• Sitemap
  • Advance Search
Technology

ഇന്ത്യ-ഓസ്‌ട്രേലിയ സിവിൽ ആണവ സഹകരണം

प्रविष्टि तिथि: 14 JUL 2026 16:07 PM

ഇന്ത്യയുടെ ഹരിതോർജ്ജ പദ്ധതിക്കായി ഓസ്‌ട്രേലിയയിൽ നിന്നുള്ള യുറേനിയം ദീർഘകാലത്തേക്ക് ലഭ്യമാക്കുന്നത് ഉറപ്പാക്കാനുള്ള ഭരണക്രമീകരണത്തിൽ ഒപ്പുവെച്ചു

ഇന്ത്യയുടെ ദീർഘകാല ആണവോർജ്ജ പദ്ധതിക്ക് ഇന്ധനമേകുന്നു

2026 ജൂലൈ 9-ന് മെൽബണിൽ വെച്ച് നടന്ന മൂന്നാമത് ഇന്ത്യ-ഓസ്‌ട്രേലിയ വാർഷിക ഉച്ചകോടി ഉഭയകക്ഷി ബന്ധത്തിൽ സുപ്രധാന നാഴികക്കല്ലായി മാറി. ഇരുരാജ്യങ്ങളും തമ്മിലുള്ള സമഗ്ര തന്ത്രപരമായ പങ്കാളിത്തം വീണ്ടും ഉറപ്പിച്ചു. സമുദ്ര സുരക്ഷ, ഊർജ്ജ സുരക്ഷ, സൈബർ സഹകരണം, നിർണ്ണായക സാങ്കേതികവിദ്യകൾ, നൈപുണ്യ വികസനവും സംരംഭകത്വവും എന്നീ മേഖലകളിൽ മികച്ച നേട്ടങ്ങൾ കൈവരിച്ച ഉച്ചകോടി മുൻഗണനാ മേഖലകളിലെ സഹകരണം കൂടുതൽ വിപുലമാക്കി.

ഇന്ത്യ-ഓസ്‌ട്രേലിയ സിവിൽ ആണവ സഹകരണ കരാറിന് കീഴിലുള്ള ഭരണക്രമീകരണത്തിന് അന്തിമരൂപം നൽകിയതാണ് ഉച്ചകോടിയുടെ പ്രധാന നേട്ടങ്ങളിലൊന്ന്. അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുടെ (IAEA) സുരക്ഷാ മാനദണ്ഡങ്ങൾക്ക് വിധേയമായി സമാധാനപരമായ ആവശ്യങ്ങൾക്കായി ഓസ്‌ട്രേലിയൻ യുറേനിയം ഇന്ത്യയിലേക്ക് ദീർഘകാലത്തേക്ക് കയറ്റുമതി ചെയ്യാൻ ഇത് വഴിയൊരുക്കുന്നു. ഓസ്‌ട്രേലിയയിലാണ് ആഗോളതലത്തിൽ ഏറ്റവും വലിയ യുറേനിയം നിക്ഷേപമുള്ളത്. ഇത് ലോകത്തെ ആകെ നിക്ഷേപത്തിന്റെ മൂന്നിലൊന്നിൽ കൂടുതൽ വരും. ഓസ്‌ട്രേലിയൻ യുറേനിയത്തിന്റെ ഉറപ്പായ വിതരണം ഇന്ത്യയുടെ വികസിച്ചുകൊണ്ടിരിക്കുന്ന ആണവോർജ്ജ പദ്ധതിയുടെ ഇന്ധന അടിത്തറയെ ശക്തിപ്പെടുത്തും.

ഇന്ത്യയുടെ ദീർഘകാല ഊർജ്ജ സുരക്ഷയ്ക്കും ആണവ ലക്ഷ്യങ്ങൾക്കും ഈ ക്രമീകരണം ഏറെ സുപ്രധാനമാണ്. 2047-ഓടെ 100 ജിഗാവാട്ട് (GW) ആണവോർജ്ജ ഉൽപ്പാദന ശേഷി ലക്ഷ്യമിടുന്ന ന്യൂക്ലിയർ എനർജി മിഷന് ഇത് കരുത്തുപകരുന്നു. 2025 ഡിസംബറിൽ പാസാക്കിയ സസ്റ്റൈനബിൾ ഹാർനെസിങ് ആൻഡ് അഡ്വാൻസ്‌മെന്റ് ഓഫ് ന്യൂക്ലിയർ എനർജി ഫോർ ട്രാൻസ്ഫോർമിങ് ഇന്ത്യ (SHANTI) ആക്ടിനെ ഇത് കൂടുതൽ ശക്തിപ്പെടുത്തുന്നു. ആണവനിലയങ്ങൾ നിർമ്മിക്കുന്നതിനും അവയുടെ ഉടമസ്ഥാവകാശം നേടുന്നതിനും അവ പ്രവർത്തിപ്പിക്കുന്നതിനും ഇന്ത്യൻ സ്വകാര്യ കമ്പനികൾക്കും സംയുക്ത സംരംഭങ്ങൾക്കും ഈ നിയമം അനുമതി നൽകുന്നു. ദീർഘകാലത്തേക്കുള്ള യുറേനിയം വിതരണം ഉറപ്പാകുന്നത് പദ്ധതി ഡെവലപ്പർമാർക്കും നിക്ഷേപകർക്കും വ്യവസായ മേഖലയ്ക്കും കൂടുതൽ ആത്മവിശ്വാസം നൽകുകയും പദ്ധതികൾ കൃത്യസമയത്ത് നടപ്പിലാക്കാൻ സഹായിക്കുകയും ചെയ്യും. SHANTI നിയമവും ഈ ഭരണക്രമീകരണവും ചേർന്ന് ഊർജ്ജ സുരക്ഷയ്ക്കായി ആണവോർജ്ജം വ്യാപിപ്പിക്കുന്നതിനും സുസ്ഥിരമായ സാമ്പത്തിക വളർച്ചയെ പിന്തുണയ്ക്കുന്നതിനും ആവശ്യമായ നയപരമായ ചട്ടക്കൂടും ഇന്ധന സുരക്ഷയും ശക്തമാക്കുന്നു. SHANTI നിയമത്തെക്കുറിച്ച് കൂടുതൽ വായിക്കൂ

ഇന്ത്യയുടെ ആണവോർജ്ജ മേഖല

ഊർജ്ജ സുരക്ഷ ശക്തമാക്കുന്നതിനും ഹരിത സാമ്പത്തിക വളർച്ചയെ പിന്തുണയ്ക്കുന്നതിനുമായി ഇന്ത്യ അതിന്റെ ആണവോർജ്ജ പദ്ധതികൾ ക്രമമായി വ്യാപിപ്പിച്ചുവരികയാണ്. തദ്ദേശീയ സാങ്കേതികവിദ്യകളുടെയും ദീർഘകാല ആസൂത്രണത്തിന്റെയും പിൻബലത്തോടെ, കുറഞ്ഞ കാർബൺ പുറന്തള്ളലുള്ള ഊർജ്ജത്തിലേക്കുള്ള ഇന്ത്യയുടെ ചുവടുമാറ്റത്തിൽ ആണവോർജ്ജം കൂടുതൽ നിർണ്ണായക പങ്ക് വഹിക്കും.

  • ഇന്ത്യ നിലവിൽ ഏഴ് കേന്ദ്രങ്ങളിലായി 8.78 GW ആകെ ഉൽപ്പാദന ശേഷിയുള്ള 24 ആണവ റിയാക്ടറുകൾ പ്രവർത്തിപ്പിക്കുന്നുണ്ട്.
  • മൊത്തം 8000 MW ശേഷിയുള്ള മറ്റ് പത്ത് റിയാക്ടർ യൂണിറ്റുകളുടെ നിർമ്മാണം പുരോഗമിക്കുകയാണ്. ഇതിനുപുറമെ 10 റിയാക്ടറുകൾക്കായുള്ള പ്രാരംഭ പദ്ധതി പ്രവർത്തനങ്ങളും നടക്കുന്നുണ്ട്.
  • പ്രഷറൈസ്ഡ് ഹെവി വാട്ടർ റിയാക്ടറുകൾ (PHWR), ബോയിലിംഗ് വാട്ടർ റിയാക്ടറുകൾ (BWR), ലൈറ്റ് വാട്ടർ റിയാക്ടറുകൾ (LWR) എന്നിവയാണ് ഈ റിയാക്ടറുകൾ.
  • ആണവോർജ്ജം ഉൽപ്പാദിപ്പിക്കുന്നതിനായി പ്രഷറൈസ്ഡ് ഹെവി വാട്ടർ റിയാക്ടറുകൾ (PHWR) പ്രവർത്തിപ്പിക്കാൻ ഇന്ത്യ പ്രധാനമായും പ്രകൃതിദത്ത യുറേനിയം ഇന്ധനമാണ് ഉപയോഗിക്കുന്നത്. ഇതിന്റെ ഒരു ഉപോൽപ്പന്നമായി പ്ലൂട്ടോണിയം ഉൽപ്പാദിപ്പിക്കപ്പെടുന്നു.
  • ഓസ്‌ട്രേലിയയിൽ നിന്നുള്ള യുറേനിയം ഈ റിയാക്ടറുകൾ പ്രവർത്തിപ്പിക്കുന്നതിന് ആവശ്യമായ പ്രാഥമിക ഇന്ധനത്തിന്റെ സ്ഥിര വിതരണം ഉറപ്പാക്കും.
  • കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, ഒഡീഷ എന്നിവടങ്ങളിലെ തീരദേശ മണലിൽ പ്രധാനമായും കാണപ്പെടുന്ന സമൃദ്ധമായ തോറിയം നിക്ഷേപം ഭാവിയിലെ ആണവ ഇന്ധനത്തിനായി വിനിയോഗിക്കുക എന്നതാണ് ഇന്ത്യയുടെ ദീർഘകാല തന്ത്രം. എന്നാൽ പ്രകൃതിദത്തമായി കാണപ്പെടുന്ന തോറിയത്തെ ആദ്യം ഒരു ആണവ റിയാക്ടറിനുള്ളിലെ ന്യൂട്രോൺ ആഗിരണം വഴി ഫിസൈൽ (ആണവവിഘടനം സംഭവിക്കാൻ ശേഷിയുള്ളത്) ആക്കി മാറ്റേണ്ടതുണ്ട്.
  • പ്ലൂട്ടോണിയം പ്രയോജനപ്പെടുത്തുന്നതിനും തോറിയം അധിഷ്ഠിത റിയാക്ടറുകളിലേക്കുള്ള ചുവടുമാറ്റത്തെ പിന്തുണയ്ക്കുന്നതിനുമായി ഇന്ത്യ ഫാസ്റ്റ് ബ്രീഡർ റിയാക്ടറുകൾ (FBR) വികസിപ്പിച്ചുവരികയാണ്.
  • തദ്ദേശീയമായ സ്മോൾ മോഡുലാർ റിയാക്ടറുകളുടെ (SMR) ഗവേഷണം, രൂപകൽപ്പന, വികസനം, വിന്യാസം എന്നിവയ്ക്കായി ഗവൺമെന്റ് 2025-26-ലെ കേന്ദ്ര ബജറ്റിൽ 20,000 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
  • സ്മോൾ മോഡുലാർ റിയാക്ടറുകൾ സാധാരണയായി 300 MWe വരെ വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നു. അവയുടെ ഒതുക്കമുള്ളതും മോഡുലാറായതുമായ രൂപകൽപ്പന ഫാക്ടറി അധിഷ്ഠിത നിർമ്മാണം, വേഗതയേറിയ നിർമ്മാണ സമയം, മെച്ചപ്പെട്ട ഗുണനിലവാരം, ഘട്ടം ഘട്ടമായുള്ള വിന്യാസം എന്നിവ സാധ്യമാക്കുന്നു.
  • 2033-ഓടെ തദ്ദേശീയമായി നിർമ്മിച്ച അഞ്ച് SMR-കളെങ്കിലും പ്രവർത്തനക്ഷമമാക്കാനാണ് ഗവൺമെന്റ് ലക്ഷ്യമിടുന്നത്.

അത്യാധുനിക റിയാക്ടർ സാങ്കേതികവിദ്യകളിലെ തുടർച്ചയായ നിക്ഷേപങ്ങളിലൂടെയും ആഭ്യന്തര നവീനാശയങ്ങളിലൂടെയും ഇന്ത്യയുടെ ഭാവി ഊർജ്ജസ്രോതസ്സുകളുടെ വിശ്വസനീയമായ ഒരു സ്തംഭമായി ആണവോർജ്ജം ഉയർന്നുവരുന്നു.

നിങ്ങൾക്കറിയാമോ

കൽപ്പാക്കത്ത് ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച 500 MWe ശേഷിയുള്ള പ്രോട്ടോടൈപ്പ് ഫാസ്റ്റ് ബ്രീഡർ റിയാക്ടർ 2026 ഏപ്രിൽ 6-ന് അതിന്റെ ആദ്യ ക്രിട്ടിക്കാലിറ്റി (പ്രവർത്തനക്ഷമത) കൈവരിച്ചു. ഇത് ഇന്ത്യയുടെ മൂന്ന് ഘട്ടങ്ങളായുള്ള ആണവോർജ്ജ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് തുടക്കം കുറിച്ചു. പരമ്പരാഗത റിയാക്ടറുകളിൽ നിന്ന് വ്യത്യസ്തമായി പ്രഷറൈസ്ഡ് ഹെവി വാട്ടർ റിയാക്ടറുകളിൽ (PHWR) നിന്നുള്ള ഉപയോഗിച്ച ഇന്ധനത്തിൽ (spent fuel) നിന്ന് വേർതിരിച്ചെടുക്കുന്ന പ്ലൂട്ടോണിയമാണ് PFBR ഉപയോഗിക്കുന്നത്. കൂടാതെ ഇത് ഉപഭോഗം ചെയ്യുന്നതിനേക്കാൾ കൂടുതൽ ആണവ ഇന്ധനം ഉൽപ്പാദിപ്പിക്കാൻ തക്കവണ്ണം രൂപകൽപ്പന ചെയ്തിട്ടുള്ളതുമാണ്. ഭാവിയിലേക്കുള്ള ഹരിതോർജ്ജ ഉൽപ്പാദനത്തിനായി ഇന്ത്യയുടെ വിപുലമായ തോറിയം നിക്ഷേപത്തിന്റെ സാധ്യതകൾ തുറന്നുകൊണ്ട്, ഇത് ഒടുവിൽ തോറിയത്തിൽ നിന്ന് യുറേനിയം-233 ഉൽപ്പാദിപ്പിക്കും. അറ്റോമിക് എനർജി ഡിപ്പാർട്ട്മെന്റ് തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഈ റിയാക്ടർ, ഇന്ത്യയുടെ വിശ്വസനീയമായ ഇന്ധന വിതരണം ശക്തിപ്പെടുത്തുന്നതിലും ഇറക്കുമതി ചെയ്യുന്ന യുറേനിയത്തെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിലും 2070-ഓടെ രാജ്യം ലക്ഷ്യമിടുന്ന നെറ്റ്-സീറോ കാർബൺ പുറന്തള്ളൽ എന്ന ലക്ഷ്യം കൈവരിക്കുന്നതിലും ഒരു വലിയ നാഴികക്കല്ലാണ്. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ: ഇന്ത്യയുടെ ആണവ പ്രയാണത്തിലെ ഒരു പുതിയ അധ്യായം

ഇന്ത്യ-ഓസ്‌ട്രേലിയ ആണവ സഹകരണത്തിലെ ഒരു പുതിയ അധ്യായം

ഇന്ത്യയുടെയും ഓസ്‌ട്രേലിയയുടെയും സിവിൽ ആണവ പങ്കാളിത്തം 2014 സെപ്റ്റംബറിൽ ഒപ്പുവെക്കുകയും 2015 നവംബറിൽ പ്രാബല്യത്തിൽ വരികയും ചെയ്ത സിവിൽ ആണവ സഹകരണ കരാറിൽ അധിഷ്ഠിതമാണ്.

  • 2026 ജൂലൈ 9-ന് ഇരുരാജ്യങ്ങളും ഈ കരാർ പ്രായോഗികമാക്കുന്നതിനുള്ള ഭരണക്രമീകരണത്തിന് അന്തിമരൂപം നൽകി.
  • ഈ ക്രമീകരണം സമാധാനപരമായ ആവശ്യങ്ങൾക്കായി ഓസ്‌ട്രേലിയൻ യുറേനിയം ഇന്ത്യയിലേക്ക് ദീർഘകാലത്തേക്ക് കയറ്റുമതി ചെയ്യാൻ അനുമതി നൽകുന്നു.
  • ഓസ്‌ട്രേലിയയുടെ നയപ്രകാരം സിവിൽ ആണവ സഹകരണ കരാറുള്ള രാജ്യങ്ങളിലേക്ക് മാത്രമേ യുറേനിയം കയറ്റുമതി ചെയ്യുകയുള്ളൂ.
  • ഇന്ത്യയ്ക്ക് നൽകുന്ന എല്ലാ ഓസ്‌ട്രേലിയൻ യുറേനിയവും അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുടെ (IAEA) സുരക്ഷാ മാനദണ്ഡങ്ങൾക്ക് കീഴിലായിരിക്കും തുടരുക.
  • കരാർ നടപ്പിലാക്കുന്നതിനുള്ള നടപടിക്രമങ്ങൾ ഈ ഭരണപരമായ ക്രമീകരണം രൂപപ്പെടുത്തുന്നു. കൂടാതെ ഇരു ഗവൺമെന്റുകൾക്കും വ്യവസായ മേഖലയ്ക്കും ഇടയിലുള്ള സഹകരണത്തിന് സുസ്ഥിരവും ദീർഘകാലത്തേക്കുള്ളതുമായ ഒരു ചട്ടക്കൂട് ഇത് നൽകുകയും ചെയ്യുന്നു.
  • ഇന്ത്യ-ഓസ്‌ട്രേലിയ ഉഭയകക്ഷി ഊർജ്ജ സഹകരണത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാണ് ഈ ക്രമീകരണം. വരുംദശകങ്ങളിൽ സമാധാനപരമായ ആണവ സഹകരണത്തിന് വിശ്വസനീയമായ ഒരു അടിത്തറയും ഇത് നൽകുന്നു.
  • ന്യൂക്ലിയർ സപ്ലയേഴ്സ് ഗ്രൂപ്പിൽ (NSG) ഇന്ത്യയ്ക്ക് അംഗത്വം ലഭിക്കുന്നതിനായുള്ള തങ്ങളുടെ പിന്തുണ ഓസ്‌ട്രേലിയ വീണ്ടും ഉറപ്പിച്ചു.

ഭരണപരമായ ഈ ക്രമീകരണം പരസ്പര വിശ്വാസം ശക്തിപ്പെടുത്തുകയും സുസ്ഥിരമായ സഹകരണത്തിന് ശക്തമായ അടിത്തറ സൃഷ്ടിക്കുകയും ചെയ്യുന്നു. സുരക്ഷിതവും വൈവിധ്യപൂർണ്ണവുമായ ഊർജ്ജ വിതരണത്തെ പിന്തുണയ്ക്കുന്നതോടൊപ്പം തന്നെ ഇന്ത്യ-ഓസ്‌ട്രേലിയ പങ്കാളിത്തത്തിന്റെ തന്ത്രപരമായ മാനങ്ങളെ ഇത് വിപുലമാക്കുകയും ചെയ്യുന്നു.

ന്യൂക്ലിയർ സപ്ലയേഴ്സ് ഗ്രൂപ്പ് (NSG)

സമാധാനപരമായ ആവശ്യങ്ങൾക്കായി ആണവ സാമഗ്രികൾ, ഉപകരണങ്ങൾ, അനുബന്ധ സാങ്കേതികവിദ്യകൾ എന്നിവ കയറ്റുമതി ചെയ്യുന്നതിനെ നിയന്ത്രിക്കുന്ന പൊതു മാർഗ്ഗനിർദ്ദേശങ്ങൾ നടപ്പിലാക്കിക്കൊണ്ട്, ആണവായുധ വ്യാപനം തടയാൻ ലക്ഷ്യമിടുന്ന 48 ആണവ വിതരണ രാജ്യങ്ങളുടെ ഒരു സന്നദ്ധ കൂട്ടായ്മയാണ് ന്യൂക്ലിയർ സപ്ലയേഴ്സ് ഗ്രൂപ്പ് (NSG).

എന്തുകൊണ്ട് ഇത് ഇന്ത്യയ്ക്ക് നിർണായകമാകുന്നു

ഇന്ത്യ-ഓസ്‌ട്രേലിയ സിവിൽ ആണവ കരാർ ഇന്ത്യയുടെ ദീർഘകാല ഇന്ധന സുരക്ഷ ഉറപ്പാക്കുകയും യുറേനിയം ഇറക്കുമതി വൈവിധ്യവത്കരിക്കുകയും ഇൻഡോ-പസഫിക് മേഖലയിലെ സമഗ്ര തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കുകയും ചെയ്യുന്നു.

  • ഊർജ്ജ സുരക്ഷ: ഈ ക്രമീകരണം വികസിച്ചുകൊണ്ടിരിക്കുന്ന ആണവ റിയാക്ടറുകൾക്ക് ദീർഘകാലത്തേക്കുള്ള ഇന്ധന വിതരണം ഉറപ്പുനൽകുന്നു. ആണവോർജ്ജം എപ്പോഴും ലഭ്യമാകുന്ന വിശ്വസനീയമായ അടിസ്ഥാന ഉൽപ്പാദനം നൽകുന്നു. ഇത് പവർ ഗ്രിഡിന് സ്ഥിരത നൽകുകയും സൗരോർജ്ജത്തിന്റെയും കാറ്റിൽ നിന്നുള്ള ഊർജ്ജത്തിന്റെയും വ്യതിയാനമുള്ള ഉൽപ്പാദനത്തിന് പൂരകമായി മാറുകയും ചെയ്യുന്നു.
  • ശുദ്ധോർജ്ജം: ഇന്ത്യയുടെ ഫോസിൽ ഇതര ഊർജ്ജ മിശ്രിതത്തിലേക്ക് സുസ്ഥിരമായ ശേഷി കൂട്ടിച്ചേർക്കുന്ന കുറഞ്ഞ കാർബൺ പുറന്തള്ളുന്ന ഒരു സ്രോതസ്സാണ് ആണവോർജ്ജം. വ്യവസായങ്ങൾ, ഡാറ്റാ സെന്ററുകൾ, ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ എന്നിവയുടെ വർധിച്ചുവരുന്ന ഊർജ്ജാവശ്യങ്ങൾക്ക് പിന്തുണ നൽകുന്നതോടൊപ്പം നിലവിൽ കൽക്കരിയിലൂടെ നിറവേറ്റുന്ന ആവശ്യങ്ങൾ ക്രമേണ പരിഹരിക്കാൻ ഇതിന് കഴിയും.
  • ദേശീയതലത്തിൽ നിർണ്ണയിക്കപ്പെട്ട സംഭാവനകളും (NDC) നെറ്റ്-സീറോയും: 2070-ഓടെ കാർബൺ ഉദ്‍വമനം പൂർണ്ണമായി ഇല്ലാതാക്കാനും (നെറ്റ്-സീറോ) ഫോസിലിതര ഊർജ്ജ ശേഷിയുടെ വലിയ വിഹിതം ഉൾപ്പെടെയുള്ള കാലാവസ്ഥാ ലക്ഷ്യങ്ങൾ ക്രമേണ ഉയർത്താനും ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. ആണവ ഇന്ധനത്തിന്റെ സുരക്ഷിത വിതരണം, ശുദ്ധവും വിശ്വസനീയവുമായ ഊർജ്ജ ഉൽപ്പാദന വിപുലീകരണം സാധ്യമാക്കിക്കൊണ്ട് ഈ മാറ്റത്തെ പിന്തുണയ്ക്കുന്നു.
  • ഇന്ത്യ ഒരു ഉത്തരവാദിത്തമുള്ള ആണവ ശക്തി: യുറേനിയം വിതരണം ചെയ്യാനുള്ള ഓസ്‌ട്രേലിയയുടെ തീരുമാനം ഇന്ത്യയുടെ ശക്തമായ ആണവ വ്യാപന നിരോധന പാരമ്പര്യത്തിലും ആണവ സാങ്കേതികവിദ്യയുടെ ഉത്തരവാദിത്തമുള്ള ഉപയോഗത്തിലുമുള്ള വിശ്വാസത്തെയാണ് പ്രതിഫലിപ്പിക്കുന്നത്.

ഈ ക്രമീകരണം വ്യാപാരം, പ്രതിരോധം, നിർണായക ധാതുക്കൾ, സാങ്കേതികവിദ്യ, ഇൻഡോ-പസഫിക് എന്നിവയിലുടനീളമുള്ള സഹകരണത്തിലേക്ക് ശക്തമായ ഒരു ഊർജ്ജ സ്തംഭം കൂടി കൂട്ടിച്ചേർത്തുകൊണ്ട് ഇന്ത്യ-ഓസ്‌ട്രേലിയ സമഗ്ര തന്ത്രപരമായ പങ്കാളിത്തത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നു.

നിങ്ങൾക്കറിയാമോ?

സമാധാനപരമായ ആവശ്യങ്ങൾക്കായുള്ള സിവിൽ ആണവ സഹകരണത്തിനായി ഇന്ത്യ 18 രാജ്യങ്ങളുമായി അന്തർ ഗവൺമെന്റ് കരാറുകളിൽ (IGA) ഒപ്പുവെച്ചിട്ടുണ്ട്.

മുന്നോട്ടുള്ള പാത

ഈ ഭരണക്രമീകരണം ദൂരവ്യാപകമായ നേട്ടങ്ങളുള്ള ഒരു പ്രായോഗിക നടപടിയാണ്. സമ്പദ്‌വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം വികസനം, ഉൽപ്പാദനം, ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ എന്നിവയ്ക്കായി ശുദ്ധവും സുസ്ഥിരവുമായ ഊർജ്ജം സുരക്ഷിതമാക്കാൻ ഇത് സഹായിക്കുന്നു. ഊർജ്ജ സുരക്ഷയെ സംബന്ധിച്ചിടത്തോളം ഇത് ഇന്ത്യയുടെ ഇന്ധന വിതരണത്തെ വൈവിധ്യവത്കരിക്കുകയും ഊർജ്ജ വ്യവസ്ഥിതിയുടെ അടിത്തറ ശക്തമാക്കുകയും ചെയ്യുന്നു. കൽപ്പാക്കത്തെ PFBR ആദ്യ ക്രിട്ടിക്കാലിറ്റി കൈവരിച്ചതുപോലുള്ള നാഴികക്കല്ലുകളിലൂടെ ഈ മുന്നേറ്റം ഇതിനകം തന്നെ പ്രകടമാണ്. ഉഭയകക്ഷി പങ്കാളിത്തത്തെ സംബന്ധിച്ചിടത്തോളം ഊർജ്ജം ഇപ്പോൾ വിപുലവും ആഴത്തിലുള്ളതുമായ ബന്ധത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. പൊതു താൽപ്പര്യങ്ങളിലും പരസ്പര വിശ്വാസത്തിലും അധിഷ്ഠിതമായതിനാൽ വരുംവർഷങ്ങളിൽ സഹകരണം വ്യാപിപ്പിക്കാൻ ഇന്ത്യയും ഓസ്‌ട്രേലിയയും മികച്ച നിലയിലാണ്. കൂടാതെ യുറേനിയത്തിന്റെ വിശ്വസനീയമായ വിതരണം ഇന്ത്യയുടെ ശുദ്ധോർജ്ജ ശ്രമങ്ങൾക്ക് കൂടുതൽ ഉറപ്പുള്ള അടിത്തറ നൽകുകയും ചെയ്യുന്നു.

അവലംബം

 

Prime Minister's Office (PMO)

Department of Atomic Energy (DAE) / PIB

Parliament of India (Lok Sabha)

Geoscience Australia

High Commission of India, Canberra

International Atomic Energy Agency (IAEA)

Click here to see pdf 

***

SK

(तथ्य सामग्री आईडी: 150770) आगंतुक पटल : 9


Provide suggestions / comments
इस विश्लेषक को इन भाषाओं में पढ़ें : English , Kannada , हिन्दी , Urdu , Bengali , Assamese , Manipuri