ  നിരന്തരം നിരീക്ഷിക്കുകയും പരിശോധിക്കുകയും സുരക്ഷിതമാക്കുകയും ചെയ്യുന്നു.

പ്രവർത്തന സജ്ജീകരണം  

  • കൃത്യമായ ഏകീകൃത പ്രവര്‍ത്തന ചട്ടങ്ങള്‍,  കൃത്യമായ ഇടവേളകളില്‍  ഓഡിറ്റുകൾ, നിർദിഷ്ട സുരക്ഷാ മുൻകരുതലുകൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.
  • ഡൽഹിയിലെ ശകൂർബസ്തിയിലെ മെയിന്റനൻസ് ഡിപ്പോ ഹൈഡ്രജൻ ട്രെയിൻ പ്രവർത്തനങ്ങൾക്കായി സജ്ജമാക്കി.
  • പ്രത്യേക പരിശീലനവും സർട്ടിഫിക്കറ്റും ലഭിച്ച ജീവനക്കാര്‍ ഇതിന്റെ നിർണായക പ്രവർത്തനങ്ങൾ നിയന്ത്രിക്കും.
  • സർവീസിന്റെ പ്രാരംഭ ഘട്ടത്തിൽ ട്രെയിന്‍ യാത്രയിലുടനീളം സാങ്കേതിക വിദഗ്ധർ  അനുഗമിക്കും.
  • ഹൈഡ്രജൻ ഇന്ധനം നിറയ്ക്കുന്ന സംവിധാനം 24 മണിക്കൂറും  തുടർച്ചയായ നിരീക്ഷണത്തിലായിരിക്കും.

സുരക്ഷാ നടപടികൾ  

  • ഹൈഡ്രജൻ ഉല്പാദനം, സംഭരണം, വിതരണം എന്നിവ നടക്കുന്ന കേന്ദ്രങ്ങളിൽ ഹൈഡ്രജൻ ചോർച്ച കണ്ടെത്തുന്നതിന് ലീക്ക് ഡിറ്റക്ടറുകൾ  സ്ഥാപിച്ചിട്ടുണ്ട്.
  • നിരന്തര നിരീക്ഷണത്തിന്റെ ഭാഗമായി തീജ്വാലകൾ കണ്ടെത്തുന്ന ഫ്ലെയിം ഡിറ്റക്ടറുകളും   സജ്ജീകരിച്ചിട്ടുണ്ട്.
  • സുരക്ഷാ സെൻസറുകൾ കൃത്യമായ ഇടവേളകളിൽ പരിശോധിക്കുകയും വൃത്തിയാക്കുകയും ചെയ്യും.
  • ട്രെയിനിനകത്ത് നിരന്തര വായുസഞ്ചാരം ഉറപ്പാക്കുന്നതിന് തടസ്സമില്ലാത്ത വെന്റിലേഷൻ സംവിധാനം ഒരുക്കിയിട്ടുണ്ട്.
  • അമിതമായ ചൂട്, തീജ്വാല, പുക എന്നിവ പോലെ അസ്വാഭാവികമായി എന്തെങ്കിലും കണ്ടെത്തിയാൽ   ഹൈഡ്രജൻ വിതരണം പൂർണമായി സ്വയം വിച്ഛേദിക്കാൻ ഈ സംവിധാനത്തിന്  സാധിക്കും.   
  • അടിയന്തര സാഹചര്യങ്ങളിൽ ട്രെയിൻ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാൻ സഹായിക്കുന്ന പ്രത്യേക സംവിധാനത്തോടെയാണ് ലോക്കോ പൈലറ്റിന്റെ കാബിൻ രൂപകല്പന ചെയ്തിരിക്കുന്നത്.
  • ഹൈഡ്രജൻ സംവിധാനത്തിന്റെ തത്സമയ നില ലോക്കോ പൈലറ്റിന് എപ്പോഴും കാണാൻ സാധിക്കുന്ന തരത്തിൽ  ഡിസ്‌പ്ലേ സ്ക്രീൻ കാബിനിൽ ഒരുക്കിയിട്ടുണ്ട്.
  • സുരക്ഷിതമായ പ്രവർത്തനം ഉറപ്പാക്കുന്നതിന് കൃത്യമായ പരിശോധന-പരിപാലന സമയക്രമങ്ങളും നിശ്ചയിച്ചിട്ടുണ്ട്.

സുസ്ഥിര റെയിൽ ഗതാഗതത്തിലേക്ക്  

കേവലം പുതിയൊരു ട്രെയിൻ സർവീസ് ആരംഭിക്കുകയെന്നതിനപ്പുറം രാജ്യത്തെ സംബന്ധിച്ചിടത്തോളം വലിയൊരു ചുവടുവെപ്പാണ് ഹൈഡ്രജൻ ട്രെയിൻ. ഭാവി ഹൈഡ്രജൻ അധിഷ്ഠിത റെയിൽ പ്രവർത്തനങ്ങൾക്കാവശ്യമായ സാങ്കേതിക സംവിധാനങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ, സ്ഥാപനപരമായ ശേഷി എന്നിവ കെട്ടിപ്പടുക്കാന്‍ ഇത് സഹായിക്കുന്നു. സാങ്കേതികവിദ്യയും പ്രവർത്തനരീതികളും പരിപാലന ശൈലികളും പ്രായോഗികമായി വിലയിരുത്താൻ പദ്ധതി സഹായിക്കും. ഭാവിയിൽ വന്‍തോതിൽ ഹൈഡ്രജൻ അധിഷ്ഠിത ഗതാഗതം നടപ്പാക്കാനാവശ്യമായ സാങ്കേതിക ശേഷി ശക്തിപ്പെടുത്താനും ഇതിന് സാധിക്കും. ഇന്ത്യയുടെ ദേശീയ ഹരിത ഹൈഡ്രജൻ ദൗത്യത്തിനും  നെറ്റ്-സീറോ കാർബൺ ലക്ഷ്യങ്ങൾക്കും പദ്ധതി വലിയ പിന്തുണയേകുന്നു. ഇന്ത്യൻ റെയിൽവേയുടെ ആധുനികവൽക്കരണത്തിനൊപ്പം ഈ സാങ്കേതികവിദ്യ കൂടുതൽ വ്യാപകമായി നടപ്പാക്കാന്‍  അടിത്തറയൊരുക്കുന്ന പദ്ധതി  കൂടുതൽ സുരക്ഷിതവും പരിസ്ഥിതി സൗഹൃദവുമായ  ഗതാഗത സംവിധാനം കെട്ടിപ്പടുക്കുന്നതിലെ നിർണായക ചുവടുവെപ്പാണ്. 

അവലംബം:

 

Ministry of Railways

https://www.pib.gov.in/PressReleasePage.aspx?PRID=2201556&reg=48&lang=2

https://www.pib.gov.in/PressReleasePage.aspx?PRID=2265781&reg=3&lang=1

https://www.pib.gov.in/PressReleasePage.aspx?PRID=2285240&reg=48&lang=1

https://rdso.indianrailways.gov.in/railwayboard/uploads/directorate/stat_econ/2024/Indian%20Railways%20Annual%20Report%20%26%20Accounts%202022-23%20ENGLISH.pdf

Ministry of Information and Broadcasting

https://www.facebook.com/inbministry/videos/indias-first-hydrogen-powered-train-is-set-to-redefine-rail-travel-clean-green-a/813246554362679/

Click here to see pdf

***

(तथ्य सामग्री आईडी: 150782) आगंतुक पटल : 2


Provide suggestions / comments
इस विश्लेषक को इन भाषाओं में पढ़ें : English , Assamese , हिन्दी , Urdu